2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മരണത്തിന്റെ കാവൽക്കാരൻ (കഥ)



ഇന്ന് ജീവിചിരുക്കുന്നവരിൽ ഒരു പക്ഷെ അവശേഷിക്കുന്ന ഏക  ആരാച്ചാർ അയാൾ ആയിരിക്കാം. അയാളുടെ അപ്പനും, അപ്പാപ്പനും , എല്ലാവരും ആ ജോലിയുടെ പിൻ തുടർച്ചക്കാർ ആയിരുന്നു. അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട് -മഹാരാജാവ് പണ്ട് കല്പിച്ചു തന്ന പദവിയാണ് ഈ ജോലി എന്ന്.  അപ്പന്റെ പെട്ടിയിൽ നിധി പോലെ സൂക്ഷിച്ച ആ താമ്രപത്രം ഇപ്പോഴും കാണും.മഹാരാജാവിന്റെ  'ത്രിചാർത്തോട്'  കൂടിയ താമ്ര പത്രം.

 അപ്പൻ പറഞ്ഞറിവുണ്ട്, പണ്ടൊക്കെ മഹാരാജാവിന്റെ അടുത്തു നിന്ന് ദൂതൻ വരും. സമയവും, തിയതിയും മുൻ  കൂട്ടി  അറിയിച്ചു കൊണ്ട്. കാലെ കൂടി കൊട്ടരത്തിൽ എത്തണം . പിന്നെ  നോയംബിന്റെ സമയം ആണ്.അങ്കത്തിനു  മുമ്പേ ചേകവൻമാർ വ്രതം നോറ്റു ഇരിക്കും  പോലെ. ചേകോൻമാരെ പോലെ തല കൊയ്യാൻ വിധിക്കപെട്ടിട്ടില്ലെങ്കിലും   സൂക്ഷ്മമായി  നിരീക്ഷിച്ചാൽ  രണ്ടും ഒരേ ഗണം തന്നെ  അല്ലെ?  ആ ദിവസങ്ങളിൽ  അപ്പൻ മദ്യം പാടെ വർജിക്കും.  ചാരായം  കൈ കൊണ്ട് തൊടുക  പോലുമില്ല.  അത് മാത്രവും അല്ലാ  കെട്ടിയോളുടെ കൂടെയാണെങ്കിലും വ്രതം മുറിച്ചിട്ടേ  കിടക്കാൻ പാടുള്ളൂ- അതാണ് നിബന്ധന. അപ്പൻ  കണിശക്കാരൻ ആയിരുന്നു. ചെയുന്ന ജോലിയിൽ ഒരു പിഴവ് പറ്റിയാൽ തല കാണില്ല എന്ന് അപ്പന് അറിയാം. രാജശാസനം നിരസിക്കുവാൻ ആരാച്ചാർക്കും  കഴിയില്ലല്ലോ .


 അന്നൊക്കെ മാസത്തിൽ നാലോ , അഞ്ചോ  ചിലപ്പോൾ അതിലും കൂടുതലോ തൂക്കു കല്പനകൾ  ഉണ്ടാകും.  രാജാജ്ഞ ധിക്കരിക്കുന്ന   കലാപ കാരികൾക്ക് മാത്രമല്ല ചിലപ്പോൾ ചെറു മോഷണത്തിനു  മുതിരുന്നവരെയും  വരെ തിരുമനസ്സിന്  തൂക്കു കൽപിക്കാം .

