2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

അമ്മ (കഥ)സമയം ഉച്ചയോടടുക്കുന്നു .  അവർ മനസ്സിൽ ഓർത്തു. കത്ത് വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. മുറ്റത്തേക്ക്  കണ്ണോടിച്ചുകൊണ്ടുള്ള  ഈ നിൽപ്പ്  തുടങ്ങിയിട്ട്  ഏറെ നേരം ആയിരിക്കുന്നു. പോസ്റ്റ്മാൻ ഗോപാലനെ ഇതുവരെ കണ്ടില്ല.  ഇനി ഇന്നും ഉണ്ടാവില്ലായിരിക്കും, രാമുവിന്റെ  എഴുത്ത് വന്നിട്ട്  മൂന്നാഴ്ചയിൽ ഏറെ ആയിരിക്കുന്നു. ഇത്രയ്ക്കു പഠിക്കുവാൻ ഉണ്ടാവുമോ കുട്ടിക്ക്?.  സൂര്യകിരണങ്ങൾ   ക്ഷണിക്കാതെതന്നെ  പടി കടന്നു വരാന്തയിലേക്ക്‌ പ്രവേശിച്ചു. കൂട്ടിനു വലിയ നിഴൽ മാത്രം. നേര്യതിന്റെ തലപ്പ്‌ എടുത്തു അവർ മുഖം തുടച്ചു. പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ  കതകു അടച്ചു സാക്ഷയിട്ടു. തിരിഞ്ഞു ജനാലപാളിയിലുടെ ഒരു വട്ടം കൂടി പുറത്തേക്കു നോക്കി. ഇനി ഗോപലാൻ വരില്ലായിരിക്കും

 അവർ തിരിഞ്ഞു  അടുക്കളയിലേക്ക്  നടന്നു. അടുപ്പിനുള്ളിൽ എരിഞ്ഞടങ്ങിയ മടലുകൾ. ചെറുതായി കത്തുന്ന കൊതുംബിന്റെ അഗ്രം ഊതി കെടുത്തിയ ശേഷം ചെമ്പുകലത്തിൽ  നിന്ന് ഒരു കുമ്പിൾ വെള്ളം കോരി അവർ അടുപ്പിലേക്ക് തളിച്ചു . ചെറിയ ശീൽക്കാരത്തോട്‌ ഒന്ന്  ആളി കത്തിയ ശേഷം തീ എരിഞ്ഞടങ്ങി. ഉയർന്ന് പൊങ്ങിയ പുകപടലങ്ങളെ ആവാഹിച്ചു കറുത്ത നിറത്തിൽ പുകഞ്ഞു നിൽക്കുന്നു മച്ചിൻ മുകളിലെ ചിമ്മനി .

അടുക്കള വതിൽ ചാരി അവർ ഇടനാഴിയിലൂടെ നടന്നു.  പോകുന്ന വഴി ജനാലയിലൂടെ പുറത്തേക്കു വീണ്ടും കണ്ണുകൾ പായിച്ചു. കിഴക്കോട്ടു അഭി മുഖമായ പടിപ്പുര വാതിൽ പാതി തുറന്നു കിടക്കുന്നു. മുറ്റത്തെ  ചെത്തിയിൽ ഒരു മഞ്ഞശലഭം പാറി പറക്കുന്നു. മേശ പുറത്തിരിക്കുന്ന കണ്ണടയും , ദേവി സഹസ്രനാമത്തിന്റെ ചെറിയ പുസ്തകവും എടുത്തുകൊണ്ടു  അവർ വായന മുറിയിലേക്ക് പോയി. കണ്ണട  ധരിച്ചിട്ടും അവർക്ക് ഒന്നും വായിക്കുവാൻ  കഴിഞ്ഞില്ല. തെക്കിനിയിൽനിന്നു  നോക്കിയാൽ തൊടിക്ക്    പുറത്തു  രാമുവിന് വേണ്ടി പണി  കഴിപ്പിച്ച  ചെറിയ ക്ലിനിക് കാണാം. അടച്ചു പൂട്ടി  ഇട്ടിരിക്കുന്ന ആ വാർക്ക കെട്ടിടത്തിൽ ഡോക്ടർ   രാമചന്ദ്രൻ MBBS,  എന്ന  പലക  മാത്രം കാഴ്ചക്കാരനായി ഭിത്തിയിൽ നോക്ക് കുത്തിയെ പോലെ തുറിച്ചിരിപ്പുണ്ട്.

ഇപ്പോഴും രാമു പോയി എന്നുള്ളത് അവർക്ക് പൂർണ്ണമായും ഉൾകോള്ളുവാൻ ആകുന്നില്ല. അഞ്ചു വര്ഷത്തോളം പഠിച്ചിട്ടു വീണ്ടും വിദേശത്തേക്ക്. ഒരിക്കൽ  നാട്ടിൽ വന്നപ്പോൾ ചോദിച്ചു  .

' ഇത്രയും പഠിച്ചതല്ലേ രാമു,  ഇനി എന്തിനാ ബിലാതീ പോണേ? '

 ഇവിടെ പഠിച്ചതിൽ കൂടുത്തൽ എന്തറിവാ  നിനക്ക് അവിടെ കിട്ടുക കുട്ടിയെ എന്ന്?.'

