2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

നീലിമ




സിനിമ കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോഴും അയാളുടെ മനസ്സിൽ രാവിലെ സംഭവിച്ച കാര്യങ്ങൾ തന്നെയായിരുന്നു . മറക്കുവാൻ ശ്രമിച്ചാലും തികട്ടി വരുന്ന ഓർമ്മകൾ .

അയാൾ സമയം അറിയുവാനായി വാച്ചിലേക്ക്  നോക്കി . സമയം പന്ത്രണ്ടു കഴിഞ്ഞു  പത്ത്‌  മിനുട്ട് . ഓട്ടോ പോലും കിട്ടില്ല . ഇനി വീട്ടിലേക്കു പോകണം എന്നുണ്ടെങ്കിൽ  റോഡിറങ്ങി ഇലന്തൂർ മന വഴി പോകണം .
 അങ്ങനെയാണെങ്കിൽ ഒരു നാൽപ്പതു മിനുട്ട് നടന്നാൽ മതി. രാത്രി സിനിമയ്ക്ക് പോകുന്ന പതിവില്ല. വീട്ടിൽ ഇരുന്നപ്പോൾ ഗോവിന്ദൻ നായരുടെ തീക്ഷ്ണമായ പരിഹാസം ചാട്ടുളി പോലെ വീണ്ടും  നെഞ്ചിൽ തറച്ചിരിക്കുന്നു . മടുപ്പ് തോന്നിയതുകൊണ്ടാണ്  ടൗണിലേക്ക് ഇറങ്ങിയത്.. . അപ്പോഴാ പഴയ സ്നേഹിതൻ രഘുവിനെ കണ്ടത് . അവൻ നിർബന്ധിച്ചപ്പോൾ ഈ സിനിമയ്ക്ക് കയറി . ഇത്ര താമസിക്കും എന്നൊന്നും അപ്പോൾ കരുതിയില്ല.

പണ്ട് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് . ഉഗ്രപ്രതാപികളായ മന്ത്രവാദികൾ ആയിരുന്നു ഇലന്തൂർ മനയിലെ പൂർവികർ . ഇപ്പോൾ അവിടെ ആരും  താമസിക്കുന്നില്ല . ഇപ്പോഴത്തെ അവകാശി അമേരിക്കയിൽ ആണെന്നാണ് കേട്ടിരിക്കുന്നത്. .മന വില്പനയ്ക്ക് വച്ചിട്ട് കുറെ നാൾ ആയെങ്കിലും ഇതുവരേക്കും അത് വിൽക്കുവാൻ തരപ്പെട്ടിട്ടില്ലെന്നാണറിവ് .
മന  വാങ്ങാൻ വരുന്നവരെ മനയ്ക്കലെ രക്ഷസ്  തടസപെടുത്തുന്നതാണ് എന്നാണ് പൊതുവെ ജനസംസാരം .

കേട്ട് കേൾവിയാണ് . പ്രശസ്തനായ മാന്ത്രികൻ ആയിരുന്നു ഭദ്രദത്തൻ നമ്പുതിരിപ്പാട്‌ . സൽകർമങ്ങൾ മാത്രം ചെയുന്ന , വൈദ്യത്തിലും  , ജ്യോതിഷത്തിലും അസാമാന്യ പാടവമുള്ളവരായിരുന്നു മനയ്ക്കലെ തിരുമേനിമാർ . അവരേവർക്കും  ഭദ്രകാളി കടാക്ഷം വേണ്ടാവോളം ഉണ്ടായിരുന്നു. മനയ്ക്കലെ തിരുമേനിമാർ ഒഴിപ്പിക്കുവാൻ ശ്രമിച്ചാൽ  ഒഴിഞ്ഞു പോവാത്ത ഒരു ബാധയും  ഉണ്ടായിരുന്നില്ല.ഇല്ലത്തു തന്നെ ദേവി  ഭാവത്തിൽ കുടി  ഇരുത്തിയ യക്ഷികളും , രക്ഷസും ഉണ്ട്. വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ചാത്തന്മാരും ഉണ്ട്. കൈയ്യിൽ ചൂരൽ കെട്ടിയ കുറുവടിയുമായ ചാത്തൻ . ആ പരമ്പരയിലെ തിരുമേനിമാരിൽ അഗ്രഗണ്യൻ ആയിരുന്ന   ബ്രഹ്മദത്തൻ  നമ്പുതിരിയുടെ മകനാണു ഭദ്രദത്തൻ നമ്പുതിരിപ്പാട്‌ . . .

പണ്ട് ഇലന്തൂർ മനയിലെ ഒരു തിരുമേനി ദുരമന്ത്ര വാദിയയായ പറങ്ങോട്ടപ്പന്റെ  ശിഷ്യൻ ആയി. ആ തിരുമേനിയെ മനയ്ക്കൽ നിന്നും പുറത്താക്കിയപ്പോ തിരുമേനിയുടെ വാസം പറങ്ങോട്ട്     ഇല്ലത്തായി . അന്ന് മുതൽ തുടങ്ങിയതാണ് പറങ്ങോട്ടു മനക്കാരും , ഇലന്തുർ മനക്കാരും തമ്മിലുള്ള ശത്രുത

ആഭിചാര ക്രിയകൾ   ചെയുന്ന  പറങ്ങോട്ടു ഇല്ലക്കാരും , ഇലന്തൂർ ഇല്ലക്കാരും തമ്മിൽ കൊടിയ ശത്രുതയിൽ ആയിരുന്നു എന്ന് പറഞ്ഞുവല്ലോ . . ഇലന്തൂർ മനയിലെ സന്തതി പരമ്പരകളെ  ഉന്മൂലനം ചെയ്യണം , ആ മന   വെണ്ണീറാക്കണം എന്നതായിരുന്നു പറങ്ങോടന്റെ ആഗ്രഹം . പറങ്ങോടന്റെ ക്രൂരതകൾ വർധിച്ചപ്പോൾ ചാത്തൻ സേവയിലൂടെ ഭദ്രദത്തൻ തിരുമേനി  പറങ്ങോടനെ ഭ്രാന്തനാക്കി മാറ്റി..

പറങ്ങോടന്റെ  ഉപാസന മൂർത്തിയായ  നീലിമ എന്ന ദുഷ്ട   രക്ഷസിനെ    ദൈവീക ഭാവത്തിലാക്കി  മനയ്ക്കൽ പ്രതിഷ്ഠിച്ചു.. കാലം കഴിഞ്ഞു പോയി എങ്കിലും  ഇന്നും രാവിലെ ആരെങ്കിലും കാവിൽ  വിളക്കുവച്ചു രാക്ഷസിനെ പ്രാർത്ഥിക്കും . സന്ധ്യ കഴിഞ്ഞാൽ ആരും ആ വഴി പോകാറില്ല . വിജനമായി വീഥി . കാട്ടു മരങ്ങൾ ഇടതൂർന്നു നിൽക്കുന്നു . ഉരഗ ജീവികളുടെ ശല്യം ഉണ്ടാകാം .


കാവിനു സമീപം എത്തിയപ്പോൾ ആരോ തന്നെ പിന്തുടരുന്നു എന്നൊരു തോന്നൽ .

കുറച്ചു നേരം അവിടെ നിന്ന് എല്ലാ ദിശയിലേക്കും അയാൾ കണ്ണോടിച്ചു . ഇല്ല ഒരനക്കവും ഇല്ല. തോന്നിയതാകാം .

വീണ്ടും പതിയെ നടന്നു തുടങ്ങിയപ്പോൾ ആരോ പിറകിൽ ഉണ്ടെന്നുള്ള തോന്നൽ . പതിഞ്ഞ താളത്തിലുള്ള   ഒരു ശബ്ദം .കാലടിയൊച്ച . കൊലുസിന്റെ  ചെറിയ കൊഞ്ചൽ .

കാലിന്റെ പെരുവിരലിൽ നിന്നും ഒരു തണുപ്പ് അരിച്ചു കയറി അയാളുടെ തലയിൽ എത്തി.ശരീരം ആകെ കോച്ചി തരിച്ചു നിൽക്കുന്ന പോലെ ...

എന്തും വരട്ടെ എന്ന് കരുതി അയാൾ തിരിഞ്ഞു പിറകിലേക്ക് നോക്കി. ആരുമില്ല. ഒന്നുമില്ല പണ്ട് 'അമ്മ പറഞ്ഞ കഥകൾ കേട്ടിട്ടുള്ള ഭയം ആയിരിക്കും ഈ തോന്നൽ . അല്ലാതെ  ഈകാലത്തു  യക്ഷിയും രക്ഷസും ഒക്കെ ഉണ്ടോ . വെറുതെ  മനുഷ്യനെ ഭയപെടുത്തുവാൻ ഉണ്ടാക്കി വച്ച  കെട്ടു കഥകൾ . മനസിനെ പാകപ്പെടുത്തി പതിയെ അയാൾ നടക്കുവാൻ തുടങ്ങി.

കുറച്ചു നേരം നടന്നപ്പോൾ വീണ്ടും അതെ ശബ്ദം . അയാളിൽ വിറയൽ ഉടലെടുത്തു.. ഇപ്പോൾ അയാൾക്ക്‌ വ്യക്തമായി കേൾക്കാം പാദസരത്തിന്റെ  കിലുക്കം. അത് പതിയെ അയാളുടെ അരികിലേക്ക് വരുന്നു.

ഇപ്പോൾ അയാൾക്കറിയാം അത് തോന്നൽ അല്ല . പിറകിൽ ആരോ ഉണ്ട്.  അത് തൊട്ടു തൊട്ടില്ല എന്നപോലെ  തൊട്ടു പിറകിൽ ഉണ്ട്. ആരാണ് . മനയ്ക്കലെ രക്തദാഹിയായായ രക്ഷസ് ആണൊ . പറങ്ങോടൻ ഉപാസിച്ച മനുഷ്യ രക്തം കുടിക്കുന്ന ഭീകര രൂപിയായായ നീലിമ.

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങൾ

തിരിഞ്ഞു നോക്കാതെ  ധൈര്യം സംഭരിച്ച വിറയോടെ അയാൾ ചോദിച്ചു .

"ആരാണ് "

"ഞാൻ നീലിമ   ഈ  കാവിന്  അധിപതി. രാത്രികാലങ്ങളിൽ  ആരിവിടെ സഞ്ചരിച്ചാലും അവർ എനിക്കുള്ളതാണ് . അതാണ് നിയമം .  ആ  വ്യവസ്ഥയിൽ  എന്നെ ഇവിടെ കുടി  ഇരുത്തിയതാണെന്നു അറിയില്ലേ നിനക്ക്. .... "

പേടി കൊണ്ടായാൾ  വിറച്ചു.

എന്നാലും ചോദിച്ചു ..

" എന്നെ കൊല്ലാൻ പോവുകയാണോ "

അതിനുത്തരം അവളുടെ ഭീകരമായ പൊട്ടി ചിരി ആയിരുന്നു.

അയാൾക്കവിടെ നിന്നും ഓടി രക്ഷപ്പെടണം എന്നുണ്ട് . പക്ഷെ പറ്റുന്നില്ല.

അത് മനസിലാക്കിയിട്ട്  എന്നപോലെ അവൾ പറഞ്ഞു.

"എന്റെ അനുവാദം ഇല്ലാതെ നിനക്കെന്നല്ല ആർക്കും  ഈ കാവ്  വിട്ട്  ഒരടി അനങ്ങുവാൻ കഴിയില്ല."

"നിന്റെ മരണം അടുത്തിരിക്കുന്നു. നിന്നെ രക്ഷിക്കുവാൻ ആരും ഇന്നിനി ഈ വഴി വരികയില്ല. "

 തിരിഞ്ഞു അവളെ നോക്കണം എന്നുണ്ട്. വയ്യ . സ്‌തംഭനാവസ്ഥ .
കണ്ണുകൾ രണ്ടും അടച്ചു. അറിയാവുന്ന മന്ത്രങ്ങൾ ഓർത്തെടുക്കുവാൻ ശ്രമിച്ചു... ഇല്ല. ഒന്നും ഓർമ വരുന്നില്ല.  രക്തദാഹിയായ രാക്ഷസിന്റെ കൈ കൊണ്ടുള്ള മരണം .

അവളുടെ  കൈകൾ അയാളുടെ രണ്ടു തോളിലും തൊട്ടു. . തണുത്ത ഉറഞ്ഞ കൈകൾ . ആ കൈകളിൽ നീണ്ട  വൃത്തികെട്ട നഖങ്ങൾ ഉണ്ടായിരിക്കും . അവളുടെ ചുണ്ടുകൾ , അല്ല ആ  രക്തം പുരണ്ട  ദംഷ്ട്രകൾ അയാളുടെ കഴുത്തിനെ ചുംബിക്കുവാൻ  ഒരുങ്ങി .   മോഹാലസ്യപ്പെട്ടു വീഴുവാൻ ഒരുങ്ങിയ അയാളെ അവളുടെ  കൈകൾ താങ്ങി. ബോധം നശിച്ചു. പൂർണമായും അയാൾ അവളുടെ അധീനത്തിൽ ആയി കഴിഞ്ഞിരിക്കുന്നു.

.................................................................................................................................................

രാവിലെ ഗോപന്റെ കൂടെയാണ് അയാൾ പെണ്ണ് കാണാൻ പോയത് . അവന്റെ ഓട്ടോ റിക്ഷയിൽ . ഗോപൻ ,   രമേശന്റെ  അളിയനാണ് . അതിലുപരി  ഒരുമിച്ചു കളിച്ചു വളർന്ന സുഹൃത്താണ് ,  ഗൗരിയോടുള്ള അവന്റെ ഇഷ്ടം
അറിഞ്ഞപ്പോൾ സന്തോഷം ആണ് തോന്നിയത്. ഗോപന് ആകെ സ്വന്തമായി ഉണ്ടായിരുന്നത് ഒരു ഓട്ടോ മാത്രം. പക്ഷെ പെങ്ങളെ അവൻ പൊന്നുപോലെ നോക്കും എന്ന് രമേശാണ്  അറിയാമായിരുന്നു. പ്രീഡിഗ്രി തോറ്റു  പഠിപ്പു നിറുത്തിയ ഗൗരിയെ എല്ലാം അറിഞ്ഞു വിവാഹം കഴിക്കുവാൻ  തൈയ്യാറായ  ഗോപന്റെ മനസിന്റെ വലിപ്പം രമേശാണ് അറിയാമായിരുന്നു.. അവൻ ഓടിക്കുന്ന ഓട്ടോ അടക്കം മുന്ന് ഓട്ടോയുണ്ടവന് . രണ്ടെണ്ണം വാടകയ്ക്ക് ഓടുന്നു. മോശമില്ലാത്ത ഒരു തുക അവൻ നിത്യവും സമ്പാദിക്കുന്നുണ്ട് .

"ഈ കുശിനിക്കാരന്  പെണ്ണ് ചോദിക്കാൻ   നിനക്ക്  നാണം ആവില്ലേ ഗോപാ . അല്ല  അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാ , നീ ഓട്ടോ പണി
നിറുത്തി ബ്രോക്കർ പണി തുടങ്ങിയോ. നിന്റെ പരിപ്പ് ഈ തറവാട്ടിൽ വേവില്ല .  വല്ല നല്ല സർക്കാർ ജോലിക്കാരൻ ഉണ്ടെങ്കിൽ കൊണ്ടുവാ . തറവാട് ക്ഷയിച്ചിരിക്കുകയാ എന്ന് കരുതി കീഴ് ജാതിക്കാരനെ കൊണ്ടെന്നും ഈ തറവാട്ടിലെ കുട്ടിയുടെ മംഗലം  കഴിക്കാം എന്നാരും മോഹിക്കേണ്ടാ . ഇത് ഒരു മാതിരി  നാറ്റ കേസുമായി വന്നിരിക്കുന്നു  "

ഗോവിന്ദൻ നായർ അങ്ങനെ പറഞ്ഞപ്പോൾ  രമേശൻ ആകെ വല്ലാതായി.
അയാൾ പതിയെ ഇരുന്നിടത്തു നിന്നും എഴുനേറ്റു.

" നമുക്ക് പോകാം ഗോപാ ,   ഞാൻ പറഞ്ഞതല്ലേ ഈ ബന്ധം ശരിയാവില്ല എന്ന് ."

"നീ അടങ്ങു രമേശാ.   നീ എന്റെ വണ്ടി എടുത്തു പൊക്കൊളു . ഞാൻ പിന്നെ വരാം എനിക്കിവിടെ അടുത്തു ഒരു കൂട്ടം പണിയുണ്ട് ." ഗോപൻ ഓട്ടോയുടെ ചാവി രമേശാണ് നീട്ടികൊണ്ടു പറഞ്ഞു 

രമേശൻ അവന്റെ ഓട്ടോ  തിരിച്ചു , ഇടവഴിയിലൂടെ ഓട്ടോ പോകുന്നത് ഗോപൻ നോക്കി നിന്നു  കണ്മുന്നിൽ നിന്നും ആ ഓട്ടോ മറഞ്ഞപ്പോൾ എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ഗോപൻ പിന്തിരിഞ്ഞു ആ ഗേറ്റ് വീണ്ടും തള്ളി തുറന്നു..ഗേറ്റ് കടന്നു ആ വീട്ടുമുറ്റത്തേക്ക് കടന്നപ്പോഴേ ആ  കാർന്നോരുടെ പ്രസംഗം ഉച്ചത്തിൽ അവിടെ മുഴങ്ങുന്നുണ്ടായിരുന്നു. ... 


