2019, മാർച്ച് 26, ചൊവ്വാഴ്ച

ഒരു സോഫ്ട്‍വെയർ എൻജിനിയറുടെ കഥ



അയാൾ ആവിവിവാഹിതനായ ഒരു കൂലി ടെക്കി ആയിരുന്നൂ . അതായത് ഇപ്പോഴും ഒരു  കരാർ അടിസ്ഥാനത്തിൽ ജോലി ചെയുന്നവൻ . വയസ് നാൽപതിനോട്  അടുക്കുന്നു .  എന്നിട്ടും  ആവിവിവാഹിതനായി കഴിയേണ്ട കാരണം ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് . ടെക്കി യാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം.  ജോലി സ്ഥിരതയില്ലെങ്കിൽ   കംമ്പ്യൂട്ടർ  എൻജിനിയർ ആണെന്ന്  പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. അല്ലേലും ഇപ്പോൾ പണ്ടേപ്പോലെ ഒന്നുമല്ല . കംപ്യൂട്ടർ എൻജിനീയേർസിനെ കൂട്ടത്തോടെ വൻകിട   കമ്പനികളിൽ നിന്നും പിരിച്ചുവിടുകയാണ് .  നാലു    കൊല്ലം  മുന്നേ മാർക്കറ്റിൽ  ഡിമാൻഡ്  ആയിരുന്നു IT  എന്നു വച്ചാൽ ..ആരോ പറഞ്ഞ  പോലെ ഇപ്പോൾ റോഡിൽ കല്ല് വലിച്ചെറിഞ്ഞാൽ കൊള്ളൂ ന്നത്  ജോലി തെണ്ടുന്ന  ഒരു ടെക്കിയുടെ തലയിൽ  ആയിരിക്കാം.

പഠിക്കുവാൻ മിടുക്കനായിരുന്നില്ല അയാൾ .  മറ്റുള്ളവരോട് മത്സരിച്ചു മുന്നേറുവാനുള്ള കഴിവോ , ചുണയോ അയാൾക്കില്ലായിരുന്നു. എന്നിരുന്നാലും എങ്ങേനെയോ എൻജിനിയറിങ് എന്ന കടമ്പ കടന്നു  കിട്ടി. സപ്ലിയും , പിന്നെ  അതിനോടനുബന്ധിച്ച ഓരോ പരീക്ഷയും അയാൾ മുടങ്ങാതെ  എഴുതി.അങ്ങനെ   ഏഴെട്ടു വർഷങ്ങൾ . ഒടുവിൽ അയാൾ എൻജിനിയർ ആയി പുറത്തിറങ്ങി . അയാൾ ഏറ്റവും അധികം സന്തോഷിച്ച ദിവസം ആയിരുന്നു  ഡിഗ്രി സെർട്ടിഫിക്കറ്റ് കിട്ടിയ ദിനം .   എത്രയോ വർ ങ്ങളുടെ  പരിശ്രമം .  നീണ്ട വർഷങ്ങളുടെ ശ്രമഭലമായി  പ്യുപ്പയിൽ നിന്നും പൂമ്പാറ്റയിലേക്കുള്ള പരിവർത്തനം .

അയാൾക്ക് സെർട്ടിഫിക്കറ്റ്  കിട്ടിയ ദിവസം . അയാൾ    റൂം  മേറ്റസിനോടോപ്പം ആഘോഷിച്ചു . അയാളുടെ കുടെ  പഠിച്ചവർ  പണ്ടേ പാസ്സായി  പോയി . അവരിൽ പലർക്കും ഇപ്പോൾ നല്ല ജോലിയും  കിട്ടി  , ചിലർ  വിദേശത്തും  ഭാര്യയും കുട്ടികളുമായി സസുഖം  വാഴുന്നു.എങ്കിലും അന്നത്തെ ദിനം  അയാൾ നിരാശപ്പെട്ടില്ല  കാരണം  ആ ദിവസം  അയാളുടെ മാത്രമായിരുന്നല്ലോ . ജൂനിയേഴ്‌സുമായി അയാൾ അയാളുടെ വിജയം  പങ്കുവച്ചു.

കാര്യങ്ങൾ  വിചാരിച്ചപോലെ അങ്ങനെ  നടന്നില്ല.സപ്ലികൾ എഴുതി പാസായവന് ജോലി ആരും എടുത്തു  വച്ചിട്ടുണ്ടായിരുന്നില്ല..  ഇന്റർവ്യൂ ഓരോന്നായി  അയാൾ അറ്റൻഡ് ചെയ്തു. ഒരു രക്ഷയുമില്ല. നിരാശ തന്നേയായിരുന്നു ഫലം .  ജോലി തെണ്ടലിൽ നിന്നും രക്ഷപെടുവാനായി അയാൾ കംപ്യൂട്ടർ പഠിച്ചു . സിവിൽ എൻജിനിയർ ആയ അയാൾ പഠിച്ചത് കോബോൾ ആയിരുന്നു.  അയാളുടെ കുടെ പഠിച്ച ഒരുത്തൻ കോബോൾ  പഠിച്ചിട്ടു അമേരിക്കയിൽ പോയിട്ടുണ്ട് . അതായിരുന്നു അയാൾ കോബോൾ ലാൻഗേജ് തിരഞ്ഞെടുക്കുവാൻ കാരണം . കംപ്യൂട്ടർ ലോകത്തിൽ തികച്ചും  അജ്ഞാതനായ അയാൾ 'സാപ് , പീപ്പിൾ സോഫ്ട് ,ആൻഡ്രോയ്ഡ് അപ്പ്ലികേഷൻസ് മുതലായവയെ തമ്സ്കരിച്ചു ആർക്കും വേണ്ടാത്ത കോബോൾ സ്വീകരിച്ചു   എന്ന്  പറഞ്ഞാൽ മതിയല്ലോ . ഞാൻ നേരത്തെ സൂചിപ്പിച്ചില്ലേ തികച്ചും  നിർഭാഗ്യവാൻ    മാത്രമായിരുന്നില്ലെങ്കിലും  മണ്ടത്തരങ്ങൾ അയാളുടെ കൂടെ പിറപ്പായിരുന്നു എന്ന്.

അതിനിടയിൽ പല സംഭവ വികാസങ്ങളും നടന്നു.  അനിയൻ  പഠിച്ചു മിടുക്കനായി  ഒരു  മൾട്ടി നാഷണൽ കമ്പനിയിൽ അഞ്ചക്ക ശമ്പളക്കാരനായി  ജോലി തേടി . ഉന്നതകുലജാതിയിൽ പെട്ടവളും ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള ഒരു മറാഠി പെൺകുട്ടിയെ അവൻ  വിവാഹം കഴിച്ചു. ചേട്ടനെക്കൊണ്ട് ഒന്നിനും കൊള്ളുകയില്ല എന്നതിനാലും ,
കുടുംബസ്വത്തു  അന്യാധീനപ്പെടാതിരിക്കുവാൻ ആ അനിയൻ ത്യാഗം സഹിച്ചു.  അയാളുടെ സ്വത്തും  തുച്ഛ  വിലയ്ക്ക് അടിച്ചു മാറ്റി .ജീവിക്കുവാൻ അയാൾക്കും പണം വേണ്ടേ?  അങ്ങനെ വരുമ്പോൾ തുച്ഛ വിലയ്ക്ക് അയാൾ അയാളുടെ പേരിലുള്ള പറമ്പ്  മറ്റുള്ളവർക്കു കൊടുത്താലോ .  അങ്ങനെയുള്ള ചിന്തകൾ വിരാമമായി എന്ന് പറയാം.

പക്ഷെ ഇപ്പോൾ അയാൾ സന്തുഷ്ടൻ  ആണ് എന്ന് പറയാം.  കുറച്ചുകാലമായി അയാൾക്ക്‌ പറയുവാൻ ഒരു ജോലിയുണ്ട് . അയാളുടെ പ്രോജക്ട് മാനേജർ മാത്യു അയാളെസ്ഥിര പെടുത്തുവാൻ മാനേജ്‌മെന്റിനോട് റെക്കമെന്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് . മിക്കവാറും  ഈ വരുന്ന ജനുവരിയിൽ സ്ഥിര ജോലി ജോലി തരപ്പെടുമായിരിക്കും.

ഏതു ടെക്കിക്കും ഒരു ചാറ്റ് ഫ്രണ്ട് ഉണ്ടാകുമല്ലോ  അത് സുലോചനയായിരുന്നു . സുലോചന എന്ന പഴഞ്ചൻ പേരിടുവാൻ അവളുടെ അച്ചനും , അമ്മയ്ക്കും ഉണ്ടായ ചേതോവികാരം എന്തായിരുന്നു എന്തോ. പക്ഷെ സുലോചന നായർ എന്ന മറ്റൊരു ടെക്കി  ഇപ്പോൾ അതെ നഗരത്തിൽ നാലഞ്ചു കെട്ടിടങ്ങൾക്കു  അപ്പുറത്തുള്ള  ഓഫീസ് കാന്റീനിൽ ഇരുന്നു ടിഷ്യ പേപ്പറിൽ പൊതിഞ്ഞ ഹാംബർഗർ കടിച്ചു തിന്നുകയും , മറ്റേകൈ കൊണ്ട് പെപ്സി കാൻ  മൊത്തി കുടിക്കുകയും ചെയ്യുകയായിരുന്നു.

എന്നും കംപ്യൂട്ടർ ഓപ്പൺ മുന്നേ അവൻ തറവാട്ടമ്മയെ മനസ്സിൽ ധ്യാനിക്കുമായിരുന്നു.  എന്റെ ഭഗവതി എന്നെ ഇവിടെ തന്നെ സ്ഥിരമാക്കണേ , ഇനിയൊരു ജോലിക്കായി കെട്ടി ഒരുങ്ങി പോകുവാൻ ഇടവരുത്തരുതേ . എന്നെ നിങ്ങൾക്ക് ഉപയോഗിയ്ക്കാം എന്ന പരസ്യം കൊടുത്തു ഒരു പ്രദർശന വസ്തുവായി കെട്ടി ഒരുങ്ങി നിൽക്കുക എന്നത്‌ ഒരു ടെക്കിയെ സംബന്ധിച്ചു നിരാശ ഉളവാകുന്ന വസ്തുതയാണ് . ജോലിയുള്ളപ്പോൾ കല്യാണ ചന്തയിൽ   വിലയുള്ളതും , ഇല്ലെങ്കിൽ പുല്ലു വിലയും ഉള്ളവരാണല്ലോ ഒരു സോഫ്ട്‍വെയര് എൻജിനിയർ . അതുകൊണ്ടു തന്നെ ആഗോള  ശക്തികൾക്കെതീരെ പിടിച്ചു നിൽക്കുവാൻ ഇനി ഈ കമ്പനിയിൽ  സ്ഥിര പെടണം എന്ന് മാത്രമേ അയാൾക്ക്‌ വിചാരം ഉണ്ടായിരുന്നുള്ളു.

സുലോചനയുടെ മനസ് ന്യൂ ജനറേഷൻ ചിന്തഗതി ഉള്ളതുകൊണ്ട് അവൾ  പ്രശ്നങ്ങളെ തണുപ്പൻ മട്ടിൽ അഭി മുഖികരിക്കുന്നു . അവൾ പറയുന്ന വാചകം ഇങ്ങനെ ജോലിയും , സാമ്പത്തിക സ്ഥിതിയുമുള്ള
 അവൾ  എന്തിനു ഭയപ്പെടണം .


  "  നിന്റെ പ്രശ്നം പരിഹരിക്കുവാൻ കഴിയുന്ന ഒന്നാണെങ്കിൽ എന്തിനു നീ ഭയപ്പെടണം .  ഇനി അഥവാ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നം ആണെങ്കിൽ  എന്തിനു  വെറുതെ അതെടുത്തു നെഞ്ചിൽ ഏറ്റണം" |  അവൾക്ക്  അങ്ങനെ ചിന്തിക്കാം . കൈക്കൂലിക്കാരനായ  അവളുടെ
അച്ചനും, അമ്മയും  ആവശ്യത്തിന് സംമ്പാദിച്ചിട്ടുണ്ട്യ്ക്കും. അവിടെയും, ഇവിടെയും ഒക്കെ  ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട് . ലക്ഷകണക്കിന് രൂപയുടെ ആഭരങ്ങൾ അവളുടെ പേരിലും , അനിയത്തിയുടെ പേരിലും വാങ്ങി ലോക്കറിൽ വച്ചിട്ടുണ്ട്. അങ്ങനെയുള്ള സുലോചനയ്ക്ക് ഇങ്ങനെ ഒരഭിപ്രായം പറയുവാൻ കഴിയും. പക്ഷെ അയാൾക്കങ്ങനെ ചിന്തിക്കുവാൻ കഴിയില്ലല്ലോ .


ഇന്നലെ വിജയുടെ മെയിൽ ഉണ്ടായിരുന്നു . ഈ കമ്പനി വിട്ടു ബാംഗ്ളൂരിലേക്കു ചാടിയവൻ ആയിരുന്നു അവൻ. ഇപ്പോൾ അവന്റെ ജോലി പോയിരിക്കുന്നു.  മാത്യു ജോർജിനോട് അവന്റെ കാര്യം കൂടി  പറയണം എന്ന്.  വിട്ടുപോയ സ്ഥാപനത്തിലേക്ക് തിരിച്ചു വരിക ഏറ്റവും അപമാനം എന്ന് കരുതുന്നവർ തന്നെയാണ് ഒരു നാണക്കേടും ഇല്ലാതെ  പഴയതിലും കുറഞ്ഞ  ശമ്പളത്തിൽ തിരിച്ചു കയറുന്നവർ.  ഇവിടെ നിന്ന് പോയപ്പോൾ എന്തൊക്കെ പറഞ്ഞാണ് അവൻ പോയത് . ഇപ്പോൾ അവനു തിരികെ വർണം എന്ന്. അയാൾ മനസ്സിൽ വിചാരിച്ചു. വിജയുടെ കാര്യം എന്തായാലും പറയുന്നില്ല. ഇനി തനിക്കു പകരം അവനെ എങ്ങാനും എടുത്താലോ . വർഷങ്ങൾ ഒരു പാട് ആയില്ലേ  ഈ പതിനാറായിരം രൂപയ്ക്കിങ്ങനെ ജോലി ചെയുന്നു.

വൈകുന്നേരം   മാത്യു ജോർജിനോട് ചോദിക്കണം . കഴിഞ്ഞ മാനേജുമെന്റ് മീറ്റിംഗിൽ അയാളുടെ  കാര്യം അവതരിപ്പിച്ചു എന്നും മാത്യു പറഞ്ഞിരുന്നു.   ജോലി കിട്ടി  കഴിഞ്ഞിട്ട് വേണം ഒരു  'ഓൺ  സൈറ്റ് '   ഒപ്പിക്കുവാൻ . അയാൾക്ക്‌ താഴെ വന്നവർ എല്ലാവരും തന്നെ അമേരിക്കയും, യൂക്കെയിലും ഒക്കെ പോയി വന്നു കഴിഞ്ഞിരിക്കുന്നു .  ഒരു  തവണ  എങ്കിൽ ഒന്നു കടൽ കടക്കണം . അതിന്റെ ഒരു  ഗമ വേറെ തന്നെയാ .


ചപ്പാത്തിയും , കറിയും ഉച്ചയ്ക്ക്  കാന്റീനിൽ നിന്നും തട്ടുമ്പോൾ ആണ്   തോമസ്  അയാളെ   ഞെട്ടിക്കുന്ന ആ  വാർത്ത അറിയിച്ചത് .  മാത്യു ജോർജിനെ പിരിച്ചു വിട്ടിരിക്കുന്നു.  ടെണ്ടർ ഇടപാടിൽ  എന്തോ കൃത്രിമം അയാൾ കാണിച്ചു . അത് ക്ലയന്റ്  അറിഞ്ഞു.  പിന്നെയും എന്തൊക്കെയോ തോമസ് പറഞ്ഞു . അത് കേൾക്കുവാൻ ഉള്ള  മാനസിക അവസ്ഥയിൽ  ആയിരുന്നില്ല അയാൾ .

ഒരു പാട് പ്രതീക്ഷകൾക്കിടയിൽ നടന്നു മുന്നേറുകയായിരുന്നു അയാൾ.  ഇനി ഇപ്പോൾ അയാളുടെ  ജോലിയുടെ കാര്യം മാനേജുമെന്റിനോട് ആര് ധരിപ്പിക്കും.  അയാൾക്കാലോചിച്ചിട്ടു ഒരു എത്തും  പിടിയും കിട്ടിയില്ല.. ആകെക്കൂടി ഉണ്ടായിരുന്ന ഒരു  പിടിവള്ളി ആയിരുന്നു മാത്യു ജോർജ് . ഇപ്പോൾ അതും നഷ്ടപ്പെട്ടിരിക്കുന്നു.

അപ്പുറത്തു നിന്ന്  ശന്തനു ചോദിച്ചു.  "നീ വൈകുനേരം പാർട്ടിക്ക്  വരുന്നില്ലേ."   ഇന്നല്ലേ ചാണ്ടിയുടെ  പാർട്ടി . അവൻ ടീം ലീഡർ ആയി പ്രമോഷൻ കിട്ടിയതല്ലേ .

അപ്പോൾ അവൻ സുലോചനയുടെ വാക്കുകൾ ഓർത്തു.

  "നിന്റെ പ്രശ്നം പരിഹരിക്കുവാൻ കഴിയുന്ന ഒന്നാണെങ്കിൽ എന്തിനു നീ ഭയപ്പെടണം .  ഇനി അഥവാ പരിഹരിക്കുവാൻ കഴിയാത്ത പ്രശ്നം ആണെങ്കിൽ  എന്തിനു  അതെടുത്തു  വെറുതെ നെഞ്ചിൽ ഏറ്റണം"














.


2019, മാർച്ച് 18, തിങ്കളാഴ്‌ച

അന്തസ് (കഥ)




വൈകുനേരം വീട്ടിൽ എത്തിയപ്പോൾ തോന്നി ഭാര്യയുടെ മുഖം അത്ര പന്തിയല്ല എന്ന്. ഏതാണ്ട് കടന്നൽ കുത്തിയ പോലെ . വൈകുന്നേരങ്ങളിൽ  എന്തെങ്കിലും പറഞ്ഞു വിഴുപ്പ് അലക്കുന്നതു    അവളുടെ സ്ഥിരം സ്വഭാവം തന്നെയാണ് . ഞാൻ അത്ര കാര്യമാക്കുന്നില്ല എന്ന് കണ്ടപ്പോൾ ജയസുധ പറഞ്ഞു .

' ഇന്ന്  വലിയേച്ചി  വിളിച്ചിരുന്നു.'

ബിസ്കറ്റിൻ കഷ്ണം  വാലാട്ടി കാലിൽ മുട്ടിയിരിക്കുന്ന ടോമിക്ക് നൽകിയ ശേഷം  ഞാൻ അവളെ നോക്കി. അവൾ എന്തോ ഗൗരവമായ കാര്യം പറയുവാനുള്ള പുറപ്പാടിൽ ആണെന്ന് തോന്നി.  ബിസ്കറ്റ് മണപ്പിച്ചു ശേഷം ടോമി ഒന്ന് മുരണ്ടു.

' ഗോ ആൻഡ് പ്ലേയ് വിത്ത് റിനി ' ,  അവൾ ആജ്ഞാപിച്ചു . അവൻ   ഒന്ന് മുരണ്ട ശേഷം തല കുടഞ്ഞു വാൽ താഴ്ത്തി അകത്തേക്ക് പോയി. അവനു പേടിയുള്ളതു ജയയെമാത്രമാണ് .

'അരുണിന്റെ കാര്യം പറയുവാനാ  വല്യേച്ചിവിളിച്ചത് .'   

'അവന്  എന്ത് പറ്റി ഞാൻ ചോദിച്ചു '

അവൻ അമേരിക്കയിൽ ഏതോ കറുമ്പി പെണ്ണിനെ വിവാഹം കഴിക്കുവാൻ തീരുമാനിച്ചു . വെളുത്ത അമേരിക്കക്കാരിയെ വിവാഹം കഴിക്കുവാൻ തിരുമാനിക്കാത്തതോ , അതോ ഒരു കാപ്പിരിയെ വിവാഹം കഴിക്കുവാൻ തിരുമാനിച്ചതാണോ ജയയുടെ പ്രശ്നം എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചു. പക്ഷെ അവളുടെ സ്വഭാവം അറിയാവുന്ന കൊണ്ട് ഞാൻ മൗനം അവലംബിച്ചു.

