2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

നീലിമ




സിനിമ കഴിഞ്ഞു വീട്ടിലേക്കു നടക്കുമ്പോഴും അയാളുടെ മനസ്സിൽ രാവിലെ സംഭവിച്ച കാര്യങ്ങൾ തന്നെയായിരുന്നു . മറക്കുവാൻ ശ്രമിച്ചാലും തികട്ടി വരുന്ന ഓർമ്മകൾ .

അയാൾ സമയം അറിയുവാനായി വാച്ചിലേക്ക്  നോക്കി . സമയം പന്ത്രണ്ടു കഴിഞ്ഞു  പത്ത്‌  മിനുട്ട് . ഓട്ടോ പോലും കിട്ടില്ല . ഇനി വീട്ടിലേക്കു പോകണം എന്നുണ്ടെങ്കിൽ  റോഡിറങ്ങി ഇലന്തൂർ മന വഴി പോകണം .
 അങ്ങനെയാണെങ്കിൽ ഒരു നാൽപ്പതു മിനുട്ട് നടന്നാൽ മതി. രാത്രി സിനിമയ്ക്ക് പോകുന്ന പതിവില്ല. വീട്ടിൽ ഇരുന്നപ്പോൾ ഗോവിന്ദൻ നായരുടെ തീക്ഷ്ണമായ പരിഹാസം ചാട്ടുളി പോലെ വീണ്ടും  നെഞ്ചിൽ തറച്ചിരിക്കുന്നു . മടുപ്പ് തോന്നിയതുകൊണ്ടാണ്  ടൗണിലേക്ക് ഇറങ്ങിയത്.. . അപ്പോഴാ പഴയ സ്നേഹിതൻ രഘുവിനെ കണ്ടത് . അവൻ നിർബന്ധിച്ചപ്പോൾ ഈ സിനിമയ്ക്ക് കയറി . ഇത്ര താമസിക്കും എന്നൊന്നും അപ്പോൾ കരുതിയില്ല.

പണ്ട് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് . ഉഗ്രപ്രതാപികളായ മന്ത്രവാദികൾ ആയിരുന്നു ഇലന്തൂർ മനയിലെ പൂർവികർ . ഇപ്പോൾ അവിടെ ആരും  താമസിക്കുന്നില്ല . ഇപ്പോഴത്തെ അവകാശി അമേരിക്കയിൽ ആണെന്നാണ് കേട്ടിരിക്കുന്നത്. .മന വില്പനയ്ക്ക് വച്ചിട്ട് കുറെ നാൾ ആയെങ്കിലും ഇതുവരേക്കും അത് വിൽക്കുവാൻ തരപ്പെട്ടിട്ടില്ലെന്നാണറിവ് .
മന  വാങ്ങാൻ വരുന്നവരെ മനയ്ക്കലെ രക്ഷസ്  തടസപെടുത്തുന്നതാണ് എന്നാണ് പൊതുവെ ജനസംസാരം .

കേട്ട് കേൾവിയാണ് . പ്രശസ്തനായ മാന്ത്രികൻ ആയിരുന്നു ഭദ്രദത്തൻ നമ്പുതിരിപ്പാട്‌ . സൽകർമങ്ങൾ മാത്രം ചെയുന്ന , വൈദ്യത്തിലും  , ജ്യോതിഷത്തിലും അസാമാന്യ പാടവമുള്ളവരായിരുന്നു മനയ്ക്കലെ തിരുമേനിമാർ . അവരേവർക്കും  ഭദ്രകാളി കടാക്ഷം വേണ്ടാവോളം ഉണ്ടായിരുന്നു. മനയ്ക്കലെ തിരുമേനിമാർ ഒഴിപ്പിക്കുവാൻ ശ്രമിച്ചാൽ  ഒഴിഞ്ഞു പോവാത്ത ഒരു ബാധയും  ഉണ്ടായിരുന്നില്ല.ഇല്ലത്തു തന്നെ ദേവി  ഭാവത്തിൽ കുടി  ഇരുത്തിയ യക്ഷികളും , രക്ഷസും ഉണ്ട്. വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ചാത്തന്മാരും ഉണ്ട്. കൈയ്യിൽ ചൂരൽ കെട്ടിയ കുറുവടിയുമായ ചാത്തൻ . ആ പരമ്പരയിലെ തിരുമേനിമാരിൽ അഗ്രഗണ്യൻ ആയിരുന്ന   ബ്രഹ്മദത്തൻ  നമ്പുതിരിയുടെ മകനാണു ഭദ്രദത്തൻ നമ്പുതിരിപ്പാട്‌ . . .