"എന്ത് വിചാരിച്ചിട്ടാണ്... . വെറുമൊരു കൃഷിക്കാരന്  നമ്മുടെ  കൊച്ചിനെ കൊടുക്കണം എന്നോ?   ഇതിലും വലിയ . ബന്ധം ഞാൻ അവൾക്കു കൊണ്ടുവരും .   ഒരു കുശിനിക്കാരൻ   . ... തൂഫ്... "   ഗോവിന്ദൻ നായർ നീട്ടി പുറത്തേക്കു തുപ്പി. 

"ഒന്ന് പതുക്കെ പറയ്  ഓപ്പേ ,   അവർ പോയല്ലോ...   നമുക്കറിയാമല്ലോ  രമേശനെ .  നല്ല സ്വഭാവം.. അത്കൊണ്ടാണ്   നീലിമയെ  കാണാൻ അവരോടു വരാൻ പറഞ്ഞത്.. എന്നാലും ഇങ്ങനെ അപമാനിച്ചു ഇറക്കി വിടേണ്ടിയിരുന്നില്ല.. "

"പിന്നെ അവനെയൊക്കെ ഞാൻ പട്ടും വളയും കൊടുത്തു സ്വീകരിച്ചിരുത്താം.. അല്ല പിന്നെ.. ഒരു ദേഹണ്ഡക്കാരൻ വന്നേക്കുന്നു... "


ഈ പ്രാവശ്യം മുറുക്കി തുപ്പാൻ  പുറത്തേക്കു വന്ന അയാൾ  ഗോപനെ  കണ്ടു ഒന്ന് പതറി... പെട്ടെന്നവിടെ ഗോപനെ കണ്ടപ്പോൾ  സരോജിനി  എന്തോ പറയാൻ ആഞ്ഞതും ഗോപൻ ഒന്നും ഇങ്ങോട്ട് പറയണ്ട എന്ന് മട്ടിൽ ആംഗ്യം കാണിച്ചു. 

"എടോ കാർന്നോരേ ,   താൻ  ആരാ എന്നാ തന്റെ വിചാരം . തനിക്കും ഈ കുടുംബവുമായി എന്താ ബന്ധം . ഇവരുടെ നേരാങ്ങള ഒന്നുമല്ലല്ലോ  നിങ്ങൾ . പിന്നെ പറയുകയാണെങ്കിൽ വകയിലെ ഏതോ ഒരു ബന്ധു .  അല്ല ... നിങ്ങളുടെ വീട്ടിൽ നിങ്ങൾക്കു വല്ല സ്ഥാനം ഉണ്ടോ. നിങ്ങളുടെ മകൾ അല്ലെ ക്രിസ്ത്യാനിയായ ബെന്നിയുടെ കൂടെ ഒളിച്ചോടി പോയത് .  അന്ന് നിങ്ങൾക്ക് തറവാടിന്റെ അന്തസ് ബാധകം ആയിരുന്നില്ലേ?  അവൾ നിങ്ങൾ പറഞ്ഞ കേട്ടോ . 

 നിങ്ങളുടെ മകൻ ഉണ്ടല്ലോ  ആ താന്തോന്നി , പട്ട അടിച്ചു ഒരു പണിക്കും പോകാതെ  നടക്കുന്ന പ്രദീപ് അവൻ പോലും നിങ്ങൾ പറയുന്ന എന്തെങ്കിലും കേൾക്കുന്നുണ്ടോ?

 ഈ വീട്ടുകാർ നിങ്ങൾക്ക്  അല്പം ബഹുമാനം തരുന്നു എന്ന് കരുതി "
   
രമേശനെ ഇറക്കി വിട്ടല്ലോ നിങ്ങൾ   അടുക്കളക്കാരൻ എന്ന് വിളിച്ചു…അതേ അവൻ ഒന്നാതരം അടുക്കളപ്പണിക്കാരൻ തന്നെയാണ്... ഒന്നും രണ്ടും പേർക്കല്ല പത്തു രണ്ടായിരം പേർക്ക് വെച്ചുണ്ടാക്കി കൊടുക്കുന്ന നല്ല കൈപ്പുണ്യം ഉള്ള ദേഹണ്ഡക്കാരൻ.. കല്യാണത്തിനും അടിയന്തരത്തിനുമൊക്കെ നല്ല വടിവൊത്ത ഡ്രെസ്സുമിട്ട് പന്തിയിൽ ചെന്നു ഇരിപ്പുറപ്പിക്കുമ്പോൾ മുന്നിൽ നിവർത്തിയിട്ടിരിക്കുന്ന തൂശനിലയിൽ തൊടുകറി മുതൽ പപ്പടം ,പായസം വരെ വിളമ്പി തരുന്നതേ നിങ്ങൾ പുച്ഛിച്ചു തള്ളിയ രമേശനെ പോലുള്ള അടുക്കളക്കാരൻമാർ ഉള്ളത് കൊണ്ടു മാത്രമാണെന്ന് ഓർമ വേണം.. 

 നാലു നേരം വെട്ടി വിഴുങ്ങി .  അലക്കി തേച്ചു ജുബ്ബയും  ഇട്ടുനടക്കുന്ന തന്നെ പോലുള്ള കാർന്നോർ ചമയുന്നോർക്ക് അല്ലേലും , എന്തേലും മുട്ടാപ്പോക്ക് പറഞ്ഞു അനന്തരവളുടെ കല്യാണം മുടക്കുന്നത് അന്തസ് ആയിരിക്കും.. എന്നാലേ പ്രാർത്ഥനയും വഴിപാടും ഒക്കെ ആയി  സരോജിനി ചേച്ചിയെ പോലുള്ള അമ്മമാർക്ക് അത്‌ നെഞ്ചത്ത് കത്തി കുത്തിയിറക്കുന്ന വേദന ആയിരിക്കും... "

"ഗോപാ ,  "    ഗോപന്റെ  സ്വരം ഉയർന്നു കാര്യങ്ങൾ പറയുന്ന രീതി മാറിയപ്പോൾ സരോജിനി ഇടക്ക് കയറി... 

"ഞാൻ പറയട്ടെ ചേച്ചി ,.. അവനെ  അപമാനിച്ചു ഇറക്കി വിട്ടിട്ട് രണ്ടു വാക്ക് ചോദിക്കാതെ ഞാൻ പോയാലെ ഇന്നിനി ഒന്നും ദഹിക്കില്ല എനിക്ക്... അത്രക്ക് നല്ല ചെക്കനാ അവൻ..   എന്റെ കൂട്ടുകാരൻ ആയതു കൊണ്ടല്ല . അവനെ ഞാൻ അറിയുന്ന പോലെ ആർക്കും അറിയില്ല. 

അതോണ്ട് തന്നെയാണ് ഇവിടുത്തെ നീലിമക്ക്  അവന്റെ  ആലോചന ഞാൻ കൊണ്ടു വന്നത്... "

"എന്നാ പിന്നെ ഞാൻ അങ്ങട്ട് ഇറങ്ങുവാ സരോജിനിയെ  . "സാഹചര്യം പന്തിയല്ലെന്ന് കണ്ടു അമ്മാവൻ സഭയിൽ നിന്നും പിൻവലിയാനുള്ള ഒരു വിഫലശ്രമം നടത്തി... 

അങ്ങനങ്ങു പോകാതെ കാർന്നോരെ.. എനിക്ക് പറയാനുള്ളത് മുഴുവനും കേട്ടിട്ട് പോയാൽ മതി . നിങ്ങള് എന്തറിഞ്ഞിട്ടാ അവനെ  വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞത്..

ഉരുൾ പൊട്ടി വീട് അടക്കം തകരുമ്പോൾ  മരിച്ചതു മുന്ന് പേര് ആണ് . അവന്റെ അച്ഛനും , അമ്മയും , ചേച്ചിയും .  അന്നവന്  പ്രായം പതിനേഴു തികഞ്ഞിട്ടില്ല .  മൂത്ത ചേച്ചിയെയും , അനിയത്തിയേയും നോക്കണം . അതിനാ അവൻ പഠിപ്പു നിറുത്തിയത്.  അവന്റെ ചേച്ചിയും ഒരു പാട്  കഷ്ടപെട്ടിട്ടുണ്ട് . ടുഷ്യൻ  പഠിപ്പിച്ചും  , പറമ്പിലെ പണിയും ഒക്കെ ആയ്യി . പക്ഷെ   രമേശൻ അവരുടെ പഠിപ്പ് നിറുത്തിയില്ല . അവരെ പഠിപ്പിച്ചു .  വാർക്ക പണിക്കും , ഇളയതിന്റെ  കൂടെ ദേഹണ്ഡത്തിനു പൊയിയും , പിന്നെ അവന്റെ പറമ്പിലെ കൃഷിയും ഒക്കെ ആയി . വിശ്രമം എന്തെന്നവൻ അറിഞ്ഞിട്ടില്ല .  ഇന്നവന്റെ ചേച്ചിക്കു മണപ്പുറം ബ്രാഞ്ചിൽ ജോലിയുണ്ട് . അവരുടെ ഭർത്താവിനും ഉണ്ട് ഉദ്യോഗം .  "

"മരിക്കുമ്പോൾ ഇളയത് കൈ തലയിൽ തൊട്ട് അനുഗ്രഹിച്ചത് മകനെയല്ല . ഇപ്പോൾ  ഇറങ്ങിപ്പോയ ആ രമേശനെയാ .ഇളയതിന്റെ കൈപ്പുണ്യം അവനു കിട്ടിയിട്ടുണ്ട് , പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളെ അവന്റെ കൈയിൽ ഏല്പിച്ചു ആയുസെത്തും മുൻപ് ചത്തൊടുങ്ങിയ  അച്ഛനും അമ്മയ്ക്കും പകരം അവൻ ആയി അവരുടെ തുണ.  തോറ്റു   കൊടുക്കുവാൻ അവൻ തയാർ അല്ലായിരുന്നു . 

ആ രണ്ടു കുട്ടികളെയും  അടക്കി പിടിച്ചു പകച്ചു നിന്ന ആ പതിനേഴുകാരൻ പയ്യൻ അന്ന്  അവനു കൂടെ ഒരു ആശ്വാസത്തിന് എങ്കിലും  ഞാനേ   ഉണ്ടായിരുന്നുള്ളൂ.  ഈ ഗോപൻ .

ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ   കഴിയാതെ  വന്നപ്പോൾ കയ്യിലെടുത്തത് ചട്ടുകം ആയിരുന്നു...  അവന്റെ അച്ഛൻ നല്ല പാചകക്കാരൻ ആയിരുന്നല്ലോ .....   ഇളയതിന്റെ  കൂടെ കൂടി അവൻ  ആ  പണി  ഏറ്റെടുത്തത് മുന്ന്  വയറു നിറക്കാൻ വേണ്ടി മാത്രം ആയിരുന്നു... 

അടുക്കള പെണ്ണുങ്ങളുടെ മാത്രം കുത്തകയല്ലെന്ന് അവൻ തെളിയിച്ചു അവന്റെ കഷ്ടപ്പാട് ഒന്നുകൊണ്ടു മാത്രം ആയിരുന്നു...മൺകട്ട കൊണ്ടു കെട്ടിയ തേയ്ക്കാത്ത ആ ഒറ്റമുറി വീട്ടിലെ അടുക്കളയിൽ നിന്ന്  അവൻ കെട്ടി പൊക്കിയതാ ആ രണ്ടു നില മാളിക . 

അവനേറ്റ കരിയും പുകയും ആയിരുന്നു അവന്റെ പെങ്ങന്മാർക്കു നിറമുള്ള ജീവിതം നൽകിയത്... ഒരാളുടെ മനസു നിറക്കാൻ ആദ്യം അയാളുടെ വയറു നിറക്കണമെന്നാ പഴമക്കാർ പറയുന്നേ... അങ്ങനെ മനസറിഞ്ഞു അവൻ ഒരുക്കിയ ഓരോ ഭക്ഷണവും കുടുംബം പോറ്റാൻ വേണ്ടിയായിരുന്നു... 


പിന്നെ ആ പുരയിടത്തിൽ അവൻ നട്ടാൽ വിളയാത്ത ഒരു വിളയും ഇല്ല. ചക്കയും, കപ്പയും, ഇഞ്ചിയും , വാഴയും , മാങ്ങയും ചേനയും , പയറും അടക്കം .   അവന്റെ . . വയ്‌പിനുള്ള പച്ചക്കറികൾ മിക്കവയും അവന്റെ തൊടിയിൽ അവൻ നാട്ടു വളർത്തുന്നതാ . അവന്റെ  കഷ്ടപ്പാട് തന്നെയാണ് ഇന്ന്  രമേശനെ  നാലാളറിയുന്ന കാറ്ററിങ്ക്കാരൻ ആക്കിയത്...

സ്വന്തം പ്രയത്‌നം കൊണ്ടു അവൻ  രണ്ടു  പെങ്ങമാരെയും കെട്ടിച്ചു വിട്ടു...ഇന്ന് നിങ്ങള് കൃഷിക്കാരനും  പാചകക്കാരനും  എന്നൊക്കെ വിളിച്ചു കളിയാക്കിയല്ലോ.. എന്നിട്ടും ഒരക്ഷരം മിണ്ടാതെ ചിരിച്ചോണ്ട് അവൻ ഈ പടിയിറങ്ങി പോയിട്ടുണ്ടെ അത് അവന്റെ  മാന്യത.. "

" ഓപ്പ  അറിയാതെ പറഞ്ഞതാണ്  ഗോപാ  . ആ കൊച്ചനോട് ഞാൻ ക്ഷമ ചോദിച്ചു എന്ന് പറയണം... അല്ലാതെ എനിക്ക് എന്നാ ചെയ്യാനൊക്കുക? "

"ഒരു കാര്യം തുറന്നു പറഞ്ഞാൽ വിഷമം ഒന്നും തോന്നരുത്  സരോജിനി ചേച്ചിയെ... കാര്യം നിങ്ങടെ അങ്ങളയൊക്കെ തന്നെ എന്നാലും അച്ഛനില്ലാത്ത ഇവിടുത്തെ കൊച്ചിന്റെ കല്യാണം നടന്നു കാണണമെന്ന ആത്മാർത്ഥമായ ആഗ്രഹം കൊണ്ടു പറയുവാ ഇങ്ങേരു ഇവിടെ ഉള്ളിടത്തോളം കാലം ആ കൊച്ചിനൊരു നല്ല ജീവിതം വിധിച്ചിട്ടില്ല... "  അതുംകൂടി പറഞ്ഞു ഗോപൻ അവറ്റെ നിന്നും നടന്നു.  ഇത്രയെങ്കിലും പറയുവാൻ കഴിഞ്ഞല്ലോ . പാവം രമേശൻ അവൻ അപമാനിക്കപെട്ടാൽ തനിക്കു സഹിക്കില്ല. ഗൗരിയേക്കാൾ പാവമാണ് അവൻ .

"ഇനി നിങ്ങൾ ആയി . നിന്റെ പാടായി. ഇനി ഓപ്പേ  എന്ന് പറഞ്ഞു ആ  തോട് കടക്കരുത്. കാണട്ടെ നീലിയുടെ കല്യാണം എങ്ങനെ  നീ നടത്തും എന്ന്.  വന്നു വന്നു വഴിയിലുള്ളവർ ബന്ധക്കാരും  അകത്തുള്ളവർ പുറത്തും ആയി. സുകൃതക്ഷയം . അല്ലാതെ എന്ത് പറയുവാൻ . അവളിവിടെ കെട്ടാ  ചരക്കായി നിൽക്കുന്നത് കാണാൻ ഇടവരുത്തനെ എന്റെ ശാസ്താവേ , "   

ശാപവചനകൾ ചൊറിഞ്ഞുകൊണ്ടു ഇറുകിയ  മുഖവും പേറി  ഗോവിന്ദൻ നായർ  സഞ്ചിയും കയ്യിലെടുത്തു   മുറ്റത്തേക്ക് ഇറങ്ങി.  

 പടി കയറിവന്ന മഹാഭാഗ്യം പുറങ്കാല് കൊണ്ടു തട്ടിത്തെറിച്ചു പോയ തങ്ങളുടെ നിർഭാഗ്യത്തെയോർത്തു ആ അമ്മ നീറുന്നുണ്ടായിരുന്നു... 



"ഹലോ , മാഷെ , ഇതെന്താ ഇങ്ങനെ ബോധം ഇല്ലാതെ കിടക്കുന്നത് . "  നീലിമയുടെ ചോദ്യം അവനെ ഉണർത്തി . ഉണരുമ്പോൾ അവൻ ആ പാലച്ചുവട്ടിൽ തന്നെ ആയിരുന്നു .ഇലഞ്ഞി പൂമണം പൊഴിയുന്നു ഗന്ധം.

ഞാൻ ഇവിടെ..... , അല്ലാ കുട്ടി ഇവിടെ "   അവൻ എന്തോ പിറുപിറുത്തു.

എന്താ ഇന്നലത്തെ കെട്ട് ഇറങ്ങിയില്ല , ഗോപൻ ഇങ്ങനെ അല്ലല്ലോ  ഇയാളെപ്പറ്റി പറഞ്ഞത്. അവൾ സംശയത്തോടെ ചോദിചു "

രമേശൻ ചുറ്റും നോക്കി , കാവിൽ മരങ്ങളുടെ വിടവിലൂടെ സൂര്യന്റെ പ്രഭ . നേരം വെളുത്തു വരുന്നു.

അപ്പോൾ ഇന്നലെ പിറകിൽ കണ്ട രക്ഷസ്  തന്നെ കൊന്നില്ലേ!

