2018, ഫെബ്രുവരി 16, വെള്ളിയാഴ്‌ച

ശിവൻ


വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവന്റെ
വിളിപ്പാടകലെ ഞാൻ വിളിച്ചിട്ടും
വിളി  കേള്കാതെൻ , മൊഴി കേൾക്കാതെൻ
മിഴി തുറക്കാതെ നീയിരുന്നു
എന്റെ  വിളി കേൾക്കാതെ നീയിരുന്നോ ?

ഏതൊരു മുകനും വാചാലനാകുന്നു
ചന്ദ്രകലാധര നിൻ കൃപയാൽ
ആർത്തനെ കീർത്തിമാനക്കുന്ന  ദേവാ
നിയല്ലാതെ എനിക്കാരഭയം

ഭ്രമകര നാദമുണർത്തി നെഞ്ചിൽ
തുടി കൊട്ടി  പാടാം തിരുമുമ്പിൽ
തീരാശോകാ മൊഴിപ്പതിനായി
 ഇളനീർ കൊണ്ടുരു ധാര തരാം

ശിവരാത്രി മാഹാത്മ്യ മോതുമീ   ഭക്തയിൽ
കനിവിൻ  നിറവായി ഒളി പകരൂ
ഇണ്ടലോഴിച്ചെ ൻ ചിത്തത്തിൽ ദിനവും
സംപ്രീതനായി നീ വാണരളു    
 

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവന്റെ
വിളിപ്പാടകലെ ഞാൻ വിളിച്ചിട്ടും
വിളി  കേള്കാതെൻ , മൊഴി കേൾക്കാതെൻ
മിഴി തുറക്കാതെ നീയിരുന്നു
എന്റെ  വിളി കേൾക്കാതെ നീയിരുന്നോ ?

....................................................................................
കുംഭമാസ രാവിലെ ശിവരാത്രി നാളിൽ

നിദ്രാവിട്ട  ഞാനുമിന്നു നോമ്പ് നോൽക്കാം
 കാളകുട വിഷജ്വാല എറ്റിടാതെ
കാന്തയായ ശ്രീ  പാർവതി ദേവിയെ പോലെ

താണ്ഡവ പ്രിയ നിന്റെ നടനം
ഉള്ളിൽ അമരുമ്പോൾ
നിദ്ര പോലും വിട്ടൊഴിഞ്ഞു  കാലനെ പോലെഎതിരായി തോടുത്തോരംബുകൾ പോലും
പൂക്കളായി വർഷിച്ച ഇന്ദ്രജാലം
പാശുപതാസ്ത്രം പാര്ഥന് നൽകിട്ടുവാനായി
വേടനായി   വിളയാടി ലീലകൾ ആടി

ഘോരമാം വാസുകി വിഷം ലോകരക്ഷാർത്ഥം
അമൃതം പോൽ  സേവിച്ച നീല കണ്ഠ
അളവറ്റ കാരുണ്യം ഗംഗ പോലൊഴുക്കുന്ന
വാത്സല്യ മൂർത്തിയാം ദേവ  ദേവാ


വല്ലായ്മാ തോന്നുന്ന നേരത്തും തിരുനാമം
മടിയാതെ മമ നാവിൽ വിളങ്ങിടേണം
ശതസോമ മുനിയെപോൽ  ഇവനും ശിവലിംഗം
ശരണമായി തീരേണം ശിഷ്ടകാലം

ശതസോമ മുനിയെപോൽ  ഇവനും ശിവലിംഗം
ശരണമായി തീരേണം ശിഷ്ടകാലം

കുംഭമാസ രാവിലെ ശിവരാത്രി നാളിൽ

നിദ്രാവിട്ട  ഞാനുമിന്നു നോമ്പ് നോൽക്കാം
 കാളകുട വിഷജ്വാല എറ്റിടാതെ
കാന്തയായ ശ്രീ  പാർവതി ദേവിയെ പോലെ

താണ്ഡവ പ്രിയ നിന്റെ നടനം
ഉള്ളിൽ അമരുമ്പോൾ
നിദ്ര പോലും വിട്ടൊഴിഞ്ഞു  കാലനെ പോലെ


2017, ഡിസംബർ 12, ചൊവ്വാഴ്ച

കൃഷ്ണ ഗീതംകണ്ണനാമെൻ സതീർഥ്യനെൻ   കല്ലവിൽ  പൊതി
കണ്ടനേരം വെണ്ണിലാവും അലിയുന്നാ ചിരി ഞാൻ കണ്ടു
ഇഷ്ടനാമെൻ സ്നേഹിതൻ   തൻ  പൂവിരൽ തൊട്ട നേരം
കണ്ണുകളിൽ അശ്രുബാഷ്പം അടർന്നു വീണു
കണ്ണുകളിൽ അശ്രുബാഷ്പം അടർന്നു വീണു കണ്ണനാമെൻ സതീർഥ്യനെൻ   കല്ലവിൽ  പൊതി ...

കാലിൽ വീർത്ത നീരുമായി , കാതമേറെ നടന്നപ്പോൾ
സ്വർഗ്ഗരാജ്യം തോൽക്കുന്ന പുരി ഞാൻ കണ്ടു
ദുരെ നിന്നും കണ്ണനെന്നേ കണ്ടമാത്രെ ഓടിവന്നാ
മാറിലെ കൗസ്തുഭം പോൽ അണച്ചു ചേർത്തു

പ്രേമ പാശം പോലെയെന്നെ വിരിഞ്ഞു ചേർത്തു

 കണ്ണനാമെൻ സതീർഥ്യനെൻ   കല്ലവിൽ  പൊതി ...


കാലമേറെ കഴിഞ്ഞിട്ടും , തു വസന്തം   അണഞ്ഞിട്ടും
ബാല്യകാല സ്മരണയിൽ രസിച്ചിരുന്നു
വിട ചൊല്ലി പിരിയവേ പാവമാമീ ബ്രാഹ്മണൻ ഞാൻ
കർമദോഷ ഭാണ്ഡമേറി നടന്നു   നീങ്ങി
ജന്മദോഷാപാപമേറി നടന്നു നീങ്ങി

കണ്ണനാമെൻ സതീർഥ്യനെൻ   കല്ലവിൽ  പൊതി ...