ഇപ്പോൾ കാലം മാറി.രാജ ഭരണത്തിന്റെ സുവർണ കാലഘട്ടം കൊഴിഞ്ഞു പോയി. കള്ളനേയും, കൊള്ളക്കാരെയും  കടത്തി വെട്ടുന്ന  ജനകീയ സർക്കാർ  ഭരിക്കുന്നു. എന്തൊരു വിരോധാഭാസം!! ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട , ജനങ്ങളെ   ഒരു മറയുമില്ലാതെ വഞ്ചിക്കുന്ന സർക്കാർ.പത്രം തുറന്നു നോക്കിയാൽ മന്ത്രിമാരുടെയും, MLAമാരുടെയും    ദുർഗന്ധം വമിക്കുന്ന കഥകൾ മാത്രമേ കേൾക്കുവാൻ ഉള്ളു.രാജ്യത്തിനോടും , ജനങ്ങളോടും ഒട്ടും കൂറില്ലാത്ത വർഗ്ഗങ്ങൾ. വോട്ടു ചോദിച്ചു കൊണ്ട് ഇളിച്ചു വരുമ്പോൾ കാർക്കിച്ചു തുപ്പുവാൻ  തോന്നും.   ഒന്നുമില്ലായ്മയിൽ നിന്നും കോടീശ്വരൻമാരായ മഹാമാന്ത്രികർ.

 അപ്പൻ  പോയിട്ട് ഇപ്പോൾ  വർഷം ഇരുപത്തി അഞ്ചാകുന്നു . അയാളുടെ സുദീർഘമായ കാലഘട്ടത്തിൽ ഏകദേശം ഇരുപതോളം പേരെ അയാൾ തൂക്കു  കയറിനു ഇരയാക്കിയിട്ടുണ്ട്.  പ്രസിഡന്റിന്റെ ദയാ ഹർജി മൂലം ജീവിതം നീട്ടി കിട്ടിയവർ എത്ര പേർ.  അവരിൽ പലരും മരിക്കേണ്ടവർ തന്നെ ആയിരുന്നു. ഒരു   ദാക്ഷിണ്യം പോലും അർഹിക്കുവാൻ അവകാശമില്ലാത്തവർ. എന്തിനാണ് ഇങ്ങനെയുള്ളവരെ  തീറ്റി പോറ്റുന്നത് ?

ഗൾഫ് രാജ്യങ്ങളിൽ വിചിത്രമായ ശിക്ഷാ വിധികൾ ആണെന്ന് കേട്ടിട്ടുണ്ട് . കൈക്കു പകരം കൈ, തലയ്ക്കു പകരം തല. ശിക്ഷയുടെ കാഠിന്യം  കൂടുംതോറും തെറ്റുകൾ ചെയ്യുവാനുള്ള പ്രവണത ഇല്ലാതാകും. നിയമത്തെ പേടിക്കുവാൻ തുടങ്ങിയാൽ പിന്നെ കുറ്റങ്ങൾ സ്വാഭാവികമായി കുറയും. ഇവിടെ തെറ്റ് ചെയാത്തവർ ആരാണ്? നിയമം നോക്കുകുത്തിയായി ഇളഭ്യനായി  ദൂരെ  മാറി നിൽക്കുമ്പോൾ.  കാശുണ്ടെങ്കിൽ വക്കീലിനേയും , ന്യായാധിപനേയും വരെ വിലയ്ക്ക് വാങ്ങാം.  നീതി  ദേവത  കണ്ണ് കെട്ടി നിൽക്കുന്നു .  നിയമത്തിന്റെ പഴുതുകൾ തുറന്നു നിൽക്കുമ്പോൾ കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകുക ഇന്നത്ര എളുപ്പമല്ല. അല്ലെങ്കിൽ അവൻ സാധാരണക്കാരനായിരിക്കണം. ഒരു രാഷ്ട്രീയ സ്വാധീനവും ഇല്ലാത്ത വെറും കഴുത, വോട്ട്  ചെയ്‌തു  അവരെ ജയിപ്പിക്കുവാൻ ഉതകുന്ന പമ്പരവിഡ്ഢി. 