"അവൾ  എവിടെ,   അവൾ എന്നെ കൊന്നില്ലേ , അവൻ  അവ്യക്തമായി ചോദിച്ചു "

"ആര് "

"നീലിമ , അവളെ ഞാൻ കണ്ടു.  കാവിൽ കുടി ഇരുത്തിയ രക്ഷസിനെ , നീലിമയെ "

ആര് , നീലിമയോ , അത് ഞാൻ അല്ലെ ........ ശരിക്കും നോക്ക്കിയെ എന്റെ വായിൽ ദംഷ്ട്രകൾ ഇല്ലേ എന്ന് .  ഇനി  ഈ ഗന്ധർവനെ ഒരു യക്ഷിയും കണ്ണ് വയ്ക്കില്ല . ഈ നീലിമ ഉള്ള കാലം വരേയ്ക്കും "

 അതും പറഞ്ഞു അവൾ ഉറക്കെ ചിരിച്ചു.

പക്ഷെ ഇപ്പോൾ അവൻ ഭയം തോന്നിയില്ല.


"നീലിമ ഇവിടെ ,"  അപ്പോഴും അവനു സ്ഥലകാല ബോധം വന്നിരുന്നോ

 " അതെ ഞാൻ വന്നത് ഒരു കല്യാണ സദ്യ ഒരുക്കുവാൻ  ഉണ്ട് . . അത് പറയുവാൻ  വന്നതാ . അപ്പോൾ ആണ് ഇയാൾ ഇങ്ങനെ വെള്ളം  അടിച്ചു കോൺ തെറ്റി ഇങ്ങനെ കാവിൽ  കിടക്കുന്ന കണ്ടത്.  അപ്പോൾ കാര്യങ്ങൾ എങ്ങനെയാ "

നീലിമ കൗതുകത്തോടെ ചോദിച്ചു...

നീലിമയുടെ   കല്യാണം ഉറപ്പിച്ചു എന്ന്  രമേശാണ്  മനസിലായി... മനസ്സിലെവിടെയോ ഒരു ചെറിയ നീറ്റൽ പോലെ...അന്ന് പെണ്ണ്  കണ്ടപ്പോൾ തന്നെ നീലിമയെ അവനു ഇഷ്ടമായിരുന്നു.. തനിക്കു വിധിച്ചപെണ്ണ് ഇതല്ല എന്ന് ആശ്വസിച്ചുകൊണ്ടു രമേശൻ  സദ്യയുടെ കാര്യങ്ങൾ സംസാരിക്കാനാഞ്ഞു... 

"അല്ല മാഷേ...   നിങ്ങള്ക്ക് അറിയാനുള്ള ആഗ്രഹം  ഇല്ലേ ?   കല്യാണ ചെക്കൻ ആരാണ് എന്ന്. " അവൾ കിലുങ്ങി ചിരിക്കുന്ന പോലെ ചോദിച്ചു 

അത് ഞാൻ അറിയേണ്ട ആവശ്യം ഇല്ലല്ലോ . സദ്യ ഒരുക്കലല്ലേ എന്റെ പണി.  പിന്നെ 
താൻ ചോദിച്ച സ്ഥിതിക്ക് ചോദിച്ചേക്കാം ..   ആരാണ് ആ ഭാഗ്യവാൻ ,  അയാൾ എന്താ ചെയുന്നത് "

"ഇപ്പൊ എങ്കിലും ചോദിച്ചത് നന്നായി... ആള് ഇവിടെ കാറ്ററിംഗ് നടത്തുന്നു... പേര് രമേശൻ .. വീട് ഇലഞ്ഞിക്കൽ .... " ഒറ്റ ശ്വാസത്തിൽ  നീലിമ  പറഞ്ഞു നിർത്തി ഇടങ്കണ്ണിട്ട് നോക്കിയപ്പോൾ  രമേശൻ ശെരിക്കും കിളിപോയി ഇരിക്കുക ആയിരുന്നു... 

"വേണ്ടഡോ... ഈ അടുക്കളയുടെ കരിയും പുകയും ഒക്കെ കൊള്ളാൻ തയ്യാറുള്ള ഒരു പാവം പെണ്ണെ എനിക്ക് ചേരൂ.. തനിക്കു നല്ല വിദ്യാഭ്യാസം ഉള്ള നല്ലൊരാളെ കിട്ടും.. ഒന്നുമല്ലെങ്കിലും താൻ ഒരു ഡിഗ്രിക്കാരിയല്ലേ ... ഇത് ശരിയാവില്ല... " ഒരു പുഞ്ചിരിയും സന്തോഷത്തോടെയുമുള്ള മറുപടിയും പ്രതീക്ഷിച്ച അവൾക്ക് പക്ഷെ രമേശന്റെ  മറുപടി ഞെട്ടൽ ഉണ്ടാക്കി... 

"അന്ന് അമ്മാവൻ അങ്ങനെ അധിക്ഷേപിച്ചു ഇറക്കി വിട്ടത് കൊണ്ടാണോ...?? "

"അങ്ങനെ ഒന്നും ഇല്ലെടോ...   ഞാൻ ജാതിയിൽ നിങ്ങളെക്കാൾ താഴെയല്ലേ . അങ്ങനെ പലതും . നമ്മൾ ചേരില്ല .

"നല്ല അടി കിട്ടും ചെക്കന് . ഇത്ര വരെ എത്തിച്ചിട്ടു കല്യാണം വേണ്ട
 എന്നോ ?. കൊന്നു കളയും ഞാൻ "   അല്പം അധികാരത്തോടെ അവൾ പറഞ്ഞു .

നീലിമ  കാര്യത്തിൽ തന്നെ ആണെന്ന് മനസിലാക്കി രമേശൻ  വെറുതെ ഒന്ന് പുഞ്ചിരിച്ചു... ഈ കാന്താരി പെണ്ണ് ആണല്ലോ ഇനി തന്റെ അടുക്കളക്ക്  അവകാശി എന്നയാൾ ഒരു നിമിഷം ഓർത്തു പോയി.."

"അപ്പോൾ എങ്ങനെയാ കാര്യങ്ങൾ എല്ലാം ഒകെ അല്ലെ " ചിരിച്ചുകൊണ്ടവൾ ചോദിച്ചു . പിന്നെ പുറം തിരിഞ്ഞു ചിരിയോടെ നടക്കുവാൻ ആരംഭിച്ചു.


അവൾ തിരികെ നടന്നു പോകുമ്പോൾ  അയാൾ വ്യക്തമായി കേട്ടു , ഇന്നലെ രാത്രിയിൽ അയാളുടെ പിറകിലായി വന്ന പദചലനം .    ആ പാദസരത്തിന്റെ കിലുക്കം ............




















2019, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ഏഴു മാസങ്ങൾക്കു മുമ്പ്




"എടാ നിനക്കു എത്ര വയസായി ,  എന്താ നിന്റെ വിചാരം "

നാരായണൻ സാറിന്റെ വാക്കുകളിൽ ആശങ്കയും , അരിശവും ഒരുമിച്ചുണ്ടായിരുന്നു.

"നിനക്ക് 32 വയസ്സായി . ഇനിയും ഇങ്ങനെ നീട്ടി കൊണ്ട് പോകുക എന്ന്  വച്ചാൽ . എന്താ നിന്റെ പ്രശ്നം എനിക്ക് മനസിലാകുന്നില്ല. അവസാനം നിന്നെ കെട്ടാൻ വല്ല കിളവിയും വരേണ്ടി വരും. ഇനി നിന്റെ ഇഷ്ടം . " സാർ ദേഷ്യത്തോടെ അവന്റെ  മുറിയിൽ നിന്നും ഇറങ്ങി പോയി.

ഇനി നമുക്ക് കാര്യത്തിലേക്കു വരം . ഇപ്പോൾ കേട്ടത് ഒരു കല്യാണ ആലോചനയാണ് . ചെക്കൻ സാറിന്റെ മോൻ ദിലീപ് നാരായണൻ . പറയുമ്പോൾ എല്ലാം പറയണം അല്ലോ. നാരായണൻ നായരുടെയും , ഗോമതിയുടെയും സീമന്ത പുത്രനാണ് നമ്മുടെ കഥാ നായകൻ .വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞാണ് അവർക്കു പുത്ര ഭാഗ്യം സിദ്ധിച്ചത് . അതുകൊണ്ടു തന്നെ ഗോമതി ചേച്ചി  അവനെ കുറെ കൊഞ്ചിച്ചു വളർത്തി. കുറെ എന്ന് പറഞ്ഞാൽ തന്നെ തെറ്റി പോകും . അവന്റെ ഇഷ്ടങ്ങൾ  ഒന്നും ഒരു മുടക്കുമില്ലാതെ സാധിച്ചു കൊടുക്കും. സാർ എതിർത്താൽ പോലും.

കൊച്ചിലെ  മുതൽ അവൻ അങ്ങെനയാ ഇഷ്ടപെട്ട കാര്യം ലഭിച്ചില്ലെങ്കിൽ വാശി പിടിക്കും. പിന്നെ അത് ലഭിച്ചിട്ടേ അവൻ അടങ്ങുകയുള്ളു . ചെക്കന്റെ ഈ സ്വഭാവം നല്ലതല്ല എന്ന് ബന്ധുക്കളിൽ ചിലർ     അന്നേ ഉപദേശിച്ചു. പക്ഷെ ആര് കേൾക്കാൻ . വലുതാകുന്തോറും അവന്റെ  ഈ സ്വഭാവത്തിനു കാര്യമായ മാറ്റം ഒന്നും സംഭവിച്ചില്ല.

കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും അവൻ പഠിക്കുവാൻ മിടുക്കൻ ആയിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞതോടെ അവനു നല്ളൊരു കമ്പനിയിൽ ജോലി ലഭിച്ചു. മോഹിപ്പിക്കുന്ന ശമ്പളം . പിന്നെങ്ങെത്താ പറയുക. അച്ഛനെക്കാളും ശമ്പളം അവൻ മേടിക്കുന്നു എന്നുള്ള അറിവ് അവനെ  ഒരു ധിക്കാരി കൂടിയാക്കി .

അവൻ  എവിടെ  പോകുന്നു, എപ്പോൾ വരുന്നു മുതലായ കാര്യങ്ങൾ പോലും നാരായണൻ മാഷിന് അറിയാതെയായി.  മാഷ് എന്തെങ്കിലും ചോദിച്ചാൽ ധിക്കാരപരമായ മറുപടി ആയിരിക്കും.. അതുകൊണ്ടു തന്നെ മാഷിന് അവന്റെ ദൈനംദിന കാര്യങ്ങളിൽ അറിവ് പരിമിതമായിരുന്നു..

പക്ഷെ എന്നാലും മാഷ് സ്വയം അഭിമാനിച്ചു . നല്ല ശമ്പളം ഉള്ള കമ്പനിയിൽ ജോലി , സ്വന്തമായി കാർ, ബൈക്ക് മുതലായ വാഹനങ്ങൾ . അതുകൊണ്ടു തന്നെ  വിവാഹ കംമ്പോളത്തിൽ  അവനു വലിയ വിലയുണ്ടാകും എന്ന്
 എന്ന് മാഷിന്   പ്രതീക്ഷയുണ്ടായിരുന്നു.

പക്ഷെ മാഷ് കൊണ്ട് വരുന്ന വിവാഹ ആലോചനകൾ എല്ലാം അവൻ നിഷ്കരുണം തന്നെ തള്ളി. ഒന്നെങ്കിൽ  പെണ്ണിന് പഠിപ്പു പോരാ, അല്ലെങ്കിൽ നിറം പോരാ. അവളുടെ ഇംഗ്ലീഷ് ശരിയല്ല    എന്നുള്ള നിരവധി  മുടന്തൻ ന്യായങ്ങൾ.

അവന്റെ പ്രായത്തിലുള്ള കുട്ടികൾ മിക്കവാറും വിവാഹിതരായി , ഇപ്പോൾ  അവർക്കെല്ലാം കുട്ടികളും ആയി. ഇപ്പോഴും ഇവാൻ ഇങ്ങനെ പിള്ള കളിച്ചു നടക്കുക എന്ന് പറഞ്ഞാൽ .   അതോർക്കുമ്പോൾ മാഷിന്റെ നെഞ്ച് പിടിയും .

ഒരു  പാട്‌ പെണ്ണ് കാണൽ  ചടങ്ങിന് അവർ സാക്ഷിയായി. ഓരോ വീട്ടിലും പോകും പലഹാരങ്ങൾ കഴിക്കും , പിന്നെ അവന്റെ ഒരു ഇന്റർവ്യൂ പെണ്ണിനോട് .

സ്ഥിരം ചോദ്യങ്ങൾ ഇതൊക്കെയാണ്

"പുതിയ     ടെക്നോളജി എന്തൊക്കെ അറിയാം
സ്റ്റോക്ക് മാർക്കറ്റിൽ ഇപ്പോസത്തെ ട്രെൻഡ് എന്തൊക്കെ
അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ ഉള്ള പ്ലാൻ എന്താണ് "

ഇങ്ങനെ ഒരു ബന്ധവും ഇല്ലാത്ത കുറെ പൊട്ട  ചോദ്യങ്ങൾ അവൻ തുടരെ ചോദിക്കും . അവസാനം ഇന്റർവ്യൂ നടത്തിക്കഴിഞ്ഞു കാന്റിഡേറ്ററിനെ റിജെക്ട് ചെയ്തു അടുത്ത കാന്ഡിഡറ്റിനെ തപ്പിയുള്ള യാത്ര

അവന്റെ വിചാരം അവനെ പോലെ ബുദ്ധിയുള്ള , ഒരു കുട്ടിയെ കിട്ടണം
എന്നലെ അവൻ വിവാഹിതൻ ആവുകയുള്ളൂ എന്നാണ് കഥാനായകന്റെ തീരുമാനം..

അതുകൊണ്ടു തന്നെ ഗണപതി കല്യാണം പോലെ അവന്റെ വിവാഹം നീണ്ടു നീണ്ടു പോയി. മാഷിന്റെ വിഷമങ്ങൾ  എല്ലാം പെങ്ങളുടെ ഭർത്താവായ വൈശാഖാനോട് പങ്കു   വയ്ക്കും .

എല്ലാം കേട്ടിട്ട് വൈശാഖൻ പറഞ്ഞു .

"നാരായണാ  ഇതെല്ലം നിന്റെ കുഴപ്പമാ . പണ്ടേ ഞങ്ങൾ പറഞ്ഞതാ അവനെ ഇങ്ങനെ ലാളിക്കരുത് എന്ന്. പറഞ്ഞതെല്ലാം മേടിച്ചു കൊടുത്ത നീ തന്നെയാണ് ഇതിന്റെ പ്രഥമ കുറ്റക്കാരൻ. അവന്റെ മനസിൽ
ഇപ്പോൾ കാണാൻ പോകുന്ന കുട്ടികൾ  എല്ലാം ഒരു വില്പന ചരക്കാണ്. അവന്റെ ഇഷ്ടത്തിന് അനുസരിച്ചു മേടിക്കുവാൻ കഴിയുന്നവൾ . ആ ധാരണ , പിന്നെ അവന്റെ അഹങ്കാരം . ഇതുപോലെയായാൽ ഇനി വിവാഹം നടന്നു എന്നാൽ അത് വിജയിക്കും എന്ന് ഉറപ്പുണ്ടോ"

പെണ്കുട്ടികൾ  പണ്ടേപ്പോലെ ഒന്നുമല്ല . അവർക്കും അഭിപ്രായം ഉണ്ട് . ഇവന്റെ ഈ  മൊശടൻ  സ്വഭാവം അവർ അംഗീകരിക്കും എന്ന് തോന്നുണ്ടോ? . ചെക്കന് നല്ല ബുദ്ധി കിട്ടാൻ പ്രാർത്ഥിക്കുക "

ഇനി നമുക്ക് ആദ്യം പറഞ്ഞ സംഭാഷണത്തിലേക്കു വരാം .  സാർ അവന്റെ    വിവാഹ കാര്യം തന്നെ സംസാരിക്കുകയായിരുന്നു .

പരിചയമുള്ള കുടുംബത്തിലെ അംഗം . നല്ല ജോലി .  വിദ്യാഭാസം . അതും കൂടാതെ MS ചെയ്‌തു കൊണ്ടിരിക്കുന്നു. ഇതിൽ കുടുതൽ എന്ത് വേണം .

" മാഷ് കട്ടായം പറഞ്ഞു. ഇത് നിനക്കു തീരുമാനിക്കാം . ഇനി ഞാൻ ഒരു ആലോചനയും ആയി നിന്റെ മുന്നിൽ വരികയില്ല. ഇതവസാനം . "

അങ്ങനെ അവൻ വീണ്ടും ആ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

അവൻ അവരുടെ വീട്ടിൽ പോയി. നല്ല വീട് ,    അച്ഛനും, അമ്മയ്ക്കും നല്ല ഉദ്യോഗം , പെൺകുട്ടിക്ക്  വിപ്രോയിൽ ജോലി. രണ്ടു കൂട്ടരുടെയും വീടുകൾ തമ്മിലും വലിയ ദൂരം ഇല്ല . ഏറിയാൽ സുമാർ ഒരു ഇരുപതു മിനുട്ട് . ഇത് മാഷിന്റെ  വാക്കുകൾ ആണ് . പുള്ളിക്കാരൻ ഇടയ്ക്ക് ഇങ്ങനെയുള്ള വാക്കുകൾ തട്ടി വിടും . അതിനൊന്നും   കാര്യമായ അർഥം ഒന്നുമില്ല.

 നമുക്ക്    വിഷയത്തിലേക്കു കടക്കാം . അങ്ങനെ മാഷും, ഭാര്യയും , മാഷിന്റെ അനിയത്തിയും , അവരുടെ മകളും കൂടി  ഒരു പെണ്ണ്  കാണൽ  ചടങ്ങിന്   സാക്ഷ്യം വഹിച്ചു.