വീടണഞ്ഞ  നേരം ഞാനാ  രമ്യഹർമം
കണ്ടുനിന്നു വിസ്‌മയത്താൽ വിലോലനായി ഭ്രമിച്ചുപോയി
കല്ലവിൽപൊതി ഭുജിച്ചെന്റെ കണ്ണനാമാ ഭഗവാനീ
കുചേലനെ ക്ഷണത്താലെ കുബേരനാക്കി
കല്ലവിൽപൊതി ഭുജിച്ചെന്റെ കണ്ണനാമാ ഭഗവാനീ
കുചേലനെ ക്ഷണത്താലെ കുബേരനാക്കി


കണ്ണനാമെൻ സതീർഥ്യനെൻ   കല്ലവിൽ  പൊതി
കണ്ടനേരം വെണ്ണിലാവും അലിയുന്നാ ചിരി ഞാൻ കണ്ടു


-----------------------------------


ഗുരുവായൂരുണ്ണിക്കണ്ണൻ  എന്നും
ചിരി തൂകും  വെണ്ണക്കള്ളൻ
കളഭക്കൂട്ടാട്ടി , വാക പു  ചാർത്തി
കുന്നിക്കുരു വരുന്നുണ്ടേ   ---------   അവൻ
ഗുരുവായൂരുണ്ണിക്കണ്ണൻ

ചാഞ്ചാടി ഉണ്ണി നീ ചാഞ്ചാടി  ,    ഓടികളിക്കാതെ 
അരികിൽ വായോ, ഉണ്ണി അരികിൽ വായോ
അരമണി കിങ്ങിണി കിലുക്കി വായോ

പീലി തിരുമുടി കെട്ടി തരാം , അല്ലിപ്പൂ മാല കോർത്തു തരാം
ചന്ദത്തിൽ ചന്ദനം ചാർത്തി തരാം
ചാമരം വീശിത്തരാം

ഗുരുവായൂരുണ്ണിക്കണ്ണൻ  എന്നും


ഓമൽ തിരുമിഴി നനയാതെ കോപം നടിക്കാതെ
പുഞ്ചിരി പാലോളി തൂകി വായോ
മണിവേണു ഊതി നീ അരികിൽ വായോ
കദളി പഴം തരാം , നറുവെണ്ണ  നൽകിടം
കാച്ചി കുറുകിയ പാലുതരാം ,   പായസ  ചോറുതരാം

ഗുരുവായൂരുണ്ണിക്കണ്ണൻ  എന്നും
ചിരി തൂകും  വെണ്ണക്കള്ളൻ
കളഭക്കൂട്ടാട്ടി , വാക പു  ചാർത്തി
കുന്നിക്കുരു വരുന്നുണ്ടേ   ---------   അവൻ
ഗുരുവായൂരുണ്ണിക്കണ്ണൻ ............................................................................

കണ്ടാലും കണ്ടാലും കൊതി തീരില്ല
തൊഴുത്താലും തൊഴുത്താലും മതിയാവില്ല
ഗുരുവായൂരല്ലാ ,   മധുരാപുരിയല്ല
മസ്‌ക്കറ്റിൽ വാഴുന്ന ഉണ്ണി കണ്ണൻ
എന്റെ മനമാകും കാലിനടിയിൽ നീന്തും കണ്ണൻ


വെണ്ണിലാ നാണിക്കും വെണ്ണക്കൽ ശില്പം
ദേവകൾ പൂജിക്കും നാരായണ രൂപം
മന്ദഹാസം തുവും ഇന്ദീവര നേത്രൻ
ഇവിടം  അമ്പാടിയാക്കുന്നുവോ
മരുഭൂവും   വൃന്ദാവനമാക്കുന്നുവോ

ഇവിടം  അമ്പാടിയാക്കുന്നുവോ
മരുഭൂവും   വൃന്ദാവനമാക്കുന്നുവോ


പീലി പു ചൂടിയ കേശാലങ്കാരം 
ഗോപി കുറി ചാർത്തിയ തിരു നെറ്റി തടവും 
പീതാംബരം ചാർത്തി, കൊലകുഴലൂതി 
ഇവിടം യദുകുലമാക്കുന്നുവോ 
മരുഭൂവും   വൃന്ദാവനമാക്കുന്നുവോ 


ഇവിടം യദുകുലമാക്കുന്നുവോ 
മരുഭൂവും   വൃന്ദാവനമാക്കുന്നുവോ കണ്ടാലും കണ്ടാലും കൊതി തീരില്ല
തൊഴുത്താലും തൊഴുത്താലും മതിയാവില്ല
ഗുരുവായൂരല്ലാ ,   മധുരാപുരിയല്ല
മസ്‌ക്കറ്റിൽ വാഴുന്ന ഉണ്ണി കണ്ണൻ
എന്റെ മനമാകും കാലിനടിയിൽ നീന്തും കണ്ണൻ
  

2017, ഡിസംബർ 11, തിങ്കളാഴ്‌ച

നായ് ക്കോലംപകുതി കെട്ട  ബീഡി അയാൾ വീണ്ടും കത്തിച്ചു. വേനലിന്റെ ചൂടിൽ അയാൾ വിയർക്കുന്നുണ്ടായിരുന്നു .   നാടും , നഗരവും  വേവിൽ വെന്തുരുകുകയാണ് . പിന്നെ എഴുപതു പിന്നിട്ട അയാളുടെ കാര്യം പറയുവാൻ ഉണ്ടോ?
ചൂട്  ഇനിയും കൂടുമെന്നും, വരൾച്ച അതി രൂക്ഷമാകും എന്ന് ഇന്നലെയും പാത്രത്തിൽ വായിച്ചു. തെക്കൻ കാറ്റിന്റെ ശക്തിയായ മൂളക്കം കാതിൽ ഇരമ്പുന്നു.  ശരം പോലെ പാഞ്ഞു പോകുന്ന കാറ്റ് . കാറ്റ്  ഊക്കൊടെ വീശുമ്പോൾ  ശരീരം  പൊള്ളുന്നു  

