2019, മേയ് 26, ഞായറാഴ്‌ച

ഒരു സായാഹ്നത്തിന്റെ സ്വപ്നം


എന്നും  അത്ഭുതമായിരുന്നു അയാളുടെ ജീവിതം .  കണ്ടു നിന്നവര്‍ക്കും കേട്ടു നിന്നവര്‍ക്കും ആശ്ചര്യമായിരുന്നു  ആ മനുഷ്യന്‍. അയാളുടെ  തന്റേടം, വാക്കുകളിലെ നിശ്ചയ ദാര്‍ഢ്യം, കനത്ത വാക്കുകളില്‍ അടങ്ങിയിരുന്ന പ്രതിഷേധത്തിന്റെ ആഹ്വാനം. എല്ലാം ജനങ്ങളെ  അമ്പരപ്പിച്ചു.. അതായിരുന്നു സഖാവ് രാഘവൻ. ഒരുകാലത്തു ജനങ്ങളിൽ വിപ്ലവത്തിന്റെ  വിത്ത് വിതച്ച ധീര വിപ്ലവകാരി .

ജന്‍മിമാരുടെ വീടുകള്‍ കയ്യേറി അവരുടെ  പത്തായങ്ങളില്‍ നിന്ന്‌ നെല്ല്‌ പുറത്തെടുത്ത്‌ കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്‌ത സമര നായകൻ . ആ സമരം ഗ്രാമങ്ങളില്‍ നിന്ന്‌ നഗരങ്ങളിലേക്കു പടര്‍ന്നു കയറി. പോലീസ്‌ വേട്ടപട്ടികളെപോലെ പിന്തുടര്‍ന്ന്‌ സമരക്കാരെ അടിച്ചമര്‍ത്തി.  ചില ഹരിജന്‍ കര്‍ഷകത്തൊഴിലാളികൾ  പോലീസ്‌ വെടിയേറ്റു പിടഞ്ഞുവീണു.

 രാഷ്‌ട്രീയവും സാമ്പത്തികവുമായ അടിമത്വം തുടര്‍ന്നുപോകാനാണ്‌ സാമ്രാജ്യത്വ ശക്തികള്‍ പരിശ്രമിക്കുന്നത്‌. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും നാണയപെരുപ്പവും നാടിന്റെ നട്ടെല്ലൊടിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗം അരക്ഷിതാവസ്ഥയിലാണ്‌. കാര്‍ഷിക വ്യവസ്ഥ പൊട്ടിത്തെറിയുടെ വക്കിലാണ്‌. ഒരു ജനകീയ ജനാധിപത്യ വിപ്‌ളവത്തിന്‌ വേണ്ട പുതിയ സമരങ്ങളും മാര്‍ഗങ്ങളും കണ്ടെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതരായി. കര്‍ഷക തൊഴിലാളികളേയും പട്ടിണിപ്പാവങ്ങളേയും ഒരുകുടക്കീഴില്‍ അണി നിരത്തി അഖിലേന്ത്യാ അടിസ്ഥാനത്തിൽ  അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംഘടനയാക്കുവാനും തീരുമാനിക്കപ്പെട്ടു. തെലുങ്കാന മാതൃകയില്‍ ഇന്ത്യയില്‍ എല്ലായിടത്തും അധികാരം പിടിച്ചെടുക്കണം  അതായിരുന്നു പാർട്ടിയുടെ നിർദേശം . 

ഈ കിടപ്പു തുടങ്ങിയിട്ട് വർഷങ്ങൾ ആയിരിക്കുന്നു . നരച്ച ഭിത്തിയിൽ  ലെനിനിന്റെയും , മാർക്സിന്റേയും ചിത്രങ്ങൾ ചെരിഞ്ഞിരിക്കുന്നു .  ആ മുഷ്ടി മടക്കി എത്രയോ വട്ടം വിപ്ലവാഭിവാദങ്ങൾ ചൊരിഞ്ഞ ആ  വലം കൈ ഉയർത്തുവാൻ ഇന്നയാൾക്ക് പര സഹായം വേണം.

കട്ടിലിൽ കിടക്കുമ്പോൾ ആണ് അയാൾക്കരികെ  ആരോ നിൽക്കുന്നതായി തോന്നിയത്.   "ആരാ "

 അയാൾ അവരെ മനസിലാവാത്തപോലെ ചോദിച്ചു. 

"ഞാൻ    കാവുട്ടി "  ഏതോ ആലോചനയിൽ അവർ നിറുത്തി. ഏതോ ഒരു ദൃശ്യം അവർ ഓർത്തെടുക്കുന്ന പോലെ അയാൾക്ക്‌ തോന്നി.
ഒരേ സമയം അവർ നെടുവീർപ്പിടുകയും , പുഞ്ചിരിക്കുകയും ചെയ്തു.