 ആർക്കും ആരെയും വിലയ്ക്ക് എടുക്കുവാൻ കഴിയുമ്പോൾ  നിയമത്തിന്  എന്ത് ചെയുവാൻ കഴിയും. പ്രത്യേകിച്ച് വാദിയെ പ്രതിയാക്കുവാൻ  പോലും കഴിവുള്ളവർ വാദിക്കുമ്പോൾ. 

അതായിരിക്കാം സ്വന്തം മകനു പോലും ഇപ്പോൾ ഈ തൊഴിൽ അന്യമായത്. അവൻ പറയുന്നത് ഇതിലും മാന്യമായ ജോലിയാണ് കൊട്ടേഷൻ എന്നാണ്. അതിനു കൂലി പ്രത്യേകം ആണ്. കാല് വെട്ടുന്നതിനു, തല എടുക്കുന്നതിനും  എല്ലാം  തരം തിരിച്ചു മേടിക്കാം. അയാളുടേയും  മകന്റെയും ജീവിത വൈരുദ്ധ്യം  പോലെ അയാൾക്കും  അയാളുടെ അപ്പനും തമ്മിൽ വൈരുദ്ധ്യമുണ്ടായിരുന്നു. അപ്പൻ പറഞ്ഞ വാക്കുകൾ അയാൾ ഓർത്തു .

" മൃതിയുറങ്ങുന്ന താഴ്വരകളിലൂടെ ഏകാന്തമായി ഒരു മടക്കയാത്ര . അതല്ലേ മരണം . അത് സത്യവും എന്നാൽ ഒരുപോലെ മിഥ്യയും ആണ്. മരണം സത്യമാണ് കാരണം ജീവനറ്റ ശരീരം ജീവിതം എത്ര നിസ്സാരമെന്നു നമുക്ക് പറഞ്ഞു തരുന്നു. അതുപോലെ തന്നെ   മരണം മിഥ്യയാണ്.ശരീരത്തിലെ ആത്മാവ് മരണശേഷവും പ്രിയപെട്ടവരുടെ ഓർമകളിൽ നിരന്തരം ജീവിക്കുന്നു."

മദ്യപിച്ച്  ബോധം  മറഞ്ഞ വേളയിൽ അയാൾ മകനോട് പറഞ്ഞു. " മരണത്തിന്റെ കാവൽക്കാരനാണ് ഞാൻ.  ഈ സുഖം  എനിക്കനുഭവിക്കണം .  ചാരായത്തിനു പോലും പകർന്നു നൽകുവാൻ കഴിയാത്ത അനുഭൂതി. കഴുത്തിൽ കുരുക്ക് മുറുകുമ്പോൾ ഉള്ള വിചാരം, വികാരം, ഭീതി അവയെല്ലാം, ഒരിക്കെലെങ്കിലും......."  പിന്നീടയാൾ  ഉറക്കെ ഭ്രാന്തനെ പോലെ പൊട്ടി ചിരിച്ചു .

അപ്പന് ജോലി  അതൊരു വ്രതം പോലെ തന്നെ ആയിരുന്നു .എണ്ണ  ചേർത്ത് മിനുസപെടുത്തിയ തൂക്കുകയർ വേണമെന്ന് അപ്പന് നിർബന്ധം ആയിരുന്നു. കഴുത്തിൽ കുരുക്ക് മുറുകും വരെയും കൊലപുള്ളി വേദന അറിയരുത് എന്നാ നിർബന്ധം അപ്പന്  ഉണ്ടായിരുന്നു. അപ്പന് അതുവെറും  ഉപജീവന മാർഗം അല്ലായിരുന്നു. ചെയുന്ന തൊഴിലിൽ അപ്പൻ പ്രഗത്ഭൻ ആയിരിന്നു. രാജശാസനം അനുസരിക്കുന്ന സേവകന്റെ വിധേയത്തം ഉണ്ടെങ്കിലും തന്റെ കർമത്തിൽ അപ്പൻ  അടിയുറച്ചു വിശ്വസിച്ചു . അതിനു വേണ്ടി മനസും ശരീരവും പാകപെടുത്തി.

