2016, ജൂൺ 19, ഞായറാഴ്‌ച

ഇടവഴിയിലുടെ നടക്കുമ്പോൾ (കഥ)


ആ ഹോസ്പിറ്റലിൽ  ഒഴിഞ്ഞ കസേരയിൽ  രാത്രിയുടെ ഏകാന്തതയിൽ ഇങ്ങനെ ഈ ഇരിക്കുവാൻ തുടങ്ങിയിട്ട്   കുറെ നേരമാകുന്നു.  വരാന്തയിലെ  തുറന്നിട്ട  ജനാലയിലുടെ  തണുത്ത  കാറ്റ്‌ അനുവാദം ഇല്ലാതെ  ഇടയ്ക്ക് കയറി വന്നു വിശേഷം തിരക്കുന്നു .   ഇത് പോലെയുള്ള ഒരു  മെയ് മാസത്തിൽ തന്നെയല്ലേ  അവളെ ആദ്യം കാണുന്നത് .

അവൾക്ക് അന്ന് എത്ര വയസ് ഉണ്ടാകാം ?  ഇരുപത്തി രണ്ടോ  , അതോ ഇരുപത്തി മുന്നോ?  വെബ്‌  ഡെവലപ്പർ  ആയി ആദ്യം കിട്ടിയ ജോലി .   ഓഫീസിൽ ജോയിൻ ചെയ്‌തപ്പോൾ ആദ്യം പരിചയപെട്ട മുഖങ്ങളിൽ ഒന്ന് അവളുടെ ആയിരുന്നു . അവൾക്ക്  'ഹുമൻ റിസൊർസിൽ'  ആയിരുന്നു ജോലി.   . എപ്പോഴും  ചിരിക്കുന്ന , പ്രസരിപ്പാർന്ന മുഖം. അവളുടെ ചലനത്തിലും , വാക്കിലും എല്ലാം ആ പ്രസരിപ്പ് ഉണ്ടായിരുന്നു.


താരാപഥത്തിൽ നിന്നും ഇറങ്ങി വന്ന യവന സുന്ദരിയെ പോലെ  ആ കണ്ണുകളിലെ തിളക്കം എന്നെ ഓർമിപ്പിച്ചു .  ആദ്യ ദിനം ഓഫിസിലുള്ള പലരും ഇങ്ങോട്ട് വന്നു പരിചയ പെട്ടു എങ്കിലും എനിക്ക്  അവരുടെ ആരുടെയും പേര്  ഓർമയിൽ തങ്ങി നിന്നില്ല.  പക്ഷെ ഞാൻ അവളുടെ പേര് മാത്രം മറന്നില്ല. എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ അവളെ പിൻ തുടർന്നു . അവളെ പോലെ വാചാലത എനിക്കുണ്ടായിരുന്നില്ല. ഏതു കാര്യം ആയാലും തിടുക്കം ഇല്ലാതെ പതിയെ ചെയുന്ന ഒരു പ്രകൃതം ആയിരുന്നു എന്റേത് . 

അന്ന് ഓഫീസില കഫെറ്റെറിയിൽ  ഞാൻ ഉച്ച ഭക്ഷണം കഴികുമ്പോൾ അവൾ അരികിൽ വന്നിരുന്നു. അവൾ ഒരു 'ബ്രെഡ്‌ സാൻഡവിച്'  ആണ്  ഓർഡർ ചെയ്തത് . ഞാൻ ഒരു ദോശയും . അവൾ ആ സാൻഡവിച്'   കഴിക്കുമ്പോഴും നിറുത്താതെ സംസാരിച്ചു കൊണ്ടേ ഇരുന്നു. അവളുടെ ചായം തേച്ച ചുവന്ന് ചുണ്ടുകളിൽ   റൊട്ടിയുടെ ചെറു തരികൾ പറ്റി പിടിച്ചു . റ്റിഷ്യു  വച്ച് അവൾ ചുണ്ട്  തുടച്ചു . സ്വാദ്  നോക്കുവാനായി ദോശയുടെ ഒരു ചെറു കഷ്ണം അവൾ മുറിച്ചെടുത്തു . ഭംഗിയായി പോളിഷ് ചെയ്ത നഘങ്ങൾ. ദോശ ,  ചട്നിയിൽ  ഒന്ന് മുക്കി കഴിച്ചിട്ടു  അവൾ പറഞ്ഞു "എരിവു കുടുതൽ ആണല്ലോ ." ഞാൻ ഒരു കാര്യം അവളിൽ നിന്നും മനസിലാക്കി . സംസാരിക്കുമ്പോൾ മാത്രമല്ല ചെയുന്ന ഏതു ജോലിയും അവൾ ആസ്വദിക്കുന്നു എന്ന് അത്  ഭക്ഷണം ആയാലും. 
 ഓരോ നിമിഷവും അവളുടെ ആകർഷണീയത കുടുന്ന പോലെ എനിക്ക് തോന്നി. ആ കണ്ണുകൾ ഒരു ചാട്ടുളി പോലെ എന്നിൽ വന്നു തറച്ചു.   അവൾ നിറുത്താതെ സംസാരിച്ചു കൊണ്ടേ ഇരുന്നു .  അവളുടെ വീടിനെ പറ്റി , അവളുടെ ഇഷ്ടങ്ങളെ പറ്റി , പാട്ടുകളെ പറ്റി . അങ്ങനെ സമയം പോയത് അറിഞ്ഞില്ല .     
പിറ്റേന്നു രണ്ടു  ദിവസം  ശനിയും , ഞായറും ആയിരുന്നതിനാൽ ഓഫീസിന് അവധി ആയിരുന്നു. അവധി കഴിഞ്ഞു  ഞാൻ ഓഫീസിൽ  എത്തിയപ്പോൾ എന്റെ കണ്ണുകൾ  ആദ്യം തിരഞ്ഞത് അവളെ ആയിരുന്നു.  അവളുടെ 'ഡെസ്ക് ' ഒഴിഞ്ഞു കിടക്കുന്നു . ഞാൻ  എന്റെ ജോലിയിൽ  മുഴുകിയെങ്കിലും ഇടക്ക് എന്റെ കണ്ണുകൾ അവളെ തിരഞ്ഞു കൊണ്ടേ ഇരുന്നു . അവൾ ഇല്ലാത്ത ആ ഓഫീസ് പൂർണമായും നിശബ്ദമായ പോലെ  എനിക്ക് അനുഭവപെട്ടു .

ആ അവസ്ഥയിൽ ഞാൻ തിരിച്ച് അറിഞ്ഞു . ഞാൻ അവളെ സ്നേഹിക്കുന്നു . ഒരു നിമിഷം അവളെ കാണാത്ത കൊണ്ട്  ഞാൻ അനുഭവിക്കുന്ന വേദന അതെന്നെ വല്ലാതെ ഉലയ്കുന്നു  ആദ്യ    കാഴ്ചയിൽ പ്രേമം ഉടൽ എടുക്കുമോ ? അങ്ങനെ ഞാൻ കരുതി ഇരുന്നില്ല .  

അന്നെ ദിവസം  അവൾ  വന്നില്ല .  വൈകുനേരം വീട്ടിൽ എത്തിയിട്ടും എന്നിൽ വല്ലാത്ത ഒരു നഷ്ട ബോധം ഉളവായി . അവളെ കാണണം എന്ന് തോന്നൽ . അവളോടു സംസരിക്കണം എന്ന തോന്നൽ .  എങ്ങനെയെങ്കിലും ആ രാത്രി ഒന്ന്  കഴിഞ്ഞു കിട്ടിയിരുന്നു എങ്കിൽ . പിറ്റേ ദിനം
 ഞാൻ ഓഫീസിൽ എത്തിയപ്പോഴും അവളെ കണ്ടില്ല. പിന്നെ  അന്വേഷിച്ചപോൾ  അറിയുവാൻ കഴിഞ്ഞു അവൾ ജോലി രാജി വച്ചു  എന്ന്.