'[പറയുമ്പോൾ വലിയ തറവാട്ടുകാരാ , എന്നിട്ടെന്താ കാർന്നോർമാരെ കണ്ടല്ലേ ഇളം തലമുറ പഠി ക്കുന്നത്.  അത് എനിക്കുള്ള കുത്തായിരുന്നു  എന്ന് മനസിലായി എങ്കിലും ഞാൻ അറിയാത്ത ഭാവം നടിച്ചു.   വലിയേച്ചി പറഞ്ഞത് നിങ്ങളോട് അവനെ ഒന്ന് ഉപദേശിക്കുവാനാ .  തറവാടിന്റെ പേര് കളഞ്ഞു കുളിക്കുവാൻ തന്നെയാണോ അവന്റെ തീരുമാനം . നമുക്കും മക്കൾ രണ്ടാ . ഇതെല്ലം കണ്ടല്ലേ അവരും പഠിക്കുന്നത് . '

ഞാൻ ഒന്നും മിണ്ടിയില്ല . അല്ലെങ്കിലും എന്ത് മിണ്ടാൻ .  ഇപ്പോഴത്തെ കുട്ടികൾ അല്ലെ  അവർക്ക് അവരുടേതായ    തീരുമാനങ്ങൾ ഉണ്ട് . എങ്കിലും ജയയോട് പറഞ്ഞു

' നാളെ അവനെ വിളിക്കുന്നുണ്ട് . അങ്ങനെ വിട്ടാൽ പറ്റുകയില്ലല്ലോ .'

അവൾ വീണ്ടും പറഞ്ഞു . 'കുറച്ചു നാൾ ആയി ഈ ബന്ധം തുടങ്ങിയിട്ട് .   ദാസേട്ടനും , വലിയേച്ചിയും കരുതിയത് അവൻ പിന്മാറും എന്ന് തന്നെയാണ് . പക്ഷെ എത്രയൊക്കെ പറഞ്ഞിട്ടും അവൻ അവളെ തന്നെ വിവാഹം കഴിക്കും എന്ന് ഉറച്ചു നിൽക്കുന്നു .  അവന്റെ താഴെ ഒരു പെണ്ണ് ഉണ്ടെന്നുള്ള ചിന്ത പോലും അവനില്ല. എല്ലാവര്ക്കും സ്വന്തം കാര്യം മാത്രം നോക്കിയാൽ മതിയല്ലോ.

ഇടയ്ക്കു കയറി ഞാൻ പറഞ്ഞു ' നോക്കട്ടെ ,    ഞാൻ  അവനെ വിളിക്കാം എന്ന് പറഞ്ഞുവല്ലോ.' അങ്ങനെ ആ സംഭവം അവിടെ കഴിഞ്ഞു.

അന്ന് രാത്രി കിടന്നു കഴിഞ്ഞിട്ടും എനിക്കുറക്കം വന്നില്ല.   അരുണിനെ
വിളിച്ചു വരും  വരായ്കകൾ  സൂചിപ്പിക്കണം എന്ന് തന്നെയാണ് ജയയും , വലിയേച്ചിയ്യും സൂചിപ്പിക്കുന്നത് .    ഇപ്പോഴത്തെ  കുട്ടികൾക്കു എന്ത് ജാതി . എന്ത് മതം .   അവർ സമ്പാദിക്കുന്നു.  അതുകൊണ്ടു തന്നെ സ്വയം
തീരുമാനങ്ങൾ എടുക്കുന്നു . അവനെ എന്തുപദേശിക്കുവാനാ .  കൊച്ചുകുട്ടിയൊന്നുമല്ലല്ലോ .  ഇതും ഒരു നിമിത്തം പോലെ എന്റെ തലയിൽ വന്നു  കയറിയിരിക്കുന്നു.  

എന്റെ ഓർമകൾ പിറകിലേക്ക് പോയി. ചന്ദ്രോത്തു  തറവാട് എന്ന വലിയ തറവാട്ടിൽ പിറക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായി . വലിയമ്മാവൻ പേര് എടുത്ത വക്കീൽ ആയിരുന്നു. അതുകണ്ട്  അമ്മയുടെ വയറ്റിൽ പിറന്ന നാല്  ആൺ സന്തതികളിൽ  ഏട്ടൻ ഒഴികെ എല്ലവരും തന്നെ വക്കീലോ , ജഡ്ജിയായോ ആയി  കോടതി മുറികളിൽ കയറി ഇറങ്ങി. .

 വലിയേച്ചിയെ വിവാഹം കഴിച്ച ദാസേട്ടനും , വനജെയെ  വിവാഹം കഴിച്ച വിദ്യാധരനും ഞങ്ങളുടെ കുടുംബത്തിന്റെ അന്തസ് കാത്ത് സൂക്ഷിച്ച കറുത്ത വക്കിൽ  കുപ്പായം അണിഞ്ഞു .  അങ്ങനെ മക്കളും , മരുമക്കളുമായി ആറോളം വക്കീലൻമാർ ഉള്ള വീടായി  ചന്ദ്രോത്തു തറവാട്.  ചില നേരം  വീട് ഒരു കോടതിയാകും . സാക്ഷി വിസ്താരവും , പ്രതി ഭാഗം വിസ്താരവും ഞങ്ങൾ തന്നെ നടത്തും .   അവസാന വിധി വലിയമാമ പ്രസ്താപിക്കും.

ചന്ദ്രോത്തു തറവാട് എന്ന പേരിനു പകരം വക്കാലത്തു തറവാട് എന്ന പേരിൽ  വീട് അറിയപെടുവാൻ തുടങ്ങിയിരിക്കുന്നു.   പക്ഷെ എവിടെയും ഒരു പുകഞ്ഞ കൊള്ളിയുണ്ടാകുമല്ലോ .  അതായിരുന്നു ഏട്ടൻ . എപ്പോഴും വിസ്താര കൂട്ടിലെ പ്രതിയാകാനുള്ള ഭാഗ്യമോ , ദൗർഭാഗ്യമോ സിദ്ധിച്ച വ്യക്തികുട്ടിയായിരുന്നു ഏട്ടൻ.

ആ തറവാട്ടിലെ മൂത്ത മകനായി  പിറക്കുവാനുള്ള  ഭാഗ്യം  വിക്രമൻ നമ്പ്യാർ എന്ന എന്റെ ഏട്ടനായിരുന്നു . പക്ഷെ അവിടെകൊണ്ടു ഏട്ടന്റെ ഭാഗ്യം അവസാനിക്കുകയായിരുന്നു . പത്താം ക്ലാസ് മുഴുമിപ്പിക്കുവാൻ ഏട്ടന്  കഴിഞ്ഞില്ല.  ആ വീട്ടിൽ ഏട്ടന് ശേഷം പിറന്നവർ  ഹൈ സ്‌കൂളും ,    കോളേജിലും      പോയെങ്കിലും   ഏട്ടന്റെ ലോകം  നാലുകെട്ടും , അമ്പലപ്പറമ്പും, പിന്നെ കവലയിലുമായി ഒതുങ്ങി.

വിക്രമൻ പൊട്ടനായിരുന്നു അത്രേ !  മറ്റാരിൽ നിന്നുമായിരുന്നില്ല  ആ കണ്ടുപിടുത്തം ഉണ്ടായത് . അത്   ആദ്യം പറഞ്ഞത് അമ്മ തന്നെയായിരുന്നു .
അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് . ' ഈ തറവാട്ടിൽ പണ്ടൊന്നും ഒരു പൊട്ടൻ വന്നു പിറന്നിട്ടില്ല. ഇപ്പോൾ അതും ഉണ്ടായി. !

പഠിക്കുവാൻ മിടുക്കൻ ആയിരുന്നില്ല എന്നതൊഴിച്ചാൽ ഏട്ടനു വേറെ ഒരു തകരാറും ഉണ്ടായിരുന്നതായി എനിക്കറിവില്ല. പക്ഷെ എന്നിട്ടും വിക്രമൻ പൊട്ടനായി . ആദ്യമാദ്യം തൊടിയും, പറമ്പും മാത്രമായിരുന്നു ഏട്ടന്റെ ലോകം. കൃഷി ഇറക്കുവാനും, ഞാറു നടാനും,  വൈക്കോൽ കറ്റ  മെതിക്കുവാനും , കന്നിന്  വെള്ളം കൊടുക്കുവാനും, പണിക്കാരോടൊപ്പം ഏട്ടനും കൂടി .  അമ്മയെയും , അമ്മാവനെയും ധിക്കരിച്ചു ഏട്ടൻ അവരുമായി സഹകരിച്ചു . അവരിൽ ഒരാളായി ,  അവരുമായി തമാശകൾ പങ്കിട്ടു. അവരുടെകൂടെ  ആഹാരം കഴിച്ചു . പണ്ട് തൊട്ടേ കോൺഗ്രസ് പാരമ്പര്യം പേറുന്ന കുടുംബത്തിൽ വിപ്ലവബോധം പേറുന്ന ഒരു കമ്മ്യൂണിസ്റ് ആയി ഏട്ടൻ മാറിയോ.  വിക്രമൻ നമ്പ്യാർ എന്ന എന്റെ ഏട്ടൻ അങ്ങനെയൊന്നും ചിന്തിച്ചിരിക്കുവാൻ വഴിയുണ്ടാകില്ല. കാരണം ഏട്ടൻ ഒരു പൊട്ടനായിരുന്നല്ലോ .

നാട്ടിൽ എവിടെയെങ്കിലും കല്യാണമോ , അടിയന്തിരമോ ഉണ്ടെങ്കിൽ അവിടെ വിക്രമൻ ഉണ്ടാകും. അവരിൽ ഒരാൾ ആയി . സ്വന്തം ശരീരം   കൊണ്ട് തന്നാൽ കഴിയുന്ന ഏതു ഉപകാരവും ഏട്ടൻ ചെയ്യുമായിരുന്നു.
നാട്ടിൽ ഒരൊറ്റ സദ്യ പോലും വിക്രമന്റെ ദേഹണ്ണം  കൂടാതെ നടന്നിട്ടുണ്ടാകില്ല. തേങ്ങാ ചിരുകുവാനും,  പപ്പടം കാച്ചുവാനും,  ഉപ്പേരിക്ക് കഷ്ണം മുറിക്കുവാനും ഏട്ടൻ  കൂടുമായിരുന്നല്ലോ. ഏട്ടനുണ്ടാക്കുന്ന പായസ   പ്രഥമൻ   കേമമായിരുന്നു  ഇപ്പോഴും അതോർക്കുമ്പോൾ    നാവിൽ വെള്ളം ഉതിരും.  എന്നാലും താണ ജാതിക്കാരുമായി തായം കളിച്ചു നടക്കുന്ന  കൂട്ടുകെട്ട് ആർക്കും അത്ര പിടിച്ചില്ല.

 അമ്മയും, അമ്മാവനും    ശകാരിച്ചു,  ഞങ്ങൾ ഇളമുറക്കാരും   ഏട്ടനെ ഉപദേശിച്ചു. പക്ഷെ ഞങ്ങളോട് മറുപടി പറയുവാൻ പോലും ഏട്ടൻ മെനക്കെട്ടില്ല. 'അമ്മ പറയുമായിരുന്നു  ഉഴുവാൻ പോകുന്ന പോത്തുമായിട്ടല്ലേ അവന്റെ  സഹവാസം .  പിന്നെ എങ്ങനെ നന്നാവും.  ആ പരിഹാസം ഏറെക്കുറെ ശരിയായിരുന്നു.  പോത്തിനെപോലെ കുളത്തിൽ എത്ര നേരം വേണമെങ്കിലും ഏട്ടൻ ചിലവഴിക്കുമായിരുന്നു.

വീട്ടുകാർക്ക് മുന്നിൽ വിലയുണ്ടാകില്ല എന്നറിഞ്ഞിട്ടും  ഏട്ടൻ  ഒരു പരാതിയും പറഞ്ഞറിവില്ല.  ചേച്ചിയെ  പെണ്ണുകാണാൻ   ദാസേട്ടൻ  വന്നപ്പോൾ വീട്ടിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാനുള്ള ഔചിത്യം ഏട്ടൻ കാണിച്ചു.

അന്ന്അ അമ്മ പറയുന്ന  കേട്ടു..  'അവനു  വകതിരിവില്ല എന്ന് ആരാ പറഞ്ഞത് .'    ഇങ്ങനെയൊക്കെ  ആണെങ്കിലും  കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലവരും ഏട്ടനെ പാടെ വിസ്മരിച്ചു . അവിടെ ആർക്കും ആവശ്യമില്ലാത്ത, എടുക്കാത്ത നാണയം പോലെയായി ഏട്ടൻ.

ഒരു ചിങ്ങത്തിൽ ഞാൻ വിവാഹിതനായി . ജയസുധ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. അതിനു ശേഷവും തറവാട്ടിൽ വിവാഹം നടന്നു. അനുജത്തിമാരുടെയും , അനുജന്റെയും .. ഒടുവിൽ ആ പ്രായത്തിൽ സംബന്ധം   കഴിയാത്ത ഏക വ്യക്തിയായി ഏട്ടൻ മാറി ഞങ്ങളുടെ നാട്ടിൽ .

ആ പാവത്തിന്റെ  മുഖത്തു വിഷാദത്തിന്റെ കരിനിഴൽ പതിഞ്ഞു. ചിലപ്പോൾ എങ്കിലും ഏട്ടൻ ചിന്താധീനനായി. പക്ഷെ ആരോടും തന്റെ സങ്കടങ്ങളുടെ കെട്ടുകൾ ഏട്ടൻ അഴിച്ചില്ല. കാരണം ഏട്ടൻ മണ്ടനായിരുന്നല്ലോ .

അതിനിടയിൽ ചിലരൊക്കെ അമ്മയോട് ഏട്ടന്റെ വിവാഹക്കാര്യം തിരക്കി. അപ്പോഴെല്ലാം അമ്മ മറുപടി പറയുന്നത് കേട്ടിട്ടുണ്ട് .

'വിക്രമന് വിവാഹമോ ..അവനു അതൊന്നും ആവശ്യമില്ല.'

പക്ഷെ ഒരു ദിനം ഏട്ടൻ തന്നെ അയാളുടെ വിവാഹക്കാര്യം   എടുത്തിട്ടു. അപ്പോഴേക്കും ഏട്ടന്   നാൽപ്പതു കഴിഞ്ഞിരുന്നു.   എങ്ങനെയോ ആ  വാർത്ത വലിയമ്മാമയുടെ ചെവിയിലും എത്തി.

ഞാൻ ഇപ്പോഴും ഓർക്കുന്നു . അന്ന് വലിയമ്മാമമായും , കൂട്ടുകാരും കുട്ടി വട്ടമിരുന്നു അമ്പത്തിയാറു കളിക്കുകയായിരുന്നു. മെതിച്ച കറ്റയും കൊണ്ട് പശുവിനെ തീറ്റിക്കുവാനായി  മുറ്റത്തുകൂടെ പോകുന്ന ഏട്ടനെ വലിയമ്മാമ്മ കൈ കൊട്ടി വിളിച്ചു.

' വിക്രമാ , ഒന്നിവിടം  വരെ വരിക.'

ഒരു മരകുറ്റിയിൽ  കിടാവിനെ  കെട്ടിയ ശേഷം  ചെളി പിടിച്ച ശരീരവുമായി ഏട്ടൻ   വലിയമ്മാമയുടെ മുന്നിലേക്ക് വന്നു. .

'നിനക്കു സമ്മന്തം വേണം അല്ലെ? '

അവിടെ ഇരിക്കുന്നവർ കേൾക്കുവാനായി അമ്മാവൻ ചോദിച്ചു. ഇവന് ഇപ്പോൾ വിവാഹം വേണമത്രേ .  മുറുക്കി ചുവന്ന ചിറി  തോർത്തുകൊണ്ട് തുടച്ചശേഷം അമ്മാവൻ ചുറ്റുമുള്ളവരെ നോക്കി പറഞ്ഞു.

'എന്തിനാ നിനക്കു സമ്മന്തം ...-?'

കാരണവർ വീണ്ടും ചോദിക്കുകയാണ് . അമ്മാവന്റെ  ചുണ്ടിൽ അസ്പഷ്ടമായ ഒരു പുഞ്ചിരി ഊറി നിന്നിരുന്നു.

ഏട്ടൻ അക്ഷോഭ്യനായി നിന്ന് മറുപടി പറഞ്ഞു.  അമ്മാവൻ  വിവാഹം ചെയ്തില്ലേ?  എന്റെ അനുജന്മാർക്കും വിവാഹം ആകാം എന്നുണ്ടെങ്കിൽ എനിക്കും മാത്രം  വിവാഹം നിഷിദ്ധം ആകുന്നതു എങ്ങനെ ?

ആ ഒരു ചോദ്യം അമ്മാവൻ പ്രതീക്ഷിച്ചില്ല.  കൊടതീയിൽ  പ്രതികളെ കീറി വലിക്കാറുള്ള അദ്ദേഹത്തിന്റെ ശിരസ്  മറ്റുള്ളവരുടെ മുമ്പിൽ  താഴ്ന്നു..

അത് കേട്ടപ്പോൾ  'അമ്മ പറഞ്ഞു
'ഏട്ടനോട്  തർക്കുത്തരം പറയുവാൻ മാത്രം
 നീ വളർന്നോ ..  എന്റെ   കർമ്മദോഷം .  മാപ്പ്  പറയടാ ഏട്ടനോട് . പക്ഷെ ഏട്ടൻ മാപ്പു പറയാനൊന്നും നിന്നില്ല. പശുവിനെ കെട്ടഴിച്ചിട്ടു തീറ്റിക്കുവാൻ കൊണ്ടുപോയി.

കാലം കടന്നു പോയി. അതിനിടയിൽ നാട്ടുകാർ  ഏട്ടനെ കളിയാക്കുവാൻ തുടങ്ങി 'എന്നാ  വിക്രമാ  നിന്റെ  കല്യാണം '  അതിനിടെ മകരവും, കുംഭവും പലതവണ വന്നു പോയി. പക്ഷെ ഏട്ടന്റെ കല്യാണം മാത്രം ഗണപതി കല്യാണം പോലെ നീണ്ടു നീണ്ടു അങ്ങനെ  പോയി.  എനിക്കറിയാമായിരുന്നു ഏട്ടന്റെ വിവാഹം നടക്കുവാൻ പോകുന്നില്ല എന്ന്.

പക്ഷെ തറവാട്ടു മഹിമയും , ബന്ധു മഹിമയും ഒന്നുമില്ലാത്ത ഒരു വീട്ടിൽ നിന്നും ഏട്ടൻ വിവാഹം കഴിച്ചു.     ഒരു പുരുഷനെപ്പോലെ പെണ്ണിനെ വീട്ടിൽ കൊണ്ട് വരുന്നതിനു പകരം ഏട്ടൻ അവരുടെ വീട്ടിൽ പോയി താമസിച്ചു.  അതും  വാണിയൻ  വേലുവിന്റെ   പെങ്ങളെ .

നാലുകെട്ടും , പടിപ്പുരയും  ഒന്നും ഇടിഞ്ഞു വീണില്ല. അത് സംഭവിക്കും എന്ന് ഞങ്ങൾ കരുതിയിരുന്നു. പക്ഷെ ഒന്നുമുണ്ടായില്ല.

ഞങ്ങൾ മക്കളും, മരുമക്കളും  കൂടി ഇരുന്നാലോചിച്ചു .  പല പല അഭിപ്രായം പറഞ്ഞു.    പക്ഷെ ആർക്കും  വ്യക്തമായ ഒരുത്തരം നൽകുവാൻ  കഴിഞ്ഞില്ല.  അതിനുത്തരം ഉണ്ടായിരുന്നില്ല.  മനുഷ്യർക്ക്‌  തലയുയർത്തി നടക്കുവാൻ ആകുന്നില്ല.' ഏട്ടനെ അനുകൂലിച്ചിരുന്ന  ഇളയ  അനുജത്തി വനജ പോലും ചോദിച്ചു.

'ഏട്ടൻ  ഇത് എന്ത് ഭാവിച്ചാ ? '

അങ്ങനെ ഒരുത്തൻ ഈ തറവാട്ടിൽ ജനിച്ചിട്ടില്ല എന്ന് കരുതുവാൻ അമ്മാവൻ നിർദേശിച്ചു. മാത്രവുമല്ല ജീവിച്ചിരിക്കുമ്പോൾ തന്നെ പുലകുളിയും  വാശിക്കാരനായ  കാരണവർ  നിർവഹിച്ചു. ആരും അതിനു എതിര്  പറയുവാൻ നിന്നില്ല.  'അമ്മ പോലും . അല്ലെങ്കിലും വലിയമ്മാമ്മയുടെ തീരുമാനം അതെന്തായാലൂം  അന്തിമമായിരുന്നു.