പതിവ് പോലെ പലഹാരങ്ങൾ നിരത്തിയ തീൻ മെശ . മാഷിന് വീട്ടുകാരെ നന്നായി ബോധിച്ചു . ഷുഗർ ഉണ്ടെങ്കിലും അത് കാര്യമാക്കാതെ   ലഡു മുഴുവനും മാഷ് അകത്താക്കി .

ദിലീപ് വലിയ ഉത്സാഹം ഇല്ലാതെ ഇരിക്കുകയാണ് . അവസാനം രണ്ടു കൂട്ടരും തമ്മിൽ സംസാരിക്കുവാൻ അനുവാദം ലഭിച്ചു.

അവൻ അവളുടെ മുറിയിലേക്ക് പോയി. നാണിച്ചു ഒതുങ്ങി ഇരിക്കുന്ന പ്രകൃതക്കാരി യിരുന്നില്ല അവൾ.

അവൻ ഒന്ന് ചുമച്ചു . കണ്ഠശുദ്ധി  വരുത്തിയ ശേഷം അവൻ തയാറാക്കിയ റെഡിമേഡ്  ചോദ്യങ്ങൾ ചോദിക്കുവാൻ ആരംഭിച്ചു .

ഒന്ന് , രണ്ടു , മുന്ന് , നാല് എന്നിങ്ങനെ മനസ്സിൽ അക്കമിട്ടു ചോദ്യങ്ങൾ.

ചോദ്യങ്ങൾ ഞാൻ ഇവിടെ ആവർത്തിക്കുന്നില്ല . അത് നിങ്ങൾ കേട്ടതാണല്ലോ

നാലാമത്തെ  ചോദ്യം കഴിഞ്ഞപ്പോൾ   അവൾ അവനോടായി ചോദിച്ചു.

"ഇത്  ഒരു വെഡിങ് പ്രൊപോസലിന്റെ ഭാഗമായ കാര്യങ്ങൾ അല്ലെ ഇവിടെ നടക്കുന്നത് .  അല്ലാതെ ഇത് ഒരു ജോബ് ഇന്റർവ്യൂ ഒന്നുമല്ലല്ലോ .
പിന്നെ തുറന്നു പറയുന്നത് കൊണ്ട് അല്പം വിഷമം  തോന്നിയേക്കാം . എന്നാലും സാരമില്ല . എനിക്ക് തന്നെ ഒട്ടും പിടിച്ചില്ല .
എന്റെ സങ്കല്പത്തിലുള്ള ഒരു പുരുഷന്റെ ചേരുവകൾ അത് തനിക്കില്ല .

ഒന്നാമത് തനിക്കു സ്ത്രീകളോട് സംസാരിക്കുവാൻ അറിയില്ല.
രണ്ടാമത് തന്റെ സംസാരം ഒട്ടും ക്ലിയർ അല്ല.
താൻ എന്തുവാടോ സംസാരിക്കുന്നത് . താൻ പറയുന്ന ടോൺ പോലും എനിക്ക് മനസിലാകുന്നില്ല.
മൂന്നാമത് താൻ മിടുക്കൻ ആണെന്ന് ഒരു തോന്നൽ തനിക്കുണ്ട് . അങ്ങനെ ഈഗോ ഉള്ള പുരുഷന്മാരെ എനിക്ക് ഒട്ടും ഇഷ്ടമല്ല .
നാലാമത്  തന്റെ തടി ,  ഇപ്പോൾ തന്നെ  ഒരു എൺപതു കിലോയിൽ കുടുതൽ കാണുമല്ലോ . പോണ്ണ തടിയനായ തന്റെ കൂടെ സ്ലിം ആയ ഞാൻ നടക്കുമ്പോൾ ഉള്ള അപാകത താൻ ഒന്ന് ആലോചിച്ചു നോക്കിയേ... .
അഞ്ചാമത് ...     അവൾ പറയും  മുമ്പേ അവൻ മതി എന്നർത്ഥത്തിൽ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു.

പിന്നെ ഒന്നും പറയാതെ നിരാശനായി അവൻ മടങ്ങി. അവൻ പലരെയും റിജെക്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു പെൺകുട്ടി പരസ്യമായി മുഖത്തു
നോക്കി തന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ എത്ര ഈഗോയുള്ള പുരുഷനായാലും തളർന്നു പോകും. നെഞ്ച് വിരിച്ച ജയനെ പോലെ അകത്തേക്ക് പോയ അവൻ തിരിച്ചു വന്നത് അക്കിടിപറ്റി ഇളഭ്യ  വദനായ മാമുക്കോയയയെ പോലെ യാണ് . ബന്ധുക്കളുടെ മുന്നിലേക്ക് ഒരു വിളിച്ച ചിരി സമ്മാനിച്ച ശേഷം അവൻ പറഞ്ഞു പോകാം ...

അങ്ങനെ ഏഴു മാസങ്ങൾ കഴിഞ്ഞു. പിന്നെ ഒരു പെണ്ണിന്റെ മുമ്പിൽ പോയി നിൽക്കുവാൻ ഉള്ള ധൈര്യം അവനുണ്ടായിരുന്നില്ല. അതോടെ അത് അവന്റെ അവസാനത്തെ പെണ്ണ് കാണൽ ചടങ്ങായി മാറി . മാഷ് സമാധാനപ്പെട്ടു . അവന്റെ ജാതകത്തിൽ സന്യാസയോഗം ഉണ്ടത്രേ . ചിലപ്പോൾ സന്യാസിക്കുവാൻ ആയിരിക്കും വിധി. . ഇനി ഇപ്പോൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല .

ആ സംഭവത്തിന് ശേഷം അവന്റെ സ്വഭാവം കുറച്ചൊക്കെ മാറ്റം വന്നു എന്ന് തന്നെ പറയാം. മാഷിനെയും , അമ്മയെയും  അവൻ കുറച്ചു  ബഹുമാനിച്ചു തുടങ്ങി. അവന്റെ അഹങ്കാരം എന്ന പത്തി അവൾ  തല്ലി ഉടച്ചില്ലേ ?

അന്ന്അ ഒരു വെള്ളിയാഴ്ചയായിരുന്നു . അവൻ  ഓഫിസിൽ നിന്നും വരികെ  അവന്റെ ഫോൺ ശബ്ദിച്ചു . അപ്പുറത്തു മാഷ് ആയിരുന്നു .
മാഷ് ഉദ്യോഗത്തോടെ ചോദിച്ചു
" നീ എവിടെയാ ,"

ഞാൻ വരികയാണ് അച്ഛാ , എന്താ എന്തെങ്കിലും മേടിക്കുവാൻ ഉണ്ടോ:"

"ഇല്ല നീ വേഗം വരിക. ഒരു കാര്യം പറയുവാൻ ഉണ്ട്"  എന്ന് പറഞ്ഞു മാഷ് ഫോൺ കട്ട് ചെയ്തു.
.

വീട്ടിൽ എത്തിയതും അവൻ ആകാംഷയോടെ ചോദിച്ചു. " എന്ത് പറ്റി"
 അവരുടെ  ഫോൺ ഉണ്ടായിരുന്നു ഇന്ന് .  നിന്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്നുണ്ടെങ്കിൽ നമുക്ക്  ആ ബന്ധം വീണ്ടും ആലോചിക്കാം എന്ന് "

"എന്ത് പറയുന്നു നീ."

എല്ലാം അച്ഛന്റെ ഇഷ്ടം . സാധാരണ ഒരു പെൺകുട്ടി പറയും പോലെ അവൻ മൊഴിഞ്ഞു.  അതും പറഞ്ഞു അവൻ അല്പം  നാണത്തോടെ അവനെ മുറിയിലേക്ക് നടന്നു പോയി . അപ്പോൾ അവന്റെ മനസിൽ വീണ്ടും ഒരു ലഡ്ഡു പൊട്ടിയ സന്തോഷം ഉണ്ടായിരുന്നു.









 
 







2019, മേയ് 26, ഞായറാഴ്‌ച

ഒരു സായാഹ്നത്തിന്റെ സ്വപ്നം


എന്നും  അത്ഭുതമായിരുന്നു അയാളുടെ ജീവിതം .  കണ്ടു നിന്നവര്‍ക്കും കേട്ടു നിന്നവര്‍ക്കും ആശ്ചര്യമായിരുന്നു  ആ മനുഷ്യന്‍. അയാളുടെ  തന്റേടം, വാക്കുകളിലെ നിശ്ചയ ദാര്‍ഢ്യം, കനത്ത വാക്കുകളില്‍ അടങ്ങിയിരുന്ന പ്രതിഷേധത്തിന്റെ ആഹ്വാനം. എല്ലാം ജനങ്ങളെ  അമ്പരപ്പിച്ചു.. അതായിരുന്നു സഖാവ് രാഘവൻ. ഒരുകാലത്തു ജനങ്ങളിൽ വിപ്ലവത്തിന്റെ  വിത്ത് വിതച്ച ധീര വിപ്ലവകാരി .

ജന്‍മിമാരുടെ വീടുകള്‍ കയ്യേറി അവരുടെ  പത്തായങ്ങളില്‍ നിന്ന്‌ നെല്ല്‌ പുറത്തെടുത്ത്‌ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്‌ത സമര നായകൻ . ആ സമരം ഗ്രാമങ്ങളില്‍ നിന്ന്‌ നഗരങ്ങളിലേക്കു പടര്‍ന്നു കയറി. പോലീസ്‌ വേട്ടപട്ടികളെപോലെ പിന്തുടര്‍ന്ന്‌ സമരക്കാരെ അടിച്ചമര്‍ത്തി.  ചില ഹരിജന്‍ കര്‍ഷകത്തൊഴിലാളികൾ  പോലീസ്‌ വെടിയേറ്റു പിടഞ്ഞുവീണു.

 രാഷ്‌ട്രീയവും സാമ്പത്തികവുമായ അടിമത്വം തുടര്‍ന്നുപോകാനാണ്‌ സാമ്രാജ്യത്വ ശക്തികള്‍ പരിശ്രമിക്കുന്നത്‌. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും നാണയപെരുപ്പവും നാടിന്റെ നട്ടെല്ലൊടിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗം അരക്ഷിതാവസ്ഥയിലാണ്‌. കാര്‍ഷിക വ്യവസ്ഥ പൊട്ടിത്തെറിയുടെ വക്കിലാണ്‌. ഒരു ജനകീയ ജനാധിപത്യ വിപ്‌ളവത്തിന്‌ വേണ്ട പുതിയ സമരങ്ങളും മാര്‍ഗങ്ങളും കണ്ടെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതരായി. കര്‍ഷക തൊഴിലാളികളേയും പട്ടിണിപ്പാവങ്ങളേയും ഒരുകുടക്കീഴില്‍ അണി നിരത്തി അഖിലേന്ത്യാ അടിസ്ഥാനത്തിൽ  അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംഘടനയാക്കുവാനും തീരുമാനിക്കപ്പെട്ടു. തെലുങ്കാന മാതൃകയില്‍ ഇന്ത്യയില്‍ എല്ലായിടത്തും അധികാരം പിടിച്ചെടുക്കണം  അതായിരുന്നു പാർട്ടിയുടെ നിർദേശം . 

ഈ കിടപ്പു തുടങ്ങിയിട്ട് വർഷങ്ങൾ ആയിരിക്കുന്നു . നരച്ച ഭിത്തിയിൽ  ലെനിനിന്റെയും , മാർക്സിന്റേയും ചിത്രങ്ങൾ ചെരിഞ്ഞിരിക്കുന്നു .  ആ മുഷ്ടി മടക്കി എത്രയോ വട്ടം വിപ്ലവാഭിവാദങ്ങൾ ചൊരിഞ്ഞ ആ  വലം കൈ ഉയർത്തുവാൻ ഇന്നയാൾക്ക് പര സഹായം വേണം.

കട്ടിലിൽ കിടക്കുമ്പോൾ ആണ് അയാൾക്കരികെ  ആരോ നിൽക്കുന്നതായി തോന്നിയത്.   "ആരാ "

 അയാൾ അവരെ മനസിലാവാത്തപോലെ ചോദിച്ചു. 

"ഞാൻ    കാവുട്ടി "  ഏതോ ആലോചനയിൽ അവർ നിറുത്തി. ഏതോ ഒരു ദൃശ്യം അവർ ഓർത്തെടുക്കുന്ന പോലെ അയാൾക്ക്‌ തോന്നി.
ഒരേ സമയം അവർ നെടുവീർപ്പിടുകയും , പുഞ്ചിരിക്കുകയും ചെയ്തു.

"മുമ്പൊരിക്കൽ ങ്ങള് എന്നെ കണ്ടിട്ടുണ്ട് . "  അവൾ നിറുത്തി.

"പോലീസിനെ പേടിച്ച നീര് വീർത്ത കാലുമായി ഓടി കയറിയത് ങ്ങടെ കുടിയിലേക്കാ"

അൽപസമയം ഒന്നും മനസിലാവാതെ മിഴിച്ചിരിക്കുവാനെ  അയാൾക്ക് കഴിഞ്ഞുള്ളൂ . പക്ഷെ പിന്നീട് അവർ പറഞ്ഞത് വച്ചാലോചിക്കുമ്പോൾ മനോഹരമായ ഒരു ദൃശ്യം അയാളുടെ മുമ്പിൽ തെളിഞ്ഞു വന്നു. മുപ്പതു - മുപ്പത്തി അഞ്ചു വർഷം മുമ്പുള്ള സംഭവം .

അയാളെ സം ബന്ധിച്ചു ഒരിക്കലും മറക്കുവാൻ കഴിയാത്ത സംഭവം . ഏതൊരു പുരുഷനും ഒരിക്കലും മറക്കുവാൻ ഇടയില്ലാത്ത കാര്യം .

"ങ്ങള് എന്താ ഓർക്കുന്നേ ,  എന്നെ മനസിലായില്ല എന്നുണ്ടോ?"  അവൾ കുറ്റപ്പെടുത്തുന്ന മട്ടിൽ അയാളോടായി ചോദിച്ചു.

അയാളുടെ വരണ്ട ചുണ്ടുകൾ പതിയെ മന്ത്രണം ചെയ്തു 

"കാവുട്ടി..  ചീരൻ  കണയാന്റെ മകൾ .

ഓർമിക്കുവാൻ അല്പം സമയം എടുത്തു എങ്കിലും അവളുടെ രൂപം അയാൾക്ക് മറക്കുവാൻ കഴിഞ്ഞില്ല . അന്നയാൾക്ക് മുപ്പതു കഴിഞ്ഞിരുന്നു. ആ വര്ഷം അവൾ പഠിപ്പു നിറുത്തിയിരുന്നു.  ഒൻപതാം ക്ലാസിൽ വീണ്ടും തോറ്റപ്പോൾ ചീരൻ പറഞ്ഞു ഇനി ഓള് പഠിക്കേണ്ട .  

ഇപ്പോഴെല്ലാം അയാൾ ഓർക്കുന്നു .പോലീസിനു പിടി കൊടുക്കാതെ ഓടുകയായിരുന്നു . പിറകിൽ പോലീസുണ്ട്. ഏതു നേരവും  പിടിക്കപെടാം.  എല്ലായിടത്തും പോലീസ്‌ ഭീകരത താണ്‌ഡവമാടി. കര്‍ഷകക്കുടിലുകള്‍ ചുട്ടെരിച്ചും പോലീസ്‌ കലിതീര്‍ത്തു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഓഫീസും പ്രസും സര്‍ക്കാര്‍ അടച്ചുപൂട്ടി മുദ്രവെച്ചു.കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മൃഗീയമായി സമരത്തെ നേരിട്ടു. മുതിര്‍ന്ന നേതാക്കള്‍ ഒളിവിലിരുന്ന്‌ പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും തേടി പോലീസ്‌ നരനായാട്ടിനിറങ്ങി. നേതാക്കള്‍ പലരും അറസ്റ്റിലായി. അതുകൊണ്ടുതന്നെ ഒളിവിൽ പോകേണ്ടത് അനിവാര്യമായി.

അന്നൊരു സന്ധ്യാ നേരമായിരുന്നു . പാടത്തിന്റെ നടുക്കുള്ള വീതിയേറിയ വരമ്പത്തുകൂടെ ഏന്തി ഏന്തി നടക്കുകയായിരുന്നു.  രണ്ടു ദിവസമായി ആഹാരം  കഴിച്ചിട്ട് . നടത്തതിനിടയിൽ കല്ലിൽ തട്ടി  താഴെക്കു വീണത് മാത്രം ഓർമയുണ്ട്. പിന്നെ ഓർമ വരുമ്പോൾ ചുറ്റും പരിചിതമല്ലാത്ത മുഖങ്ങൾ.

തലയുയർത്തുമ്പോൾ വല്ലാത്ത വേദന . പായിൽനിന്നും എഴുനേൽക്കുവാൻ ഒരു വിഭല ശ്രമം നടത്തി. "എഴുനേൽക്കേണ്ട തംബ്രാ . കിടന്നോളു ."   അത് ചീരനായിരുന്നു.  നീര്  മാറുന്നവരെ അയാളെ അവർ ശു ശ്രുഷിച്ചു . അവിടെ നിന്നു  കഴിച്ച കഞ്ഞിയുടെയും , കപ്പയുടെയും, പുഴുക്കിന്റെയും  രുചി നാവിൽ വറ്റാതെ നിൽപ്പുണ്ട് 

എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് കാവുട്ടി യായിരുന്നു. ആദ്യം അവളെ കണ്ടപ്പോൾ അവൾ ലജ്ജിച്ചു തല താഴ്ത്തി. പഠിപ്പു നിറുത്തി എന്നറിഞ്ഞപ്പോൾ ഇനിയും പഠിക്കണം എന്നുപദേശിച്ചു.

