2015, നവംബർ 22, ഞായറാഴ്‌ച

പൂവൻപഴംഹലോ, എന്താണ് പോകുന്നില്ലേ . വിശാഖയുടെ ചോദ്യം അയാൾ കേട്ടില്ല എന്ന്  തോന്നി. അവൾ വന്നു  പതിയെ അയാളുടെ പുറത്തു തട്ടി.  പിന്നെ കുറച്ചു ഉറക്കെ തന്നെ പറഞ്ഞു  പുറത്തു നല്ല മഴ പെയ്യുന്നു . മിലിന്ദും , സരസും , സുധീറും ഒക്കെ പോയി.  ജയന്തും , മാലയും പോകുവാൻ ഒരുങ്ങുന്നു. അയാൾ  ഈ ലോകത്തിൽ ആയിരുന്നില്ല . പ്രൊജക്റ്റ്‌ ഡെഡ് ലൈൻ കിട്ടിയിരിക്കുന്നു . ഇനി എഴു ദിവസം കുടി ഉണ്ട് . ടെസ്റ്റ്‌ ചെയുമ്പോൾ ഉള്ള 'bug fixing ' ഇനിയും കഴിഞ്ഞിട്ടില്ല . രാത്രിയും , പകലും ഇരുന്നു പണി ചെയ്താലും തീരും എന്ന് തോന്നുന്നില്ല. സവിത  കുൽകർണി  ബാഗ് എടുത്തു ഒരുക്കി വയ്ക്കുന്നു . വിക്ടർ ഒരു ചായ കപ്പുമായി  നിന്ന് രാകേഷിനോടു എന്തോ പറഞ്ഞ്  ആവി പറക്കുന്ന ചായ പതിയെ ഊതി ഊതി കുടിക്കുന്നു.. മല മറിഞ്ഞാലും വിക്ടറിന് കുലുക്കം ഉണ്ടാകില്ല.  ശില്പ, നീ വരുന്നോ . അഭിഷേക്  ചോദിക്കുന്ന കേട്ടു . അഭിഷേകിന്റെ  ഉദ്ദേശശുദ്ധി  തിരിച്ച് അറിഞ്ഞു ശില്പ അവനോടു പ്രതികരികുക ഉണ്ടായില്ല. അഭിഷേകിന്  അവിടെ തന്നെ ഒരു ഫ്ലാറ്റ് ഉണ്ട് .  അവിടെ അവൻ   ഒറ്റയ്ക്കാണ്  താമസിക്കുന്നത് . അവൻ ഒന്ന് ചൂളി എങ്കിലും അത് പുറത്തു കാണിക്കാതെ പുറത്തേക്ക്  നടന്നു.


ഇന്നലെ തൊട്ടു  ഇതേ പ്രശ്നവുമായി  ഇരിക്കുന്നതാ , ഒന്ന്  ശരിയാക്കുംപോൾ  വേറെ 'എറർ'  വരും.   അയാൾക്ക് നീലംബരിയോടു  വല്ലാത്ത  ദേഷ്യം തോന്നി. നീലാംബരി  ശ്രീവാസ്തവ ,  ഒരു ചുക്കും അറിയില്ല  .
ക്ലൈൻറ്റിനോട്‌  സംസാരിക്കുമ്പോൾ തേൻ ഒഴുകും പോലെ സംസാരിക്കും . ഒരു എസ്റ്റിമേഷനും, ടൈം ലൈനും ഒന്നും ഇല്ലാതെ എല്ലാം  കയറി അങ്ങ് സമ്മതിക്കും. പിന്നെ പണി മുഴുവനും അയാളെ പോലെ ചിലരുടെ തലയിൽ കെട്ടി വയ്ക്കും .  അഞ്ചര എന്ന സമയം ഉണ്ടെങ്കിൽ മാഡം പോയിട്ടുണ്ടാകും . അത്രയ്ക്ക് കൃത്യ നിഷ്ഠയാണ്. പോകുന്ന വഴി  എന്തെങ്കിലും ഒക്കെ ഒന്ന് പറഞ്ഞു എന്ന്  വരുത്തിയിട്ട്  മൊബൈലും ചെവിയിൽ വച്ച് അന്നനട  നടന്ന്  അങ്ങ് പോകും.  കഴിഞ്ഞ ദിനം  ഇങ്ങനെ പറഞ്ഞിട്ടാണ് നീലാംബരി പോയത്.