 അപ്പോൾ അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു , '

'അമ്മേ , മനുഷ്യശരീരം ഒരു കടൽ പോലെ നിഗൂഢം  ആണ്. ഒരു ജന്മം മുഴുവനും പോര അത് പഠിച്ചെടുക്കുവാൻ. ആഴത്തിലേക്ക് ഇറങ്ങിയാൽ അറിയാം അത് ഒരു ചുഴി ആണെന്ന്. പിന്നെയും പിന്നെയും നമ്മെ വലിച്ചണക്കുന്ന,  മുത്തും , പവിഴവും ഇല്ലാതെ വിസ്മയിപ്പിക്കുന്ന വലിയ ചുഴി. അവൻ എന്തൊക്കെയോ പറഞ്ഞു അവർക്ക് ഒന്നും മനസിലായില്ല.

പക്ഷെ ഒന്ന് മാത്രം അവർ പറഞ്ഞു. ഇവിടെ പഠിച്ച അറിവ് കൊണ്ടല്ലേ വലിയമാമ  ഈകണ്ടവരുടെ ഒക്കെ ദീനം   നീക്കിയത്.എന്തിനും ഏതിനും    വലിയമാമക്ക് മരുന്നുണ്ടായിരുന്നു.  തൊടിയിലെ പച്ചിലകളും, വേരും ,  കായും, പൂവും എന്തും എതും വലിയമാമക്ക്  ഔഷധി ആയിരുന്നല്ലോ .

 പ്രകൃതിയിലെ ഒരു കൂട്ടവും വേണ്ടാത്തത് ആയി ഇല്ലത്രെ.  തൊടിയിലെ  ചെറുതന തണ്ടു ചുണ്ടി പറഞ്ഞത് ഓർമയുണ്ട് .  അറിഞ്ഞാൽ ഇതെല്ലം ഔഷധം ആണ് പോലും. കടിച്ച പാമ്പിനെ തിരികെ വിളിപ്പിച്ചു  വിഷം ഇറക്കിയ ആളല്ലേ. 'ആ  വലിയമാമ്മയേക്കാൾ എന്ത് പഠിപ്പാ കുട്ടി നിനക്ക് ശീമെലെ കിട്ടുക.?''

അവിടെ    പോയാൽ രാമു വല്ല മദാമ്മയേം കൂടി വരുമോ എന്നുള്ള ഭയം അവർക്ക് ഉള്ളാലെ ഉള്ളതായി തോന്നി.  സായിപ്പന്മാർക്കും,  മദാമ്മകളും  പുറമേ കാണുന്ന വെളുപ്പ്‌ മാത്രമേയുള്ളൂ. ചാമതിക്ക പോലും ചെയ്യാത്ത വർഗ്ഗമാ.  തെക്കേലെ ഉണ്ണി എടത്തി  പേർഷ്യയിൽ  പോയി വന്നപ്പോൾ  വിവരം പറഞ്ഞതാ.

അമ്മമ്മയുടെ  അറയിലെ ഗ്രന്ഥ പുരയിൽ എത്രെ എന്ന് വച്ചാ ഗ്രന്ഥങ്ങള് ?. അത് നോക്കിയാൽ തീരാത്ത സംശയം ഉണ്ടാവു ഉണ്ണിയെ? ആ പാരമ്പര്യം കാക്കാൻ നീയെ  ഉള്ളൂ .  അവർ  ഓർമിപ്പിച്ചു .

അപ്പോൾ അവൻ  പറഞ്ഞ മറുപടി ഓർമയുണ്ട് . "എന്ത് പാരമ്പര്യം. വരുന്ന ആളുകളുടെ  മുഴുവനും വിഷം ഇറക്കി   പറമ്പില്  നട്ടുച്ചയ്ക്ക്  നീലച്ചു കിടന്നില്ലേ.  ആയുസ്സ്   എത്താതെ സർപ്പശാപം ഏറ്റു    വാങ്ങി പോകേണ്ടി വന്നില്ലേ വലിയമാമക്ക്.  ഞാനും  അങ്ങനെ തന്നെ തീരണം എന്നാണോ? "

വലിയമാമ ക്ക്  മരണത്തെ അറിയാൻ ഉള്ള  കഴിവ് ഉണ്ടായിരുന്നു. ഓരോരുത്തരുടെയും വിഷം ഇറക്കുമ്പോഴും വലിയമാമ പറയും ആ മഹാ വൈദ്യൻറെ അടുക്കലേക്ക് നടന്നു അടുക്കാവുന്ന ദൂരത്തിൽ എത്തിയിരിക്കുന്നു ഞാനും. പക്ഷെ  വലിയമാമ  അത് തന്റെ നിയോഗം ആയി കണ്ടു. രോഗികളുടെ വാക്കുകൾ ക്ഷമയോടെ കേൾക്കുവനും,  അവരുടെ സങ്കടം  കാണുവാനുമുള്ള  വലിയ മനസും  വലിയമാമക്ക് ഉണ്ടായിരുന്നു. വൈദ്യവൃത്തി ധനാഗമനത്തിനുള്ള മാർഗം ആയി അമ്മമ്മ  കണ്ടിരുന്നില്ല. വിഷം തീണ്ടിയവരുടെ സങ്കടം അല്ല ആ വിഷം തന്നെ യാണ് അദ്ദേഹം മനസിലേക്ക്  അവാഹിച്ചത്. അല്ലെങ്കിൽ ഇത്രപെട്ടെന്ന് ദുർമരണത്തിന് അടിപ്പെടുമായിരുന്നില്ലല്ലോ!!!

