2017, മേയ് 29, തിങ്കളാഴ്‌ച

ഇവൻ എന്റെ പ്രിയ പുത്രൻ (കഥ)ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആണ് ശ്യാമള ആ ചോദ്യം എറിഞ്ഞത്.

" എന്തെ ഉറങ്ങിയില്ലേ?"
"ഇല്ല"    ഞാൻ പറഞ്ഞു

കുറച്ചു നേരത്തിനു ശേഷം അവൾ വീണ്ടും    ചോദിച്ചു

"എന്തായി ഞാൻ പറഞ്ഞ കാര്യം "

ഞാൻ ചോദിച്ചു , "എന്ത് കാര്യം "

"അല്ല നമ്മൾ ഫ്ലാറ്റ് മാറുന്നില്ല "   ,    

ഞാൻ ചോദിച്ചു ,  " അല്ല  ഈ ഫ്ലാറ്റിനു എന്താ  ഇത്ര കുഴപ്പം"

"ഒരു കുഴപ്പവുമില്ല" , അവൾ   വദനം വീർപ്പിച്ചു

കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും പറഞ്ഞു , "നിങ്ങൾക്ക്  നമ്മുടെ
മോനെ കുറിച്ച്  വല്ല വിചാരം ഉണ്ടോ?"

"എന്താ അവനു കുഴപ്പം, "    ഞാൻ അലസ മട്ടിൽ ചോദിച്ചു .

"ഇവിടെത്തെ  താമസക്കാർ   ആരും അത്ര ശരിയല്ല. ഒരു   കൾച്ചർ ഇല്ലാത്ത വർഗം . എല്ലാവരും മലയാളികളാ .  പിന്നെ തമിഴന്മാരും , ആ കുട്ടികളുടെ കുട്ടു കുടിയാൽ   അവനും അവരെപോലെയാകും "

ഞാൻ  ഒന്നും മിണ്ടിയില്ല . പക്ഷെ മനസിൽ ആലോചിച്ചു .  ആ കുട്ടികളുടെ കൂടെ കൂടിയാൽ എന്താ ഇത്ര കുഴപ്പം സംഭവിക്കുന്നെ ?  അല്ല ഞാൻ പഠിച്ചത് മുഴുവനും നാട്ടിൻപുറത്തെ മലയാളം മീഡിയത്തിൽ അല്ലെ.  അല്ല  എന്റെ പെണ്ണുംപിള്ള  എന്ന് പറയുന്ന  മിസിസ്സ് നായർ    നാലാം തരം വരെ പഠിച്ചത് നാട്ടിൻപുറത്തെ വിദ്യലയത്തിൽ അല്ലെ ?  എന്നിട്ടു  അവൾക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചോ  . ഇല്ലല്ലോ    ഞാൻ ഇത് മനസിൽ ആലോചിച്ചതേയുള്ളൂ . അവളോട്‌ മിണ്ടിയില്ല .

ശ്യാമളക്കു ഒരു കുഴപ്പം ഉണ്ട് . അവൾക്കു മലയാളികളെ കുറച്ചു പുച്ഛം ആണ് . കുറച്ചുകാലം അവൾ  ബോംബെയിൽ ആയിരുന്നു . അവളുടെ   തന്തപ്പടിക്ക് അവിടെ ഏതോ കമ്പനിയിൽ ഉദ്യോഗം ആയിരുന്നു. അതുകൊണ്ടു ഹിന്ദി നന്നായി അറിയാം . എനിക്ക്   അറിയാവുന്ന ഹിന്ദി  കിലുക്കത്തിൽ  ജഗതി പറയുന്ന പോലെ .നഹി മാലും' ഏന്ന  ഒറ്റ വാക്കാണ്‌.
 അതുകൊണ്ടു നോർത്ത് ഇന്ദ്യൻസ്  ആണെങ്കിൽ  ഓക്കേ .  മലയാളികളുടെ കറുത്ത നിറവും, സെൻസ് ഓഫ് ഹ്യൂമറും , ഒന്നും അവൾക്കിഷ്ടമല്ല .  നമ്മൾ പറയുന്നു തമാശയല്ല , അശ്ലീലം ആണു പോലും.

എന്തിനു  കറികൾ പോലും അവൾക്കു  നേരെ ചൊവ്വാ  ഉണ്ടാക്കുവാൻ അറിയില്ല. ഒറ്റ മുറി ഫ്ലാറ്റിൽ കഴിഞ്ഞ പെണ്ണാണ് . ഇപ്പോൾ അവൾ ആകെ മാറിയിരിക്കുന്നു. നല്ല അവിയലും , സാമ്പാറും കഴിക്കണം എന്നുണ്ടെങ്കിൽ താൻ തന്നെ  അടുക്കളയിൽ കയറണം .  വല്ല മസാല ചേർത്ത കുറച്ചു കറികൾ ഉണ്ടാക്കി വയ്ക്കും . വായ്ക്കു ചേരില്ല എങ്കിലും ഉഗ്രനാണ് എന്ന മട്ടിൽ ഞാൻ കഴിക്കും.

ആഹാരത്തിനു മുമ്പ് രണ്ടു പെഗ് കഴിക്കണ  സ്വഭാവം എനിക്കുണ്ട് .  രണ്ടെണ്ണം വീശിയശേഷം പിന്നെ അവൾ ഉണ്ടാക്കിയത് കഷായം കുടിക്കുന്ന ലാഘവത്തോടെ  ഞാൻ അങ്ങ് കാച്ചും  അല്ലാതെ പിന്നെ ..

അവളുടെ ഈ സ്വഭാവം കാരണം ആണ് മകന്റെ സ്‌കൂൾ മാറേണ്ടി വന്നത് . അവൾക്കു അവൻ ഇന്ദ്യൻ സ്‌കൂ ളിൽ പഠിക്കുന്നത് ഇഷ്ടമല്ല.  അവിടെയും നമ്മുടെ  മാനം  കളയാൻ  ഉണ്ടല്ലോ , "മലയാളിസ്  ആർ  ഡർട്ടി  ഫെല്ലോസ്  "
അങ്ങനെ വിപിനെ  ബ്രിട്ടീഷ് സ്‌കൂളിൽ ചേർത്തു . അവൾക്ക്  കുറച്ചു ആശ്വാസം ആയി.  ഇനി മലയാളി സഹപാഠികളുടെ ശല്യം ഉണ്ടാകില്ലല്ലോ .
മലയാളികളേക്കാൾ   വൃത്തിയുള്ള , അപ്പിയിട്ടാൽ പോലും കഴുകാതെ വെള്ള തോലിക്കാരാണ് അല്ലോ അവന്റെ   സുഹൃത്തുകൾ .

ഇടയ്ക്കു എന്നോട് പറയും , "കണ്ടോ അവന്റെ ആക്സന്റ്  പോലും ഇപ്പോൾ  എത്ര മാറി. പണ്ട് അവൻ ഇംഗ്ലീഷ് പറഞ്ഞത് നിങ്ങളെ പോലെ  ആയിരുന്നില്ലേ .  നോക്കു,  ഇപ്പോൾ എത്ര സുന്ദരമായി അവൻ സംസാരിക്കുന്നു "

ശരിയാ ,  ഒരു കഷ്ണം   നെയ്യപ്പം വായിലിട്ടു സംസരിച്ചാൽ ഇതിലും നല്ല ഇംഗ്ലീഷ് ഞാൻ പറയും എന്നു  പറയാൻ വന്നതാ ; പിന്നെ ഭാര്യയോടുള്ള ഭയ ഭക്തി ബഹുമാനം കൊണ്ട് ഞാൻ അത് പറഞ്ഞില്ല.

ചിലസമയത്  കരണ കുറ്റി നോക്കി ഒന്ന് പുകയ്ക്കണം എന്ന് എനിക്ക് തോന്നാറുണ്ട് . പിന്നെ ഞാൻ അങ്ങോട്ട് വേണ്ടാ എന്ന് വയ്ക്കും . നമ്മളായിട്ട്   എന്തിനാ വെറുതെ പുലിവാൽ പിടിക്കുന്നത് അല്ലെ? അല്ലാതെ പേടി ഉണ്ടായിട്ടൊന്നുമല്ല   കേട്ടോ

പറഞ്ഞു വന്നത് ഞങ്ങളുടെ  ഫ്‌ളാറ്റ്  മാറുന്ന കാര്യം ആണല്ലോ . ഓഫീസിൽ നിന്ന് വന്നു കഴിഞാൽ  പിന്നെ ഫ്‌ളാറ്റ്  നോക്കുവാൻ ഇറങ്ങും. എനിക്കിഷ്ടപെടുന്നത് അവൾക്കിഷ്ടപെട്ടില്ല . അങ്ങനെ ഈ പ്രക്രിയ  തുടർന്ന് കൊണ്ടേയിരുന്നു . അവസാനം അവള്കിഷ്ടപെട്ട ഒരു ഫ്ലാറ്റ് കണ്ടെത്തി.  മൂന്നുമുറി , സ്വിമ്മിങ് പൂൾ , ഫ്രീ വൈഫി,  കാർ പാർക്കിംഗ് സംവിധാനം എല്ലാം ഉണ്ട് . വാടക അല്പം കൂടുതലാ . എന്നാലും കുഴപ്പമില്ല , ഈജിപ്ഷ്യൻസും  , മുറി ഇംഗ്ലീഷ്കാരും ഒക്കെയായ താമസിക്കുന്നത് . അതായത് മലയാളികൾ ഇല്ല എന്നർത്ഥം . ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും എന്ത് മിണ്ടാൻ ." മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ "

അങ്ങനെ കുറച്ചുകാലം അല്ലലില്ലാതെ കടന്നു പോയി.  അതിനിടയിൽ ഒരു ദിവസം ശ്യാമള പറഞ്ഞു , "നമ്മുടെ മകൻ മദ്യപിക്കുന്നുണ്ടോ എന്ന് ഒരു സംശയം. "
  "ഏയ് നിനക്ക് തോന്നിയതാകും ഞാൻ പറഞ്ഞു "

എനിക്ക് ജോലി സംബന്ധമായി മദ്യപിക്കേണ്ടി വരുന്നത് സാധാരണയാണ് . ഓഫീസ് വക പാർട്ടികൾ ഉണ്ടാകും. അപ്പോഴെല്ലാം മദ്യം ഒഴുകും . ചിലപ്പോൾ ബിസിനസ്സ് സംബന്ധമായി മറ്റുള്ളവർക്ക്  മദ്യം മേടിച്ചു കൊടുക്കേണ്ടിയും വരും. കോൺട്രാക്ട് സൈൻ ചെയുവാൻ ഇതെല്ലം ആവശ്യം ആണല്ലോ .

ഞാൻ ആദ്യമായി മദ്യപിക്കുന്നത്  പത്താം ക്ലാസ് പാസായി കഴിഞ്ഞിട്ടാണ് . ആന്ന്  ഒരു രസത്തിനു വേണ്ടിയാണ്  രായങ്കരി ഷാപ്പിൽ പോയത് .
പക്ഷെ എന്റെ  ഗദകാല സ്മരണകൾ എന്നെ  രായങ്കരിയിലെ   കള്ളുഷാപ്പിൽ കൊണ്ടുപോയി  എത്തിച്ചു.  ഓലമേഞ്ഞ  ചെറിയ ഒരു  കെട്ടിടമാണ് വിശ്വ വിഘാതമായ ആ ഷാപ്പ് .  അറ്റ്ലസ്    പരസ്യം പറയുംപോലെ   ജനകോടികളുടെ  വിശ്വസ്ത സ്ഥാപനം എന്ന് പറയുന്നത്  ഇവനാണ് .  "  ഇവൻ എന്റെ പ്രിയ പുത്രൻ    " എന്ന നസീറിന്റെ സിനിമ പരസ്യം  അവിടെ   ഒട്ടിച്ചിരിക്കുന്നു .    

ചുറ്റും പനമ്പ് കൊണ്ട് മറച്ചിരിക്കുന്നു . ഞാനുണ്ട്, ബിജുവുണ്ട് , അനുപ് ,  തോമസ് ഇങ്ങനെ നാലു പേർ . അനൂപാണ് ഈ സ്ഥലം കണ്ടുപിടിച്ചത് .  അവിടെഅവിടെയായി  ബെഞ്ചും , ഡെസ്കും ഇട്ടിരിക്കുന്നു . വില വിവര പട്ടികയുണ്ട്.  കപ്പ , കക്കയിറച്ചി , ബീഫ്  ഒലത്തിയത് , താറാവ് , കോഴി  എന്നിങ്ങനെ അന്നത്തെ സ്‌പെഷ്യൽ    ഐറ്റത്തിൻ  പേരുകളും  വൃത്തിയില്ലാത്ത കൈ അക്ഷരത്താൽ ചോക്കിൽ എഴുതി ചേർത്തിട്ടുണ്ട് .
പനമ്പിന്റെ അപ്പുറവും ഇപ്പുറവുംമായി ഞങ്ങൾ ഇരിപ്പുറപ്പിച്ചു . രണ്ടു കുപ്പി കള്ളു  ഞങ്ങളുടെ മുമ്പിൽ എത്തി . ഒറ്റ വലിക്കു ഞാൻ അത് അകത്താക്കി .തണുത്ത , ചെറിയ മധുരമുള്ള ഇളം  കള്ളു  കുടിക്കുക എന്നപോലെ സുഘമുള്ള മറ്റൊരു കാര്യം ഇല്ല.  ഞങ്ങളുടെ ഗ്ലാസുകൾ , നിറഞ്ഞും , ഒഴിഞ്ഞും കൊണ്ടേയിരുന്നു .     അവിടെ നിന്നും ഐശ്വര്യമായി തുടങ്ങിയ കുടിയാ, ഇപ്പോൾ സിൽവർ  ജൂബിലി ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു .

അന്ന് വൈകിട്ട്  വീട്ടിൽ വന്ന ശേഷം ശ്യാമള വീണ്ടും പറഞ്ഞു ." അവൻ കുടിക്കുന്നുണ്ട്  കേട്ടോ , അവന്റെ കുട്ട്  അത്ര ശരിയല്ല " കുടിച്ചിട്ടു ബോധം ഇല്ലാതെ പോലെയാ കിടപ്പു . ഞാൻ പോയി നോക്കിയപ്പോൾ  ഷർട്ടില്ലാതെ പുറം തിരിഞ്ഞു  'ക്രിസ്തുവിനെ കുരിശിൽ തറച്ച പോലെ കിടന്നുറങ്ങുന്നുണ്ട് '

അവൾ പറഞ്ഞു , "അവന്റെ ഫ്രനട്സ് അത്ര ശരിയല്ല."

ഞാൻ ചോദിച്ചു ,  "അതിനു ഇപ്പോൾ അവന്റെ കമ്പനി വെളുമ്പൻമാരുമായിട്ടല്ലേ , മലയാളികൾ ഒന്നുമില്ലല്ലോ "    അത് അവളുടെ ചങ്കിൽ കൊണ്ടു  എന്ന് തോന്നി .

പിന്നെ പറഞ്ഞു ,  നിങ്ങളെ കണ്ടല്ലേ  അവൻ പഠിക്കുന്നത് .
നിങ്ങൾ അവനെ യൊന്നു ഉപദേശിക്കണം .  അവൻ ശരിയായിക്കൊള്ളും . ഞാൻ ഒന്ന് മൂളി .

അപ്പോഴാണ് എനിക്ക് ഒരു  ശങ്ക തോന്നിയത് ,  .  എന്റെ  അലമാരയിലെ ഞാൻ ഭദ്രമായി വച്ചിരിക്കുന്ന  ബക്കാർഡിയുടെ അളവ് കുറയുന്നുണ്ടോ എന്ന് . പോയി നോക്കിയപ്പോൾ സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടു .  എന്റെ നെഞ്ചിടിച്ചു.   കുരുത്തം കെട്ടവൻ .  എന്റെ മനസ് മന്ത്രിച്ചു

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ , "ചോദിച്ചിട്ടു തന്നെ കാര്യം "  . ഞാൻ തീരുമാനിച്ചു .

"ഇപ്പോൾ വേണ്ടാ , അവൻ ഉണർന്നു കഴിഞ്ഞിട്ട് മതി . അവൾ പറഞ്ഞു . "

അതുവരെ ക്ഷമിക്കുവാൻ എനിക്ക് മനസില്ലയിരുന്നു . എന്റെ  രോഷം സോഡാ പതയും   പോലെ പകഞ്ഞു പൊന്തി.

"എടാ", ഞാൻ മകനെ കുലുക്കി വിളിച്ചു ,  അവൻ ഉണർന്നില്ല
ഞാൻ   വീണ്ടും  അവനെ തോണ്ടി   വിളിച്ചു .  അവൻ കണ്ണ് തുറന്നു . അവനു എഴുനേൽക്കുവാനായി സാവകാശം  ഞാൻ കൊടുത്തു .

ഞാൻ ചോദിച്ചു ,

"നീ മദ്യപിക്കാറുണ്ടോ "  . അവൻ ഒന്നും മിണ്ടിയില്ല.

"എടാ , നിന്നോടാ ചോദിച്ചത് "   അവൻ   അപ്പോഴും ഒന്നും മിണ്ടിയില്ല.

"എടാ നിനക്കു കുടിക്കണം എന്നുണ്ടെങ്കിൽ ജോലി കിട്ടിയിട്ട് അന്തസായിട്ടു വാങ്ങി കഴിക്കണം . അല്ലാതെ  ഞാൻ കാശു കൊടുത്തുവാങ്ങിയ  എന്റെ  മദ്യം എടുത്തു കുടിച്ചാൽ നീ വിവരം അറിയും. "

പോരെ എന്ന്   ഭാവത്തിൽ ഞാൻ ശ്യാമളയെ നോക്കിയിട്ടു  ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി .

"കൊള്ളാം ,  ഇങ്ങനെയാണോ  അവനോട് ചോദിക്കുന്നത് . "

"അല്ലാതെ ഞാൻ എങ്ങെനയാ അവനോട് ചോദിക്കുന്നത് , "

ഇനി ചോദിച്ചിട്ടു അവൻ തന്നില്ലെങ്കിൽ അത് മോശമല്ലേ "

ഞാൻ സീരിയസ് ആയി പറഞ്ഞു.

അവൾ തലയ്ക്കു കൈ വച്ചതല്ലാതെ എന്നോട് ഒന്നും പറഞ്ഞില്ല .

2017, മേയ് 13, ശനിയാഴ്‌ച

പാപ ജാതകം (കഥ) അച്ഛന്റെ മകൾ. (5)അച്ഛാ ,  നന്ദന  വാതിലിൽ മുട്ടി വിളിച്ചു . സാധാരണയായി അയാൾ  രാവിലെ എഴുന്നേൽക്കാറുള്ളതാ . എത്ര ക്ഷീണം ഉണ്ടെങ്കിലും രാവിലെയുള്ള നടത്തം അയാൾ ഉപേക്ഷിക്കാറില്ല .  ചാറ്റൽ മഴയോ , മകരത്തിലെ കുളിരോ അയാളുടെ പ്രഭാത സവാരിക്ക് ഭംഗം വരുത്താറുമില്ല . അതുകൊണ്ടു തന്നെ നന്ദന ഒന്ന് പരിഭ്രമിച്ചു . സിറ്റി ഹോസ്പിറ്റലിലെ ജൂനിയർ ഡോക്ടർ ആണ് നന്ദന  അവൾ ആഞ്ഞു കതകിൽ തട്ടി .

"നന്ദു,"   അയാളുടെ വിളി അവൾ കേട്ടു .

അയാൾ പതിയെ വാതിൽ തുറന്നു ." എന്താ അച്ഛാ , ഇന്ന് നടക്കുവാൻ പോയില്ലേ ?'      അവൾ ചോദിച്ചു . ഇല്ല എന്നർത്ഥത്തിൽ അയാൾ തലയാട്ടി.

"ആർ  യു ഓക്കേ , അച്ഛാ "  അവൾ  ഒരു കുഞ്ഞുകുട്ടിയോടെന്ന പോലെ ചോദിച്ചു . "
"എസ്  ഐ ആം ,   നീ ഹോസ്പിറ്റലിൽ പോകുന്നില്ലേ"

അയാൾ  ചോദിച്ചു .   അതിനു മറുപടിയായി അവൾ പറഞ്ഞു

"ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട് . നല്ല കുട്ടിയായി അത് കഴിക്കണം "   അവൾ അയാളുടെ കവിളിൽ ഒരു മുത്തം നൽകി,  കൈ വീശിയ     ശേഷം ഒരു കൈയിൽ വെള്ള ഓവർ കോട്ടും , പിന്നെ അവളുടെ ഹാൻഡ് ബാഗും എടുത്തുകൊണ്ട്  വാതിൽ തുറന്ന്  ലിഫ്റ്റിനരികിലേക്കോടി .

അയാൾ സമയം നോക്കി .  ഒൻപതു മണി  കഴിഞ്ഞിരിക്കുന്നു . അവൾക്കു ഡ്യൂട്ടിക്ക് കയറേണ്ട സമയം ഒൻപതിനാണ് . ഇനി ഈ ബ്ലോക്കിൽ   പെട്ട് ഹോസ്പിറ്റലിൽ എപ്പോൾ എത്തുവാൻ?   ഉറക്കം വിട്ടെഴുനേൽക്കുവാൻ   നന്ദുവിന്‌   മടിയാണ് . ഉണർന്ന്  കിടന്നാലും ചിലപ്പോൾ  പ്രഭാതത്തിൻ  കുളിരേറ്റു അലസമായി അവൾ അങ്ങനെ കിടക്കും.

പതിവായിട്ടുള്ള അയാളുടെ പ്രഭാത സവാരി കഴിഞ്ഞിട്ട് അയാൾ തന്നെയാണ് അവളെ സാധാരണ വിളിച്ചുണർത്താറുള്ളത് .  ഇന്ന്  പതിവെല്ലാം തെറ്റി. ഈയിടെയായി  വല്ലാത്ത ക്ഷീണം . ശരീത്തിന്റെ  ക്ഷീണം മനസിനെയും ഗ്രസിച്ചിരിക്കുന്നു.

അയാൾ   പ്രഭാത കൃത്യങ്ങൾ   കഴിച്ച ശേഷം തീൻ മേശക്കരികിലായി ഇരുന്നു  ബ്രെഡും , ബട്ടറും , ജാമും , ചായയും ഉണ്ടാക്കി  അതെല്ലാം  മേശപുറത്തു  കാസറോളിൽ  അടച്ചു വച്ചിരിക്കുന്നു . അടുക്കളയിൽ  പത്രങ്ങൾ  കഴുകാതെ വാരി വലിച്ചിട്ടിരിക്കുന്നു .  കല്യാണം കഴിഞ്ഞാൽ  ഈ  മടിയും കൊണ്ട് അവൾ എങ്ങനെ ജീവിക്കും. .മിടുക്കിയായ ഒരു ഡോക്ടർ   ആണ് നന്ദന എന്നാൽ  അടുക്കോ , ചിട്ടയോ തൊട്ടു തീണ്ടിയിട്ടില്ല. അവളുടെ   മടി  അത് ചിലപ്പോൾ സഹിക്കുവാൻ പറ്റുന്നതല്ല .  ഒന്നല്ലേയുള്ളൂ  എന്ന് ലാളിച്ചു . അമ്മ ഇടയ്ക്കു പറയും  "നീയാ  ഈ കൊച്ചിനെ ഇങ്ങനെ വഷളാകുന്നേ  എന്ന് " .  അത് കേൾക്കുമ്പോൾ അവൾ പറയും "ശരിയാ അച്ചമ്മേ, ഈ അച്ഛനാ എന്നെ ഇങ്ങനെ വഷളാക്കിയത്  "  എന്ന് പറഞ്ഞു അവൾ കൊഞ്ചിയിരിക്കും .

ബാലമ്മാമ്മ  പറയുന്നത് നന്ദനയുടെ പാപജാതകമാണെന്നാണ് .ലഗ്നത്തിനിരുപുറവും പാപ ഗ്രഹങ്ങൾ ആണത്രേ . അങ്ങനെയുള്ള കന്യകക്കു മാതാവ് വാഴില്ല . കുടാതെ  ചരരാശിയിൽ ആണത്രേ ജനനം .  അകാലത്തിലുള്ള  അവളുടെ മാതാവിന്റെ  മരണം നന്ദുവിന്റെ ജാതക ദോഷത്തിൻ  ഫലശ്രുതിയായി അമ്മാമ്മ  വ്യാഖാനിക്കാറുണ്ട് .

ബാലമ്മാമ്മക്കു  ജ്യോതിഷം വിട്ടൊരു  കളിയില്ല . പുള്ളി തുടങ്ങിയാൽ പിന്നെ നിറുത്തുകയില്ല. "പ്രപഞ്ചാത്മാവ്  നമുക്ക് തരുന്ന സമ്മാനമോ  ഭാരമോ ഒക്കെയാണ്  ആണ് നമ്മുടെ  ഈ ജീവിതം . കർമം ആണ് എല്ലാത്തിനും ആധാരം,.  മുൻ ശരീരത്തിൽ ഇരുന്നപ്പോൾ ചെയ്തു കൂട്ടിയ പ്രവർത്തികളുടെ അല്ലെങ്കിൽ  സുകൃത , ദുഷ്‌കൃതങ്ങളുടെ ഒരു സമ്മിശ്ര ഭലം ചേരുന്നതാണു  ഇപ്പോഴത്തെ ജന്മം "

അയാൾ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ  അയാളെ നോക്കി  അമ്മാമ വീണ്ടും തുടർന്നു .

."ഇതെല്ലാം വെറും അന്ധവിശ്വാസം എന്ന് തള്ളിക്കളയരുത് കുട്ടി ,  ജാതകം തികച്ചും ഒരു മാർഗ ദർശിയാണ് . ഒരു  വഴിവിളക്ക് . ഏതെങ്കിലും കാലം നമുക്ക് അത്ര ബലമുള്ളതല്ല  എന്ന് കാണുമ്പോൾ അതിനെ പ്രതിരോധിക്കുവാൻ ജ്യോതിഷം കൊണ്ട് സാധിക്കും. ഇരുട്ടത്തു തപ്പി തടയുമ്പോൾ ടോർച്ചിൻ  വെളിച്ചം വഴി തെളിക്കും പോലെ .   അതുകൊണ്ടു കുട്ടിയാണ്  നന്ദു മോൾടെ  കാര്യം ഞാൻ എടുത്തിടുന്നത് . ജനിച്ചപ്പോൾ തന്നെ 'അമ്മ പോയില്ലേ. "

"ഒന്ന് നിറുത്തു  ബാലമ്മാമ്മേ , "എന്തുപറഞ്ഞാലും ഒരു ജാതകദോഷം . നന്ദുവിന്റെ അമ്മയ്ക്ക് അത്രെയേ വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ . അല്ലാതെ ജാതകദോഷം  ഇങ്ങനെയുണ്ടോ  വിഡ്ഢിത്തം . ഇനി എന്റെ മോൾടെ മുമ്പിൽ ഇങ്ങനെ പറയരുത് ."  അത് അപേക്ഷയായിരുന്നില്ല ആജ്ഞ തന്നെയായിരുന്നു . അമ്മാവൻ പിന്നെ ഒന്നും പറഞ്ഞില്ല.  അയാൾ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന ഭാവത്തോടെ അവിടെ നിന്നും എഴുനേറ്റു പോയി.

     
 അയാൾ ഗ്രേസിനെ  ഓർത്തു .  അവൾ പോയിട്ടിപ്പോൾ ഇരുപതു വർഷം  കഴിഞ്ഞിരിക്കുന്നു . നാലുവയസുള്ള കുഞ്ഞിനെയും കൊണ്ടുള്ള ജീവിതം ശരിക്കും ഒരു പോരാട്ടം തന്നെയായിരുന്നു .

അയാൾക്കിപ്പോഴും ഓർമയുണ്ട് . അന്ന് നല്ല മഴയുള്ള ദിവസം  ആയിരുന്നല്ലോ . ഓഡിറ്റിങ്ങിനു വേണ്ടിയാണു അയാൾ ആ കമ്പനിയിൽ പോയത് . അയർലണ്ടിൽ അയാൾക്ക് ജോലി തരമായ  ദിനങ്ങളിൽ ഒരു ദിനം.  എത്രയും മുന്നേ ഈ ഓഡിറ്റിങ്‌ തീർക്കണം എന്ന് കരുതിയാണ് അയാൾ അവിടേക്കു വന്നത്.   മതിയായ രേഘകൾ പോലും ഇല്ലാതെ ആകെ കുഴഞ്ഞു കിടക്കുന്ന ഓഫീസ് . അക്കൗണ്ട്   സ്റ്റേറ്റ്മെൻറ്സ് പോലും കൃത്യതയില്ല.  അന്നാണ് ആ പെൺകുട്ടിയെ അയാൾ ആദ്യം കാണുന്നത് . അവളുടെ കണ്ണിൽ എപ്പോഴും ഉത്സാഹം   തളം  കെട്ടി നിന്നിരുന്നു .   ആ കമ്പനിയുടെ CFO  ആണ് അയാൾക്ക്‌   ഗ്രേസിനെ പരിചയപ്പെടുത്തിയത് .  അവളുടെ സ്വരം വല്ലാത്ത  മധുരതരമായിരുന്നു . തിളക്കമുള്ള കണ്ണുകൾ . ആ കമ്പനിയുടെ സർവാധികാരി എന്ന നിലയിൽ അവൾ അവിടെ പാറി നടന്നു. എല്ലവരോടും  ചിരിയോടെ, വശ്യമായി  സംസാരിക്കുന്ന  അവളെ ചുറ്റിപറ്റി പൂമ്പാറ്റയെ പോലെ തേൻ നുകരുവാൻ ഒരുപാട് പേർ കൊതിച്ചു.

അവളുടെ സഹായം അയാൾക്ക്  അനിവാര്യമായിരുന്നു.  അയാൾക്കാവശ്യമായ  റിപ്പോർട്ടുകൾ അവൾ എടുത്തു തന്നു. 'ട്രയൽ ബാലൻസും , സ്റ്റോക്ക് റിപ്പോർട്ടും , എന്ന് വേണ്ട ആവശ്യമായ ഫിനാൻഷ്യൽ റിപ്പോർട്ടസ്  എല്ലാം അവൾ  നൽകി. ഓരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് അയാൾ അവളോട്‌ സംസാരിക്കുവാൻ ശ്രമിച്ചു . ചായം തേച്ച  അവളുടെ ചുണ്ടുകൾ ചുംബിക്കുവാൻ  അയാൾ മോഹിച്ചു . അവളുടെ  ചായം  തേച്ച നീണ്ട വിരൽ ലുകൾ  കൊണ്ട്   കംപ്യൂട്ടറിൽ ടൈപ്പ് ചെയുന്നത് എത്രയോ വട്ടം കണ്ടുനിന്നിയിട്ടുണ്ട്.


എപ്പോഴാണ് അയാൾക്ക്‌  ഗ്രേസിനോട് പ്രണയം തോന്നി തുടങ്ങിയത് . അതറിയില്ല. പക്ഷെ  അവളുടെ സാമിപ്യം അയാൾ കൊതിച്ചിരുന്നു .   അവളുടെ പെർഫ്യൂമിന്റെ സുഗന്ധം , മദിപ്പിക്കുന്ന  ഗന്ധം  എല്ലാം അയാളെ ഭ്രമിപ്പിച്ചു . പക്ഷെ ഒരു ആംഗ്ലോ ഇന്ദ്യൻ  പെൺകുട്ടിയെ വിവാഹം കഴിക്കുക എന്ന് വച്ചാൽ അതിന്  ഒരിക്കലും അയാളുടെ വീട്ടുകാർ   സമ്മതിക്കുകയില്ല എന്ന് അയാൾക്ക് അറിയാമായിരുന്നു .

 ആ ദി വസങ്ങളിൽ അയാൾ പുലർച്ചയാകുവാൻ കൊതിച്ചിരുന്നു . ഉറക്കം ഒളിച്ചു നേരം വെളുപ്പിച്ചിരുന്നു . ഓഫീസിൽ എത്തുവാൻ തിടുക്കപ്പെട്ടു . ചിലപ്പോൾ രണ്ടു  മണിക്കൂറിനു മുന്നേ വരെ അയാൾ ഓഫീസിൽ എത്തുമായിരുന്നു . അവളെ കാണുവാൻ , അയാൾക്ക്‌  ഐർലണ്ടിൽ ഒരു ജോലി തരപ്പെട്ടിരിക്കുകയാണെന്നും  ഉടനെ അയാൾക്കവിടം വിട്ടു പോകേണ്ടി വരും എന്നും അയാൾ അവളെ ധരിപ്പിച്ചു.  മനസുകൾ തമ്മിൽ അടുത്ത അവൾക്കും അയാളെ വിവാഹം കഴിക്കുവാൻ നൂറുവട്ടം സമ്മതമായിരുന്നു .അങ്ങനെ അവർ ചില  സുഹൃത്തുകളുടെ സാന്നിദ്ധ്യത്തിൽ വിവാഹിതരായി.

സന്തോഷകരമായ  ദിവസങ്ങൾ തന്നെയായിരുന്നു ആദ്യമെല്ലാം . അതിനിടയിൽ  ഗ്രേസ്   ഒരു കുഞ്ഞിനെ പ്രസവിച്ചു.  ഇപ്പോൾ വേണ്ട എന്ന് അവൾ പറഞ്ഞുവെങ്കിലും അബോർഷന്  അയാൾ സമ്മതിച്ചില്ല . അവിടെനിന്നാണെന്നോ  തങ്ങളുടെ ജീവിതത്തിനു  ഉലച്ചിൽ തട്ടി തുടങ്ങിയത് .  പിന്നെയങ്ങോട്ടു .  ദിവസങ്ങൾ  കഴിഞ്ഞപ്പോൾ  ദാമ്പത്യ ജീവിതത്തിൽ  വിള്ളലുകൾ  വീഴുവാൻ തുടങ്ങി .   ഗ്രേസിന്  കുഞ്ഞിനെ ശ്രദ്ധിക്കുവാൻ നേരമുണ്ടായിരുന്നില്ല.  നിശാ പാർട്ടികളും ,  ആഘോഷവും തന്നെ ആയിരുന്നു  ഗ്രേസിനു മുഖ്യം എന്ന് അയാൾ വൈകിയ വേളയിൽ തിരിച്ചറിഞ്ഞു   അവൾക്കു  ഐർലണ്ടിലേക്കു വരുവാനുള്ള ഒരു ഏണിയായിരുന്നു അയാൾ .  അവൾക്കു ചുറ്റും അവിടെയും കാമുകന്മാർ  പറന്നു നടന്നു.  എവിടെ ചെന്നാലും ഒരു കാന്തീക ആകർഷണത്തെ പോലെ  മറ്റുള്ളവരെ തന്നിലേക്ക് വശീകരിക്ക്കുവാൻ  സമർഥയായിരുന്നല്ലോ  അവൾ .