"hey , we  are  already a week delayed .
spoke to client, yesterday  ,  they seems to be upset on project status
make it fast , testing has to be completed before Monday ,
will discuss further tomorrow"


അയാൾ മനസ്സിൽ ഓർത്തു . ആ രാകേഷിന്റെ ടീമിൽ ആയിരുന്നു എങ്കിൽ. അമിതും, മിലിന്ദും രാകേഷിന്റെ ടീമിൽ ആണ് . അവർക്കൊന്നും  ഇത്രമേൽ ജോലി ഭാരം ഇല്ല.  രാകെഷിനു  മനസിൽ വ്യക്തമായ  പദ്ധതികൾ  ഉണ്ട്. കക്ഷി , പ്രോഗ്രമർ ആയി തുടങ്ങിയതാ . കഴിഞ്ഞ വർഷം പ്രമോഷൻ കിട്ടി.  ഇപ്പോൾ പ്രോജക്റ്റ് ലീഡർ ആണ് . മാത്രവുമല്ല "ടെക്നിക്കലി" നല്ല "സ്ട്രോങ്ങ്‌"  ആണ്. പറ്റില്ല എന്നുണ്ടെങ്കിൽ വ്യക്തമായി  ക്ലൈയന്റിനെ  കാര്യകാരണ സഹിതം പറഞ്ഞു മനസിലാക്കും. ഇത്രയ്ക്ക്  ഒന്നും  പ്രഷർ തരികയും   ഇല്ല.  . മാത്രവുമല്ല  ആശാന്റെ  "ലോജിക്കും"  അപാരം  ആണ്  . എന്ത് ചോദിച്ചാലും  ക്ഷമയോടെ മുഴുവനും കേൾക്കും , വേണ്ടി വന്നാൽ കൂടെ  ഇരുന്നു "കോഡിംഗ്"  വരെ  നോക്കി എന്നിരിക്കും.

വിശാഖയിൽ നിന്നും കണ്ണ് പിൻ വലിച്ചു അയാൾ വീണ്ടും സ്ക്രീനിലേക്ക് നോക്കി.  "ആരെ യാർ" , അവൾ വീണ്ടും അവനെ തോണ്ടി വിളിച്ചു.  അയാൾ പൊട്ടനെ പോലെ അവളെ നോക്കി .  വല്ലാതെ മഴ പെയുന്നു .എല്ലാവരും പോയി തുടങ്ങി . നീ പോകുന്നില്ലേ .  അവൾ ആധികാരികമായി തന്നെ അവനോടു   വീണ്ടും ചോദിച്ചു.  അല്ലെങ്കിലും
വിശാഖ അങ്ങനെയാണ് . അല്പം ഒരു വട്ടു കേസ് ആണ് .  അപ്പോഴേക്കും ബാഗും തുക്കി സവിത  നടന്നു കഴിഞ്ഞിരുന്നു.  സവിതയോടായി  വിശാഖ  പറഞ്ഞു.

"ട്രെയിൻ ഒന്നും ഓടുന്നില്ല എന്ന് കേട്ടു . എല്ലായിടവും വെള്ളം കയറിയിട്ടുണ്ട് .  സവി എങ്ങനെ പോകും?"

"നോക്കട്ടെ "  എന്ന് മാത്രം സവിത ഉത്തരം പറഞ്ഞു. സവിതയും , വിശാഘയും തമ്മിൽ അത്ര രസത്തിൽ അല്ല . ചെറിയ ഒരു സൌന്ദര്യ പിണക്കം , കഴിഞ്ഞ വർഷത്തെ  അപ്രൈസൽ  റേറ്റിങ്ങിൽ , വിശാഖയ്ക്കു  കുടുതൽ  "റേറ്റിങ്" ലഭിച്ചിരുന്നു . അതിന്റെ ഇഷ്ട്കേടു സവിതയുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്.