പണ്ട് ഇലന്തൂർ മനയിലെ ഒരു തിരുമേനി ദുരമന്ത്ര വാദിയയായ പറങ്ങോട്ടപ്പന്റെ  ശിഷ്യൻ ആയി. ആ തിരുമേനിയെ മനയ്ക്കൽ നിന്നും പുറത്താക്കിയപ്പോ തിരുമേനിയുടെ വാസം പറങ്ങോട്ട്     ഇല്ലത്തായി . അന്ന് മുതൽ തുടങ്ങിയതാണ് പറങ്ങോട്ടു മനക്കാരും , ഇലന്തുർ മനക്കാരും തമ്മിലുള്ള ശത്രുത

ആഭിചാര ക്രിയകൾ   ചെയുന്ന  പറങ്ങോട്ടു ഇല്ലക്കാരും , ഇലന്തൂർ ഇല്ലക്കാരും തമ്മിൽ കൊടിയ ശത്രുതയിൽ ആയിരുന്നു എന്ന് പറഞ്ഞുവല്ലോ . . ഇലന്തൂർ മനയിലെ സന്തതി പരമ്പരകളെ  ഉന്മൂലനം ചെയ്യണം , ആ മന   വെണ്ണീറാക്കണം എന്നതായിരുന്നു പറങ്ങോടന്റെ ആഗ്രഹം . പറങ്ങോടന്റെ ക്രൂരതകൾ വർധിച്ചപ്പോൾ ചാത്തൻ സേവയിലൂടെ ഭദ്രദത്തൻ തിരുമേനി  പറങ്ങോടനെ ഭ്രാന്തനാക്കി മാറ്റി..

പറങ്ങോടന്റെ  ഉപാസന മൂർത്തിയായ  നീലിമ എന്ന ദുഷ്ട   രക്ഷസിനെ    ദൈവീക ഭാവത്തിലാക്കി  മനയ്ക്കൽ പ്രതിഷ്ഠിച്ചു.. കാലം കഴിഞ്ഞു പോയി എങ്കിലും  ഇന്നും രാവിലെ ആരെങ്കിലും കാവിൽ  വിളക്കുവച്ചു രാക്ഷസിനെ പ്രാർത്ഥിക്കും . സന്ധ്യ കഴിഞ്ഞാൽ ആരും ആ വഴി പോകാറില്ല . വിജനമായി വീഥി . കാട്ടു മരങ്ങൾ ഇടതൂർന്നു നിൽക്കുന്നു . ഉരഗ ജീവികളുടെ ശല്യം ഉണ്ടാകാം .


കാവിനു സമീപം എത്തിയപ്പോൾ ആരോ തന്നെ പിന്തുടരുന്നു എന്നൊരു തോന്നൽ .

കുറച്ചു നേരം അവിടെ നിന്ന് എല്ലാ ദിശയിലേക്കും അയാൾ കണ്ണോടിച്ചു . ഇല്ല ഒരനക്കവും ഇല്ല. തോന്നിയതാകാം .

വീണ്ടും പതിയെ നടന്നു തുടങ്ങിയപ്പോൾ ആരോ പിറകിൽ ഉണ്ടെന്നുള്ള തോന്നൽ . പതിഞ്ഞ താളത്തിലുള്ള   ഒരു ശബ്ദം .കാലടിയൊച്ച . കൊലുസിന്റെ  ചെറിയ കൊഞ്ചൽ .

കാലിന്റെ പെരുവിരലിൽ നിന്നും ഒരു തണുപ്പ് അരിച്ചു കയറി അയാളുടെ തലയിൽ എത്തി.ശരീരം ആകെ കോച്ചി തരിച്ചു നിൽക്കുന്ന പോലെ ...

എന്തും വരട്ടെ എന്ന് കരുതി അയാൾ തിരിഞ്ഞു പിറകിലേക്ക് നോക്കി. ആരുമില്ല. ഒന്നുമില്ല പണ്ട് 'അമ്മ പറഞ്ഞ കഥകൾ കേട്ടിട്ടുള്ള ഭയം ആയിരിക്കും ഈ തോന്നൽ . അല്ലാതെ  ഈകാലത്തു  യക്ഷിയും രക്ഷസും ഒക്കെ ഉണ്ടോ . വെറുതെ  മനുഷ്യനെ ഭയപെടുത്തുവാൻ ഉണ്ടാക്കി വച്ച  കെട്ടു കഥകൾ . മനസിനെ പാകപ്പെടുത്തി പതിയെ അയാൾ നടക്കുവാൻ തുടങ്ങി.

കുറച്ചു നേരം നടന്നപ്പോൾ വീണ്ടും അതെ ശബ്ദം . അയാളിൽ വിറയൽ ഉടലെടുത്തു.. ഇപ്പോൾ അയാൾക്ക്‌ വ്യക്തമായി കേൾക്കാം പാദസരത്തിന്റെ  കിലുക്കം. അത് പതിയെ അയാളുടെ അരികിലേക്ക് വരുന്നു.

ഇപ്പോൾ അയാൾക്കറിയാം അത് തോന്നൽ അല്ല . പിറകിൽ ആരോ ഉണ്ട്.  അത് തൊട്ടു തൊട്ടില്ല എന്നപോലെ  തൊട്ടു പിറകിൽ ഉണ്ട്. ആരാണ് . മനയ്ക്കലെ രക്തദാഹിയായായ രക്ഷസ് ആണൊ . പറങ്ങോടൻ ഉപാസിച്ച മനുഷ്യ രക്തം കുടിക്കുന്ന ഭീകര രൂപിയായായ നീലിമ.

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങൾ

തിരിഞ്ഞു നോക്കാതെ  ധൈര്യം സംഭരിച്ച വിറയോടെ അയാൾ ചോദിച്ചു .

"ആരാണ് "

"ഞാൻ നീലിമ   ഈ  കാവിന്  അധിപതി. രാത്രികാലങ്ങളിൽ  ആരിവിടെ സഞ്ചരിച്ചാലും അവർ എനിക്കുള്ളതാണ് . അതാണ് നിയമം .  ആ  വ്യവസ്ഥയിൽ  എന്നെ ഇവിടെ കുടി  ഇരുത്തിയതാണെന്നു അറിയില്ലേ നിനക്ക്. .... "

പേടി കൊണ്ടായാൾ  വിറച്ചു.