ആദ്യമായി ഒരു പെൺകുട്ടിയുടെ ചൂടും , മണവും , അനുഭവിച്ചറിഞ്ഞത് അവളിൽ നിന്നായിരുന്നല്ലോ. അയാളോട് അവൾക്ക് വല്ലാത്ത ബഹുമാനം ആയിരുന്നു. എല്ലാവരും അയാളെ സഖാവ് എന്ന്  വിളിക്കുന്നു.. കമ്മ്യൂണിസ്റ് ആണെന്ന് പറയുന്നു. ജന്മികളുടെ നിലം പകുത്തു പാവങ്ങൾക്ക് കൊടുക്കണം എന്ന് പറയുന്നവരെ അവർ പൂജിക്കില്ലേ . അവളുടെ കണ്ണിൽ ഒരു ദേവനെക്കാളും ഉയരെ ആയിരുന്നു അയാളുടെ സ്ഥാനം . 

പക്ഷെ അയാളിൽ ഒരു സ്വാർത്ഥനായ മൃഗം ഉറങ്ങി കിടന്നിരുന്നു എന്ന് അവൾ അറിഞ്ഞിരുന്നില്ല. വീണു കിട്ടിയ അസുലഭ സന്ദർഭം അയാൾ മുതലാക്കി .അവൾ സ്വയം സമർപ്പിക്കായിരുന്നു എന്ന് വേണമെങ്കിലും പറയാം.  ഒരിക്കലും അവളെ വിവാഹം കഴിക്കാം എന്ന് അയാൾ  പറഞ്ഞിരുന്നില്ല. വിവാഹത്തെക്കാൾ ഉപരി പ്രസ്ഥാനത്തെ കുറിച്ചായിരുന്നു അന്ന്  മനസിൽ ചിന്തിച്ചത് . പിന്നെ അവിടെ നിന്ന് പോകുമ്പോൾ വീണ്ടും കാണാം എന്ന് അവളോട്‌ പറഞ്ഞുവെങ്കിലും അതൊരു ഭംഗിവാക്കാണെന്നു അയാൾക്കറിയാമായിരുന്നു. 

പിന്നെ ഒരിക്കലും അവളെ ഓർത്തില്ല എന്ന് പറയുവാൻ കഴിയില്ല . ഇടയ്‌ക്കെപ്പോഴോ അവൾ മനസിൽ കയറി വരുമായിരുന്നു. പിന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു ഭാനുമതി കയറിവന്നപ്പോൾ കാവുട്ടിയെ പൂർണമായും മറന്നു എന്ന് തന്നെ പറയാം.

കട്ടിലിന്  അരികിൽ നിൽക്കുന്ന ഈ സ്ത്രീ എത്ര പെട്ടെന്നാണ് മനസിന്റെ വിദൂരമായ കോണിൽ മാറാലകൾ കൊണ്ട് മുടപെട്ട ആ പഴയ ഓർമകൾ മിനുക്കിയെടുത്ത് . ഇപ്പോൾ യാതൊരു  മറ പോലുമില്ലാതെ അവൾ മുന്നിൽ നിൽക്കുന്നു .  അയാൾ അവളുടെ  മുമ്പിൽ വല്ലാതെ ചെറുതായതു പോലെ. സഖാവ്  രാഘവൻ  എന്ന പേര് അവളുടെ മുമ്പിൽ ഉച്ചരിക്കുവാൻ അർഹതയുണ്ടോ .  

എഴുനേൽക്കുവാൻ കഴിയില്ല എന്നറിഞ്ഞിട്ടും അയാൾ എഴുനേൽക്കുവാൻ ശ്രമിച്ചു. അയാളുടെ കുത്തുന്ന  വേദന  അവൾ  അറിഞ്ഞു.

" ങ്ങള് വിഷമിക്കേണ്ട ,   ഞാനും ഒരൊന്ന് ഓർത്തുപോയിട്ടുണ്ട് . പലപ്പോഴും കൊതിച്ചത് അല്ലല്ലോ കിട്ടുന്നത് . അതുകൊണ്ടു തന്നെ കിട്ടുന്നത് കൊണ്ട് സമാധാനിച്ചു.  ങ്ങളു ബേജാർ ആകേണ്ട."

അയാളുടെ വേദന നിഴലിക്കുന്ന മുഖം കണ്ടപ്പോൾ അവൾ ചോദിച്ചു .

 "കാലിനു  തൈലം പുരട്ടി തരണമോ ." 

ഒന്നും പറയാതെ തന്നെ  കെടപ്പുമുറിയിലെ  അലമാരയിലെ ഇടത്തെ  തട്ടിൽ നിന്നും  അവൾ തൈലം എടുത്തു. അയാൾക്കാശ്ചാര്യം തോന്നി. അയാളുടെ ചെറിയ പ്രതിഷേധത്തിന് പോലും വഴങ്ങാതെ അവൾ  തൈലം കൈയിൽ എടുത്തു .  വേദനയുള്ള ഭാഗത്തും , പുറത്തും, കഴുത്തിലും , കാൽ മുട്ടിലും മൃദുവായി അവൾ  തടവി. അവളുടെ  കൈത്തലം നെറ്റിയിൽ  സ്പർശിച്ചപ്പോൾ  അയാൾ അറിഞ്ഞു ആ കൈയിലെ തണുപ്പ്. 

അയാൾ വീണ്ടും അത്ഭുതപ്പെട്ടു. കൃത്യമായി ഭാര്യ തേക്കുന്ന പോലെ തന്നെ . അമർത്തി തോളിലെ ഞരമ്പുകളിൽ തിരുമുമ്പോൾ സുഖമുള്ള ഒരു നിർവ്രതി അയാളെ തലോടി. ഇവൾക്കെങ്ങെനെ  കൃത്യമായി  അറിയുവാൻ കഴിയുന്ന തന്റെ ശരീരത്തിലെ വേദനകൾ .എങ്കിലും അടുത്ത നിമിഷം അയാൾ ഭയപ്പെട്ടു.  ഭാര്യ അപ്പുറത്തുണ്ട് . അടുക്കളയിൽ  
രാത്രിയിലേക്കുള്ള  പാചകത്തിൽ മുഴുകിയിരിക്കുകയായിരിക്കും . ഇനി അവൾ വന്നാൽ .  ആരും അറിയാത്ത ഒരു സ്തീ അയാളെ ശുശ്രുഷിക്കുന്നതു കണ്ടാൽ. 


തൈലം പുരട്ടിയ ശേഷം അവൾ പറഞ്ഞു സാരമില്ല. ഇങ്ങനെ കിടന്നോളു. ഒരഞ്ചു മിനുട് കഴിയട്ടെ വേദന താനെ പൊക്കോളും. 
കണ്ണടച്ചു അയാൾ കിടന്നു . ആ കിടപ്പിൽ തന്നെ അയാൾ ഒന്ന് മയങ്ങി.   ആ മയക്കത്തിൽ അയാൾ അവളെ വീണ്ടും കണ്ടു. കാവുട്ടിയെ . പഴയ പാവാടയും, ഷർട്ടും ഇട്ട ഒരു പതിനാറു കാരി .  അന്നും ഇതുപോലെ നെറ്റിയിൽ തൊട്ട്  പനി  കുറവുണ്ടോ എന്നവൾ നോക്കുമായിരുന്നു. 
കഴുത്തിൽ താങ്ങി കയ്പുള്ള കഷായം അവൾ കുമ്പിളിൽ ഒഴിച്ച് തരുമായിരുന്നു.

മനസിന്റെ മൃദുല തന്ത്രികൾ തട്ടി ഉണർത്തുന്ന ഒരു ഗാനം കേട്ട പോലെ അയാൾ പുഞ്ചിരിച്ചു.

"എന്താ സ്വപ്നം കാണുകയാണോ "

അയാൾ ഞെട്ടി ഉണർന്നു .  മുന്നിൽ ഒരു കുസൃതി  ചിരിയുമായി  ഭാനുമതി. 

അത്ഭുതം അയാളുടെ വേദന മാറിയിരിക്കുന്നു . അയാൾ ആ വരാന്തയിലേക്കും , അകത്തെ മുറിയിലേക്കും എത്തി നോക്കി. 

"നിങ്ങൾക്കെന്തു പറ്റി , ആരെയാ നിങ്ങൾ നോക്കുന്നെ " 

"അവര് പോയോ "

"ആര് "   ഭാനു വീണ്ടും ചോദിച്ചു. " അല്ല നമ്മുടെ കുഴമ്പു തീർന്നിട്ടു ആ ചെക്കനെ വിട്ടതാണല്ലോ . ആരാ നിങ്ങളുടെ കഴുത്തിൽ ഈ കുഴമ്പു പര ട്ടിയത്" 

 ചോദ്യത്തിനുത്തരം പറയാതെ അയാൾ വീണ്ടും ചോദിച്ചു.  "അവര് പോയോ"

അവൾ വീണ്ടു ചോദിച്ചു .  "ആരുടെ കാര്യമാ  നിങ്ങൾ  പറയുന്നേ "


അയാൾ ഒന്നുംമിണ്ടിയില്ല .  വീണ്ടും ഭൂതകാലത്തിന്റെ ഏടുകളിലേക്കു  മടങ്ങവേ   ഭാനു  പറഞ്ഞു. 

" നിങ്ങൾ ഉറങ്ങുമ്പോൾ സഖാവ് കരുണൻ  വന്നിരുന്നു. സഖാവ് ഒരു മരണ വിവരം അറിയിക്കുവാനായി വന്നതാ . ഏതോ കാവുട്ടി മരിച്ചത്രേ . നിങ്ങൾക്ക് അവളെ പരിചയം ഉണ്ടെന്നു പറഞ്ഞു.  ആരാണവൾ . അങ്ങനെ ഒരു പേര് പറഞ്ഞു കേട്ടിട്ടില്ലല്ലോ "

അവൾ പറഞ്ഞത് അയാൾ കേട്ടില്ല എന്ന് അവർക്കു തോന്നി. അവർ  എന്തോ ചോദിക്കുവാൻ  വന്നെങ്കിലും പിന്നെ അയാളുടെ ഓർമകളെ ശല്യം ചെയുവാൻ നില്കാതെ അകത്തേക്ക് കയറിപ്പോയി.





2019, മേയ് 4, ശനിയാഴ്‌ച

സഖാവ്


കഴിഞ്ഞ ദിവസം ഒരു സിനിമ  കണ്ടു .  ചിത്രം സഖാവ് . നിവിൻ പൊളി തകർത്തഭിനയിച്ച ചിത്രം.  കമ്മ്യൂണിസ്റ്റ്കാരുടെ കഥ പറഞ്ഞാൽ മാത്രമല്ലേയുള്ളു  ഇപ്പോൾ ചിത്രം വിജയിക്കുകയുള്ളു .   ആ സിനിമയിലെ  ചില  സംഭാഷണ ശലകങ്ങൾ ചിത്രം കണ്ടിറങ്ങിയപ്പോളും   രവിയുടെ ഓർമയിൽ നിന്നു .

നിവിൻ പൊളി അവതരിപ്പിക്കുന്ന കൃഷ്ണൻ എന്ന കഥാപാത്രം പട്ടർ  എന്ന ജന്മിയോട് (പി . ബാലചന്ദ്രൻ  അവതരിപ്പിക്കുന്ന   കഥാപാത്രത്തിനോട്) പറയുന്ന വാക്കുകൾ .

പുച്ഛ ഭാവത്താൽ പട്ടർ ചോദിക്കുന്നു
"കൃഷ്ണൻ എന്ന മാത്രമേയുള്ളു  പേര്, അല്ലാതെ കൃഷ്ണൻ നമ്പുതിരി  എന്നോ , അല്ലെങ്കിൽ കൃഷ്ണൻ നായർ എന്നോ പിന്നിലുണ്ടോ .  പേരിന്റെ വാലിൽ വേറെ ജാതി ഒന്നുമില്ലേ ?"

അതിനുത്തരമായി കൃഷ്ണൻ പറയുന്നു.

"എന്റെ ജാതിയോ , വിശ്വാസമോ ആണ് അറിയേണ്ടതെങ്കിൽ പേരിന്റെ വാലിൽ അല്ല പേരിന്റെ മുൻപിൽ ഉണ്ട്   സഖാവ് ! സഖാവ് കൃഷ്ണൻ "

പിന്നെ സ്ലോ മോഷനിൽ   സഖാവ്  നടന്നു പോകുന്നു.   തീയേറ്ററിൽ  നിറഞ്ഞ കൈയടി.


ഇപ്പൊൾ  ഇത് പറഞ്ഞതിന് ഒരു കാരണം ഉണ്ട്. അത് വഴിയേ പറയാം .

സംഭവം നാലഞ്ചു കൊല്ലം മുന്നെയുള്ളതാണ് .

വീട് പണിയാനുള്ള തീവ്രമായ ആഗ്രഹത്തിൻ   പുറത്താണ് ഗോവിന്ദൻ മേസ്തിരിയെ പോയി കാണുന്നത്. മേസ്തിരി  നാട്ടിൽ പ്രശസ്തൻ ആണ്. സ്ഥാനം കാണുവാനും മറ്റും ഇപ്പോഴും അന്യ ദേശത്തുനിന്നും  പോലും  ആളുകൾ മേസ്തിരിയെ വിളിച്ചു കൊണ്ടുപോകാറുണ്ട്.

"വീട് പണി എത്രയും വേഗം തുടങ്ങണം "

  മുഖവര കൂടാതെ  മേസ്തിരിയോട് കാര്യം പറഞ്ഞു.

"ഇപ്പോൾ നടക്കില്ല രവി, " മേസ്തിരി കട്ടായം പോലെ പറഞ്ഞു.

എനിക്ക് ദേഷ്യം വന്നു . ഒരു മാതിരി മേസ്തിരി മാരുടെ സ്വഭാവം കാണിക്കരുത് എന്ന് പറയുവാൻ വന്നതാ , പക്ഷെ പറഞ്ഞില്ല. പൊതുവെ മേസ്തിരി മാരുടെ സ്വഭാവം അങ്ങെനെ തന്നെയാ . കുറഞ്ഞത് നാലഞ്ചു വീട് പണി എങ്കിലും അവർ ഒറ്റയടിക്ക്  ഏറ്റെടുക്കും . എന്നിട്ടു അവിടേയും , ഇവിടേയും  തൊടീച്ചിട്ടും . എന്തെങ്കിലും ഒക്കെ ചെയുന്നു എന്നുള്ള തെറ്റുധാരണ ഉടമസ്ഥന് അവർ നൽകും. പൊതുവെ അവരിൽ ഒരാൾ ഏറ്റ പണി മറ്റുള്ളവർ ഏറ്റെടുക്കുകയില്ല. . അത്  ഇക്കുട്ടർ  തമ്മിലുള്ള  രഹസ്യമായ ധാരണയാണ്. ഒരാൾ തൊട്ട പണി മറ്റുള്ളവർ ഏറ്റെടുക്കുവാൻ പറ്റില്ല എന്നുള്ള രഹസ്യ ഉടമ്പടി.

പറഞ്ഞ സമയത്തു പണി തീർക്കാത്തവർ ആണെന്ന് പേര് ദോഷം ഉണ്ടെങ്കിലും മേസ്തിരി രവിയുടെ വീട് പണി പറഞ്ഞ സമയത്തിനുള്ളിൽ  തീർത്തു കൊടുത്തു.  വീടായില്ലേ ഇനി എന്ത് പ്രശ്‌നം എന്ന് നിങ്ങൾ ചോദിക്കും. ജോലിയിൽ കയറിട്ടു പതിനഞ്ചു വര്ഷമായി. അങ്ങനെ അയാൾക്കും സ്വന്തമായി ഒരു   വീട്  ഉണ്ടായിരിക്കുന്നു. ഇനി വാടക വീട് തേടി അലയേണ്ട .  ഭാര്യയുടെ  വീട് വയ്‌ക്കേണ്ട എന്ന സ്ഥിരം പല്ലവി കേട്ട് ഉറങ്ങേണ്ട .  ഇതെല്ലാം സമാധാനം തരുന്ന കാര്യങ്ങൾ തന്നെയാണ് . പക്ഷെ ആ വീട് വേറെയൊരു പൊല്ലാപ്പ് ഉണ്ടാക്കി എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ . അതാണ് ഇനി ഞാൻ പറയുവാൻ പോകുന്നത്.

ഇപ്പോൾ രവി നിൽക്കുന്നത്  കോർപ്പറേഷൻ ഓഫിസിലാണ് . ബിൽഡിങ് ഇൻസ്പെക്റ്റ്‌റെ മുന്നിൽ ഭവ്യതയോടെ അയാൾ നിൽക്കുന്നു .

ഇൻസ്പക്റ്റർ -     "നിങ്ങളോട് ഇത് ഒപ്പിട്ടുവാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞില്ലേ "

"അല്ല   സാർ , ഫൈൻ   അടച്ചാൽ  "  രവി   അർദ്ധോക്തിയാൽ  നിറുത്തി.

ഇൻസ്പക്റ്റർ  രവിയെ നോക്കി ക്രൂരമായി ചിരിച്ചു.

വീട് ചട്ട   പ്രകാരം ഇടിച്ചു കളയണം ,

എന്ത് പറയണം എന്നറിയാതെ രവി പകച്ചു പോയി.

"സാർ വേറെ എന്തെങ്കിലും ഒരു വഴി.   "

"ഇവിടെ എന്റെ മുന്നിൽ ഇങ്ങനെ താണു   തൊഴിതൊട്ടൊന്നും    കാര്യമില്ല.    താൻ പോയ്കൊള്ളൂ "

അയാൾ പുറത്തേക്കേറങ്ങിയതും  പ്യുൺ നാരായണൻ അയാളെ വിളിച്ചു.