താടിക്കു ചൊറിഞ്ഞുകൊണ്ട്, സ്ക്രീനിലേക്ക്  നോക്കി ഒരു നിമിഷം അയാൾ  ചിന്തിച്ചു .  അയാളുടെ ചിന്ത വായിച്ചു അറിഞ്ഞ പോലെ വിശാഖ  പറഞ്ഞു.

 "ബഗ്  ഫിക്സിങ് " പിന്നെ ആകാം ,  പ്രണതി അവിടെ ഒറ്റയ്ക്കല്ലേ" . അയാൾ ഫോണിനായി പോക്കറ്റിൽ പരതി . ഫോൺ പോക്കറ്റിൽ  ഇല്ല എന്ന് കണ്ടു  മേശക്ക് അടിയിൽ നിന്നും ബാഗ്  വലിച്ചെടുത്തു. ഉള്ളിലെ കീശയിൽ നിന്നും ഫോണ്‍ എടുത്തു . പ്രണതിയുടെ എഴു മിസ്സ്ഡ്   കാളുകൾ . അവൾ വല്ലാതെ പരിഭ്രമിച്ചിരിക്കാം . അയാൾ ഫോണ്‍ എടുത്ത് പ്രണതിയെ വിളിക്കുവാൻ നോക്കി. പിന്നെ നിരാശയോടെ
വിശാഖയെ നോക്കി പറഞ്ഞു കിട്ടുന്നില്ല.

അവൾ  അയാൾക്കായി കാത്തു നിൽക്കുകയാണ് . അയാൾ ബാഗും എടുത്തു
വിശാഖയുടെ കുടെ പുറത്തേക്കു ഇറങ്ങി . രണ്ടര കഴിഞ്ഞട്ടേയുള്ളൂ . മഴയുടെ ശക്തി കുറഞ്ഞിട്ടില്ല.  ചാഞ്ഞും  ചെരിഞ്ഞും പെയ്തിറങ്ങുന്ന ശക്തിയായ മഴ .   നിരത്തിൽ മുഴുവനും  വാഹങ്ങളുടെ നീണ്ട നിര.  ബസും, കാറും , ബൈക്കും  ആമയെ പോലെ  നിരങ്ങി  നീങ്ങുന്നു.  ട്രെയിനിൽ പോകുവാൻ ഇന്നിനി പറ്റില്ല .  അയാൾ ഓർത്തു . പാളം മുഴുവനും വെള്ളം ആയിരിക്കും . ഞാൻ  അന്ധേരിക്കു പോകുന്നില്ല.  ചേച്ചിയുടെ ഫ്ലാറ്റിലേക്കു പോകുകയാ.  അവൾ അയാളോട്  വിട പറഞ്ഞിട്ട് എതിർ ദിശയിലേക്കു നടന്നകന്നു.

അയാൾ മൊബൈൽ എടുത്തു പ്രണതിയെ വിളിക്കുവാൻ  വീണ്ടും നോക്കി. അത് ചത്തിരിക്കുന്നു . നെറ്റ്‌വർക്ക് പോയിരിക്കുന്നു . നാശം അയാൾ  മനസ്സിൽ ഓർത്തു . ഇനി ബസ്‌ കത്ത് നിന്നിട്ട് കാര്യം ഇല്ല . അയാൾ നടക്കുവാൻ ആരംഭിച്ചു .  ഒരു പാടു പേർ നടന്നു പോകുന്നുണ്ട് .  മഴ നനഞും , ന്നനയാതെയും. അവരിൽ ഒരാൾ ആയി അയാളും കുടി.  ചേരിയിലെ കുട്ടികൾ മഴയിൽ കളിക്കുന്നു. . മറ്റുള്ളവരുടെ കുടെ  നടന്നു നീങ്ങുമ്പോൾ  അയാൾ ഓർത്തു പ്രണതി ഇപ്പോൾ എന്ത് ചെയുകയയിരിക്കും?  ഒരു പക്ഷെ തന്നെയും കാത്ത് ബാൽക്കണിയിൽ കണ്ണും നട്ട് കാത്തിരിപ്പുണ്ടാകാം .