"മുമ്പൊരിക്കൽ ങ്ങള് എന്നെ കണ്ടിട്ടുണ്ട് . "  അവൾ നിറുത്തി.

"പോലീസിനെ പേടിച്ച നീര് വീർത്ത കാലുമായി ഓടി കയറിയത് ങ്ങടെ കുടിയിലേക്കാ"

അൽപസമയം ഒന്നും മനസിലാവാതെ മിഴിച്ചിരിക്കുവാനെ  അയാൾക്ക് കഴിഞ്ഞുള്ളൂ . പക്ഷെ പിന്നീട് അവർ പറഞ്ഞത് വച്ചാലോചിക്കുമ്പോൾ മനോഹരമായ ഒരു ദൃശ്യം അയാളുടെ മുമ്പിൽ തെളിഞ്ഞു വന്നു. മുപ്പതു - മുപ്പത്തി അഞ്ചു വർഷം മുമ്പുള്ള സംഭവം .

അയാളെ സം ബന്ധിച്ചു ഒരിക്കലും മറക്കുവാൻ കഴിയാത്ത സംഭവം . ഏതൊരു പുരുഷനും ഒരിക്കലും മറക്കുവാൻ ഇടയില്ലാത്ത കാര്യം .

"ങ്ങള് എന്താ ഓർക്കുന്നേ ,  എന്നെ മനസിലായില്ല എന്നുണ്ടോ?"  അവൾ കുറ്റപ്പെടുത്തുന്ന മട്ടിൽ അയാളോടായി ചോദിച്ചു.

അയാളുടെ വരണ്ട ചുണ്ടുകൾ പതിയെ മന്ത്രണം ചെയ്തു 

"കാവുട്ടി..  ചീരൻ  കണയാന്റെ മകൾ .

ഓർമിക്കുവാൻ അല്പം സമയം എടുത്തു എങ്കിലും അവളുടെ രൂപം അയാൾക്ക് മറക്കുവാൻ കഴിഞ്ഞില്ല . അന്നയാൾക്ക് മുപ്പതു കഴിഞ്ഞിരുന്നു. ആ വര്ഷം അവൾ പഠിപ്പു നിറുത്തിയിരുന്നു.  ഒൻപതാം ക്ലാസിൽ വീണ്ടും തോറ്റപ്പോൾ ചീരൻ പറഞ്ഞു ഇനി ഓള് പഠിക്കേണ്ട .  

ഇപ്പോഴെല്ലാം അയാൾ ഓർക്കുന്നു .പോലീസിനു പിടി കൊടുക്കാതെ ഓടുകയായിരുന്നു . പിറകിൽ പോലീസുണ്ട്. ഏതു നേരവും  പിടിക്കപെടാം.  എല്ലായിടത്തും പോലീസ്‌ ഭീകരത താണ്‌ഡവമാടി. കര്‍ഷകക്കുടിലുകള്‍ ചുട്ടെരിച്ചും പോലീസ്‌ കലിതീര്‍ത്തു. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ഓഫീസും പ്രസും സര്‍ക്കാര്‍ അടച്ചുപൂട്ടി മുദ്രവെച്ചു.കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മൃഗീയമായി സമരത്തെ നേരിട്ടു. മുതിര്‍ന്ന നേതാക്കള്‍ ഒളിവിലിരുന്ന്‌ പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും തേടി പോലീസ്‌ നരനായാട്ടിനിറങ്ങി. നേതാക്കള്‍ പലരും അറസ്റ്റിലായി. അതുകൊണ്ടുതന്നെ ഒളിവിൽ പോകേണ്ടത് അനിവാര്യമായി.

അന്നൊരു സന്ധ്യാ നേരമായിരുന്നു . പാടത്തിന്റെ നടുക്കുള്ള വീതിയേറിയ വരമ്പത്തുകൂടെ ഏന്തി ഏന്തി നടക്കുകയായിരുന്നു.  രണ്ടു ദിവസമായി ആഹാരം  കഴിച്ചിട്ട് . നടത്തതിനിടയിൽ കല്ലിൽ തട്ടി  താഴെക്കു വീണത് മാത്രം ഓർമയുണ്ട്. പിന്നെ ഓർമ വരുമ്പോൾ ചുറ്റും പരിചിതമല്ലാത്ത മുഖങ്ങൾ.