:എന്താ  കാര്യം "  അയാൾ  ആധികാരിതയോടെ ചോദിച്ചു.

"ചെറിയൊരു വയലേഷൻ ഉണ്ട് "

നാരായണൻ ആ ഫയൽ തുറന്നു നോക്കിയിട്ടു പുച്ഛത്തോടെ  ഒന്ന് ചിരിച്ചിട്ട് ചോദിച്ചു .

"ഇത് ചെറുതൊന്നുമല്ലല്ലോ , വീട് കെട്ടുമ്പോൾ ബിൽഡിങ് ആക്ട് എന്നൊരു സാധനം ഉണ്ട്. ആർകിടെക്ട് ഒന്നും പറഞ്ഞില്ലേ "

അല്ല , പ്ലാൻ എന്റെ തന്നെ , പിന്നെ മേസ്തിരി കുറച്ചു ഭേദഗതി ചെയ്തു.

സാർ വാ,   നമുക്കൊന്നു  ചായ കുടിക്കാം . അപ്പുറത്തെ കൈരളി  ഹോട്ടലിലേക്ക്  അവർ നടന്നു.

"സാറിന് ഇതൊന്നും ശീലമില്ല  അല്ലെ?  ഇതൊക്കെ ഒരു പതിവായ  കാര്യമല്ലേ . നല്ല  പുത്തനങ്ങു  മടിച്ചു  നിക്കാതെ ഇറക്കു സാറേ . സ്വന്തം വീട്ടിന്റെ  കാര്യത്തിനല്ലേ .  ഇന്ന് വൈകുനേരം  സിറ്റി ടൂറിസ്റ്റ് ഹോമിൽ,   റും   നമ്പർ 217 ൽ   സാർ ഉണ്ടാകും.   ഒരു അമ്പതിനായിരം കൊണ്ട് പോയി കൊടുക്കു.  എന്നാൽ നാളെ സാറിന് വീടിന്റെ നമ്പർ കിട്ടും."

അയാൾ വളരെ ചെറിയ കാര്യം പറയുന്ന പോലെ അങ്ങനെ പറഞ്ഞു.

"അല്ല ഞാൻ ഇത് വരെ അങ്ങനെ കൈക്കൂലി കൊടുത്തിട്ടില്ല . "

"ഇങ്ങനെയൊക്കെ അല്ലെ ഇത് ശീലമാകുന്നത് . സാർ മടിക്കാതെ പോയ്ക്കൊള്ളൂ .  ഇവിടെ ഇന്ത്യാ മഹാരാജ്യത്തു കാര്യം നടക്കണം എന്നുണ്ടെങ്കിൽ ഇതൊക്കെ പതിവാ"   നാരായണൻ വലിയ ഒരു    തത്വം പറയുന്ന പോലെ പറഞ്ഞു.

പോകുന്ന വഴി നാരായണൻ പറഞ്ഞു . "സാർ ഒരു കമ്മ്യൂണിസ്റ് ആണ്. അതുകൊണ്ട് ലാൽ സലാം പറഞ്ഞോളൂ . പിന്നെ സാർ പോകുന്നതിനു മുന്നേ എന്നെ ഫോൺ ചെയ്തറിയിക്കണം . ഇതാണ് എന്റെ നമ്പർ  "  അയാൾ അയാളുടെ മൊബൈൽ നമ്പർ തന്നു.

നാരായണൻ പറഞ്ഞ പ്രകാരം വൈകുന്നേരം സിറ്റി  ടുറിസ്റ് ഹോമിൽ രവി എത്തി.

അവിടെ മുറിയിൽ ബിൽഡിങ് ഇൻസ്‌പെക്‌ടർ ഉണ്ടായിരുന്നു.

രവിയെ കണ്ട ഉടനെ അയാൾ ചോദിച്ചു , കാശ് കൊണ്ടുവന്നിട്ടുണ്ടല്ലോ  അല്ലെ .

" അത്രയും കാശ് ,   ഇത്തിരി കുടുതലാ , എന്തെങ്കിലും ഒരു നീക്കുപോക്ക്‌ "

അതും പറഞ്ഞിട്ട് രവി മുഖം താഴ്ത്തി നിന്ന്.    എന്റെ ഒരൊറ്റ ഒപ്പ് മതി നിങ്ങളുടെ വീട് പൊളിക്കാൻ . അത് വേണമോ .  "

"സാർ  ഒരു സഖാവ് അല്ലെ"     എന്നിട്ട് ഇങ്ങനെ .

താൻ നമ്മുടെ പാർട്ടിക്കാരനാണോ , അപ്പോൾ അറിയാമല്ലോ . പണ്ടത്തെപ്പോലെ ആദർശം പറഞ്ഞാൽ  ഒന്നും ജീവിക്കുവാൻ പറ്റുകയില്ല .പാർട്ടി പറയുമ്പോൾ കൊല്ലാനും, കല്ല് അറിയുവാനും ആളുകൾ വേണ്ടേ , അവരെ വളർത്തേണ്ട . അതെല്ലാം  ഞങ്ങളെ പോലുള്ളവരുടെ  ചുമതലയാ . ഞാൻ  മേടിക്കുന്നു എങ്കിൽ ഇതിന്റെ ഒരു പങ്ക് പാർട്ടിക്കുള്ളതാ. പിന്നെയുള്ള നക്കാപ്പിച്ച നാരായണൻ അടക്കമുള്ളവർക്കു വീതം വയ്ക്കണം "

രവി ഒന്നും മിണ്ടാതെ തരിച്ചു   നിന്ന്.  അയാൾ ഒരു കമ്മ്യൂണിസ്റ്റ് കാരനായിരുന്നു . കോളേജിൽ കൈകൂലിക്കെതിരെ സമരം നടത്തിയ രംഗങ്ങൾ അയാളുടെ മുന്നിൽ ചലച്ചിത്രത്തിലെ ഫ്ലാഷ്ബാക്ക് എന്ന പോലെ മുന്നിൽ  തെളിഞ്ഞു. അങ്ങനെ എത്രയെത്ര സംഭവങ്ങൾ.

ഇൻസ്‌പെക്‌ടർ അയാളെ   ഓർമയിൽ നിന്നും വിളിച്ചുണർത്തി   .


പേരെന്താ എന്ന പറഞ്ഞത് .

"സഖാവ് രവീന്ദ്രൻ"

മുഴുവനും പേര് .

"രവീന്ദ്രൻ  കർത്താ"


അച്ഛന്റെ പേര്

 "|ഉദയപ്പൻ കർത്താ |"


എന്താ രവി സംശയത്തോടെ   ചോദിച്ചു.


ഒന്നുമില്ല .  അയാളൊന്നു മൂളി .

"എന്നാ  ഒരു കാര്യം ചെയൂ , മുപ്പതു തന്നാൽ മതി. ബാക്കി ഇരുപതു ഞാൻ വേണ്ട എന്ന് വയ്ക്കാം ."

ആ വാക്കുകൾ രവിയിൽ ആശ്വാസം നിറച്ചു .

അയാൾ പറഞ്ഞു ." എനിക്കിച്ചിരി അത് കുടുതലാ . ഏത് ?  "

അയാൾ തന്നെ ചോദവും , ഉത്തരവും പറഞ്ഞു.

"മറ്റേ സ്പിരിറ്റ് . ജാതി സ്പിരിറ്റ് .  ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ റേറ്റു കുറയ്ക്കും .ഒന്നുമല്ലെമെങ്കിലും നമ്മൾ ഒക്കെ  നമ്മുടെ   കുലമഹിമയിൽ ആഢ്യത്വം  ഉൾകൊള്ളേണ്ടവർ അല്ലെ."

രവി നിസ്സംഗതയോടെ  തലയാട്ടി ,  പോക്കറ്റിൽ നിന്നും അയാൾ പറഞ്ഞ തുകയെടുത്തു  കൊടുത്തു.  അയാൾ അത്   എണ്ണി  നോക്കിയശേഷം  പോക്കറ്റിലിട്ടു. രവി പിൻ തിരിഞ്ഞു നടക്കുമ്പോൾ ഇൻസ്പെക്റ്റ്‌റെ ചുണ്ടിലെ ഗാനം അയാൾ കേട്ടു .

" നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ"






.







   






















  

2019, ഏപ്രിൽ 27, ശനിയാഴ്‌ച

ഓർമയിൽ ഒരു വിഷുക്കാലം



മീനാക്ഷി   വിഷുക്കണി ഒരുക്കുന്നത് ഞാൻ നോക്കി ഇരുന്നു . എല്ലാത്തിനും ഒരു ചിട്ടയുണ്ട് അവൾക്ക് . സാധാരണ ഞാൻ ആണ് വിഷുക്കണി ഒരുക്കുന്നത് . പക്ഷെ ഇത്തവണ ഞാൻ പറഞ്ഞു  നീ ഒരുക്കിക്കോളു . നാട്ടിലുള്ള സഹോദരിയുടെ മകൾ പ്രസവിച്ചു . പുല, വാലായ്മ  തുടങ്ങിയ ദിനങ്ങളിൽ അമ്പലത്തിൽ പോകുന്നതും , വിളക്ക് കൊളുത്തുന്നതും സാധാരണ ഹിന്ദു ഭവനങ്ങളിൽ പാതിവല്ലല്ലോ ..

സൂക്ഷ്മതയോടെ തേച്ചു കഴുകിയ ഓട്ടുരുളിയിൽ , സ്വർണ കണി വെള്ളരിയും ,നാളികേരം , മാങ്ങാ , പഴം തുടങ്ങിയ ഫലങ്ങൾ ഉരുളിയിലും , തറയിലുമായി ഒരുക്കി വച്ചു . അഷ്ടമംഗല്യത്തട്ട് , കസവു പാകിയ ചേല , വാൽക്കണ്ണാടി ,  വലം പിരി ശംഖ് , പാരായണ  ഗ്രന്ഥങ്ങൾ എന്നിവയും കൂടി ആ പട്ടികയിൽ മീനുട്ടി ഉൾപ്പെടുത്തി. പിന്നെ   സുവർണ ശോഭയുള്ള കൊന്നപ്പൂക്കൾ  അരികെയായി വിതറി.

പാതി മുറിച്ച നാളികേരത്തിൽ എണ്ണയൊഴിച്ചു തിരി മുക്കി വച്ചു . ഇനി നാളെ രാവിലെ ഈ തിരി തെളിയിക്കണം . ശ്രീകൃഷ്ണ വിഗ്രഹം പിറകിൽ ഓടകുഴലൂതി പുഞ്ചിരി തൂകി നിൽക്കുന്നു. കണിക്കൊന്ന പൂക്കൾ  ഭഗവന് പ്രിയപ്പെട്ടതാവാൻ ഒരു കഥ മുത്തശ്ശി  പറഞ്ഞു തന്നിട്ടുണ്ട് .

പണ്ട് ഗുരുവായൂരിൽ ഒരു കാലി  ചെറുക്കൻ ഉണ്ടായിരുന്നു. കണ്ണൻ എന്നും അവന്റെ കൂടെ കളിക്കും .      ഒരു ദിവസം കണ്ണന് ആരോ ഒരു വിലയേറിയ അമൂല്യമായ സ്വർണമാല സമർപ്പിച്ചു . ശാന്തിക്കാരൻ തിരുമേനി ആ മാല  കണ്ണന്റെ മാറിൽ അണിയിച്ചു .

അന്നേ ദിവസം   രാത്രി കണ്ണൻ സുന്ദരമായ ആ മാലയും അണിഞ്ഞാണ്   ചെറുക്കനെ കാണുവാൻ ചെന്നത് . കണ്ണന്റെ സുന്ദരമായ മാലയിൽ അവന്റെ കണ്ണ് പതിഞ്ഞു . എന്ത് ചോദിച്ചാലും നൽകുന്ന ലക്ഷ്മി കാന്തനായ  കണ്ണൻ  ആ മാല അവന്റെ കഴുത്തിൽ അണിയിച്ചു. സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ ഈറനണിഞ്ഞു .

പിറ്റേ ദിവസം നിർമ്മാല്യ വേളയിൽ ശാന്തിക്കാരൻ  ആ സത്യം അറിഞ്ഞു . കണ്ണന്റെ വിലയേറിയ സ്വർണ പതക്കം മോഷ്ടിക്കപ്പെട്ടിരിക്കുന്നു .നാട്ടാരറിഞ്ഞു , നാട്വാഴി അറിഞ്ഞു. നാട് മുഴുവനും അവർ കള്ളനെ തിരഞ്ഞു .

ഇതൊന്നും   അറിയാതെ ആ ബാലൻ നടന്നു വരികെയായിരുന്നു . അപ്പോൾ നാട്ടുകാരിൽ ആരോ ഒരാൾ അവനെ കണ്ടു. അവന്റെ കഴുത്തിൽ കണ്ണന് ചാർത്തിയ മാല കണ്ടു. കള്ളനെ പിടിച്ചേ എന്നവർ ആഹ്ലാദപൂർവം  ഓരിയിട്ടു .  അവൻ ആവുന്നത്ര പറഞ്ഞു അത് അവൻ മോഷ്ടിച്ചതല്ല എന്ന്. പക്ഷെ ആര് കേൾക്കാൻ .
ശിക്ഷ വിധിക്കുവാനായി അവനെ വാഴുന്നോരുടെ മുൻപിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങി. കണ്ണനെ വിളിച്ചവൻ ഉറക്കെ കരഞ്ഞു.  അവന്റെ വിളി കണ്ണൻ കേട്ടില്ല . ദേഷ്യവും , സങ്കടവും കൊണ്ട് അവൻ ആ മാല കഴുത്തിൽ നിന്നും വലിച്ചൂരി ദൂരേക്കെറിഞ്ഞു .  ആ മാല  ചെന്ന് വീണത്
അരികിൽ നിന്നിരുന്ന ഒരു കൊന്നമരത്തിൽ ആയിരുന്നു .

അതുവരെ ഒരിക്കലും പൂക്കാത്ത മരമായിരുന്നു കൊന്നമരം . ആ മാല ചെന്ന് വീണപ്പോൾ   മാലയ്ക്കു പകരം സ്വർണ നിറമുള്ള പൂക്കൾ അവിടെ പ്രത്യക്ഷപെട്ടു . അന്ന് മുതലാണ് കൊന്ന മരം പുക്കുവാൻ തുടങ്ങിയത് എന്ന് പറയപ്പെടുന്നത് . അതേസമയം തന്നെ  ശ്രീകോവിലിൽ നിന്നും അശരീരി കേട്ടു "ആ മാല അവനു ഞാൻ കൊടുത്തതാണ് എന്ന്."

രാവിലെ കണി കാണാൻ ഉള്ള ഒരുക്കങ്ങൾ  പൂർത്തിയായി .ഒരു വർഷം മുഴുവനും അകക്കണ്ണിൽ അഭൗമ ദൃശ്യം തിളങ്ങണം . കണ്ണുകൾ അടച്ചു . നിദ്രാ ദേവിയുടെ കടാക്ഷം  പ്രതീക്ഷിച്ചുകൊണ്ട് ....

വിഷുക്കാലം എന്റെ മനസ്സിൽ സുഗന്ധം  നിറയ്ക്കുന്നു . ഏകദേശം ഒരു പതിനെട്ടു വർഷങ്ങൾക്കു മുമ്പ് ഒരു വിഷു ദിവസം ഞാൻ ശരണം പ്രാപിച്ചത് തിരുമാന്ധാം കുന്നിലമ്മയുടെ സന്നിധിയിൽ ആയിരുന്നു.

ഏകാകിയായി അലഞ്ഞു തിരിഞ്ഞ നടന്ന നാളുകൾ .ജോലി ഒന്നും തരപ്പെട്ടിട്ടില്ല . വീട്ടിൽ നിൽക്കുവാൻ ഉള്ള പ്രാപ്തി ഇല്ല. അങ്ങനെ ഒരു ദേശാടനം .ഒരു തോൾ സഞ്ചിയും , മാറുവാൻ ഉള്ള വസ്ത്രവും മാത്രം . ഭക്ഷണം കഴിക്കുവാൻ പോലും  തുകയില്ലാത്ത നാളുകൾ . ചരടില്ലാത്ത പട്ടം പോലെ പാറി പറന്ന  നാളുകൾ .

വിശ്വാസം എപ്പോഴും  ആപേക്ഷികമാണ് , ഇത് വായിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് തോന്നും ഞാൻ വെറുതെ ഓരോന്ന് എഴുതി പിടിപ്പിക്കുകയാണ് . അല്ലെങ്കിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണ് എന്ന്. ഞാൻ ഇതെഴുതുന്നത് എന്റെ വിശ്വാസത്തിൽ ഊന്നിയാണ് . ഞാൻ അനുഭവിച്ചത്‌ , കണ്ടത് , തൊട്ടറിഞ്ഞത് എല്ലാം എന്റെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു .

ഭക്തി കൊണ്ടല്ല ഞാൻ  ക്ഷേത്രത്തിൽ എത്തിയത് . ഒളിച്ചോട്ടം . ജീവിതത്തിൽ നിന്നും ഒരു ഒളിച്ചോട്ടം . എന്നിൽ നിന്നും, വീട്ടു കാരിൽ  നിന്നും എല്ലാം .
.
ഒരു പക്ഷെ ഒരു നിയോഗം  ആയിരിക്കാം എന്നെ ആ ക്ഷേത്ര നടയിൽ കൊണ്ട് എത്തിച്ചത് . ഒഴുക്കിനൊപ്പം നീങ്ങുന്ന തോണിപോലെ യാത്ര ഏതു കരയിൽ ചെല്ലും എന്നറിയില്ല. ആകെ ശൂന്യത മാത്രം അച്ഛന്റെ ആക്ഷേപം കേട്ട് മടുത്തിരിക്കുന്നു .