അവൾക്കു എഴാം മാസം ആണ് .  വിവാഹം കഴിഞ്ഞിട്ട്   ആറു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . കുട്ടികൾ പതിയെ  മതി എന്നായിരുന്നു  തീരുമാനം . പിന്നെ വർഷങ്ങൾ പോയതോടെ മാനസിക പിരി മുറുക്കം വർദ്ധിച്ചു . പിന്നെ  എപ്പോഴോ അവരുടെ പ്രാർത്ഥന ദൈവം കേട്ടു .

അയാൾക്ക്   വല്ലാത്ത ദേഷ്യവും  സങ്കടവും  തോന്നി.   ഏറ്റവും അടുത്തു ഇരിക്കേണ്ട സന്ദർഭത്തിൽ പോലും അവളുടെ അരികെ ഇരിക്കുവാൻ കഴിയുന്നില്ല . ശനിയും , ഞായറും വരെ  ഓഫീസിൽ പോകണം . നീലാം
ബരിയോടു  അയാൾക്ക് വല്ലാത്ത അരിശം തോന്നി. ഒരു മനുഷ്യപറ്റും ഇല്ലാത്ത സ്ത്രീ . അയാൾ മനസ്സിൽ ഓർത്തു . അവർക്ക് അവരുടെ കാര്യം മാത്രം. അവരുടെ   "അപ്രൈസലും, ബോണസും"  അതിൽ കുറഞ്ഞ ഒരു ചിന്തയില്ല.  ഇങ്ങനെ ചത്ത്‌ കിടന്നു പണി എടുക്കാൻ ഏതാനും  പേർ ഉണ്ടല്ലോ?

മഴയ്ക്ക് വീണ്ടും കട്ടികുടി എന്ന് തോന്നി. . റോഡിൽ മുഴുവനും വെള്ളം പൊങ്ങി വരുന്നു .  കാനയിൽ കുടെ കലക്കവെള്ളം കുത്തി മറിഞ്ഞു കൊണ്ട് ഒഴുകുന്നു. അയാൾ റെയിൽവേ പാളത്തിൻ നടുവിലുടെ നടന്നു . റോഡിലൂടെ നടക്കുക ചിലപ്പോൾ അപകടം ക്ഷണിച്ചു വരുത്തും. വെള്ളം കളയുവനായി വല്ല "മാൻ ഹോളും"  തുറന്നു വച്ചിട്ടുണ്ടാകും. അതിൽ എങ്ങാനും പെട്ടാൽ പിന്നെ നേരെ കടലിൽ ചെന്ന് തപ്പേണ്ടി വരും."ബോഡി"  കിട്ടണം എന്നുണ്ടെങ്കിൽ .  മഴകാലത്ത് ഇത് പോലെയുള്ള മരണങ്ങൾ  ഇവിടെ സ്വാഭാവികം ആണല്ലോ .മുമ്പിൽ  നടക്കുന്ന യുവാവ്‌ പാൻ ചവച്ചു അരച്ച ശേഷം  നീട്ടി തുപ്പി  ചെളി വെള്ളത്തിനെ ചുവപ്പിക്കുവാൻ വൃഥാ ശ്രമം നടത്തി .

