2021, നവംബർ 26, വെള്ളിയാഴ്‌ച

വേതാളം പറഞ്ഞ കഥ


പിടിവിട്ട് വീണ്ടും പറന്നുപോയ വേതാളത്തെ തോളിലേറ്റി നടക്കുന്ന നേരത്തു വേതാളം പതിവ് പോലെ വീണ്ടും ഒരു കഥ പറയുവാൻ ആരംഭിച്ചു .

പണ്ട് വിജയൻ എന്ന രാജാവ് കേരളം ഭരിച്ചിരുന്നു. ഏത് രാജാവ് ഭരിച്ചാലും ആ രാജാവിനെ അന്ധമായി ആരാധിക്കുവാനും സ്തുതി പാടുവാനും ഉപജാപവൃന്ദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണല്ലോ . ഈ രാജാവിനെയും , രാജ ഭരണത്തെയും സ്തുതിക്കുന്ന നല്ല ഒരു വിഭാഗം ജനങ്ങൾ  അപ്പോഴും ആ നാട്ടിൽ ഉണ്ടായിരുന്നു.

ആ രാജാവിന്റെ വിശ്വസ്തനായ സേവകൻ ആയിരുന്ന് ചന്ദ്രൻ . കുടുംബപരമായി തന്നെ രാജാവിനെയും , രാജാവിന്റെ വംശത്തെയും  അന്ധമായി പിന്തുണക്കുന്ന അയാൾക്ക്‌ രണ്ട് പെണ്മക്കൾ ഉണ്ടായിരുന്നു. . അതിൽ രണ്ടാമത്തെ പെൺകുട്ടി അച്ഛനെപ്പോലെ തന്നെ രാജഭക്തയായി വളർന്നു.  ഈശ്വര നിഷേധി ആയി അങ്ങനെ ജീവിച്ച കാലത്തു  ഒരു ചെറുപ്പക്കാരനുമായി  അവൾ കടുത്ത പ്രണയത്തിൽ  ആയി. 

പഠിക്കുന്ന കാലം ആണ് കഷ്ടിച്ച് പതിനേഴോ , പതിനെട്ടോ  വരുന്ന പ്രായം. എന്നാൽ ഈ ചെറുപ്പക്കാരൻ ആകട്ടെ മുപ്പതിൽ ഏറെ പ്രായം ഉണ്ട് താനും.

"മനുഷ്യൻ ആവണം " എന്ന്  പാടി നടന്ന ഈ പെൺകുട്ടി അയാളിൽ നിന്നും ഗർഭം ധരിച്ചു  . ഇനി ആ ചെറുപ്പക്കാരൻ ആവട്ടെ വേറെ വിവാഹിതൻ ആയിരുന്നു. എന്നാൽ അയാളുടെ ഭാര്യ ആണെങ്കിലോ  അതിനു മുന്നേ അയാളുടെ സുഹൃത്തായിരുന്ന സ്നേഹിതന്റെ ഭാര്യ ആയിരുന്നു. കേൾക്കുമ്പോൾ അകെ കൂടി ഒരു കൺഫ്യൂഷൻ തോന്നുന്നില്ലേ .. തോന്നും അത് സാരമില്ല. 

യാതൊരു ദിശ ബോധവും ഇല്ലാതെ നടക്കുന്ന ആ ചെറുപ്പകാരനിൽ നിന്നും മകൾ ഗർഭിണി ആണെന്ന് അറിഞ്ഞ പിതാവ് വ്യസനിച്ചു . പിന്നെ  വളരെ രഹസ്യമായി അവൾ പ്രസവിച്ച ആ കുട്ടിയെ ഒരു  ശിശു ക്ഷേമ കേന്ദ്രത്തിൽ    ഏല്പിച്ചു .

 പിതാവായ അയാൾ എന്ത് ചെയ്യണം . മകൾ അനുരക്തയായ ചെറുപ്പക്കാരൻ വിവാഹിതൻ ആണ് . അപ്പോൾ അഭിമാനിയായ ആ പിതാവ് ചെയ്തത് ആ കുട്ടിയെ ഉപേക്ഷിക്കുക എന്ന മാർഗം സ്വീകരിക്കുകയായിരുന്നു.  മകളുടെ സമ്മതപത്രത്തോടെ അയാൾ ആ കർമം നിർവഹിച്ചു. 

