2017, ഏപ്രിൽ 29, ശനിയാഴ്‌ച

സുമാത്ര എന്ന ശ്രീലങ്കൻ പെൺകൊടി

ജീവിതം ഒരു യാത്രയാണ് . ആ മഹായാത്രക്കിടയിൽ സംഭവിക്കുന്ന ഓരോ ചെറുയാത്രകളും നമ്മെ  പുർണതയിലേക്കു നയിക്കുന്നു എന്ന് ആരോ പറഞ്ഞു കേട്ടിരിക്കുന്നു . പണ്ട് മുത്തച്ഛൻ പറഞ്ഞ കഥകളിൽ നിന്നുമാണ് ശ്രീലങ്കയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. രാമായണത്തിൽ  നിന്നും മനസിൽ കുടിയേറിയ ലങ്ക എന്ന  ഇന്ത്യൻ മഹാ സമുദ്രത്തിലെ മരതക  ദ്വീപിനെ കുറിച്ചുള്ള  ഓർമകൾക്കു വിത്തിട്ടത്  കുട്ടിക്കാലത്താണ്.  

കഴിഞ്ഞ തവണ നാട്ടിൽ പോയത് ശ്രീലങ്കൻ എയർവേയ്‌സിൽ ആയിരുന്നു. ഇന്ത്യൻ  പാസ്പോർട്ട് ഉള്ളവർക്ക് 'ഓൺ അറിവിൽ വിസയാണ്' ശ്രീലങ്കയിൽ. ഹിമാലി  വിക്രമസിംഗെ  എന്ന സുന്ദരി പെൺകുട്ടിയാണ് ഞങ്ങളുടെ ഈ  യാത്ര  തരപ്പെടുത്തിയത്.   ശ്രീലങ്കയിൽ പോകണം എന്ന് പറഞ്ഞപ്പോൾ എന്റെ ഒരു സുഹൃത്താണ്  ഹിമാലിയുടെ നമ്പർ തന്നത്. എയർപോർട്ടിൽ  ഞങ്ങളെ സ്വീകരിക്കുവാൻ ഹിമാലി  വന്നിരുന്നു. എപ്പോഴും ചിരിക്കുന്ന, നിറുത്താതെ  സംസാരിക്കുന്ന ശ്രീലങ്കൻ സുന്ദരി. 
എന്റെ ഭാര്യയുമായി അവൾ പെട്ടെന്ന് തന്നെ അടുത്തു. കഴിഞ്ഞ മാസം ഹിമാലി ഒരു സന്ദേശം അയച്ചിരുന്നു . അവളുടെ വിവാഹം ആണെന്ന് പറഞ്ഞുകൊണ്ട്.  ഇടക്കിടെ  വാട്ടസ് ആപ്പിൽ  പ്രൊഫൈൽ ചിത്രം മാറ്റുക എന്നുള്ളത് അവളുടെ ഒരു ഹോബിയാണ് .

നമുക്കറിയാവുന്ന ലങ്ക രാവണന്റെ ലങ്കയാണ്‌ .  ധനാഢ്യനായ കുബേരന്റെ സാമ്രാജ്യം.  സിലോൺ എന്ന പഴയ പേരിൽ അറിയപ്പെടുന്ന ശ്രീലങ്ക . ശ്രീലങ്കയെ കുറിച്ച്  ഹിമാലി  ഒരുപാട് വിശദീകരിച്ചു തന്നിരുന്നു . ശ്രീലങ്കയുടെ തലസ്ഥാനമായ  കൊളംബോ , ബുദ്ധദേവന്റെ ദന്തം സ്ഥിതി ചെയുന്ന കാൻഡി ,ദാബുളയിലെ 'ഗോൾഡൻ ടെമ്പിൾ ' , പിന്നവാലായിലെ ആന സങ്കേതം. പ്രസിദ്ധമായ സിലോൺ ചായയുടെ ഉറവിടമായ നുവാരയിലെ ടീ  എസ്റ്റേറ്റുകൾ  . ചരിത്രവും , സംസ്കാരവും ഇഴകി ചേർന്ന    ശ്രീലങ്ക   ഭാരതത്തിന്റെ ഒരു ഭാഗം തന്നെയല്ലേ എന്ന് തോന്നി പോകും .   