അങ്ങേരോടു പോയി എന്തെങ്കിലും പച്ച കറിക്കുള്ള കഷ്ണം മേടിക്കുവാൻ പറ. ഇങ്ങനെ അട പിടിച്ചു ഇരിക്കാതെ? .  രാവിലെ മുതൽ നായയെ പോലെ വീടിനു ചുറ്റും മണം പിടിച്ചിരിക്കും . ഏതു നേരവും അടുക്കളയിലാ കണ്ണ് .
മരുമകളുടെ കുശുകുശുപ്പ് അയാൾ കേട്ടു . മകൻ പറയുന്ന മറുപടി അയാൾക്ക് കേൾക്കുവാൻ കഴിഞ്ഞില്ല. ആറു  മാസത്തിൽ  ഏറെയായി   ഒരു പണിക്കു പോയിട്ട്.  അറിയപ്പെടുന്ന ആശാരി ആയിരുന്നു അയാൾ.  ഒരു പാട്  വീടുകളും, കടകളും  എല്ലാം അയാൾ പണിതിട്ടുണ്ട്.   കേളു ആശാരി സ്ഥാനം  നോക്കിയാൽ  അത് കൃത്യമാ  എന്ന പറഞ്ഞ എൻജിനീയർ  വരെ യുണ്ട് .  ഇപ്പോൾ പോയിട്ട്   ഒരു കിണറിനു പോലും അയാളെ സ്ഥാനം നോക്കുവാൻ വിളിക്കുന്നില്ല.  മരപണിയിൽ അയാൾക്ക് ശിഷ്യന്മാരായി ഒരുപാട് പേര് ഉണ്ട്. ഇപ്പോൾ അവരെല്ലാം ഫ്‌ളാറ്റുകളുടെ പണി തിരക്കിൽ കോൺട്രാക്ട് ജോലി ചെയുന്നു.  അവരുടെ കൂടെയൊന്നും ജോലി ചെയുവാൻ വയ്യ. അല്ലേലും ഇപ്പോഴത്തെ എൻജിനീയർമാർക്ക് എല്ലാം കംപ്യൂട്ടർ കണക്ക് ആണല്ലോ.  ഇപ്പോൾ   പണിയുന്ന  വീടുകളിൽ പോലും  മര വാതിലുകൾ ഇല്ല.  അതെല്ലാം പിവിസി വാതിലുകൾ ആയല്ലോ .  

പണ്ടൊക്കെ  മൂപ്പൊത്തിയ  മരം മാത്രമേ  മുറിക്കുവാൻ പാടുള്ളു എന്നുണ്ട്.    ഒരു വൃക്ഷം മുറിച്ചു മാറ്റണം എന്നുണ്ടെങ്കിൽ അതിനുള്ള അനുവാദം ചോദിച്ചു മേടിക്കണം . അത് വൃക്ഷത്തിനോട് മാത്രമല്ല, അതിൽ കുട് കുട്ടിയ പക്ഷികളെയും , പുഴുക്കളോടും, ശലഭങ്ങളോടും , ഉരഗങ്ങളോടുപോലും അനുവാദം ചോദിക്കണം. മരത്തിന്റെ ഉടമസ്ഥൻ കുളിച്ചു ശുദ്ധമായി വന്ന ശേഷം  മരത്തിൽ വസിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരോടെക്കയും ഒഴിഞ്ഞു പോകുവാനായി അപേക്ഷിക്കണം .  മുറിക്കുന്ന സമയം മഴുവിൽ തേൻ പുരട്ടി മൃദുവായി മരത്തിൽ മുന്ന്  തവണ വെട്ടണം .  ഉടമസ്ഥൻ ആകുന്നത് നന്ന്. അതിനു ശേഷം മഴു,   മരം വെട്ടുകാരന്  കൈ മാറുക . അങ്ങനെയുള്ള ചിട്ട  വട്ടത്തിൽ തന്നെ അയാൾ പണിത വാതിലുകൾക്കും , ജനാലകൾക്കും മറ്റും അവാച്യമായ ഭംഗി ഇന്നും ഉണ്ട്.  

കാലം പോയതോടെ അയാളെ ആർക്കും വേണ്ടാതായി . കൈ വിറ കാരണം ഉളി കൈയിൽ നില്കാതെ ആയി. ആയുധം കൈ വിട്ടാൽ പിന്നെ ആശാരിക്ക് എന്ത് വില. അത് തന്നെയാണ് അയാളുടെ ജീവിതത്തിലും സംഭവിച്ചത്. 


വീട്ടിൽ കാശ് ഒന്നും കിട്ടുന്നില്ല, വച്ചു വിളമ്പിക്കൊടുത്ത മരു മക്കൾക്ക് ദേഷ്യം വന്നു  തുടങ്ങി. പിന്നീട് ഈർഷ്യയായി. മക്കളുടെ മനോഭാവം മാറുന്നത് അയ്യാൾ അറിഞ്ഞിരുന്നു. എത്ര നാൾ ഇങ്ങനെ? , ബീഡി വാങ്ങുവാൻ പോലും പോലും മക്കളുടെ മുന്നിൽ കൈനീട്ടേണ്ട  ഗതികേട്. മക്കളുടെ വീട്ടിൽ താമസിക്കുമ്പോൾ അവർക്കും ചെലവിന് കാശുകൊടുക്കേണ്ടി  വരും.  കടം പോലും ആരും നൽകാതായി. കാശില്ലാതായപ്പോൾ പലരും അരപ്പട്ടിണിയിലായി. ആരോഗ്യം അവശേഷിച്ച ചിലർ കൂലിപ്പണിക്കു പോകാൻ തുടങ്ങി. തനിക്കു അതിനും വയ്യല്ലോ. അല്ലെങ്കിൽ ഈ പ്രായത്തിൽ ആര് വിളിച്ചു ജോലി തരാൻ .ഒരു കണക്കിന്  രമണി നേരത്തെ പോയത് നന്നായി . അവൾക്കു ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ.

പുറത്തെ  ചട്ടികളിൽ  മരിക്കുവനായി  തെയ്യാറെടുത്ത പനി നീർ പുഷ്പം. നാളെ പകൽ കാണുവാൻ അവൾ ഉണ്ടാകില്ല. പീലിപ്പോസിന്റെ കടയിൽ പോയി നോക്കാം .    അയാൾ  ശീല , കമ്പിയിൽ നിന്നും വിട്ടുപോയ പഴയ ആ കാലൻ കുട എടുത്തു നിവർത്തി . ആകെ നരച്ച ശീലയിൽ അവിടെ അവിടെ ആയി ചെറു സുഷിരങ്ങൾ . മുഴിഞ്ഞ സഞ്ചി കക്ഷത്തിൽ വച്ച് അയാൾ നടന്നു.