എന്നാലും ചോദിച്ചു ..

" എന്നെ കൊല്ലാൻ പോവുകയാണോ "

അതിനുത്തരം അവളുടെ ഭീകരമായ പൊട്ടി ചിരി ആയിരുന്നു.

അയാൾക്കവിടെ നിന്നും ഓടി രക്ഷപ്പെടണം എന്നുണ്ട് . പക്ഷെ പറ്റുന്നില്ല.

അത് മനസിലാക്കിയിട്ട്  എന്നപോലെ അവൾ പറഞ്ഞു.

"എന്റെ അനുവാദം ഇല്ലാതെ നിനക്കെന്നല്ല ആർക്കും  ഈ കാവ്  വിട്ട്  ഒരടി അനങ്ങുവാൻ കഴിയില്ല."

"നിന്റെ മരണം അടുത്തിരിക്കുന്നു. നിന്നെ രക്ഷിക്കുവാൻ ആരും ഇന്നിനി ഈ വഴി വരികയില്ല. "

 തിരിഞ്ഞു അവളെ നോക്കണം എന്നുണ്ട്. വയ്യ . സ്‌തംഭനാവസ്ഥ .
കണ്ണുകൾ രണ്ടും അടച്ചു. അറിയാവുന്ന മന്ത്രങ്ങൾ ഓർത്തെടുക്കുവാൻ ശ്രമിച്ചു... ഇല്ല. ഒന്നും ഓർമ വരുന്നില്ല.  രക്തദാഹിയായ രാക്ഷസിന്റെ കൈ കൊണ്ടുള്ള മരണം .

അവളുടെ  കൈകൾ അയാളുടെ രണ്ടു തോളിലും തൊട്ടു. . തണുത്ത ഉറഞ്ഞ കൈകൾ . ആ കൈകളിൽ നീണ്ട  വൃത്തികെട്ട നഖങ്ങൾ ഉണ്ടായിരിക്കും . അവളുടെ ചുണ്ടുകൾ , അല്ല ആ  രക്തം പുരണ്ട  ദംഷ്ട്രകൾ അയാളുടെ കഴുത്തിനെ ചുംബിക്കുവാൻ  ഒരുങ്ങി .   മോഹാലസ്യപ്പെട്ടു വീഴുവാൻ ഒരുങ്ങിയ അയാളെ അവളുടെ  കൈകൾ താങ്ങി. ബോധം നശിച്ചു. പൂർണമായും അയാൾ അവളുടെ അധീനത്തിൽ ആയി കഴിഞ്ഞിരിക്കുന്നു.

.................................................................................................................................................

രാവിലെ ഗോപന്റെ കൂടെയാണ് അയാൾ പെണ്ണ് കാണാൻ പോയത് . അവന്റെ ഓട്ടോ റിക്ഷയിൽ . ഗോപൻ ,   രമേശന്റെ  അളിയനാണ് . അതിലുപരി  ഒരുമിച്ചു കളിച്ചു വളർന്ന സുഹൃത്താണ് ,  ഗൗരിയോടുള്ള അവന്റെ ഇഷ്ടം
അറിഞ്ഞപ്പോൾ സന്തോഷം ആണ് തോന്നിയത്. ഗോപന് ആകെ സ്വന്തമായി ഉണ്ടായിരുന്നത് ഒരു ഓട്ടോ മാത്രം. പക്ഷെ പെങ്ങളെ അവൻ പൊന്നുപോലെ നോക്കും എന്ന് രമേശാണ്  അറിയാമായിരുന്നു. പ്രീഡിഗ്രി തോറ്റു  പഠിപ്പു നിറുത്തിയ ഗൗരിയെ എല്ലാം അറിഞ്ഞു വിവാഹം കഴിക്കുവാൻ  തൈയ്യാറായ  ഗോപന്റെ മനസിന്റെ വലിപ്പം രമേശാണ് അറിയാമായിരുന്നു.. അവൻ ഓടിക്കുന്ന ഓട്ടോ അടക്കം മുന്ന് ഓട്ടോയുണ്ടവന് . രണ്ടെണ്ണം വാടകയ്ക്ക് ഓടുന്നു. മോശമില്ലാത്ത ഒരു തുക അവൻ നിത്യവും സമ്പാദിക്കുന്നുണ്ട് .

"ഈ കുശിനിക്കാരന്  പെണ്ണ് ചോദിക്കാൻ   നിനക്ക്  നാണം ആവില്ലേ ഗോപാ . അല്ല  അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാ , നീ ഓട്ടോ പണി
നിറുത്തി ബ്രോക്കർ പണി തുടങ്ങിയോ. നിന്റെ പരിപ്പ് ഈ തറവാട്ടിൽ വേവില്ല .  വല്ല നല്ല സർക്കാർ ജോലിക്കാരൻ ഉണ്ടെങ്കിൽ കൊണ്ടുവാ . തറവാട് ക്ഷയിച്ചിരിക്കുകയാ എന്ന് കരുതി കീഴ് ജാതിക്കാരനെ കൊണ്ടെന്നും ഈ തറവാട്ടിലെ കുട്ടിയുടെ മംഗലം  കഴിക്കാം എന്നാരും മോഹിക്കേണ്ടാ . ഇത് ഒരു മാതിരി  നാറ്റ കേസുമായി വന്നിരിക്കുന്നു  "

ഗോവിന്ദൻ നായർ അങ്ങനെ പറഞ്ഞപ്പോൾ  രമേശൻ ആകെ വല്ലാതായി.
അയാൾ പതിയെ ഇരുന്നിടത്തു നിന്നും എഴുനേറ്റു.