തലയുയർത്തുമ്പോൾ വല്ലാത്ത വേദന . പായിൽനിന്നും എഴുനേൽക്കുവാൻ ഒരു വിഭല ശ്രമം നടത്തി. "എഴുനേൽക്കേണ്ട തംബ്രാ . കിടന്നോളു ."   അത് ചീരനായിരുന്നു.  നീര്  മാറുന്നവരെ അയാളെ അവർ ശു ശ്രുഷിച്ചു . അവിടെ നിന്നു  കഴിച്ച കഞ്ഞിയുടെയും , കപ്പയുടെയും, പുഴുക്കിന്റെയും  രുചി നാവിൽ വറ്റാതെ നിൽപ്പുണ്ട് 

എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് കാവുട്ടി യായിരുന്നു. ആദ്യം അവളെ കണ്ടപ്പോൾ അവൾ ലജ്ജിച്ചു തല താഴ്ത്തി. പഠിപ്പു നിറുത്തി എന്നറിഞ്ഞപ്പോൾ ഇനിയും പഠിക്കണം എന്നുപദേശിച്ചു.

ആദ്യമായി ഒരു പെൺകുട്ടിയുടെ ചൂടും , മണവും , അനുഭവിച്ചറിഞ്ഞത് അവളിൽ നിന്നായിരുന്നല്ലോ. അയാളോട് അവൾക്ക് വല്ലാത്ത ബഹുമാനം ആയിരുന്നു. എല്ലാവരും അയാളെ സഖാവ് എന്ന്  വിളിക്കുന്നു.. കമ്മ്യൂണിസ്റ് ആണെന്ന് പറയുന്നു. ജന്മികളുടെ നിലം പകുത്തു പാവങ്ങൾക്ക് കൊടുക്കണം എന്ന് പറയുന്നവരെ അവർ പൂജിക്കില്ലേ . അവളുടെ കണ്ണിൽ ഒരു ദേവനെക്കാളും ഉയരെ ആയിരുന്നു അയാളുടെ സ്ഥാനം . 

പക്ഷെ അയാളിൽ ഒരു സ്വാർത്ഥനായ മൃഗം ഉറങ്ങി കിടന്നിരുന്നു എന്ന് അവൾ അറിഞ്ഞിരുന്നില്ല. വീണു കിട്ടിയ അസുലഭ സന്ദർഭം അയാൾ മുതലാക്കി .അവൾ സ്വയം സമർപ്പിക്കായിരുന്നു എന്ന് വേണമെങ്കിലും പറയാം.  ഒരിക്കലും അവളെ വിവാഹം കഴിക്കാം എന്ന് അയാൾ  പറഞ്ഞിരുന്നില്ല. വിവാഹത്തെക്കാൾ ഉപരി പ്രസ്ഥാനത്തെ കുറിച്ചായിരുന്നു അന്ന്  മനസിൽ ചിന്തിച്ചത് . പിന്നെ അവിടെ നിന്ന് പോകുമ്പോൾ വീണ്ടും കാണാം എന്ന് അവളോട്‌ പറഞ്ഞുവെങ്കിലും അതൊരു ഭംഗിവാക്കാണെന്നു അയാൾക്കറിയാമായിരുന്നു. 

പിന്നെ ഒരിക്കലും അവളെ ഓർത്തില്ല എന്ന് പറയുവാൻ കഴിയില്ല . ഇടയ്‌ക്കെപ്പോഴോ അവൾ മനസിൽ കയറി വരുമായിരുന്നു. പിന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു ഭാനുമതി കയറിവന്നപ്പോൾ കാവുട്ടിയെ പൂർണമായും മറന്നു എന്ന് തന്നെ പറയാം.

കട്ടിലിന്  അരികിൽ നിൽക്കുന്ന ഈ സ്ത്രീ എത്ര പെട്ടെന്നാണ് മനസിന്റെ വിദൂരമായ കോണിൽ മാറാലകൾ കൊണ്ട് മുടപെട്ട ആ പഴയ ഓർമകൾ മിനുക്കിയെടുത്ത് . ഇപ്പോൾ യാതൊരു  മറ പോലുമില്ലാതെ അവൾ മുന്നിൽ നിൽക്കുന്നു .  അയാൾ അവളുടെ  മുമ്പിൽ വല്ലാതെ ചെറുതായതു പോലെ. സഖാവ്  രാഘവൻ  എന്ന പേര് അവളുടെ മുമ്പിൽ ഉച്ചരിക്കുവാൻ അർഹതയുണ്ടോ .  