അത് പോട്ടെ ഇതുപോലെ ഒരു വിഷു  ദിനത്തിൽ ആണ് ഞാൻ ക്ഷേത്രത്തിൽ എത്തിയത് എന്ന് പറഞ്ഞുവല്ലോ .ആദി പരാശക്തിയായ 'അമ്മ സപ്‌തമാതാക്കൾക്കൊപ്പം   രൗദ്ര ഭാവത്തിൽ ഇടത്‌ കാൽ മടക്കി വച്ച് വലതു കാൽ താഴ്ത്തേക്കു തൂക്കി ഇട്ടിരിക്കുന്ന ഭാവത്തിൽ ആണ് ഭഗവതി പ്രതിഷ്‌ഠ . എട്ടു കൈകളിൽ ആയുധങ്ങളും , വെട്ടിയെടുത്ത ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്ന ഭയാനകമായ ഭാവത്തിൽ ഉള്ള ഭദ്രകാളി .

മാമാങ്കത്തിൽ ചുരികതലപ്പുക്കൾ കൊണ്ട് കണക്കു തീർക്കുവാൻ ഇറങ്ങിയ ദേശാഭിമാനികളായ ചാവേറുകൾ   ചരിത്രമായ കഥകൾ ഇന്നും അവിടെ ചെന്നാൽ കേൾക്കാം .സാമൂതിരിയെ എതിരിട്ട  ചാവേറുകളുടെ ചരിത്രം കേരള  ചരിത്രത്തിന്റെ ഭാഗം ആണല്ലോ? .   തിരുമാന്ധാം കുന്നു ക്ഷേത്രത്തിൽ നിന്നാണ് വള്ളുവക്കോനാതിരിയുടെ ചാവേറുകൾ സാമൂതിരിയെ  വധിക്കുവാനായി പുറപ്പെടുന്നത് .പന്ത്രണ്ടു വർഷങ്ങൾക്കു  ശേഷം വീണ്ടും ഈ ചടങ്ങുകൾ ആവർത്തിക്കും. ചാവേറുകൾ മാമാങ്കത്തിന് പുറപ്പെട്ട ആ തറ 'ചാവേർ തറ' ഇപ്പോഴും ക്ഷേത്രത്തിൽ ഉണ്ട്.

സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു.  വടക്കേ കൽ പടവുകൾ ഇറങ്ങി താഴ്പ്പോട്ടു പോയാൽ  കടലുണ്ടി പുഴയുടെ പോഷക നദി കാണാം . ദേവി സ്നാനം ചെയുന്നു ഇവിടെ യാണെന്ന്  പഴമക്കാർ പറയപ്പെടുന്നു.

നല്ല മഞ്ഞു പെയ്യുന്നു  പുഴയുടെ ഓളങ്ങളിൽ കാൽ മുട്ടുമ്പോൾ തണുപ്പ് ഇരച്ചു കയറുന്നു. ആകാശ കാഴ്ച സുന്ദരം , മിന്നി തിളങ്ങുന്ന നക്ഷത്ര കൂട്ടങ്ങൾ .

അരകല്ലിൽ  ചാരി ഇരിക്കെ വിശപ്പും , ദാഹവും കൊണ്ട് പതിയെ ഒന്ന് മയങ്ങി പോയി. എപ്പോഴോ എന്നറിയില്ല വല്ലാത്ത ദിവ്യ സുഗന്ധം എന്നിൽ അനുഭവപ്പെട്ടു ..ഇതുവരെ അനുഭവപ്പെടാത്ത ഒരു സുഗന്ധം , അനുഭൂതി . കസ്തുരിയോ ,  ചന്ദനഗന്ധമോ  എന്തോ മത്തു പിടിപ്പിക്കുന്ന ഗന്ധം .

തോന്നലാകാം| അങ്ങനെയാണ് ആദ്യം തോന്നിയത്.   ഞാൻ കണ്ണ് തുറന്നു . ചന്ദ്രൻ തലയ്ക്കു മുകളിൽ തെളിഞ്ഞു നിൽക്കുന്നു. സമയം മുന്ന് മണി ആയിട്ടുണ്ടാകാം .

അറിയാതെ ഒരു ഭയം എന്നിൽ ഉണർന്നു .
ദിക്കൊന്നും  അറിയാത്ത  അവസ്ഥ .   സ്വയ രക്ഷക്കായി അറിയാവുന്ന മന്ത്രങ്ങൾ ചൊല്ലി. അമ്പലം അടച്ചു കഴിഞ്ഞിരിക്കുന്നു . തിരികെ
പോക ണമെങ്കിൽ കൽപ്പടവുകൾ കയറി അമ്പലവഴി ചുറ്റിപ്പോകണം . രാത്രിയായാൽ , ഭഗവതിയും പരിവാരങ്ങളും പുറത്തിറങ്ങും . ഉഗ്രരൂപിണിയായ 'അമ്മ ഭക്‌തവാത്സല്യം ചൊരിയുന്നവൾ ആണെങ്കിലും കോപിഷ്ടയാണ് . മന്ത്രം ജപിച്ചുകൊണ്ടവിടെ തന്നെ ഇരുന്നു .  

ഭയം മാറി തുടങ്ങി . വീണ്ടും ചെറുതായ മയക്കം. എപ്പോഴോ എഴുന്നേറ്റു.  പിന്നിൽ വടക്കു പടിഞ്ഞാറായി ആരോ കുളിക്കുന്ന ശബ്ദം . ആരാണ് , ഒന്നും മനസിലാകുന്നില്ല . ഈ  അസമയത്തു ആരാണിവിടെ വരാൻ.  പിന്നെ കിലുങ്ങുന്ന പാദസ്വരം . വെള്ളത്തിൽ ആരോ കാലിട്ടടിക്കുന്ന പോലെ...
പിന്നെ ഭയാനകമായ നിശബ്ദത . വീണ്ടും ഭയം എന്നിൽ ഉടലെടുത്തു.
ആരാണ്  ഇങ്ങനെ .....

ഞാൻ പതിയെ വടക്കു പടിഞ്ഞാറു ഭാഗത്തേക്ക് നോക്കി. ഇല്ല ആരുമില്ല . തോന്നലാകുമോ . അല്ല ആ ശബ്ദം   എന്റെ കാതിൽ  ഇപ്പോഴും കേൾക്കാം .
പെട്ടെന്നാരോ എന്റെ കരണത്തടിച്ചപോലെ ഒരു തോന്നൽ . ബോധം കേട്ട് ആ കല്ലിൽ കിടന്നു. എത്ര നേരം എന്നറിയില്ല.

കാലത്തു ആരോ എന്നെ വിളിച്ചുണർത്തി .
"ഇവിടെ ഉറങ്ങുകയായിരുന്നു . ഭഗവതി നീരാടുന്ന കടവാണിത് . ഭാഗ്യം പലർക്കും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് . പലരും പലതും കണ്ടു ഭയന്നിട്ടുണ്ട് . ദേവി കാത്തു .. അമ്മെ ശരണം ......"   അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു.


കുളി  കഴിഞ്ഞു ദേവി ദർശനം  നടത്തുമ്പോൾ ശാന്തക്കാരൻ തിരുമേനി പറഞ്ഞു . "ദേവി കടാക്ഷം ഉണ്ട്. നന്നായി വരും. ദേവി അനുഗ്രഹിക്കട്ടെ "

പതിയെ കൽപ്പടവുകൾ ഇറങ്ങി താഴത്തേക്കു നടന്നു. ഇപ്പോൾ എത്ര വർഷങ്ങൾ . എങ്കിലും ചിലപ്പോൾ ഏകാഗ്രമായി ഇരിക്കുമ്പോൾ ആ പാദസ്വര കിലുക്കവും  സുഗന്ധവും ഞാൻ അനുഭവിക്കാറുണ്ട് .

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആ ഭഗവതിയെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഞാൻ കണ്ണുകൾ പതിയെ അടച്ചു.

മന്വന്തരങ്ങൾ


ഞാൻ പഠിച്ച സ്‌കൂൾ പുല്ലുവഴിയിലെ ജയകേരളം എന്നറിയപെടുന്ന പ്രശസ്തമായ വിദ്യാലയം ആണ്. കമ്മ്യൂണിസ്റ് പ്രസ്ഥാനം വേരോടിയ പുല്ലുവഴി എന്ന മനോഹരമായ ഗ്രാമത്തിൽ തന്നെയാണ്  സഖാക്കളായ പി . കെ . വാസുദേവൻ നായരും, ഗോവിന്ദപിള്ളയും , പി . ആർ . ശിവനും ഭൂജാതരായത്.  ഇപ്പോഴും ഗ്രാമത്തിന്റെ തനിമയും, മനോഹാരിതയും നഷ്ടപ്പെടാത്ത സുന്ദരഗ്രാമം .

എന്റെ മലയാളം അധ്യാപകൻ ആയിരുന്നു ബാലൻ സാർ . മെലിഞ്ഞ ശരീരമുള്ള ഒരു പാവം അധ്യാപകൻ . ഇത്രയും നിർമലനായ ഒരു മനുഷ്യനെ ഞാൻ അന്നുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. . അദ്ദേഹത്തിന്റെ മലയാളം ക്ലാസ് എന്ന് പറഞ്ഞാൽ അത് ഒരു ഒന്നൊന്നര ക്‌ളാസ് ആണ്. എന്നിലെ കഥാകാരനെ ഉണർത്തുവാനുള്ള പ്രചോദനം നൽകിയത് ബാലൻ സാർ ആണ്.  സാർ പറഞ്ഞ ഒരു കഥ ഞാൻ ഇവിടെ പറയുകയാണ് .


മാർക്കാണ്ഡേയ പുരാണത്തിലെ ഔത്തമം എന്ന മന്വന്തരം  അദ്ദേഹം വിവരിച്ചു തന്നത് ഇന്നലെ എന്ന പോലെ എനിക്കൊർമയുണ്ട് .  ഒരു മനുവിന്റെ ഭരണകാലമാണ് മന്വന്തരം എന്ന് പറയപ്പെടുന്നത്. ഒരു മനുവിന്റെ കാലം 72 ചാതുർ  യുഗങ്ങൾ ചേർന്നതാണ് . കൃതയുഗം, ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം എന്നെ യുഗങ്ങൾ ചേർന്ന കാലം

ഉത്താനപാദ മഹാരാജാവിന്റെയും ,   നക്ഷത്രമായി പ്രശോഭിക്കുന്ന ധ്രുവന്റെയും കഥ നമുക്ക് സുപരിചിതമാണല്ലോ .  മഹാരാജാവിനു സുനിതയെന്നും , സുരുചിയെന്നും രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. സുരുചി എന്ന ഭാര്യയോടായിരുന്നു രാജാവിനേറെ പ്രിയം. അതുകൊണ്ടു തന്നെ സുരുചിയിൽ ഉണ്ടായ മകൻ ഉത്തമൻ മഹാരാജാവിന് ധ്രുവനെക്കാൾ പ്രിയങ്കരനായി.

ഔത്തമം  എന്ന    മന്വന്തരം  , ഔത്തമം  എന്നാൽ
നാമവിശേഷണം ആണെന്ന് ബുദ്ധിയുള്ള നമുക്കറിയാമല്ലോ . ബഹുല എന്നൊരു സുന്ദരിയെ ഉത്തമൻ വിവാഹം കഴിച്ചു.  ബഹുലയിൽ ആസക്തനായ രാജാവ് രാജകാര്യങ്ങളിൽ ശ്രദ്ധിക്കാതെ സദാ സമയവും അവളോടൊപ്പം കഴിഞ്ഞു. തൻമൂലം അവൾ അഹങ്കാരിയായി മാറി. രാജാവായ  ഉത്തമന്റെ വാക്കുകൾ ധിക്കരിച്ചു ബഹുലയെ കോപിഷ്ടനായ രാജാവ് വനത്തിൽ ഉപേക്ഷിക്കുന്നു. പക്ഷെ അദ്ദേഹത്തെ വിരഹ ദുഃഖം
കീഴടക്കി .

വിരഹഗാനം പാടി നടക്കുന്ന ഉത്തമന്റെ അരികിലേക്ക് ഒരു ബ്രാഹ്മണൻ വരുന്നു.  ആ ബ്രാഹ്മണൻ പറയുന്നു .
" പ്രഭോ, ഒരു സങ്കടം ഉണർത്തിക്കുവാനുണ്ട് "


ഉത്തമൻ   രാജകീയ ഭാവത്താൽ പറഞ്ഞു. " ഉണർത്തിച്ചു കൊള്ളൂ"    . പ്രജകളുടെ സങ്കടത്തിന് മുന്നിൽ  സ്വന്തം ദുഃഖത്തിന്  എന്ത് വില.

വിപ്രൻ ഉണർത്തിച്ചു.

" എന്റെ പത്നിയെ നഷ്ടപ്പെട്ടിരിക്കുന്നു. ദയവായി അവളെ വീണ്ടെടുത്തു തന്നാലും . "

ഉത്തമൻ  ചോദിച്ചു . "  അങ്ങയുടെ പത്നി എന്റെ പത്നി ബഹുലയെപോലെ സുന്ദരിയാണന്നോ"

ബ്രാഹ്മണൻ പറഞ്ഞു. " അല്ല പ്രഭോ, അവൾ വിരൂപയാണ്‌ . "

ഉത്തമൻ മനസ്സിൽ ആലോചിച്ചു  . " എന്റെ ബഹുല നിലാവുപോലെ സുന്ദരിയാണ് ."

"ആട്ടെ അങ്ങയുടെ  പത്‌നി   സുശീലയും, സുചരിതയും ആകുന്നോ"

"ഈ ഗുണങ്ങൾ  രണ്ടുമില്ല എന്റെ ഭാര്യക്ക് " ബ്രഹ്‌മണൻ പറഞ്ഞു .

പിന്നെ എന്തിനാടോ താൻ അവളെ അന്വേഷിക്കുന്നത് എന്ന് രാജൻ ചോദിച്ചില്ല. പ്രജാഹിതം നടത്തേണ്ടവനാണ് രാജാവ് . ഇല്ലെങ്കിൽ കുലം മുടിഞ്ഞു പോകും.

അങ്ങനെ വിപ്ര ഭാര്യയേ അന്വേഷിച്ചു രാജാവ് വനത്തിലേക്ക്  പോകുന്നു.   അങ്ങനെ പോകുന്ന രാജാവ് എത്തപ്പെടുന്നത് ഒരു രാക്ഷന്റെ മുമ്പിലേക്കാണ് . മുന്നിലേക്ക് ചാടി വീണ രാക്ഷസനെ ജോസ് പ്രകാശിനെ നേരിടുന്ന  നസീറിനെ പോലെ ഊരിയ വാളുമായി രാജാവ് നേരിടുന്നു.
സ്റ്റണ്ട് ത്യാഗരാജന്റെ നേതൃത്തിൽ നടന്ന സംഘടനത്തിനൊടുവിൽ രാജാവ് രാക്ഷസനെ  കീഴ്പെടുത്തുന്നു .

ഒടുവിൽ വിപ്ര പത്‌നിയെ തടവിലാക്കിയത് താൻ തന്നെ എന്ന്    രാക്ഷസൻ സമ്മതിക്കുന്നു .  രാജ്യത്തിറങ്ങി പെണ്ണുങ്ങളെ മോഷ്ടിക്കുന്നത്   വിശപ്പ് അടക്കുവാൻ ആണെന്നും പക്ഷെ വിപ്ര പത്‌നിയെ ഇതുവരെ ഭക്ഷിച്ചില്ല എന്നും, കാരണം അവളുടെ വായിലെ നാക്കാണ് എന്നും രാക്ഷസൻ രാജാവിനോട് ഉണർത്തിക്കുന്നു .  അത്രയ്ക്ക് വിഷലിപ്‌തമായ നാക്കണത്രെ ബ്രാഹ്മണ ഭാര്യയുടേതെന്നുള്ള തിരിച്ചറിവിൽ രാജാവ് നടുങ്ങുന്നു. ഒരു ബാക്ക് ഗ്രൗണ്ട് മ്യൂസികിനുള്ള സ്കോപ് അവിടെയുണ്ട് .

ഉത്തമന് ഒരു ഐഡിയ വീണു കിട്ടുന്നു . ആൻ  ഐഡിയ കാൻ  ചേഞ്ച്   യുവർ ലൈഫ് "  എന്നാണല്ലോ പ്രമാണം .

"ഹേയ്  രാക്ഷസാ ,  നിനക്കു വിശക്കുന്നു എന്ന കാരണത്താൽ ആണല്ലോ ഇവളെ  നീ തടവിൽ ആക്കിയത്.  നീ  ബ്രാഹ്മണപത്‌നിയുടെ  ചീത്ത സ്വഭാവത്തെ ഭക്ഷിച്ചു കൊള്ളുക."

ബ്രാഹ്‌മണ സ്ത്രീ കടുത്ത പുലഭ്യ വാക്കുകൾ പറയുന്നു. . രാജാവ് ചെവി പൊത്തി  പിടിക്കുന്നതിനാൽ അവൾ പറഞ്ഞത് നാം കേൾക്കുന്നില്ല . അവളുടെ ദുഷ്ട സ്വഭാവത്തെ തന്തുരി ചിക്കൻ എന്ന പോലെ രാക്ഷസൻ   ഭക്ഷിക്കുന്നു .