പക്ഷെ ഏട്ടന് കുലുക്കമുണ്ടായിരുന്നില്ല.  പണ്ടത്തെപ്പോലെ തന്നെ വിക്രമൻ  ജീവിച്ചു. ദേഹണ്ണത്തിന് സഹകരിച്ചും, മാങ്ങാ കറിയും, നാരങ്ങാ കറിയും , പുളിയിഞ്ചിയും ഉണ്ടാക്കിയും  , അവ തെരുവിൽ വിറ്റും ഏട്ടൻ ആ കുടുംബം പുലർത്തി . അഞ്ചു സെന്റ് ഉണ്ടായിരുന്ന ആ കുടിയിൽ അയാൾ പൊന്നു വിളയിപ്പിച്ചു.  ആരോടും കൈ നീട്ടാതെ  കൂലി  കണക്കു പറഞ്ഞു മേടിച്ചു. അന്നെനിക്ക് മനസിലായി ഏട്ടൻ  പൊട്ടനായിരുന്നില്ല എന്ന് . എതിർപ്പുകളെ വെല്ലുവിളിയോടെ  നേരിടുവാനുള്ള ധൈര്യമുള്ള  മനസിന്റെ ഉടമയായിരുന്നു ഏട്ടൻ എന്ന്.

അതിനിടയിൽ  എപ്പോഴോ അമ്മയ്ക്ക് ഒരു   മനംമാറ്റം . ഏത്രയായാലും  പെറ്റ വയറല്ലേ .

'അവനു ആരോ കൂടോത്രം ചെയ്യിച്ചതാ ..   നിങ്ങൾ ചെന്ന് വിളിച്ചാൽ അവൻ വീണ്ടും വരും. '

അങ്ങനെ  വിക്രമനെ വിളിക്കുവാൻ  കാര്യസ്ഥൻ ശങ്കരൻ നായരേ പറഞ്ഞുവിട്ടു.    വേലിക്കരികിൽ നിന്ന് വിക്രമൻ  അയാളോടായി പറഞ്ഞു .   പുകഞ്ഞ കൊള്ളി പുറത്താന്നല്ലേ നായരെ .  ഇനി  എന്നും അങ്ങനെയിരിക്കട്ടെ . വേണം എന്ന് വച്ചാൽ   എന്നെ കാണേണ്ടവർക്ക്  ഇങ്ങോട്ടേക്കു വരാം ,   ഈ കുടി യിലേക്കു .
ഏട്ടന്റെ മനം മാറ്റം കണ്ടപ്പോൾ അമ്മ  പറഞ്ഞു.

'അവൾ കൈവിഷം കൊടുത്താ . എന്ത് പാവമായിരിക്കുന്ന ചെക്കനാ , ദേ  കണ്ടില്ലേ ഒരു മാറ്റം.  അമ്മ മൂക്കത്തു വിരൽ വച്ചു'

അങ്ങാടിയിൽ വച്ച്    പുതിയ തൂമ്പായും വാങ്ങി വരുന്ന ഏട്ടനെ  ഞാൻ കണ്ടു.

ഞാൻ പറഞ്ഞു . 'ഏട്ടൻ വീട്ടിലേക്കു വരണം . ഏട്ടന് വേറെ വിവാഹം ഞങ്ങൾ നടത്തി തരാം ."

ഏട്ടന്റെ മുഖം ചുവന്നു. എന്നെ അടിക്കുമോയെന്നു  ഞാൻ ഭയന്നു .

'അവൾ എന്റെ ഭാര്യയാണ് . അവളെ ഉപേക്ഷിക്കണം എന്നാണോ നീ പറയുന്നത്.  ഞാൻ പറഞ്ഞാൽ നീ ജയയെ ഉപേക്ഷിക്കുമോ '

ഞാൻ  വീണ്ടും പറഞ്ഞു . 'നമ്മുടെ തറവാടിന്റെ അന്തസ് .'

ഏട്ടൻ പൊട്ടി തെറിച്ചു . 'എന്ത് തറവാട്. എന്നെ  പിണ്ഡം വച്ച് പുറത്താക്കിയതല്ലേ . ഒരു തറവാട് .  ഫു! '    ഏട്ടൻ കാർക്കിച്ചു നീട്ടി തുപ്പി.

പിന്നെ അന്തസോടെ  തൂമ്പായും  തോളിലേറ്റി തിരിഞ്ഞു നടന്നു.










   








2019, മാർച്ച് 14, വ്യാഴാഴ്‌ച

ബന്ധനം





റീനയുടെ നിർബന്ധത്തിനു വഴങ്ങുവാൻ അയാൾ നിശ്ചയിച്ചു . വസ്തുക്കൾ എല്ലാം വില്കാം . അല്ലെങ്കിൽ അതവിടെ കിടന്നിട്ട് ആർക്കു പ്രയോജനം . വസ്തുക്കളെക്കാളും വലുതാണല്ലോ വീട്ടിലെ സമാധാനം .

അവൾ പറയുന്നതിലും കാര്യമില്ലേ ? ഫ്‌ലോറിഡയിൽ ഒരു വീട്  കുടി വേണം എന്നത് ഒരു ആവശ്യം തന്നെയല്ലേ ? എത്ര നാളായി ഇങ്ങനെ വാടക കൊടുത്തു കഴിയുന്നു . താൻ കഴിഞ്ഞു വന്നവർ പോലും വീട് വാങ്ങുകയോ, വയ്ക്കുകയോ ചെയ്തു. അപ്പോഴൊന്നും അങ്ങനെ തോന്നിയില്ല . തന്റെ വേരുകൾ നാട്ടിലാണ് . തിരിച്ചു പോയെ മതിയാകു . എന്ന തോന്നൽ ഉണ്ടായിരുന്നോ ? പക്ഷെ ഇപ്പോൾ എല്ലാം തകിടം മറഞ്ഞിരിക്കുന്നു .

അച്ഛൻ മരിച്ചപ്പോൾ പോലും നാട്ടിൽ പോയില്ല . . കുട്ടുകാരൊത്ത്‌ മദ്യപിച്ചു എന്ന  കാരണത്തിൽ അച്ഛൻ അടിച്ച അടിയുടെ പാട്ടുകൾ ഇപ്പോഴും മുഖത്തും , പുറത്തുമുണ്ട് .

" എനിക്ക് നിന്നെ കാണേണ്ട , എങ്ങോട്ടെങ്കിലും പൊക്കോ "   എന്ന വാക്കുകൾ . അച്ഛനോട് പകയായിരുന്നു. ആ പക വളർത്തി ഇവിടം വരെ കൊണ്ടാക്കി . ഇപ്പോൾ കാറുണ്ട്, നല്ല ജോലിയുണ്ട് , അമേരിക്കയിൽ ....അങ്ങനെ പറയുവാൻ ഒരുപാടുണ്ട് . എല്ലാം നേടിയിട്ട്  അച്ഛന്റെ മുമ്പിൽ ചെല്ലണം എന്ന് തന്നെയായിരുന്നു ആഗ്രഹം . പക്ഷെ അച്ഛൻ തോല്പിച്ചു കളഞ്ഞു .


ഭവാനിയോട് അച്ഛന് സ്നേഹക്കൂടുതൽ ഉണ്ടായിരുന്നോ . ഉണ്ടായിരിക്കാം . അവൾ തന്നെപോലെ ആയിരുന്നില്ല . നന്നായി പഠിക്കും . അമ്മ നിത്യ രോഗി ആയിരുന്നതിനാൽ അവൾ തന്നെ രാവിലെ എഴുനേറ്റു അടുക്കള പണി ചെയ്യും . കിണറ്റിൽ നിന്നും വെള്ളം കോരി കൊടുക്കുക മാത്രമായിരുന്നു തന്റെ ജോലി . അതും അച്ചനാണ് ചെയ്തിരുന്നത് . കൂട്ടുകൂടി , ചീട്ടും  കളിച്ചു അമ്പല  പറമ്പുകളിൽ ഉത്സവം കണ്ടു നടക്കുമ്പോൾ അച്ഛൻ ഗുണദോഷിക്കും . "ഇങ്ങനെ കാള കളിച്ചു നടക്കാതെ സ്വന്തം കാലിൽ നിൽക്കുവാൻ നോക്കു .  ശശിയും , രമണനും , എല്ലാം അവരുടെ  അവരുടെ കാര്യം നോക്കി പോകും . നീ കഥയില്ലാത്തവൻ ആണ്. എന്തെങ്കിലും നാലക്ഷരം പഠിച്ചു ഒരു ജോലി സമ്പാദിക്കുവാൻ നോക്കു"


എയർപോർട്ടിൽ നിന്നും ടാക്സി പിടിച്ചു വീട്ടിലേക്കു പോകുമ്പോൾ ഓർത്തു . വലിയ മാറ്റമൊന്നുമില്ല. വരുന്നതിനു മുമ്പേ ഭവാനിയെ വിളിച്ചു. അവൾ ഇപ്പോൾ ഭർത്താവിന്റെ കുടെ  ദുബായിൽ ആണ്. അവളുടെ ഭർത്താവിന് അവിടെ ഏതോ എണ്ണ കമ്പനിയിൽ ആണ് ജോലി . ഉയർന്ന ഉദ്യോഗംതന്നെയാണ് എന്നാണ് കേട്ടിരിക്കുന്നത് .

വല്ലപ്പോഴും ഒരുക്കൽ ശശിയെ വിളിക്കും. അവൻ ഇപ്പോൾ ഒരു  പലചരക്കു കട  നടത്തുന്നു . അവൻ ഇപ്പോഴും സന്തോഷവാനാണ് . ഉത്സവവും , നാട്ടുകാര്യം  നോക്കി അവൻ നടക്കുന്നു . വിവാഹം കഴിഞ്ഞു രണ്ടു കുട്ടികളുമായി.  രമണൻ  പട്ടാളത്തിൽ ചേർന്നു . അവനും ഇടയ്ക്കു വിളിക്കും. പക്ഷെ താൻ മാത്രം ഒരു നിശ്ചിത അകലം പാലിച്ചു അവരിൽ നിന്നും.

ദുരെ നിന്നും അമ്പലം കണ്ടു . അവിടെ പറമ്പു  പഴയ പോലെ  തന്നെ ശൂന്യമായി കിടപ്പുണ്ട്. ഉത്‌സവ സമയത്തു രാത്രിയിൽ ഇവിടം  നിറഞ്ഞു കവിയും.  ഗാനമേളയും, ബാലെയും , കഥാപ്രസംഗവും അങ്ങെനെ ഒരു പാട് കലാ  പരിപാടികൾ . ക്‌ളാസിൽ കുടെ  പഠിക്കുന്ന അനിതയും, രമയും, മോഹിനിയും, വന്ജയും അങ്ങനെ എല്ലാവരും അണിഞ്ഞൊരുങ്ങി  ഉത്സവത്തിനു  വരും.  മഞ്ഞയും, ചുവപ്പും, പച്ചയും അങ്ങനെ വിവിധ വർണങ്ങൾ ചാലിച്ച ഉടുപ്പും,  പാവാടയും അണിഞുകൊണ്ട്. അവരുടെ ഇടയിലൂടെ മുട്ടി ഉരുമി നടക്കുവാൻ ഒരു സുഖം ' അതോർത്തപ്പോൾ അയാളുടെ ഉള്ളിൽ ഒരു ചിരി വിടർന്നു. അതിനിടയിലൂടെ കപ്പലണ്ടിയും കൊറിച്ചു ശശിയും , താനും രമണനും .

അമ്പലപ്പറമ്പ് കണ്ടപ്പോൾ വീണ്ടും ആ പഴയ സംഭവം ഓർമയിലേക്ക് തികട്ടി വന്നു. ഇവിടെ വച്ചാണ് അച്ഛൻ പൊതിരെ തല്ലിയത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ  താൻ മാത്രം കഷ്ടിച്ച് ജയിച്ചു  ശശിയും , രമണനും തോറ്റു . അവരുടെ ദുഃഖത്തിൽ  പങ്കുചേർന്നു താനും കൂടി . ആദ്യമായി മദ്യപിച്ചതു   ഈ പറമ്പിൽ വച്ചായിരുന്നു. അവരുറെ  സങ്കത്തിൽ  പങ്കു ചേർന്നു .   രമണൻ ആണ് ചാരായം സംഘടിപ്പിച്ചത് . കുപ്പിയിൽ നോക്കിയാൽ വെള്ളം പോലെ തോന്നും.

ആദ്യമായി ഇറക്കുമ്പോൾ നെഞ്ച് മുഴുവനും കത്തുന്ന പോലെ തോന്നി. സാവധാനം പതിയെ ഇറങ്ങുമ്പോൾ ഉള്ള ആ എരിച്ചിൽ . ഹോ ..കുടിച്ചു ബോധം പോയി അവിടെ  അംബല  പറമ്പിൽ കിടക്കുകയായിരുന്നു.  നാട്ടുകാർ ആരോ അച്ഛനെ വിവരം അറിയിച്ചു.

" എടാ "   എന്ന് അച്ഛൻ വിളിച്ചതും , പുപ്പരതിയുടെ വടി  കൊണ്ട് അച്ഛൻ അടിച്ചതും. എല്ലാം ഓർമയിൽ ഉണ്ട് .  അല്ലെങ്കിൽ അതെങ്ങനെ മറക്കുവാൻ കഴിയും. ആ സംഭവം ആണല്ലോ ജീവിതത്തെ ഗതി മാറ്റി ഒഴുക്കി വിട്ടത്‌ .
"എനിക്ക് നിന്നെ ഇനി കാണേണ്ട എന്ന് അച്ഛൻ പറഞ്ഞപ്പോൾ " അതിലും വലിയ വാശി ആയിരുന്നു .  അമ്മയുടെ വാക്കുകൾ അച്ഛൻ ചെവി കൊണ്ടില്ല. .അച്ഛന് വേണ്ടെങ്കിൽ തനിക്കും വേണ്ട . അല്ലെങ്കിൽ ആരിരിക്കുന്നു ഈ നാട്ടിൽ .  അന്നൊടിയ ഓട്ടം, ഇവിടെ എല്ലാം കൊണ്ടെത്തിച്ചു.  മദിരാശിയിൽ, മംഗലാപുരത്തു ,  ഗോവയിൽ , ശ്രീ ,ലങ്കയിൽ  പിന്നെ അവസാനം അമേരിക്കയിൽ. ശ്രീലങ്കയിൽ കപ്പലിൽ  പണിക്കാരനായി ജോലി കിട്ടി.


കപ്പിത്താൻ തന്നെയാണ് പറഞ്ഞത് . നിനക്ക് രക്ഷപെടുവാനുള്ള ഒരവസരം . വേണമെങ്കിൽ ഇവിടെ ഇറങ്ങാം .   പിടി കൊടുക്കാതെ  കുറച്ചു നാൾ കഴിഞ്ഞാൽ രക്ഷപെടാൻ കഴിയും. എന്തും നേരിടുവാൻ കഴിവുള്ള പ്രായം . ധൈര്യം മാത്രമായിരുന്നു കൈമുതൽ.  അങ്ങനെ കുറച്ചു വര്ഷം  കഴിഞ്ഞു പിടി  കൊടുക്കാതെ .  

കുറച്ചു വര്ഷം കഴിഞ്ഞാൽ നിനക്ക് തന്നെ പാസ്സ്പോര്ട്ടും , വിസയും എല്ലാം ഒപ്പിക്കാം . അങ്ങനെയായിരുന്നു  അയാളുടെ ദീർഘ വീക്ഷണം . അത് ശരിയായി.  ഇപ്പോൾ താനും ഒരു പകുതി അമേരിക്കൻ പൗരനായി . അതിനിടയിൽ റീനയുമായി വിവാഹം . ക്രിസ്ത്യാനി ആണെന്നും നോക്കിയില്ല. ഒരു കുട്ടു വേണം എന്ന് തോന്നി . അവൾക്കും അത് തന്നെ   ആയിരുന്നു വേണ്ടിയിരുന്നത് . പിന്നെ ആവശ്യത്തിന് പണവുംണ്ട് , അങ്ങനെ നേഴ്‌സായി അവൾ തന്റെ ജീവിത സഖിയായി .  ആംഗ്ലോ ഇന്ത്യൻ പെണ്ണായ അവളുടെ രീതിയുമായി ഒരിക്കലും ഒത്തു പോകുവാൻ കഴിഞ്ഞില്ല . പക്ഷെ അവൾ തന്നെ വിട്ടു പോകില്ല എന്നറിയാം . സ്നേഹം കൊണ്ടല്ല . താൻ സമ്പാദിക്കുന്നത് പോലെ അവൾ ജോലി ചെയുന്ന ഹോസ്പിറ്റലിലെ ഡോക്ടർ പോലും സമ്പാദിക്കുന്നുണ്ടാവില്ല . അതവൾക്കു നന്നായി അറിയാം. എന്നാലും മനസമാധാനം തരികയില്ല. അതാണല്ലോ ഇപ്പോൾ ഇങ്ങനെ ചാടി പുറപ്പെട്ടിരിക്കുന്നത് .


ഇടവഴിയിലൂടെ കടന്നു പോയപ്പോൾ എവിടേക്കു പോകണം എന്ന സംശയം ഉണ്ടായില്ല . ശശിയുടെ വീട്ടിലേക്കു വഴി പറഞ്ഞു കൊടുത്തു. ഭവാനി താക്കോൽ അവനെ ഏല്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ശശി ആകെ മാറിയിരിക്കുന്നു . തടിച്ചു കുറുകി ,  മുടിയെല്ലാം പോയി . ഒരു വയസ്സൻ . അപ്പോൾ താനോ

വീട് തുറന്നു അകത്തു കയറി.  പഴയതാണെങ്കിലും ഇപ്പോഴും കുഴപ്പമില്ലാതെ ഇരിക്കുന്നു. അച്ഛൻ പണി കഴിപ്പിച്ച വീട് . മുന്ന് മുറിയും, അടുക്കളയും, പൂജ മുറിയും ഉള്ള വീട് . മുരുകന്റെയും, ഗണപതിയുടെയും , ലക്ഷ്മിയുടെയും ചിത്രം ചുവരിൽ  തൂക്കി ഇട്ടിരിക്കുന്നു.


വളരെ നേരം അയാൾ പുഴയിലെ വെള്ളത്തിൽ കിടന്നു. ആറ്റിലെ സുദീർഘമായ ഒരു കുളിയുടെ സുഖം റീനയ്‌ക്കു എന്നെങ്കിലും ആസ്വദിക്കുവാൻ ആകുമോ?  പണ്ടത്തെ ഒരു പരസ്യം ഓർമ വന്നു. " യു ഡോണ്ട് നോ റിയലി വാട്ട് യു ആർ മിസ്സിംഗ്". വീടും , പറമ്പും വിറ്റാൽ ഈ സുഖം നഷ്ടപ്പെടും.ഇവിടെ വെള്ളത്തിൽ നീന്തി തുടിച്ച തനിക്കു  ആ നഷ്ടം ദുർവാഹമായി തോന്നുകയില്ലേ ?. എത്ര വലിയ സ്വിമ്മിങ് പൂളിലായാലും ഈ സുഖം ലഭിക്കുമോ? വീടും , പറമ്പും വിറ്റാലും ഇവിടേക്ക് ഇനിയും വരുമോ? തോന്നുന്നില്ല . അതിനൊക്കെ  എവിടെ സമയം .

നോക്കെത്താ ദൂരത്തോളം പുഴ,     എവിടെ  കുളിച്ചാലും ഈ സുഖം അനുഭവിക്കുവാൻ കഴിയുമോ. മുങ്ങി തപ്പിയാൽ ഉരുളൻ കല്ലുകൾ പെറുക്കി എടുക്കാം ഒരു കൊച്ചു കുട്ടിയെ പോലെ ആനന്ദം അനുഭവിക്കുവാൻ കഴിയുന്നു.

പണ്ടൊക്കെ പുഴ മുറിച്ചു അക്കരയ്ക്കും, പിന്നെ  ഇക്കരയ്ക്കും നീന്തുവാൻ കഴിയുമായിരുന്നു.     ഇപ്പോൾ സാധിക്കുകയില്ല. ഇനി ഒട്ടു അങ്ങനെ ചെയുവാൻ കഴിയുമെന്നും തോന്നുന്നില്ല. റീനയ്‌ക്കു നീന്തുവാൻ അറിയുമോ . ഇത്ര നാളായിട്ടും അവൾ നീന്തുന്നത് കണ്ടിട്ടില്ല. സ്വിമ്മിങ് പൂളിൽ ബിക്കിനിയിട്ടു പോത്തിനെ പോലെ കിടക്കുന്നത്  കണ്ടിട്ടുണ്ട്.