ഇന്ന് ഒരു മരുന്നിനു ഉള്ള കാശിനു പോലും വേണ്ടി  യാചിക്കേണ്ട അവസ്ഥ. ഉള്ളത് കൊണ്ട് ഓണം തന്നെ ആയിരുന്നു പണ്ടെന്നും. മക്കളെ പഠിപ്പികുവാൻ നോക്കി. ആരും ഗതി പിടിച്ചില്ല.  മൂത്തവൻ പറഞ്ഞിട്ട് എന്താ  കാര്യം , നല്ല പ്ലംബർ ആണ്. പക്ഷെ കുടി ഒഴിഞ്ഞിട്ട് അവനു പണിക്കു പോകാൻ നേരമില്ല. പിന്നെ ഒരു മകൾ ഉള്ളത് നേരത്തെ തന്നെ കെട്ടിച്ചു വിട്ടു. അവൾ അല്പം നല്ല നിലയിൽ തന്നെ ആണ്.  പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കില്ല. ഇവിടത്തെ പ്രാരാബ്ധം ഒന്നും അവൾക്കു അറിയേണ്ട ആവശ്യം ഇല്ലല്ലോ.

അയാൾ നടന്നു പോകുമ്പോൾ വെറുതെ ആലോചിച്ചു.  മനുഷ്യനെ മറ്റുള്ളവയിൽ നിന്നും വേർ തിരിക്കുന്ന ഒരു കാര്യം  അവൻ പിറന്നു വീഴുമ്പോൾ തന്നെ സ്വയം ഭക്ഷണം കഴിച്ചു വളരുന്നില്ല എന്നതാണ് . അവനെ  പ്രായപൂർത്തി എത്തുന്നവരെ നോക്കി നടത്തുവാൻ മാതാപിതാക്കൾ തന്നെ വേണം .  ജീവിതത്തിന്റെ താളം തെറ്റാതെയും , എന്തിനെയും നേരിടുവാൻ കഴിവുള്ള ഒത്ത മനുഷ്യൻ ആകുവാൻ രക്ഷിതാക്കളുടെ സുരക്ഷിത വലയത്തിനെ കഴിയു .

വിശ്വനെ   വളർത്തിയതും അതുപോലെ തന്നെ ആയിരുന്നല്ലോ . അവന്റെ ആഗ്രഹങ്ങൾ നിറവേറ്റുവാൻ  ഏറെ പണിപ്പെട്ടു . പഠനത്തിൽ ശ്രദ്ധ കുറഞ്ഞു എന്ന് അറിഞ്ഞപ്പോൾ പ്ലുമ്പിങ് പണി തരപ്പെടുത്തി കൊടുത്തു. അവനെ മാന്യമായി കെട്ടിച്ചു വിട്ടു.  എന്നിട്ടും അവൻ നന്നായോ ?  പെണ്ണ്  പറയുന്നതാണ് അവനു വേദവാക്യം . അല്ലെങ്കിൽ അവൾ അവനെയും വീട്ടിൽ കയറ്റില്ല .

പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട് . വാർദ്ധക്യം  എന്നുളത് ശൈശവത്തിലേക്കുള്ള യാത്രയാണ് എന്ന്. പ്രായം കുട്ടി വരുമ്പോൾ നമ്മുടെ സ്വഭാവം കുട്ടികളുടെ പോലെ ആയി തീരുന്നു.  ചില കാര്യാങ്ങളിൽ അവർ വാശി പിടിക്കുന്നു. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കുട്ടികൾ ചെയുമ്പോൾ നമ്മൾ ആസ്വദിക്കുന്നില്ലേ ?  എന്തുകൊണ്ട്  നമ്മുടെ മക്കൾ  അതുപോലെ തിരിച്ചു ആസ്വദിക്കുന്നില്ല.

ശിഷ്യനായ ഗോവിന്ദനെ  കണ്ടപ്പോൾ  അവൻ പറഞ്ഞത് ഓർമ  വന്നു. "എല്ലാം ആശാന്റെ തെറ്റ് അല്ലെങ്കിൽ . വീട് മകന്റെ പേരിൽ എഴുതി കൊടുതത്തു എന്നതിനാ. ഇപ്പോൾ കയറി കിടക്കുവാൻ ഈ വീട് എങ്കിലും ഉണ്ടേല്ലോ . ഇനി നാളെ അവർ ആട്ടി ഇറക്കിയാൽ"

അങ്ങനെ വരുമോ .  എത്ര ലാളിച്ചാ  ആയ കാലത്തു മക്കളെ വളർത്തിയത് .  വീട്  വിശ്വന്റെ പേരിൽ ആയതോടെ മകൾക്കും അയാളെ വേണ്ടാതെയി . ഇപ്പോൾ കിടക്കുവാൻ ഒരിടം ഉണ്ട്. ഇങ്ങനെ പോയാൽ ഒരു പക്ഷെ നാളെ അവർ വീട്ടിൽ നിന്നും തന്നെ ഇറക്കി വിട്ടേയ്ക്കാം .

ചിലപ്പോൾ തോന്നും മരണം എത്ര സുഖപ്രദം ആണെന്ന് .   ദുരിതത്തിൽ നിന്നും ഉള്ള മോചനം അല്ലെ മരണം. ഈശ്വരന് പോലും വേണ്ടായിരിക്കും അതല്ലേ ഇനിയും ഇങ്ങനെ നീട്ടി കൊണ്ടുപോകുന്നത് . കിടത്തരുത് എന്നുള്ള പ്രാർത്ഥന മാത്രമേയുള്ളൂ. അങ്ങനെ ഒരു അവസ്ഥ വന്നാൽ ആര് നോക്കും.  
  