" നമുക്ക് പോകാം ഗോപാ ,   ഞാൻ പറഞ്ഞതല്ലേ ഈ ബന്ധം ശരിയാവില്ല എന്ന് ."

"നീ അടങ്ങു രമേശാ.   നീ എന്റെ വണ്ടി എടുത്തു പൊക്കൊളു . ഞാൻ പിന്നെ വരാം എനിക്കിവിടെ അടുത്തു ഒരു കൂട്ടം പണിയുണ്ട് ." ഗോപൻ ഓട്ടോയുടെ ചാവി രമേശാണ് നീട്ടികൊണ്ടു പറഞ്ഞു 

രമേശൻ അവന്റെ ഓട്ടോ  തിരിച്ചു , ഇടവഴിയിലൂടെ ഓട്ടോ പോകുന്നത് ഗോപൻ നോക്കി നിന്നു  കണ്മുന്നിൽ നിന്നും ആ ഓട്ടോ മറഞ്ഞപ്പോൾ എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ഗോപൻ പിന്തിരിഞ്ഞു ആ ഗേറ്റ് വീണ്ടും തള്ളി തുറന്നു..ഗേറ്റ് കടന്നു ആ വീട്ടുമുറ്റത്തേക്ക് കടന്നപ്പോഴേ ആ  കാർന്നോരുടെ പ്രസംഗം ഉച്ചത്തിൽ അവിടെ മുഴങ്ങുന്നുണ്ടായിരുന്നു. ... 


"എന്ത് വിചാരിച്ചിട്ടാണ്... . വെറുമൊരു കൃഷിക്കാരന്  നമ്മുടെ  കൊച്ചിനെ കൊടുക്കണം എന്നോ?   ഇതിലും വലിയ . ബന്ധം ഞാൻ അവൾക്കു കൊണ്ടുവരും .   ഒരു കുശിനിക്കാരൻ   . ... തൂഫ്... "   ഗോവിന്ദൻ നായർ നീട്ടി പുറത്തേക്കു തുപ്പി. 

"ഒന്ന് പതുക്കെ പറയ്  ഓപ്പേ ,   അവർ പോയല്ലോ...   നമുക്കറിയാമല്ലോ  രമേശനെ .  നല്ല സ്വഭാവം.. അത്കൊണ്ടാണ്   നീലിമയെ  കാണാൻ അവരോടു വരാൻ പറഞ്ഞത്.. എന്നാലും ഇങ്ങനെ അപമാനിച്ചു ഇറക്കി വിടേണ്ടിയിരുന്നില്ല.. "

"പിന്നെ അവനെയൊക്കെ ഞാൻ പട്ടും വളയും കൊടുത്തു സ്വീകരിച്ചിരുത്താം.. അല്ല പിന്നെ.. ഒരു ദേഹണ്ഡക്കാരൻ വന്നേക്കുന്നു... "


ഈ പ്രാവശ്യം മുറുക്കി തുപ്പാൻ  പുറത്തേക്കു വന്ന അയാൾ  ഗോപനെ  കണ്ടു ഒന്ന് പതറി... പെട്ടെന്നവിടെ ഗോപനെ കണ്ടപ്പോൾ  സരോജിനി  എന്തോ പറയാൻ ആഞ്ഞതും ഗോപൻ ഒന്നും ഇങ്ങോട്ട് പറയണ്ട എന്ന് മട്ടിൽ ആംഗ്യം കാണിച്ചു. 

"എടോ കാർന്നോരേ ,   താൻ  ആരാ എന്നാ തന്റെ വിചാരം . തനിക്കും ഈ കുടുംബവുമായി എന്താ ബന്ധം . ഇവരുടെ നേരാങ്ങള ഒന്നുമല്ലല്ലോ  നിങ്ങൾ . പിന്നെ പറയുകയാണെങ്കിൽ വകയിലെ ഏതോ ഒരു ബന്ധു .  അല്ല ... നിങ്ങളുടെ വീട്ടിൽ നിങ്ങൾക്കു വല്ല സ്ഥാനം ഉണ്ടോ. നിങ്ങളുടെ മകൾ അല്ലെ ക്രിസ്ത്യാനിയായ ബെന്നിയുടെ കൂടെ ഒളിച്ചോടി പോയത് .  അന്ന് നിങ്ങൾക്ക് തറവാടിന്റെ അന്തസ് ബാധകം ആയിരുന്നില്ലേ?  അവൾ നിങ്ങൾ പറഞ്ഞ കേട്ടോ . 

 നിങ്ങളുടെ മകൻ ഉണ്ടല്ലോ  ആ താന്തോന്നി , പട്ട അടിച്ചു ഒരു പണിക്കും പോകാതെ  നടക്കുന്ന പ്രദീപ് അവൻ പോലും നിങ്ങൾ പറയുന്ന എന്തെങ്കിലും കേൾക്കുന്നുണ്ടോ?