ഒരു ദിനം ഓഫീസിൽ നിന്നും നേരത്തെ വന്നപ്പോൾ കണ്ടത് അവൾ , അവളുടെ കാമുകനുമായി  സംഗമിക്കുന്ന കാഴ്ചയായിരുന്നു. ദേഷ്യം കടിച്ചമർത്തി അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി. തന്നെ വഞ്ചിച്ച ഭാര്യയെ വേണ്ട എന്ന് വയ്ക്കണോ? അത് അയാൾക്ക് സ്വീകാര്യമായി തോന്നിയില്ല . പകരം അയാൾ മറ്റൊരു മാർഗം തിരഞ്ഞെടുത്തു . ആരും അറിയാതെ അവളെ ഈ ലോകത്തു നിന്നും പറഞ്ഞു വിടുക. അതത്ര എളുപ്പമല്ല എന്നറിയാം . ഒരുപക്ഷെ പിടിക്കപ്പെട്ടേക്കാം .  എന്നാലും
  അയാൾ തിരുമാനിച്ചുറപ്പിച്ചു . ഇതല്ലാതെ  ഇനിയൊരു മാർഗം ഇല്ല. അവളുടെ മകളായി  ജീവിച്ചാൽ  നന്ദനയുടെ ഭാവി എന്താകും .  എട്ടുകാലിയെ പോലെ വല വിരിച്ചു ഒരവസരത്തിനു വേണ്ടി അയാൾ കാത്തിരുന്നു.  അവളോട്‌ സ്നേഹ ഭാവത്തിൽ തന്നെ  അയാൾ പെരുമാറി .  ഒന്നുമറിയാത്ത  ഒരു മണ്ടനാണ് അയാൾ എന്ന് അവൾ കരുതി കാണും . അല്ലെങ്കിൽ അങ്ങനെ കരുതിപ്പിക്കുന്നതിൽ അയാൾ വിജയിച്ചു .   നാടകം തന്നെയാണല്ലോ ജീവിതം . ആയാളും , അവളും അവരുടെതായ രംഗങ്ങൾ ഭംഗിയായി അഭിനയിച്ചു .

അപ്പോഴെല്ലാം അയാളുടെ ഒടുങ്ങാത്ത പക വർധിച്ചു വന്നതേയുള്ളൂ . ആർക്കും സംശയം തോന്നാത്ത സ്നേഹ പ്രകടനം , ഹൃദ്യമായ ചിരി, ഉള്ളിൽ വഞ്ചനയുടെ തോൽ അണിഞ്ഞിട്ടും അവൾകിതെങ്ങെനെ സാധിക്കുന്നു എന്നയാൾ അത്ഭുത പെട്ടിട്ടുണ്ട് .  കോമ്പല്ലുകൾ കൊണ്ട്  മനുഷ്യ രക്തം ഊറ്റി കുടിക്കുന്ന  ഭീകര യക്ഷി . അതായിരുന്നല്ലോ ഗ്രെസ്

അന്നവൾക്കു മോർണിംഗ് ഡ്യൂട്ടി ആയിരുന്നു . തലേ ദിവസം ഒരുമിച്ചിരുന്നു അവർ മദ്യപിച്ചു . ബോധം കെട്ടുന്ന വരെ അയാൾ  അവളെ കൊണ്ട് കുടിപ്പിച്ചു . പിറ്റേന്ന് രാവിലെതന്നെ അവൾക്ക്  ഓഫിസിൽ പോകണമായിരുന്നു.  അയാൾ തന്നെ അവൾക്കുള്ള ഭക്ഷണം പാചകം ചെയ്തു . അവളുടെ അവസാനത്തെ ആഹാരം. അതും സ്വന്തം കൈ കൊണ്ടുതന്നെ . അവൾക്കു കഴിക്കുവാനുള്ള  ചെറിയ ഒരു ചിക്കൻ കഷ്ണത്തിൽ  മാത്രം  അയാൾ സയനൈഡ് ഇഞ്ചക്ട ചെയ്തു .

അവളുടെ മരണം അയാൾ മനസിൽ  കണ്ടു . വേദനകൊണ്ട് പിടയുന്ന  ഗ്രേസ്. മരണമല്ലാതെ മറ്റൊരു മാർഗം അവളുടെ മുന്നിൽ അവശേഷിക്കുന്നില്ല . ഒരു പക്ഷെ അവളുടെ മരണത്തിൽ  ഒരു പാട് പേർ ദുഃഖിച്ചേക്കാം. സാരമില്ല . അവളുടെ കാമുകന്മാരുടെ വിഷമം അയാളെ സംബന്ധിക്കുന്ന കാര്യമല്ലല്ലോ .

പോസ്റ്റ്മാർട്ടം   റിപ്പോർട്ടിൽ  അവൾ ഒരു പാട് മദ്യപിച്ചിരുന്നു എന്നു    കണ്ടെത്തിയിരുന്നു .  ഓഫീസിൽ നിന്നും ഹോസ്പിറ്റലിൽ എത്തിയപ്പോഴെക്കും  ഗ്രേസിന്റെ മരണം നടന്നു കഴിഞ്ഞിരുന്നു.
 വിഷാംശമുള്ള  ഭക്ഷണം ആയിരിക്കാം മരണകാരണം എന്നും സ്ഥിതീകരിക്കുവാൻ അവർക്കു  വ്യക്തമായി കഴിഞ്ഞില്ല. അയാൾ ആ നഗരത്തിൽ ഉണ്ടായിരുന്നില്ല. ജോലി സംബന്ധമായി നഗരത്തിനു  പുറത്തുപോയ അയാളെ അയാളുടെ സുഹ്രത്തുക്കൾ  വിവരം അറിയിക്കുകയാണ് ചെയ്തത് .

എല്ലാവരും അയാളുടെ ദുഃഖത്തിൽ അനുശോചിച്ചു . ചിലർ അയാളുടെ പേരിൽ സഹതപിച്ചു.   പിഞ്ചു കുഞ്ഞിനേയും കൊണ്ട് ഇനി എങ്ങനെ കഴിയും എന്നവർ ഓർത്തു .

അവളെ  അവിടെ തന്നെ അടക്കം ചെയ്തു. അയാളുടെയും , അവളുടെയും  പേരിൽ ഉണ്ടായിരുന്ന  തുകയിൽ ഒരു ഭാഗം മുഴുവനായും  അവിടുത്തെ  ഒരു അനാഥാലയത്തിലേക്ക് സംഭാവനയായി  നൽകി . അവിടെ നിൽക്കുവാൻ മനസ് അനുവദിച്ചില്ല .  പിന്നെ നന്ദുവിനെയും കൊണ്ട് തിരികെ ഇൻഡയിലേക്കു പറന്നു . അച്ഛനും , അമ്മയും ഉപദേശിച്ചിട്ടും പിന്നെ ഒരിക്കലും വീണ്ടും  ഒരു പുനർവിവാഹത്തിന് അയാൾ    തൈയാറായില്ല.

നന്ദനക്കിപ്പോൾ വിവാഹപ്രായമായിരുന്നു . ഇപ്പോൾ അവൾക്കു അമ്മയില്ല എന്ന് മാത്രമേയുള്ളൂ . അവൾക്കു ,    അമ്മുമ്മയും , മുത്തച്ഛനും ,  അയാളുടെ ബന്ധുക്കളും എല്ലാം ഉണ്ട് . ചെറുപ്പം മുതൽ അമ്മയില്ലാതെ വളർന്ന നിർ  ഭാഗ്യവതിയായിപ്പോയി നന്ദന . അതവളുടെ കുറ്റമല്ലെങ്കിൽ പോലും. ഇപ്പോൾ അയാളുടെ ജീവിതം നന്ദനക്കു വേണ്ടി മാത്രമാണ് . അത് അയാളെക്കാളും  നന്നായി അറിയാവുന്നത് നന്ദനക്കു തന്നെയാണ് .  


ഗ്രേസിന്റെ മരണകാരണത്തെ കുറിച്ച് ആർക്കും ഒന്നുമറിയില്ല.  കൊലപാതകം  ഒരിക്കലും അംഗീകരിക്കാത്ത തെറ്റ് തന്നെയാണ് . പക്ഷെ  ഒരിക്കലും അയാൾ ചെയ്തത് തെറ്റായി പോയി എന്ന്  അയാൾക്ക്‌ തോന്നിയിട്ടില്ല. ക്ഷമിക്കാവുന്ന തെറ്റല്ലല്ലോ അവൾ അയാളോട് ചെയ്തത് . ഇനി അതിന്റെ പേരിൽ ശിക്ഷിക്കപെടണം എന്നുണ്ടെങ്കിൽ  അതേറ്റുവാങ്ങുവാൻ അയാൾ തൈയാറായിരുന്നു. അന്ന് ചിന്തിച്ചത് മകളെ കുറിച്ച് മാത്രമായിരുന്നു . ഇന്നവൾ വളരെ വലുതായിരിക്കുന്നു . സ്വന്തം കാലിൽ നിൽക്കുവാനുള്ള ശേഷി അവൾക്കുണ്ട് .

നന്ദന എല്ലാം അറിഞ്ഞിരിക്കണം എന്നയാൾക്ക്‌ നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ നന്ദനയോടയാൾ  എല്ലാം തുറന്നു  പറഞ്ഞു. അവൾ വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങുവാൻ അയാൾ  തെയ്യാറായിരുന്നു. എല്ലാം കേട്ടശേഷം  അവൾ പൊട്ടി തെറിക്കും എന്നയാൾ കരുതി . പക്ഷെ എല്ലാം നിശബ്ദമായി അവൾ കേട്ടിരുന്നു . പിന്നെ പറഞ്ഞു അമ്മയെ കണ്ട ഓർമ എനിക്കില്ല. . പക്ഷെ അപ്പൂപ്പനും , അമ്മുമ്മയും , അച്ഛനും എന്നെ ആ കുറവ് അറിയിച്ചിട്ടില്ല. പിന്നെ അങ്ങനെയുള്ള ഒരു അമ്മയുടെ മകളായി അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല ,  ഞാൻ  എന്നും അച്ഛന്റെ മകളാണ് . അച്ഛന്റെ മകൾ.


2017, മേയ് 10, ബുധനാഴ്‌ച

സുഖിയൻ (കഥ)


തിരിച്ചു പോകേണ്ട ദിനങ്ങൾ എണ്ണിക്കോണ്ടിരിക്കുമ്പോൾ ആണ് അച്ഛൻ ചോദിച്ചത് . "മനു , നിനക്കു സുഖിയൻ കഴിക്കണം എന്നുണ്ടോ എന്ന്"

അമ്മയ്ക്കു  വയ്യാതെയായതു മുതൽ അടുക്കള ഭരണം അച്ഛനാണ് . രാവിലെ  ദോശയോ , ഇഡ്ഡലിയോ ഉണ്ടാക്കുക , കൂട്ടാനും , ചോറും , മെഴുക്കുരട്ടിയും ഉണ്ടാക്കുക , വൈകുന്നേരം ചായക്ക്‌ എന്തെങ്കിലും പലഹാരം ഉണ്ടാക്കുക ഇതെല്ലം അച്ഛൻ ഒരു മടിയും ഇല്ലാതെ ചെയ്തിരുന്നു .
നല്ല കൈപുണ്യം ആണ് അച്ഛന് . ഉപ്പും, മുളകും , മഞ്ഞളും , പഞ്ചസാരയും എല്ലാം  കൈ അളവാണ്.   അല്ലെങ്കിൽ പാത്രത്തോടെ  തന്നെ അങ്ങു കുടയും.  അളവ് കൃത്യമായിരിക്കും. കുറവുമില്ല , ലേശം കുടുതലുമില്ല. . ഇതെങ്ങനെ സാധിക്കുന്നു എന്ന് ഞാൻ അത്ഭുതപെട്ടിട്ടുണ്ട് .

ആദ്യം ഒന്നും അച്ചൻ  അങ്ങനെ അടുക്കളയിൽ കയറുന്നതു ഞാൻ കണ്ടിട്ടില്ല. അടുക്കളയിൽ കയറി ജോലി ചെയുവാൻ അമ്മയ്ക്ക് ആരോഗ്യം അനുവദിക്കാതെ വന്നപ്പോൾ അച്ഛൻ ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു .

പുരാതനമായ തറവാട്ടിലെ അംഗമാണ് അച്ഛൻ .  അന്നവിടെ പാചകം ചെയുന്നത് ഇളയത് മാരാണ് . ജന്മം കൊണ്ട് ബ്രാഹ്മണ വംശജർ ആണെങ്കിലും   ഇക്കൂട്ടർ അധികവും  പൂജ ചെയ്തു കാണാറില്ല. പകരം  ശ്രാദ്ധകർമങ്ങൾ  ചെയ്യുകയോ ,  സദ്യ ഒരുക്കുക  മുതലായ  കർമങ്ങളിലാണ്  കുടുതൽ  പ്രാവീണ്യം.  പാചക വിഭവങ്ങൾ ഉണ്ടാക്കുവാൻ  ഇവർക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ് .  അച്ഛൻ പറഞ്ഞിട്ടുണ്ട് അവരുണ്ടാക്കുന്ന   വിഭവങ്ങൾ കണ്ടാൽ  നിറയും എന്ന്.

അച്ഛന്റെ സമപ്രായക്കാരൻ ആയിരുന്നു അപ്പു ഇളയത് . ഇപ്പോൾ  അപ്പു ഇളയത്തിനു  സ്വന്തമായി ഒരു കാറ്ററിങ് കമ്പനി തന്നെയുണ്ട് . വിവാഹത്തിനും മറ്റുള്ള  ആഘോഷങ്ങൾക്കും അപ്പു ഇളയതിന്റെ സദ്യ കേമമാണ് . ഈ പറയുന്ന   ഇളയത്തിന്റെ  അച്ഛനായിരുന്നു അന്ന് തറവാട്ടിൽ    ഭക്ഷണം ഉണ്ടാക്കിയിരുന്നത് . ചെറുപ്പത്തിൽ    പാചക പുരയിൽ അവരോടൊപ്പം
കൂടും . അതെല്ലാം അച്ഛൻ കണ്ടു പഠിച്ചു. അത്  പിന്നെ ഉപകാരമായി .

പറഞ്ഞു വന്നത്  സുഖിയൻ  ഉണ്ടാക്കുന്ന കാര്യം ആണല്ലോ . ചെറുപയറും , ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം ആണ് സുഖിയൻ .   പേര് പോലെ തന്നെ കഴിക്കുവാൻ സുഖമുള്ള പലഹാരം .  എണ്ണയിലാണ് വറുക്കുന്നത്  എങ്കിലും  സംഗതി ചെറുപയർ ആയതിനാൽ അത്രയ്ക്ക് ആരോഗ്യ പ്രശ്നനങ്ങൾ  സൃഷ്ടിക്കില്ല  എന്ന് കരുതാം . നാട്ടിൻ പുറങ്ങളിലെ  ഹോട്ടലുകളിൽ ഒരു സ്ഥിരകാഴ്ചയാണ് സുഖിയൻ .  ചില്ലലമാരകളിൽ , പഴം പൊരിയും,  പരിപ്പുവടയും , സുഖിയന്റെയും സാന്നിധ്യം ഇന്നും കാണാറുണ്ടല്ലോ  .

വേവിച്ച ചെറുപയർ  വെള്ളം ഒരു തോർത്ത് മുണ്ടേൽ വാർത്തു കളഞ്ഞ ശേഷം അതിൽ  , ചുരണ്ടിയ ശർക്കര ചേർക്കുകയായിരുന്നു അച്ഛൻ . മേമ്പടി പോലെ ഏലക്കായയും,  അല്പം പഞ്ചസാരയും  വിതറി .  പിന്നെ  ഇതെല്ലാം ചേർത്ത്  നന്നായി  കുഴച്ച  ചെറുപയർ  മിശ്രിതം ഒരു ലഡുവിന്റെ വലിപ്പത്തിൽ അച്ഛൻ ഉരുട്ടി എടുത്തു .  ഇനി അത് കടലമാവിലോ, മൈദയിലോ  മുക്കിയ  ശേഷം വെളിച്ചെണ്ണ  ചേർത്ത് ചീന ചട്ടിയിൽ വറുത്തു  എടുക്കുക .  ഒരു കാഴ്ചക്കാരനെ പോലെ  എല്ലാം ഞാൻ കണ്ടു നിൽക്കുകയാണ് . അങ്ങനെ കുഴക്കുമ്പോൾ ആണ് അച്ഛൻ,  "ഈ സുഖിയൻ ആരാണ് ആദ്യം ഉണ്ടാക്കിയത്  എന്ന് അറിയാമോ" എന്നുള്ള ഒരു ചോദ്യം എന്റെ മുന്നിലേക്ക് എറിഞ്ഞത് .

ഞാൻ അറിയില്ല എന്ന് തലയാട്ടിയപ്പോൾ അച്ഛൻ  പറഞ്ഞു തുടങ്ങി . ഇതിനു പിന്നിൽ ഒരു കഥയുണ്ട് .   പണ്ട് ഗണപതിക്ക്‌ വിശന്നപ്പോൾ  പാർവതി ദേവി കടലപ്പരിപ്പ്  ചേർത്ത്  കൊഴുക്കട്ട  (മോദകം)  ഉണ്ടാക്കി . അതിന്റെ  ഒരു പുതിയ വകഭേദം ആണ് ഇന്ന് കാണുന്ന സുഖിയൻ .   കഥയല്ലേ , അതിൽ തർക്കിക്കേണ്ട കാര്യമില്ല.  ഈ കഥയുടെ വേറെ വകഭേദം  കേട്ടിരിക്കുന്നത് ഇങ്ങനെയാണ് എന്നും പറഞ്ഞു അച്ഛൻ വേറെയൊരു കഥയും കുടി പറഞ്ഞു   .