ആ കുട്ടിയെ കുട്ടികൾ ഇല്ലാതെ വന്ന വേറെ ദമ്പതിമാർ ദത്തു എടുത്തു. കഥ ഇവിടെ കഴിയുന്നില്ല .  അതിനിടെ  സമർഥ്യ ക്കാരിയായ അയാളുടെ മകൾ  അവളുടെ കാമുകനെ കൊണ്ട് അയാളുടെ  വിവാഹ ബന്ധം ഒഴിപ്പിച്ചു. 

ചുരുക്കത്തിൽ പറഞ്ഞാൽ അയാളുടെ ഭാര്യയും കുട്ടികളും വഴി ആധാരം  ആയി എന്ന് നിലയിൽ ആയി. വിവാഹമോചിതനായ അയാളെ പിന്നെ ഈ പെൺകുട്ടി വിവാഹം കഴിച്ചു .

വിവാഹത്തിന് ശേഷം ആ പെൺകുട്ടി ശിശു ക്ഷേമ സമിതിയിൽ പോയി കുഞ്ഞിനെ അന്വേഷിച്ചു . അപ്പോഴേക്കും ആ കുട്ടിയെ വേറെ ഏതോ ദമ്പതികൾ ദത്തു എടുത്തു കഴിഞ്ഞിരുന്നു. പിന്നെ അവിടെ കണ്ടത് കുഞ്ഞിന്  വേണ്ടി ആ 'അമ്മ നടത്തിയ സമരം ആയിരുന്നു .  ആ സമരത്തെ അനുകൂലിച്ചും  പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ വന്നു. 

അവൾ രാജാവിനെ സമീപിച്ചു.  രാജാവ് പതിവ് പോലെ "എനക്കറിയില്ല" എന്ന നിലപാടിൽ ഉറച്ചു നിന്ന്. ധീരയായ ആ യുവതി നീതിക്കു വേണ്ടി കോടതിയെ സമീപിച്ചു.  

കോടതി  വിധി പ്രഖ്യാപിച്ചു . കുഞ്ഞിനെ അമ്മയുടെ കൂടെ കൊടുത്തു വിടുവാൻ..  പക്ഷെ ആ  കോടതി  വിധികൊണ്ടും അവൾ  തൃപ്‌തയായില്ല .

 ഇതിനെല്ലാം  കൂട്ട് നിന്ന പിതാവിനെയും ,  കുടുംബത്തെയും , പിന്നെ ശിശു ക്ഷേമ വകുപ്പിന് എതിരായും അവൾ വീണ്ടും കേസ് കൊടുത്തു. അതിന്റെ ഭലമായി കോടതി അവളുടെ അച്ഛന്  കാരാഗ്രഹം വിധിച്ചു.

അവൾ സന്തോഷവതി ആയി.   അവളുടെ കൂടെയുള്ള ആളുകൾ അവളുടെ സമരത്തെ  മഹത്തായ സമരം എന്ന് വിശേഷിപ്പിച്ചു . സ്വന്തം കുഞ്ഞിന് വേണ്ടി   ഏതറ്റം  വരെയും പോരാടിയ ആ വനിതയെ ഉത്തമ  കുല സ്ത്രീ എന്ന് വിശേഷിപ്പിച്ചു കൊണ്ട് സ്തുതി ഗീതങ്ങൾ ഉണ്ടാക്കി .  ചരിത്രം തിരുത്തി എഴുതിയ അനർഘ നിമിഷം എന്ന് വരെയുള്ള പ്രസ്താവനകൾ ഉണ്ടായി.

 കഥ പറഞ്ഞു നിറുത്തിയ ശേഷം വേതാളം ചോദിച്ചു .  

ഇതിൽ ആരാണ് തെറ്റുകാർ ..  

ആ അമ്മയാണോ 

അതോ അവളുടെ  ഭർത്താവ് ആണോ 

അതോ  നിരാലംബയായ കുഞ്ഞിനെ ദത്തു എടുത്ത ആ ദമ്പതികൾ ആണോ 

അതോ അവളുടെ പിതാവ് ആണോ   തെറ്റുകാർ 


വിക്രമാദിത്യൻ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു ..

തെറ്റ് ആ പെൺകുട്ടിയുടെ പിതാവിന്റെ   ഭാഗത്തു  തന്നെയാണ് ..