 ഈ വീട്ടുകാർ നിങ്ങൾക്ക്  അല്പം ബഹുമാനം തരുന്നു എന്ന് കരുതി "
   
രമേശനെ ഇറക്കി വിട്ടല്ലോ നിങ്ങൾ   അടുക്കളക്കാരൻ എന്ന് വിളിച്ചു…അതേ അവൻ ഒന്നാതരം അടുക്കളപ്പണിക്കാരൻ തന്നെയാണ്... ഒന്നും രണ്ടും പേർക്കല്ല പത്തു രണ്ടായിരം പേർക്ക് വെച്ചുണ്ടാക്കി കൊടുക്കുന്ന നല്ല കൈപ്പുണ്യം ഉള്ള ദേഹണ്ഡക്കാരൻ.. കല്യാണത്തിനും അടിയന്തരത്തിനുമൊക്കെ നല്ല വടിവൊത്ത ഡ്രെസ്സുമിട്ട് പന്തിയിൽ ചെന്നു ഇരിപ്പുറപ്പിക്കുമ്പോൾ മുന്നിൽ നിവർത്തിയിട്ടിരിക്കുന്ന തൂശനിലയിൽ തൊടുകറി മുതൽ പപ്പടം ,പായസം വരെ വിളമ്പി തരുന്നതേ നിങ്ങൾ പുച്ഛിച്ചു തള്ളിയ രമേശനെ പോലുള്ള അടുക്കളക്കാരൻമാർ ഉള്ളത് കൊണ്ടു മാത്രമാണെന്ന് ഓർമ വേണം.. 

 നാലു നേരം വെട്ടി വിഴുങ്ങി .  അലക്കി തേച്ചു ജുബ്ബയും  ഇട്ടുനടക്കുന്ന തന്നെ പോലുള്ള കാർന്നോർ ചമയുന്നോർക്ക് അല്ലേലും , എന്തേലും മുട്ടാപ്പോക്ക് പറഞ്ഞു അനന്തരവളുടെ കല്യാണം മുടക്കുന്നത് അന്തസ് ആയിരിക്കും.. എന്നാലേ പ്രാർത്ഥനയും വഴിപാടും ഒക്കെ ആയി  സരോജിനി ചേച്ചിയെ പോലുള്ള അമ്മമാർക്ക് അത്‌ നെഞ്ചത്ത് കത്തി കുത്തിയിറക്കുന്ന വേദന ആയിരിക്കും... "

"ഗോപാ ,  "    ഗോപന്റെ  സ്വരം ഉയർന്നു കാര്യങ്ങൾ പറയുന്ന രീതി മാറിയപ്പോൾ സരോജിനി ഇടക്ക് കയറി... 

"ഞാൻ പറയട്ടെ ചേച്ചി ,.. അവനെ  അപമാനിച്ചു ഇറക്കി വിട്ടിട്ട് രണ്ടു വാക്ക് ചോദിക്കാതെ ഞാൻ പോയാലെ ഇന്നിനി ഒന്നും ദഹിക്കില്ല എനിക്ക്... അത്രക്ക് നല്ല ചെക്കനാ അവൻ..   എന്റെ കൂട്ടുകാരൻ ആയതു കൊണ്ടല്ല . അവനെ ഞാൻ അറിയുന്ന പോലെ ആർക്കും അറിയില്ല. 

അതോണ്ട് തന്നെയാണ് ഇവിടുത്തെ നീലിമക്ക്  അവന്റെ  ആലോചന ഞാൻ കൊണ്ടു വന്നത്... "

"എന്നാ പിന്നെ ഞാൻ അങ്ങട്ട് ഇറങ്ങുവാ സരോജിനിയെ  . "സാഹചര്യം പന്തിയല്ലെന്ന് കണ്ടു അമ്മാവൻ സഭയിൽ നിന്നും പിൻവലിയാനുള്ള ഒരു വിഫലശ്രമം നടത്തി... 

അങ്ങനങ്ങു പോകാതെ കാർന്നോരെ.. എനിക്ക് പറയാനുള്ളത് മുഴുവനും കേട്ടിട്ട് പോയാൽ മതി . നിങ്ങള് എന്തറിഞ്ഞിട്ടാ അവനെ  വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞത്..

ഉരുൾ പൊട്ടി വീട് അടക്കം തകരുമ്പോൾ  മരിച്ചതു മുന്ന് പേര് ആണ് . അവന്റെ അച്ഛനും , അമ്മയും , ചേച്ചിയും .  അന്നവന്  പ്രായം പതിനേഴു തികഞ്ഞിട്ടില്ല .  മൂത്ത ചേച്ചിയെയും , അനിയത്തിയേയും നോക്കണം . അതിനാ അവൻ പഠിപ്പു നിറുത്തിയത്.  അവന്റെ ചേച്ചിയും ഒരു പാട്  കഷ്ടപെട്ടിട്ടുണ്ട് . ടുഷ്യൻ  പഠിപ്പിച്ചും  , പറമ്പിലെ പണിയും ഒക്കെ ആയ്യി . പക്ഷെ   രമേശൻ അവരുടെ പഠിപ്പ് നിറുത്തിയില്ല . അവരെ പഠിപ്പിച്ചു .  വാർക്ക പണിക്കും , ഇളയതിന്റെ  കൂടെ ദേഹണ്ഡത്തിനു പൊയിയും , പിന്നെ അവന്റെ പറമ്പിലെ കൃഷിയും ഒക്കെ ആയി . വിശ്രമം എന്തെന്നവൻ അറിഞ്ഞിട്ടില്ല .  ഇന്നവന്റെ ചേച്ചിക്കു മണപ്പുറം ബ്രാഞ്ചിൽ ജോലിയുണ്ട് . അവരുടെ ഭർത്താവിനും ഉണ്ട് ഉദ്യോഗം .  "