വീണ്ടും മൊബൈൽ എടുത്തു അയാൾ പ്രണതിയെ  വിളിച്ചു. ഇപ്പോഴും നെറ്റ്‌വർക്ക്  കവറേജ് ഇല്ല. എന്ന "മെസേജു" മാത്രം ,  ഫ്ലാറ്റിന്   ബാക്കി അടക്കുവാനുള്ള "emi"  യെ കുറിച്ചോ , ഇപ്പോൾ ചെയുന്ന പ്രോജക്റ്റ് വർക്കിനെ കുറിച്ചോ ഒന്നും  അയാൾ ചിന്തിച്ചില്ല.  ഇന്ന് രാവിലെ പോരുമ്പോൾ പ്രണതി  പറഞ്ഞതാണ് പറ്റുമെങ്കിൽ നേരത്തേ ഇറങ്ങണം എന്ന്. പിന്നെ എന്തോ കുടി അവൾക്ക് പറയുവാൻ ഉണ്ട് എന്ന് തോന്നി. പിന്നെ മടിച്ചു മടിച്ചു അവൾ പറഞ്ഞു. വൈകുനേരം  വരുമ്പോൾ കുറച്ചു പൂവൻ പഴം മേടിച്ചു കൊണ്ടുവരണം .  അവളുടെ പറച്ചിൽ കേട്ടപ്പോൾ അയാൾക്ക്‌ ചിരി വന്നു. ഇതുപോലെയുള്ള കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ഈസമയത്തു  പതിവാണ് എന്ന് അടുത്ത ഫ്ളാറ്റിലെ ആന്റി പറഞ്ഞിട്ടുണ്ട്.  അയാൾ അതും  സമ്മതിച്ചിട്ടാണ് ഇറങ്ങിയത്‌.

മഴയിൽ നനഞ്ഞ്‌   അയാളുടെ ഷർട്ട് , ശരീരത്തോട് ഒട്ടി പിടിച്ചു കിടന്നു. കുടയിൽ നിന്നും വെള്ളം അരിച്ചിറങ്ങുന്നു . അത് മുക്കിലുടെ , വയറിലുടെ അരിച്ചിറങ്ങി. ഇങ്ങനെ  ഇടക്കുള്ള മഴ നല്ലതാണു .   മാലിന്യങ്ങൾ എല്ലാം കഴുകി കളയുവാൻ . കട്ട പിടിച്ച ചെളി വെള്ളം അരികിലുടെ ഒലിച്ചു   പോകുന്നു .  അതിൽ ചവിട്ടി അറപ്പിലാതെ  അയാൾ നടന്നു.  അങ്ങ് ദൂരെ അടച്ചിട്ടിരിക്കുന്ന ഒരു പെട്ടി കട . അതിന് പകുതി പടിയോളം വെള്ളം കയറി കഴിഞ്ഞിരിക്കുന്നു . വെള്ളം കയറാത്ത  പടിക്കു മുകളിലായി നനഞ്ഞ കറുത്ത പൂച്ച നിൽകുന്നു . ഒന്ന് തെന്നിയാൽ അത് വെള്ളത്തിൽ വീഴും . പിന്നെ ഒലിച്ചു പോകാം . കറുത്ത പൂച്ചയെ കാണുന്നത്  നന്നല്ലത്രേ . പണ്ട് അമ്മുമ്മ പറഞ്ഞ വാക്കുകൾ അയാൾക്ക് ഓർമ്മ വന്നു. മുട്ടറ്റം വരെ വെള്ളം കയറി കഴിഞ്ഞിരിക്കുന്നു. ട്രെയിൻ ഓടുന്നില്ല എങ്കിലും സ്റ്റേഷനിൽ നിറയെ ആളുകൾ .  ഇനി ഇന്ന് ട്രെയിൻ ഓടില്ല എന്ന് ഏവർക്കും അറിയാം . എങ്കിലും അവർ നിൽക്കുന്നു പ്രതീക്ഷയോടെ .