അലക്സ് എന്ന ഡ്രൈവറെ ഹിമാലി  ഞങ്ങൾക്കു വേണ്ടി ഏർപ്പാട് ചെയ്തിരുന്നു . അധികം ഒന്നും    സംസാരിക്കാത്ത വ്യക്തിയായിരുന്നു അലക്സ് .  ഒരു ഗൈഡിന് വേണ്ട ഗുണങ്ങൾ ഒന്നും തന്നെ അലക്സിന് ഉണ്ടായിരുന്ന്നില്ല . 


അലക്‌സിന്റെ  കാറിൽ ആയിരുന്നു ഞങ്ങളുടെ യാത്ര .  അധികമോന്നും  ശബ്ദിക്കാത്ത അലക്സിനെ കൊണ്ട് വർത്തമാനം പറയിപ്പിക്കുക എന്നത് ശ്രമകരമായ ജോലി ആയിരുന്നു.  പക്ഷെ ഞാൻ വിടുമോ . ഞാൻ ചോദ്യ ശരങ്ങൾ   എയ്തു കൊണ്ടേ ഇരുന്നു . അങ്ങനെ ആ യാത്രക്കിടയിൽ അലക്സ് പലതും പറഞ്ഞു , ശ്രീലങ്കയെ കുറിച്ച് , തമിഴ്പുലികളെ കുറിച്ച്, വംശിയ കലാപങ്ങളെ കുറിച്ച് , പ്രസിഡന്റ് ഭരണത്തെ കുറിച്ച് ,പിന്നെ   ജീവിതത്തിൽ  ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കിയ  സുനാമിയെ കുറിച്ചും. പക്ഷെ  എന്നെ സ്പർശിച്ചത്  അലക്സിനെ കഥ തന്നെയായിരുന്നു .  അലക്സിന്റെ മാതാപിതാക്കളുടെ കഥ. ക്രിസ്തു മതത്തിലേക്ക്  പരിവർത്തനം  ചെയപെട്ട  രാജലിംഗം ചിന്നദുരൈ എന്ന തമിഴന്റെയും , സുമാത്ര എന്ന ബുദ്ധവംശജയായ സിംഹളയുവതിയുടെയും കഥ.          
അലകസിന്റെ അച്ഛൻ   രാജലിംഗത്തിനു  നുവാരയിലെ  'ഹെറിറ്റൻസ് ടിഫാക്‌ടറിയിൽ'   ആയിരുന്നു ജോലി . വർഷങ്ങൾക്കു  മുന്നേ ഭാഗ്യം തേടി രാമേശ്വരത്തു നിന്നും സിലോണിലേക്കു കുടിയേറി പാർത്തവരിൽ  ഒരാളായിരുന്നു അലക്സിന്റെ അച്ഛൻ രാജലിംഗം.  അന്നത്തെ എസ്റ്റേറ്റ്  ജോലിക്കാർ മിക്കവാറും  തമിഴന്മാർ ആയിരുന്നു. എസ്റ്റേറ്റുകൾ  ബ്രിട്ടീഷ്കാരുടെ നിയന്ത്രണത്തിലും ആയിരുന്നു.  അതുകൊണ്ടു തന്നെ ഇംഗ്ലീഷ് സംസാരിക്കുവാനും മറ്റും കുടുതൽ പ്രാവിണ്യം തമിഴ് വംശജർക്കായിരുന്നു . ജോലിപരമായ  ഈ വിവേചനം  ഒരു വർഗീയകലാപത്തിനു തന്നെ തുടക്കം കുറിച്ചു.  തമിഴ്ന്മാരെ സിംഹളർ നിരന്തരം ആക്രമിച്ചു. അവരുടെ ജോലി തട്ടിയെടുക്കാനായി വന്നവർ എന്ന രീതിയിൽ തമിഴരെ കാണുവാനായി തുടങ്ങി.     
         