ഇരുട്ടിൽ അയാൾ നടക്കുമ്പോൾ പട്ടികളുടെ നീട്ടിയുള്ള കുരയാണ് അ ആയാളെ ചിന്തയിൽ നിന്നും ഉണർത്തിയത് .ഞൊടിയിട്ടകൊണ്ട് ചുറ്റും പട്ടികൾ . നാക്കുനീട്ടി , കടിക്കുവാൻ ഒരുമ്പെട്ട് വട്ടം ചുറ്റുന്നു . തെരുവ് നായകൾ. അയാൾ വല്ലാതെ പേടിച്ചു. കൂട്ടമായ എത്തിയ തെരുവ് നായകൾ. ഇരയെ കണ്ട പോലെ അവറ്റകൾ അയാളുടെ നേർക്ക് കുതിച്ചു. മുഖം , കാൽ , തല തുടങ്ങിയ ഭാഗത്തു എല്ലാം വന്യമായ ആക്രോശത്തോടെ അവ കടിച്ചു.  ആക്രമണം തടുക്കുവാൻ അയാൾ ശ്രമിച്ചു എങ്കിലും നായ്ക്കൾ കൂട്ടം ചേർന്ന് ശരീരമാസകലം കടിച്ചു പറിച്ചുകൊണ്ടേ ഇരുന്നു. അയാളുടെ നിലവിളി നായയുടെ കുരയാൽ മുങ്ങി പോയി. 

വേദനകൊണ്ടു അയാൾ പിടഞ്ഞു. കടിയേറ്റ അയാളുടെ എല്ലുകൾ പുറത്തേക്കു തള്ളി. മുക്ക് അവ കടിച്ചെടുത്തു . തുടയിലും , കഴുത്തിലും , കൈകളിലും നിന്ന് എല്ലാം മാംസം വിട്ടിറിങ്ങി .   അയാളുടെ നിലവിളി അപ്പോഴും അവിടെ മുഴുങ്ങുന്നുണ്ടായിരുന്നു.  

2017, നവംബർ 23, വ്യാഴാഴ്‌ച

അയ്യൻഅയ്യനാകും ഭഗവാനേ കാണുവാനായി എൻ മനം
വൃശ്ചികത്തിൻ പുലരിയിൽ കുളി കഴിഞ്ഞെത്തി   (൨)

കണ്ടുവോ എൻ അയ്യനെ , ഈ ജഗത്തിൻ നാഥനെ
സർവ മോക്ഷ ദായകനാം ഈശനാം ആയ്യൻ
കേരളക്കര വാണിടുന്ന  തമ്പുരാനയ്യൻ


മണ്ഡലത്തിൻ കുളിരുമായി ,   മാലയിട്ട മനസുമായി
കാടു താണ്ടി ,  മലകൾ കയറി ഭക്തർ ചേരുന്നു    (൨)
കാനനം  പുംകാവനം ,  മോദമേകും ഈ  പഥം (൨)
പാപ മോചന മന്ത്രമൊന്നെ ശരണമയ്യപ്പാ   .......
ശരണമയ്യപ്പാ  സ്വാമി ശരണമയ്യപ്പാ

പമ്പയിൽ നീരാടിയോ , പാപ ലഗ്നം നീക്കിയോ
ശംഭു തനയൻ സോദരന്നു    കേരമർപ്പിച്ചോ   (൨)
പുണ്യപാപം ഇരുമുടി, ഉരുകുമുള്ളം  നെയ്ത്തിരി  (൨)
ശാപ മോക്ഷ ദായകനെ ശരണമയ്യപ്പാ ......
ശരണമയ്യപ്പാ  സ്വാമി ശരണമയ്യപ്പാ


ഉരക്കുഴിയിൽ  തീർത്ഥമാടി , ശുദ്ധമാനസ വൃന്ദമോടെ
തത്വമസി മന്ത്രമിവിടെ അലയടിക്കുന്നു    (൨)
മോക്ഷകരമീ   ദർശനം ,  ശരണഘോഷ മന്ത്രണം   (൨)
എൻ മനസും  ഏറ്റു  പാടി  ശരണമയ്യപ്പാ   .......
ശരണമയ്യപ്പാ  സ്വാമി ശരണമയ്യപ്പാ2017, നവംബർ 13, തിങ്കളാഴ്‌ച

ഒരു പെണ്ണ് കാണൽ
വിവാഹം കഴിക്കണം എന്ന് നിശ്ചയിച്ചു തന്നെയാണ് ഇത്തവണ നാട്ടിലേക്കു വിമാനം കയറിയത്. വയസ്സ് മുപ്പത്തിരണ്ട് കഴിഞ്ഞിരിക്കുന്നു . ഇതിനിടയിൽ പല പല ജോലികൾ .   ഓഫീസ് ബോയ്‌  ആയും , ഡ്രൈവർ ആയും, ആശാരിയും , പ്ലംമ്പറും  ആയി ഒക്കെ വേഷം കെട്ടി.  അവസാനം ഗൾഫിലേക്ക് ഒരു വിസ കിട്ടി.  ഇപ്പോൾ ഇവിടെ റാസൽഖൈമയിൽ . അത്യാവശം കഴിഞ്ഞുകുടുവാനുള്ളത്   വർക്ക്ഷോപ്പിൽ നിന്നും കിട്ടും . അതിനുള്ള കുലിയും അർബാബ് തരുന്നുണ്ട്.  കുടെ പഠിച്ചവർ എല്ലാം പെണ്ണ് കെട്ടി.    ഇനിയും താമസിച്ചാൽ ...

വടക്കേലെ വിലാസിനിചേച്ചി പറഞ്ഞിട്ടാണ് ഈ ആലോചന വന്നത് . കുട്ടിയുടെ ഫോട്ടോ കണ്ടത് നാട്ടിൽ വന്നിട്ടാണ് . കാണാൻ തിരക്കേടില്ല. പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട് . ഇപ്പോൾ ടൌണിലെ ഒരു തുണി  കടയിൽ സേൽസ് ഗേൾ  ആയി  നിൽക്കുന്നു . അത്രയും വിവരം ചേച്ചി പറഞ്ഞു.

വൈകുനേരത്തോടുകൂടി അവരുടെ വീട്ടിൽ എത്തി.  അച്ഛനും ,  ബിജുവും പിന്നെ ഞാനും. ബിജു എന്റെ കുടെ സ്കുൾ തൊട്ട് ഒരുമിച്ചു പഠിച്ചതാ . ഇപ്പം അവൻ ടൌണിൽ ഒരു ചെരുപ്പ് കട നടത്തുന്നു. ഇടവഴിയിയിലുടെ  അല്പം നടക്കണം . ഓട്ടോ അവിടെ വരെ പോകില്ല . ഇടവഴിയിലുടെ നടക്കുമ്പോൾ ഒരു കമ്പി വളച്ചു , വട്ട് ഒടിച്ചുവരുന്ന  ഒരു പയ്യനെ കണ്ടു . അവനാണ് വീട് പറഞ്ഞു തന്നത്.   അച്ഛന് ആ ചുറ്റുപാടുകൾ  അത്ര പിടിച്ചില്ല എന്ന് തോന്നി.