തിരിച്ചു നടക്കുമ്പോൾ . കാറ്റ് അടിച്ചു. അയാൾക്ക്‌ വല്ലാത്ത കുളിരു തോന്നി. തൊഴുത്തും, പൊട്ട കിണറും കടന്നു അയാൾ  വീട്ടിലേക്കു നടന്നു .

അച്ഛന്റെ കയറു കട്ടിലിൽ കിടക്കുമ്പോൾ വീണ്ടും അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ മുന്നിൽ വന്നു. ഓര്മവെച്ച നാൾ മുതൽ കർശനമായ നിയന്ത്രണം ഉണ്ടായിരുന്നു. ഞായറാഴ്‍കളോട് ഭയങ്കര വിരോധം ആയിരുന്നു.  അന്ന് അച്ഛന് ഗുമസ്ത പണിക്കു പോകേണ്ടതില്ല. ശശിയും, രമണനും വരെ ഞായറാഴ്ച്ചകളിൽ അകന്നു നിൽക്കും .അവർക്കുപോലും അച്ഛനെ ഭയമായിരുന്നു..

എന്തും കാണാതെ പഠിക്കണം എന്നായിരുന്നു അച്ഛന്റെ സിദ്ധാന്തത്തിൽ താൻ  .വിശ്വസിച്ചിരുന്നില്ല .     ചിലപ്പോൾ കോടതിയിൽ പോകും മുന്നേ  ഉത്തരവിടും . ഇന്ന പാഠം ഇത്ര വരെ കാണാതെ പഠിച്ചിട്ടു ചൊല്ലുവാൻ .  തനിക്ക് ഒരിക്കലും കഴിയാത്ത കാര്യം .ഇടയ്ക്ക് എന്തെങ്കിലും വിട്ടു പോകുമ്പോൾ അച്ഛൻ രൂക്ഷമായി നോക്കും. താൻ വിറച്ചു പോകും.

പക്ഷെ ഒരിക്കലും അച്ഛൻ ഭവാനിയോട്  കാണാതെ പഠിക്കുവാൻ  പറയാറില്ലായിരുന്നു. അവൾ നന്നായി പഠിക്കും എന്ന് അച്ഛന് അറിവുണ്ടായിരുന്നു. അല്ലെങ്കിൽ പെൺ  കുട്ടി അല്ലെ അത്രയ്മ് മതി എന്ന് അച്ഛൻ കരുതിയിട്ടുണ്ടാകാം .

സരസ്വതിയുടെ കാര്യം ശശി പറഞ്ഞപ്പോൾ അയാൾ അസ്വസ്ഥൻ ആയി. സന്തോഷകരമായ ഒന്നും ഇവിടെ കേൾക്കുവാൻ ഇല്ലേ?ദുരന്തങ്ങളുടെ കഥകളാകട്ടെ സമൃദ്ധവും .  അവളുടെ ഭാഗ്യ ദോഷം . ശശി പറഞ്ഞു തുടങ്ങി.

അവളുടെ അച്ചൻ നാരായണണ് നായർ സ്‌കൂൾ മാഷായിരുന്നു  തന്നെ  കണക്കു പഠിപ്പിച്ചത് നാരായണൻ മാസ്റ്റർ ആയിരുന്നു. മകളുമായുള്ള പ്രണയം മാഷ് അറിഞ്ഞിരുന്നോ. അറിയുവാൻ വഴിയില്ല. സരസ്വതിക്ക് ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ തന്നോട് പ്രണയം ആയിരുന്നോ . അറിയില്ല. അല്ലെങ്കിൽ അന്നവൾ എട്ടാം ക്‌ളാസിലും താൻ പത്തിലും ആയിരുന്നല്ലോ.

മാഷിന് അവളെ  ഈ നാട്ടിൽ നിന്നും വിവാഹം കഴിപ്പിക്കുവാൻ  താല്പര്യം ഉണ്ടായിരുന്നില്ല. നാട്ടിലുള്ള ചെറുപ്പക്കാർ ആരും മകൾക്കു അനുയോജ്യർ അല്ല എന്ന മാസ്റ്റർ തീരുമാനിച്ചു. അങ്ങനെയാണ് ബോംബെയിലുള്ള രവീന്ദ്രനുമായുള്ള വിവാഹ ആലോചന വന്നത്. അന്നയാൾക്ക് അവറ്റെ നല്ല ജോലി ഉണ്ടായിരുന്നു.

ആഡംബര പൂർവം അവളുടെ വിവാഹം നടത്തി . പക്ഷെ ആ വിവാഹത്തിന് അധികം ആയുസ്സുണ്ടായില്ല. അയാൾ ഒരു മാനസിക രോഗി ആയിരുന്നു. അയാൾക്ക് സംശയമാണ് . സരസ്വതിക്ക്  വേറെ ആരുമായി ബന്ധം  ഉണ്ട് എന്നയാൾ മനസ്സിൽ  ഉറപ്പിച്ചു.  ഈ കാരണം കൊണ്ട് തന്നെ  അവളെ മർദിക്കുക പതിവായിരുന്നു. . ഒടുവിൽ  ബന്ധം വിച്ഛേദിച്ച അവൾ തിരികെ എത്തി. ഇപ്പോൾ സ്‌കൂളിലെ ടീച്ചർ ആണ് . നിനക്കവളെ കാണേണ്ടേ . ശശി ചോദിച്ചു.

 വേണ്ടാ . മനസ് മന്ത്രിച്ചു . ഈ നാട്ടിൻ പുറം ശപിക്ക പെട്ടതാണോ . കേൾക്കുവാൻ ഇഷ്ടപെടാത്ത കഥകൾ മാത്രമാണ് ഇവിടെ കേൾക്കുവാൻ ഉള്ളത്. എങ്ങും വേദനകൾ , തകർച്ചയുടെ കഥകൾ. എത്രയും വേഗം ഇവിടെ നിന്നും ഇതെല്ലം വിറ്റു  പെറുക്കി പോകണം

വീടും , പറമ്പും വിൽക്കുവാൻ ഒരാളെ വേണം എന്ന് പറഞ്ഞപ്പോൾ ശശിക്കു വലിയ അത്ഭുതം ഒന്നും തോന്നിയില്ല. അവൻ ഒരു പക്ഷെ ഇത് പ്രതീക്ഷിച്ചിട്ടുണ്ടാകും .

രണ്ടു , മുന്ന് ദിവസം അങ്ങനെ കഴിഞ്ഞു. രാവിലെ പല്ലു തേയ്ക്കുമ്പോൾ അന്ന് തെക്കേ അറ്റതുള്ള കുളം കാണുന്നത്. പൂപ്പൽ പിടിച്ചു ആകെ വല്ലാതായിരിക്കുന്നു. ആ കുളത്തെ കുറിച്ച് പണ്ട് 'അമ്മ പറഞ്ഞ കാര്യം അയാൾക്കോർമ്മ വന്നു. ആ കുളത്തിന് അടിയിൽ ഒരു കിണർ ഉണ്ടത്ര . ഒരാൾക്ക് മാത്രം ഇറങ്ങി പോകുവാൻ പകത്തിനുള്ള കിണർ . ആ കിണറിനകത്തു നിധിയുണ്ട് . പക്ഷെ മുന്ന്  തലമുറകൾ കഴിയണം . നിന്റെ മക്കൾക്ക് അവകാശപ്പെട്ട നിധി.

"അതിനു മുന്നേ എടുത്താൽ എന്താണ്" . "അത് പാടില്ല .  വംശം മുടിയും. ഒരിക്കൽ അത് ചേരേണ്ട ഇടത്തു തന്നെ വന്നു ചേരും."

ശശിയോട് വീണ്ടും വീടും, പറമ്പും വിൽക്കുന്ന കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു.
" ആവശ്യത്തിൽ കൂടുതൽ നീ ഇപ്പോൾ സമ്പാദിച്ചതിട്ടില്ലേ . കാരണവർ മാരായി സമ്പാദിച്ച മുതലല്ലേ ഇത് .   ഇതും  കുടി വിറ്റു  കഴിഞ്ഞാൽ പിന്നെ നിനക്കെന്താ ഈ നാടുമായുള്ള  ബന്ധം.  നിനക്കിപ്പോൾ തോന്നില്ല . പക്ഷെ ജീവിത സായാഹ്നം ചിലവഴിക്കുവാൻ ഈ നാടിനേക്കാൾ വേറെ ഏതു നാട്ടുണ്ട് ?"

"പിന്നെ , ഇനിയും വർഷങ്ങൾ കഴിഞ്ഞു ഇവിടെ വന്നു താമസിക്കു"മോ, എനിക്ക് തോന്നുന്നില്ല. "


ശശി ക്കിഷ്ടമായില്ല എന്ന് അവന്റെ മുഖം വിളിച്ചു പറഞ്ഞു. പക്ഷെ അവൻ എതിര് പറഞ്ഞില്ല.  .ശശിയേയും കുട്ടി ആ എഴുപതു സെനറ്റ്  പറമ്പു ചുറ്റി നടന്നു. പത്തു നാൽപതു തെങ്ങുകൾ. എല്ലാം ഒന്നാന്തരം. വരിക്ക പ്ലാവും, മാവും, ജാതിയും എല്ലാം ഉണ്ട്. എല്ലാം അച്ഛന്റെ അധ്വാനം


വൈകുനേരം അയാൾ അമ്പലത്തിൽ പോയി. പണ്ടേപ്പോലെ തന്നെ തിരക്ക്
ഒട്ടുമില്ല. അമ്പലത്തിൽ ദീപാരാധന നടക്കുന്നു. അയാൾ കണ്ണടച്ചു ധ്യാന  നിരതനായി  നിന്ന്. ത്തിനായി നിന്നു ,.

ഈ അമ്പലത്തിൽ വരുമ്പോൾ ഉള്ള ശാന്തിയും, സമാധാനവും വേറെ ഒരിടത്തും  ലഭിക്കില്ല.തിക്കും, തിരക്കും ഇല്ലാത്തതുകൊണ്ടോ ? വഴിപാടുകളും മറ്റും  കുറവായതുകൊണ്ടോ ഒന്നുമല്ല, പണ്ട് തൊട്ടേ തിരക്കില്ല. . തീരക്കാവണം എന്നുണ്ടെങ്കിൽ ഉത്സവ സീസൺ ആകണം.

വിഗ്രഹത്തിൽ കുറെ നേരം നിർന്നിമേഷം നോക്കി നിന്നപ്പോൾ ദേവി തന്നെ  നോക്കി പുഞ്ചിരിക്കുന്നതായി അയാൾക്ക്‌ തോന്നി. ഇത്രയും കാലം
എവിടെ ആയിരുന്നു എന്നാണോ ആ ഭാവം.
അയാൾ കണ്ണുകൾ അടച്ചു .  പണ്ട്  പഠിച്ച  പ്രാർത്ഥനകൾ മനസ്സിൽ ഉരുവിട്ടു .


"അമ്മ തൻ ആശ്രയം , ദേവി തൻ  ആശ്രയം
അമ്മയല്ലാതെനിക്കാരുമില്ലാശ്രയം  "

ഒരു പക്ഷെ ഈ ദേവിയെ ഇനി കാണില്ലായിരിക്കാം .

വീട്ടിലെത്തിയപ്പോൾ അത്ഭുതം .

ഭവാനി വന്നിരിക്കുന്നു. ദുബായിൽ നിന്നും . തന്നെ കാണുവാനായി . വിജയൻ കൂടെയില്ല . അവൾ ആകെ മാറി പോയിരിക്കുന്നു  . അസ്സൽ ഗൾഫ് കാരി . മുഖം മുഴുവനും പൗഡർ പൂശി,  കഴുത്തിലും , കാതിലും, കയ്യിലും നിറയെ സ്വർണാഭരങ്ങളുമായി  അസ്സൽ ഒരു ഗൾഫ് കാരി  പണ്ട് നീർക്കോലി പോലെ  മെലിഞ്ഞ പെണ്ണാണ് . കണ്ടില്ലേ ഇപ്പോൾ ..

" നീയങ്ങു  ചീർത്തു  പോയല്ലോ ". അയാൾക്ക് അത്ഭുതം തോന്നി.

അന്നവൾ വച്ച കറി  കുട്ടി നന്നായി ഉണ്ടു. തനിക്കിഷ്ടമുള്ള ഉള്ളി സാമ്പാറും , പാവക്ക മെഴുക്കുവരട്ടിയും .  ഇതുപോലെ എന്നെങ്കിലും വയ്ക്കുവാൻ റീനയ്ക്കു  കഴിയുമോ.

രാത്രി ഒരു പാട് നേരം വർത്തമാനം പറഞ്ഞിരുന്നു. കുട്ടത്തിൽ പറമ്പു വിൽക്കുന്ന കാര്യം അവതരിപ്പിച്ചു. അത് കേട്ടതും വളുടെ ഭാവം മാറി.
"അച്ഛൻ സമ്പാദിച്ച പറമ്പു വിൽക്കുകയോ?   ഇത്രയ്ക്കു ദരിദ്രമോ ഏട്ടന് ?"

അയാൾക്ക്‌ വല്ലാത്ത ജാള്യം തോന്നി. അവൾ വീണ്ടും ചോദിച്ചു "അച്ഛനിരുന്നാൽ  ഏട്ടന് നാക്ക് പൊന്തുമോ "

  ഭവാനി, ഇങ്ങനെയൊക്കെ സംസാരിക്കുവാൻ എന്നാണ് പഠിച്ചത്. എപ്പോഴും തന്റെ നിഴലായി ഒതുങ്ങാറുള്ള ആ പഴയ ഭവാനി തന്നെയാണോ ഇവൾ.


"എനിക്ക് പണം വേണം. ഞാൻ അമേരിക്കയിൽ ഒരു വീട് വാങ്ങാൻ ഉദ്ദേശിക്കുന്നു . ഇത് വിട്ടാലും ഒന്നിനും തികയില്ല,  എന്നാലും ഉള്ളതായല്ലോ"

അവളുടെ  മുഖത്തു  നോക്കുവാൻ അയാൾ ഭയപ്പെട്ടു.

"അങ്ങനെ ആർക്കും വിൽകേണ്ടാ . ഞാൻ   എടുത്തോളാം .  വിജയേട്ടനോട് ഞാൻ സംസാരിക്കാം . വിജയേട്ടൻ സമ്മതിക്കാതിരിക്കില്ല. ഈ  വീടും , പറമ്പും, ഏട്ടന്നു നഷ്ടക്കച്ചവടം ആകില്ല ആതുറപ്പാ "

"അച്ഛൻ മരിക്കുമ്പോൾ ഏട്ടൻ വന്നില്ലല്ലോ , ഏട്ടനെ അവസാനമായി ഒന്ന് കാണണം എന്ന് അച്ഛന് വലിയ മോഹം ആയിരുന്നു.  അച്ഛന് പെട്ടെന്നാണ് വയ്യായ്ക വന്നത്. രാവിലെ ഒരു നെഞ്ച് വേദന എന്ന് പറഞ്ഞു.  അല്പം വിശ്രമിച്ചു . ഈ കട്ടിലിൽ . അച്ഛന്റെ കയറു കട്ടിൽ അവൾ ചുണ്ടി കാണിച്ചു.  ഉച്ച വരെ കുഴപ്പം ഒന്നുമുണ്ടായില്ല . ഉച്ചയ്ക്ക് അച്ഛൻ പറഞ്ഞു അച്ഛന്  ഏട്ടനെ  കാണണം എന്ന്. അച്ഛൻ കാരണം ആണലോ ഏട്ടൻ പോയത് . ആ കുറ്റബോധം അച്ഛന് മരിക്കും വരെ ഉണ്ടായിരുന്നു.

ഇടയ്ക്കു പറയാറുണ്ടായിരുന്നു , എവിടെ ആയാലും , അവൻ കഷ്ടപെടാതെ ഇരുന്നാൽ മതി ആയിരുന്നു. കഷ്ടപ്പാട് അറിയിക്കാതെയാണ് അവനെ വളർത്തിയത് .  മരണ  സമയത്തു അച്ഛൻ പറഞ്ഞതും ഇതായിരുന്നു.

"ഈ വീടും പറമ്പും , അവനു കൊടുക്കണം .  അവൻ ഉണ്ടാകും നിന്നെ  നോക്കുവാൻ . അവൻ തിരിച്ചു വരും . അല്ലാതെ എവിടെ  പോകുവാനാ "
  .
പുറത്തേക്കു നോക്കി മൂകനായി അയാൾ ഇരുന്നു.

തന്നെ പറ്റി ഒരു പാട് പ്രതീക്ഷകൾ അച്ഛനുണ്ടായിരുന്നിരിക്കാം . അച്ഛന് തുണയായി താൻ എന്നും ഉണ്ടാകും എന്ന് അച്ഛൻ സ്വപ്നം കണ്ടിരിക്കാം . കോളേജിൽ പോയി പഠിച്ചു മിടുക്കനായി നല്ല ജോലി സമ്പാദിക്കും എന്ന് കരുതിയിട്ടുണ്ടാകാം . ഒരു പക്ഷെ താൻ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ നേരത്തെ പോകില്ലായിരുന്നു. ഇതുവരെ അച്ഛന് വേണ്ടി ഒന്നും കൊടുക്കുവാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ അമേരിക്കക്കാരനായി നാട്ടിൽ വരണം എന്ന് കരുതിയിരുന്നു. പഴയ മണ്ടൻ ചെക്കനല്ല എന്ന് തെളിയിക്കുവാൻ മാത്രം .

അച്ഛന്റെ മുഖം കൺമുമ്പിൽ  തെളിഞ്ഞു വന്നു.   കഷണ്ടി വീണ നെറ്റി . നരച്ച മുടി കൾ അങ്ങിങ്ങായി മാത്രം . ഉയർന്ന മുക്ക് . മൂക്കിന്റെ മുകളിൽ നിന്നും ഇപ്പോൾ താഴെ വീഴും എന്ന മട്ടിലുള്ള കറുത്ത കണ്ണട .


ആ മാവു കണ്ടോ . ഭവാനി   കൈ ചുണ്ടി  . അവിടെയാണ് അച്ഛനെ അടക്കി യിരിക്കുന്നത് .   അച്ഛന്റെ ത്യാഗത്തെ ഓർമിപ്പിച്ചുകൊണ്ട് മൂവാണ്ടൻ മാവ് തലയുയർത്തി നിക്കുന്നു .

അയാൾ  മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് നീര് തുടച്ചു .    ആ നിമിഷത്തിൽ അയാൾ തീരുമാനിച്ചു. പൊന്നിൻ വില തരാം എന്ന് പറഞ്ഞാലും ഈ വീടും പറമ്പും വിൽക്കുന്നില്ല. എത്ര ഒളിച്ചാലും ബന്ധങ്ങളിൽ നിന്നും , ബന്ധനങ്ങളിലും നിന്നും മുക്തി  ലഭിക്കുകയില്ല.അവ നമ്മെ വീണ്ടും കുട്ടി ഇണക്കി കൊണ്ടിരിക്കും

ഇവിടെ ഒരു വീട് വയ്ക്കണം . തൈകൾ നട്ടു  വളർത്തണം .

അയാൾ ഭവാനിയെ നോക്കി . പിന്നെ പറഞ്ഞു . "ഞാൻ  വീട് വിൽക്കുവാൻ ഉദ്ദേശിക്കുന്നില്ല . ഈ മണ്ണ് എന്റേതാണ്. ഇവിടെ ഞാൻ വീട് വയ്ക്കും" . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

കാറിൽ കയറും മുമ്പേ അവളെ ചേർത്ത് നിറുത്തി. നിറുകയിൽ ഒരു മുത്തം കൊടുത്തു . ഞാൻ വരും . തിരികെ . ഇങ്ങോട്ടേയ്ക്കു തന്നെ. നീ വിജയനോട് പറയു  ഇതിനടുത്തായി വീട് പണിയാൻ . അവൾ വെറുതെ ചിരിച്ചു.


പെട്ടിയെല്ലാം എടുത്തു അയാൾ യാത്ര ചോദിച്ചു. കലുങ്ക് കഴിഞ്ഞു അമ്പലത്തിലെ ഇടവഴി നോക്കി അയാൾ തൊഴുതു.  വയലും കടന്നു പോകുമ്പോൾ    കാറിന്റെ സ്പീഡ് കൂടി വന്നു.

റീന എന്ത്  പറയുമായിരിക്കും.അവൾ ഇങ്ങോട്ടേക്കു വരുമോ . അറിയില്ല . അല്ലെങ്കിലും ഇത്ര നാൾ അവളുടെ ഇഷ്ടത്തിന്  ജീവിച്ചില്ലേ. ഇനി കുറെ നാൾ സ്വന്തം ഇഷ്ടം പോലെ ഇവിടെ ജീവിക്കാം . അവൾക്കു വേണമെങ്കിൽ  വരം.അല്ലെങ്കിൽ അവിടെ നിൽക്കാം . അവളുടെ ഇഷ്ടം.