പക്ഷെ, അറവു മൃഗത്തെ പോലെ മുമ്പിൽ നിൽക്കുന്നവന്റെ ദയനീയത അയാളെ ഹരം കൊള്ളിച്ചിരുന്നു. കസ്തുരിയുടെ  ശരീരത്തോട് ഒട്ടി ചേരുമ്പോഴും, മുറുക്കി ചുവപ്പിച്ച  അവളുടെ ചുണ്ടുകൾ മുത്തുമ്പോഴും   അയാളിൽ ഭ്രാന്തമായ ആവേശം നുര  പൊന്തിയിട്ടില്ല .പക്ഷെ കൊലകയറിൽ പെട്ട് പ്രാണൻ പോകുമ്പോൾ, ആ പിടച്ചിൽ കാണുമ്പോൾ, ..മുഖം മറച്ചു കഴുത്തിൽ കയറിട്ടു കുരുക്കുമ്പൊൾ, ശ്വാസം മുട്ടി അന്ത്യ പ്രാണൻ വെടിയുന്ന ഘട്ടത്തിലെ  അവസാന പിടച്ചിൽ അതയാളെ ഉത്തേജിപ്പിച്ചിരുന്നു .

 പിടഞ്ഞു പിടഞ്ഞു ചലന ശേഷി നഷ്ടപെടും വരെ അയാൾ കണ്ണെടുക്കാതെ  ആ ദൃശ്യം ഒപ്പി എടുക്കുമായിരുന്നു . ശിഷ്യനായ മുത്തുവും കാണും കൂട്ടത്തിൽ. ആശാനെ പോലെ ഈ വിനോദം കണ്ടു നിൽക്കുന്നത് അവനും  ഒരു ഹരം ആണ്. സ്വന്തം മകനിൽ ഇല്ലാത്ത  വിശ്വാസം ആണ് അയാൾക്ക് ശിഷ്യനിൽ .

പക്ഷെ ഈയിടെ ആയി അയാൾ കുറെ ഉൾവലിഞ്ഞിരിക്കുന്നു . കസ്തുരിയുടെ  അടുത്തു പോലും ഇപ്പോൾ പഴയ പോലെ പോകാറില്ല. മകന്റെ ചിലവിൽ  ജീവിക്കേണ്ടി വരുമ്പോൾ , ചാരായത്തിനു  പോലും കൈ നീട്ടേണ്ട
അവസ്ഥ.  പണ്ടൊക്കെ നേരിൽ കാണുമ്പോൾ ആളുകൾ പേടിച്ചു പിൻ  മാറുമായിരുന്നു; എന്നാൽ ഇന്ന്!


അന്നയാൾ കുമാരന്റെ കടയിൽ  നിന്നും  ചാരായം അൽപം കൂടുതൽ അകത്താക്കി . ആ വീര്യം അയാളെ കസ്തുരിയുടെ  അടുത്തേക്ക് വീണ്ടും  എത്തിച്ചു.  അവളെ വാരി പുണരുമ്പോൾ ........ പുറകിൽ  നിന്ന്  കഴുത്തിൽ കയർ മുറുക്കിയതു പെട്ടെന്നായിരുന്നു.  കൃത്യമായി പിൻ  കെട്ടോടുകൂടി . ഒരു ആരാച്ചാർക്ക് മാത്രം കഴിയുന്ന കൃത്യതയോടെ . കണ്ണുകൾ   തള്ളി , നാക്ക് പുറത്തേക്കു നീട്ടി  ശക്തമായി പിടയുമ്പോൾ അവസാന പ്രാണനും വിടും നേരം എങ്ങെനെയോ ആയാൾക്കാ മുഖം കാണുവാൻ കഴിഞ്ഞു .

അതവനായിരുന്നു. അയാളുടെ അരുമ മകൻ മണിവണ്ണൻ .





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