ആ ടീ എസ്റ്റേറ്റിലെ തന്നെ ഒരു  ജോലിക്കാരിയായിരുന്നു   സുമാത്ര രണസിംഗെയെന്ന സിംഹളയുവതി. അയാളെ ആകർഷിച്ച വ്യക്തിത്തം ആയിരുന്നു അവരുടേത് . 
അയാളേക്കാൾ രണ്ടിഞ്ചു ഉയരമുണ്ടായിരുന്നു സുമാത്രക്ക്   ആയിടെ  എസ്റ്റേറ്റിൽ ഉണ്ടായ തമിഴ് വിരുദ്ധ കലാപത്തിൽ അലക്സിന്റെ അച്ഛൻ സാരമായി പരിക്കേൽക്കുകയുണ്ടായി . അന്നയാളെ   രക്ഷിച്ചതും , ശുശ്രുഷിച്ചതും സുമാത്രയായിരുന്നു. അതിനുശേഷവും സിംഹളർ അയാളെ തിരഞ്ഞു വരുമ്പോഴും അയാൾക്ക് രക്ഷകയാകുന്നത് സുമാത്രയായിരുന്നു. 

ശ്രീലങ്കയും , ഇന്ത്യയും തമ്മിലുള്ള  ബന്ധത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്.  2000  വർഷങ്ങൾക്കു  മുമ്പേ ആര്യവംശത്തിൽ പെട്ട  വിജയൻ എന്ന രാജാവ് അനുചരന്മാരോടൊപ്പം ശ്രീലങ്കയിൽ എത്തി എന്നും , ശ്രീലങ്കയിലെ കുവേരി എന്ന രാജാവിന്റെ മകളെ വിവാഹം കഴിച്ചു എന്നുള്ളത് ചരിത്രം. 

പ്രേമബന്ധത്തിലായ  സുമാത്രയും , രാജലിംഗവും വിവാഹിതരാകുവാൻ തീരുമാനിച്ചു. രാജലിംഗത്തിനു അവിടെ പാർക്കുവാൻ ഒരു മേൽവിലാസം വേണമായിരുന്നു . അതായിരുന്നു സുമാത്ര. അയാൾക്കാവശ്യം സുന്ദരമായ അവളുടെ ശരീരം മാത്രമായിരുന്നു.  അവർ സസുഖം ജീവിക്കുമ്പോഴും അയാൾ വേറെ സ്ത്രീകളെ തേടി പോയി.  ഒരിക്കൽ കുഞ്ഞായ പോയ രാജലിംഗം തിരിച്ചുവന്നില്ല. ഒടുവിൽ അയാളുടെ സമ്പാദ്യം നശിപ്പിച്ച ശേഷം പശ്ചാത്താപ വിവശനായി രാജലിംഗം വീണ്ടും സുമാത്രയെ തേടിവരുന്നു.  സുമാത്ര അയാളെ വീണ്ടും  സ്വീകരിക്കുകയും   സുമിത്രയുടെ സമ്പാദ്യമായ ഒരു  സ്വർണമാല അയാളെ വിൽക്കുവാൻ ഏൽപ്പിക്കുയും ചെയുന്നു .  ആ മാല വിൽക്കുവാൻ  ശ്രമിക്കുന്നതിൻ  ഇടയിൽ അയാളെ  കണ്ട സിംഹള  സംഘം   ഒരു ഏറ്റുമുട്ടലിൽ അയാളെ വധിക്കുന്നു,.   നിർവികാരനായി അലക്സ് അയാളുടെ ജീവിത കഥ പറഞ്ഞു കൊണ്ടേയിരുന്നു. അച്ചനോട്  അയാൾക്ക്‌  വെറുപ്പാണെന്നു തോന്നി. അല്ലെങ്കിൽ തീർത്തും അപരിചിതനായ എന്നോട് അയാളുടെ ജീവിതകഥ ഇങ്ങനെ വിവരിക്കുകയില്ലല്ലോ .  
   