എഴുനേൽക്കുവാൻ കഴിയില്ല എന്നറിഞ്ഞിട്ടും അയാൾ എഴുനേൽക്കുവാൻ ശ്രമിച്ചു. അയാളുടെ കുത്തുന്ന  വേദന  അവൾ  അറിഞ്ഞു.

" ങ്ങള് വിഷമിക്കേണ്ട ,   ഞാനും ഒരൊന്ന് ഓർത്തുപോയിട്ടുണ്ട് . പലപ്പോഴും കൊതിച്ചത് അല്ലല്ലോ കിട്ടുന്നത് . അതുകൊണ്ടു തന്നെ കിട്ടുന്നത് കൊണ്ട് സമാധാനിച്ചു.  ങ്ങളു ബേജാർ ആകേണ്ട."

അയാളുടെ വേദന നിഴലിക്കുന്ന മുഖം കണ്ടപ്പോൾ അവൾ ചോദിച്ചു .

 "കാലിനു  തൈലം പുരട്ടി തരണമോ ." 

ഒന്നും പറയാതെ തന്നെ  കെടപ്പുമുറിയിലെ  അലമാരയിലെ ഇടത്തെ  തട്ടിൽ നിന്നും  അവൾ തൈലം എടുത്തു. അയാൾക്കാശ്ചാര്യം തോന്നി. അയാളുടെ ചെറിയ പ്രതിഷേധത്തിന് പോലും വഴങ്ങാതെ അവൾ  തൈലം കൈയിൽ എടുത്തു .  വേദനയുള്ള ഭാഗത്തും , പുറത്തും, കഴുത്തിലും , കാൽ മുട്ടിലും മൃദുവായി അവൾ  തടവി. അവളുടെ  കൈത്തലം നെറ്റിയിൽ  സ്പർശിച്ചപ്പോൾ  അയാൾ അറിഞ്ഞു ആ കൈയിലെ തണുപ്പ്. 

അയാൾ വീണ്ടും അത്ഭുതപ്പെട്ടു. കൃത്യമായി ഭാര്യ തേക്കുന്ന പോലെ തന്നെ . അമർത്തി തോളിലെ ഞരമ്പുകളിൽ തിരുമുമ്പോൾ സുഖമുള്ള ഒരു നിർവ്രതി അയാളെ തലോടി. ഇവൾക്കെങ്ങെനെ  കൃത്യമായി  അറിയുവാൻ കഴിയുന്ന തന്റെ ശരീരത്തിലെ വേദനകൾ .എങ്കിലും അടുത്ത നിമിഷം അയാൾ ഭയപ്പെട്ടു.  ഭാര്യ അപ്പുറത്തുണ്ട് . അടുക്കളയിൽ  
രാത്രിയിലേക്കുള്ള  പാചകത്തിൽ മുഴുകിയിരിക്കുകയായിരിക്കും . ഇനി അവൾ വന്നാൽ .  ആരും അറിയാത്ത ഒരു സ്തീ അയാളെ ശുശ്രുഷിക്കുന്നതു കണ്ടാൽ. 


തൈലം പുരട്ടിയ ശേഷം അവൾ പറഞ്ഞു സാരമില്ല. ഇങ്ങനെ കിടന്നോളു. ഒരഞ്ചു മിനുട് കഴിയട്ടെ വേദന താനെ പൊക്കോളും. 
കണ്ണടച്ചു അയാൾ കിടന്നു . ആ കിടപ്പിൽ തന്നെ അയാൾ ഒന്ന് മയങ്ങി.   ആ മയക്കത്തിൽ അയാൾ അവളെ വീണ്ടും കണ്ടു. കാവുട്ടിയെ . പഴയ പാവാടയും, ഷർട്ടും ഇട്ട ഒരു പതിനാറു കാരി .  അന്നും ഇതുപോലെ നെറ്റിയിൽ തൊട്ട്  പനി  കുറവുണ്ടോ എന്നവൾ നോക്കുമായിരുന്നു. 
കഴുത്തിൽ താങ്ങി കയ്പുള്ള കഷായം അവൾ കുമ്പിളിൽ ഒഴിച്ച് തരുമായിരുന്നു.

മനസിന്റെ മൃദുല തന്ത്രികൾ തട്ടി ഉണർത്തുന്ന ഒരു ഗാനം കേട്ട പോലെ അയാൾ പുഞ്ചിരിച്ചു.

"എന്താ സ്വപ്നം കാണുകയാണോ "

അയാൾ ഞെട്ടി ഉണർന്നു .  മുന്നിൽ ഒരു കുസൃതി  ചിരിയുമായി  ഭാനുമതി. 