ഒരു നിമിഷം , അവളുടെ വൈരൂപ്യം മുഴുവനും മാറി ഒരു സുന്ദരിയായി അവൾ മാറുന്നു.   അവൾ കൈകൾ  കൂപ്പി രാജാവിനെ സ്തുതിക്കുന്നു .
ഒരിടവേളക്ക് ശേഷം കഥ വീണ്ടും തുടരുന്നു.

രാക്ഷസൻ രാജാവിനോട് പറയുന്നു ,

"പ്രഭോ , എന്റെ വിശപ്പിനിയും  മാറിയിട്ടില്ല."

ഉത്തമൻ  പറഞ്ഞു ഈ വനത്തിൽ എവിടെയോ എന്റെ ഭാര്യ ബഹുലയുണ്ട് . നീ അവളുടെ  ചീത്ത സ്വഭാവം ഭക്ഷിച്ചു അവളെ ശുദ്ധയാക്കി എനിക്ക് നൽകു .  രാക്ഷസൻ അപ്രകാരം ചെയുന്നു.

സൽഗുണ സമ്പന്നയായ ബഹുലയെ രാക്ഷസൻ രാജാവിന് നൽകുന്നു . പിന്നെ ഒരു യുഗ്മ ഗാനം അവിടെ ചേർക്കാവുന്നതാണ് .   സ്ലോ മോഷനിൽ അവർ ഇരുവരും കൈ പിടിച്ചോടുന്നതിനിടയിൽ പാട്ട് അവസാനിക്കുന്നു.

 അവരുടെ പുത്രനായ ഔത്തമനാണ്   അടുത്ത മനു ആയതു..

ഇനി  ഈ കഥ ഞാൻ എന്തിനു പറഞ്ഞു എന്ന് ചോദിച്ചാൽ അതിനു ഒരു കാരണം ഉണ്ട്.

അതാണ്  ഇനി ഞാൻ വിവരിക്കുവാൻ പോകുന്നത് .


ആ ജയകേരളം സ്‌കൂളിലെ  പ്രധാന അധ്യാപകൻ ആയിരുന്നു വാര്യർ സാർ എന്നറിയപെടുന്ന നാരായണ വാര്യർ. ദേവന്റെയും , അസുരന്റെയും സ്വഭാവം അദ്ദേഹത്തിൽ സന്നിവേശിച്ചിരിപ്പുണ്ടായിരുന്നു . നല്ല ഒന്നാന്തരം അധ്യാപകൻ . കുട്ടികൾക്കേറെ പ്രിയങ്കരൻ . അദ്ദേഹം പഠിപ്പിച്ചാൽ ഏതു മണ്ട ശിരോമണിയും പാസാകും എന്നത് നിശ്ച്ചയം .

വാര്യർ സാറിന്റെ ധർമ പത്‌നി  വിശാലാക്ഷി ടീച്ചർ ആയിരുന്നു.   ആ വിദ്യാലയത്തിലെ  ഹിന്ദി അദ്ധ്യാപിക  ആയിരുന്നു വിശാലാക്ഷി . രണ്ടു പേരും , ഒരുമിച്ചു വരും, ഉച്ചയ്ക്ക് ഒരുമിച്ചു ഭക്ഷണം  കഴിക്കും, ഒരുമിച്ചു വീട്ടിലേക്കു തിരിച്ചു പോകും. നല്ല മാതൃകാ  ദമ്പതികൾ .  വിശാല ടീച്ചറുടെ വിഷയം  ഹിന്ദി ആയിരുന്നു  എങ്കിലും  ,   ചിലപ്പോൾ മലയാളവും ടീച്ചർ  എടുക്കുമായിരുന്നു.  അങ്ങനെ സുരഭിലമായ ദിവസങ്ങൾ കടന്നു പോയി കൊണ്ടേ ഇരുന്നു .

. അങ്ങനെ  കഥ നന്നായി പോയാൽ മാത്രം  പോരല്ലോ.  കഥയിൽ ഒരു വില്ലനോ, വില്ലത്തിയോ വരേണ്ട സമയം  കഴിഞ്ഞില്ലേ.  അങ്ങനെയാണ് നമ്മുടെ കോമളവല്ലി ടീച്ചർ  എന്ന പുതിയ കണക്കദ്ധ്യാപിക  വിദ്യാലയത്തിൽ ജോയിൻ ചെയുന്നത് .  ആഢ്യത്തമുള്ള  കോമളവല്ലി ടീച്ചർ  വാര്യർ സാർ എന്ന വട  വൃക്ഷത്തിൽ   പറ്റി  ചേർന്നു  നിന്നു .

അറ്റെൻഷൻ സിൻഡ്രം   അല്ലെങ്കിൽ  അപ്പ്രീസിയേഷൻ സിൻഡ്രം  ഉള്ള അധ്യാപികയായിരുന്നു കോമളവല്ലി ടീച്ചർ .   പച്ച മലയാളത്തിൽ പറഞ്ഞാൽ ഒരു പിരി ഇളകിയിട്ടുണ്ട് എന്ന് നിസ്സംശയം പറയുവാൻ കഴിയും.
. എല്ലവരും തന്നെ ശ്രദ്ധിക്കണം , തന്നെ കുറിച്ച് മറ്റുള്ളവർ പുകഴ്ത്തി പറയണം , എന്ന ചിന്തയിൽ മഥിച്ചു നടക്കുന്നവൾ ആയിരുന്നു കോമളവല്ലി .വെളുത്ത മെലിഞ്ഞ താൻ കുറച്ചു സുന്ദരിയാണെന്നുള്ള    അവബോധം ടീച്ചറിന് ധാരാളം ഉണ്ടായിരുന്നു.   അങ്ങു  തെക്കുള്ള ഏതോ വലിയ കുടുംബത്തിലെ അംഗം ആണെന്ന് ടീച്ചർ സ്വയം അഭിപ്രായപ്പെട്ടു.   പക്ഷെ ആ അഭിപ്രായം ടീച്ചറിനേക്കാൾ ഏറെ സ്വാധീനിച്ചത് നമ്മുടെ വാര്യർ സാറിനെ ആയിരുന്നു. ടീച്ചർ  മിടുക്കിയാണെന്നും,  വലിയ തറവാട്ടിലെ  അംഗം ആണെന്നും , ടീച്ചറിന് കൊമ്പുണ്ടെന്നും വരെ പ്ലക്കാർഡിൽ എഴുതി ഒട്ടിച്ച പോലെ നമ്മുടെ വാര്യർ സാർ പാടി  നടന്നു.   അതുമാത്രവുമല്ല   വിദ്യാലയത്തിലെ തന്നെ ഏറ്റവും  പ്രാഗൽഭ്യം ഉള്ള   അദ്ധ്യാപിക  കോമളവല്ലിയാണെന്നു വരെ പുള്ളിക്കാരൻ അസന്നിഗ്ത,മായി പ്രഘ്യാപിച്ചു.   അതും സ്വന്തം ഭാര്യ കേൾക്കുവാൻ പാകത്തിൽ.  .  പാണന്റെ കാലഘട്ടം കഴിഞ്ഞിരുന്നില്ലെങ്കിൽ  ഒരു പക്ഷെ പാണനെ കൊണ്ട് തന്നെ സാർ  ടീച്ചറുടെ വീര  ചരിതങ്ങൾ  പാടിച്ചേനേ,എല്ലാ ഭാര്യമാരും അക്കാര്യത്തിൽ ഒറ്റകെട്ടാ , അവരുടെ മുമ്പിൽ വച്ച് ഭർത്താവ്  പരസ്ത്രീയെ പുകഴ്ത്തി പറഞ്ഞാൽ പുരാണത്തിലെ സാവിത്രി പോലും സഹിക്കില്ല. പിന്നയല്ലേ വിശാലാക്ഷി റ്റീച്ചർ .

നമ്മുടെ നാട്ടിൻ പുറമല്ലേ   ഒന്നുമില്ലെങ്കിലും  ഇങ്ങനെയുള്ള വാർത്തകൾ ഒരു പഞ്ഞവും ഉണ്ടാകില്ലല്ലോ .  വാര്യർ സാറിന്റെയും , കോമള വല്ലി  ടീച്ചറുടെയും കരിക്കട്ടയിൽ വരച്ച  ചിത്രങ്ങൾ   രാജാ രവിവർമ്മയുടെ  ഭാവന എന്ന പോലെ  മൂത്രപ്പുരയിൽ  ഒരു വിരുതൻ  വരച്ചു വച്ചു .
അതായതു നമ്മുടെ വാര്യർ സാറും, കോമളവല്ലി ടീച്ചറും തമ്മിൽ ഡിങ്കോൾഫി ആണെന്നുള്ള കാര്യം  പരസ്യമായ രഹസ്യമായി.  .

 വാര്യർ സാർ ശുദ്ധൻ ആണ്. അദ്ദേഹം അങ്ങനെ ഒന്നും കരുതില്ല എന്നുള്ളത് ഏവർക്കും അറിയാം. സംഗതി  വിശാല   ടീച്ചർ അറിഞ്ഞു. ചോദ്യമായി , കരച്ചിൽ ആയി. അടി ആയി.  പാടായി

ഇംഗ്ലീഷിൽ നമ്മൾ പറയുന്ന മൂന്നക്ഷരം   അവിടെ മൊട്ടിട്ടു . 'ഈഗോ "

സാറിനു വാശി ആയി. പ്രതിപക്ഷ  ബഹുമാനം  ഇല്ലാത്ത മുഖ്യൻ പറയും പോലെ  താൻ പോയി പണി നോക്കടോ എന്ന് സാർ അട്ടഹസിച്ചു. അതിനു പുറമെ    വാശി എന്ന പോലെ കോമളവല്ലി  ടീച്ചറുമായി  സാർ കുടുതൽ സമയം  പങ്കിടുവാൻ  തുടങ്ങി . പരീക്ഷ പേപ്പർ  തയാർ ആകുക , ഉത്തരം പരി ശോധിക്കുക  തുടങ്ങിയ കാര്യങ്ങൾ അവർ ഒരുമിച്ചു  ചർച്ച ചെയ്തു.   അടച്ചുള്ള മുറിയിലെ   അവർ തമ്മിലുള്ള കുശു കുശുപ്പ്  മറ്റുള്ള  അധ്യാപകരുടെ ചെവിയിലും എത്തി.

നനുന്നിരിക്കുന്ന  കോമളവല്ലി ടീച്ചറിന് ഹിഡുംബിയുടെ സ്വഭാവം ആണ് ഉള്ളത്.  അവർ തരം കിട്ടിയ അവസരത്തിൽ വിശാല  ടീച്ചറെ കുത്തുവാനും, കൊള്ളിച്ചു സം സാരിക്കുവാനും തുടങ്ങി.  അതോടെ വിശാല  ടീച്ചറുടെ സൗശീലം പുറത്തായി . ഘോര  വാദങ്ങൾ അവിടെ നടന്നു. അമ്പും വില്ലും ഇല്ലാതെ വാളും , പരിചയും ഇല്ലാതെ വാക് ശരങ്ങൾ അവർ തൊടുത്തു വിട്ടു.


ഹിന്ദി പരീക്ക്ഷക്കുള്ള  ചോദ്യങ്ങൾ തെയ്യാറാകുന്നത്   തോമസ് സാറും , ടീച്ചറും ഒരുമിച്ചിരുന്നാണ്.   പക്ഷെ അതോടെ കാര്യങ്ങൾ   കീഴ്‌മേൽ മറിഞ്ഞു. വാര്യർ സാറിനു സംശയ  രോഗം  കശലായി . വിശാല  ടീച്ചർ ഇവിടെ പോകുന്നുവോ അവിടെയെല്ലാം  പൂച്ചയെ പോലെ പരുങ്ങി വാര്യർ സാർ നടക്കുവാൻ തുടങ്ങി.  7E യിലും , 8B യിലും, 9A യിലും, 10 സി യിലേയും  ടീച്ചറുടെ  ക്ലാസ്സുകൾ വാര്യർ സാർ നിരീക്ഷിക്കുവാൻ തുടങ്ങി. അതുപോലെ തന്നെ തോമസ്  സാറിനേയും   സാറിന്റെ കഴുകൻ കണ്ണുകൾ പിന്തുടർന്നു .
ക്ലാസ്സിലും, സ്റ്റാഫ് റൂമിലും , കോറി  ഡോറിലും എല്ലാം അവർ വാരിയർ  നിരീക്ഷണ വലയത്തിലായി .

ടീച്ചറിനെ കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നതിൽ സാർ ആനന്ദം കണ്ടെത്തി. സ്വന്തം ഭാര്യ ആണെന്നുള്ള ചിന്ത പോലുമില്ലാതെ ടീച്ചറിനെ മറ്റുള്ളവരുടെ മുമ്പിൽ അധികാരത്തോടെ ശകാരിക്കുക , ടീച്ചർ  ചെയുന്ന കാര്യങ്ങളിൽ കുറ്റം കണ്ടെത്തുക ,  പിന്നെ കൊച്ചു പിള്ളേരെ പോലെ ഹെഡ് മാസ്റ്ററിനോട് ടീച്ചറിനെ കുറിച്ചും, തോമസ് സാറിനെ കുറിച്ചും കുറ്റങ്ങൾ പറയുക എന്നതിൽ സാർ നിർവ്രതി കണ്ടെത്തി.

വടക്കു നോക്കി യന്ത്രത്തിലെ തളത്തിൽ  ദിനേശനെ പോലെ സാർ പെരു മാറുവാൻ തുടങ്ങി.  ഇത്രയൊക്കെ ആയിട്ടും കോമളവല്ലി ടീച്ചർ ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ സന്തോഷത്തോടെ , അണിഞ്ഞൊരുങ്ങി തന്റെ പതിവ് പരിപാടികൾ തുടർന്നു പോന്നു  .  ഇതിനിടയിൽ  വിശാല ടീച്ചറുടെ വക്കാലത്തു  ഏറ്റെടുക്കുവാൻ ചില   അധ്യാപകർ  ശ്രമിച്ചുവെങ്കിലും   കോമളവല്ലി എന്ന നാമധേയം  ആരെങ്കിലും  ഉരിയാടിയാൽ വെടി  കൊണ്ട പന്നിയെ പോലെ സാർ അമറുവാൻ തുടങ്ങുമായിരുന്നു.

പലരും സാറിനെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചു. പക്ഷെ അതു  കൊണ്ടെന്നും   ഫലമുണ്ടായില്ല .  സംഗതി വഷളായി കൊണ്ടേ ഇരുന്നു. അതിനിടയിൽ  വാര്യർ സാറും, തോമസ് സാറും തമ്മിൽ കൊമ്പ് കോർത്തു .

തോമസ് സാർ ചോദിച്ചു.

" വാര്യർ സാറേ നിങ്ങൾ എന്ത് ഭോഷ്കാ ഈ കാണിക്കുന്നേ ,  എല്ലാത്തിനും ഒരു പരിധി ഇല്ലേ , ഇങ്ങനെ ഒളിഞ്ഞു നോക്കി സ്വയം നാറല്ലേ  "

അത് കേട്ടതും വാര്യർ സാറിന്റെ മുഖം ചുവന്നു. ക്ഷിപ്രകോപിയായ സാർ എന്തൊക്കെയോ വിളിച്ചു പറഞ്ഞു.  അതും പോരാഞ്ഞു തന്റെ കുടുംബം തോമസ് സാർ തകർക്കുവാൻ ശ്രമിക്കുകയാണ് എന്നും പറഞ്ഞു ഹെഡ് മാസ്റ്ററിനു ഒരു പരാതി എഴുതി കൊടുത്തു. .  നാട്ടിൻ പുറമല്ലേ സ്‌കൂളിന് അകത്തു നടക്കുന്ന കാര്യങ്ങൾ പുറം ലോകം അറിഞ്ഞു. സാമൂഹ്യ പ്രശ്നമായി കുടുംബത്തിലെ സ്വരച്ചേർച്ചയില്ലായ്മ മൂലം ഉണ്ടായ പ്രശ്നനങ്ങൾ ഇപ്പോൾ ഒരു സാമൂഹ്യ പ്രശ്നമായി മാറി. സാർ തന്നെ പല്ലിനിട കുത്തി സ്വയം നാറുന്ന അവസ്ഥ ഉണ്ടാക്കി എന്ന് പറയുന്നതാണ് ശരി.  'നാരീ മൂലം ഉലകിൽ പല വിധ കലഹം പതിവായി'  എന്ന അസ്ഥയിൽ എത്തി ചേർന്നു .

അതിനിടയിൽ അച്ഛന്  ട്രാൻസ്‌ഫർ ആയി. എനിക്കാ വിദ്യാലയം വിട്ടു പോകേണ്ടി  വന്നു. പക്ഷെ അവരുടെ കാര്യം പിന്നെ എന്ത് സംഭവിച്ചു  എന്ന്  എനിക്കറിയില്ല. ഒരു പക്ഷെ ഉത്തമൻ കണ്ട ആ രാക്ഷസനെ  എനിക്ക് കണ്ടു  മുട്ടുവാൻ കഴിഞ്ഞു എങ്കിൽ ഞാൻ പറയുമായിരുന്നു.  സാറിന്റെ അഹംഭാവവും , ഈഗോയും  ഭക്ഷിച്ചിട്ടു സാറിനെ പൂർവ സ്ഥിതിയിൽ ആക്കുവാൻ .    ഒരു പക്ഷെ  രാക്ഷസൻ അത് ചെയ്തിട്ടിട്ടുണ്ടാകാം . വാര്യർ സാറും,   വിശാലാക്ഷി ടീച്ചറും ഇപ്പോൾ  സുഖമായി ജീവിക്കുന്നുണ്ടാകാം . അങ്ങനെ ശുഭ പരിവസിയായ  ഒരു  അന്ത്യം തന്നെയാണ്  ഞാനും ആഗ്രഹിക്കുന്നത് .