ബേക്കറിയിൽ നിന്നുമുള്ള പലഹാരങ്ങൾ നിറച്ച പത്രങ്ങൾ  ആരോ മുന്നിൽ  കൊണ്ട് വച്ചു .  ഒരു ലഡ്ഡു എടുത്തു വായിലിട്ടു നുണയവെ പെൺകുട്ടിയുടെ അച്ഛൻ ചോദിച്ചു .

"എങ്ങനെയുണ്ട് മോന്റെ ജോലി ഒക്കെ . "

  വായിലെ ലഡ്ഡു മിഴുങ്ങികൊണ്ട് ഞാൻ പറഞ്ഞു കുഴപ്പം ഇല്ല.  ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണ് കാണൽ . വീണ്ടും നിശബ്ദത .  അല്പം കഴിഞ്ഞു അങ്ങേര് വീണ്ടും ചോദിച്ചു

"അവിടെ താമസോം ഒക്കെ?

"അതിനുള്ള സൗകര്യം ഒക്കെ അവനുണ്ട് . " അച്ഛനാണ് മറുപടി പറഞ്ഞത് . അവനു അവിടെ ഒരു വർക്ക്‌ഷോപ്പ്  ഉണ്ട് .

ഞാൻ ഇടയിൽ കയറി പറഞ്ഞു . "എന്റെ   വർക്ക്‌ ഷോപ്പ്  അല്ല "

എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അച്ഛൻ വീണ്ടും പറഞ്ഞു .

"അവന്റെ പോലെ തന്നെയാ . അറബിക്ക് അത്ര കാര്യമാ അവനെ

ഇപ്പ  തന്നെ രണ്ടു മാസത്തെ അവധിയാ കൊടുത്തിരിക്കുന്ന . അവനില്ലെങ്കിൽ അറബി  വർക്ക്ഷോപ്പ് അടച്ചിടും . "  അറബിക്ക് ഒരു പാട് ബിസിനസ് ഉണ്ട് .  അങ്ങേരു ഇങ്ങോട്ടേക്കു ഒന്നും വരികയില്ല . അതുകൊണ്ട്  വർക്ക്‌ഷോപ്പ്  നോക്കി നോക്കി നടത്തുന്നത് അവനാ "

 അച്ഛൻ വലിയ കേമത്തതോടെ പറഞ്ഞു .

ഫാനിന്റെ  കാറ്റിലും ഞാൻ വിയർത്തു .    അച്ഛൻ അങ്ങേനയാ തുടങ്ങിയാൽ നിറുത്തുകയില്ല . അങ്ങനെ അന്തോം , കുന്തോം  ഇല്ലാതെ പറഞ്ഞു കൊണ്ടേ ഇരിക്കും . അച്ഛന്റെ ബടായി കേട്ട് ഞാൻ ശരിക്കും  ചുളി,   സുരാജു  വെഞ്ഞാറമുടൂ   പറയും പോലെ 'എന്തര്  ഡേ ' എന്ന ഭാവത്തിൽ ബിജുവും എന്നെ ഒന്ന്  നോക്കി .

കുറച്ചു മിക്സ്ചർ എടുത്തു വായിലേക്ക് ഇട്ടു . പിന്നെ ചവച്ചു കൊണ്ട്  അച്ഛൻ പറഞ്ഞു "എരിവു തീരെ പോരാ "  പിന്നെ ചിറി തുടച്ചു കൊണ്ട് അച്ഛൻ പതിയെ  കാര്യത്തിലേക്ക് കടന്നു.

"ഇവന്റെ മുത്തത്‌   ഇന്നോ നാളെയോ എന്ന് പറഞ്ഞു നിറവയറുമായി ഇരിക്കുകയാ . അല്ലേല്ലും ആദ്യ പ്രസവം പെൺവീട്ടുകാരുടെ അവകാശം ആണല്ലോ , അതെല്ലേ അതിന്റെ ഒരു രീതി. "  അച്ഛൻ ഒന്ന് നിറുത്തിയ ശേഷം വീണ്ടും തുടർന്നു .

"അവളുടെ കല്യാണം കഴിഞ്ഞ വർഷം ആയിരുന്നു.  അന്ന് അവനു വരാൻ പറ്റിയില്ല . പക്ഷെ മുപ്പത്തഞ്ചു  പവനും ,  ഒന്നര  ലക്ഷം രൂപയും  ഞങ്ങൾ കൊടുത്തു . അത് കുടുതൽ ഒന്നുമല്ല  ഗോപനു സർക്കാര്  ജോലിയാ . അവൻ KSRTC  യിലെ ഡ്രൈവറാ ..."   അതും കഴിഞ്ഞു ഒരു മഹാകാര്യം പറഞ്ഞപോലെ പുള്ളികാരൻ എന്നെ ഒന്ന് നോക്കി. അത്രയെങ്കിലും ഇവനും വേണമല്ലോ .

 ഞാൻ  പെൺകുട്ടിയുടെ അച്ഛന്റെ നോക്കി.  അങ്ങേരു ആകെ പരിഭ്രമിച്ച പോലെ തോന്നി. അയാൾ തോളത്തു കിടന്ന  തോർത്ത്‌ എടുത്തു  മുഖത്ത്മു പറ്റിയ വിയർപ്പിൻ കണികകൾ തുടച്ചു കളഞ്ഞു