അലക്സ്   ഈ കഥ പറയുമ്പോൾ എനിക്ക്  കണ്ണകിയുടെ കഥ ഓർമ  വന്നു. ഇളങ്കോവടികൾ രചിച്ച തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകി.  തന്റെ ഭർത്താവിനെ  വധിച്ച ക്രോധത്തിൽ  മധുരാ രാജ്യത്തെയും , രാജാവിനെയും ശാപവചസുകളാൽ  ചുട്ടെരിച്ചു കളഞ്ഞ കണ്ണകി

കാവേരി പട്ടണത്തിലെ വ്യാപാരിയുടെ മകനായ കോവലൻ , സുന്ദരിയായ കണ്ണകിയെ വിവാഹം കഴിക്കുകയും ആ നഗരത്തിൽ തന്നെ അവർ സസുഖം ജീവിക്കുകയും ചെയുന്നു  ,  ആ അവസരത്തിൽ ദേവദാസിയായ മാധവിയിൽ കോവലൻ  പ്രണയാസക്തനാവുകയും   കണ്ണകിയെ മറന്നു മാധവിയുടെ കുടെ  ജീവിക്കുകയും ചെയ്ത കോവലന്റെ പ്രതിരൂപം തന്നെയല്ലേ  അലക്സിന്റെ അച്ഛനായ രാജലിംഗം. 

   
പാണ്ട്യരാജാവായ നെടുംചെഴിയാൻ   ആയിരുന്നു ആ കാലത്തു മധുര ഭരിച്ചിരുന്നത് .   രാജ്ഞിയുടെ ചിലമ്പ് മോഷണം പോകുകയും , കണ്ണകിയുടെ ചിലമ്പ് വിൽക്കുവാനായി കൊണ്ടുപോയ കോവലനെ  മോഷ്ടാവായി ചിത്രീകരിക്കുകയും  , രാജകോപത്താൽ  കോവലനെ വധിക്കുകയും ചെയുന്നു . കോപാകുലയായി  കൊട്ടാരത്തിൽ എത്തിയ കണ്ണകി തന്റെ ചിലമ്പ്  വലിച്ചെറിയുകയും ആ പൊട്ടിയ ചിലമ്പിൽ നിന്നും രത്നങ്ങൾ ചിതറുകയും രാജ്ഞിയുടെ ചിലമ്പിൽനിന്നും മുത്തുകളും പതിക്കുന്നു. തന്റെ  ഭർത്താവിന്റെ നിരപരാധിത്തം  തെളിയിച്ച ശേഷം   ആ നഗരം ചുട്ടു ചാമ്പലാവട്ടെ എന്നവൾ ശപിച്ചു.  ആ പതിവ്രതയുടെ ശാപം സത്യമായി . മധുരാനഗരം കത്തി നശിച്ചു 

കണ്ണകിത്തന്നെയല്ലേ  സുമാത്ര , ഭർത്താവിന്റെ വഴിവിട്ട പെരുമാറ്റത്തിന് ശേഷവും ഭർത്താവിനെ അകമഴിഞ്ഞ് സ്നേഹിച്ചവൾ. രാജലിംഗത്തിന്റെ മരണത്തിനു ശേഷം സുമാത്ര അലകസിനെ വളർത്തി .  തമിഴനായി തന്നെ.  ഞാൻ കണ്ണകിയുടെ കഥ അലക്സിനോട് പറഞ്ഞു.  അപ്പോൾ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അലക്സ് പറഞ്ഞു  'പതിനി' എന്ന പേരിൽ തമിഴ്  വംശജർ  കണ്ണകിയെ ദൈവമായി ശ്രീലങ്കയിലും ആരാധിക്കുന്നു എന്ന്. 

പിന്നെ അയാൾ നിശബ്ദനായി . എനിക്കും ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല. ഞങ്ങളുടെ ഇടയിൽ മൗനം തളംകെട്ടി. ഞങ്ങളുടെ രണ്ടുപേരുടെയും മനസ് കലുഷിതമായി എന്ന് തോന്നി.  ചില സമയങ്ങളിൽ മൗനത്തിനു വാചാലതയെക്കാൾ പതിന്മടങ്ങു ശക്തിയുണ്ട് . നാവിനേക്കാൾ മൂർച്ചയുണ്ട്.  നൊമ്പരമാണെങ്കിലും ചില സമയങ്ങളിൽ മൗനത്തിനു പകരം വയ്ക്കുവാൻ ഭാഷയുടെ  ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല . കുടുതൽ ഒന്നും ചോദിക്കാതെ കാർ ഓടുമ്പോൾ നിശ്ശബ്ദനായി വഴിയോരകാഴ്ച്ചകൾ കണ്ടു കൊണ്ട് ഞാൻ ഇരുന്നു.