അവളുടെ നമ്പറിൽ വിളികുവാൻ നോക്കിയപ്പോൾ മറുപടി കിട്ടിയത് ' മൊബൈൽ സ്വിച്ച് ഓഫ്‌ ' ആണെന്നാണ് . എവിടെ പോയി തിരയും. ആർകും അവളുടെ വീട്  പോലും അറിയില്ല. അവൾ ജോലി രാജി വയ്ക്കുവാനുള്ള  കാരണവും അറിയില്ല. ഒരു കാരണവും ഇല്ലാതെ ആരോടും പറയാതെ  എന്തിനാണ് ഈ ഒളിച്ചോട്ടം . എത്ര ആലോചിച്ചിട്ടും  എനിക്കത് മനസിലായില്ല.  പിന്നീടുള്ള ദിനങ്ങളിൽ ഞാൻ അവളെ തിരഞ്ഞു കൊണ്ടേ ഇരുന്നു. ബസിൽ , ട്രെയിനിൽ , ഷോപ്പിംഗ്‌ മാളിൽ എന്ന് വേണ്ടാ എല്ലായിടത്തും . പക്ഷെ നിരാശയായിരുന്നു  ഭലം. 
അങ്ങനെ രണ്ടു മുന്ന് വർഷങ്ങൾ.  അതിനിടയിൽ  എപ്പോഴോ ഞാൻ ആ ജോലി  മാറി . ഒരു ദിവസം ഒരു മീറ്റിങ്ങിനു വേണ്ടി കൊയംബതുരിൽ പോകേണ്ടി വന്നു. മുറി  കിട്ടുവാൻ  കുറച്ചു താമസം എടുക്കും എന്നറിയിച്ചതിനാൽ ലോബിയിൽ ഇരുന്നു സിഗരട്ട് വലിക്കുമ്പോൾ  ഒരു മിന്നായം പോലെ  ഞാൻ ഒരു മുഖം കണ്ടു.

 എത്ര ദുരത്തു നിന്ന് ആണെങ്കിലും  ഇനി പിറകിൽ  നിന്നാണ് എങ്കിലും കുടിയും  എനിക്ക് അവളെ തിരിച്ചു അറിയുവാൻ കഴിയുമായിരുന്നു.  സിഗരട്ട് താഴെയിട്ടിട്ട് ഞാൻ ആ യുവതിയുടെ  അരികിലേക്ക് പോയി. കാൽ പെരുമാറ്റം കേട്ടിട്ട് എന്ന പോലെ അവൾ  തല തിരിച്ചു . . ഇത്രയും നാൾ ഞാൻ ആരെ തേടി നടന്നുവോ അവൾ തൊട്ട്  മുന്നിൽ . എനിക്ക്  എന്നെ തന്നെ വിശ്വസികുവാൻ കഴിഞ്ഞില്ല.

അവൾ ചോദിച്ചു   " ഹൈ, എന്താ ഇവിടെ "

ഞാൻ അതിനു ഉത്തരം പറഞ്ഞില്ല.  പക്ഷെ ഞാൻ തിരിച്ചു ചോദിച്ചു .

"നിന്നെ ഞാൻ എവിടെ ഒക്കെ തിരഞ്ഞു, ഇത്ര നാൾ  നീ എവിടെ ആയിരുന്നു . ഒരു വാക്ക് പോലും പറയാതെ .  എത്ര തവണ ഞാൻ നിന്നെ വിളിച്ചു . എവിടെ ആയിരുന്നു ഇത്ര നാൾ"

അവൾ പറഞ്ഞു .

"നമ്മൾ പിരിഞ്ഞ  ആ രാത്രിയിൽ ആയിരുന്നു അച്ഛന്റെ മരണം.  എനിക്കും , അമ്മയ്ക്കും അത് വലിയ ഒരു ഷോക്ക്‌ ആയിരുന്നു.  ഞങ്ങൾക്ക്  നാട്ടിൽ പോകേണ്ടി വന്നു . എല്ലാം പെട്ടെന്നായിരുന്നു . നാട്ടിൽ പോകുന്ന തിരക്കിൽ ഞാൻ മൊബൈൽ എടുക്കുവാൻ മറന്നു. പിന്നെ നാട്ടിൽ ഒരു പാടു പ്രശ്നങ്ങൾ . അച്ഛന്റെയും അമ്മയുടെയും ഒരു മിശ്ര വിവാഹം ആയിരുന്നു. അത് മുല്മുള്ള പ്രശ്നങ്ങൾ  അവസാനിച്ചിരുന്നില്ല  .

 അമ്മയ്ക്ക് ഒന്നിനും കഴിവുണ്ടയിരുന്നില്ല. . വെറും ഒരു പാവം . ആകെ തകർന്ന അമ്മയ്ക്ക് ഞാൻ കുടി ഇല്ലാതെ ഇരുന്നാൽ . എന്റെ മനസിലും  അപ്പോൾ വേറെ ഒന്നും ഉണ്ടായിരുന്നില്ല.  സാമ്പത്തികമായും ഒരു പാടു പ്രശ്നങ്ങൾ . നാട്ടിൽ നിൽകേണ്ടി വരും എന്നറിഞ്ഞതിനാൽ ഈമെയിലിൽ ഞാൻ  എന്റെ രാജി അറിയിച്ചു "

ഞാൻ പിന്നെയും പറഞ്ഞു.

"നിനക്ക് ഒരിക്കൽ പോലും എന്നെ ഒന്ന് കാണണം എന്ന് തോന്നിയില്ലേ ? ഞാൻ അനുഭവിച്ച വേദന അത് നിനക്ക് പറഞ്ഞാൽ മനസിലാകില്ല.  ആർക്കും നിന്നെ പറ്റി അറിവില്ലായിരുന്നു . എവിടെ എന്ന് വച്ച് ഞാൻ നിന്നെ അന്വേഷിക്കും "

എന്റെ വാക്കുകൾ കേട്ടിട്ട് അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.  പിന്നെ പറഞ്ഞു
" എനിക്ക് അറിയില്ലായിരുന്നു . നിനക്ക് എന്നെ" ,   അവൾ പറഞ്ഞു നിറുതതി.

ഞാൻ അവളുടെ കൈകളിൽ ചേർത്ത് പിടിച്ചു

" നീ എന്നോടു പറഞ്ഞിരുന്നില്ല. ഞാനും എന്റെ പ്രണയം നിന്നോടു പറഞ്ഞിട്ടില്ല. പക്ഷെ നീ നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച വേദന "

അവൾ പറഞ്ഞു

" എനിക്ക് അറിയില്ലായിരുന്നു . സത്യം ,  നിനക്ക് എന്നെ ഇഷ്ടം ആയിരുന്നോ? അതിനു  .  ഞാൻ ഒന്നും പറഞ്ഞില്ലല്ലോ " അവളുടെ കണ്ണുകൾ നനഞ്ഞിരുന്നോ ?

 ഞാൻ  ആ കൈകളിൽ മൃദുവായി ചുംബിച്ചു .

"ഞാൻ നിന്നെ എന്നെക്കാൾ ഏറെ ഇഷ്ടപെടുന്നു ."

 അപ്പോൾ ദുരെ യായി അസ്തമയ സുര്യൻ മറയുവാൻ വെമ്പുന്ന പോലെ ,  ആ സുര്യൻ മറഞ്ഞ പോലെ രാത്രിയുടെ ഇരുട്ടിയിരുന്നു എനിൽ എന്നും.  