അത്ഭുതം അയാളുടെ വേദന മാറിയിരിക്കുന്നു . അയാൾ ആ വരാന്തയിലേക്കും , അകത്തെ മുറിയിലേക്കും എത്തി നോക്കി. 

"നിങ്ങൾക്കെന്തു പറ്റി , ആരെയാ നിങ്ങൾ നോക്കുന്നെ " 

"അവര് പോയോ "

"ആര് "   ഭാനു വീണ്ടും ചോദിച്ചു. " അല്ല നമ്മുടെ കുഴമ്പു തീർന്നിട്ടു ആ ചെക്കനെ വിട്ടതാണല്ലോ . ആരാ നിങ്ങളുടെ കഴുത്തിൽ ഈ കുഴമ്പു പര ട്ടിയത്" 

 ചോദ്യത്തിനുത്തരം പറയാതെ അയാൾ വീണ്ടും ചോദിച്ചു.  "അവര് പോയോ"

അവൾ വീണ്ടു ചോദിച്ചു .  "ആരുടെ കാര്യമാ  നിങ്ങൾ  പറയുന്നേ "


അയാൾ ഒന്നുംമിണ്ടിയില്ല .  വീണ്ടും ഭൂതകാലത്തിന്റെ ഏടുകളിലേക്കു  മടങ്ങവേ   ഭാനു  പറഞ്ഞു. 

" നിങ്ങൾ ഉറങ്ങുമ്പോൾ സഖാവ് കരുണൻ  വന്നിരുന്നു. സഖാവ് ഒരു മരണ വിവരം അറിയിക്കുവാനായി വന്നതാ . ഏതോ കാവുട്ടി മരിച്ചത്രേ . നിങ്ങൾക്ക് അവളെ പരിചയം ഉണ്ടെന്നു പറഞ്ഞു.  ആരാണവൾ . അങ്ങനെ ഒരു പേര് പറഞ്ഞു കേട്ടിട്ടില്ലല്ലോ "

അവൾ പറഞ്ഞത് അയാൾ കേട്ടില്ല എന്ന് അവർക്കു തോന്നി. അവർ  എന്തോ ചോദിക്കുവാൻ  വന്നെങ്കിലും പിന്നെ അയാളുടെ ഓർമകളെ ശല്യം ചെയുവാൻ നില്കാതെ അകത്തേക്ക് കയറിപ്പോയി.





2019, മേയ് 4, ശനിയാഴ്‌ച

സഖാവ്


കഴിഞ്ഞ ദിവസം ഒരു സിനിമ  കണ്ടു .  ചിത്രം സഖാവ് . നിവിൻ പൊളി തകർത്തഭിനയിച്ച ചിത്രം.  കമ്മ്യൂണിസ്റ്റ്കാരുടെ കഥ പറഞ്ഞാൽ മാത്രമല്ലേയുള്ളു  ഇപ്പോൾ ചിത്രം വിജയിക്കുകയുള്ളു .   ആ സിനിമയിലെ  ചില  സംഭാഷണ ശലകങ്ങൾ ചിത്രം കണ്ടിറങ്ങിയപ്പോളും   രവിയുടെ ഓർമയിൽ നിന്നു .

നിവിൻ പൊളി അവതരിപ്പിക്കുന്ന കൃഷ്ണൻ എന്ന കഥാപാത്രം പട്ടർ  എന്ന ജന്മിയോട് (പി . ബാലചന്ദ്രൻ  അവതരിപ്പിക്കുന്ന   കഥാപാത്രത്തിനോട്) പറയുന്ന വാക്കുകൾ .

പുച്ഛ ഭാവത്താൽ പട്ടർ ചോദിക്കുന്നു
"കൃഷ്ണൻ എന്ന മാത്രമേയുള്ളു  പേര്, അല്ലാതെ കൃഷ്ണൻ നമ്പുതിരി  എന്നോ , അല്ലെങ്കിൽ കൃഷ്ണൻ നായർ എന്നോ പിന്നിലുണ്ടോ .  പേരിന്റെ വാലിൽ വേറെ ജാതി ഒന്നുമില്ലേ ?"

അതിനുത്തരമായി കൃഷ്ണൻ പറയുന്നു.

"എന്റെ ജാതിയോ , വിശ്വാസമോ ആണ് അറിയേണ്ടതെങ്കിൽ പേരിന്റെ വാലിൽ അല്ല പേരിന്റെ മുൻപിൽ ഉണ്ട്   സഖാവ് ! സഖാവ് കൃഷ്ണൻ "

പിന്നെ സ്ലോ മോഷനിൽ   സഖാവ്  നടന്നു പോകുന്നു.   തീയേറ്ററിൽ  നിറഞ്ഞ കൈയടി.