മകളെ നല്ല നിലയിൽ  ആ പിതാവ് വളർത്തി ഇല്ല .. പിന്നെ മകൾ  തെറ്റായ  ദിശയിൽ നടന്നിട്ടും അത് തിരുത്തുവാനോ  നല്ല മാർഗം നിർദേശിക്കുവാനോ  ആ പിതാവിന് കഴിഞ്ഞില്ല .  കാരണം  ആയാളും തെറ്റിന്റെ പക്ഷത്തായിരുന്നു . 

ശരിയായ ഉത്തരം  ലഭിച്ചു കഴിഞ്ഞപ്പോൾ വേതാളം പതിവ് പോലെ മുരുക്കു  മരത്തിൽ ചെന്ന് തല കീഴായി തുങ്ങി കിടന്നു. 





 


2021, നവംബർ 13, ശനിയാഴ്‌ച

വ്യത്യസ്തനായ സുരേഷ്


"അതെ  എനിക്ക് തന്നോട് ഒരു കാര്യം പറയുവാൻ ഉണ്ട്"

അവൻ ഒന്ന് മുരട് അനക്കി ശബ്ദം ശരിയാക്കി അവളോടായി പറഞ്ഞു.

നീണ്ട സമൃദ്ധമായ മുടി ഇഴകൾ അലസമായി അഴിച്ചിട്ടു അഴയിൽ നിന്നും ഉണങ്ങിയ തുണികൾ എടുക്കുകയായിരുന്നു സിന്ധു  .  ഈർപ്പം ഉറ്റിയ തുണികൾ അവൾ വീണ്ടും ഒന്നും കൂടി വിശാലമായി  അഴയിൽ  വിരിച്ച ശേഷം  അവൾ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. 

അവളുടെ ആ ചിരിയിൽ  അവൻ ഒന്ന് പരുങ്ങി എങ്കിലും ധൈര്യം സംഭരിച്ച ശേഷം അവൻ പതിയെ പറഞ്ഞു 

"എനിക്ക് തന്നെ ഇഷ്ടം ആണ് ..  ഞാൻ തന്നെ കല്യാണം കഴിച്ചോട്ടെ "

ഇനി നമുക്ക് ഈ ചോദ്യ കർത്താവിലേക്കു തിരിയാം . ഇവനാണ് നമ്മുടെ കഥ നായകൻ 

 പേര് സുരേഷ് . വയസ് മുപ്പത്തി നാല് ..  തൊഴിൽ  ബാർബർ . നമ്മുടെ അനിൽ പനച്ചൂരാൻ പറഞ്ഞ പോലെ മുടി മുറി ശീലൻ  എന്നോ  മുഖവടിവേലൻ എന്നോ പച്ച മലയാളത്തിൽ ക്ഷുരകൻ എന്നോ ഇനി  ആംഗലേയത്തിൽ ആണെങ്കിൽ ഹെയർ സ്റ്റൈലിസ്റ് എന്നോ ബ്യൂട്ടീഷൻ എന്നോ വിളിക്കാം . നിങ്ങളുടെ ഇഷ്ടം പോലെ നിങ്ങൾ എന്തും വിളിച്ചോളൂ . എനിക്ക് ഒരു നഷ്ടവും ഇല്ല .

സുരേഷ് ബാർബർ ആണെന്ന് പറഞ്ഞുവല്ലോ . സുരേഷിന്റെ  അച്ഛൻ  ഗോപാലനും ബാർബർ ആയിരുന്നു.  ഗോപാലന്റെ അച്ഛൻ ബാർബർ ആയിരുന്നോ .. അതെനിക്കറിയില്ല .. അല്ലെങ്കിലും അത്രക്കൊന്നും അങ്ങോട്ടേക്ക് ചുഴിഞ്ഞു നോക്കേണ്ട ആവശ്യം തത്കാലം നമുക്ക് ആർക്കും ഇല്ല.  എന്തായാലും ഒരു ബാർബറിന് പെണ്ണ് കൊടുക്കേണ്ട ആവശ്യം നിങ്ങൾ വായനക്കാർക്കു ഉണ്ടോ ... ഉണ്ടെങ്കിൽ ഞാൻ പറയാം .

 പാരമ്പര്യമായി തല വടിക്കാനും , ഇനി വേറേ എന്തിനു പറയുന്നു ആരുടെ എങ്കിലും മീശ  പോലും മുറിക്കുവാനും ഉള്ള അധികാരം പേറുന്നവൻ  ആയിരുന്നു നമ്മുടെ  ഗോപാലൻ .  പാവം മരിച്ചു പോയി എങ്കിലും ആ പാരമ്പര്യം കാത്തു  സൂക്ഷിച്ച അച്ഛന്റെ മകൻ തന്നെ ആയിരുന്നു സുരേഷും . പക്ഷെ  അങ്ങനെയുള്ള വ്യത്യസ്ടനായ  നമ്മുടെ  സുരേഷിനെ ആരും തിരിച്ചറിഞ്ഞില്ല..