പിന്നെ അൽപ സമയത്തെ നിശബ്ദ്തക്ക് ശേഷം ഞാൻ വീണ്ടും പറഞ്ഞു

"will you marry me ? "


അവൾ എന്നെ നോക്കി നിന്നു. പിന്നെ എന്റെ കൈകളിൽ അവൾ ചേർത്തു പിടിച്ചു.

ജീവിതം അപ്രതീക്ഷിതം  ആണ് എന്ന് ചിലപ്പോൾ തോന്നും. . നഷ്ടപെട്ടു  എന്ന് നാം കരുതിയവ ചിലപ്പോൾ  ഒരു  നിമിഷത്തെ  ഇടവേളക്ക് ശേഷം
നമ്മുടെ മുന്നിൽ നാം പോലും പ്രതീക്ഷിക്കാതെ  ,  മുന്നിൽ  കൊണ്ടുപോയി തരും.   എനിക്കും ,  അവൾക്കും ഒരേ ഹോടലിൽ   കോൺഫറനസ് നടക്കുക എന്ന് വച്ചാൽ.  പിന്നീട് എപ്പോഴോ ഞാൻ അവളോടു ചോദിച്ചിട്ടുണ്ട് " ഈ സ്നേഹം എന്ന ഫീലിംഗ് മനുഷ്യർക്ക് ഇല്ലായിരുന്നു എങ്കിൽ നമ്മൾ ഇത്ര ശ്വാസം മുട്ടില്ലായിരുന്നു അല്ലെ? "

 .
രണ്ടു മാസത്തിനുള്ളിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു .  അതിനിടയിൽ ഞങ്ങൾ പല വട്ടം വഴക്കിട്ടു. ഓരോ യുദ്ധം കഴിയുമ്പോഴും പൂർവാധികം ശക്തമായി തന്നെ വീണ്ടും  പ്രണയിച്ചു .  ഒരു മഴയുള്ള രാത്രിയിൽ ഞാൻ അവളോടായി പറഞ്ഞു .

"നിന്നെ കാണാതെ തിരഞ്ഞു നടകുന്ന യാത്രകളിൽ പല മുഖങ്ങളും ഞാൻ കണ്ടിട്ടുണ്ട് . മുഖങ്ങളുടെ എണ്ണം കുടി കുടി വരുമ്പോഴും എന്റെ മനസ് എന്നെ ഓർമപെടുത്തി . എനിക്ക് ഒരിക്കലും നിന്നെ മറക്കുവാൻ കഴിയില്ല എന്ന്. ഒരു ദിവസം ഞാൻ നിന്നെ കണ്ടെത്തും എന്ന് .  ആ ഒരു വിശ്വാസം എന്നിൽ ഉണ്ടായിരുന്നു. അതിനു വേണ്ടി എത്ര കാത്തിരിക്കുവാനും ഞാൻ തെയാർ ആയിരുന്നു."

അവൾ ഒന്നും പറയാതെ എന്റെ നെറ്റിയിൽ ചുംബിച്ചു . ഇനി എന്തിനു അതെല്ലാം ഓർക്കണം  ഞാൻ നിന്റെ കുടെ തന്നെയില്ലേ എന്നൊർമിപ്പിചു കൊണ്ട്..

അവൾ പറഞ്ഞു "നീ പറഞ്ഞാലും ഞാൻ ഇനി നിന്നെ വിട്ടു പോകില്ല"  ഞാൻ ചോദിച്ചു " ഉറപ്പാണോ"

"അതെ ഇനി മരണം വിളിച്ചാലും ഞാൻ ഈ നെഞ്ചിൽ നിന്നും പോകില്ല ചിലപ്പോൾ തോന്നും ഈ ലോകത്ത് ഏറ്റവും ഭാഗ്യവതി ഞാൻ ആണെന്ന് " അത് പറഞ്ഞു   അവൾ വശ്യമായി മന്ദഹസിച്ചു .
    
 യുദ്ധവും , സമാധാനവുമായി ഞങ്ങളുടെ ജീവിതം അങ്ങനെ മുന്നോട്ട് പോയി.  ഒരു പാട് യാത്രകൾ ഞങ്ങൾ ഒരുമിച്ചു പോയി. രണ്ടു കുട്ടികൾ , ഞങ്ങളുടെ സ്നേഹത്തിൻ പ്രതിഭലനം പോലെ . എന്റെ താഴ്ചയിലും, ഉയർച്ചയിലും അവൾ  എന്നും  കുടെ  ഉണ്ടായിരുന്നു. അങ്ങനെ മുപ്പത്തി രണ്ടു വർഷങ്ങൾ . ഒരിക്കൽ പോലും ഞങ്ങളുടെ സ്നേഹത്തിനു മുറിവ് പറ്റിയില്ല.

ഞാൻ ഒരിക്കൽ കുടി അവൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു.  ഡോക്ടർ
എന്നോടെന്തോ  പറയുന്നുണ്ടായിരുന്നു . പക്ഷെ ഞാൻ ഒന്നും കേൾക്കുനുണ്ടയിരുന്നില്ല.  നരകിപ്പികുന്ന വേദന അവൾ ഏറെ സഹിച്ചിരുക്കുന്നു .  അവൾക്കു അപ്പോഴും ബോധം ഉണ്ടായിരുന്നില്ല. ഞാൻ എന്നതെയും പോലെ ആ കൈകൾ ചേർത്ത് പിടിച്ചു . പിന്നെ അവൾക്ക് ഇഷ്ടമാവുന തരത്തിൽ മൃദുവായി ചുംബിച്ചു . കണ്ണ് നീർ തുള്ളികൾ അവളുടെ കൈകളിലേക്ക് ഉതിർന്നു വീണു. എത്ര  അബോധാവസ്ഥയിലും എനിക്ക് അറിയാം അവൾക്കു എന്റെ നിശ്വാസം ശ്രവിക്കുവാൻ കഴിയും എന്ന്. എന്റെ ചിന്തകൾ അവൾക്കു മനസിലാക്കുവാൻ കഴിയും . അവൾ ഒരിക്കൽ കുടി എന്റെ കൈകളിൽ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ . ഒരിക്കൽ കുടി എന്റെ നെഞ്ചിൽ ചേർന്ന് കിടന്നിരുന്നെങ്കിൽ  എന്ന് ഞാൻ ആശിച്ചു. അവളുടെ നെറ്റിയിൽ ഞാൻ പതിയെ തടവി കൊണ്ടേ ഇരുന്നു .  എത്ര നേരം എന്ന് എനിക്കറിയില്ല.  അങ്ങനെ ചെയുന്നത് അവൾക്കു  എന്നും  ഇഷ്ടമായിരുന്നു.

അവളുടെ തണുത്ത കൈകൾ ചേർത്ത് പിടിച്ചു ഞാൻ അവളോടു സംസാരിച്ചു . ഇനിയും നീ എനിക്ക് വേണ്ടി വേദന സഹിക്കണം എന്ന് ഞാൻ ആശിക്കുന്നില്ല .  ഉറങ്ങിക്കോളു  ശാന്തമായി .  എനിക്കറിയാം നീ എനിക്ക് വേണ്ടി കാത്തിരിക്കും എന്ന്.  കാരണം നീയില്ലാതെ ഞാൻ അപൂർണൻ ആണെന്ന് എന്നെകാളും നന്നായി നിനക്കും അറിയാവുന്നതല്ലേ ? സായം സന്ധ്യകളിൽ നിന്റെ കൈ പിടിച്ച്  ഏറെ ദൂരം നടക്കണം എന്ന് ഞാൻ കരുതിയിരുന്നു. ഇനി അത് വേണ്ടല്ലോ?