"മരിക്കുമ്പോൾ ഇളയത് കൈ തലയിൽ തൊട്ട് അനുഗ്രഹിച്ചത് മകനെയല്ല . ഇപ്പോൾ  ഇറങ്ങിപ്പോയ ആ രമേശനെയാ .ഇളയതിന്റെ കൈപ്പുണ്യം അവനു കിട്ടിയിട്ടുണ്ട് , പറക്കമുറ്റാത്ത രണ്ടു പെൺകുഞ്ഞുങ്ങളെ അവന്റെ കൈയിൽ ഏല്പിച്ചു ആയുസെത്തും മുൻപ് ചത്തൊടുങ്ങിയ  അച്ഛനും അമ്മയ്ക്കും പകരം അവൻ ആയി അവരുടെ തുണ.  തോറ്റു   കൊടുക്കുവാൻ അവൻ തയാർ അല്ലായിരുന്നു . 

ആ രണ്ടു കുട്ടികളെയും  അടക്കി പിടിച്ചു പകച്ചു നിന്ന ആ പതിനേഴുകാരൻ പയ്യൻ അന്ന്  അവനു കൂടെ ഒരു ആശ്വാസത്തിന് എങ്കിലും  ഞാനേ   ഉണ്ടായിരുന്നുള്ളൂ.  ഈ ഗോപൻ .

ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ   കഴിയാതെ  വന്നപ്പോൾ കയ്യിലെടുത്തത് ചട്ടുകം ആയിരുന്നു...  അവന്റെ അച്ഛൻ നല്ല പാചകക്കാരൻ ആയിരുന്നല്ലോ .....   ഇളയതിന്റെ  കൂടെ കൂടി അവൻ  ആ  പണി  ഏറ്റെടുത്തത് മുന്ന്  വയറു നിറക്കാൻ വേണ്ടി മാത്രം ആയിരുന്നു... 

അടുക്കള പെണ്ണുങ്ങളുടെ മാത്രം കുത്തകയല്ലെന്ന് അവൻ തെളിയിച്ചു അവന്റെ കഷ്ടപ്പാട് ഒന്നുകൊണ്ടു മാത്രം ആയിരുന്നു...മൺകട്ട കൊണ്ടു കെട്ടിയ തേയ്ക്കാത്ത ആ ഒറ്റമുറി വീട്ടിലെ അടുക്കളയിൽ നിന്ന്  അവൻ കെട്ടി പൊക്കിയതാ ആ രണ്ടു നില മാളിക . 

അവനേറ്റ കരിയും പുകയും ആയിരുന്നു അവന്റെ പെങ്ങന്മാർക്കു നിറമുള്ള ജീവിതം നൽകിയത്... ഒരാളുടെ മനസു നിറക്കാൻ ആദ്യം അയാളുടെ വയറു നിറക്കണമെന്നാ പഴമക്കാർ പറയുന്നേ... അങ്ങനെ മനസറിഞ്ഞു അവൻ ഒരുക്കിയ ഓരോ ഭക്ഷണവും കുടുംബം പോറ്റാൻ വേണ്ടിയായിരുന്നു... 


പിന്നെ ആ പുരയിടത്തിൽ അവൻ നട്ടാൽ വിളയാത്ത ഒരു വിളയും ഇല്ല. ചക്കയും, കപ്പയും, ഇഞ്ചിയും , വാഴയും , മാങ്ങയും ചേനയും , പയറും അടക്കം .   അവന്റെ . . വയ്‌പിനുള്ള പച്ചക്കറികൾ മിക്കവയും അവന്റെ തൊടിയിൽ അവൻ നാട്ടു വളർത്തുന്നതാ . അവന്റെ  കഷ്ടപ്പാട് തന്നെയാണ് ഇന്ന്  രമേശനെ  നാലാളറിയുന്ന കാറ്ററിങ്ക്കാരൻ ആക്കിയത്...

സ്വന്തം പ്രയത്‌നം കൊണ്ടു അവൻ  രണ്ടു  പെങ്ങമാരെയും കെട്ടിച്ചു വിട്ടു...ഇന്ന് നിങ്ങള് കൃഷിക്കാരനും  പാചകക്കാരനും  എന്നൊക്കെ വിളിച്ചു കളിയാക്കിയല്ലോ.. എന്നിട്ടും ഒരക്ഷരം മിണ്ടാതെ ചിരിച്ചോണ്ട് അവൻ ഈ പടിയിറങ്ങി പോയിട്ടുണ്ടെ അത് അവന്റെ  മാന്യത.. "

" ഓപ്പ  അറിയാതെ പറഞ്ഞതാണ്  ഗോപാ  . ആ കൊച്ചനോട് ഞാൻ ക്ഷമ ചോദിച്ചു എന്ന് പറയണം... അല്ലാതെ എനിക്ക് എന്നാ ചെയ്യാനൊക്കുക? "