ഇപ്പൊൾ  ഇത് പറഞ്ഞതിന് ഒരു കാരണം ഉണ്ട്. അത് വഴിയേ പറയാം .

സംഭവം നാലഞ്ചു കൊല്ലം മുന്നെയുള്ളതാണ് .

വീട് പണിയാനുള്ള തീവ്രമായ ആഗ്രഹത്തിൻ   പുറത്താണ് ഗോവിന്ദൻ മേസ്തിരിയെ പോയി കാണുന്നത്. മേസ്തിരി  നാട്ടിൽ പ്രശസ്തൻ ആണ്. സ്ഥാനം കാണുവാനും മറ്റും ഇപ്പോഴും അന്യ ദേശത്തുനിന്നും  പോലും  ആളുകൾ മേസ്തിരിയെ വിളിച്ചു കൊണ്ടുപോകാറുണ്ട്.

"വീട് പണി എത്രയും വേഗം തുടങ്ങണം "

  മുഖവര കൂടാതെ  മേസ്തിരിയോട് കാര്യം പറഞ്ഞു.

"ഇപ്പോൾ നടക്കില്ല രവി, " മേസ്തിരി കട്ടായം പോലെ പറഞ്ഞു.

എനിക്ക് ദേഷ്യം വന്നു . ഒരു മാതിരി മേസ്തിരി മാരുടെ സ്വഭാവം കാണിക്കരുത് എന്ന് പറയുവാൻ വന്നതാ , പക്ഷെ പറഞ്ഞില്ല. പൊതുവെ മേസ്തിരി മാരുടെ സ്വഭാവം അങ്ങെനെ തന്നെയാ . കുറഞ്ഞത് നാലഞ്ചു വീട് പണി എങ്കിലും അവർ ഒറ്റയടിക്ക്  ഏറ്റെടുക്കും . എന്നിട്ടു അവിടേയും , ഇവിടേയും  തൊടീച്ചിട്ടും . എന്തെങ്കിലും ഒക്കെ ചെയുന്നു എന്നുള്ള തെറ്റുധാരണ ഉടമസ്ഥന് അവർ നൽകും. പൊതുവെ അവരിൽ ഒരാൾ ഏറ്റ പണി മറ്റുള്ളവർ ഏറ്റെടുക്കുകയില്ല. . അത്  ഇക്കുട്ടർ  തമ്മിലുള്ള  രഹസ്യമായ ധാരണയാണ്. ഒരാൾ തൊട്ട പണി മറ്റുള്ളവർ ഏറ്റെടുക്കുവാൻ പറ്റില്ല എന്നുള്ള രഹസ്യ ഉടമ്പടി.

പറഞ്ഞ സമയത്തു പണി തീർക്കാത്തവർ ആണെന്ന് പേര് ദോഷം ഉണ്ടെങ്കിലും മേസ്തിരി രവിയുടെ വീട് പണി പറഞ്ഞ സമയത്തിനുള്ളിൽ  തീർത്തു കൊടുത്തു.  വീടായില്ലേ ഇനി എന്ത് പ്രശ്‌നം എന്ന് നിങ്ങൾ ചോദിക്കും. ജോലിയിൽ കയറിട്ടു പതിനഞ്ചു വര്ഷമായി. അങ്ങനെ അയാൾക്കും സ്വന്തമായി ഒരു   വീട്  ഉണ്ടായിരിക്കുന്നു. ഇനി വാടക വീട് തേടി അലയേണ്ട .  ഭാര്യയുടെ  വീട് വയ്‌ക്കേണ്ട എന്ന സ്ഥിരം പല്ലവി കേട്ട് ഉറങ്ങേണ്ട .  ഇതെല്ലാം സമാധാനം തരുന്ന കാര്യങ്ങൾ തന്നെയാണ് . പക്ഷെ ആ വീട് വേറെയൊരു പൊല്ലാപ്പ് ഉണ്ടാക്കി എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ . അതാണ് ഇനി ഞാൻ പറയുവാൻ പോകുന്നത്.

ഇപ്പോൾ രവി നിൽക്കുന്നത്  കോർപ്പറേഷൻ ഓഫിസിലാണ് . ബിൽഡിങ് ഇൻസ്പെക്റ്റ്‌റെ മുന്നിൽ ഭവ്യതയോടെ അയാൾ നിൽക്കുന്നു .

ഇൻസ്പക്റ്റർ -     "നിങ്ങളോട് ഇത് ഒപ്പിട്ടുവാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞില്ലേ "

"അല്ല   സാർ , ഫൈൻ   അടച്ചാൽ  "  രവി   അർദ്ധോക്തിയാൽ  നിറുത്തി.