നീ ഇല്ലാതെ എനിക്കിനിയും ആടുവാൻ  ജിവിതം  ബാകിയുണ്ടോ? .  അറിയില്ല പക്ഷെ താമസിയാതെ തന്നെ  ഞാനും വരും നിന്റെ അടുത്തേക്ക്   ഒരിക്കൽ കുടി അവളുടെ നെറ്റിയിൽ ചുംബിച്ച ശേഷം ഞാൻ ഡോക്ടറെ  നോക്കി തല കുലുക്കി.  പിന്നെ ICU വാതിൽ കടന്നു പുറത്തേ ഇട വഴിയിലുടെ വെറുതെ നടക്കുവാൻ തുടങ്ങി.  










T

2016, ജൂൺ 8, ബുധനാഴ്‌ച

തലമുറകൾ (കഥ)



വാതിൽ അടച്ചു കിടക്കും മുമ്പാണ് ബാലൻ മാഷ് അക്കാര്യം ഓർമിച്ചത്‌ . പശുക്കൾക്ക്‌  കൊടുക്കാനുള്ള തീറ്റ എടുത്തു പുറത്തു വച്ചിട്ടില്ല. ചാക്ക് തുറന്നു കാലി  തീറ്റയും പിണ്ണാക്കും  കുറച്ചു  തവിടും കുടി ചേർത്ത  ശേഷം ജനാല തുറന്നു മാഷ് ഉറക്കെ വിളിച്ചു . 'തിമ്മയ്യ' ,   എവിടെ കേൾക്കാൻ , അവനും ഭാര്യ കർപ്പകവും ,  പിന്നെ   തിമ്മയ്യയുടെ , സഹോദരൻ
വേലു ചാമി ,  . അവരുടെ വകയിൽ ഉള്ള ഒരു ബന്ധു മുരുകൻ,   പിന്നെ തിമ്മയ്യയുടെ  രണ്ടു കുട്ടികൾ ഇവർ  എല്ലാവരും  അപ്പുറത്ത്  പണിയിച്ച   ആസ് ബസ്റ്റോസ്  കെടിടത്തിൽ   ആണ് കഴിയുന്നത്‌.

തിരുനെൽവേലിയിലെ  'അയ്യനാർകുളം' എന്ന ഗ്രാമത്തിൽ നിന്നാണ്    അവർ  വന്നിരിക്കുന്നത് .ഒരവർത്തി  കൂടി    ബാലൻ മാഷ് ഉറക്കെ നീട്ടി  വി ളിച്ചു .  ചുറ്റും കട്ടപിടിച്ച  ഇരുട്ട് മാത്രം.   വല്ല പട്ട ചാരയം അടിച്ചു   കിടപ്പുണ്ടാകും എല്ലാം.  മാഷ് തന്നെ പുറത്തേകുള്ള ലൈറ്റ് ഇട്ടു . വെളിച്ചം നന്നേ  കുറവ് .  വലിയ  മുന്ന് ബക്കറ്റുകളിൽ  നിറച്ച കാലി തീറ്റ ബാലൻ മാഷ് തന്നെ  ബദ്ധപ്പെട്ട്  പുറത്തു കൊണ്ട് പോയി വച്ചു . രാവിലെ  പശുക്കൾക്കുള്ള  തീറ്റ മുരുകനൊ , വേലുചാമിയോ , ആരെങ്കിലും കൊടുത്തു കൊളളും.

ബാലൻ മാഷിന്റെ മുഴുവനും ആയ പേര് ബാലൻ    കെ   നായർ  എന്നാണ്.   അതെ നമ്മുടെ മനസിൽ ആ പേര് കേൾക്കുമ്പോൾ ഓർമ  വരുന്ന ഒരു രൂപം ഇല്ലേ?  കൈയിൽ  ഒരു  പൈപ്പും , കൊട്ടും , സുട്ടും ധരിച്ച , കൊമ്പൻ മീശയും ധരിച്ച സാക്ഷാൽ ബാലൻ കെ  നായരേ .  സിനിമയിൽ വില്ലൻ  ആയിരുന്നു എങ്കിലും  ജീവിതത്തിൽ  തീരെ വില്ലത്തം ഇല്ലാത്ത   ഒരു നല്ല മനുഷ്യൻ ആയിരുന്നു എന്ന് അടുപ്പം ഉള്ളവർ  ആ നടനെ കുറിച്ച്  പറഞ്ഞു കേട്ടിടുണ്ട്

 നമ്മുടെ കഥാപാത്രം  ഒരു സാധു  മലയാളം മാഷ്  ആയിരുന്നു.  ആയിരുന്നു എന്ന് വച്ചാൽ ഇപ്പോൾ  അദ്ധ്യാപക ജോലിയിൽ  നിന്നും വിരമിച്ചിട്ട്  15 വർഷങ്ങൽ കഴിഞ്ഞിരിക്കുന്നു. അത്രയൊന്നും അറിയാപെടാത്ത  ഒരു    സർക്കാർ  സ്കുളിലെ അദ്ധ്യാപകൻ  ആണെങ്കിലും  ഒരു  വർഷം  ഏകദേശം 200 വിദ്യാർത്ഥികൾ  എന്ന കണക്കിന് 6000ത്തിൽ അധികം   വിദ്യാർത്ഥികൾ അദേഹത്തിന് ശിഷ്യ   സമ്പത്ത് ആയിട്ടുണ്ട്‌. MLA   മുതൽ  കളക്ടറും  , എഞ്ചിനീയർമാരും , ഡോക്ടർ മാരും , പോലിസുകാരും എല്ലാം ആയി ഒരു വലിയ നീണ്ട നിര.    .  നിരത്തിലേക്ക് ഇറങ്ങിയാലോ , അല്ലേൽ  വല്ല കല്യാണത്തിന്  പോയാലോ  ഇപ്പോഴും ചിലർ  മാഷെ  എന്ന് വിളിച്ചുകൊണ്ടു അടുത്തുകൂടും . പലരെയും ഓർമ്മയിലെങ്കിലും ഞാൻ മാഷിന്ടെ  പഴയ 'സ്റ്റുഡന്റ്'  ആണ്  എന്ന് പറഞ്ഞു അവർ മുന്നിൽ വന്നു നിൽക്കും  .

10 എ യിൽ പഠിച്ച ബാലഗോപാൽ അല്ലെങ്കിൽ  9 സി ,  യിലെ ച്ച ബീന  ടി,. വി    എന്നൊക്കെ  പറഞ്ഞു  വിദ്യാർഥികൾ  മുന്നിൽ വരും. പല മുഖങ്ങളും ഓർമയിൽ  തെളിയില്ല  എങ്കിലും അപ്പോഴെല്ലാം മാഷിന്റെ മനസ്സിൽ ഒരു മൃദു മന്ദഹാസം വിടരും.  അഭിമാനത്തോടെ  മകൾ  കേൾക്കെ  തന്നെ പറഞ്ഞിട്ടുണ്ട് . കണ്ടോ ഇതാണ്  ബാലൻ മാഷുടെ  സമ്പാദ്യം  എന്ന് .