'സ്വന്തം സമ്പൽ സമൃദ്ധി കാണിക്കുവാനായി വൈശ്രവണൻ  ഒരിക്കൽ കൈലാസത്തിൽ വരികയും  ഭഗവാനെയും, ദേവിയെയും , ഗണപതിയേയും  അമൃതേത്തിനായി  അളകാപുരിയിലേക്കു ക്ഷണിക്കുകയും ചെയുന്നു .   ക്ഷണം സ്വീകരിച്ച ഗണപതി അളകാപുരിയിൽ പോവുകയും  ഭോജനശാലയിലെ  ഭക്ഷണം മുഴുവനും ഭക്ഷിച്ച ശേഷവും  വിശപ്പ് മതിയാവാതെ കുപിതനായ ഗണപതിയിൽ നിന്നും രക്ഷ നേടുവാനായി വൈശ്രവണൻ  കൈലാസത്തിൽ അഭയം പ്രാപിക്കുകയും  ആ അവസരത്തിൽ പാർവതി ദേവി  ഇതുപോലെയുള്ള ഒരു പലഹാരം ഉണ്ടാക്കി ഗണപതിക്ക്‌ നല്കുകയറും അത് ഭക്ഷിച്ചു ഗണപതിയുടെ വിശപ്പ് ശമിക്കുകയും ചെയ്തു .  പാർവതി  അതിനെ മോദകം എന്ന് വിളിച്ചു എന്നുള്ളത് വേറെ ഒരു കഥ .'

അതിനിടയിൽ അമ്മ ചോദിച്ചു, " നീ  പെട്ടിയിൽ എല്ലാം എടുത്തു വച്ചോ ?"
ഞാൻ ഒന്ന് മൂളി . പെട്ടിയിൽ പേര്   എഴുതണം എന്നുള്ളത് അമ്മയ്ക്ക് നിർബന്ധം ആണ് . അതിനു അമ്മ  പറഞ്ഞു കാരണം ഞാൻ ഇവിടെ വിവരിക്കാം  . എനിക്കൊരു  കസിനുണ്ട് .  പുള്ളിക്കാരൻ  കുടുംബവുമായി അമേരിക്കയിൽ ആണ് താമസം . ഗണേഷ് എന്നാണ് പേര്, പക്ഷെ ഞങ്ങൾ   ബാബു ചേട്ടൻ എന്നാണ്കക്ഷിയെ  വിളിക്കുന്നത്.  ബാബുച്ചേട്ടൻ  കഴിഞ്ഞ  തവണ അമേരിക്കയിൽ നിന്നും വന്നപ്പോൾ ഒരു സംഭവം ഉണ്ടായി.  പ്ലെയിൻ ഇറങ്ങിയ ശേഷം എയർപോർട്ടിൽ നിന്നും പെട്ടി എല്ലാം എടുത്തു കാറിൽ കയറ്റി വീട്ടിൽ എത്തി. കുറച്ചു കഴിഞ്ഞു വേഷം മറുവാനായി പെട്ടി തുറക്കുവാൻ നോക്കുമ്പോൾ എന്താ പെട്ടി തുറക്കുവാൻ കഴിയുന്നില്ല. പിന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ     തിരുവല്ലക്കാരിയായ ഒരു റാണി ജോസേപ്പിന്റെ  പേരാണ് അതിൽ എഴുതിയിരിക്കുന്നത്.  നിറം കണ്ടാൽ ഇദ്ദേഹത്തിന്റെ പെട്ടി തന്നെയാണെന്നേ   തോന്നുകയുള്ളൂ .  പിന്നെ തിരികെ  എയർപോർട്ടിലേക്കു ഈ പെട്ടിയുമായി പോയി. അവിടെ ചെന്നപ്പൊഴല്ലേ  പുകില്  റാണി ജോസഫ്  പെട്ടി പോയ വിവരം  പരാതിയായി   ബോധിപ്പിച്ചിട്ടുണ്ട് . പുള്ളിക്കാരന്റെ   ചുവന്ന നിറമുള്ള  പെട്ടി അവിടെ ഏകനായി  ഇരിപ്പുണ്ട്. പക്ഷെ ആ പെട്ടി കിട്ടണം എന്നുണ്ടെങ്കിൽ തിരുവല്ലയിൽ പോയി  റാണി ജോസെഫിന്റെ ഈ പെട്ടി കൈമാറിയ ശേഷം അവർക്കു പരാതിയൊന്നുമില്ല എന്ന് അറിയിപ്പ് കിട്ടണം .  പിന്നെ ബാബു ചേട്ടൻ   നേരെ തിരുവല്ലയിലേക്കു വിട്ടു.  അവിടെ ചെന്ന് പെട്ടി കിട്ടി എന്ന് ബോധിച്ചു എന്ന് അവരുടെ മറുപടിയും കൊണ്ട് നേരെ നെടുമ്പാശേരിയിലേക്കു . അങ്ങനെ ഒരു  ഭഗീരഥ  പ്രയത്നം തന്നെ നടത്തേണ്ടി  വന്നു സ്വന്തം പെട്ടി കിട്ടുവാനായി. അത് കൊണ്ട്  'അമ്മ പറയുംപോലെ പേര് എല്ലാം എഴുതി അടയാളത്തിനു ഒരു കയറും കെട്ടി. ഇനി പെട്ടി മാറി പോകരുതല്ലോ .


പിറ്റേന്ന് രാവിലെ എനിക്ക് പുറപെടണം .  എയർ പോർട്ടിൽ എന്നെ കൊണ്ടുവന്നാക്കിയ ശേഷം  അച്ഛനും , അനിയനും  തിരികെ  പോയി.   ലഗേജ്  അധികം ഒന്നുമില്ല . വലിയ ഒരു പെട്ടിയും , പിന്നെ ഒരു തോളത്തു തൂക്കുന്ന ഒരു ചെറിയ ബാഗും . ലഗേജ്  കയറ്റി വിട്ട ശേഷം  ബോർഡിങ്  പാസ്  കളക്ട്  ചെയ്തു . ഇനിയും  രണ്ടര മണിക്കൂറിൽ ഏറെ സമയം ഉണ്ട് .  വീട്ടിൽ വിളിച്ചഅമ്മയോട്  യാത്ര പറഞ്ഞു . പിന്നെ അനുജനെയും  വിളിച്ചു പറഞ്ഞു പ്രശ്നം ഒന്നുമില്ല . ലഗ്ഗേജ് അധികം ഇല്ല. യാത്ര എയർ ഇന്ത്യയിൽ ആണ് . അനുവദിക്കുന്ന ലഗ്ഗേജ്    20  കിലോ മാത്രം . അതിൽ കൂടിയാൽ പിഴ ഒടുക്കേണ്ടി വരും.

ഞാൻ  പതിയെ സെക്യൂരിറ്റി ചെക്ക് ചെയുവാനായി  പോയി.  അവിടെ നിന്ന   ഉദ്യോഗസ്ഥൻ എന്നോടായി ചോദിച്ചു എന്താണ് ഹാൻഡ് ബാഗിൽ . ഞാൻ  എന്റെ ബാഗ് അയാളുടെ നേരെ നീട്ടി . പാസ്പോർട്ടും , എന്റെ ഫോണും , പിന്നെ കുറച്ചു പുസ്തകവും മാത്രമേ എന്റെ  ബാഗിൽ ഉള്ളൂ .     സിബ്  തുറക്കുവാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു .   പിന്നെ അയാൾ കയ്യിട്ടു ഒരു പൊതി എടുത്തു .

"യെ  ക്യാ ഹേ ",  അയാൾ  ഹിന്ദിയിൽ എന്നോടായി ചോദിച്ചു . ആ പൊതി
എന്താണ് എനിക്ക് മനസിലായില്ല . ഇനി  യാത്രക്കാരിൽ  ആരെങ്കിലും ഒരു പൊതി  എന്റെ ബാഗിൽ ഇട്ടതാണോ . അയാൾ വീണ്ടും ഉറക്കെ ഹിന്ദിയിൽ എന്നോട് ചോദിച്ചു . 'ബോലോ യെ ക്യാ ഹെ'

ഞാൻ   ആ പൊതി വാങ്ങുവാൻ കൈ നീട്ടി . അയാൾ എന്റെ കൈ തട്ടി തെറിപ്പിച്ചു .  അയാൾ അടുത്ത നിന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു.  എനിക്ക് സംഗതി പന്തിയല്ല എന്ന്  മാത്രം മനസിലായി.   ചുറ്റുമുള്ള യാത്രക്കാർ എല്ലാം ഒരു തീവ്രവാദിയെ നോക്കുന്ന പോലെ എന്നെ നോക്കി തുടങ്ങി.

ഞാൻ അപ്പോഴും ഓർമിക്കുവാൻ ശ്രമിക്കുകയായിരുന്നു , ആരാണ് ആ പൊതി എന്റെ ബാഗിൽ കൊണ്ടിട്ടത്‌. അതിനിടയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ  'ബോംബ് ' എന്നു  ഉച്ചരിക്കുന്നത് ഞാൻ വ്യക്തമായി കേട്ടു . ഞാൻ
ഏസിയുടെ  തണുപ്പിലും  നന്നായി വിയർത്തു . അവർ എന്നെ  കൈയിൽ പിടിച്ചു വേറെ ഒരു മുറിയിലേക്കു കൊണ്ടുപോയി. വിറയലും , പേടിയും കൊണ്ട് ഞാൻ എന്തൊക്കെയോ പിച്ചും പേയും ഒക്കെ വിളിച്ചു പറഞ്ഞു.  ബോംബേയിൽ  മുമ്പ് ജോലി ചെയ്തിരുന്നതിനാൽ കുറച്ചൊക്കെ  ഹിന്ദി സംസാരിക്കുവാൻ  എനിക്ക് അറിയാം. പക്ഷെ ആവശ്യ സമയത്തുപകരിക്കില്ല എന്ന കർണ ശാപം എന്നെ പിൻതുടർന്നു . ഫലത്തിൽ  ബ ..ബ.. ബ പറഞ്ഞു  എന്നെ പിടിച്ചു വലിച്ചവർ അകത്തെമുറിയിലേക്ക്  കൊണ്ടുപോയി..

ആളോഴിഞ്ഞ മുറിയിൽ ഞാനും  ആ രണ്ടു ഉദ്യോഗസ്ഥരും  മാത്രം . അവർ എന്നെ തുറിച്ചു  നോക്കികൊണ്ടെയിരുന്നു .  ആ പൊതി ആരാണ്  അവിടെ വച്ചത്. അതും എന്റെ ബാഗിൽ  കൊണ്ടുവന്നു ആരാണ് ബോംബ് വച്ചിരിക്കുന്നത് . എനിക്ക് ആകെ  തല കറങ്ങുന്ന പോലെ.  ഞാൻ ഒരു തൂണിൽ ചാരി നിന്ന്; ഇനി എന്റെ അവസാനം ജയിലിൽ ആയിരിക്കും എന്നുള്ള തോന്നൽ. ഞാൻ  മനസിൽ ദൈവത്തെ വിളിച്ചു കരഞ്ഞു.  അപ്പോഴാണ്   ആ മുറിയിലേക്കു  വേറെ ഒരു ഉദ്യോഗസ്ഥൻ കടന്നു വന്നത് .

അയാൾ ഒരു മലയാളി ആയിരുന്നു.  എന്നോട്  മയത്തിൽ ചോദിച്ചു . "എന്താണ് ആ പൊതിയിൽ ". ഞാൻ പറഞ്ഞു

"സാർ സത്യമായിട്ടും എനിക്കറിയില്ല - ഇത് ആരാണ് വച്ചതു എന്ന് "  അയാൾ
ആ പൊതി മെല്ലെ തുറന്നു . രണ്ടു ഇരുമ്പ് ഉണ്ടകൾ .  അയാൾ അത് കൈയിൽ എടുത്തു . പിന്നെ ആ ഹിന്ദിക്കാരെയും , എന്നെയും  മാറി മാറി നോക്കി. അയാൾ അതിൽ കൈ ഞെരടി . പിന്നെ എന്നോട് ചോദിച്ചു "ഇത് എന്താണ് എന്ന് നിനക്കറിയില്ലേ?" .

പെട്ടെന്ന് എന്റെ മനസ്സിൽ മിന്നായം പോലെ ഉത്തരം വന്നു

'സുഖിയൻ "

"സാർ അത് സുഖിയൻ ആണ് . ഇന്നലെ  വൈകുനേരം അച്ഛൻ ഉണ്ടാക്കി തന്ന സുഖിയൻ . അമ്മ  ഒരു  പക്ഷെ എനിക്ക് രാവിലെ വിശന്നാലോ എന്ന് കരുതി പൊതിഞ്ഞു ഞാൻ പോലും അറിയാതേ  ബാഗിൽ വച്ചതാവാം ."

ഒരു ദിവസത്തെ പഴക്കം കൊണ്ടാകാം നിറം മങ്ങിയ കറുപ്പ് പടർന്നിട്ടുണ്ട് .
എനിക്കെന്തോ ആശ്വാസം തോന്നി. അയാൾ ഒരു പൊട്ടി എടുത്തു വായിലേക്കിട്ടു . പിന്നെ പറഞ്ഞു കൊള്ളാം . നന്നായിട്ടുണ്ട് .

എനിക്ക് ശ്വാസം വീണത് അപ്പോഴാണ് . പിന്നെ  ആ  ഉദ്യോഗസ്ഥൻ  തന്നെ  എല്ലാ  കാര്യങ്ങളും  ആ ഹിന്ദിക്കാരെ പറഞ്ഞു മനസിലാക്കി .   ഈ സംഭവം നടന്നു കഴിഞ്ഞിട്ട് വർഷങ്ങൾ  ആയി.  അതിനിടയിൽ പല പല യാത്രകൾ . പക്ഷെ   ഇപ്പോഴും സെക്യൂരിറ്റി  ചെക്ക്  എന്ന് പറഞ്ഞാൽ ആ  സുഖിയൻറെ അത്ര  സുഖമല്ലാത്ത ഓർമകൾ  മനസിൽ തികട്ടി വരും.


2017, ഏപ്രിൽ 29, ശനിയാഴ്‌ച

സുമാത്ര എന്ന ശ്രീലങ്കൻ പെൺകൊടി

ജീവിതം ഒരു യാത്രയാണ് . ആ മഹായാത്രക്കിടയിൽ സംഭവിക്കുന്ന ഓരോ ചെറുയാത്രകളും നമ്മെ  പുർണതയിലേക്കു നയിക്കുന്നു എന്ന് ആരോ പറഞ്ഞു കേട്ടിരിക്കുന്നു . പണ്ട് മുത്തച്ഛൻ പറഞ്ഞ കഥകളിൽ നിന്നുമാണ് ശ്രീലങ്കയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. രാമായണത്തിൽ  നിന്നും മനസിൽ കുടിയേറിയ ലങ്ക എന്ന  ഇന്ത്യൻ മഹാ സമുദ്രത്തിലെ മരതക  ദ്വീപിനെ കുറിച്ചുള്ള  ഓർമകൾക്കു വിത്തിട്ടത്  കുട്ടിക്കാലത്താണ്.  

കഴിഞ്ഞ തവണ നാട്ടിൽ പോയത് ശ്രീലങ്കൻ എയർവേയ്‌സിൽ ആയിരുന്നു. ഇന്ത്യൻ  പാസ്പോർട്ട് ഉള്ളവർക്ക് 'ഓൺ അറിവിൽ വിസയാണ്' ശ്രീലങ്കയിൽ. ഹിമാലി  വിക്രമസിംഗെ  എന്ന സുന്ദരി പെൺകുട്ടിയാണ് ഞങ്ങളുടെ ഈ  യാത്ര  തരപ്പെടുത്തിയത്.   ശ്രീലങ്കയിൽ പോകണം എന്ന് പറഞ്ഞപ്പോൾ എന്റെ ഒരു സുഹൃത്താണ്  ഹിമാലിയുടെ നമ്പർ തന്നത്. എയർപോർട്ടിൽ  ഞങ്ങളെ സ്വീകരിക്കുവാൻ ഹിമാലി  വന്നിരുന്നു. എപ്പോഴും ചിരിക്കുന്ന, നിറുത്താതെ  സംസാരിക്കുന്ന ശ്രീലങ്കൻ സുന്ദരി. 
എന്റെ ഭാര്യയുമായി അവൾ പെട്ടെന്ന് തന്നെ അടുത്തു. കഴിഞ്ഞ മാസം ഹിമാലി ഒരു സന്ദേശം അയച്ചിരുന്നു . അവളുടെ വിവാഹം ആണെന്ന് പറഞ്ഞുകൊണ്ട്.  ഇടക്കിടെ  വാട്ടസ് ആപ്പിൽ  പ്രൊഫൈൽ ചിത്രം മാറ്റുക എന്നുള്ളത് അവളുടെ ഒരു ഹോബിയാണ് .

നമുക്കറിയാവുന്ന ലങ്ക രാവണന്റെ ലങ്കയാണ്‌ .  ധനാഢ്യനായ കുബേരന്റെ സാമ്രാജ്യം.  സിലോൺ എന്ന പഴയ പേരിൽ അറിയപ്പെടുന്ന ശ്രീലങ്ക . ശ്രീലങ്കയെ കുറിച്ച്  ഹിമാലി  ഒരുപാട് വിശദീകരിച്ചു തന്നിരുന്നു . ശ്രീലങ്കയുടെ തലസ്ഥാനമായ  കൊളംബോ , ബുദ്ധദേവന്റെ ദന്തം സ്ഥിതി ചെയുന്ന കാൻഡി ,ദാബുളയിലെ 'ഗോൾഡൻ ടെമ്പിൾ ' , പിന്നവാലായിലെ ആന സങ്കേതം. പ്രസിദ്ധമായ സിലോൺ ചായയുടെ ഉറവിടമായ നുവാരയിലെ ടീ  എസ്റ്റേറ്റുകൾ  . ചരിത്രവും , സംസ്കാരവും ഇഴകി ചേർന്ന    ശ്രീലങ്ക   ഭാരതത്തിന്റെ ഒരു ഭാഗം തന്നെയല്ലേ എന്ന് തോന്നി പോകും .   