ചിലപ്പോൾ അവൾ  വരുമായിരിക്കും. അമേരിക്കയിലെ അന്തരീക്ഷതത്തെക്കാൾ വ്യക്തിത്വം നൽകുന്ന  ഇടം .   ഫ്ളോറിഡക്ക്  പുറമെയുള്ള ലോകം അവൾ അറിയട്ടെ.   പൊയ്മുഖം അറി യാതെ  ഒരു നാട്ടിൻ പുറത്തു കാരനായി കുറച്ചു നാൾ .

കാർ ഒരു കവലയിൽ എത്തി. പിന്നെ തിരിഞ്ഞു ഹൈവേയിലേക്കു കയറി.










   

2019, മാർച്ച് 13, ബുധനാഴ്‌ച

പോളിസി (കഥ)




പിറ്റേന്ന്  ഞായറാഴ്ചയായതുകൊണ്ടാണ് അന്ന് രാത്രി പുലി മുരുകൻ കാണാം എന്ന് തീരുമാനിക്കുന്നത് . അടി പടം എന്ന ഖ്യാതി ഉള്ളതുകൊണ്ട് ഭാര്യ നേരത്തെ തന്നെ സിനിമയ്ക്കില്ല എന്ന് അസന്നിഗ്തമായി   പ്രഖ്യാപിച്ചു. അല്ലെങ്കിലും അവൾ പൃഥ്വിരാജ്  ഫാൻ ആണ് . മോഹൻലാലിന്റെ സിനിമകളോട്  വലിയ താല്പര്യം കാണിക്കാറില്ല.  മമ്മുട്ടിയും , മോഹൻലാലും എല്ലാം ഇനി അച്ഛൻ വേഷങ്ങൾ അല്ലെങ്കിൽ അവരുടെ പ്രായത്തിനു അനുയോജ്യമായ വേഷങ്ങൾ തിരഞ്ഞെടുക്കണം എന്നാണ് അവളുടെ അഭിപ്രായം .

ജ്യോതി തീയറ്ററിൽ നിന്നാണ് ഞാൻ സിനിമ കണ്ടത് .  എന്റെ വീട്ടിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ  തീയേറ്ററിലേക്ക് . ഒറ്റയ്ക്കായതു കൊണ്ട്  ബൈക്ക് എടുക്കാതെ  സിനിമ കണ്ടു കഴിഞ്ഞു  കപ്പലണ്ടിയും
കൊറിച്ചുകൊണ്ടു ഞാൻ നടന്നു. പണ്ടെല്ലാം ഇതുപോലെ എത്രയോ രാത്രികളിൽ ഒറ്റയ്ക്കും , കുട്ടുകാരുമായും സിനിമ കണ്ടിട്ടും , ഉത്സവം കണ്ടിട്ടും ഇതുപോലെ നടന്നു വന്നിട്ടുണ്ട് . ഇപ്പോൾ രാത്രിയുള്ള നടത്തം അത്ര സുരക്ഷിതമല്ല.  എങ്കിലും ഞാൻ  ഓട്ടോ പിടിക്കാതെ നടക്കുവാൻ തന്നെ തീരുമാനിച്ചു.

പുലിയിറങ്ങുന്ന നാട് എന്നർഥമുള്ള പുലിയൂർ എന്ന ഗ്രാമത്തിലെ മുരുകൻ എന്ന പുലിവേട്ടക്കാരന്റെ കഥയാണു ‘പുലിമുരുകൻ’. എന്തുകൊണ്ട് അയാൾക്കു പുലി ശത്രുവാകുന്നു? എന്തുകൊണ്ട് അയാൾക്ക് പുലിവേട്ട ഒരു പാഷനാകുന്നു? ഇവയുടെ ഉത്തരമാണു സിനിമയുടെ പ്രമേയം..’’  നൂറും , നൂറ്റമ്പതും കോടി കടന്ന  മലയാള സിനിമയിൽ ചരിത്രം തിരുത്തി കുറിച്ച ബ്രഹ്മാണ്ഡ ചിത്രം . അപ്പോൾ അത് കണ്ടില്ലെങ്കിൽ മോശമല്ലേ ?

പുലിയും കടുവയുമൊന്നും ഒട്ടും ഹ്യൂമൻ ഫ്രണ്ട്ലി അല്ല. ട്രെയിൻഡ് ടൈഗർ എന്ന ഒരു കോൺസപ്റ്റ് ഉണ്ടോ?  കടുവയെ ഹ്യൂമൻ ഫ്രണ്ട്ലിയാക്കി കൊണ്ടുവരാം എന്നേയുള്ളൂ. സർക്കസിൽ ചെയ്യുന്നുണ്ടല്ലോ .  അപ്പോൾ
മനുഷ്യനു പരിചയമുള്ള ഒരു മൃഗമെന്ന നിലയിലേക്ക് അവയെ കൊണ്ടുവരാനാകും. അതിനപ്പുറം കടുവയും , പുലിയുമെല്ലാം തികച്ചും  വൈൽഡ് ആയ മൃഗങ്ങളാണല്ലോ.

ഈ ചിത്രം  കണ്ടുകഴിഞ്ഞപ്പോൾ എനിക്കുണ്ടായ സംശയം അപ്പോൾ മോഹൻലാൽ ശരിക്കും  ഈ കാട്ടു  മൃഗത്തിനൊപ്പം അഭിനയിച്ചോ ?  ഇപ്പോൾ ഗ്രാഫിക്സിനു ഏറെ പ്രാധാന്യം ഉണ്ട് . ടെക്നോളജി വികസിച്ചിട്ടും ഉണ്ട് . ഒരു പരിധി വരെ ടെക്നോളജിയുടെ സൗകര്യം സിനിമയിൽ  നന്നായി ഉപയോഗിച്ചിട്ടുണ്ടാകാം . എന്തായാലൂം 56 വയസ്സുള്ള ഒരു മനുഷ്യനാണോ ഇങ്ങനെ ചാടിമറിയുന്നതെന്നു കാഴ്ചക്കാരനു തോന്നും. ഡ്യൂപ്പുണ്ടെന്ന സംശയത്ത അതിജീവിച്ചുള്ള പ്രകടനം.  ഇങ്ങനെ ഓരോന്ന് ചിന്തിച്ചു നടക്കുമ്പോൾ എന്റെ മനസിൽ  വീണ്ടും ഒരു സംശയം ഉരുൾ പൊട്ടി.  ഇത്രയും അപകടകരമായ രംഗങ്ങൾ കൈകാര്യം ചെയ്യുന്നയാൾ തന്റെ ലൈഫ് ഇൻഷുർ ചെയ്തിട്ടുണ്ടാകുമോ ?  ആർക്കറിയാം .

എന്തായാലും  പുലിമുരുകൻ എന്ന സിനിമാക്കഥ പറയുവാൻ അല്ല ഞാൻ ഉദ്ദേശിക്കുന്നത് . പകരം വേറൊരു കഥയാണ് . കഥയിലേക്ക്‌ കടക്കും മുമ്പേ ഒരു ആമുഖം ആയാൽ നന്നായിരിക്കും എന്ന് തോന്നിയതിനാൽ ഇത്രയും വിവരിച്ചു എന്നേയുള്ളു .

അങ്ങനെ സിനിമ കണ്ടു കഴിഞ്ഞു നടന്നു , നടന്നു നടന്നു  ഞാൻ വീട്ടിൽ  എത്തി.   ശരീരം വൃത്തിയാക്കിയ ശേഷം വസ്ത്രം മാറി, ജഗ്ഗിൽ നിന്നും വെള്ളം കുടിച്ച ശേഷം  ഞാൻ കിടന്നു. ഭാര്യ നല്ല ഉറക്കത്തിലാണ് . പൂട്ടിയ വാതിൽ  തുറന്നു ഞാൻ അകത്തു പ്രവേശിച്ചപോലും അവൾ അറിഞ്ഞിട്ടില്ല.

പുലി മുരുകനിലെ ലാലിനെ ഗംഭീര പ്രകടനം ഓർത്തിക്കൊണ്ട്  അങ്ങനെ കിടക്കുമ്പോൾ എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന് രാവിലെ എട്ടര കഴിഞ്ഞാണ് ഞാൻ ഉണർന്നത് . അല്ല  എന്നെ ഉണർത്തിയത് എന്ന് പറയുന്നതാകും ശരി.  എട്ടരയ്ക്ക് ഭാര്യ കുലുക്കി വിളിക്കുമ്പോൾ ആണ് ഞാൻ ഉണരുന്നത്. കണ്ണ് തുറന്നയുടനെ അവൾ പറഞ്ഞു ആ തോമസ് മാത്യു വന്നിട്ടുണ്ട് .  ഞാൻ ചോദിച്ചു

'ഏത്   തോമസ് മാത്യു'

അവൾ പറഞ്ഞു .

"ആ  ഇൻഷുറൻസ് ഏജന്റ്"


"അയാളോട് എനിക്ക് ഇൻഷുറൻസ് വേണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ "

"അതിനല്ല  അയാൾ വന്നത്  , വേറെ  എന്തോ പറയുവാനാ എന്നാ  എനിക്ക് തോന്നുന്നത് "  അവൾ ഊഹം പ്രകടിപ്പിച്ചു .

കണ്ണ് തിരുമി , അഴിഞ്ഞ കൈലി മടക്കി കുത്തി ഞാൻ എഴുനേറ്റു .


കഴിഞ്ഞ പതിനഞ്ചു   കൊല്ലം ഞാൻ ഇൻഷുറൻസിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയാണ് .   ധീരനും , അതി ബുദ്ധിമാനുയ ഞാൻ ഉറക്കെ പ്രഖ്യാപിച്ചിരുന്നു  അല്ല ശപഥം തന്നെ എടുത്തിരിക്കുന്നു  കളരി , പരമ്പര ദൈവങ്ങളാണേ, കാവിലമ്മയാണേ  ഞാൻ ഇൻഷുറൻസ് എടുക്കില്ല എന്ന്.

എണ്ണമറ്റ  ഏജന്റുമാർ ആ ആവശ്യം പറഞ്ഞു കൊണ്ട് എന്നെ സമീപിച്ചിരുന്നു . പക്ഷെ അവരെയെല്ലാം ഞാൻ നിഷ്കരുണം തള്ളിക്കളഞ്ഞു. അതിൽ ചെറുപ്പക്കാരികളും , യുവാക്കളും , വൃദ്ധന്മാരും , പരിചയക്കാരും
ഉൾ പെടുമായിരുന്നു . എന്തിനേറെ പറയുന്നു ഈ കൊതമംഗലക്കാരനായ   തോമസ് മാത്യു വരെ ആ ചങ്ങലയിൽ പെടുന്നവർ ആയിരുന്നു .

എല്ലാവരും  വളരെ സമർത്ഥന്മാർ . നയതതന്ത്രപരമായി സംസാരിക്കുവാൻ അറിയാം. മുഖത്ത് നോക്കി നമ്മളെ പ്രശംസകൊണ്ട് മൂടുവാൻ കഴിയുന്നവർ . ഞാൻ ഒരു രാജാവായിരുന്നു എങ്കിൽ അവരെയെല്ലാം  എന്റെ രാജ സദസ്സിൽ വൈതാളികന്മാരായി നിയമിച്ചേനെ.

എങ്കിലും ഈ  മഹാൻമാരെല്ലാം എന്റെ മുമ്പിൽ തോറ്റു തൊപ്പിയിട്ടിട്ടേയുള്ളൂ. അതുകൊണ്ട് തന്നെയാണ് ഞാൻ ബുദ്ധിമാൻ ആണെന്ന് ആദ്യം പറഞ്ഞത്. ഇപ്പോൾ  നിങ്ങൾക്കു വിശ്വാസം ആയി കാണും എന്നുകരുതുന്നു .

അല്ലെങ്കിലും മരണ ശേഷം ലഭിക്കുന്ന തുക കൊണ്ട് നമുക്ക് എന്ത് പ്രയോജനം . ജീവിച്ചിരിക്കുമ്പോൾ എനിക്ക് ഗുണമുള്ള പദ്ധതികൾ പറയു സുഹ്രത്തേ .    അവരുടെ കൈലുള്ള ബാഗിന്റെ തോലിനേക്കാൾ കട്ടിയുണ്ട് എന്റെ തൊലിക്ക് .   വിവിധ രോഗങ്ങളിലോ അല്ലെങ്കിൽ അപകത്തിൽപെട്ടോ പോളിസി ഉടമകൾക്ക് ജീവഹാനി സംഭവിക്കുമ്പോഴാണ്‌   ലൈഫ് ഇൻഷുറൻസ് ക്ളൈമുകൾ ഫയൽ ചെയ്യപെടുന്നത് . ചിലപ്പോൾ കമ്പനി തന്നെ ക്ളൈയിമുകൾ നിരസിക്കുന്ന സാഹചര്യം ഉണ്ടാകാറില്ല ?  ആ പോളിസി ഉടമയുടെ മരണശേഷം ആ പോളിസി നിരസിക്കപ്പെടുകയാണെങ്കിൽ പ്രസ്തുത കുടുംബം പ്രതിസന്ധിയിൽ അകപെടുകയില്ലേ .
  ഇങ്ങനെയുള്ള എന്റെ ആന്റി - ഇൻഷുറൻസ്  തത്ത്വസംഹിത അവതരിപ്പിക്കുമ്പോൾ ഒട്ടു മിക്കവരും  സ്ഥലം കാലിയാക്കും. പക്ഷെ
അതിൽ  നിന്നെല്ലാം വ്യത്യസ്തനായിരുന്നു തോമസ് മാത്യു. ഇപ്പോഴും മാത്യു തന്റെ ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.

എനിക്ക് വരിക്ക ചക്ക ഇഷ്ടമാണ് എന്നറിഞ്ഞിട്ടു പുള്ളിയുടെ വീട്ടിൽ നിന്നും പഴുത്ത മധുരമുള്ള ചക്ക കൊണ്ടുവന്ന് എന്നെ വീഴ്ത്തുവാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ട  വ്യക്തിയാണ് ഈ തോമസ് മാത്യു .

ഞാൻ  ചെന്നപ്പോൾ തോമസ് മാത്യു എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു .
"സാർ അറിഞ്ഞോ , നമ്മുടെ ഗോപാലകൃഷ്ണൻ മരിച്ചുപോയത്രെ !"

ഞാൻ  ചോദിച്ചു "ഏതു ഗോപാലകൃഷ്ണൻ ,"

നമ്മുടെ സമാജത്തിലെ , പാട്ടൊക്കെ പാടുന്ന  നല്ല പൊക്കമുള്ള ബാങ്കിൽ ജോലി ചെയുന്ന ചെറുപ്പക്കാരൻ "

"' എപ്പോൾ  !"    ഞാൻ ഞെട്ടലോടെ ചോദിച്ചു .


ഇന്നലെ വൈകുന്നേരം  ഓഫീസിൽ നിന്നുവരുന്ന വഴി വാസുവിന്റെ ചായ കടയിൽ നിന്നും പരിപ്പുവട കഴിക്കുമ്പോൾ ഞാൻ ഗോപാല കൃഷ്ണനെ കണ്ടിരുന്നു.  ഇത്ര പെട്ടെന്ന് എനിക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല.  കടുത്ത ബിജെപി പ്രവർത്തകനായ എന്നെ മോദി  ഭരിച്ചിട്ടും പെട്രോളിന് വില കുറയുന്നില്ലല്ലോ എന്ന് പറഞ് ഇന്നലെയും തർക്കിച്ച   തീവ്ര കമ്മ്യൂണിസ്റ്റായ  ഗോപാലകൃഷ്ണൻ .

എന്റെ ഭാവം കണ്ടതോടെ  മാത്യു വിശദീകരിക്കുവാൻ ആരംഭിച്ചു .

"ഇന്നലെ രാത്രി നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞു. നമ്മുടെ സാൻജോ  ഹോസ്പിറ്റലിൽ കൊണ്ടുപോയി . അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.  ഹൃദയാഘാതമായിരുന്നു.  "

എനിക്ക്  വിശ്വസിക്കുവാൻ  കഴിഞ്ഞില്ല.

"ഇത്ര ആരോഗ്യമുള്ള മനുഷ്യൻ "  എന്റെ ചുണ്ടുകൾ മന്ത്രിച്ചു .

"ഞാൻ അവരുടെ വീട്ടിൽ പോയിട്ട് വരികയാണ് ,  വല്ലാത്ത അവസ്ഥയാണ് അവരുടേത്  ."

അയാളുടെ വാക്കുകൾ മുറിഞ്ഞു.  പിന്നെ തുടർന്നു.

" പത്തു വയസിൽ താഴെ മാത്രം പ്രായമുള്ള രണ്ടു കുട്ടികൾ . ഇത്ര പെട്ടെന്ന് പോകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ. മനുഷ്യന്റെ അവസ്ഥ ഇത്രയേ യുള്ളൂ   ?"

അയാളുടെ സംസാരം  എന്റെ ദുഖത്തിന് മൂർച്ച കുട്ടി .

ഞാൻ ചോദിച്ചു .

" ഇനി ആ കുടുംബത്തിന്റെ കാര്യം  ആരു നോക്കും.  അയാളുടെ ഭാര്യക്ക് ഉദ്യോഗം പോലുമില്ലല്ലോ "

മറുപടിയെന്നോണം മാത്യു പറഞ്ഞു.

" ഭാര്യയുടെ വീട്ടുകാർ അത്രക്ക് സാമ്പത്തിക  ഭദ്രതയുള്ള ക്കുട്ടരാണെന്നു തോന്നുന്നില്ല."

" വിധി എന്ന് പറഞ്ഞാൽ മതിയല്ലോ .  അല്ലെങ്കിൽ ആ മനുഷ്യന് അത് ചെയാമായിരുന്നല്ലോ "


" ഏത് ?" ആകാംഷയോടെ ഞാൻ ചോദിച്ചു .

ഒന്ന്  നിറുത്തിയ ശേഷം അയാൾ തുടർന്നു 

ഇൻഷുർ ചെയാമായിരുന്നല്ലോ ! അതും ചെയ്തിട്ടില്ല പാവം ! ആ പിള്ളേരുടെ കാര്യം ഓർക്കുമ്പോൾ .   ഇൻഷുറൻസിന്റെ രൂപയുണ്ടെങ്കിൽ ആ പിള്ളേർക്ക് ഒരു രക്ഷയായേനെ "

ഒരു സത്യം പറഞ്ഞപോലെ തോമസ് മാത്യു എന്നെ നോക്കി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു .

" ഞാനും ഇൻഷുർ ചെയുവാൻ തീരുമാനിച്ചു .  പറ്റുമെങ്കിൽ നാളെ  തന്നെ "

"നല്ല കാര്യം "  മാത്യു മന്ദഹസിച്ചു .


" ശുഭസ്യ ശീഘ്രം എന്നല്ലേ നിങ്ങളുടെ പുരാണത്തിൽ പറഞ്ഞിരിക്കുന്നത് . അതുകൊണ്ടു നാളെയാക്കേണ്ടാ.  നമുക്ക് ഇപ്പോൾ തന്നെയാകാമല്ലോ "

അതും പറഞ്ഞു  തോമസ് മാത്യു ബാഗ്  തുറന്നു എന്റെ പേര് എഴുതിയ പേപ്പർ പുറത്തേക്കെടുത്തു .

"ഇതിൽ എല്ലാ വിവരവും ഞാൻ എഴുതി ചേർത്തിട്ടുണ്ട് . സാറിന്റെ ഒരു ഒപ്പു മാത്രമേ ഇനി ബാക്കിയുള്ളു "

"എത്രയാ തുക?
 "

അതെല്ലാം ഞാൻ വിശദമായി പറയാം .  സാർ മടിക്കാതെ ഒപ്പിട്ടോളു , പേന എനിക്കുനേരെ നീട്ടികൊണ്ടയാൾ പറഞ്ഞു.












   










2019, മാർച്ച് 8, വെള്ളിയാഴ്‌ച

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്


വിവാഹം കഴിഞ്ഞ ശേഷം ഞാനും , രോഹിണിയും  കുടി ആദ്യമായി എറണാകുളം സരിതയിൽ വച്ച് കണ്ട ചിത്രമാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.
ഒരു ട്രെയിൻ യാത്രയിൽ വച്ച് പരിച്ചയപെടുന്ന രണ്ടു അപരിചിതരുടെ കഥ . ജയറാമും , സൗന്ദര്യയും  മുഖ്യ വേഷത്തിൽ അഭിനയിച്ച 2002  വർഷാവസാനത്തിൽ ഇറങ്ങിയ ഒരു ചിത്രം.  ജയചന്ദ്രന്റെ മനോഹരമായ  ഗാനങ്ങൾ കൊണ്ടും , സത്യൻ അന്തിക്കാടിന്റെ സംവിധാന ശൈലി   കൊണ്ടും ശ്രദ്ധിക്കപെട്ട ചിത്രം  ഇതിപ്പോൾ പറയുവാൻ  പ്രതേകിച്ചു ഒരു കാരണവും ഇല്ല.  ഓർത്തെടുത്തപ്പോൾ  എഴുതണം എന്ന് തോന്നി.