ബാലൻ മാഷിന് ഒറ്റ മകളെയുള്ളൂ .  അനുപമ ,  MSC ക്ക് പഠിക്കുന്ന സമയത്ത് ആയിരുന്നു   അവളുടെ വിവാഹം  .  വിവാഹ സമയത്ത് വിപിൻ കുമാർ എന്നാ വിപിന് ടാറ്റാ കൺസൽട്ടന്സിയിൽ ആയിരുന്നു ജോലി. മോഹിപ്പിക്കുന്ന ശമ്പളം .    പക്ഷെ മുന്ന് വർഷം   മുമ്പേ വിപിൻ  ആ ജോലി രാജി വച്ചു.  അനുപമയും , മാഷും അവളുടെ അമ്മ സരോജിനിയും എതിർത്തിട്ടും അവൻ അവരെ  ഒരു വിധത്തിൽ സമ്മതിപ്പിച്ചു . ധീരമായ തിരുമാനം  തന്നെ ആയിരുന്നു അത്.  അല്ലെങ്കിൽ വളരെ അപകടകരവും , വെല്ലുവിളികൾ നിറഞ്ഞ പാതയിലുടെ സഞ്ചരിക്കുവാൻ ആണ് വിപിൻ ഇഷ്ടപെട്ടത് .
നമ്മൾ ഇഷ്ടപെടുന്ന ജോലി  ചെയുക , അതിൽ സന്തോഷം കണ്ടെത്തുക അതെല്ലേ അച്ഛാ  നമുക്ക് വേണ്ടത് .    ആകെകൂടിയുള്ള
ഈ  ജീവിതത്തിൽ  മറ്റുള്ളവരുടെ ഇഷ്ടത്തെക്കാൾ നമ്മുടെ ഇഷ്ടത്തിനു  തന്നെയല്ലേ പ്രാധാന്യം  കൊടുക്കേണ്ടത്. ഡെഡ് ലൈനും , പ്രോജക്ടും അങ്ങനെ എത്ര നാൾ . സ്വസ്ഥതയില്ലാത്ത ജീവിതം .


അവൻ ബാലൻ മാഷിനോട് ചോദിച്ച ചോദ്യം അതായിരുന്നു .മാഷിന് തിരിച്ച് ഒന്നും പറയുവാൻ ഇല്ലായിരുന്നു. ഒരു  സ്നേഹിതന്റെ കുടെ ഇവിടെ ഈ  പഴനിക്ക്   അടുത്തു  അവർ ഒരു ഫാം  ആരംഭിച്ചു .   'ഗോകുലം ഫാംസ്' .  തോമസും  , വിപിനും ഒരുമിച്ചു  ജോലി ചെയുന്നവർ  തന്നെ ആയിരുന്നു . പളനിക്ക്  അടുത്തു      എട്ട് ഏക്കർ  സ്ഥലം അവർ മേടിച്ചു. പത്തു പശുക്കളുമായി  തുടങ്ങിയ ഗോകുലം ഫാംസിൽ  ഇന്ന് അറുപതോളം മുന്തിയ ഇനം പശുക്കൾ  ഉണ്ട്.   എൺപതോളം  ആടുകൾ ഉണ്ട്. പശുകൾക്ക്  തിന്നുവാൻ ഉള്ള പുല്ലും അവിടെ തന്നെ ഉൽപാദിപ്പികുന്നുണ്ട്.

പിന്നെ  അത്യാവശത്തിന്  കൃഷിയും.  കൃഷി എന്ന് പറഞ്ഞാൽ കപ്പ , വാഴ ,  തക്കാളി , ബീറ്റ്റുട്ട് , വെള്ളരി , ചീര , മുളക് അങ്ങനെ പലവക. കഴിഞ്ഞ മുന്ന് വർഷങ്ങൾ കൊണ്ട്  അവർ ആ വരണ്ട ഭുമിയെ ഭലഭുയിഷ്ടമാക്കി തീർത്തു .  ബോർവെൽ കുഴിച്ചു വെള്ളം കണ്ടെത്തുന്ന രീതി ശ്രമകരം ആയിരുന്നു. പക്ഷെ  അവരുടെ പരിശ്രമം ഫലം കണ്ടു .   തോമാച്ചൻ  ഒരു കാർഷിക കുടുംബത്തിലെ അംഗം ആയിരുന്നു.  അവന്റെ  അപ്പനും , അപ്പപ്പന്മാരും  പാരമ്പര്യമായി  കൃഷി  ഇറക്കുന്നവർ  തന്നെ ആയിരുന്നു.  അവരുടെ എല്ലാം  ചേർന്നുള്ള  അധ്വാനം .അനുവും , വിപിനും, തോമാച്ചനും, എൽസിയും , കൊച്ചു വർക്കിയും.  പിന്നെ വർക്കി നാട്ടിൽ നിന്നും കൊണ്ട് വന്ന കുറച്ചു    പണിക്കാരും . അങ്ങനെ  അവർ എല്ലാം ഒരുമിച്ച് യത്നിച്ചു .  ഇപ്പോൾ   എന്തായാലും മാഷിന്  സംതൃപ്തി ഉണ്ട്. മണ്ണിനോട് പടവെട്ടിയാണല്ലോ  മകളും , മകനും ജീവിക്കുന്നത്.

പാലക്കാട്ടുള്ള  സരോജിനിയെ വിട്ടു മാഷ് ഇപ്പോൾ ഇവിടെ വന്നീട്ടു ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.  മക്കൾ ആറു  ദിവസത്തേക്ക്   സിംഗപൂർ , മലേഷ്യ യാത്രക്ക്  പോയിരിക്കുകയാണ് . തോമസും , കുടുംബവും അവരുടെ കുടെ ഉണ്ട്.   അവർ കണ്ട്രി  ക്ലബിലെ അംഗങ്ങൾ ആണ്   വർഷത്തിൽ  ഒരിക്കൽ ഇത് പോലുള്ള യാത്രകൾ പതിവാണ്.  തോമസിന്റെ അപ്പൻ മരിച്ചത് കഴിഞ്ഞ ആണ്ടിൽ ആണ്. അല്ലേൽ  കുഞ്ഞു വർക്കി  വന്നു  ഇവിടെ താമസിച്ചേനെ .

സരോജിനിഅമ്മക്ക്   മാഷിൻ കുടെ   വരണം എന്നുണ്ടായിരുന്നു . പക്ഷെ അവർക്ക്   വര്ഷങ്ങളായി അലട്ടികൊണ്ടിട്ടിരിക്കുന്ന മുട്ട് വേദനയുടെ
കാഠിന്യം കുടി വരുന്നു. ഇപ്പോൾ ഒരടി നടക്കുവാൻ തന്നെ വലിയ പ്രയാസം.
 പുറം പണിക്കു വരുന്ന ജാനു അവർക്ക്    കുട്ടായി വീട്ടിൽ  തന്നെ  ഉണ്ട് .  രണ്ടു ദിനം കുടി കഴിഞ്ഞാൽ മക്കൾ തിരിച്ചു വരും എന്നിട്ട്  വീട്ടിലേക്കു പോകുവാൻ കാത്തിരിക്കുകയാണ്  മാഷ്.

 ഇപ്പോൾ  പണിതിരിക്കുന്ന  ഈ കെട്ടിടം തട്ടി കുട്ടി ഉണ്ടാക്കിയതാ. ഒരു ഉറപ്പും ഇല്ലാത്ത അവസ്ഥയിൽ പണിതത് . ഇനി ഇതൊക്കെ ഒന്ന് മാറ്റി പണിയണം .   അപ്പുറത്ത് തോമാച്ചനും കുടുംബവും , ഇപ്പുറത്ത് വിപിനും കുടുംബവും . ഒരു മതിലിന്റെ വേർ തിരിവ് പോലും ഇല്ലാതെ കഴിയുന്നു.  കണ്ണടച്ചാലും അവർ ഇത് പോലെ അങ്ങ് പോയാൽ  മതി ആയിരുന്നു.  തോമാച്ചൻ , കൊച്ചു വർക്കിയുടെ തനി സ്വരൂപം ആണ് .  തനി  നാട്ടിൻ പുറത്തുകാരൻ . ഒരു നേരം പോലും വെറുതെ കളയില്ല. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകൻ .

ആദ്യം ഒക്കെ  വിപിൻ പാലക്കാട് നിന്നും പോയി വരുമായിരുന്നു . പിന്നെ തോമചാൻ തന്നെ പറഞ്ഞു  അത് ശരിയാവില്ല എന്ന്. അത് കൊണ്ട് തന്നെ  ഇങ്ങനെ ഒരു വീട്   തട്ടി കുട്ടിയത് .