അലക്സ് എന്ന ഡ്രൈവറെ ഹിമാലി  ഞങ്ങൾക്കു വേണ്ടി ഏർപ്പാട് ചെയ്തിരുന്നു . അധികം ഒന്നും    സംസാരിക്കാത്ത വ്യക്തിയായിരുന്നു അലക്സ് .  ഒരു ഗൈഡിന് വേണ്ട ഗുണങ്ങൾ ഒന്നും തന്നെ അലക്സിന് ഉണ്ടായിരുന്ന്നില്ല . 


അലക്‌സിന്റെ  കാറിൽ ആയിരുന്നു ഞങ്ങളുടെ യാത്ര .  അധികമോന്നും  ശബ്ദിക്കാത്ത അലക്സിനെ കൊണ്ട് വർത്തമാനം പറയിപ്പിക്കുക എന്നത് ശ്രമകരമായ ജോലി ആയിരുന്നു.  പക്ഷെ ഞാൻ വിടുമോ . ഞാൻ ചോദ്യ ശരങ്ങൾ   എയ്തു കൊണ്ടേ ഇരുന്നു . അങ്ങനെ ആ യാത്രക്കിടയിൽ അലക്സ് പലതും പറഞ്ഞു , ശ്രീലങ്കയെ കുറിച്ച് , തമിഴ്പുലികളെ കുറിച്ച്, വംശിയ കലാപങ്ങളെ കുറിച്ച് , പ്രസിഡന്റ് ഭരണത്തെ കുറിച്ച് ,പിന്നെ   ജീവിതത്തിൽ  ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കിയ  സുനാമിയെ കുറിച്ചും. പക്ഷെ  എന്നെ സ്പർശിച്ചത്  അലക്സിനെ കഥ തന്നെയായിരുന്നു .  അലക്സിന്റെ മാതാപിതാക്കളുടെ കഥ. ക്രിസ്തു മതത്തിലേക്ക്  പരിവർത്തനം  ചെയപെട്ട  രാജലിംഗം ചിന്നദുരൈ എന്ന തമിഴന്റെയും , സുമാത്ര എന്ന ബുദ്ധവംശജയായ സിംഹളയുവതിയുടെയും കഥ.          
അലകസിന്റെ അച്ഛൻ   രാജലിംഗത്തിനു  നുവാരയിലെ  'ഹെറിറ്റൻസ് ടിഫാക്‌ടറിയിൽ'   ആയിരുന്നു ജോലി . വർഷങ്ങൾക്കു  മുന്നേ ഭാഗ്യം തേടി രാമേശ്വരത്തു നിന്നും സിലോണിലേക്കു കുടിയേറി പാർത്തവരിൽ  ഒരാളായിരുന്നു അലക്സിന്റെ അച്ഛൻ രാജലിംഗം.  അന്നത്തെ എസ്റ്റേറ്റ്  ജോലിക്കാർ മിക്കവാറും  തമിഴന്മാർ ആയിരുന്നു. എസ്റ്റേറ്റുകൾ  ബ്രിട്ടീഷ്കാരുടെ നിയന്ത്രണത്തിലും ആയിരുന്നു.  അതുകൊണ്ടു തന്നെ ഇംഗ്ലീഷ് സംസാരിക്കുവാനും മറ്റും കുടുതൽ പ്രാവിണ്യം തമിഴ് വംശജർക്കായിരുന്നു . ജോലിപരമായ  ഈ വിവേചനം  ഒരു വർഗീയകലാപത്തിനു തന്നെ തുടക്കം കുറിച്ചു.  തമിഴ്ന്മാരെ സിംഹളർ നിരന്തരം ആക്രമിച്ചു. അവരുടെ ജോലി തട്ടിയെടുക്കാനായി വന്നവർ എന്ന രീതിയിൽ തമിഴരെ കാണുവാനായി തുടങ്ങി.     
         

ആ ടീ എസ്റ്റേറ്റിലെ തന്നെ ഒരു  ജോലിക്കാരിയായിരുന്നു   സുമാത്ര രണസിംഗെയെന്ന സിംഹളയുവതി. അയാളെ ആകർഷിച്ച വ്യക്തിത്തം ആയിരുന്നു അവരുടേത് . 
അയാളേക്കാൾ രണ്ടിഞ്ചു ഉയരമുണ്ടായിരുന്നു സുമാത്രക്ക്   ആയിടെ  എസ്റ്റേറ്റിൽ ഉണ്ടായ തമിഴ് വിരുദ്ധ കലാപത്തിൽ അലക്സിന്റെ അച്ഛൻ സാരമായി പരിക്കേൽക്കുകയുണ്ടായി . അന്നയാളെ   രക്ഷിച്ചതും , ശുശ്രുഷിച്ചതും സുമാത്രയായിരുന്നു. അതിനുശേഷവും സിംഹളർ അയാളെ തിരഞ്ഞു വരുമ്പോഴും അയാൾക്ക് രക്ഷകയാകുന്നത് സുമാത്രയായിരുന്നു. 

ശ്രീലങ്കയും , ഇന്ത്യയും തമ്മിലുള്ള  ബന്ധത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്.  2000  വർഷങ്ങൾക്കു  മുമ്പേ ആര്യവംശത്തിൽ പെട്ട  വിജയൻ എന്ന രാജാവ് അനുചരന്മാരോടൊപ്പം ശ്രീലങ്കയിൽ എത്തി എന്നും , ശ്രീലങ്കയിലെ കുവേരി എന്ന രാജാവിന്റെ മകളെ വിവാഹം കഴിച്ചു എന്നുള്ളത് ചരിത്രം. 

പ്രേമബന്ധത്തിലായ  സുമാത്രയും , രാജലിംഗവും വിവാഹിതരാകുവാൻ തീരുമാനിച്ചു. രാജലിംഗത്തിനു അവിടെ പാർക്കുവാൻ ഒരു മേൽവിലാസം വേണമായിരുന്നു . അതായിരുന്നു സുമാത്ര. അയാൾക്കാവശ്യം സുന്ദരമായ അവളുടെ ശരീരം മാത്രമായിരുന്നു.  അവർ സസുഖം ജീവിക്കുമ്പോഴും അയാൾ വേറെ സ്ത്രീകളെ തേടി പോയി.  ഒരിക്കൽ കുഞ്ഞായ പോയ രാജലിംഗം തിരിച്ചുവന്നില്ല. ഒടുവിൽ അയാളുടെ സമ്പാദ്യം നശിപ്പിച്ച ശേഷം പശ്ചാത്താപ വിവശനായി രാജലിംഗം വീണ്ടും സുമാത്രയെ തേടിവരുന്നു.  സുമാത്ര അയാളെ വീണ്ടും  സ്വീകരിക്കുകയും   സുമിത്രയുടെ സമ്പാദ്യമായ ഒരു  സ്വർണമാല അയാളെ വിൽക്കുവാൻ ഏൽപ്പിക്കുയും ചെയുന്നു .  ആ മാല വിൽക്കുവാൻ  ശ്രമിക്കുന്നതിൻ  ഇടയിൽ അയാളെ  കണ്ട സിംഹള  സംഘം   ഒരു ഏറ്റുമുട്ടലിൽ അയാളെ വധിക്കുന്നു,.   നിർവികാരനായി അലക്സ് അയാളുടെ ജീവിത കഥ പറഞ്ഞു കൊണ്ടേയിരുന്നു. അച്ചനോട്  അയാൾക്ക്‌  വെറുപ്പാണെന്നു തോന്നി. അല്ലെങ്കിൽ തീർത്തും അപരിചിതനായ എന്നോട് അയാളുടെ ജീവിതകഥ ഇങ്ങനെ വിവരിക്കുകയില്ലല്ലോ .  
   
അലക്സ്   ഈ കഥ പറയുമ്പോൾ എനിക്ക്  കണ്ണകിയുടെ കഥ ഓർമ  വന്നു. ഇളങ്കോവടികൾ രചിച്ച തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകി.  തന്റെ ഭർത്താവിനെ  വധിച്ച ക്രോധത്തിൽ  മധുരാ രാജ്യത്തെയും , രാജാവിനെയും ശാപവചസുകളാൽ  ചുട്ടെരിച്ചു കളഞ്ഞ കണ്ണകി

കാവേരി പട്ടണത്തിലെ വ്യാപാരിയുടെ മകനായ കോവലൻ , സുന്ദരിയായ കണ്ണകിയെ വിവാഹം കഴിക്കുകയും ആ നഗരത്തിൽ തന്നെ അവർ സസുഖം ജീവിക്കുകയും ചെയുന്നു  ,  ആ അവസരത്തിൽ ദേവദാസിയായ മാധവിയിൽ കോവലൻ  പ്രണയാസക്തനാവുകയും   കണ്ണകിയെ മറന്നു മാധവിയുടെ കുടെ  ജീവിക്കുകയും ചെയ്ത കോവലന്റെ പ്രതിരൂപം തന്നെയല്ലേ  അലക്സിന്റെ അച്ഛനായ രാജലിംഗം. 

   
പാണ്ട്യരാജാവായ നെടുംചെഴിയാൻ   ആയിരുന്നു ആ കാലത്തു മധുര ഭരിച്ചിരുന്നത് .   രാജ്ഞിയുടെ ചിലമ്പ് മോഷണം പോകുകയും , കണ്ണകിയുടെ ചിലമ്പ് വിൽക്കുവാനായി കൊണ്ടുപോയ കോവലനെ  മോഷ്ടാവായി ചിത്രീകരിക്കുകയും  , രാജകോപത്താൽ  കോവലനെ വധിക്കുകയും ചെയുന്നു . കോപാകുലയായി  കൊട്ടാരത്തിൽ എത്തിയ കണ്ണകി തന്റെ ചിലമ്പ്  വലിച്ചെറിയുകയും ആ പൊട്ടിയ ചിലമ്പിൽ നിന്നും രത്നങ്ങൾ ചിതറുകയും രാജ്ഞിയുടെ ചിലമ്പിൽനിന്നും മുത്തുകളും പതിക്കുന്നു. തന്റെ  ഭർത്താവിന്റെ നിരപരാധിത്തം  തെളിയിച്ച ശേഷം   ആ നഗരം ചുട്ടു ചാമ്പലാവട്ടെ എന്നവൾ ശപിച്ചു.  ആ പതിവ്രതയുടെ ശാപം സത്യമായി . മധുരാനഗരം കത്തി നശിച്ചു 

കണ്ണകിത്തന്നെയല്ലേ  സുമാത്ര , ഭർത്താവിന്റെ വഴിവിട്ട പെരുമാറ്റത്തിന് ശേഷവും ഭർത്താവിനെ അകമഴിഞ്ഞ് സ്നേഹിച്ചവൾ. രാജലിംഗത്തിന്റെ മരണത്തിനു ശേഷം സുമാത്ര അലകസിനെ വളർത്തി .  തമിഴനായി തന്നെ.  ഞാൻ കണ്ണകിയുടെ കഥ അലക്സിനോട് പറഞ്ഞു.  അപ്പോൾ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അലക്സ് പറഞ്ഞു  'പതിനി' എന്ന പേരിൽ തമിഴ്  വംശജർ  കണ്ണകിയെ ദൈവമായി ശ്രീലങ്കയിലും ആരാധിക്കുന്നു എന്ന്. 

പിന്നെ അയാൾ നിശബ്ദനായി . എനിക്കും ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ഇടയിൽ മൗനം തളംകെട്ടി. ഞങ്ങളുടെ രണ്ടുപേരുടെയും മനസ് കലുഷിതമായി എന്ന് തോന്നി.  ചില സമയങ്ങളിൽ മൗനത്തിനു വാചാലതയെക്കാൾ പതിന്മടങ്ങു ശക്തിയുണ്ട് . നാവിനേക്കാൾ മൂർച്ചയുണ്ട്.  നൊമ്പരമാണെങ്കിലും ചില സമയങ്ങളിൽ മൗനത്തിനു പകരം വയ്ക്കുവാൻ ഭാഷയുടെ  ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല . കുടുതൽ ഒന്നും ചോദിക്കാതെ കാർ ഓടുമ്പോൾ നിശ്ശബ്ദനായി വഴിയോരകാഴ്ച്ചകൾ കണ്ടു കൊണ്ട് ഞാൻ ഇരുന്നു.


2017, ഏപ്രിൽ 5, ബുധനാഴ്‌ച

പ്രതീക്ഷയുടെ തീരങ്ങൾ (കഥ )


സുര്യൻ  കടലിലേക്ക് ഇറങ്ങുവാൻ സമയമായിരിക്കുന്നു . അപ്പോഴും കടപ്പുറത്ത് കുട്ടികൾ ക്രികറ്റ് കളിക്കുന്നുണ്ടായിരുന്നു . നീലച്ച കടൽ വെള്ളത്തിന്‌ ചുവന്ന ചായം പുശിയ പോലെ. പന്ത് എടുക്കുവാൻ ഓടി വന്ന ചെക്കനെ കണ്ടിട്ട്  തെങ്ങിൻ  ചുവട്ടിൽ  കിടന്ന ചാവാലി പട്ടി  ഒന്ന് എഴുനേറ്റ്  കാലു നീട്ടി  മോങ്ങിയ ശേഷം വീണ്ടും അവിടെ മണ്ണിൽ  തന്നെ പൂഴ്ന്നു കിടന്നു.  ആകാശത്തിൻ  കീഴെ ഒരു പരുന്തു  വട്ടമിട്ടു പറക്കുന്നു .  എത്രകണ്ടാലും മതിവരാത്ത  ആ കാഴ്ച ഒപ്പിയെടുക്കുന്ന ഒരു താടിക്കാരൻ .

വേച്ച് , വേച്ച് നടന്നുവരിക്യയിരുന്നു  പാക്കരൻ . അയാളാ   തടിക്കാരന്  നേരെ കൈ നീട്ടി . അയാൾ   പാക്കരനെ  ആട്ടിയകറ്റി.  പാക്കരന്റെ  കൈയിൽ  ഒഴിഞ്ഞ ചാരായ കുപ്പി.    അയാളെ  കണ്ടപ്പോൾ കുട്ടികൾ  "പാക്കാരോ"  എന്ന് ഈണത്തിൽ ആർത്തു  വിളിച്ചു    ആ വിളി കേട്ട് തഴമ്പിച്ച ആയാൾ  മറുത്തൊന്നും പറയാതെ തന്നെ ഷാപ്പിലേക്ക്  വീണ്ടും നടന്നു.

പണ്ടയാൾ  ഇതുപോലെ ശാന്തൻ ആയിരുന്നില്ല.  അന്നും അയാൾ  കുടിക്കുമായിരുന്നു .. എന്നും രാത്രി അയാൾ കുടിച്ചു വീട്ടിൽ വന്നു ശാന്തമ്മേ  തല്ലും .  ചട്ടീം ,  കലവും  പൊട്ടിക്കും.  പൂര പാട്ട്  പാടും .  ചോദിക്കുവാൻ ചെന്ന  അയൽവാസിയായ  പത്രോസിനോട്  പാക്കരൻ ചോദിച്ചു ഞാൻ തല്ലുനത് എന്റെ ഭാര്യയെ അല്ലെ  അല്ലാതെ നിന്റെ  കെട്ടിയോളെയല്ലല്ലോ  എന്ന്.  കുടിച്ചുകഴിഞ്ഞാൽ  പിന്നെ ഭാര്യെ  തല്ലുന്നതിൽ  അയാൾ  ആനന്ദം  കണ്ടെത്തിയിരുന്നു .  ആ  കുടിയിൽ എന്നും   വഴക്കായിരുന്നു .

ശാന്തമ്മ  അയാളുടെ കുടി നിറുത്തലക്കുവാൻ ആവുന്നത്ര നോക്കി.  ചോറിൽ മരുന്ന് കൊടുത്ത്  നോക്കി , അച്ചനെകൊണ്ട് ഉപദേശിപ്പിച്ചു . ഒടുക്കം ആത്മഹത്യാ ഭീഷണി വരെ അവൾ മുഴൂക്കി .  അച്ഛനും പറഞ്ഞു അവൻ   നേരെയാവില്ല .  ഒരു ദിവസം അയാൾ  അവളെ  തൊഴിച്ചു താഴെയിട്ടു . നെറ്റി അരകല്ലേൽ  മുട്ടി ഒരുപാടു ചോരയൊഴുകി. കരയില്ലുള്ളവർ  പറഞ്ഞു അവളുടെ വിധി എന്ന് .  ഒടുവിൽ അയാളെ സഹിക്കുവാൻ വയ്യാതെ ശാന്തമ്മ അങ്ങിറങ്ങി  പോയി.   അന്നവൾക്ക്  മുന്ന്  മാസം വയറ്റിൽ ഉണ്ടായിരൂന്നു .  ഓളെ  കടലു കൊണ്ടുപോയി എന്ന് നാട്ടുകാര്  പറയുന്നു.  പക്ഷെ പാക്കരൻ അത് വിശ്വസിച്ചിട്ടില്ല . കടലമ്മ നെറിയുള്ളവളാ.  കൊണ്ടുപോയാൽ മുന്നാംപക്കം ശവം എങ്കിലും തീരത്ത് അടിയേയേണ്ടതല്ലേ .  ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും     ശാന്തമ്മ ഒരു ദിവസം തിരികെ വരുമെന്ന് അവൻ നിശ്ചയമായും വിശ്വസിക്കുന്നു .
 

ആർത്തിരമ്പുന്ന കടൽ നോക്കി  ശാന്തമ്മ നിന്നു.  ഒരു കരയിൽ നിന്നും മറുകരയിലേക്കുള്ള  മടങ്ങിപ്പോവുകയായിരുന്നു അവൾ . അവൾ ജീവിച്ചത് മകനുവേണ്ടിയായിരുന്നു .