മുപ്പത്തിനാല് കഴിഞ്ഞെങ്കിലും സുരേഷ് ഇതുവരെ പെണ്ണ് കെട്ടിയിട്ടില്ല . കഴിഞ്ഞ നാലഞ്ചു വർഷത്തിനുള്ളിൽ ഇതുവരെ മുപ്പത്തി ആറു പെണ്ണ് കാണൽ സുരേഷ് വിജയകരമായി പൂർത്തിയാക്കി . കാണുന്ന എല്ലാ പെൺ  കുട്ടിയേയും അവനു ഇഷ്ടപ്പെട്ടെങ്കിലും ഒറ്റ  ഒരുത്തിക്കും സുരേഷിന്റെ ഓഞ്ഞ മോന്ത ഇഷ്ടപ്പെട്ടില്ല .  

പറയുമ്പോൾ എല്ലാം പറയണം അല്ലോ മോന്ത അല്ല ഇഷ്ടപ്പെടാത്തത് അവന്റെ തൊഴിൽ ആണ് . ചെറുക്കൻ  ബാർബർ ആണെന്ന് പറയുമ്പോൾ തന്നെ ഒരു  ഏനകേട്  ഇല്ലയോ ..  അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് . 

എല്ലാ വീട്ടിലും ചെന്ന് ലഡുവും മിക്സ്ചറും ആവോളം തട്ടിവിട്ടെങ്കിലും ഇതുവരെ കണ്ട എല്ലാ പെണ്ണുങ്ങളും അവനെ നിഷ്കരുണം  തഴഞെങ്കിലും നമ്മുടെ നായകൻ തളർന്നില്ല . അല്ലെങ്കിലും തീയിൽ കുരുത്തത് വെയിലത്തു വാടില്ലല്ലോ ...

അങ്ങനെ മുപ്പത്തി  ഏഴാമത്തെ പെണ്ണ് കാണുവായി  ബ്രോക്കർ നാണപ്പനുമായി സംസാരിക്കുന്ന  നേരത്താണ്   കഥ നായകന്റെ അമ്മയുടെ രംഗപ്രവേശം .

"എടാ  നാണപ്പാ   , നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേ ഇനി ഒരു ആലോചനയുമായി ഈ  പടി  കടക്കരുത്  എന്ന് ,  അവനു നാണം ഇല്ല എന്ന് കരുതി ഇത് തൊഴിൽ ആയി കൊണ്ട് നടക്കുന്ന നിനക്ക് നാണം വേണ്ടേ "

"അമ്മെ "  ശ്രീനിവാസന്റെ ശബ്ദത്തിൽ സുരേഷ് മുരട് അനക്കി .

"നാണപ്പാ ,   'അമ്മ  അങ്ങനെ ഒക്കെ പറയും ,  നിങ്ങൾ അത് കാര്യം  ആക്കേണ്ട ..  ഇപ്പോൾ കൊണ്ട് വന്ന ആലോചന അത് നടക്കും എന്ന് തന്നെ എന്റെ മനസ് പറയുന്നു. പെണ്ണ് കംപ്യൂട്ടർ പഠിച്ചിട്ടുണ്ട് , അവൾക്ക്  അക്ഷയ സെന്ററിൽ ആണ് ജോലി . 'അമ്മ എന്തറിഞ്ഞിട്ടാ  ഈ പറയുന്നത് "

"ഫസ്റ് "... വായിൽ ഉള്ള മുറുക്കാൻ പുറത്തേക്ക് തുപ്പി ജാനകി 'അമ്മ പറഞ്ഞു ..  എടാ  നിന്റെ ഈ തൊഴിൽ ഒന്നും  ഇപ്പോഴത്തെ പെണ്ണുങ്ങൾക്ക് ഇഷ്ടം ആവില്ല "

'അമ്മ  എന്തുട്ടാ   ഈ  പറയണത്  ... ഈ തൊഴിൽ വച്ച് തന്നെ അല്ലെ അച്ഛൻ അമ്മയെ കല്യാണം കഴിച്ചത് . അച്ഛൻ അമ്മയെ നല്ല അന്തസ് ആയി നോക്കിയില്ല .  പിന്നെ എന്റെ തൊഴിനു മാത്രം ഇപ്പോൾ എന്താ പ്രശ്നം . കൂടുതൽ ഒന്നും പറയേണ്ട ഞാൻ  തലമുടി വെട്ടി കൊണ്ടുവരുന്ന രൂപ വച്ച് തന്നെ അല്ലെ ഇവിടെത്തെ  അടുപ്പ് പുകയുന്നത് .  "

അവന്റെ മറുപടി കേട്ടിട്ടു ജാനകി അമ്മ ഒന്ന് ചൂളി . ..