2003 , ജനുവരിയിൽ  ആയിരുന്നു എന്റെയും , രോഹിണിയുടെയും  വിവാഹം .  വിവാഹം കഴിഞ്ഞു അടുത്ത വർഷം  അതായത്  2004  ൽ ഞങ്ങൾ ഒരു യാത്ര പുറപ്പെട്ടു . ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലേക്ക് .  ആ കഥയാണ് ഞാൻ ഇവിടെ വിവരിക്കുന്നത് .

 ഞാൻ ഒന്നുംകൂടി ഞങ്ങളുടെ ബാഗുകൾ എണ്ണി  നോക്കി. രണ്ടു പെട്ടിയും , രണ്ടു ഇടത്തരം  ബാഗുകളും . രണ്ടു പെട്ടിയും  , ഒരു ബാഗും ഡിക്കിയിലും ,  പിന്നെ  അവശേഷിക്കുന്ന ബാഗും  ബാക് സീറ്റിൽ പ്രതിഷ്ഠിച്ച ശേഷം ഞാൻ ഡിക്കി അടപ്പിച്ചു. ഇനി ഇത് കൂടാതെ രോഹിണിയുടെ  കൈയിൽ ഒരു ഹാൻഡ് ബാഗ് കുട്ടിയുണ്ട് .  അതവൾ തോളത്തു തൂക്കിയിട്ടിട്ടുണ്ട് . അങ്ങനെ  മൊത്തം രണ്ടു പെട്ടിയും, മുന്ന് ബാഗുമായി ഞങ്ങളുടെ ടാക്സി  റെയിൽവേയ് സ്റ്റേഷനിലേക്ക്  കുതിച്ചു . ടാക്സിക്കാരൻ ഒരു അലവലാതി പാട്ടും വച്ച്  സ്റ്റിയറിങ്ങിൽ  താളം അടിച്ചു വണ്ടി മുന്നോട്ടു പായിക്കുന്നു.  തെരുവ് വിളക്കുകളുടെ പ്രകാശത്തിൽ നഗരം പ്രശോഭിച്ചു നിൽക്കുന്നു . ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു . ഞാനും ഒരു പുഞ്ചിരി പ്രതീക്ഷിച്ചു , പുഞ്ചിരിക്ക് പകരം പൊതുവെ ദുർബലനായ എന്റെ ചങ്കിൽ അവൾ കുത്തുകയാണ് ചെയ്തത്.

" ഞാൻ , വാഷിംഗ് മെഷീനിൽ തുണി അലക്കുവാൻ   ഇട്ടിരുന്നു . തിരക്കിൽ അത്  മറന്നു . ഇനി ഇപ്പോൾ എന്ത് ചെയ്യും"   ചോദ്യചിഹ്നം പോലെ എന്നെ നോക്കികൊണ്ടവൾ ചോദിച്ചു .

ഞാൻ ഒന്നും മിണ്ടിയില്ല.   അതുകൊണ്ടു അവൾ വീണ്ടും പറഞ്ഞു.

"കാർ തിരിച്ചു വിട്ടാലോ "

ഒന്നാലോചിച്ച  ശേഷം ഞാൻ പറഞ്ഞു.

"ഇനി , ഇപ്പോൾ എന്നാ ചെയുവാനാ , താക്കോൽ  അപ്പുറത്തു മൃദുലയുടെ വീട്ടിലില്ലേ , നാളെ രാവിലെ അവരോട് വിളിച്ചു പറയു . തുണി എടുത്തു സ്റ്റാൻഡിൽ  വിരിക്കുവാൻ."   എന്റെ ബുദ്ധിയിൽ ഭാര്യക്ക് അഭിമാനം തോന്നി എന്ന് എനിക്ക് തോന്നി. അതുകൊണ്ടു കിട്ടിയ അവസരം മുതലാക്കുവാൻ ഞാൻ ശ്രമിച്ചു.


"  ശ്രദ്ധയില്ല , അതുതന്നെ .... എത്രവട്ടം പറഞ്ഞതാ എല്ലാം നോക്കിയോ എന്ന്.  " അവൾ ഒന്നും മിണ്ടിയില്ല.  ഇങ്ങനെയുള്ള അവസരങ്ങളിൽ പൊതുവേ തർക്കിക്കുവാൻ  രോഹിണി  മുന്നോട്ടു വരാർ ഉള്ളതാ . പക്ഷെ   അന്ന്  എന്തോ ഒന്നും മിണ്ടിയില്ല.

കാർ , സ്റ്റേഷനിൽ  എത്തിയശേഷം ഞാൻ വാച്ചിൽ സമയം നോക്കി . വണ്ടി പുറപ്പെടുവാൻ ഇനിയും സമയം ഉണ്ട് . കൃത്യനിഷ്ഠ എനിക്ക്  കുറച്ചുകൂടുതൽ ആണ് എന്ന് ഞാൻ പറഞ്ഞാൽ പൊങ്ങച്ചം ആയി പോകും. എന്നാലും അങ്ങനെയാണ് എന്ന് വച്ചോളു. ഓഫീസിൽ ആണെങ്കിലും അര മണിക്കൂർ നേരത്തെ എത്തണം എന്ന നിർബന്ധബുദ്ധിയുള്ള ആൾ ആണ് ഞാൻ .  എന്റെ കഥ പറയുമ്പോൾ കുറച്ചൊക്കെ ആത്മപ്രശംസ ആകാമല്ലോ . ഏതു കാര്യം ആണെങ്കിലും രണ്ടുവട്ടം ചിന്തിച്ചു ചെയുന്ന പ്രകൃതം ആണെന്ന് പറഞ്ഞുവെന്നേയുള്ളൂ . നമുക്ക് കഥയിലേക്ക്‌  തിരിച്ചുവരാം .

  സമയം ഉണ്ടെന്നു പറഞ്ഞാൽ ഒരു ഒന്നര മണിക്കൂർ കൂടിയുണ്ട് . ടാക്സിക്ക് കൂലി കൊടുത്ത ശേഷം ഒരു  കൂലിയുടെ സഹായത്തോടെ ലഗ്ഗേജ് മുഴുവനും പ്ലാറ്റഫോം നമ്പർ ഏഴിൽ എത്തിച്ചു . എറണാകുളം ജംക്ഷനിൽ നിന്നുമാണ്  നിസാമുദിൻ   പുറപെടേണ്ടത് . ട്രെയിൻ വന്നു കിടപ്പുണ്ട് . പെട്ടിയും, ബാഗും എല്ലാം , ലോവർ  ബെർത്തിന്  കീഴേക്കു തള്ളി കയറ്റി .  ഞാൻ കൊടുത്ത രൂപ , ഇഷ്ടപ്പെട്ടില്ല എന്ന ഭാവത്തിൽ തലയും ചൊറിഞ്ഞു അയാൾ അവിടെ നിന്നും പോയി. പോകുന്ന പൊക്കിൽ  എന്തൊക്കെയോ അയാൾ പിറു പിറുക്കുന്നുണ്ടായിരുന്നു .  അതുകഴിഞ്ഞു ഞാൻ ഒരു ദീർഘ  നിശ്വാസം വിട്ടു.

ഞാൻ അവളോടായി ചോദിച്ചു . നിനക്കു വായിക്കുവാൻ എന്തെങ്കിലും വേണമോ . ഉത്തരം എനിക്ക് നന്നായി അറിയാം എങ്കിലും ഒരു ഭർത്താവിന്റെ കടമ യല്ലേചോദിക്കേണ്ടത് . അത് കൊണ്ട് ചോദിച്ചു .

സഹധർമിണി എന്നെ നിരാശൻ ആക്കി കൊണ്ട് പറഞ്ഞു ,  "ഒരു നാനയും , മനോരമയും വാങ്ങിച്ചോളു . നാളെ സമയം കിട്ടുമ്പോൾ വായിക്കാമല്ലോ ."

ഞാൻ പതിയെ പ്ലാറ്റഫോമിലുടെ നടന്നു . രാത്രി വണ്ടിക്കു വേണ്ടി കാത്തിരിക്കുന്ന ചിലർ . ചാരു  ബെഞ്ചിൽ തല വഴി പുതച്ചു മുടി തണുപ്പിനെ തോൽപ്പിക്കുവാൻ ശ്രമിക്കുന്ന മറ്റുചിലർ .  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസ്  കോൺസ്റ്റബിൾ , തണുപ്പിനെ തോല്പിക്കുവാൻ വേണ്ടി പുക ചുരുളുകൾ   ഊതി ഊതി വിടുന്നു. തണുപ്പു കട്ടപിടിച്ചു എല്ലാവരെയും പൊതിഞ്ഞു കഴിഞ്ഞിരിക്കുന്നു .  ചായ വാലയിൽ നിന്നും ടീ ബാഗ് ഇട്ട് വാട്ട  ചായ വെള്ളം വാങ്ങി ഒരിറക്ക് ഞാൻ അകത്താക്കി . അവൾ ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാകും . കട്ടിൽ കണ്ടാൽ അപ്പോൾ ഉറങ്ങുന്നവൾ ആണ് എന്റെ പ്രിയ പത്നി  .  പാളത്തിലൂടെ  ഒരു വലിയ പെരുച്ചാഴി  ഓടി നടക്കുന്നു.   പാളത്തിന് അരികിലുള്ള പൊതിനകത്തേക്കു അത് ഊർന്നിറങ്ങി .  അങ്ങ് ദുരെ  ഇരുട്ടിന്റെ മറവിൽ ഒരു കറുത്ത സ്ത്രീ  ഏതോ ഇരയെ കാത്തു നിൽക്കുന്നു .

നിശബ്ദതെയെ ഭഞ്ജിച്ചു കൊണ്ട്   കാതടപ്പിക്കുന്ന ശബ്ദത്താൽ  ചൂളം വിളിച്ചുകൊണ്ടു ഒരു എൻജിൻ അതുവഴി കടന്നു പോയി.  ആളുകൾ പെട്ടിയും, ബാഗും തൂക്കി  നിറുത്തിയിട്ടിരിക്കുന്ന  ട്രെയിനിലേക്ക് കയറുവാൻ തിരക്ക് കൂട്ടുന്നു.  തിരക്കിലെങ്കിലും തിരക്ക് കൂട്ടുക എന്നത് ഒരു സാധരണ മലയാളിയുടെ  അവകാശം ആണല്ലോ .

തണുപ്പിന്റെ ചുഴിയെ  വകഞ്ഞു മാറ്റിക്കൊണ്ട്   യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന്  പറഞ്ഞ കൊണ്ട്  ഒരു സ്ത്രീ ശബ്ദം  ഡൽഹിയിലേക്ക് പോകുവാനുള്ള നിസാമുദിൻ എക്സ്പ്രസ്സ് പ്ലാറ്റഫോം നമ്പർ ഏഴിൽ കിടപ്പുണ്ട് എന്ന് ഹിന്ദിയിലും, മലയാളത്തിലും , ഇംഗ്ലീഷിലും   ഉച്ചഭാഷിണിയിൽ അറിയിപ്പ് മുഴുക്കി . ഈ ട്രെയിൻ പോയി കഴിഞ്ഞാൽ ഇനി അടുത്ത ട്രെയിൻ മുന്ന് മണിക്കെയുള്ളൂ .

മനോരമയും , നാനയും , വെള്ളവും മേടിച്ചുകൊണ്ടു ബെർത്തിലേക്കു തിരിച്ചു വന്നു.  പതിവിനു വിപരീതമായി എന്നെ പ്രതീക്ഷിച്ചു ഭാര്യ ഉറങ്ങാതെ ഇരിപ്പിലുണ്ടായിരുന്നു . ഒരു കവിൾ  വെള്ളം കുടിച്ച ശേഷം ഞാൻ എന്റെ സുഹൃത്തു നിക്‌സിക്ക് പറ്റിയ ഒരു അബദ്ധം ഞാൻ അവളെ പറഞ്ഞു കേൾപ്പിച്ചു .

"  ഇതുപോലെ ഒരു രാത്രിയിൽ ആയിരുന്നു അവനു ബാംഗ്ളൂരിലേക്കുള്ള വണ്ടി.  അന്ന് അവൻ ബാറിൽ കയറി രണ്ടു പെഗ് കുടുതൽ വീശിയിരുന്നു .  വണ്ടി നേരത്തെ വന്നു കിടപ്പുണ്ടായിരുന്നു. എല്ലാം  കഴിഞ്ഞു കക്ഷി പ്ലാറ്റഫോമിൽ വന്നു വണ്ടിയിൽ കയറി ബർത്തിൽ നിവർന്നു  കിടന്നു.  രാവിലത്തെ അലച്ചിലും, ക്ഷീണവും കൊണ്ട്   എന്തോ ചെങ്ങാതി  ഒന്ന് ഉറങ്ങി പോയി. പിന്നെ മൂപ്പര് രാവിലെ  ഉണർന്നു എഴുന്നേൽക്കുമ്പോൾ വണ്ടി ഏതോ സ്റ്റേഷനിൽ നില്കുകയാ . കണ്ണ് തിരുമി ശരിക്കും നോക്കിയപ്പോൾ  മലയാളത്തിൽ ഉള്ള അക്ഷരങ്ങൾ . ബാംഗ്ളൂരിലും , മലയാളത്തിലുള്ള ബോർഡോ .  ഒന്ന് സംശയിച്ചു വണ്ടിയിൽ നിന്നും ഇറങ്ങി. പിന്നെയാ  മനസിലായത്‌ . വണ്ടി ഏതോ യാർഡിൽ ആണ് .   കഴിഞ്ഞ ദിവസം എന്തോ എൻജിൻ തകരാർ  കാരണം ആ വണ്ടി പോയില്ല. പകരം  റയിൽവേയ്  മറ്റൊരു വണ്ടി ഏർപ്പാടാക്കി .  സമയം കണക്കാക്കിയാൽ ഇപ്പോൾ 'ഐലൻഡ് എക്സ്‌പ്രസ്'  മെജസ്റ്റിക്കിൽ എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു .   ഇതും പറഞ്ഞു വലിയ ഒരു തമാശ പറഞ്ഞ പോലെ ഞാൻ കുലുങ്ങി ചിരിച്ചു.  പക്ഷെ അവൾക്കു  ഞാൻ പറഞ്ഞ  ഫലിതം പിടിച്ചില്ല എന്ന് തോന്നി.

ഞങ്ങൾ അങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുമ്പോൾ ആണ് ഒരു വലിയ തടിമാടനും , അയാൾക്ക്  ഒത്തവണ്ണമുള്ള ഭാര്യയും , രണ്ടു കുട്ടികളുമായി      ഞങ്ങളുടെ  ബെർത്തിലേക്കു കയറി വന്നത് .  വന്നപാടെ അയാൾ ചുളിഞ കണ്ണുകളുമായി എന്നെ നോക്കി. പിന്നെ അല്പം അധികാര  സ്വരത്തിൽ പറഞ്ഞു

" ഈ  സീറ്റ്  ഞങ്ങളുടേതാണ് "

  ഞാൻ  പറഞ്ഞു , നിങ്ങൾക്ക്  കംപാർട്മെന്റ് തെറ്റിയതായിരിക്കും . ഇത് ഞങ്ങളുടേതാണ് . ഞാൻ ടിക്കറ്റ്‌  ഉയർത്തി അയാളെ കാണിച്ചു .

അയാൾ പറഞ്ഞു.   കംപാർട്മെന്റ് ഒന്നും തെറ്റിയിട്ടില്ല . ഇത് ഞങ്ങളുടെ സീറ്റ്  തന്നെയാ .

അയാളോട് ഗുസ്തി പിടിക്കുവാൻ ഉള്ള ആരോഗ്യം എനിക്കില്ല . അതി കൊണ്ട് ഞാൻ വീണ്ടും തർക്കിച്ചു . ശെടാ   , ഇത് വലിയ കഷ്ടം ആയല്ലോ    ഞാൻ ഭാര്യയെ നോക്കി..

"എന്റെ ടിക്കറ്റ്  നോക്കികൊള്ളൂ  ",   ഞാൻ  വിജയഭാവത്താൽ   അയാളെ ടിക്കറ്റ്  കാണിച്ചു. സീറ്റ്  നമ്പർ 23 , 24 .    അയാൾ   എന്നെ , അയാളെ ളുടെ ടിക്കറ്റ്  കാണിച്ചു . സീറ്റ്  നമ്പർ 21  22  , 23 , 24  . അയാളുടെ പേരിൽ തന്നെ.

ഇതെന്തു അത്ഭുതം , ഞാൻ മനസ്സിൽ വിചാരിച്ചു. ഒരേ സീറ്റിൽ  രണ്ടു യാത്രക്കാരോ ?   വിശ്വാസം  വരാതെ കംപാർട്മെന്റ്   നമ്പർ  ഞാൻ ഒന്നും കുടി നോക്കി. ശരിയാണ് . അതും കൃത്യം.

ഞാൻ  സംഗതി  അയാളെ   ധരിപ്പിച്ചു. പക്ഷെ അപ്പോഴും ഞാൻ പിൻമാറുവാൻ  തൈ യാർ അല്ലായിരുന്നു  . അല്ലെങ്കിൽ ഞാൻ എന്തിനു  മാറണം . ഇന്ത്യൻ റെയിൽ വെയ്  എനിക്കും, എന്റെ  ഭാര്യക്കും യാത്ര ചെയുവാൻ ഉള്ള ടിക്കറ് ആണ് തന്നിരിക്കുന്നത്. റ്റിക്കറ്റ്  എടുത്തു യാത്ര ചെയുക എന്നത് ഒരു  ഇന്ത്യൻ
പൗരന്റെ അവകാശം ആണല്ലോ

അവിടെ ഒരു കശപിശയായി എന്ന് പറഞ്ഞാൽ മതിയല്ലോ. അവസാനം ഞങ്ങളുടെ ശബ്ദം കേട്ട്   ദൈവം അയച്ചപോലെ  ടിക്കറ് എക്‌സാമിനർ   ( TTE ) അവിടെ പ്രത്യക്ഷപെട്ടു .

ഞാൻ അദ്ദേഹത്തെ എന്റെ ടിക്കറ് കാണിച്ചു .   ടിക്കറ് പരിശോധിച്ച ശേഷം അങ്ങേര് എന്നെ പരുഷമായി നോക്കി.  ഞാൻ എന്തോ മണ്ടത്തരം കാണിച്ചപോലെ.

എനിക്ക് അയാളുടെ നോട്ടം ഒട്ടും പിടിച്ചില്ല.

"ടിക്കറ് കൈയിൽ ഉണ്ടല്ലോ  ",   വിജയശ്രീലാളിതാനേ പോലെ  ഞാൻ പറഞ്ഞു.

"ഈ ടിക്കറ് , ഇന്നലത്തെ ടിക്കറ്റാ ,    നോക്കു   ജൂൺ 17 ,  01 : 45 AM "

ഞാൻ   TT യോടായ് ചോദിച്ചു.

" അതെങ്ങനെ ശരിയാകും  . ഇന്നല്ലേ ജൂൺ 17 ,"

അല്ല , അയാൾ ഞാൻ പറഞ്ഞത് ശക്തിയുക്തം നിഷേധിച്ചു .

"ഇന്ന് ജൂൺ  18  ആണ് .  പന്ത്രണ്ടു മണി  കഴിഞ്ഞില്ലേ . ദിവസം മാറിയില്ലേ "

ഞാൻ പ്ലിങ് ആയി എന്ന് പറഞ്ഞാൽ മതിയല്ലോ . തർക്കിച്ചു നോക്കിയിട്ടും ഒരു രക്ഷയും ഇല്ല എന്നറിഞ്ഞതു കൊണ്ട് , ഇളഭ്യ മുഘവുമായി  ഞാനും ,  ഭാര്യയും ബെർത്തിന് അടിയിൽ നിന്നും, പെട്ടിയും , ബാഗും ഓരോന്നായി വലിച്ചെടുത്തു . അപമാനഭാരത്താൽ അവളുടെ മുഖം വിളറിയിരുന്നു . പെട്ടിയും വലിച്ചു പോകുന്ന വഴി  ആ തടിമാടന്റെ  ഭാര്യ ഞങളെ  കൈ കൊട്ടി വിളിച്ചു . പിന്നെ ആ സീറ്റിൽ ഇരുന്ന  മനോരമയും , നാനയും , ഒരു ഔദാര്യം എന്ന പോലെ അവളുടെ നേരെ നീട്ടി .