 വർഷങ്ങൾക്കു മുമ്പ് വന്യമായ ശക്തിയോടെ   രാക്ഷസ   തിരുമാലകൾ  കടൽതീരത്തെ  ഒന്നായി  വിഴുങ്ങിയപ്പോൾ മരണപെട്ടവരിൽ ഒരാൾ അവളുടെ  മകനായിരുന്നു.  എല്ലാവരും ആ  വാർത്ത  വിശ്വസിച്ചിച്ചിട്ടും  അവൾ മാത്രം   അവിശ്വസിക്കുന്നു.   സുനാമി എന്ന വിപത്ത് വേർതിരിച്ച തന്റെ മകൻ ഒരിക്കൽ  തനിയെ തിരിച്ചുവരുമെന്ന് . ഒരമ്മയ്ക്ക്‌ അങ്ങനെ പ്രാർത്ഥിക്കുവാനല്ലേ കഴിയൂ ..


വർഷങ്ങൾക്ക് മുമ്പ്  കൃത്യമായി പറഞ്ഞാൽ  2004 ഡിസംബർ 26 ന്  , ക്രിസ്തുമസ്  കഴിഞ്ഞുള്ള ദിനം  . അന്നാണ്  ലോകം കണ്ട രാക്ഷസ തിരുമാലകൾ  ചടുല  നൃത്തം ആടിയത് .   കടലിന്റെ  താണ്ഡവത്തിൽ   പൊലിഞ്ഞുപോയ  ജീവനുകൾ അനവധി .   അതുവരെ കടൽ എല്ലാമായിരുന്നു . അമ്മയും, അന്നദാതാവും, രക്ഷിതാവും എല്ലാം .  കടലമ്മ കനിഞ്ഞാൽ ചാകരയും , കടലമ്മ കോപിച്ചാൽ ദാരിദ്ര്യവും , കെടുതികളും ഉണ്ടാകും . അത് കടലിനോളം പഴക്ക്മുള്ള വിശ്വാസം.  

ദൗർഭഗ്യങ്ങൾ  നമുക്ക് സഹിക്കുവാൻ കഴിയും . അവ ചിലപ്പോൾ  നമ്മുടെ തെറ്റുകളിൽ നിന്നുമല്ല സ്രിഷ്ടിക്കപെടുന്നത്. അവ പുറത്തു നിന്നും വരുന്നവയാണ് . അവ തീർത്തും  യാദ്രിശ്ചികവും ആയിരിക്കാം .  പക്ഷെ സ്വന്തം കൈ പിഴ കൊണ്ടുണ്ടാകുന്ന യാതന അത് നമ്മളെ ജീവിതകാലം മുഴുവനും വേട്ടയാടികൊണ്ടേ ഇരിക്കും .

തന്റെ കൈയിൽ  നിന്നുമാണ് അവനെ കടലമ്മ തട്ടിയെടുത്തത് . സുനാമി മുന്നറിയിപ്പ് കിട്ടിയ ഉടനെ  കരക്കാരു മുഴുവനും   കൈയിൽ  കിട്ടിയതെല്ലാം  എടുത്ത്  പുറത്തേക്കോടി .  മകന് ആയില വറുത്തതും കുട്ടി  കഞ്ഞി കൊടുക്കുകയായിരുന്നു  അവൾ .  ജാൻസിയുടെ  വിളി കേട്ടിട്ട്  മോറു പോലും കഴുകാതെ എഴുവയസുള്ള  മകനെയും പിടിച്ചുകൊണ്ട് അവളും ജാൻസിയുടെ  പിറകെ ഓടി .   ആ പ്രദേശത്തെ ഒന്നായി വിഴുങ്ങുവാൻ  വെമ്പിയ വലിയ തിരയുടെ ശക്തിയിൽ അവളും , അവളുടെ ഏഴുവയസുള്ള  മകനും ഒലിച്ചു  പോയി.   ചുറ്റും ഇരച്ചുകയറുന്ന വെള്ളം മാത്രം. എവിടെ നോക്കിയാലും വെള്ളം . ആ ഒഴുക്കിന്റെ ശക്തിയിലും  അവൾ  മകനെ  മുറുക്കി പിടിച്ചു. പക്ഷെ  ചേർത്ത് പിടിച്ച മകന്റെ കൈ എപ്പോഴോ പിടി വിട്ടു പോയി. ഒന്ന് മുങ്ങി പൊങ്ങിയപ്പോൾ അരികിൽ അവനില്ല.


അവൾ ഇപ്പോഴും വിശ്വസിക്കുന്നു ഒരു ദിവസം  പങ്കായം  തോളേൽ വച്ച്  അവൻ തിരികെ വരുമെന്ന് തന്നെ .  കടലിൽ പോയ വലിയ അരയനെ പോലെ  വള്ളത്തിൽ ഒരു പാടു മീനുമായി അവൻ  വരുമെന്ന് തന്നെ . കടലമ്മയ്ക്കു ഇത്ര ക്രൂരയാകുവാൻ  പറ്റുമോ . ഒരു കര മുഴുവനും നശിപ്പിക്കണം  എന്നുണ്ടെങ്കിൽ .   ശാന്തമ്മയുടെ നടപ്പുടുദുഷ്യം എന്ന് ചിലര് പറയുന്നുണ്ട് . പെണ്ണ്   പിഴച്ചാൽ കരമുഴുവനും കടലെടുക്കുമോ?  അങ്ങനെയാണെങ്കിൽ  ഈലോകത്ത് കരയെ കാണുകയില്ലല്ലോ ?

ഈ കരയുടെ മുഴുവനും അമ്മയല്ലേ കടൽ. . ഒരു മാതാവിന് മറ്റൊരു മാതാവിന്റെ കണ്ണുനീർ കാണാതിരിക്കുവാൻ കഴിയുമോ? .കാണാതിരിക്കുവാൻ  ആവില്ല എന്ന് അവൾക്ക്  ഉറപ്പുണ്ട് .  ജിവിതത്തിൽ വിശ്വാസത്തെക്കാൾ വലുതായി   മറ്റൊന്നുമില്ല . വിശ്വാസത്തേ  മുറുകി പിടിക്കുമ്പോൾ  പ്രതീക്ഷയുടെ തിരിനാളം തെളിയുന്നു. ആ തിരി കത്തുമ്പോൾ ഉണ്ടാകുന്ന നറുവെളിച്ചം മതി അവർക്കു  ജീവികുവാൻ .2017, മാർച്ച് 17, വെള്ളിയാഴ്‌ച

ആൻ മേരി അച്ഛന്റെ മകൾ. (4)കോളേജ്  മുഴുവനും ഉത്സവ പ്രതീതി .  വർണ തോരണങ്ങളും , ചിത്രങ്ങളും കൊണ്ട്  എങ്ങും അലങ്കരിച്ചിരിക്കുന്നു.  കുട്ടികൾ   അങ്ങോട്ടേക്കും , ഇങ്ങൊട്ടെക്കുമായി  പൂമ്പാറ്റകളെ  പോലെ പറന്നു നടക്കുന്നു . ലൌഡ്   സ്പീക്കറിൽ  നിന്നും ഗാനങ്ങളും ,  ഇടയ്ക്കിടെ  അറിയിപ്പുകളും  
   മുഴുങ്ങുന്നു.  ഓഡിറ്റൊറീയം  നിറഞ്ഞു കവിഞ്ഞിരിക്കുന്നു .  ഒഴിഞ്ഞ ഒരു കസേരയിൽ ഞാൻ പോയിരുന്നു . ഇന്നാണ്  ആനിന്റെ   ' ഗ്രാജൂ വേഷൻ ഡേ '  .  ആൻ  മേരി എന്ന പേര് വിളിച്ചപോൾ ചിരി തുകുന്ന  മുഖവുമായി  തൊങ്ങൽ  ചാർത്തിയ  മേലങ്കിയും , തൊപ്പിയും ധരിച്ചു  ആൻ  വേദിയിലേക്ക്  വന്നു.  അവൾ നടന്നു വരുമ്പോൾ  ഉച്ചത്തിൽ വേദനിക്കും വിധം ഞാൻ  കൈകൾ  ചേർത്ത്  കൊട്ടി.  എന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി . ഈ നിമിഷം ജേക്കബ്‌ ഉണ്ടായിരുന്നെങ്കിൽ! ഞാൻ വെറുതെ ഓർത്തു പോയി. സ്വർഗത്തിലിരുന്നു  മാലാഘമാരോടൊപ്പം ജേക്കബും ഈ കാഴ്ച  കാണുന്നുണ്ടാകാം . ജേക്കബിന്റെ കണ്ണുകളും നിറയുന്നുണ്ടാവുമോ ?

വിവാഹം കഴിഞ്ഞ മുന്ന് വർഷങ്ങൾക്കു ശേഷമാണ് ജേക്കബിന് വയനാട്ടിലേക്ക് പോകേണ്ടി വന്നത് .  തനിക്കു  തീരെ താല്പര്യം ഉണ്ടായിരുന്നില്ല വയനാട്ടിലേക്ക് പോകുവാൻ . ജേക്കബ്‌ ജോർജ്  എന്ന പോലിസ് ഉദ്യോഗസ്ഥന് അങ്ങനെ ഒഴിഞ്ഞു മാറുവാൻ  കഴിയുമായിരുന്നില്ലല്ലോ . മാവോയിസ്റ്റ്    ഭീഷണി നേരിടുന്നതിന്  ആഭ്യന്തര മന്ത്രാലയം രൂപം നല്കിയ ആന്റി  ടെററിസ്റ്റ് വിഭാഗത്തിലെ  അംഗമായിരന്നു ജേക്കബ്‌ . സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളിൽ  മാവോയിസ്റ്റ് അക്രമം വർദ്ധിക്കുകയും ആദിവാസി കോളനികളിൽ അവർ കടന്നു കയറുകയും ചെയ്ത വിവരം വളരെ മുന്നേ തന്നെ കേന്ദ്ര ഇന്റലിജൻസ് വിഭാഗം കേരള പോലിസിനെ അറിയിച്ചിരുന്നു .

കേരളത്തിൽ  മാവോയിസ്റ്റുകൾ തങ്ങളുടെ സാനിധ്യം പ്രകടമാക്കിയിട്ടും , പോലീസുമായി നിരന്തരം ഏറ്റുമുട്ടിയിട്ടും അവർക്കെതിരെ ശക്തമായ  നടപടി എടുക്കുവാൻ സംസ്ഥാന പോലീസിനു കഴിഞ്ഞിരുന്നില്ല. പ്രത്യേകം പരിശീലനം സിദ്ധിച്ച പോലിസ്  ഫോഴ്സിനും മാവോയിസ്റ്റുകളെ കാട്ടിൽ പിന്തുടർന്ന് പിടിക്കുവാൻ ഭയമോ?

വയനാട്ടിലെ ആദിവാസ കോളനിയിൽ നിന്നും വെടിയുതിർത്ത മാവോയിസ്റ്റ് സംഘം കാട്ടിലേക്ക് നീങ്ങിയിട്ടുണ്ട് എന്നുള്ള വാർത്ത‍ ലഭിച്ചിടുണ്ട് .  മാവോയിസം  കേരളത്തിൽ   തഴച്ചു വളരുന്നു എന്നുള്ള     വാർത്തകൾ വന്നു തുടങ്ങിയിട്ട് രണ്ടു മുന്ന് വർഷമേ ആകുന്നുള്ളൂ . ആന്ന്  വനമേഘലകളിൽ ആദിവാസികൾ തോക്കേന്തിയ  അജ്ഞാതരെ കണ്ടു എന്നറിയിച്ചിട്ടും അത് വിശ്വസിക്കുവാൻ പോലീസോ , ഭരണകുടമോ തൈയ്യാറായില്ല. മവോയിസത്തിനു വളക്കൂറുള്ള മണ്ണാണ് കേരളവും എന്ന് വിശ്വസിക്കുവാൻ പ്രയാസമായിരുന്നു . കണ്ണുരിലെയും , മലപ്പുറത്തേയും കോളനികളിൽ പലകുറി മാവോയിസ്റ്റ് സാനിധ്യം  രേഖപെടുത്തിയിരുന്നു . അന്നൊക്കെ തിരച്ചിൽ എന്ന പേരിൽ ഒരു പ്രഹസനം നടത്തുക മാത്രമാണ് പോലിസ് ചെയ്തത് .

അന്നത്തെ പോലിസ് സംഘത്തിന് നേത്രുത്വം  കൊടുത്തിരുന്ന ഉയർന്ന  പോലിസ് ഉദ്യോഗസ്ഥൻ സേനാംഗങ്ങളോട് പറഞ്ഞുവത്രെ  വെറുതെ  എന്തിനു പുലിവാൽ പിടിക്കണം. ഐ . ജി  ലക്ഷ്മണ സാറിന്റെയും , പുലി കോടൻ സാറിന്റെയും കഥകൾ ഓർമയില്ലേ എന്നാണ് .  ഈ ഒരു ഭയമായിരിക്കാം പോലീസിനു ഈ വേട്ടയോടുള്ള താല്പര്യകുറവിന് കാരണം  എന്നാണ് ജേക്കബ് പറഞ്ഞത്.  ജേക്കബിൾ തന്നെയാണ് അവരുടെ പ്രസ്ഥാനത്തെ കുറിച്ച് അറിവുകൾ പകർന്നത് .

എഴുപതുകളിൽ  നക്സൽ പ്രസ്താനങ്ങൾക്ക് വിത്ത് പാകപെട്ടപ്പോൾ അതിൽ നിന്നും ചില വിത്തുകൾ മുളച്ച ചരിത്രം പറയുവാനുണ്ട്  കേരളത്തിനും . ഒരു നല്ല നാളേക്ക് വേണ്ടി സ്വപ്നം കണ്ട്  ആയുധം  ഏന്തിയവർ . ചത്തീസ്  ഗഡിലെ പോലെയോ ,   ജാർഘണ്ടിലെ പോലെയോ കേരളത്തിൽ മാവോയിസ്റ്റുകളെ  നേരിടുവാൻ പറ്റില്ല എന്നുള്ളത് സത്യമാണ് . മനുഷ്യാവകാശ സംഘടനകൾ കേരളത്തിൽ  ശക്തമാണ് .  മാവോയിസ്റ്റ് വേട്ടക്കിടയിൽ ആദിവാസികൾ ആരെങ്കിലും കൊല്ലപ്പെട്ടന്നാൽ   പിന്നെ പ്രശ്നം സങ്കീർണമാകും .  

പക്ഷെ ഇപ്പോൾ സ്ഥിതി മാറി .  കമ്മിഷണർ വിജയ് കപൂർ  ഉത്തരേന്ത്യക്കാരൻ  ആണ് .  സേനാംഗങ്ങളെ നയിക്കുവാൻ പ്രാപ്തനായ ഉദ്യോഗസ്ഥൻ . എന്ത് വില കൊടുത്തും മാവോയിസ്റ്റുകളെ  ഉന്മുലനം ചെയ്യും എന്ന് ദ്യഢ പ്രതിജ്ഞ ചെയ്തിട്ടുള്ള  പോലിസ് ഉദ്യോഗസ്ഥൻ .

ഇന്ത്യൻ കമ്മൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചൈന - സോവിയെറ്റ്  പിളർപ്പിനു ശേഷം ഉരിത്തെരിഞ്ഞ  തീവ്ര  കമ്യൂണിസ്റ്റുകളെ പൊതുവായി വിളിക്കുന്ന നാമം ആണ് നക്സലുകൾ .  പ്രത്യയശാസ്ത്രപരമായി അവർ  മാവോയിസം പിന്തുടരുന്നു . ചൈനയുടെ   നേതാവായിരുന്ന മാവോ സെതൂങിന്റെ അഭിപ്രായങ്ങളിൽ നിന്നും ഉത്ഭവിച്ച രാഷ്ടതന്ത്രം     അതാണല്ലോ മാവോയിസം .

കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്   ഭരതരാജനാണ് എന്നാണ് കേരള പൊലീസ് കണ്ടെത്തിയിരുന്നത്.   ഒളിവിൽ പോയ  ഭരതരാജന് പത്തിലേറെ    മാവോയിസ്റ്റ് ആക്രമണ കേസുകളുമായി ബന്ധം ഉണ്ട് .  നിയമ ബിരുദധാരിയാണ് ഭരതരാജൻ .   നിയമ പഠനത്തിനടയിൽ എപ്പോഴോ അയാൾ മാവോയിസ്റ്റ് പ്രസ്താനങ്ങളിൽ ആക്രിഷ്ട്നാവുന്നത് .   
അയാളുടെ ഭാര്യയും അയാളോടൊപ്പം തന്നെയുണ്ട്‌ . അവരുടെ രണ്ടുപേരുടെയും തലയ്ക്ക് വില   പറഞ്ഞിരിക്കുകയാണ് പോലിസ് .


പോലീസിന്റെ  കണ്ണ് വെട്ടിച്ച്  ഉൾക്കാട്ടിലേക്ക്  നീങ്ങിയെങ്കിലും നിശ്ചയദാർഢ്യത്തോടെ തന്നെ പോലിസ് സംഘം കാട് മുഴുവനും അരിച്ചുപെറുക്കി . എന്ത് വിലകൊടുത്തും ഭരതരാജനെയും  സംഘാംഗങ്ങളെയും  കീഴ്പെടുത്തണം എന്ന് തന്നെയായിരുന്നു സേനാംഗങ്ങൾക്ക് കിട്ടിയ നിർദേശം. 
ഒടുവിൽ പോലിസ് വലിച്ച വലയിൽ ആയാളും , സംഘവും കുടുങ്ങി. 
കുട്ടത്തില്ലുള്ളവരിൽ പലരെയും വെടിവച്ച് കൊന്നതിനാൽ അയാൾക്ക്   മുന്നിൽ  രണ്ടുവഴിയെ ഉണ്ടായിരുന്നുള്ളൂ . ഒന്നുകിൽ ആത്മഹത്യാ  അല്ലെങ്കിൽ കീഴടങ്ങുക . കോടതിയിൽ അയാൾക്ക്  പറയുവാനുള്ള കാര്യങ്ങൾ   പറയുവാൻ കഴിയും എന്ന് അയാൾ  ധരിച്ചു . അതുകൊണ്ട് തന്നെ അയാൾ  കീഴടങ്ങുവാൻ തിരുമാനിച്ചു . ആയാളും , ഭാര്യയും , പിന്നെ  ചിന്നപ്പയും .     
  