2017, ഏപ്രിൽ 5, ബുധനാഴ്‌ച

പ്രതീക്ഷയുടെ തീരങ്ങൾ (കഥ )


സുര്യൻ  കടലിലേക്ക് ഇറങ്ങുവാൻ സമയമായിരിക്കുന്നു . അപ്പോഴും കടപ്പുറത്ത് കുട്ടികൾ ക്രികറ്റ് കളിക്കുന്നുണ്ടായിരുന്നു . നീലച്ച കടൽ വെള്ളത്തിന്‌ ചുവന്ന ചായം പുശിയ പോലെ. പന്ത് എടുക്കുവാൻ ഓടി വന്ന ചെക്കനെ കണ്ടിട്ട്  തെങ്ങിൻ  ചുവട്ടിൽ  കിടന്ന ചാവാലി പട്ടി  ഒന്ന് എഴുനേറ്റ്  കാലു നീട്ടി  മോങ്ങിയ ശേഷം വീണ്ടും അവിടെ മണ്ണിൽ  തന്നെ പൂഴ്ന്നു കിടന്നു.  ആകാശത്തിൻ  കീഴെ ഒരു പരുന്തു  വട്ടമിട്ടു പറക്കുന്നു .  എത്രകണ്ടാലും മതിവരാത്ത  ആ കാഴ്ച ഒപ്പിയെടുക്കുന്ന ഒരു താടിക്കാരൻ .

വേച്ച് , വേച്ച് നടന്നുവരിക്യയിരുന്നു  പാക്കരൻ . അയാളാ   തടിക്കാരന്  നേരെ കൈ നീട്ടി . അയാൾ   പാക്കരനെ  ആട്ടിയകറ്റി.  പാക്കരന്റെ  കൈയിൽ  ഒഴിഞ്ഞ ചാരായ കുപ്പി.    അയാളെ  കണ്ടപ്പോൾ കുട്ടികൾ  "പാക്കാരോ"  എന്ന് ഈണത്തിൽ ആർത്തു  വിളിച്ചു    ആ വിളി കേട്ട് തഴമ്പിച്ച ആയാൾ  മറുത്തൊന്നും പറയാതെ തന്നെ ഷാപ്പിലേക്ക്  വീണ്ടും നടന്നു.

പണ്ടയാൾ  ഇതുപോലെ ശാന്തൻ ആയിരുന്നില്ല.  അന്നും അയാൾ  കുടിക്കുമായിരുന്നു .. എന്നും രാത്രി അയാൾ കുടിച്ചു വീട്ടിൽ വന്നു ശാന്തമ്മേ  തല്ലും .  ചട്ടീം ,  കലവും  പൊട്ടിക്കും.  പൂര പാട്ട്  പാടും .  ചോദിക്കുവാൻ ചെന്ന  അയൽവാസിയായ  പത്രോസിനോട്  പാക്കരൻ ചോദിച്ചു ഞാൻ തല്ലുനത് എന്റെ ഭാര്യയെ അല്ലെ  അല്ലാതെ നിന്റെ  കെട്ടിയോളെയല്ലല്ലോ  എന്ന്.  കുടിച്ചുകഴിഞ്ഞാൽ  പിന്നെ ഭാര്യെ  തല്ലുന്നതിൽ  അയാൾ  ആനന്ദം  കണ്ടെത്തിയിരുന്നു .  ആ  കുടിയിൽ എന്നും   വഴക്കായിരുന്നു .