"അതല്ലടാ  നിന്നോട് എത്ര വട്ടം ഞാൻ പറഞ്ഞിട്ടുണ്ട്   നമ്മുടെ   സിന്ധുവിന്റെ കാര്യം . അവൾക്കു നിന്നെ ഇഷ്ടമാ ...  .. അവളുടെ അമ്മ സരോജയും ഇത് എന്നോട് സൂചിപ്പിച്ചതാ ..  അവൾ നല്ല കുട്ടി അല്ലെ . നിനക്ക് നന്നയി ചേരും "

"പത്താം ക്ലാസ് തോറ്റ  ആ ചട്ടുകാലിയെ ഞാൻ   കെട്ടാനാ ," 

"പിന്നെ എന്റെ മോൻ അങ്ങ് മജിസ്‌ട്രേറ്റ് അല്ലെ..           പിന്നെ ഒരു കാലിൽ അല്പം  മുടന്തുണ്ട് . അതിപ്പം അത്ര കുറവാ ..   ആ വീട് നോക്കുന്നതെ  അവൾ ഒരുത്തിയാ . ഒരു മിനുട്ട് അവൾ വെറുതെ കളയില്ല ... പശുവിനെയും, കോഴിയേയും , തൊടിയിലെ കൃഷിയും  എല്ലാം .. "   ഒന്ന് നിറുത്തിയ  ശേഷം അവർ വീണ്ടും മുരട് അനക്കി .   

"പത്താം ക്ലാസ്  തോറ്റതാ .. അത് ശരി തന്നെ  അല്ല എന്റെ മോൻ എത്ര വരെ  പഠിച്ചു ...  നീയും    പത്തു  തോറ്റത്‌  തോറ്റത്‌ അല്ലെ..   നാണപ്പൻ നിൽക്കുന്ന കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല .. "   ജാനകിയമ്മ  പുറത്തു  വെയിലത്തുണ ക്കുവാൻ   മരത്തിൽ വച്ച അരിപൊടി എടുത്തു  ഒന്ന് പാറ്റിയ ശേഷം  അകത്തേക്ക് പോയി...

 നിനക്കിനിയും  പെണ്ണ്  കിട്ടിയില്ലേടാ എന്ന് നാട്ടുകാരുടെ സ്ഥിരം  വെറുപ്പിക്കൽ  ചോദ്യം കേട്ട്  മടുത്തിരിക്കുകയാണ് . ഇപ്പോൾ അമ്മയും ..... അതും ബ്രോക്കർ നാണപ്പന്റെ മുമ്പിൽ വച്ച് ....

ഇനി ഇങ്ങനെ അപമാനിതനായി ജീവിച്ചിരിക്കേണ്ട ... മരിക്കണം ... അങ്ങനെ എങ്കിലും ഇവർ ഒക്കെ തന്റെ വില അറിയുമല്ലോ .. 

രണ്ടും കല്പിച്ചു സുരേഷ് ഉറച്ച തീരുമാനം  തന്നെ എടുത്തു.... 

സമയം  ഉച്ച കഴിഞ്ഞിരിക്കുന്നു .. 'അമ്മ ഉച്ച മയക്കത്തിൽ ആയിരിക്കും .. അവൻ ഉറച്ച ചുവടുകളോടെ  വിറകുപുരയിലേക്കു വച്ച് പിടിച്ചു..

തേങ്ങയും , വിറകും സൂക്ഷിച്ചു വയ്ക്കുന്ന പഴയ മുറി ആണ് .. ആകെ മാറാല പിടിച്ചു ആ മുറിയിൽ അവൻ കണ്ടു വളമായി ചെടിയിൽ ഒഴിക്കുവാൻ വേണ്ടി വാങ്ങി വച്ച ഫ്യൂരിഡാന്റെ കുപ്പി. 