മാഷ്‌ ഉറങ്ങാൻ കിടക്കും മുമ്പേ ആരോ വാതിൽ മുട്ടി .  തിമ്മയ്യ ആയിരിക്കും എന്ന് കരുതി മാഷ് വാതിൽ തുറന്നു . നോക്കിയപ്പോൾ അപരിചിതരായ രണ്ടു യുവാക്കൾ  . യുവാക്കൾ  എന്ന് പറഞ്ഞാൽ കഷ്ടിച്ച് ഇരുപതിനോടു അടുത്ത പ്രായം തോന്നികുമായിരിക്കും . അഴുക്കും , ചെളിയും കലർന്ന വേഷം . വല്ലാത്ത അവശ നിലയിൽ ആയിരുന്നു  അവർ . മാഷ് ചോദിച്ചു , ആരാ , എന്താ വേണ്ടേ ?  അതിനു മറുപടി ആയി  അവർ ആദ്യം ചോദിച്ചത് മലയാളിയാണോ എന്നാണ് . അതെ എന്ന് മാഷ് ഉത്തരം പറഞ്ഞു . അത് കേട്ട് അവർ ഒന്ന് പരുങ്ങി എന്ന് തോന്നി.   മാഷ്  വീണ്ടും ചോദിച്ചു .

"നിങ്ങൾ ആരാ ? എവിടെ നിന്നും വരുന്നു?"

അവരിൽ  കാതിൽ  കടുക്കൻ ഇട്ട ഒരാൾ പറഞ്ഞു കുടിക്കുവാൻ കുറച്ചു വെള്ളം വേണം എന്ന് മാത്രം പറഞ്ഞു. . മാഷ് അവരെ ഒന്ന് സംശയത്തോടെ നോക്കി. ആകെ  ക്ഷീണിച്ചു അവശരായിരിക്കുന്ന പോലെ . മാഷ് അവരെ അകത്തേക്ക് ക്ഷണിച്ചു .  അവർ ലേശം  പരിഭ്രമിച്ച പോലെ തോന്നി. അവരെ കണ്ടിട്ട് മാഷിനും  ഒരു വശപിശക് തോന്നി.  മൊന്തയിൽ ഉണ്ടായിരുന്ന വെള്ളം മാഷ് അവർക്ക് നേരേ നീട്ടി . ആർത്തിയൊടെ അവർ രണ്ടു പേരും ആ വെള്ളം കുടിച്ചു .

വെള്ളം കുടിച്ച ശേഷം അവരിൽ ഒരുവൻ പറഞ്ഞു ,

"പളനിക്ക് പോകുകയാ വണ്ടി കേടായി , രാത്രി റോഡിൽ കിടകുന്ന അപകടം ആണെന്ന് കരുതി . ദൂരെ നിന്ന് നോക്കിയപ്പോൾ ഇവിടെ വെളിച്ചം കണ്ടു.  അങ്ങനെ ഇവിടെ ആൾ താമസം ഉണ്ട് എന്ന് മനസിലായി .   അതാ കയറിയത് ."


"നിങ്ങൾ വല്ലതും കഴിച്ചോ ,"  മാഷിന്റെ ചോദ്യത്തിന് അവർ ഉത്തരം പറഞ്ഞില്ല.

" പിന്നാബുറത്തു പോയി കൈ കഴുകിയിട്ട്  വരൂ  കുറച്ചു കഞ്ഞി കുടിക്കാം "

അവർ തിരിച്ചു വന്നപ്പെഴെക്കും മാഷ് രണ്ട് പിഞ്ഞാണത്തിൽ കഞ്ഞിയും പുഴുക്കും വിളമ്പി.  തണുത്ത കഞ്ഞി അവർ ആർത്തിയോടെ കഴിച്ചു . മാഷ് അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു .

കഞ്ഞി കുടിച്ചു കഴിഞ്ഞു അവർ എഴുനേറ്റു. മാഷ് അവരെ നോക്കി പറഞ്ഞു .
"നിങ്ങൾ പറഞ്ഞത് മുഴുവനും കളവ് ആണെന്ന് എനിക്കറിയാം . ശരിയല്ലേ ?"

 അവർ രണ്ടുപേരും ഒന്ന് വിളറി . മാഷ് പതിയെ പറഞ്ഞു .

"ഞാൻ ഒരു അദ്ധ്യാപകൻ ആണ് . നിങ്ങളെ പോലെ ഒരു പാടു എണ്ണത്തെ പഠിപ്പിച്ചിടുണ്ട്. നിങ്ങളുടെയൊക്കെ കണ്ണുകളിൽ തെളിയും സത്യമാണെങ്കിലും, നുണയാണെങ്കിലും ."

അവർ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ മാഷ് തുടർന്നു .

" നിങ്ങൾ ചെയ്ത കുറ്റ കൃത്യം അത് എന്തായാലും   ക്ഷമിക്കുവാൻ കഴിയുന്ന  ഒന്നല്ല  അല്ലെ?  സംശയതോടെ തന്നെ   മാഷ് അവരോടായി ചോദിച്ചു. എനിക്ക് മനസ്സിൽ ആകുന്നില്ല ഇപ്പോഴാതെ    യുവത്തം എന്തെ ഇങ്ങനെ വഴി തെറ്റുന്നു . മാഷ്  തന്നോടായി ചോദിച്ചു ?ഞങ്ങളുടെ കാലഘട്ടങ്ങളിലും ക്ഷോഭിക്കുന്ന യുവാക്കൾ ഉണ്ടായിരൂന്നു. പക്ഷെ അവർ ക്ഷോഭിച്ചത് സമുഹത്തിൽ നടമാടുന്ന അനാചാരങ്ങളെ  കുറിച്ച്  ഓർത്തായിരുന്നു. അല്ലെങ്കിൽ സമുഹത്തിൽ ബാധിച്ച തിന്മകളെ , അഴിമതികളെ  അതിനെ ഒക്കെ അവർ നഖശിഖാന്തം എതിർത്തിരുന്നു.   പക്ഷെ അവർ സംവദിച്ചിരുന്ന   മേഖല  വ്യതസ്തമായിരുന്നു. പുസ്ത്കങ്ങളിലുടെയും , നാടകങ്ങളിലുടെയും , പ്രസ്ഥാങ്ങളിൽ കുടെയും        അവർ ആശയങ്ങൾ പ്രചരിപ്പിച്ചു . അവർ പങ്ക് വച്ച ആശയങ്ങൾ ഏറ്റെടുക്കുവാൻ സന്നദ്ധരായി    ജനങ്ങൾ   ഉണ്ടായിരുന്നു.  അവരിൽ ഒരാളും ഇന്നത്തെ തലമുറകളിലെ പോലെ ഗുണ്ടകൾ ആകുവാനോ , കൊട്ടേഷൻ സംഖാംഗങ്ങൾ ആകുവാനൊ ശ്രമിച്ചിരുന്നുല്ല

 ഭാരതത്തിൽ സർവ  സ്വതന്ത്രർ  ആയി ജീവിക്കുവാനുള്ള   സകല  ആനുകുല്യങ്ങളും ,   ലഭിച്ച ശേഷം പിറന്ന മണ്ണിനെ ഒറ്റി കൊടുക്കുന്ന ചാരൻമാർക്കും ,  നമ്മുടെ രാജ്യത്തെ തുണ്ടം തുണ്ടം ആയി വിഭജിക്കണം എന്നും വാദിക്കുന്ന   ദുഷ്ട ശക്തികൾക്കും പിറകെ എങ്ങനെ യുവ തലമുറ പോകുന്നു ? എനിക്കറിയില്ല എവിടെയാണ്  നിങ്ങൾക്ക് വഴി തെറ്റുന്നത് ?"