ഇൻസ്പക്റ്റർ  രവിയെ നോക്കി ക്രൂരമായി ചിരിച്ചു.

വീട് ചട്ട   പ്രകാരം ഇടിച്ചു കളയണം ,

എന്ത് പറയണം എന്നറിയാതെ രവി പകച്ചു പോയി.

"സാർ വേറെ എന്തെങ്കിലും ഒരു വഴി.   "

"ഇവിടെ എന്റെ മുന്നിൽ ഇങ്ങനെ താണു   തൊഴിതൊട്ടൊന്നും    കാര്യമില്ല.    താൻ പോയ്കൊള്ളൂ "

അയാൾ പുറത്തേക്കേറങ്ങിയതും  പ്യുൺ നാരായണൻ അയാളെ വിളിച്ചു.


:എന്താ  കാര്യം "  അയാൾ  ആധികാരിതയോടെ ചോദിച്ചു.

"ചെറിയൊരു വയലേഷൻ ഉണ്ട് "

നാരായണൻ ആ ഫയൽ തുറന്നു നോക്കിയിട്ടു പുച്ഛത്തോടെ  ഒന്ന് ചിരിച്ചിട്ട് ചോദിച്ചു .

"ഇത് ചെറുതൊന്നുമല്ലല്ലോ , വീട് കെട്ടുമ്പോൾ ബിൽഡിങ് ആക്ട് എന്നൊരു സാധനം ഉണ്ട്. ആർകിടെക്ട് ഒന്നും പറഞ്ഞില്ലേ "

അല്ല , പ്ലാൻ എന്റെ തന്നെ , പിന്നെ മേസ്തിരി കുറച്ചു ഭേദഗതി ചെയ്തു.

സാർ വാ,   നമുക്കൊന്നു  ചായ കുടിക്കാം . അപ്പുറത്തെ കൈരളി  ഹോട്ടലിലേക്ക്  അവർ നടന്നു.

"സാറിന് ഇതൊന്നും ശീലമില്ല  അല്ലെ?  ഇതൊക്കെ ഒരു പതിവായ  കാര്യമല്ലേ . നല്ല  പുത്തനങ്ങു  മടിച്ചു  നിക്കാതെ ഇറക്കു സാറേ . സ്വന്തം വീട്ടിന്റെ  കാര്യത്തിനല്ലേ .  ഇന്ന് വൈകുനേരം  സിറ്റി ടൂറിസ്റ്റ് ഹോമിൽ,   റും   നമ്പർ 217 ൽ   സാർ ഉണ്ടാകും.   ഒരു അമ്പതിനായിരം കൊണ്ട് പോയി കൊടുക്കു.  എന്നാൽ നാളെ സാറിന് വീടിന്റെ നമ്പർ കിട്ടും."

അയാൾ വളരെ ചെറിയ കാര്യം പറയുന്ന പോലെ അങ്ങനെ പറഞ്ഞു.

"അല്ല ഞാൻ ഇത് വരെ അങ്ങനെ കൈക്കൂലി കൊടുത്തിട്ടില്ല . "

"ഇങ്ങനെയൊക്കെ അല്ലെ ഇത് ശീലമാകുന്നത് . സാർ മടിക്കാതെ പോയ്ക്കൊള്ളൂ .  ഇവിടെ ഇന്ത്യാ മഹാരാജ്യത്തു കാര്യം നടക്കണം എന്നുണ്ടെങ്കിൽ ഇതൊക്കെ പതിവാ"   നാരായണൻ വലിയ ഒരു    തത്വം പറയുന്ന പോലെ പറഞ്ഞു.

പോകുന്ന വഴി നാരായണൻ പറഞ്ഞു . "സാർ ഒരു കമ്മ്യൂണിസ്റ് ആണ്. അതുകൊണ്ട് ലാൽ സലാം പറഞ്ഞോളൂ . പിന്നെ സാർ പോകുന്നതിനു മുന്നേ എന്നെ ഫോൺ ചെയ്തറിയിക്കണം . ഇതാണ് എന്റെ നമ്പർ  "  അയാൾ അയാളുടെ മൊബൈൽ നമ്പർ തന്നു.

നാരായണൻ പറഞ്ഞ പ്രകാരം വൈകുന്നേരം സിറ്റി  ടുറിസ്റ് ഹോമിൽ രവി എത്തി.

അവിടെ മുറിയിൽ ബിൽഡിങ് ഇൻസ്‌പെക്‌ടർ ഉണ്ടായിരുന്നു.