 രാമുവിന്  ഏതിനും മറുപടിയുണ്ടായിരുന്നല്ലോ .

 'അമ്മേ  ഇത് പഴയ കാലം ഒന്നും അല്ല. വെറും MBBS കൊണ്ട് ഒരു  കാര്യോം  ഇല്ല. അമ്മാമ്മയെ പോലെ പച്ചില പറിച്ചു ഉപജീവനം കഴിക്കുവാൻ  അല്ലല്ലോ  ഞാൻ കഷ്ടപ്പെട്ട് ഡോക്ടർ  ആയത് ."'


'നിറുത്തൂ രാമു 'അവർ ആജ്ഞാപിച്ചു

' നിനക്ക് പോകണം എന്ന് ഉണ്ടെങ്കിൽ  പൊയ്‌ക്കോളൂ '

വലിയമ്മാമ്മയെ അധിക്ഷപിച്ച്  സംസാരിക്കുന്നതു  അവർക്ക് സഹിക്കുവാൻ കഴിയില്ലായിരുന്നല്ലോ . പിന്നെ ഒരു മാസത്തോളം രാമുവിന് തിരക്കായിരുന്നു . ശീമയിലേക്കു പോകുവാനുള്ള ഒരുക്കത്തിൽ ആയിരുന്നല്ലോ അവൻ. അവനു വേണ്ടി പണി കഴിപ്പിച്ച കെട്ടിടത്തിൽ ഒരു ദിവസം പോലും രാമു രോഗികളെ ചികൽസിക്കുവാൻ ശ്രമിച്ചില്ല. പോകുവാൻ അനുവദിച്ചുവെങ്കിലും  അവർക്ക്  ഒരു നിർബന്ധമേ  ഉണ്ടായിരുന്നുള്ളു. വല്ല മദാമ്മയേയും  കൂട്ടി  ഈ പടി കടക്കരുത്  .

വിവാഹം ഭഗവതിയുടെ നടയിൽ  വച്ചുതന്നെ വേണം .മാലിനി നിന്നെ    കാത്തിരിക്കുകയാണെന്ന്  ഓർമ  എപ്പോഴും വേണം. മാലിനിയുടെ കാര്യം ഓർത്തപോഴാണ് ഇന്നലെയും ഏട്ടൻ വന്നിരുന്നു. അവരുടെ കാര്യം പറഞ്ഞു ഉറപ്പിച്ചതാണല്ലോ . അവൻ ഒന്ന് വന്നോട്ടെ. പിന്നെ മാലിനി  തനിക്കും അന്യ ഒന്നുമല്ലല്ലോ.  ഈ തറവാട്ടിൽ തന്നെ വളർന്ന പെണ്ണല്ലേ .അവൾക്കീ വീട്ടിൽ സ്വന്തം വീടിനെക്കാൾ സ്വാതന്ത്ര്യം ഉണ്ടല്ലോ. അമ്മായി എന്ന് പറഞ്ഞു എപ്പോഴും കൂടെ നടക്കും. തൊടിയിലും, പാടത്തും , 
അടുക്കളയിലും . പെണ്ണിന്റെ ഭാവം ഇപ്പോഴേ ഈ വീടിന്റെ അവകാശി ആയി കഴിഞ്ഞു എന്നാണ്. ഓർക്കുമ്പോൾ അവരറിയാതെ അവരുടെ ചുണ്ടിൽ ചിരി പടർന്നു.

ആദ്യമൊക്കെ രാമുവിന്റെ കത്തുകൾ മുറയ്ക്ക്  വന്നിരുന്നു. ഈയിടെ ആയി  ഏറെ കാലതാമസം  വരുന്നുണ്ട്.  ഒരുപാട് പഠിക്കുവാൻ ഉണ്ടായിരിക്കും കുട്ടിക്ക്. അവർ ഒന്ന് നിശ്വസിച്ചു. പിന്നെ അവൻ പറഞ്ഞ വാക്കുകൾ ഓർത്തെടുത്തു.

 "മനുഷ്യ ശരിരം ഒരു കടൽ പോലെ നിഗൂഢം  ആണ്. ഒരു ജന്മം മുഴുവനും പോര അത് പഠിച്ചെടുക്കുവാൻ".

അവൻ പറഞ്ഞ വാക്കുകൾ  സത്യമായിരുന്നു .  അങ്ങകലെ വിക്ടോറിയയുടെ ശരീരത്തിൽ ആഴ്ന്നു ഇറങ്ങി പഠനം നടത്തുകയായിരുന്നു അപ്പോൾ അവൻ.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