അച്ഛൻ പറഞ്ഞത് ശരിയാണ് . പെങ്ങളെ  സ്ത്രീധനം കൊടുത്തു തന്നെയാ കെട്ടിച്ച്  അയച്ചത് .  ആ പണം ഉണ്ടാക്കുവാൻ ഒരു പാടു കഷ്ടപെട്ടിട്ടുമുണ്ട് . അതിന്റെ കടം ഇത് വരെ തീർന്നിട്ടുമില്ല.  സ്ത്രീധനത്തിന് താൻ   എതിരായിരുന്നു എങ്കിലും ചേച്ചിയുടെ സങ്കടം ഇനിയും കാണേണ്ടല്ലോ എന്ന് കരുതി. അത് കൊണ്ട്  ആ ആലോചന തന്നെ എങ്ങനെയോക്കെയോ  നടത്തി . ഇതിനും മുന്നേ വന്ന പല ആലോചനകളും മുടങ്ങിയതാ .  ചേച്ചിയുടെ  കണ്ണ് നീര് കണ്ടാൽ തന്റെയും മുഖം വാടും .   അമ്മ മരിച്ചപ്പോൾ അമ്മയുടെ സ്ഥാനത് തന്നെ ആയിരുന്നു ചേച്ചി.  വിസക്കുള്ള  പണം ഉണ്ടാക്കുവാൻ നെട്ടോട്ടം ഓടുമ്പോൾ  ആകെ ഉണ്ടായിരുന്ന മാലയും , വളയും അഴിച്ചു തന്നത് ചേച്ചിയാ . ഏങ്ങനെയെക്കൊയോ ഒരു കര പറ്റി.   അത് കൊണ്ട് തന്നെ ഇനി ഒരു വിലപേശൽ ഇല്ലാതെ അവര് ചോദിച്ചതിന്  തന്നെ സമ്മതിച്ചു .

 അച്ഛൻ പറഞ്ഞു .."  കുട്ടിയെ വിളിക്കു . "


പെണ്ണിന്റെ അച്ഛന്റെ   മുഖത്ത്  ഒരു വിഷാദഭാവം നിഴലിക്കുന്നുണ്ട് .  അച്ഛൻ  സുചിപ്പിച്ച സ്ത്രീധനതുകയുടെ പ്രശ്നം ആയിരിക്കാം . കാർമേഘം കൊണ്ട് ഇരുൾ മുടിയ അന്തരീക്ഷം  പോലെ.  അത് മറച്ചു പിടിച്ചുകൊണ്ട്  പെൺകുട്ടിയുടെ   അച്ഛൻ അകത്തേക്ക് നോക്കി മകളെ വിളിച്ചു.

കുറച്ചു നേരത്തിനു ശേഷം വാതിൽ പടി കടന്നു കുപ്പി ഗ്ലാസിൽ ആവി പറക്കുന്ന ചായയുമായി അവൾ എത്തി . എന്റെ  മുഖത്തെക്ക്  പോലും ശരിക്ക് ഒന്ന് നോക്കാതെ ചായ തന്ന ശേഷം  അവൾ തിരിഞ്ഞു നടന്നു.  അച്ഛന്റെ മുഖത്ത്  കണ്ട  അതെ വിഷാദ ഭാവം അവളുടെ മുഖത്തും നിഴലിച്ചുവോ?

ചായ കുടിക്കുന്നതിൻ ഇടയിൽ ബിജു പറഞ്ഞു .
 "അവർക്ക് എന്തെങ്കിലും സം സാരിക്കുവാൻ ഉണ്ടാകും .  അവർ സംസാരിക്കട്ടെ" .

 അച്ഛനും, അവനും , പിന്നെ പെൺകുട്ടിയുടെ അച്ഛനും കുടി ആ ചെറിയ പുരയിടത്തിന്റെ   അളവ് എടുക്കുവാനായി  പുറത്തേക്ക്   പോയി.  അച്ഛന്  ആ വീടും പരിസരവും , വീട്ടുകാരും തീരെ പിടിച്ചിട്ടില്ല എന്ന് മനസ് പറഞ്ഞു.

ആ മുറിയിൽ ഇപ്പോൾ ഞാനും , അവളും മാത്രം.  കുമ്മായം പുശിയിട്ടു വർഷങ്ങൾ ആയി എന്ന് വിളിച്ചറിയിക്കുന്ന ഭിത്തി . ഉഷയുടെ ഫാൻ മുകളിൽ കറങ്ങുന്നുണ്ട് .  ഇരിക്കുവാൻ ആയി  നാലഞ്ച് കസേരയും പിന്നെ രണ്ടു സ്ടുലും ആ മുറിയിൽ ഉണ്ട് . പിന്നെ ചെറിയ ഒരു റ്റീപൊയിയും . അതിൽ കുറച്ചു പലഹാരങ്ങൾ വച്ചിരിക്കുന്നു . ജനലയിലുടെ പുറത്തേക്കു നോക്കുമ്പോൾ ഞങ്ങൾ നടന്നു വന്ന ഇടവഴി കാണാം. വീടിനോടു ചേർന്ന് നില്കുന്ന പുരയിടത്തിൽ ഒരു മാവ് പുത്തുനിൽക്കുന്നു .

പരിസരം കൊണ്ട് വലിയ സാമ്പത്തിക ഭദ്രത ഒന്നുമില്ലാത്തവർ  ആണെന്നു വിളിച്ചു പറയുന്നു .ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. നാണം കൊണ്ട് ചുവന്നു തുടുക്കേണ്ട  അവളുടെ  മുഖം മരവിച്ചപോലെ . ഒരു പക്ഷെ ഇത് പോലെ എത്രയോ പെണ്ണുകാണൽ അവൾ കണ്ടിട്ടുണ്ടാകാം .


ഞാൻ ഒന്ന് ചുമച്ചു . എനിക്ക് അവളുടെ പേരും, എന്ത് വരെ പഠിച്ചു എന്നും എവിടെ ജോലിക്ക് പോകുന്നു എന്നുള്ള എല്ലാ വിവരവും അറിയാം , പിന്നെയും  ഒരു വിഡ്ഢിയെ പോലെ ഇതേ ചോദ്യം ചോദിക്കേണ്ടേ ആവശ്യം ഉണ്ടോ?

മൌനത്തിനു ഇടവേള വരുത്തികൊണ്ട്   പിന്നെ ചോദിച്ചു

" തനിക്കു എന്നോടു എന്തെങ്കിലും ചോദിക്കുവാൻ ഉണ്ടോ .. ഇല്ല  എന്ന് പറഞ്ഞുകൊണ്ട് അവൾ തലയാട്ടി .

ഞാൻ വീണ്ടും ചോദിച്ചു ." ഒന്നും ചോദിക്കുവാൻ ഇല്ലേ ".