"ഒരു കാര്യം തുറന്നു പറഞ്ഞാൽ വിഷമം ഒന്നും തോന്നരുത്  സരോജിനി ചേച്ചിയെ... കാര്യം നിങ്ങടെ അങ്ങളയൊക്കെ തന്നെ എന്നാലും അച്ഛനില്ലാത്ത ഇവിടുത്തെ കൊച്ചിന്റെ കല്യാണം നടന്നു കാണണമെന്ന ആത്മാർത്ഥമായ ആഗ്രഹം കൊണ്ടു പറയുവാ ഇങ്ങേരു ഇവിടെ ഉള്ളിടത്തോളം കാലം ആ കൊച്ചിനൊരു നല്ല ജീവിതം വിധിച്ചിട്ടില്ല... "  അതുംകൂടി പറഞ്ഞു ഗോപൻ അവറ്റെ നിന്നും നടന്നു.  ഇത്രയെങ്കിലും പറയുവാൻ കഴിഞ്ഞല്ലോ . പാവം രമേശൻ അവൻ അപമാനിക്കപെട്ടാൽ തനിക്കു സഹിക്കില്ല. ഗൗരിയേക്കാൾ പാവമാണ് അവൻ .

"ഇനി നിങ്ങൾ ആയി . നിന്റെ പാടായി. ഇനി ഓപ്പേ  എന്ന് പറഞ്ഞു ആ  തോട് കടക്കരുത്. കാണട്ടെ നീലിയുടെ കല്യാണം എങ്ങനെ  നീ നടത്തും എന്ന്.  വന്നു വന്നു വഴിയിലുള്ളവർ ബന്ധക്കാരും  അകത്തുള്ളവർ പുറത്തും ആയി. സുകൃതക്ഷയം . അല്ലാതെ എന്ത് പറയുവാൻ . അവളിവിടെ കെട്ടാ  ചരക്കായി നിൽക്കുന്നത് കാണാൻ ഇടവരുത്തനെ എന്റെ ശാസ്താവേ , "   

ശാപവചനകൾ ചൊറിഞ്ഞുകൊണ്ടു ഇറുകിയ  മുഖവും പേറി  ഗോവിന്ദൻ നായർ  സഞ്ചിയും കയ്യിലെടുത്തു   മുറ്റത്തേക്ക് ഇറങ്ങി.  

 പടി കയറിവന്ന മഹാഭാഗ്യം പുറങ്കാല് കൊണ്ടു തട്ടിത്തെറിച്ചു പോയ തങ്ങളുടെ നിർഭാഗ്യത്തെയോർത്തു ആ അമ്മ നീറുന്നുണ്ടായിരുന്നു... 



"ഹലോ , മാഷെ , ഇതെന്താ ഇങ്ങനെ ബോധം ഇല്ലാതെ കിടക്കുന്നത് . "  നീലിമയുടെ ചോദ്യം അവനെ ഉണർത്തി . ഉണരുമ്പോൾ അവൻ ആ പാലച്ചുവട്ടിൽ തന്നെ ആയിരുന്നു .ഇലഞ്ഞി പൂമണം പൊഴിയുന്നു ഗന്ധം.

ഞാൻ ഇവിടെ..... , അല്ലാ കുട്ടി ഇവിടെ "   അവൻ എന്തോ പിറുപിറുത്തു.

എന്താ ഇന്നലത്തെ കെട്ട് ഇറങ്ങിയില്ല , ഗോപൻ ഇങ്ങനെ അല്ലല്ലോ  ഇയാളെപ്പറ്റി പറഞ്ഞത്. അവൾ സംശയത്തോടെ ചോദിചു "

രമേശൻ ചുറ്റും നോക്കി , കാവിൽ മരങ്ങളുടെ വിടവിലൂടെ സൂര്യന്റെ പ്രഭ . നേരം വെളുത്തു വരുന്നു.

അപ്പോൾ ഇന്നലെ പിറകിൽ കണ്ട രക്ഷസ്  തന്നെ കൊന്നില്ലേ!

"അവൾ  എവിടെ,   അവൾ എന്നെ കൊന്നില്ലേ , അവൻ  അവ്യക്തമായി ചോദിച്ചു "

"ആര് "

"നീലിമ , അവളെ ഞാൻ കണ്ടു.  കാവിൽ കുടി ഇരുത്തിയ രക്ഷസിനെ , നീലിമയെ "

ആര് , നീലിമയോ , അത് ഞാൻ അല്ലെ ........ ശരിക്കും നോക്ക്കിയെ എന്റെ വായിൽ ദംഷ്ട്രകൾ ഇല്ലേ എന്ന് .  ഇനി  ഈ ഗന്ധർവനെ ഒരു യക്ഷിയും കണ്ണ് വയ്ക്കില്ല . ഈ നീലിമ ഉള്ള കാലം വരേയ്ക്കും "

 അതും പറഞ്ഞു അവൾ ഉറക്കെ ചിരിച്ചു.

പക്ഷെ ഇപ്പോൾ അവൻ ഭയം തോന്നിയില്ല.