പ്ലാറ്റഫോമിൽ ഇറങ്ങിയപ്പോൾ ശബ്ദ ഭാഷിണിയിലൂടെ  ആ അറിയിപ്പ്  ഞാൻ വ്യക്തമായും കേട്ടു

" യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ,  ട്രെയിൻ നമ്പർ 12645 , നിസാമുദിൻ എക്സ്പ്രസ്  അൽപ നിമിഷത്തിനുള്ളിൽ പ്ലാറ്റഫോം നമ്പർ ഏഴിൽ നിന്നും പുറപെടുന്നതാണ് "  





2019, മാർച്ച് 6, ബുധനാഴ്‌ച

സൗഹൃദം


അന്ന് പ്രത്യേകിച്ച് പണി ഒന്നുമുണ്ടായിട്ടില്ല അയാൾ ഓഫീസിൽ ഇരുന്നത് . വൈകുന്നേരം  ഏഴു മണി കഴിഞ്ഞുള്ള  ഇന്ത്യയും - ആസ്‌ത്രേലിയയും  തമ്മിലുള്ള ക്രിക്കറ്റ്  മാച്ചിന്റെ  വിശദാംശങ്ങൾ   cricinfo.com  വഴി  നോക്കി ഇരിക്കുകയായിരുന്നു.  വീട്ടിൽ ചെന്നാലും വിരസതയാണ് .   ഓഫീസിൽ ഇരുന്നാൽ ഇന്റർനെറ്റിന് രൂപ കൊടുക്കേണ്ടതില്ലല്ലോ .  ഓഫീസിലെ സഹപ്രവർത്തകരായ  വിജയനും ,  റഫീക്കും  ,ലതികയും  തൊട്ട്  പ്യൂൺ  ആയ ഗോപകുമാർ വരെയുള്ളവരോട് അയാൾ  ഒരു നിശ്ചിതമായ അകലം പാലിച്ചിരുന്നു. അതെ അകലം അവരും അയാളോട് പാലിച്ചിരുന്നു .
 അവർക്കും അയാളെ ഇഷ്ടമായിരുന്നില്ല.. തികഞ്ഞ അരസികൻ,  അയാൾ  പറയുന്നതും, പ്രവർത്തിക്കുന്നതും മാത്രമാണ് ശരി എന്നുള്ള  മുൻകരുതൽ.
മോഡേൺ വേഷം ധരിക്കുന്ന യുവതികളോട് പുച്ഛം , പണമുള്ളവരോട്  നിശ്ചിതമായ അകലം പാലിക്കുക , ആവശ്യത്തിൽ  കുടുതൽ അപകർഷതാബോധം ഇവ എല്ലാം
ചേരുമ്പടി എന്നോണം അയാളിൽ ചേർന്നിരുന്നു.

അങ്ങനെ നമ്മുടെ നായകൻ , അയാൾ നെറ്റിൽ കളിയുടെ വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുമ്പോൾ  ആണ് അയാൾക്ക്‌ ഒരു ഉൾവിളി തോന്നിയത് . കഥാനായകന് പേര് ആവശ്യം ഉള്ളത് കൊണ്ട് നമുക്കയാളെ സുരേഷ് എന്ന് അഭിസംബോധന  ചെയ്യാം. എട്ടാമത്തെ ഇന്ത്യൻ വിക്കറ്റും വീണു കഴിഞ്ഞപ്പോൾ  അയാൾ സമയം നോക്കി. എട്ടു  മണി കഴിഞ്ഞിരിക്കുന്നു. വീട്ടിൽ പോകാം എന്ന് കരുതുമ്പോൾ ആണ് അയാൾക്ക്‌ ഒരു ഉൾവിളി അനുഭവപ്പെടുന്നത്.  മെയിൽ ഒന്ന് നോക്കിയേക്കാം .

അങ്ങനെ അയാൾ  അയാളുടെ ജി യിൽ  തുറക്കുമ്പോൾ  അയാള മാത്രം കാത്തെന്നവണ്ണം  ഇൻബോക്സിൽ അയാളെ തുറിച്ചു നോക്കുന്ന മെസ്സജ് കണ്ടു.  അതും ഒരു പെണ്ണിന്റെ . അയാൾ ആ  മെയിൽ  തുറന്നു. അതിൽ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്.

സുന്ദരിയും , ആവി വിവാഹിതയും , മലയാള സാഹിത്യത്തിൽ ബിരുദ ധാരിയും , ഏകാകിയും , വയസ്  29 (സംഗീതം , വായന ,ഇന്റർനെറ്റ് ) ഏന്നീ അഭിരുചികൾ ഉള്ള യുവാക്കളിൽ നിന്നും ശുദ്ധ സൗഹൃദം  കാംക്ഷിക്കുന്നു . 

ആദ്യം ഞാൻ എന്നെ പരിചയപെടുത്തട്ടെ . പേര് സൂസൻ , ശരിക്കുള്ള പേര് സൂസൻ തോമസ് .  സംശയിക്കേണ്ട  തോമസ് എന്റെ ചാച്ചൻ ആണ് . അപ്പനെ ഞാൻ വിളിക്കുന്നത് ചാച്ചൻ എന്നാണ് . അമ്മച്ചിയും അങ്ങനെതന്നെ വിളിക്കുന്നു .  അധ്യാപികയാകുവാൻ താല്പര്യം ഉണ്ടായിരുന്നു എങ്കിലും അങ്ങനെയുള്ള ഒരു ജോലി തരപെടാതിരുന്നതിനാൽ ഇപ്പോൾ ഒരു പ്രൈവറ് സ്ഥാപനത്തിൽ ഗുമസ്തപ്പണി ചെയുന്നു. ഓഫീസില്ലാത്ത സമയത്തു ഇന്റർനെറ്റും , സിനിമയും , സംഗീതവുമായി  സമയം കളയുന്നു.  ഇളയരാജെയുടെ  പാട്ടുകളോട് വല്ലാത്ത ഒരു നൊസ്റ്റാൾജിയ തന്നെയുണ്ട് . ഇവിടെ ഒരു ലേഡീസ് ഹോസ്റ്റലിൽ താമസം . വീട് തിരുവല്ലയിൽ. ആഴ്ച യിൽ ഒരിക്കൽ  വീട്ടിൽ പോകും.  തിങ്കളാഴ്ച രാവിലെ തിരികെ വരും.

പരിചയപെടുത്തി കഴിഞെങ്കിലും കുറച്ചും കൂടി  എന്നെ കുറിച്ച് ഞാൻ പറയാം . ഞാൻ കാഴ്ച്ചയിൽ അത്രയ്ക്ക് സുന്ദരി ഒന്നുമല്ല.  ഒരു ഇൻട്രോഡക്ഷൻ എന്ന രീതിയിൽ എന്നെ കുറിച്ച് ഞാൻ തന്നെ പറയണം അല്ലോ . ഉയരം അഞ്ചടി, മൂന്നിഞ്ചു ..  അൻപത്തി ഏഴു കിലോ തൂക്കം . തൂക്കം അല്പം കുടുതൽ ആണന്നു തോന്നിയില്ലേ .  കൂടെയുള്ള ബെറ്സി  പറയുന്നത് തടി  അല്പം കുറയ്ക്കണം എന്നാണ് . എന്തായാലും ഞാൻ അതിനുള്ള ശ്രമം  ആരംഭിച്ചു കഴിഞ്ഞു .  നിറം കറുത്തിട്ടില്ല കേട്ടോ . ആവശ്യത്തിന് മുടിയും ഉണ്ട് .

ഇനി കാര്യത്തിലേക്കു വരാം . എന്റെ സ്വപ്നം പോലെ ഒരഴുക്കും പുരളാത്ത , തെളിഞ്ഞ സൗഹൃദം കാംക്ഷിക്കുന്നു .  അങ്ങനെ ഒരു  സൗഹൃദം താങ്കളും ആഗ്രഹിക്കുന്നു  എന്നുണ്ടെങ്കിൽ താങ്കൾക്ക് മറുപടി അയക്കാം .

സ്നേഹപൂർവം
സൂസൻ 


സൂസന്റെ  കത്തിന് മറുപടി അയക്കണമോ എന്നയാൾ ശങ്കിച്ചു .  പിന്നെ അയാൾ അവൾക്കുള്ള മറുപടി ടൈപ്പ് ചെയുവാൻ തീരുമാനിച്ചു. സൂസനെ പോലെ ഒരു കംപ്യൂട്ടർ അഡിക്റ്റ ഒന്നുമല്ല ഞാൻ. സുന്ദരൻ ആണ് എന്ന് ഞാൻ പറയുന്നില്ല.  അല്ലെങ്കിലും  പുരുഷന്മാരുടെ സൗന്ദര്യം അവരുടെ പ്രവർത്തിയിൽ ആണല്ലോ .

എന്റെ പേര് സുരേഷ് . ഏകാകിയാണ് . ആവിവിവാഹിതൻ.  വയസ്  37 . ഇപ്പോൾ  മാട്രിക്സ്  എന്ന കമ്പനിയിൽ   സിസ്റം അനലിസ്റ്  ആയി ജോലി ചെയുന്നു. എനിക്ക് എന്റേതായ ചില കാഴ്ചപ്പാടുകൾ ഉണ്ട് . അതിൽ വ്യതിചലിക്കാതെ ജീവിക്കുവാൻ ആണ് എനിക്കിഷ്ടം .ക്രിക്കറ് ഏറെ ഇഷ്ടമാണ് . പിന്നെ സംഗീതവും , സിനിമയും എനിക്ക് തീരെ താല്പര്യം ഇല്ല. അങ്ങനെ സമയം കളയുവാനുള്ള  സമയവും എനിക്കില്ല.

സൂസന്റെ എഴുത്തു കണ്ടാൽ ഒരു മോഡേൺ കല്യാണ ആലോചന പോലെ തോന്നും. സുന്ദരിയൊന്നുമല്ല . പക്ഷെ യരം അഞ്ചടി, മൂന്നിഞ്ചു ..  അൻപത്തി ഏഴു കിലോ തൂക്കം ഇതൊക്കെ ഇപ്പോൾ തന്നെ പറയേണ്ടതുണ്ടോ.?  അതിനു അത്രയ്ക്ക്  നമ്മൾ പരിചയപ്പെട്ടിട്ടില്ലോ . സൂസൻ  പറഞ്ഞതുപോലെ ഞാൻ പറയുകയാണെങ്കിൽ പറയാം  മീശ   വയ്ക്കുന്ന സ്വഭാവം എനിക്കില്ല. നിറം അല്പം കറുത്തിട്ടാണ് .  അധികം ആരോടും അങ്ങനെ അടുത്തു ഇടപെഴുകുവാൻ ഒട്ടും താല്പര്യം ഇല്ല.  ഇങ്ങനെ ഒരു മെയിൽ എഴുതുന്നത് തന്നെ ആദ്യമായാണ് .

സൂസനെപോലെയല്ല എന്ന് പറയുവാൻ ഇത് തന്നെ ധാരാളം. എനിക്ക് അറിയാം നിങ്ങൾ എന്തുതരം പെണ്ണാണ് എന്നാണ്. ആദ്യത്തെ കത്തിൽ തന്നെ  നിങ്ങൾ അല്പം അഹങ്കാരി ആണെന്ന് എനിക്ക് മനസിലായി .
മറ്റുള്ളവരോട് ചാറ്റ് ചെയ്ത , കറങ്ങി നടക്കുന്ന പെൺകുട്ടികളെ എനിക്ക് തീരെ താല്പര്യം ഇല്ല.

സുരേഷ്.


കത്ത് എഴുതിക്കഴിഞ്ഞപ്പോൾ അയാൾ ഒന്ന് നിശ്വസിച്ചു . ഈ കത്ത് വായിക്കുമ്പോൾ സൂസന്റെ കണ്ണുകൾ ചുവക്കുന്നുണ്ടാകും.  ഒരു അപരിചിതൻ നേരിട്ട് അഹങ്കാരി എന്ന്  വിളിക്കുക .  ഇനി ഒരിക്കലും  അവൾ ആർക്കും ഇങ്ങനെ എഴുതുവാൻ ഇടവരില്ല.


പിറ്റേ ദിനം അയാൾ  ഓഫീസിൽ എത്തിയപ്പോൾ ആദ്യം നോക്കിയത് സൂസന്റെ മെയിൽ തന്നെയായിരുന്നു. മെയിൽ ഉണ്ടാകില്ല എന്നുറപ്പുണ്ടായിട്ടും . പക്ഷെ അയാളുടെ പ്രതിക്ഷകൾ  ആസ്ഥാനത്തായിരുന്നു എന്നയാൾ അറിഞ്ഞു. അയാളുടെ ഇൻബോക്സിൽ അയാളെ കാത്ത് സൂസന്റെ മെയിൽ ഉണ്ടായിരുന്നു.

ഹാലോ  സുരേഷ് ,

എന്റെ പേര് സൂസൻ എന്ന് ഞാൻ പറഞ്ഞുവല്ലോ . എന്നെ കാണാതെ തന്നെ എനിക്ക് ഈഗോയും , അഹങ്കാരവും ഉണ്ടെന്നു നിങ്ങൾ മനസിലാക്കിയല്ലോ . പിന്നെ ആദ്യ കത്തിൽ പെണ്ണുങ്ങൾ സ്വയം വർണിക്കരുത് എന്നുള്ള നിയമങ്ങൾ  ഉണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു . പക്ഷെ നിങ്ങൾ പറഞ്ഞുവല്ലോ. ഏകാകി . ആവിവിവാഹിതൻ , മീശ  വയ്ക്കുന്ന സ്വഭാവം ഇല്ല ,  ക്രിക്കറ് ഇഷ്ടമാണ് എന്നൊക്കെ ,   ഇതെല്ലാം തന്നെ ഒരു സ്വയം വർണന അല്ലെ ?

നിങ്ങളെ പോലൊരു ആളോട് എനിക്ക് സൗഹൃദം തുടരുവാൻ കഴിയുമോ എന്നെനിക്കറിയില്ല.  പക്ഷെ നിങ്ങളെ എനിക്ക് മനസിലാക്കുവാൻ സാധിക്കും. നിങ്ങൾക്ക് ഈഗോ മാത്രമല്ല , അസുയ എന്നുള്ള ദുർഭൂതവും നിങ്ങളുടെ കൂടെ പിറപ്പാണ് .  അല്ലെങ്കിൽ  നിങ്ങൾക്ക് ദോഷം  ചെയ്യാത്ത ഒരാൾ  ദുരെ എവിടെയോ ഇരുന്നു ഇന്റർനെറ്റും , സംഗീതവും, സിനിമയും ആസ്വദിക്കുമ്പോൾ ഇത്രയും ക്ഷോഭിക്കുവാൻ എന്ത് കാരണം .ആദ്യമായി അല്ല ഞാൻ ഇങ്ങനെയുള്ള മെയിൽ അയക്കുന്നത് . പക്ഷെ ഇത്രയും ക്രൂരമായി ഒരഭിപ്രായം പറയുന്ന ഒരു സാഡിസ്റ്റാകുവാൻ നിങ്ങൾക്കു  മാത്രമേ കഴിഞ്ഞിരുന്നുള്ളൂ .

നിങ്ങളുമായി സംവദിച്ചപ്പോൾ പഴയ ഒരു പഴമൊഴി ഞാൻ ഓർത്തു പോകുന്നു. "സ്നേഹം ഇല്ലാത്ത ജീവിതം  ഫലപുഷ്പങ്ങൾ ഇല്ലാത്ത  വൃക്ഷം പോലെയാണ്. പുഷ്പിക്കുവാൻ കഴിയാത്തതിൽ അസൂയയും , നിരാശയും പൂണ്ട പടു വൃക്ഷം " നിങ്ങളുമായി ഒരു ബന്ധം തുടരുവാൻ എനിക്ക് താല്പര്യം ഇല്ല. ഗുഡ് ബൈ .....


അയാൾ ആ മെയിൽ വായിച്ചു കഴിഞ്ഞപ്പോൾ അയാൾ വല്ലാതെയായി .
 ഇന്റർനെറ്റിന്റെ വലകണ്ണികൾ അയാളെ പൂർണമായി വളഞ്ഞു മുറുക്കുന്നതായി അയാൾ അറിഞ്ഞു. കംമ്പ്യൂട്ടർ സ്‌ക്രീനികത്തു ക്രൂര
മുഖവുമായി അയാളെ വെറുപ്പോടെ നോക്കുന്ന സൂസനെ അയാൾക്ക് കാണുവാൻ കഴിയുമായിരുന്നു. അവളുടെ ദൃഷ്ടിയിൽ നിന്നും ഒളിച്ചോടുവാൻ അയാൾ ആഗ്രഹിച്ചു . അയാളുടെ  ഇരു വശങ്ങളിലും രണ്ടു കൊമ്പുകൾ മുളച്ചു വന്നു. ഭൂമി തുരന്നു , തുരന്നു പോകുന്ന ഒരു  വലിയ കുഴിയാനയായി മാറി അയാൾ അപ്പോൾ.    








.



കുന്നത്തെ കാവ്



കുന്നു കയറി നേരെ നടന്നു ചെല്ലുന്നതു  കാവിലേക്കാണ് .  ഇരുളടഞ്ഞവഴിയിലൂടെയുള്ള ഒറ്റയടിപ്പാത .  വശങ്ങളിലും ഉയരത്തിലുള്ള വള്ളി പടർപ്പുകളും , മരങ്ങളും കൊണ്ട്  നിറഞ്ഞു നിൽക്കുന്നു .  കരിയിലകൾ വീണ നടപ്പാതയിലൂടെ നടന്നാൽ  കല്ലിൽ കൊത്തിയ ദാരുപാലക ശിൽപം കാണാം . ഒരിക്കലും  ആ കാവിൽ തിരക്ക് അനുഭവപെട്ടു കണ്ടിട്ടില്ല.  ഉഗ്രരൂപിണിയായ ഭദ്രകാളിയാണ് പ്രതിഷ്ഠ . കാഴ്ച്ചയിൽ ഒരു കൊച്ചു കാവ് ആണെങ്കിലും ഉഗ്ര രൂപിണിയായ  ദേവിയുടെ രൗദ്ര ഭാവത്തിനു പിന്നിലും ഒരു   ഐത്യഹ്യം  ഉണ്ട്.  അത് വഴിയേ വിവരിക്കാം .

 കിഴക്കേ നടയിൽ മുന്നിൽ നിന്ന് തെക്കോട്ടു മാറി ഒരു ആൽ മരവും, പൊട്ടി പൊളിഞ്ഞ തറയും.  അതിന്റെ ചുവട്ടിൽ ഇലകളും, പൂക്കളും വീണു കിടപ്പുണ്ട് .   ഈ ആൽ മരം  കായ്ക്കില്ലത്രേ . അതിൽ കായയുണ്ടാവാതിനു പിന്നിൽ ഒരു ഐത്യഹ്യവും ഉണ്ടെന്നു പറയപ്പെടുന്നു .