അന്നയാൾ  ജേക്കബിനോടു മനസ് തുറന്നു . "എന്തുകൊണ്ടാണ് അല്ലെങ്കിൽ എങ്ങനെ മവോയിസ്ടുകൾ  സൃഷ്ടിക്കപെടുന്നു  എന്ന ചോദ്യത്തിന്  ഉത്തരം ഒന്നെയുള്ളൂ . ഭരണകർത്താക്കളുടെ പിടിപ്പുകേടും , അവഗണയും .  അർഹത പെട്ടത്തിനുള്ള അവകാശം നിഷേധിക്കപെടുമ്പോൾ അത് നേടുവാനായി ഒരു      സമരമാർഗം സ്വീകരിക്കപെടെണ്ടിവരുന്നു . ഇവിടുത്തെ പാവങ്ങളുടെയും , ആദിവാസികളുടെയും ജീവിതം കൊടിവച്ച കാറിൽ   പറക്കുന്നവർ  കണ്ടിട്ടുണ്ടോ . ഞങ്ങൾ കണ്ടിട്ടുണ്ട്  ഒരു നേരത്തിനു ആഹാരത്തിന് വകയില്ലാതെ പട്ടിണി കൊണ്ട് മരണപെടുന്ന ഒരുപാടു പേരുണ്ടിവിടെ"

സംസാരിക്കുമ്പോൾ അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അയാൾക്ക്  കുടിക്കുവാൻ  കുറച്ചു വെള്ളം കൊടുത്തു ജേക്കബ് . അതിനു ശേഷം അയാൾ വീണ്ടും തുടർന്നു .

"മനുഷികാഭിലാഷങ്ങൾക്കൊത്ത് ചിന്തിക്കുക  എന്നത്  അടിസ്ഥാന മനുഷ്യാവകശമാണ് . സ്വന്തം മനസാക്ഷിയെയും ,  ചിന്തിക്കുവാനുള്ള  സ്വാതന്ത്ര്യ ത്തേയും അടിയറവു വയ്കേണ്ട ആവശ്യം മനുഷ്യനില്ലല്ലോ .   അനധികൃതർ  വനങ്ങൽ  കൈയേറി  സര്ക്കാർ  ഒത്താശയൊടുകൂടി  പട്ടയം നേടുമ്പോൾ അതിനു യഥാർത്ഥ അവകാശികളായ കാടിന്റെ മക്കൾ ഒരു തുണ്ട് ഭുമി പോലുമില്ലാതെ ,  അകറ്റപെടുമ്പോൾ   ആരായാലും മാറി ചിന്തിക്കും . മലകളും,  വനങ്ങളും  തുരന്നെടുക്കുമ്പോൾ  ഇവർ    എവിടെ പോകും എന്ന് ചിന്തിച്ചിട്ടുണ്ടോ ? കരിങ്കൽ പാറകൾ  തുരക്കുന്ന  ക്വാറികൾ എത്രയുണ്ട് ഇവിടെയെന്ന് അറിയാമോ ? അവരോടെല്ലാം ഇവിടുത്തെ ഭരണസംവിധാനം നടത്തുന്ന   അനുകുല സമീപനം .  പക്ഷെ ഞങ്ങളെ പോലുള്ളവർക്ക്  അങ്ങനെ കണ്ണടച്ചിരുട്ടാക്കുവാൻ  കഴിഞ്ഞെന്ന് വരില്ല. എത്ര ആദിവാസി യുവതികൾ ഇവിടെ മാനഭംഗത്തിനു  ഇരയാകുന്നു . അച്ഛൻ ആരെന്നറിയാതെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു .സർക്കാരിന് വെറും വോട്ട്  ബാങ്കുകൾ  മാത്രമാണീകൂട്ടങ്ങൾ . ഇതെല്ലാം കണ്ടിട്ട് കണ്ടില്ല എന്ന് നടിക്കുവാൻ  ചിലർക്ക്  കഴിയുമായിരിക്കും.  ഒരു പക്ഷെ നിങ്ങൾക്കിപ്പോൾ   തോന്നുന്നുണ്ടാകും  വിപ്ലവം  അടിച്ചമർത്തുവാൻ കഴിഞ്ഞു എന്ന്  അല്ലെ? പക്ഷെ വിപ്ലവാശയങ്ങളിൽ ആകൃഷ്ടരായി ചുഷിതവർഗം ഇനിയും ഇവിടെ ബാക്കിയുണ്ട് എന്നുള്ള വസ്തുത ഓർമ വേണം." 

ഭരത രാജനെ പിടിച്ച വിവരം ജേക്കബ്‌  , കമ്മീഷണറെ  ധരിപ്പിച്ചു . പക്ഷെ കമിഷണറൂടെ  പ്രതികരണം അയാളെ അമ്പരിപ്പിച്ചു .

"കിൽ ദോസ് ബാസ്റ്റേർഡസ്. ഐ  ഡോണ്ട്  വാണ്ട്‌  മൈ ഫോഴ്സ്  റ്റു ഗെറ്റ് ഹുമിലിയേറ്റട്  എഗെയിൻ.  ഇല്ലെങ്കിൽ ഇപ്പോൾ വരും മനുഷ്യാവകാശവും  പറഞ്ഞ്  ഓരോ സംഘടനകൾ . അവർക്കൊന്നും  നഷ്ടപെട്ടിട്ടില്ലല്ലോ . നഷ്ടപെട്ടതു  നമുക്കല്ലേ .  ഈ ഓപ്പറെഷനിടയിൽ  കൊല്ലപെട്ട നമ്മുടെ  നാല് പോലിസുകാരാണ് . അവരുടെ  ജീവനു വിലയില്ലേ ?  അതെന്താ ഈ മനുഷ്യാവകാശം എന്ന് പറഞ്ഞു കുരയ്ക്കുന്നവർ  കാണാത്തത്. ഇനി അഥവാ  ഇവരെ പിടിച്ചു  തടവറയിൽ ഇട്ടു എന്നിരിക്കട്ടെ പക്ഷെ  എന്തുറുപ്പാണ്  നമ്മുടെ
 ജെയിലുകൾക്ക്  നല്കാൻ കഴിയുക.  ഇനീ ഇവർ  തടവ് ചാടിയാലും അതിന്റെ മാനക്കേട് പേറേണ്ടി വരിക പാവം പോലിസ്കാര് തന്നെയല്ലേ. " 

 തോക്കിൻ കുഴലിലുടെ തന്നെയാണ് ഇവരെ നേരിടേണ്ടത്  ആശയപരമായി അല്ല എന്ന തത്വത്തിൽ കമ്മീഷണർ  ഉറച്ചു വിശ്വസിക്കുന്നു .

സാർ  ,  അവർ   കീഴടങ്ങിയതാണ് , ജേക്കബ്‌ പറയുവാൻ തുടങ്ങി . നോ മോർ ഫർതർ  എക്സ് പ്ലനേഷൻ . ഇറ്റ്‌ ഈസ്‌ മൈ ഓർഡർ .   "ഡു ഇറ്റ് വാട്ട് ഐ സേ "

ജേക്കബിന്  പിന്നെ  വേറൊന്നും ചെയുവാൻ ഉണ്ടായിരുന്നില്ല . കമ്മീഷണറുടെ    അജ്ഞ അനുസരിക്കുക എന്നല്ലാതെ . അയാൾ  കാഞ്ചി  വലിച്ചു .  മുന്ന് വെടിയൊച്ചകൾ അവിടെ മുഴുങ്ങി.  
 പിറ്റേന്ന്  പ്രഭാതത്തിലെ ദിന പത്രങ്ങളിൽ ആ വാർത്ത‍യുണ്ടായിരുന്നു . മാവോയിസ്റ്റ്  നേതാവ് ഭരതരാജനും , ഭാര്യയും അടങ്ങുന്ന  മാവോയിസ്റ്റ്  സംഘം   പോലിസ് ഏറ്റുമുട്ടലിൽ കൊല്ലപെട്ടു എന്നുള്ള വാർത്ത‍ .    

കാടിറങ്ങുമ്പോൾ ജേക്കബിന്റെ തോളിൽ ഒരു മുന്ന് വയസുകാരി ഉണ്ടായിരുന്നു . ഭരതരാജന്റെയും  , കൗസല്യയുടെയും മകൾ  സെൽവ ലക്ഷ്മി .  ആ പിഞ്ചു കുഞ്ഞിനെ  കാട്ടിൽ  ഉപേക്ഷിച്ചു പോരുവാൻ അയാൾക്ക്  മനസുവന്നില്ല. മമ്മ ,  ആൻമേരി വേദിയിൽ  നിന്നും  ഓടി വന്ന് ബലമായി എന്നെ കെട്ടിപിടിച്ചു .  ഞാൻ പറഞ്ഞു " ആൻ  എനിക്ക്  വേദനിക്കുന്നു '
ആൻ  പറഞ്ഞു , " മമ്മ ഇപ്പോൾ സംസാരിക്കുനത്   ഒരു രണ്ടാം റാങ്കുകാരിയോടാണ്" .  അവൾ അഭിമാനതോടെ പറഞ്ഞു. അപ്പോഴും അവളുടെ കെട്ടിപിടുത്തത്തിൽ    നിന്നും ഞാൻ മുക്തയയിരുന്നില്ല..


അപ്പൻ എതിർതിട്ടും ജേക്കബ്‌ ആ തിരുമാനത്തിൽ തന്നെ ഉറച്ചു നിന്നു .  അവളെ  മകളായി വളർത്തണം  എനുള്ള ഉറച്ച തിരുമാനം .  പക്ഷെ  ഒരിക്കലും ആൻ  അറിയരുത് എന്നുണ്ടായിരുന്നു അവളുടെ ഭുതകാലം . അവളുടെ അച്ഛനെയും , അമ്മെയേയും കൊന്നത് ജേക്കബ്‌ ആണെന്ന്. അതറിഞ്ഞാൽ . അവളെ നഷ്ടപെട്ടു പോകുമോ എന്നുള്ള ഭയം .  സെൽവ ലക്ഷ്മി  അവളുടെ അച്ഛന്റെയും , അമ്മയുടെയും പാതയിലേക്ക് തന്നെ തിരിയുമോ എന്നുള്ള ചിന്ത ജേക്കബിനെ  വല്ലാതെ പേടിപ്പിച്ചു. . അതുകൊണ്ട് തന്നെ    ഒന്നും അറിയിക്കാതെ അവളെ വളർത്തി . അവളുടെ പപ്പയും , മമ്മയുമായി തങ്ങൾ  രണ്ടുപേരും . സെൽവ ലക്ഷ്മി എന്ന പേരുപോലും   മറക്കുവാൻ ആഗ്രഹിച്ചിരുന്നു ജേക്കബ്‌. തന്റെ ആഗ്രഹമായിരുന്നു ഒരു മകൾ  ജനിക്കുകയാണെങ്കിൽ അവൾക്ക്  ആൻ  മേരി എന്ന പേരിടണം എന്ന്.  അങ്ങനെ സെൽവലക്ഷ്മി എന്ന    ഹിന്ദു  പെൺ കുട്ടി ആൻ മേരി എന്ന  ക്രിസ്ത്യാനിയായി മാറി . അവൾ പോലുമറിയാതെ .


എന്റെ കണ്ണുകളിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിഞ്ഞു . ഞാൻ ബൈബിളിലെ ദൈവ വചനം ഓർത്തു .  "ചിലപ്പോൾ  നമ്മൾ  യാഹോവയോടു  പറയുവാൻ വെമ്പുന്ന കാര്യങ്ങൾ വാക്കുകളിലാക്കുവാൻ കഴിയാതെ വരുമ്പോൾ നമ്മുടെ സന്തോഷാശ്രുക്കൾ നമുക്ക് വേണ്ടി സംസാരിക്കുമെന്ന് "   


2017, മാർച്ച് 3, വെള്ളിയാഴ്‌ച

വെറുതെ ഒരു പിണക്കം (കഥ)"ലതികാ , നിനക്ക് ഇതൊന്നു നിറുത്താറായില്ലെ , എപ്പോ നോക്കിയാലും    സാ   രീ   ഗാ "  , ഒന്ന് മര്യാദക്ക് ഉറങ്ങുവാൻ പോലും സമ്മതിക്കില്ല" .  അയാൾ ദേഷ്യത്തോടെ അവളോടായി  ചോദിച്ചു . ഒരു മാസം ആകുന്നു അയാൾ ജോലിയിൽ നിന്നും വിരമിച്ചിട്ട്.  ഇത്രയും നാളും അയാൾക്ക് തിരക്ക് തന്നെ ആയിരുന്നു . എന്നും രാവിലെ എഴുന്നേറ്റ്  ജോലിക്ക് പോകുക, മീറ്റിങ്ങുകളിൽ  പങ്ക് കൊള്ളുക. ഓരോ ദിവസവും   ടാർജറ്റ്  മീറ്റ്‌ ചെയ്തോ എന്ന്  നോക്കുക.   അതിനനുസരിച്ച് നിർദേങ്ങൾ  കൊടുക്കുക . പിന്നെ  ആഴ്ചകളിൽ  ഓരോ തവണ വീതം  കമ്പനിയുടെ  ഏതെങ്കിലും  ശാഘകൾ  സന്ദർശിക്കുക . അങ്ങനെ ഒരു ചിട്ടയായ ജീവിതം . അയാളുടെ അടുക്കും ചിട്ടയും ലതികയ്ക്ക് നന്നായി അറിയാവുന്നതാണ് .

അയാളുടെ കുറ്റപെടുത്തൽ കേട്ടപ്പോൾ  ബ്രേക്ക്‌ ഇട്ട പോലെ  ലതിക അവൾ പാടിയ  കീർത്തനം നിറുത്തി.  ചുറ്റും ഇരിക്കുന്ന കുട്ടികളും  ആക്ഷണത്തിൽ  തന്നെ  അവർ പാടിയ വരികൾ മുഴുമിപ്പികതെ നിറുത്തി. ലതിക  ഒരു സംഗീത  അധ്യാപികയാണ് . വീട്ടിൽ കുറച്ചു കുട്ടികൾ വരും. ലതികക്ക്‌  സമയം ഉള്ള പോലെ അവൾ  അവരെ സംഗീതം അഭ്യസിപ്പിക്കുന്നു.


ലതികയുടെ ഇഷ്ട വിഷയം  സയൻസ് ആയിരുന്നു. കുട്ടിആയിരുന്നപ്പൊൽ മുതൽ അവൾ സംഗീതം അഭ്യസിച്ചു തുടങ്ങിയതാണ് .  പിന്നെ കുറച്ചു നാൾ 'ഹിന്ദുസ്ഥാനിയും' പഠിച്ചു .  ഇപ്പോഴും ലതിക സമയം കണ്ടെത്തി  പഠനം തുടരുന്നു .  മാസത്തിൽ രണ്ടു ദിവസം  എന്ന  കണക്കിൽ ലതിക അവളുടെ  ആധ്യാപികയുടെ അടുത്ത് തന്നെ ചെന്ന്  സംഗീതം അഭ്യസിക്കുവാറുണ്ട് .

അയാൾ ലതിക കേൾക്കെ പിറ് പിറുത്തു ' എനിക്ക് ഇത് സഹിക്കുവാൻ കഴിയുന്നില്ല. . ഏതു  നേരവും ഈ ഒരറ്റ വിചാരം മാത്രം .  ഇനി എങ്കിലും ഒന്ന് സ്വസ്ഥമായി കഴിയാം എന്ന്  കരുതുമ്പോൾ ആണ് അവളുടെ ഒരു  പാട്ടും , കുത്തും "

ലതിക ഒന്നും മിണ്ടിയില്ല. അവൾക്ക്  അയാളെ നന്നായി അറിയാവുന്നതല്ലേ?  ഇത്രയും നാൾ തിരക്ക് പിടിച്ചു് ജോലി ചെയ്തിട്ട് ഇപ്പോൾ ഒന്നും ചെയുവാൻ ഇല്ല എന്നുള്ള അവസ്ഥ .   അയാളുടെ  നിരാശ  അവൾക്കു മനസിലാക്കുവാൻ കഴിയുമായിരുന്നു.


അവൾ കുട്ടികളോടായി പറഞ്ഞു . "ഇന്ന് ഇത്ര മതി . ബാക്കി നാളെ ആകാം ." കുട്ടികൾക്ക്  കേട്ട  മാത്രിൽ  എഴുനേറ്റു , അവളോടു യാത്ര പറഞ്ഞു പോയി.

 അയാൾക്കും സംഗീതത്തിനോടു അത്രയ്ക്ക് ഒന്നും ഇഷ്ടകേടില്ല.  ഒരു പക്ഷെ ശാസ്ത്രീയ സംഗീതത്തേക്കാൾ അയാൾ ഇഷ്ടപെട്ടിരുന്നത് സിനിമാ ഗാനങ്ങളെ ആയിരുന്നു.  റാഫിയെയും , കിഷൊറിന്ടെയും പഴയ  പാട്ടുകൾ അയാൾ മുളുമായിരുന്നു.  സംഗീതം ഇഷ്ടമാണെങ്കിലും ലതികയുടെ  അത്ര അഭിനിവേശം ഒന്നും അയാൾക്ക് ഉണ്ടായിരുനില്ല എന്ന് മാത്രം.