പിറ്റേന്ന് പ്രഭാതം പുലർന്നത് തിമ്മയ്യയുടെ നിലവിളി കേട്ടിട്ടായിരുന്നു . രാവിലെ പശുവിനെ കറക്കുവാനായി പോയ തിമ്മയ്യ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മാഷിന്റെ  ശവശരീരം ആയിരുന്നു.

അന്നത്തെ പ്രഭാത പാത്രത്തിൽ ഒരു വാർത്തയുണ്ടായിരുന്നു. കവർച്ചക്കിടയിൽ  യുവാവിനെയും, യുവതിയെയും  കൊലപെടുത്തി രക്ഷപെട്ട  രണ്ടു  യുവാക്കളുടെ വിവരങ്ങൾ . ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൃത്യം ചെയ്തു എന്ന സംശയിക്കപ്പെടുന്നവർക്കു  ഇരുപതിൽ താഴെ മാത്രം പ്രായമേയുള്ളൂ എന്നും  അവരിൽ ഒരാളുടെ കാതിൽ കടുക്കൻ ഉണ്ടായിരുന്നു എന്നും വാർത്തയിൽ ഉണ്ടായിരുന്നു.  കൊല ചെയ്ത ശേഷം യുവാക്കൾ തമിഴ് നാട് അതിർത്തിയിൽ ഉണ്ടായിരിക്കുവനുള്ള സാധ്യത  അന്വേഷണ  സംഘം തള്ളി കളയുന്നില്ല. പ്രതികൾ ക്കായുള്ള   തിരച്ചിൽ  ഊർജിതപെടുത്തിയതായി പോലിസ് കമ്മീഷ്ണർ  അറിയിച്ചു .








2016, ജൂൺ 1, ബുധനാഴ്‌ച

അമ്പയർ (കഥ)


ഏകദേശം ഒരു പതിനൊന്നു - പതിനൊന്നര ആയിട്ടുണ്ടാകാം . ഒട്ടും പരിചിതം അല്ലാത്ത  ആളുകൾ , ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്നവരെ പോലെ   നാലഞ്ചു പേർ അവർ ഓഫിസിലേക്ക്  ഇരച്ചു  കയറി .  ആരാ എന്താ ഒന്നും മനസിലായില്ല. അവർ പോകുന്ന വഴിക്ക്  മേശപുറത്തിരുന്ന   ഫയലുകളും , കമ്പ്യൂട്ടറുകളും തള്ളി  താഴെയിട്ടു .  ആർക്കും ഒന്നും മനസിലായില്ല. എന്താ ,  ആരാ !   എന്നൊക്കെ  ചോദിക്കുവാൻ ചെന്ന   ശിവരാമൻ സാറിന്റെ ചെകിടത്തു  അവരിൽ ഒരുവൻ പൊട്ടിച്ചതും  സാർ ടപ്പോ എന്ന തലയിടിച്ചു വീണതും ഒരുമിച്ചായിരുന്നു . ശിവരാമൻ സാറിന്റെ അനുഭവം കണ്ടിട്ടാകണം പ്യൂൺ വർഗീസ്  പതിയെ  ഉൾവലിഞ്ഞു.

"എവിടെയാ   എഞ്ചിനിയറൂടെ ഓഫീസ് "   മഞ്ഞപ്പല്ല്    കാട്ടി അവരിൽ  പ്രധാനി  എന്ന് തോന്നിപ്പിക്കുന്ന   ഒരുവൻ ആക്രോശിച്ചു .  ക്ലാർക്ക്  സാറാമ്മ  ഭീതിയോടെ ഇടത്തൊട്ടു വിരൽ ചുണ്ടി . ഇടതു വശത്തായി  അക്ഷരങ്ങൾ പകുതി മാഞ്ഞ് , കണ്ണുകളെ പരീക്ഷിക്കുന്ന വിധം ആടി നിൽകുന്ന ഒരു പലക .  അതിസുക്ഷ്മതയോടെ നോക്കിയാൽ ചീഫ്    എഞ്ചിനിയർ  ഇബ്രാഹിം കുട്ടി എന്ന് അതിൽ എഴുതിയിരിക്കുന്നത്  കാണാം .

അയാൾ  മുഖം ഒന്ന്  ഏങ്കൊണിച്ച്  ശേഷം അകത്തേ മുറിയിലേക്ക് പോയി . കുടെയുള്ളവരും  അയാളെ അനുഗമിച്ചു.  അവർ മുറിയിൽ കയറി എന്ന് ഉറപ്പായപ്പോൾ വർഗീസ്‌  അവിടെ ഇരിക്കുന്ന വനജ കുമാരിയെ നോക്കി പറഞ്ഞു 
"ഇത് നമ്മുടെ രാജൻ സാറിന്റെ പിള്ളേരാ. ഇബ്രാഹിം  കുട്ടി സാറിനോട് അന്നേ കുര്യൻ സാർ പറഞ്ഞതാ വേണ്ടാ  ഈ   പൊല്ലാപ്പ്  എന്ന് . കേട്ടില്ല  ഇനി ഇപ്പൊ  അനുഭവിച്ചോ ? ഒരു  പുതിയ പരിഷ്കാരം . എന്താ നമ്മൾ ഒക്കെ സ്കുൾ പിള്ളേരാ  . മണി യടിക്കുംപോൾ  വരുവാനും പോകുവാനും ഒക്കെ?"

" ആശുപത്രിയിൽ  കുറച്ചു  നാൾ കിടക്കട്ടെ .  അപ്പോൾ തന്നെ പഠിച്ചോളും.  അല്ല പിന്നെ ? "

 വർഗീസ്‌ എന്ത് പറഞ്ഞാലും ഇടയ്ക്ക്  ഈ 'അല്ല പിന്നെ'  എന്ന്   ഉപയോഗിക്കും .  വർഗീസിന്  പണ്ടേ  ഇബ്രഹും കുട്ടിയെ കണ്ടു  കുടാ  . സമയത്തിന്  ഓഫീസിൽ വരാത്തതിൽ  ചീത്ത ഒരു പാടു കേട്ടിടുണ്ട്  വർഗീസ് . ജോലി കാര്യത്തിലും കൃത്യതയില്ല. വീണ്ടും വർഗീസ്‌ എന്തോ പറയുവാൻ തുടങ്ങും മുമ്പേ വനജ കുമാരി അയാളെ  നോക്കി പറഞ്ഞു  ഒരു ചായ കൊണ്ടുവാ വർഗീസെ.

വർഗീസ്‌ പോയപ്പോൾ   ദിവാകരൻ വനജയെ നോക്കി .

"വർഗീസ്‌ പറഞ്ഞതിലും കാര്യം ഉണ്ട്  വനജേ?   നമ്മൾ ഇതൊക്കെ എത്ര കണ്ടതാ .   ഇത്  കേരളമാ,  അമേരിക്കയോന്നുമല്ല . നമുക്ക് ഇഷ്ടമുള്ളപ്പോൾ വരും , ഇഷ്ടമുള്ളപ്പോൾ പോകും . ഇപ്പം ഭരിക്കുന്നതേ നമ്മുടെ പാർട്ടിയാ. ഇവിടെ നിയമം നിർമിക്കുനതും  , അത് നടപ്പിൽ വരുത്താനും  നല്ല ഉശിരുള്ള  ആണുങ്ങൾ ഉണ്ട്."