ശാന്തമ്മ  അയാളുടെ കുടി നിറുത്തലക്കുവാൻ ആവുന്നത്ര നോക്കി.  ചോറിൽ മരുന്ന് കൊടുത്ത്  നോക്കി , അച്ചനെകൊണ്ട് ഉപദേശിപ്പിച്ചു . ഒടുക്കം ആത്മഹത്യാ ഭീഷണി വരെ അവൾ മുഴൂക്കി .  അച്ഛനും പറഞ്ഞു അവൻ   നേരെയാവില്ല .  ഒരു ദിവസം അയാൾ  അവളെ  തൊഴിച്ചു താഴെയിട്ടു . നെറ്റി അരകല്ലേൽ  മുട്ടി ഒരുപാടു ചോരയൊഴുകി. കരയില്ലുള്ളവർ  പറഞ്ഞു അവളുടെ വിധി എന്ന് .  ഒടുവിൽ അയാളെ സഹിക്കുവാൻ വയ്യാതെ ശാന്തമ്മ അങ്ങിറങ്ങി  പോയി.   അന്നവൾക്ക്  മുന്ന്  മാസം വയറ്റിൽ ഉണ്ടായിരൂന്നു .  ഓളെ  കടലു കൊണ്ടുപോയി എന്ന് നാട്ടുകാര്  പറയുന്നു.  പക്ഷെ പാക്കരൻ അത് വിശ്വസിച്ചിട്ടില്ല . കടലമ്മ നെറിയുള്ളവളാ.  കൊണ്ടുപോയാൽ മുന്നാംപക്കം ശവം എങ്കിലും തീരത്ത് അടിയേയേണ്ടതല്ലേ .  ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും     ശാന്തമ്മ ഒരു ദിവസം തിരികെ വരുമെന്ന് അവൻ നിശ്ചയമായും വിശ്വസിക്കുന്നു .
 

ആർത്തിരമ്പുന്ന കടൽ നോക്കി  ശാന്തമ്മ നിന്നു.  ഒരു കരയിൽ നിന്നും മറുകരയിലേക്കുള്ള  മടങ്ങിപ്പോവുകയായിരുന്നു അവൾ . അവൾ ജീവിച്ചത് മകനുവേണ്ടിയായിരുന്നു .

 വർഷങ്ങൾക്കു മുമ്പ് വന്യമായ ശക്തിയോടെ   രാക്ഷസ   തിരുമാലകൾ  കടൽതീരത്തെ  ഒന്നായി  വിഴുങ്ങിയപ്പോൾ മരണപെട്ടവരിൽ ഒരാൾ അവളുടെ  മകനായിരുന്നു.  എല്ലാവരും ആ  വാർത്ത  വിശ്വസിച്ചിച്ചിട്ടും  അവൾ മാത്രം   അവിശ്വസിക്കുന്നു.   സുനാമി എന്ന വിപത്ത് വേർതിരിച്ച തന്റെ മകൻ ഒരിക്കൽ  തനിയെ തിരിച്ചുവരുമെന്ന് . ഒരമ്മയ്ക്ക്‌ അങ്ങനെ പ്രാർത്ഥിക്കുവാനല്ലേ കഴിയൂ ..


വർഷങ്ങൾക്ക് മുമ്പ്  കൃത്യമായി പറഞ്ഞാൽ  2004 ഡിസംബർ 26 ന്  , ക്രിസ്തുമസ്  കഴിഞ്ഞുള്ള ദിനം  . അന്നാണ്  ലോകം കണ്ട രാക്ഷസ തിരുമാലകൾ  ചടുല  നൃത്തം ആടിയത് .   കടലിന്റെ  താണ്ഡവത്തിൽ   പൊലിഞ്ഞുപോയ  ജീവനുകൾ അനവധി .   അതുവരെ കടൽ എല്ലാമായിരുന്നു . അമ്മയും, അന്നദാതാവും, രക്ഷിതാവും എല്ലാം .  കടലമ്മ കനിഞ്ഞാൽ ചാകരയും , കടലമ്മ കോപിച്ചാൽ ദാരിദ്ര്യവും , കെടുതികളും ഉണ്ടാകും . അത് കടലിനോളം പഴക്ക്മുള്ള വിശ്വാസം.  