നൂറ്റാണ്ടുകൾക്കു മുമ്പ്  ഇവിടം നിബിഡ വനപ്രദേശമായിരുന്നു . ഏതോ ദേശത്തു നിന്നും ഒരു നമ്പുതിരി ആ നടയ്ക്കൽ വന്നു പ്രാർത്ഥിച്ചു .   ത്വക് രോഗം കൊണ്ട്  അവശനായ നമ്പുതിരി  ആൽ  തറയിൽ ഇരുന്നു ദേവിയെ ഭജനം ചെയ്തു.  കാറ്റു വന്നപ്പോൾ മരത്തിൽ നിന്നും കായ്കൾ അടർന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ വീണു.   ശരീരം  മുഴുവനും പൊട്ടി പഴുത്ത നമ്പുരിക്കു കായ്കൾ ശരീരത്തിൽ വീണപ്പോൾ വല്ലാതെ വേദനിച്ചു . "അമ്മെ , വ്രണത്തിൽ   മൂടിയ എന്നെ ഇനിയും ഇങ്ങനെ വേദനിപ്പിക്കുന്നതിൽ അവിടുത്തേക്ക്‌ കുടുതൽ സന്തോഷമാകുമോ എന്ന് വ്യസനത്തോടെ അദ്ദേഹം ചോദിച്ചു. അമ്പലകുളത്തിൽ പോയി കുളിച്ചു വരൂ എന്നൊരു  അശരീരി നമ്പുതിരി  കേട്ടു .  അരുളപ്പാട് ദേവിയുടെ തന്നെ എന്ന്   നിനച്ചു നമ്പുതിരി തിടുക്കത്തിൽ അമ്പലക്കുളത്തിൽ പോയി മുങ്ങി കുളിച്ചു.   കുളത്തിൽ മുങ്ങിയിട്ടു പൊങ്ങിയപ്പോൾ   അത്ഭുതം പോലെ ശരീരത്തിൽ ബാധിച്ച വ്രണം നിശേഷം ഭേദമായിരുന്നു. ആൽ  മരത്തിൽ  നിന്നും അടർന്നു വീണ  കായ  നമ്പുതിരിയുടെ ശരീരത്തെ  വൃണ പെടുത്തിയത് കൊണ്ടാകാം  അതിനു ശേഷവും , പിന്നീട് ഒരിക്കലും ആ ആൽ മരത്തിൽ കായകൾ ഉണ്ടായിട്ടില്ലത്രെ .  പ്രാചീനമായ  ആ ആൽമരം പിന്നീട് നശിച്ചു, അതിനുശേഷം ഉണ്ടായ ആൽമരവും കായ്ക്കില്ലത്രേ .  ഉഗ്ര രൂപിണിയാണെങ്കിലും   ഭക്തവാത്സല്യം  ചൊരിയുന്ന അമ്മയാണ് കാവിലെ  പ്രതിഷ്ഠ എന്ന്  പഴമക്കാർ പറയുന്നു  അതിനെല്ലാം സാക്ഷിയായി ആ    ആൽമരം ഒരു സത്യമായി ഇപ്പോഴും അവിടെ കാവൽ നിൽക്കുന്നു.   

കുന്നിൻ മുകളിലായി  ഈ കാളി ക്ഷേത്രം വന്നതിനു പിന്നിലും ഒരു കഥയുണ്ട് . അതിങ്ങനെ .പണ്ട് കാലത്തു ഒരു ഭട്ടതിരി കാഞ്ചിപുരത്ത്  പോയി ഭജനം ഇരുന്നു.  ഭക്തിപൂർവ്വം ഉള്ള ഭട്ടതിരിയുടെ ഭജനത്താൽ ദേവി സംപ്രീതയാവുകയും എന്ത് വരം വേണം എന്ന്   ഭട്ടതിരിയോട് ഉണർത്തിക്കുകയും ചെയ്തു. ദേവി എന്റെ കുടെ  ഇല്ലത്തേക്ക് വരണം എന്ന് ഭട്ടതിരി വിനയപൂർവം  ദേവിയോട് അപേക്ഷിച്ചു. ദേവി   ഭട്ടതിരിക്കു മുന്നിൽ പ്രത്യക്ഷപെട്ടതു ഓലക്കുട ചൂടിയായിരുന്നു.  ദേവി തന്റെ ചൈതന്യം ഓലക്കുടയിൽ ആവാഹിച്ചു ആ കുട  ഭട്ടതിരിക്കു കൈമാറി . ഭക്തിപുരസരം  കുട സ്വീകരിച്ച ഭട്ടതിരിയോടായി ദേവി പറഞ്ഞു ഈ കുട ഒരിടത്തും താഴെ വയ്ക്കരുത് . അങ്ങനെ സംഭവിച്ചാൽ  ഞാൻ അവിടെ കുടി കൊള്ളൂന്നതായിരിക്കും. അതനുസരിച്ചു ഭട്ടതിരി യാത്ര തുടർന്നു . കാടും , മേടും , അരുവിയും താണ്ടി ഭട്ടതിരി മനോഹരമായ ഈ കുന്നിൻ ചെരുവിൽ വന്നു ചേർന്നു . ഇവിടെ എത്തിയപ്പോൾ ഭട്ടതിരിക്കു കലശലായ  മുത്ര ശങ്ക അനുഭവപ്പെടുകയും , അവിടെ കണ്ട ഒരു നായാടി ബാലന് ഭട്ടതിരി ആ കുട കൈമാറുകയും , അതിനു ശേഷം കാര്യം സാധിച്ച തിരിച്ചു വന്ന ഭട്ടതിരി കാണുന്നത് ആ കുട മണ്ണിൽ ഇരിക്കുന്നതാണ് . ചതിച്ചല്ലോ ഭഗവതി എന്ന് നിലവിളിച്ചു കൊണ്ട്   ഭട്ടതിരി കുട ഉയർത്തുവാൻ നോക്കി. പക്ഷെ ആ കുട ഉയർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.  കുടയുടെ ഭാരം  സഹിക്കവയ്യാതെ നായാടി  ചെക്കൻ കുട മണ്ണിൽ പ്രതിഷ്ഠിച്ചുകൊണ്ടു ദേവി കാളി രൂപത്തിൽ ആ കുന്നിന്മേൽ വർത്തിക്കുന്നു.         

കൃത്യം അഞ്ചുമണിക്ക് തിരുമേനി  നട തുറക്കും .  കേശവൻ എംബ്രാന്തിരിയായിരുന്നു  ആ കാവിലെ പൂജാരി .തിരുമേനിയുടെ 
ഉച്ചത്തിലുള്ള ശംഖുനാദം ആ ഗ്രാമത്തെ ഉണർത്തും . ആളുകൾ കിടക്കപ്പായയിൽ നിന്നും,  കിഴക്കു ഭാഗത്തേക്ക്   നോക്കി കൈകൂപ്പും.. പഞ്ചലോഹകവചം കൊണ്ടുള്ള വിഗ്രഹം മനകണ്ണിൽ തെളിയും.
 നിർമാല്യത്തിന് മുന്നേ കുളത്തിൽ മുങ്ങി കുളിച്ചു ഈറനായ വേഷത്തിൽ എന്നും ശ്രീദേവി നടയ്ക്കൽ ഉണ്ടാകും.  നിർമല്യം കഴിഞ്ഞാൽ ശ്രീദേവി അർപ്പിക്കുന്ന തുളസിമാല ദേവിക്ക് ചാർത്തും . നാരായണമാരാരുടെ മകൾ ആണ് ശ്രീദേവി . മാസത്തിലെ ചില വിശേഷ ദിവസങ്ങളിൽ അവൾക്കു പോകുവാൻ  പറ്റാത്ത ദിനങ്ങൾ ഒഴിച്ചുള്ള ദിവസങ്ങളിൽ എല്ലാം ശ്രീദേവി നട തുറക്കുമ്പോൾ കാവിൽ ഉണ്ടാകും.   ദേവിക്ക് , ശ്രീദേവിയെയും , ശ്രീദേവിക്ക്‌ , ദേവിയെയും ഒരു ദിനം പോലും കാണാതെ വയ്യ എന്നായിരിക്കുന്നു .ദേവിക്കും , ശ്രീദേവിയെ ഒരു ദിനം കണ്ടില്ലെങ്കിൽ ദേവിയുടെ മുഖത്തിനു പ്രസാദവും  , ചൈതന്യം കുറയും എന്നാണ് തിരുമേനിയുടെ  ഭാഷ്യം. 

ശാന്ത  ഭാവത്തിൽ ആണ് ദേവിയുടെ മുഖം.  തിരുമേനി ഒരുക്കിയാൽ ദേവിയിൽ   ഭക്തവാത്സല്യം കുടികൊള്ളും. പട്ടുടയാടിയും ,  തുളസിമാലയും , നാരങ്ങാ മാലയും , കിരീടവും ചാർത്തിയ ദേവിക്ക്  മാതൃ ഭാവം കൈവരും.  ചുണ്ടിൽ  വറ്റാത്ത പുഞ്ചിരി അവശേഷിക്കും . ഉഷപൂജ  കഴിഞ്ഞാൽ ഭക്തിയോടെ നിറ കണ്ണുകളുമായി നിൽക്കുന്ന ഭക്തർക്കു ഗുരുതി പ്രസാദവും, ഇല ചീന്തിൽ   കറുത്ത ചാന്തും പ്രസാദമായി  നൽകും .  

ഉച്ചയ്ക്ക് നട അടയ്ക്കുന്ന വരെ ശ്രീദേവി അവിടെ ഉണ്ടാകും.  ഉച്ചയ്ക്ക്  പടച്ചോറും കൊണ്ട് ശ്രീദേവി  മാരോത്തേക്കു പോകും. ഇതാണ് പതിവ്.  കാവിനു ചുറ്റും തൂത്തു വരുക. പൂജയ്ക്കുള്ള ഉരുളിയും, കിണ്ടിയും, വിളക്കും മറ്റു പാത്രങ്ങളും കഴുകി വയ്ക്കുക . പൂജക്കുള്ള   പൂക്കൾ ശേഖരിക്കുക ,  ഇതെല്ലാം ശ്രീദേവിയുടെ ജോലിയാണ് . ശമ്പളം പ്രതീക്ഷിച്ചല്ല ശ്രീദേവി  ഈ ജോലികൾ ചെയുന്നത് . എന്നാലും കൃത്യമായി മാരാർ  ആ തുക എണ്ണി  മേടിക്കും.   

തിരുമേനി ആളൊരു ശുദ്ധനാ , പക്ഷെ  മൂക്കത്താ ശുണ്‌ഠി .  അവൾ ചെയുന്ന പ്രവർത്തിയിൽ എന്തെങ്കിലും , കുറ്റവും , കുറവും തിരുമേനി കണ്ടുപിടിക്കും. മണൽ ചേർത്ത് വിളക്ക്  തുടയ്ക്കണം എന്നാണ് തിരുമേനിയുടെ നിയമം . പക്ഷെ എത്ര തുടച്ചാലും തിരുമേനി അതിൽ എന്തെങ്കിലും കുറ്റം  കണ്ടെത്തും . എണ്ണയുടെ മെഴുക്ക് പോയിട്ടില്ല. കരി ഇപ്പോഴും മാഞ്ഞിട്ടില്ല എന്നിങ്ങനെ . തിരുമേനിയുടെ പ്രായം ഒന്നും നോക്കില്ല . ശ്രീദേവി നല്ല മറുപടി തിരികെ പറയും .  "എനിക്കിത്രയേ പറ്റുള്ളു . ഇനി വേണം എന്ന് വച്ചാൽ ഇല്ലത്തു നിന്നും ആരെങ്കിലും കൊണ്ട് വരൂ . ഇല്ലത്തുള്ളവർ തേച്ചാലും കരി പോകുമോ എന്ന് കാണട്ടെ" എന്ന് പറഞ്ഞു അവൾ തിരുമേനിയെ ശുണ്‌ഠി  പിടിപ്പിക്കും.

ഇങ്ങനെയാണെങ്കിലും അവളുടെ വിവാഹം നടക്കാത്തതിൽ തിരുമേനിക്കും വിഷമമുണ്ട് . അദ്ദേഹം പറയും "ദേവിയെ മനമുരുകി പ്രാർത്ഥിച്ചോളു , നിനക്ക് ഒത്ത വരനെ ദേവി തന്നെ കൊണ്ടേ തരും." 

ഒരു മഴയുള്ള ദിനമായിരുന്നു . നേദ്യത്തിനു സമയം ആയപ്പോൾ തിരുമേനി തിടപ്പളിയിൽ നിന്നും ഉരുളിയിൽ പായസവും കൊണ്ട് ശ്രീകോവിലിലേക്ക് കയറുവാൻ തുടങ്ങുകയായിരുന്നു. പടിയിൽ കാൽ വഴുക്കി തിരുമേനി മറിഞ്ഞുവീണു .   അങ്ങനെ കാവിലെ പൂജ മുടങ്ങി. പിന്നെ തിരുമേനി തന്നെ വേറെ ഒരു ഇല്ലാതെ നമ്പുതിരിയെ പകര പുജയ്ക്കായി  ഏർപ്പാട് ചെയ്തു . ബലരാമൻ നമ്പുതിരി . ചെറുപ്പക്കാരൻ . ജോലിയൊന്നും തരപ്പെടാതെ ഇരുന്ന രാമൻ നമ്പുതിരിക്കും അത് വലിയ ആശ്വാസം ആയി.  രാവിലെ സൈക്കിളിൽ തിരുമേനി ഇല്ലത്തു നിന്നും കാവിലേക്കു എത്തും.  അപ്പോഴേക്കും ശ്രീദേവിയും കാവിൽ വന്നിട്ടുണ്ടാകും. 

ചെറുപ്പം ആണെങ്കിലും ,   തൊഴുവാൻ വരുന്ന ഏവർക്കും ബലരാമൻ നമ്പുതിരിയെ ബോധിച്ചു . നല്ല വൃത്തി , ചിരിച്ചുള്ള സംസാരം .  മുൻ തിരുമേനിയെ പോലെ  കാർക്കശ്യ ഭാവം തീരെയില്ല . പക്ഷെ ഒരാൾക്ക് മാത്രം തിരുമേനിയെ പിടിച്ചില്ല. അത് അപ്പുണി നായരായിരുന്നു . മാരാരെ  പോലെ ഒരു ആശ്രിതനായിരുന്നു അപ്പുണ്ണി നായരും . എന്തൊക്കെയോ അവകാശങ്ങൾ ആ കാവിൽ അയാൾക്ക്  ഉണ്ടെന്നു അയാൾ സ്ഥാപിച്ചിരുന്നു . ശ്രീദേവിക്ക്‌ അയാളെ കണ്ണെടുത്താൽ കണ്ടുകൂടാ. തരം  കിട്ടിയാൽ  മോഷ്ടിക്കും.  പിന്നെ ശൃംഗാരവും  ലേശം  കുടുതൽ ആണെന്ന് കരുതികൊള്ളു .  അശ്രീകരം എന്നാണ് പഴയ തിരുമേനി അയാളെ വിളിച്ചിരുന്നത് .  പിന്നെ ജീവിച്ചു പോകുവാൻ അയാൾ കാട്ടികൂട്ടുന്ന വിക്രിയകളിൽ നമ്പുതിരി ഇടപെടാറില്ല എന്ന് മാത്രം .    

അധികം വരുന്ന എണ്ണയും മറ്റും നായർ  മറിച്ചുവിറ്റു  കാശാക്കിയിരുന്നു.  .മാത്രവുമല്ല  ക്ഷേത്ര പറമ്പിൽ വീഴുന്ന നാളികേത്തിന് അവകാശി മുപ്പര് ആണെന്ന് സ്ഥാപിച്ചു വെച്ചിട്ടുണ്ടായിരുന്നു.  ആരും കാണാതെ വീട്ടിലേക്കു നാളികേരം  കടത്തുന്ന  സമയം  ബലരാമൻ  നമ്പുതിരി അത് കണ്ടു പിടിച്ചു.  അതോടെ അപ്പുണി നായരുടെ കണ്ണിലെ  കരടായി ബലരാമൻ നമ്പുതിരി.  

അപ്പുണി നായർക്ക് , ബലരാമൻ  നമ്പുതിരിയെ തീരെ  പിടിച്ചില്ല എന്ന് പറഞ്ഞുവല്ലോ .  തിരുമേനിയുടെ കുറ്റവും , കുറവും കണ്ടുപിടിക്കലായി നായരുടെ ജോലി. അങ്ങനെ നായരാണ് അത് കണ്ടു പിടിച്ചത് . ശ്രീദേവിയും , രാമൻ നമ്പുതിരിയും തമ്മിൽ എന്തോ ഒളിച്ചുകളി ഇല്ലേ എന്ന്. ശ്രീദേവിക്ക്‌ പതിവിലേറെ ഉന്മേഷം , ഉച്ചക്ക് പോയ ശ്രീദേവി വീണ്ടും വൈകുനേരം നട തുറക്കും മുന്നേ വരിക. ദേവിയെ ശ്രദ്ധിക്കുന്ന ആ കണ്ണുകളിൽ തിരുമേനിയെ കാണുമ്പോൾ തിളക്കം കൂടുന്നുണ്ടോ. അങ്ങനെ നായരുടെ കണ്ടുപിടിത്തം ആ നാട് ഏറ്റെടുത്തു .  

അങ്ങനെ ആ വാർത്ത നാരായണൻ മാരുടെ ചെവിയിൽ എത്തി. ആ വീട്ടിൽ വലിയ ഭൂകമ്പം ഉണ്ടായി.   അഭിമാനിയായ മാരാർ  ശ്രീദേവിയോട്   കാവിൽ പോകേണ്ട എന്ന്  തീർത്തു പറഞ്ഞു. ഇത്രയും നാൾ ദേവിക്ക് മുന്നിൽ 
മാലയർപ്പിച്ച ശ്രീദേവിക്ക്‌ അത് താങ്ങുവാൻ വയ്യാത്തത് ആയിരുന്നു.  വ്യസനം സഹിക്കവയ്യാതെ അവൾ പൊട്ടി കരഞ്ഞു. ഇനി എന്നാണ് ദേവി നിന്റെ നടയിൽ വന്നു തൊഴുകുവാൻ  ഒക്കുക . ഭഗവതി ദർശനം സാദ്ധ്യമല്ല എന്നുണ്ടെങ്കിൽ ഇനി ജീവിച്ചിരുന്നിട് എന്ത് കാര്യം . ഇങ്ങനെയൊക്കെ അവൾ വിലപിച്ചു .

താൻ നിമിത്തം ഇങ്ങനെ ഒരു   ദുർവിധി ശ്രീദേവിക്ക്‌ വന്നതിൽ ബലരാമൻ നമ്പുതിരിയും ഏറെ ദുഖിച്ചു, ശ്രീദേവിയുടെ സഖിയായി  ഉഷയുടെ കൈയിൽ തിരുമേനി ഒരു കത്ത് കൊടുത്തു വിട്ടു. ആ കത്തിൽ തിരുമേനിയുടെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു.  തിരുമേനിക്ക് ശ്രീദേവിയെ വിവാഹം കഴിച്ചാൽ കൊള്ളാം  എന്നുള്ള ഇഷ്ടം. 


അതിനിടയിൽ ശ്രീദേവിക്ക്   ഒരുവിവാഹ ആലോചന വന്നു . അതവൾ വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു.  വിവാഹം  കഴിഞ്ഞാൽ ഈ ദേശം വിട്ടുപോകേണ്ടി വരുമല്ലോ എന്നുള്ള സങ്കടം ആയിരുന്നു ആ പെൺകുട്ടിക്ക് .
ശാന്തിക്കാരന്റെ  വശീകരണ മന്ത്രത്തിൽ അവൾ വീണുപോയി എന്ന് ശാന്തിക്കാരന് പുജകളിൽ ഒരു ശ്രദ്ധയും ഇല്ല എന്ന്  നാട്ടുകാർ അടക്കം പറഞ്ഞു.   ബലരാമൻ  നമ്പുതിരിക്ക് ആ വാർത്ത മനോ വിഷമം ഉളവാക്കി . അയ്യാൾ ആ നാട് വിടുവാൻ തീരുമാനിച്ചു. അമ്മയുടെ വിഗ്രഹത്തിൽ കണ്ണ് നീർ പൂക്കൾ പൊഴിച്ചുകൊണ്ടു നമ്പുതിരി അവസാന പൂജ കൈകൊണ്ടു . പിറ്റേ ദിനം  രാവിലെ നട തുറന്നില്ല . തിരുമേനിയെ  പിന്നെ ആരും കണ്ടില്ല. . ശ്രീദേവിയെയും മാരൊത്തു കാണുവാൻ ഉണ്ടായില്ല. അവർ രണ്ടുപേരും  ആ ദേവി വിഗ്രഹത്തിൽ  വിലയം  പ്രാപിച്ചു എന്നും അതല്ല  അവർ രഹസ്യമായി നാടുവിട്ടു എന്നും ശ്രുതിയുണ്ട് .

വീണ്ടും , നാളുകൾ കഴിഞ്ഞു പുതിയ  തിരുമേനി  വന്നു  പുണ്യാഹം തളിച്ച് ക്ഷേത്ര നട തുറന്നു.  ശാന്ത സ്വരൂപിയായ ദേവിയുടെ കണ്ണുകളിൽ പിന്നെ ഒരിക്കലും ആ   വാത്സല്യ ഭാവം കണ്ടിട്ടില്ലത്ര . ഉഗ്ര രൂപിണിയായ , ദാരുക നിഗ്രഹഃയായ  ദേവിയായി ആ വിഗ്രഹം പരിണമിക്കപെട്ടു . മാത്രവുമല്ല  കോവിലിനു മുന്നിലെ മുഖമണ്ഡപത്തിൽ കൊത്തുപണികൊണ്ട്  ജീവൻ തുടിച്ചു നിൽക്കുന്ന ശിൽപം അവിടെ പ്രതീക്ഷപെട്ടു. അത് മറ്റാരുടെയും അല്ലായിരുന്നു ദേവിക്ക് നിത്യവും മാല  ചാർത്തിയിരുന്ന ശ്രീദേവിയുടേ  ആയിരുന്നു.