അയാൾക്ക് മുമ്പിലും , പിറകിലുമായി ആളുകൾ നടക്കുന്നു . അവരിൽ കുട്ടികളുണ്ട് , സ്ത്രീകളുണ്ട് ,പുരുഷൻമാരുണ്ട്.  ഒരു പക്ഷെ അയാളുടെ മുമ്പേ നീലംബരിയും ഇവരിൽ ഒരാളായി നടന്നിട്ടുണ്ടാകാം . ഇവിടെ ഈ പാളത്തിൽ കുടെ നടക്കുമ്പോൾ എല്ലാവരും ഒരു പോലെ .പാളത്തിനു എന്ത്  വ്യത്യാസം.  മേധാവി  എന്നോ കുലി എന്നോ ഉള്ള വ്യത്യാസം അതിനില്ലല്ലോ ? ഇതിലൂടെ  പോകുന്നവരിൽ  ഏവർക്കും ഒരേ ഒരു ജാതി മാത്രം,  മനുഷ്യ ജാതി.  എല്ലാവർക്കും ഏക ലക്ഷ്യം .  എത്രയും വേഗം താമസസ്ഥലം അണയുക.  അത്ര മാത്രം


മഴ അല്പം കുറഞ്ഞു തുടങ്ങി. നടക്കുന്നതിൻ ഇടയിൽ ഏഴോ , എട്ടോ സ്റ്റെഷനുകൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു . ഇനി   അല്പം കുടി നടന്നാൽ അയാൾക്കിറങ്ങേണ്ട സ്റേഷൻ എത്തും . ഇത്രയും ദൂരം അയാൾ നടന്നു കഴിഞ്ഞോ? ഉച്ചക്ക് തുടങ്ങിയ നടത്തം ആണ് . ഇപ്പോൾ എഴു മണിയോടെ അടുക്കുന്നു. രാത്രിയുടെ പ്രതീതി തോന്നിപ്പിക്കുന്ന  കട്ട പിടിച്ച ഇരുട്ട്.

നടക്കുന്നതിൻ  ഇടയിൽ  പ്രണതി പറഞ്ഞ പൂവമ്പഴത്തിൻ കാര്യം അയാൾക്ക് ഓർമ്മ വന്നു. . ഇനി ഇപ്പോൾ കട വല്ലതും തുറന്നിട്ടുണ്ടാകുമോ ?. ആ ചിന്തയോടെ അയാൾ സ്റ്റേഷനിൽ  നിന്നും പുറത്തു കടന്നു. ഈ മഴയത്തും ചിലർ വലിയ പ്ലാസ്റിക് കവർ ഇട്ടു മൂടി സിഗരറ്റും , പാനും വിൽക്കുന്നു.  കേശു ഭായിയുടെ കടയിൽ  പോയി നോക്കാം . അയാൾ  ഏന്തി ഏന്തി മുകളിലേക്കുള്ള പടികൾ കയറി തുടങ്ങി. നടന്നതിൻ ക്ഷീണം മുഴുവനും മുട്ടുകൾ ആവാഹിച്ച പോലെ. ഇത്രയും  നേരം വേദന അറിഞ്ഞിരുന്നില്ലാ  ഈ സമയത്ത്   പഴം കിട്ടുകയില്ല എന്ന് അയാൾക്ക് അറിവുള്ള കാര്യം ആയിരുന്നു .  എന്നാലും പ്രണതിക്ക്  വേണ്ടിയല്ലേ . ചിലപ്പോൾ കിട്ടിയാലോ ? കടയിൽ    എത്തിയപോൾ അയാളുടെ കണ്ണ്  പതിഞ്ഞത് തുക്കിയിട്ട കുലയിൽ ആയിരുന്നു . അവൾക്ക് ഭാഗ്യമുണ്ട് . അയാൾ മനസ്സിൽ ഓർത്തു . ഒരു ചെറിയ പടലയും , പിന്നെ പടലയിൽ നിന്നും അടർത്തിഎടുത്ത  സ്വർണ്ണ നിറമുള്ള പൂവൻപഴങ്ങൾ  അയാൾ അവൾക്കായി വാങ്ങി.