ഇത് മതി.. ഇത് കുടിച്ചു മരിക്കണം ... അവൻ തീരുമാനിച്ചു ..  പതിയെ ആ കുപ്പി കയ്യിൽ എടുത്തു. സുരേഷിന്റെ  കൈകൾ വിറച്ചു തുടങ്ങി..  കുപ്പിയുടെ അടപ്പ് എടുത്തത്  ബലമായി അവൻ തുറന്നു .. പിന്നെ  തല ഉയർത്തി കുപ്പി പതുക്കെ വായിലേക്ക് ചരിച്ചു..

പെട്ടെന്നാണ് അവൻ അത് കണ്ടത് വലിയ ഒരു പെരുച്ചാഴി ...  വിറകിന്റെ മുകളിലൂടെ അവന്റെ തലക്കു മുകളിലൂടെ  ഒറ്റ ഓട്ടം .. 

ഒറ്റക്കാലിൽ അവൻ  . ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുവാൻ ശ്രമിച്ചു എങ്കിലും എഴുപതു കിലോയുള്ള  ശരീരം അവനെ അതിനനുവദിച്ചില്ല ..  അവൻ പത്തോ എന്ന ശബ്ദത്തോടെ നിലം പതിച്ചു.    

കയ്യിൽ ഉള്ള കുപ്പി കഷ്ണങ്ങളുയി പൊട്ടി തെറിച്ചു . അവശേഷിച്ച ദ്രാവകം അഴുക്ക് കലർന്ന തറയിൽ ഒഴുകി നനഞ്ഞു...  ആ വീഴ്ചയുടെ ആഘാതത്തിൽ അവൻ അത് കണ്ടു ... തേങ്ങാ പൊളിക്കുവാൻ ഉള്ള കമ്പി പാരാ  ചുവരിനോട് ചേർന്ന് അവനെ തുറിച്ചു നോക്കി നില്കുന്നത് .... 

ഒന്ന് തെറ്റി ഇരുന്നെങ്കിൽ അവന്  ആലോചിക്കുവാൻ പോലും വയ്യാതായി . കോലിൽ കോർത്തിട്ട പഴം പോലെ ശൂലത്തിൽ തറച്ചു ...   അയ്യേ .. ഓർക്കുമ്പോൾ .

അവൻ ഒന്ന് നിശ്വസിച്ചു...  അപ്പോഴേക്കും ആത്മഹത്യ പൂതി അവൻ മനസിൽ നിന്നും  എന്നെന്നേക്കുമായി കടഞ്ഞു കളഞ്ഞിരുന്നു...

അപ്പോൾ സുരേഷിന് എന്തുകൊണ്ടോ സിന്ധുവിന്റെ മുഖം ഓർമ  വന്നു. അവനെ കാണുമ്പൊൾ ആ മുഖത്തു മിന്നി മറയുന്ന ഭാവങ്ങൾ ... ആർദ്രമായ നോട്ടം ... നിറ  സ്നേഹം ....

ദേഹത്ത് പറ്റിയ പൊടിയും മാറാലയും തട്ടി കളഞ്ഞു അവൻ പതിയെ മുറ്റത്തേക്കിറങ്ങി ..

നീണ്ട സമൃദ്ധമായ മുടി ഇഴകൾ അലസമായി അഴിച്ചിട്ടു അഴയിൽ നിന്നും തുണികൾ  ഓരോന്നായി എടുക്കുന്ന സിന്ധു... 

അവനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു..  ആ ചിരിക്കു എന്തൊരു ഭംഗി. ഇവൾ ഇത്ര അടുത്തുണ്ടായിട്ടും താൻ ഇത് അറിഞ്ഞില്ലല്ലോ ... 

ഇനി  നിങ്ങൾ മുകളിലേക്ക് ഒന്ന് സ്ക്രോൾ  ചെയ്തു നോക്കിയേ ... ഞാൻ അദ്ദ്യം പറഞ്ഞ കാര്യങ്ങൾ കണ്ടില്ലേ...  

ഇനി  ഞാൻ കൂടുതൽ എഴുതുന്നില്ല .. അവരായി , അവരുടെ പാടായി .. 

സുരേഷ് എങ്ങനെ  എങ്കിലും ഒന്ന് വിവാഹം കഴിച്ചു ജീവിച്ചോട്ടെ..    ഇനി നമ്മൾ ചെന്ന് എന്തിനു വെറുതെ ഒരു കുത്തിത്തിരുപ്പ് ഉണ്ടാക്കണം .....  അല്ല പിന്നെ