"നീലിമ ഇവിടെ ,"  അപ്പോഴും അവനു സ്ഥലകാല ബോധം വന്നിരുന്നോ

 " അതെ ഞാൻ വന്നത് ഒരു കല്യാണ സദ്യ ഒരുക്കുവാൻ  ഉണ്ട് . . അത് പറയുവാൻ  വന്നതാ . അപ്പോൾ ആണ് ഇയാൾ ഇങ്ങനെ വെള്ളം  അടിച്ചു കോൺ തെറ്റി ഇങ്ങനെ കാവിൽ  കിടക്കുന്ന കണ്ടത്.  അപ്പോൾ കാര്യങ്ങൾ എങ്ങനെയാ "

നീലിമ കൗതുകത്തോടെ ചോദിച്ചു...

നീലിമയുടെ   കല്യാണം ഉറപ്പിച്ചു എന്ന്  രമേശാണ്  മനസിലായി... മനസ്സിലെവിടെയോ ഒരു ചെറിയ നീറ്റൽ പോലെ...അന്ന് പെണ്ണ്  കണ്ടപ്പോൾ തന്നെ നീലിമയെ അവനു ഇഷ്ടമായിരുന്നു.. തനിക്കു വിധിച്ചപെണ്ണ് ഇതല്ല എന്ന് ആശ്വസിച്ചുകൊണ്ടു രമേശൻ  സദ്യയുടെ കാര്യങ്ങൾ സംസാരിക്കാനാഞ്ഞു... 

"അല്ല മാഷേ...   നിങ്ങള്ക്ക് അറിയാനുള്ള ആഗ്രഹം  ഇല്ലേ ?   കല്യാണ ചെക്കൻ ആരാണ് എന്ന്. " അവൾ കിലുങ്ങി ചിരിക്കുന്ന പോലെ ചോദിച്ചു 

അത് ഞാൻ അറിയേണ്ട ആവശ്യം ഇല്ലല്ലോ . സദ്യ ഒരുക്കലല്ലേ എന്റെ പണി.  പിന്നെ 
താൻ ചോദിച്ച സ്ഥിതിക്ക് ചോദിച്ചേക്കാം ..   ആരാണ് ആ ഭാഗ്യവാൻ ,  അയാൾ എന്താ ചെയുന്നത് "

"ഇപ്പൊ എങ്കിലും ചോദിച്ചത് നന്നായി... ആള് ഇവിടെ കാറ്ററിംഗ് നടത്തുന്നു... പേര് രമേശൻ .. വീട് ഇലഞ്ഞിക്കൽ .... " ഒറ്റ ശ്വാസത്തിൽ  നീലിമ  പറഞ്ഞു നിർത്തി ഇടങ്കണ്ണിട്ട് നോക്കിയപ്പോൾ  രമേശൻ ശെരിക്കും കിളിപോയി ഇരിക്കുക ആയിരുന്നു... 

"വേണ്ടഡോ... ഈ അടുക്കളയുടെ കരിയും പുകയും ഒക്കെ കൊള്ളാൻ തയ്യാറുള്ള ഒരു പാവം പെണ്ണെ എനിക്ക് ചേരൂ.. തനിക്കു നല്ല വിദ്യാഭ്യാസം ഉള്ള നല്ലൊരാളെ കിട്ടും.. ഒന്നുമല്ലെങ്കിലും താൻ ഒരു ഡിഗ്രിക്കാരിയല്ലേ ... ഇത് ശരിയാവില്ല... " ഒരു പുഞ്ചിരിയും സന്തോഷത്തോടെയുമുള്ള മറുപടിയും പ്രതീക്ഷിച്ച അവൾക്ക് പക്ഷെ രമേശന്റെ  മറുപടി ഞെട്ടൽ ഉണ്ടാക്കി... 

"അന്ന് അമ്മാവൻ അങ്ങനെ അധിക്ഷേപിച്ചു ഇറക്കി വിട്ടത് കൊണ്ടാണോ...?? "

"അങ്ങനെ ഒന്നും ഇല്ലെടോ...   ഞാൻ ജാതിയിൽ നിങ്ങളെക്കാൾ താഴെയല്ലേ . അങ്ങനെ പലതും . നമ്മൾ ചേരില്ല .

"നല്ല അടി കിട്ടും ചെക്കന് . ഇത്ര വരെ എത്തിച്ചിട്ടു കല്യാണം വേണ്ട
 എന്നോ ?. കൊന്നു കളയും ഞാൻ "   അല്പം അധികാരത്തോടെ അവൾ പറഞ്ഞു .

നീലിമ  കാര്യത്തിൽ തന്നെ ആണെന്ന് മനസിലാക്കി രമേശൻ  വെറുതെ ഒന്ന് പുഞ്ചിരിച്ചു... ഈ കാന്താരി പെണ്ണ് ആണല്ലോ ഇനി തന്റെ അടുക്കളക്ക്  അവകാശി എന്നയാൾ ഒരു നിമിഷം ഓർത്തു പോയി.."

"അപ്പോൾ എങ്ങനെയാ കാര്യങ്ങൾ എല്ലാം ഒകെ അല്ലെ " ചിരിച്ചുകൊണ്ടവൾ ചോദിച്ചു . പിന്നെ പുറം തിരിഞ്ഞു ചിരിയോടെ നടക്കുവാൻ ആരംഭിച്ചു.


അവൾ തിരികെ നടന്നു പോകുമ്പോൾ  അയാൾ വ്യക്തമായി കേട്ടു , ഇന്നലെ രാത്രിയിൽ അയാളുടെ പിറകിലായി വന്ന പദചലനം .    ആ പാദസരത്തിന്റെ കിലുക്കം ............