സ്റ്റേഷനിൽ നിന്നും അധികം ദൂരമില്ല . അയാളുടെ ഫ്ലാറ്റിലേക്ക് .  ബാഗ് തോളിലിട്ടു  കൈയ്യിലെ പൊതിയിൽ പൂവമ്പഴവുമായി അയാൾ നടന്നു. നടക്കുമ്പോൾ അയാൾ  ആലോചിച്ചു . നാളെ പനി പിടിക്കുമോ? അത്രയ്ക്ക് നനഞ്ഞിട്ടുണ്ട് . ചെന്നയുടനെ തല മുഴുവനും തോർത്തണം. നനഞ്ഞ മുടി ഇഴകൾ അയാൾ  കോതി ഒതുക്കി.  എന്തായാലും ഈ മഴ കൊണ്ട് ഒരു ഗുണം ഉണ്ട് . നാളെ ഓഫീസിൽ പോകുവാൻ പറ്റും എന്ന് തോന്നുന്നില്ല. ഇനി ട്രെയിനുകൾ ഓടണം എന്നുണ്ടെങ്കിൽ രണ്ടു ദിവസം കുടി കഴിയും. നാളെ  മിക്കവാറും അവധി പ്രഖ്യാപികുവാനും വഴിയുണ്ട്.

എന്തായാലും  നാളെ ഓഫീസിൽ പോകുന്നില്ല  അയാൾ മനസ്സിൽ ഉറപ്പിച്ചു . അവളുടെ കുടെ തന്നെ ഇരിക്കണം .  ബാൽക്കണിയിലുടെ  മഴയുടെ  ഭംഗി ആസ്വദിച്ചു , കട്ടൻ കാപ്പി കുടിച്ചു അങ്ങനെ മടിയോടെ ഇരിക്കണം.   അവളെ കെട്ടി പിടിച്ചു വെളിച്ചം വീഴും വരെയും കിടന്നുറങ്ങണം .

ദൂരെയായി അയാളുടെ ഫ്ലാറ്റ്  കാണാം . ഇനി ഇപ്പോൾ  ഇടവഴിയിലുടെ പോയി വലത്തോട്ട് തിരിഞ്ഞു  പോയാൽ മതി.  വിജനമായ വീഥി . ഒറ്റക്കു അയാൾ മാത്രമായി നടക്കുന്നു.   ഛെ , കേശു ഭായിയുടെ കടയിൽ  നിന്നും  മെഴുകുതിരി മേടിക്കുവാൻ മറന്നിരിക്കുന്നു . മെഴുകുതിരി ഉണ്ടാകുമോ  അവിടെ? അയാൾ മനസ്സിൽ ഓർത്തു .

ഏന്തി നടക്കുമ്പോൾ അയാളുടെ കാലൊന്നു തെന്നി.  കൈയ്യിലെ  പൊതി പൊട്ടി ,  പിടി വിട്ടു  താഴേ വെള്ളത്തിലേക്ക്‌  വീണു. അരണ്ട വെളിച്ചത്തിൽ    പൊതിയിൽ നിന്നും തെറിച്ചു പടലയിൽ നിന്നും വേർ പെട്ട് പൂവമ്പഴങ്ങൾ കലക്ക വെള്ളതിലൂടെ ഒഴുകി പോകുന്നത് അയാൾ കണ്ടു .  അവ  എടുക്കുവാനായി അയാൾ മുന്നോട്ടു് ഒന്ന് അഞ്ഞു.  ആ ഒരു നിമിഷത്തിനുള്ളിൽ ജലസ്രോതസ്സിന്റെ  ആഴത്തിലുള്ള ദ്വാരത്തിലൂടെ അയാൾ താഴേക്ക് പതിച്ചു. ഒരേ ഒരു നിമിഷം .... അയാൾക്ക് ഒന്നും ശബ്ദിക്കുവാൻ കഴിയും മുമ്പേ. ..............

അപ്പോഴും പടലയിൽ നിന്നും വേർപെട്ട പഴങ്ങൾ
ആ കലക്ക വെള്ളത്തിലൂടെ ഒലിച്ചു  നീങ്ങുന്നുണ്ടായിരുന്നു.**മലയാളത്തിന്റെ പ്രിയകഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ   പൂവൻ പഴം  എന്ന ചെറു കഥ ഓർമ്മിച്ചുകൊണ്ട്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