ലതിക  ഇങ്ങനെ ഒരു ആശയം മുന്നിൽ വച്ചപ്പോൾ അയാൾ എതിർത്തില്ല. പല ദിവസങ്ങളിലും അയാൾ തീരെ താമസിച്ചേ വീട്ടിൽ എത്തുകയുണ്ടായിരുന്നുള്ളു.   ഒരു പക്ഷെ അയാൾ ചിന്തിച്ചിട്ടുണ്ടാകണം , സമയം പോകുവാൻ അവൾക്കും എന്തെങ്കിലും ഒരു ഉപാധി വേണ്ടേ എന്ന്?
      
 അയാൾക്കുള്ള ഫിൽറ്റർ കോഫീ ഉണ്ടാക്കുവാനായി ലതിക   അടുക്കളയിലേക്ക് പോയി.  ഉണർന്നു എഴുനേറ്റു കഴിഞ്ഞാൽ  ആവി പറക്കുന്ന   കാപ്പി  അത്   അയാൾക്ക് നിര്ബന്ധം ആണ്.


കാപ്പിയുമായി ചെല്ലുമ്പോഴും  അയാളുടെ ദേഷ്യം ആറിയിരുന്നില്ല.

"ഞാൻ പറഞ്ഞല്ലോ   "ഇനി ഇവിടെ പഠിപ്പിക്കൽ വേണ്ടാ  എന്ന് ,

ഒരു നിമിഷം പോലും സ്വസ്ഥത തരില്ല എന്ന് വച്ചാൽ"  ,


അവൾ മടിച്ചു മടിച്ചു പറഞ്ഞു " ഇവിടെ വേണ്ടാ എന്ന് വച്ചാൽ ..........   കഴിഞ്ഞ ആഴ്ചയും ആ ഹാർമണിക്കാർ  വിളിച്ചിരുന്നു . അവർക്ക്  ഇപ്പോഴും  പാട്ട് ടീച്ചറെ കിട്ടിയിട്ടില്ല.   അവിടെ ചെന്ന് പാട്ട് പഠിപ്പികുവാൻ ഒക്കുമോ എന്ന് ചോദിച്ചിരുന്നു. "


"എനിക്ക് താല്പര്യം ഇല്ല. പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്തൊളു  "   അയാൾ നീരസത്തോടെ പറഞ്ഞു . അയാൾക്ക് അവളുടെ ഇഷ്ടങ്ങൾ നന്നായി   അറിയാമായിരുന്നു . സംഗീതം അവൾക്ക് ജീവനാണ് .  അത് അയാൾ  അംഗീകരിച്ചിട്ടും ഉണ്ട് .

കാപ്പി ഒരു കവിൾ  ഇറക്കിയ ശേഷം അയാൾ ചോദിച്ചു .

"അടുത്ത ആഴ്ച നമുക്ക് നാട്ടിലേക്കു ഒന്ന് പോയാലോ ,  കുറച്ചു നാൾ ആയില്ലേ നാട്ടിൽ പോയിട്ട് "

 ആ ചോദ്യം ലതികയിൽ   ഉന്മേഷം നിറക്കേണ്ടത് ആയിരുന്നു.  കുറച്ചു നേരത്തെ മൌനത്തിനു ശേഷം ലതിക പറഞ്ഞു

" ഞാൻ പറഞ്ഞിരുന്നില്ലേ , അടുത്ത ആഴ്ച ക്ഷേത്രത്തിൽ ത്യാഗ രാജോൽസവം ഉണ്ടെന്നു . ഞാനും അതിൽ പാടുന്നുണ്ട്; അത് കഴിഞ്ഞീട്ടു പോയാൽ പോരെ "

അയാൾക്ക് വീണ്ടും ദേഷ്യം വന്നു .

"ഇതാണ് ഞാൻ പറഞ്ഞത് .

"ഈയിടെയായി നിനക്ക് ഞാൻ പറയുന്നതിൽ ഒന്നും  ഒരു ശ്രദ്ധയും ഇല്ല. എല്ലാം തന്നിഷ്ടം പോലെ. എന്നെ പറഞ്ഞാൽ   മതിയല്ലോ , ഇതിനെല്ലാം വളം വച്ച് തന്നിട്ട്

ഞാൻ ഓഫീസിൽ പോകുമ്പോൾ നിനക്കും ഒന്ന് 'എൻഗേജു്' ആകുവാൻ ആണ് ഞാൻ  പാട്ട് പഠിപ്പിച്ചോളാൻ പറഞ്ഞത് . ഇപ്പോൾ വലിയ  സുബ്ബലക്ഷ്മി യാണെനെന്നാ  ഭാവം "

അയാളുടെ ആ മറുപടി  അവളെ വേദനിപ്പിച്ചു .

  "ഇല്ല ഞാൻ എവിടെയും പോകുന്നില്ല, പോരെ" അവൾ സങ്കടതോടെയും അതിൽ ഏറെ ദേഷ്യ ത്തോടെയും ആയി പറഞ്ഞു

""അതാ നല്ലത്" .        ആയാളും  മറുപടി പറഞ്ഞു. അവൾ  ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.  പത്രങ്ങൾ  തട്ടിയും,  മുട്ടുന്നതും ,  കറിക്ക്  അരിയുന്നതുമായ  ശബ്ദം അയാളുടെ കാതിൽ വന്നലച്ചു .

അയാൾ  അവളെ ചൊടിപ്പികുവാനായി അടുക്കളയിലേക്ക് ചെന്നീട്ട് ചോദിച്ചു .

"  എന്ത് തിരുമാനിച്ചു , നീ ഹാർമണിയിൽ പോകുനുണ്ടോ "     അവൾ ആ ചോദ്യം കേൾക്കാതെ ജോലിയിൽ    വ്യാപ്രതയായി
     
അവൾ ഒന്നും മിണ്ടുന്നില്ല എന്ന്  കണ്ടിട്ട്   കനപ്പിച്ചു അവളോടായി പറഞ്ഞു 

" നീ ഹാർമണിയിൽ പാട്ട് പഠിപ്പികുവാൻ പോകേണ്ടാ . അത് എനികിഷ്ട്മല്ല "

ലതിക അയാളെ ഒന്ന് നോക്കിയാ ശേഷം പത്രം കഴുകുന്നതിൽ മുഴുകി. 

നീണ്ട ഒരു മൌനത്തിനു ശേഷം അയാള്  പതിയെ പറഞ്ഞു 

"നാളെ തൊട്ടു പതിവ് പോലെ ഇവിടെ പഠിപ്പിച്ചാൽ മതി" .  പാത്രം  കഴുകുന്നതിൻ ഇടയിൽ അവൾ മുഖം തിരിച്ചു അയാളെ നോക്കി. 

ഗൌരവഭാവത്തിൽ അവളെ നോക്കിയിട്ട്  അയാൾ പറഞ്ഞു ." ആ പൈപ്പിലെ വെള്ളം അടച്ചെക്കു.. വെറുതെ വാട്ടർ  ചാർജ് കുട്ടേണ്ടാ"  അത് പറഞ്ഞ ശേഷം അയാൾ  അകത്തേക്ക് പോയി. 
  
അയാൾ  , ലതികെയെ നോക്കി ഒന്ന് ചിരിച്ചോ , ചിലപ്പോൾ  അവൾക്ക്  തോന്നിയതാവാം   നടന്നു പോകുന്ന അയാളെ അവൾ  നോക്കി, അപ്പോൾ അയാളുടെ ചുണ്ടിൽ നിന്നും   അവളുടെ പ്രിയപ്പെട്ട രാഗം "ഹംസധ്വനി" മുഴുങ്ങുന്നുണ്ടായിരുന്നു .
2017, ഫെബ്രുവരി 13, തിങ്കളാഴ്‌ച

കലഹത്തിന്റെ അവസാനം


എപ്പോഴാണ്  അവരുടെ കലഹം ആരംഭിച്ചത് ?  അയാൾ ഓഫീസിൽ നിന്നും  വന്നശേഷം ശാന്തമായി ഇരുന്നു ചായ കുടിക്കുകയായിരുന്നു . ചുടുള്ള ചായയും ,  ഭാര്യ  ടീപോയിയിൽ കൊണ്ട് വച്ച ബജ്ജിയും ആസ്വദിച്ച് കഴിക്കുകയായിരുന്നു .  പ്ലേറ്റിലെ ബജ്ജി തീരാറായി എന്ന് കണ്ടപ്പോൾ കുറച്ചും കുടി എണ്ണയിൽ ഇട്ടു വറുത്തു എടുക്കാം എന്ന് കരുതി മാവു കുഴക്കുവാനായി  അവൾ  അടുക്കളയിലേക്ക് .  പിറകിൽ അയാൾ വന്നു നിന്നത് അവൾ കണ്ടതുകൊണ്ട്  ചോദിച്ചു

 " ചായ വേണോ "

അയാൾ വേണ്ട എന്ന് പറഞ്ഞുവെങ്കിലും അടുക്കളയിൽ ചുറ്റി പറ്റി തന്നെ നിന്നു .

ചീന ചട്ടിയിൽ എണ്ണ  തിളക്കുന്നു . വൃത്തത്തിൽ അരിഞ  സവാള,  മാവിൽ മുക്കി പതിയെ അവൾ  ചീനചട്ടിയിലേക്ക് ഇട്ടു.  പണ്ട്    കുള കടവിലെ ഉയർന്ന   പടവിൻ  മുകളിൽ നിന്നും തെങ്ങിൻ പാളയിലുടെ   ഊർന്ന് ഒഴുകി കുളത്തിലേക്ക്‌ ചാടുന്ന പോലെ സവാള    പതിയെ ഒഴുകി തിളച്ച എണ്ണയിൽ ആഴ്ന്നിറങ്ങി .  എണ്ണ പൊട്ടി തെറിക്കുന്ന ശബ്ദം  അയാളുടെ കാതുകളെ അലസോരപെടുത്തി .  അവൾ സാരി തലപ്പ്‌ കൊണ്ട് വിയർപ്പു  തുടച്ചു . കൈയിലെ സ്വർണ വളകൾ ഇളകിയാടി .  അയാൾ അത് ശ്രദ്ധിച്ചു എന്ന് കണ്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു .

അയാൾ പതുക്കെ പറഞ്ഞു ."ഇത് ഇപ്പോൾ വേണ്ടായിരുന്നു ."

അയാൾ തീരെ ശബ്ദം  താഴ്ത്തിയാണ് പറഞ്ഞത് എങ്കിലും അത് അവൾ കേട്ടു . അവൾ  ചോദിച്ചു.  " എന്ത് വേണ്ടായിരുന്നു എന്നാ :"

അല്ല , "ഇപ്പോൾ   ഈ വളകൾ മേടികേണ്ട ആവശ്യം ഉണ്ടായിരുന്നോ?  കുറച്ചും കുടി കഴിഞ്ഞിട്ട്   പോരായിരുന്നോ ?  സോസയിറ്റിയിലെ പണം അടച്ചു കഴിഞ്ഞിട്ടില്ല "   അയാൾ ഒരു നെടുവീർപ്പോടെ പറഞ്ഞു

അവളുടെ മുഖം ചീർത്തു ."എന്നാ പിന്നെ മേടിക്കേണ്ടയിരുന്നല്ലല്ലോ  "


"അതിനു നിനക്കയിരുന്നല്ലോ നിർബന്ധം , ഇപ്പോൾ തന്നെ വള  വേണം എന്ന് "     അവൾ ക്കുള്ള മറുപടിയെന്നോണം അയാൾ  പറഞ്ഞു

അവളുടെ ഭാവം മാറി

"ഏതുനേരത്താണോ എനിക്ക് നിങ്ങളോടു ഈ  വളയുടെ   കാര്യം പറയുവാൻ തോന്നിയത് .  കഷ്ടം അവൾ തലയിൽ കൈവച്ചു .

അവളുടെ ശബ്ദം ഉയർന്നപ്പോൾ അയാൾ ഒച്ചവച്ചു .

"ദേ വെറുതെ ഒച്ചയുണ്ടാകരുത് ,  ഒച്ചയുണ്ടാക്കിയാൽ ചവിട്ടും  ഞാൻ" അതും പറഞ്ഞിട്ട് ദേഷ്യത്തോടെ  അയാൾ    കിടപ്പു മുറിയിലേക്ക് പോയി.

കുറച്ചു നേരം അടുക്കളയിൽ തട്ടലും , മുട്ടലും , പാത്രം  കഴുകുന്നതുമായ ശബ്ദം കെട്ടൂ .  പിന്നെ കുറച്ചു നേരത്തേ  നിശബ്ദ്ത , പിന്നെയും കുറെ കഴിഞ്ഞു മിക്സിയിൽ  എന്തോ അര്യ്കുന്ന   ശബ്ദം .

അയാൾ കട്ടിലിൽ  തല ചായ്ച്ചു  പത്രം വായിക്കുവാൻ ആരംഭിച്ചു .

രാവിലെ വായിച്ച  ഇലക്ഷൻ വാർത്തകൾ അയാൾ വീണ്ടും വായിച്ചു .

നാളെയാണ് വോട്ടെടുപ്പ് .  കൊട്ടി കലാശം കഴിഞ്ഞിരിക്കുന്നു .  ഇരു മുന്നണികളും ശുഭ പ്രതീക്ഷയിൽ ആണ് .  അതിനിടയിൽ കറുത്ത കുതിരയായി മറ്റൊരു മുന്നണിയും. ആരുടെ കുടെയായിരിക്കും ജനമനസ്സ് . അഞ്ചു വർഷം     മാറി മാറി ഭരിച്ചിട്ടും ഒന്നും ശരിയാകാതെ ഇനിയും ഈ മുന്നണികളെ  തന്നെ ജനം തിരെഞ്ഞെടുക്കുമോ ?  അതോ  ഒരു പുതിയ മാറ്റം കേരള ജനത ഉൾക്കൊള്ളുമൊ .?

അങ്ങനെ വാർത്ത‍ വയിക്കുനതിൻ ഇടയിൽ അയാൾ ശാന്തമായി ഉറക്കത്തിലേക്കു പ്രവേശിച്ചു . കുറച്ചു നേരം അയാൾ അങ്ങനെ ഉറങ്ങി എന്ന് തോന്നി.  ഉണർന്നപ്പോൾ മുന്നിൽ  അവൾ ,

"വസ് ത്രം മാറി വന്നാൽ    ഊണ് കഴിക്കാമായിരുന്നു "

" എനിക്ക് ആഹാരം വേണ്ടാ " , അയാൾ ഗൌരവം അഭിനയിച്ചു

"വരൂന്നേ , നല്ല മീൻ കറിയുണ്ട് "   ആ പ്രലോഭനത്തിൽ അയാൾ വീണുപോയി.

അയാൾ വസ്ത്രം മാറി , ഊണ്  മേശക്കരികിൽ ഇരിപ്പായി ,

ചുടു ചോറും, മീൻ കറിയും അവൾ വിളമ്പി . ചെറു പിഞ്ഞാണത്തിൽ  അരികിലായി ഉപ്പിലിട്ടതും ,  കായ മെഴുക്കൊരോട്ടിയും ,ചുട്ട പപ്പടവും .

അയാൾ പപ്പടം പൊട്ടിച്ച് ,  അച്ചാറിൽ തൊട്ടു നക്കി ഉരുള യുരുട്ടി കഴിക്കുവാൻ ആരംഭിച്ചു .

" കാച്ചിയ മോരില്ലേ , അയാൾ  ചോദിച്ചു .  അവൾ മോരിന്റെ പത്രം അരികിലേക്ക് നീട്ടി വച്ചു .

ആസ്വദിച്ചു അയാൾ കഴിക്കുന്ന ഓരോ ഉരുളയും അവൾ നോക്കി ഇരുന്നു.  ഇടയ്ക്ക് മെഴുക്കൊരോട്ടി ,  പത്രത്തിൽ  നിന്നും വടിച്ചു അയാളുടെ സൈഡ് പ്ലേറ്റിലേക്ക്  അവൾ ചുരണ്ടി . ജീരകവെള്ളം നിറച്ച ഗ്ലാസ്‌ അയാൾ  മൊത്തി കുടിച്ചു .

അവസാനം അയാൾ കൈ നക്കി , ചിറി തുടച്ചു കൈ  കഴുകുവനായി എഴുനേറ്റു . കൈ കഴുകി വന്ന ശേഷം  അയാൾ മേശ പുറത്തു വച്ചിരുന്ന 'ഫ്രൂട്ട് ബാസ്കറ്റിൽ '  നിന്നും ഒരു ചെറു പഴം എടുത്തു തൊലി പൊളിച്ചു കഴിച്ചു തുടങ്ങി.

എല്ലാം കഴിച്ചു കഴിഞ്ഞു എന്ന് അറിഞ്ഞ ശേഷം അവൾ പറഞ്ഞു

"എന്നാലും അത് ശരിയായില്ല ."

അയാൾക്ക്   മനസിലായില്ല .   അയാൾ ചോദിച്ചു  . " എന്ത് ശരിയായില്ല "

"അല്ല,കഴിക്കുന്നില്ല എന്നല്ലേ പറഞ്ഞത് ?   എന്നീട്ടും  ഊണ്   കഴിച്ചത് തീരെ ശരിയായില്ല "

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവൾ അയാളെ നോക്കി ചിരിച്ചു.

അയാൾ ഒന്ന് ചമ്മിയെങ്കിലും ആയാളും  അവളുടെ കുടെ  കൂടി . പിന്നെ ആ ചെറു ചിരി ഒരു പൊട്ടി ചിരിയായി മാറി.