ദൗർഭഗ്യങ്ങൾ  നമുക്ക് സഹിക്കുവാൻ കഴിയും . അവ ചിലപ്പോൾ  നമ്മുടെ തെറ്റുകളിൽ നിന്നുമല്ല സ്രിഷ്ടിക്കപെടുന്നത്. അവ പുറത്തു നിന്നും വരുന്നവയാണ് . അവ തീർത്തും  യാദ്രിശ്ചികവും ആയിരിക്കാം .  പക്ഷെ സ്വന്തം കൈ പിഴ കൊണ്ടുണ്ടാകുന്ന യാതന അത് നമ്മളെ ജീവിതകാലം മുഴുവനും വേട്ടയാടികൊണ്ടേ ഇരിക്കും .

തന്റെ കൈയിൽ  നിന്നുമാണ് അവനെ കടലമ്മ തട്ടിയെടുത്തത് . സുനാമി മുന്നറിയിപ്പ് കിട്ടിയ ഉടനെ  കരക്കാരു മുഴുവനും   കൈയിൽ  കിട്ടിയതെല്ലാം  എടുത്ത്  പുറത്തേക്കോടി .  മകന് ആയില വറുത്തതും കുട്ടി  കഞ്ഞി കൊടുക്കുകയായിരുന്നു  അവൾ .  ജാൻസിയുടെ  വിളി കേട്ടിട്ട്  മോറു പോലും കഴുകാതെ എഴുവയസുള്ള  മകനെയും പിടിച്ചുകൊണ്ട് അവളും ജാൻസിയുടെ  പിറകെ ഓടി .   ആ പ്രദേശത്തെ ഒന്നായി വിഴുങ്ങുവാൻ  വെമ്പിയ വലിയ തിരയുടെ ശക്തിയിൽ അവളും , അവളുടെ ഏഴുവയസുള്ള  മകനും ഒലിച്ചു  പോയി.   ചുറ്റും ഇരച്ചുകയറുന്ന വെള്ളം മാത്രം. എവിടെ നോക്കിയാലും വെള്ളം . ആ ഒഴുക്കിന്റെ ശക്തിയിലും  അവൾ  മകനെ  മുറുക്കി പിടിച്ചു. പക്ഷെ  ചേർത്ത് പിടിച്ച മകന്റെ കൈ എപ്പോഴോ പിടി വിട്ടു പോയി. ഒന്ന് മുങ്ങി പൊങ്ങിയപ്പോൾ അരികിൽ അവനില്ല.


അവൾ ഇപ്പോഴും വിശ്വസിക്കുന്നു ഒരു ദിവസം  പങ്കായം  തോളേൽ വച്ച്  അവൻ തിരികെ വരുമെന്ന് തന്നെ .  കടലിൽ പോയ വലിയ അരയനെ പോലെ  വള്ളത്തിൽ ഒരു പാടു മീനുമായി അവൻ  വരുമെന്ന് തന്നെ . കടലമ്മയ്ക്കു ഇത്ര ക്രൂരയാകുവാൻ  പറ്റുമോ . ഒരു കര മുഴുവനും നശിപ്പിക്കണം  എന്നുണ്ടെങ്കിൽ .   ശാന്തമ്മയുടെ നടപ്പുടുദുഷ്യം എന്ന് ചിലര് പറയുന്നുണ്ട് . പെണ്ണ്   പിഴച്ചാൽ കരമുഴുവനും കടലെടുക്കുമോ?  അങ്ങനെയാണെങ്കിൽ  ഈലോകത്ത് കരയെ കാണുകയില്ലല്ലോ ?

ഈ കരയുടെ മുഴുവനും അമ്മയല്ലേ കടൽ. . ഒരു മാതാവിന് മറ്റൊരു മാതാവിന്റെ കണ്ണുനീർ കാണാതിരിക്കുവാൻ കഴിയുമോ? .കാണാതിരിക്കുവാൻ  ആവില്ല എന്ന് അവൾക്ക്  ഉറപ്പുണ്ട് .  ജിവിതത്തിൽ വിശ്വാസത്തെക്കാൾ വലുതായി   മറ്റൊന്നുമില്ല . വിശ്വാസത്തേ  മുറുകി പിടിക്കുമ്പോൾ  പ്രതീക്ഷയുടെ തിരിനാളം തെളിയുന്നു. ആ തിരി കത്തുമ്പോൾ ഉണ്ടാകുന്ന നറുവെളിച്ചം മതി അവർക്കു  ജീവികുവാൻ .