" ഓരോ പുതിയ പരിഷ്കാരങ്ങൾ . "   പഞ്ചിംഗ്  വേണം പോലും .  പഞ്ചിംഗ് അല്ല ഇനി ഇപ്പോൾ  പഞ്ഞിയിട്ട് കുറച്ചു നാൾ  കിടക്കാം  മുപ്പർക്ക് .  കാര്യം പറഞ്ഞാൽ  രാജൻ   സാർ  ഇവിടുത്തെ തൊഴിലാളി തന്നെയാ  പക്ഷെ ആൾ  ഒരു യുണിയൻ നേതാവ് കുടി അല്ലെ? .  ഓഫീസിലെ കാര്യങ്ങൾ നോക്കുന്നത്തിൽ  കുടുതൽ  ഉത്തരവാദിത്തം  സാറിന്   യുണിയൻ  കാര്യങ്ങൾ നോക്കുവാൻ ഇല്ലേ ?  ഓരോ ദിവസവും എന്തൊക്കെ പ്രശ്നങ്ങൾ ആണ്.   ഇബ്രാഹിം കുട്ടി സാർ കഴിഞ്ഞ തവണ പറഞ്ഞതാ   യുണിയൻ കാര്യങ്ങൾ എല്ലാം  പിന്നെ ആദ്യം ഓഫീസിലെ കാര്യങ്ങൾ എന്ന്.  അന്നേ ഞാൻ എണ്ണിയതാ ...  തെറ്റിയാൽ രാജൻ  സാർ,   അണലിയാ.  അങ്ങേരോടു  കൊത്തുവാനാ  കക്ഷി  നോക്കിയത്. സാർ  എത്ര കളി കണ്ടിട്ടുള്ളതാ ?  അയാൾ ഒരു വഷളഭാവത്തിൽ ചിരിച്ചു."


--------------------------------------------------------------------------------------------------------------------

അന്നായിരുന്നു അയാൾ   ആമ്പയർ ആയ ആദ്യ മത്സരം . വിശാലമായ ആ മൈതാനത്തിൻ നടുവിൽ നിൽക്കുമ്പോൾ അയാളുടെ മനം നിറഞ്ഞു.  വെള്ള ഷർട്ടും , കറുത്ത പ്യാൻസും, വെള്ള തൊപ്പിയും ധരികുവാൻ അയാൾ  ഏറെ കൊതിച്ചിട്ടുണ്ട് .  ഓരോ നിർണായക തിരുമാനം എടുക്കുമ്പോഴും   അതനുസരിച്ചുള്ള നിയമാവലികൾ ഓർത്തു എടുക്കേണം . "The umpires shall be the sole judges of fair and unfair play"     * MCC  യുടെ പ്രഘ്യാപിത  നിയമവലിയിലെ  (LAW  42 )  നീതി വാക്യം . അമ്പയറിന്റെ  തിരുമാനം അന്തിമം ആകണം . അത് കൊണ്ട് തന്നെ എടുക്കുന്ന തിരുമാനങ്ങൾ പൂർണമായും നിഷ്പക്ഷവും , സത്യസന്ധവും ആകണം ." അയാളുടെ ഗുരുനാഥൻ ശ്രീനിവാസൻ സാറിന്റെ വചനം"

ഇന്ന്  സതേൺ റെയിൽവേയും , സൌരഷ്ട്രയും തമ്മിൽ ഉള്ള മത്സരം .   കളിക്കളത്തിൽ  ഒരു അമ്പയറിൻ സ്ഥാനം എന്താണ് .    വെറും ആറു  പന്തുകൾ മാത്രം എണ്ണി  തിട്ടപെടുത്തുവാൻ മാത്രം വിധിക്ക പെട്ടവൻ ആണോ അമ്പയർ?.

തുടക്കം മുതൽ ഒടുക്കം വരെ മത്സരം നിയന്ത്രിക്കുവാൻ വിധിക്കപെട്ടയാൾ. എത്ര വീര  നായകൻ ആയാൽ പോലും ആ കൈ വിരൽ ഒന്ന് ഉയർത്തിയാൽ സ്ഥലം വിട്ടോളണം.  പിന്നെ അവിടെ ചോദ്യങ്ങൾ ഇല്ല. അയാളുടെ ശരി എന്ത് തന്നെയാണോ അതെല്ലാം അനുസരിക്കുവാൻ  മറ്റുള്ളവർ ബാധ്യസ്തർ  ആയെ മതിയാവു . , ആ കളികളത്തിലെ ന്യായാധിപനും , വക്കീലും അരാച്ചാരും   എല്ലാം ഒരാൾ തന്നെ .

അങ്ങനെ ഒരു കൈ വിരൽ അയാൾ  ഒന്ന് ഉയർത്തി . രാജൻ ബാബു എന്ന യുണിയൻ  നേതാവിന് നേരെ .  കൃത്യം ആയി പറഞ്ഞാൽ 'പ്ലംബ്'.  LBW'    . ബാറ്റിൽ തട്ടാതെ  പന്ത്  പിറകിലത്തെ കാൽ മുട്ടിനു  തൊട്ടു താഴെ  കൊണ്ടിരിക്കുന്നു . ലൈനും , ലെങ്ങ്തും  കിറു  കൃത്യം , പന്ത്   പിച്ച്   ചെയ്തിരിക്കുന്നത്   മിഡിൽ   സ്റ്റ്മ്ബിനു  നേരെ തന്നെ ,  വിട്ടു കഴിഞ്ഞാൽ  വിക്കറ്റ്  തെറിക്കും  എന്നത് ഉറപ്പ് .  ലീഗൽ  ഡെലിവറി  തന്നെ . അധികം ചിന്തിക്കേണ്ടി വന്നില്ല.  ഒരു നിമിഷം  അത് മതിയായിരുന്നു അയാൾക്ക്  ആലോചിക്കുവാൻ . അയാൾ കൈ വിരൽ ഉയർത്തി.   പോകുമ്പോൾ രാജൻ ബാബു അയാളെ  നോക്കി  ഒന്ന് ചിരിച്ചു .

വാർഡിലേക്ക്  മാറ്റിയ  ഇബ്രാഹിം കുട്ടിയെ കണ്ടിറങ്ങിയ ശേഷം  ദിവാകരൻ   പുറത്തേക്ക് വന്നു. ചുവരിൽ    ഒരു കാല് കുത്തി , ചാരി നിൽകുന്ന  വറുഗീസിനെ നോക്കി  അയാൾ പറഞ്ഞു

"ഇപ്പോൾ  കുഴപ്പം ഇല്ല അല്ലെ .  അപകടനില തരണം ചെയ്തിട്ടുണ്ട്  എന്നാ ഡോക്ടർ  പറഞ്ഞത് ."

 അതെ എന്ന അർത്ഥത്തിൽ വർഗീസ്‌  തല കുലുക്കി . . അതിനിടയിൽ അപ്പുറത്തേ  മുറിയിൽ  കസേരയിൽ  ചാരി ഇരിക്കുന്ന   ചെറുപ്പക്കാരിയെ   പകുതി ചാരിയ വാതിൽ പഴുതിലുടെ  ദിവാകരൻ കണ്ടു.  ദിവാകരൻ  ചോദിച്ചു . "ആരാ വറുഗീസേ  ആ മുറിയിൽ ".

" അത്  രണ്ട് ദിവസം മുമ്പേ വന്ന കേസാ  സാറേ .. അത് അയാളുടെ  ഭാര്യയാ? "
വറുഗീസ്   പറഞ്ഞു .

" ആരുടെ ദിവാകരൻ  വീണ്ടും ചോദിച്ചു ?  ഏതോ  അമ്പയർ ആണെന്നാ പറഞ്ഞത് .  ഇനി അങ്ങേർക്കു  ആ കൈ വിരൽ പൊക്കി "ഔട്ട്‌" വിളിക്കാം പറ്റും എന്ന് തോന്നുന്നില്ല ."

"അതെന്താ"   ദിവാകരൻ വീണ്ടും ചോദിച്ചു . അമ്മാതിരി പണിയല്ലേ കിട്ടിയിരിക്കുന്നത് .



കുറിപ്പ്  -  Marylebone Cricket Club (MCC has been the owner of the Laws of Cricket since the 18th century and continues to be a robust law-maker and guardian of the Spirit of Cricket today.