രവിയെ കണ്ട ഉടനെ അയാൾ ചോദിച്ചു , കാശ് കൊണ്ടുവന്നിട്ടുണ്ടല്ലോ  അല്ലെ .

" അത്രയും കാശ് ,   ഇത്തിരി കുടുതലാ , എന്തെങ്കിലും ഒരു നീക്കുപോക്ക്‌ "

അതും പറഞ്ഞിട്ട് രവി മുഖം താഴ്ത്തി നിന്ന്.    എന്റെ ഒരൊറ്റ ഒപ്പ് മതി നിങ്ങളുടെ വീട് പൊളിക്കാൻ . അത് വേണമോ .  "

"സാർ  ഒരു സഖാവ് അല്ലെ"     എന്നിട്ട് ഇങ്ങനെ .

താൻ നമ്മുടെ പാർട്ടിക്കാരനാണോ , അപ്പോൾ അറിയാമല്ലോ . പണ്ടത്തെപ്പോലെ ആദർശം പറഞ്ഞാൽ  ഒന്നും ജീവിക്കുവാൻ പറ്റുകയില്ല .പാർട്ടി പറയുമ്പോൾ കൊല്ലാനും, കല്ല് അറിയുവാനും ആളുകൾ വേണ്ടേ , അവരെ വളർത്തേണ്ട . അതെല്ലാം  ഞങ്ങളെ പോലുള്ളവരുടെ  ചുമതലയാ . ഞാൻ  മേടിക്കുന്നു എങ്കിൽ ഇതിന്റെ ഒരു പങ്ക് പാർട്ടിക്കുള്ളതാ. പിന്നെയുള്ള നക്കാപ്പിച്ച നാരായണൻ അടക്കമുള്ളവർക്കു വീതം വയ്ക്കണം "

രവി ഒന്നും മിണ്ടാതെ തരിച്ചു   നിന്ന്.  അയാൾ ഒരു കമ്മ്യൂണിസ്റ്റ് കാരനായിരുന്നു . കോളേജിൽ കൈകൂലിക്കെതിരെ സമരം നടത്തിയ രംഗങ്ങൾ അയാളുടെ മുന്നിൽ ചലച്ചിത്രത്തിലെ ഫ്ലാഷ്ബാക്ക് എന്ന പോലെ മുന്നിൽ  തെളിഞ്ഞു. അങ്ങനെ എത്രയെത്ര സംഭവങ്ങൾ.

ഇൻസ്‌പെക്‌ടർ അയാളെ   ഓർമയിൽ നിന്നും വിളിച്ചുണർത്തി   .


പേരെന്താ എന്ന പറഞ്ഞത് .

"സഖാവ് രവീന്ദ്രൻ"

മുഴുവനും പേര് .

"രവീന്ദ്രൻ  കർത്താ"


അച്ഛന്റെ പേര്

 "|ഉദയപ്പൻ കർത്താ |"


എന്താ രവി സംശയത്തോടെ   ചോദിച്ചു.


ഒന്നുമില്ല .  അയാളൊന്നു മൂളി .

"എന്നാ  ഒരു കാര്യം ചെയൂ , മുപ്പതു തന്നാൽ മതി. ബാക്കി ഇരുപതു ഞാൻ വേണ്ട എന്ന് വയ്ക്കാം ."

ആ വാക്കുകൾ രവിയിൽ ആശ്വാസം നിറച്ചു .

അയാൾ പറഞ്ഞു ." എനിക്കിച്ചിരി അത് കുടുതലാ . ഏത് ?  "

അയാൾ തന്നെ ചോദവും , ഉത്തരവും പറഞ്ഞു.

"മറ്റേ സ്പിരിറ്റ് . ജാതി സ്പിരിറ്റ് .  ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ റേറ്റു കുറയ്ക്കും .ഒന്നുമല്ലെമെങ്കിലും നമ്മൾ ഒക്കെ  നമ്മുടെ   കുലമഹിമയിൽ ആഢ്യത്വം  ഉൾകൊള്ളേണ്ടവർ അല്ലെ."

രവി നിസ്സംഗതയോടെ  തലയാട്ടി ,  പോക്കറ്റിൽ നിന്നും അയാൾ പറഞ്ഞ തുകയെടുത്തു  കൊടുത്തു.  അയാൾ അത്   എണ്ണി  നോക്കിയശേഷം  പോക്കറ്റിലിട്ടു. രവി പിൻ തിരിഞ്ഞു നടക്കുമ്പോൾ ഇൻസ്പെക്റ്റ്‌റെ ചുണ്ടിലെ ഗാനം അയാൾ കേട്ടു .

" നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ"






.