വീണ്ടും ഞാൻ ചോദിച്ചു .

"എന്നെ ഇഷ്ട പെടാത്തത്തു കൊണ്ടാണോ ഇങ്ങനെ പതിഞ്ഞിരിക്കുനത്  . "

അവൾ പതിയെ മറുപടി പറഞ്ഞു .

"ഏയ്യ്  അതുകൊണ്ടല്ല "

"എന്ന് വച്ചാൽ ഇഷ്ടം ആയി എന്നാണോ"

 ഞാൻ  വിടുവാൻ തെയാർ ആയിരുന്നില്ല.

അവൾ  ഒന്നും മിണ്ടിയില്ലേ .

ധൈര്യതോടെ തന്നെ ഞാൻ പറഞ്ഞു .

 "ഞാൻ കാണുന്ന ആദ്യത്തെ പെൺകുട്ടി താനാ . ഇന്നലെയാ തന്റെ ഫോട്ടോ  കണ്ടത് . എനിക്ക് തന്നെ ഇഷ്ടമായി . ഇനി തനിക്കു എന്നെ  ഇഷ്ടമായില്ല എന്നുണ്ടോ ?"

പതിയെ അവൾ മൊഴിഞ്ഞു .

 "എന്റെ ഇഷ്ടത്തിന് എന്ത് വില "   നിങ്ങളുടെ അച്ചൻ  പറയുന്നത്  ഞാൻ കേട്ടു . അത്രകൊന്നും  സ്ത്രീധനം തരുവാൻ ഉള്ള സാമ്പത്തികം ഞങ്ങൾക്കില്ല .   ഇവിടെ വന്നു പോയവർക്ക് എല്ലാം വേണ്ടത് പെണ്ണിനെയല്ലല്ലോ" .

"എല്ലാവർക്കും അറിയേണ്ടത് എന്ത് കിട്ടും എന്നല്ലേ .  കന്നുകാലി ചന്തയിൽ പോലും ഇത് പോലെ വില പേശുന്നവർ ഉണ്ടാവില്ല.   പിന്നെ അച്ഛന്റെ കണ്ണുനീര് വീഴ്ത്തിയിട്ട്  എനിക്ക് ഇങ്ങനെ ഒരു കല്യാണം വേണ്ടാ . എനിക്ക് നല്കുവാൻ എന്റെ ഈ മനസും ശരീരവും  മാത്രമേയുള്ളൂ ,  അതല്ലല്ലോ  വരുന്നവർക്ക്  വേണ്ടത് "

അവളുടെ  ശബ്ദം  പതറിയിരുന്നു .  കവിളിലെ ഒലിച്ചു ഇറങ്ങിയ കണ്ണ് നീർ കൈ കൊണ്ട് തുടച്ചു അവൾ തല കുനിച്ചു നിന്നു .

എന്ത് പറയണം എന്നറിയാതെ ഞാൻ  നിന്നു.   ചേച്ചിയുടെ  വിഷമം  കണ്ടിട്ടാകണം  അന്നേ  മനസിൽ ഉറപ്പിച്ചിരുന്നു . വിവാഹം കഴിക്കുകയാണെങ്കിൽ അത് ഒരു സാധാരണ പെൺകുട്ടിയെ തന്നെ ആയിരിക്കണം എന്ന്. സ്ത്രീധനം ഒന്നുമില്ലാതെ ...


 "ഒരു പക്ഷെ ഇത്രയും കാലം തന്റെ  വിവാഹം നടക്കതിരിന്ന്തു നന്നായി എന്ന് എനിക്ക് തോന്നുന്നു ."   അങ്ങനെ പറയുവാൻ അല്ല ആഗ്രഹിച്ചത്‌ എങ്കിലും പറഞ്ഞു വന്നപ്പോൾ അങ്ങനെ ആയി പോയി. 

ഞാൻ തുടർന്നു .  അച്ഛൻ പറയും പോലെ അത്ര വലിയ ജോലി ഒന്നുമല്ല എനിക്കവിടെ .  ഒരു വണ്ടി പണിക്കാരൻ . 'മെക്കാനിക് '  .  പക്ഷെ ജീവിക്കു വാൻ ഉള്ളത് കിട്ടും.

പിന്നെ തനിക്കു ഈ വീട്ടിൽ  കിട്ടുന്ന ഒരു  സുരക്ഷിതത്തം  ഉണ്ടല്ലോ അത് ഞാൻ  തനിക്കു  നല്കിയാലോ ?"

അവൾ  എന്റെ മുഖത്തേക്കു നോക്കി .


"എനിക്ക് തന്നെ ഇഷ്ടപ്പെട്ടു .

" പൊന്നും , പണവും നോക്കി ഇനി  വേറെ ആരും തന്നെ  മാറ്റുരക്കേണ്ട.  "


ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.  അച്ഛനും , ബിജുവിനും ഒപ്പം ഇടവഴിയിലുടെ  നടക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ജനൽ പാളിയിലുടെ എന്നെ തന്നെ  നോക്കുന്ന ആ മുഖം. ഞാൻ കണ്ടു. നിറഞ്ഞു ഒഴുകുന്ന കണ്ണുകളുമായി എന്നെ നോക്കി പുഞ്ചിരിക്കുന്ന അവളുടെ മുഖം.


2017, നവംബർ 3, വെള്ളിയാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട്


വാസുവേട്ടന്റെ  മുറുക്കാൻ കടയ്ക്കു സമീപം   എത്തിയപ്പോൾ അവർ വണ്ടി നിറുത്തി.  ഇടത്തോട്ടും , വലത്തോടുമായി    തിരിയുന്ന വീഥി. റോഡ് എന്ന് പറയുവാൻ കഴിയില്ല. സൂക്ഷിച്ചു   നോക്കിയാൽ  പണ്ടെങ്ങോ ടാർ ചെയ്തു എന്ന് തോന്നിപ്പിക്കുന്ന കറുപ്പ്  നിറത്തിൻ അവശിഷ്ടം മാത്രം.  മഴക്കാലമാകാത്തതു ഭാഗ്യം നടുവിൽ തന്നെ വലിയ ഒരു കുഴി.,ചുറ്റിനും അതുപോലെ സമാനമായ അനേകം കുഴികളും , പൊട്ടി പൊളിഞ്ഞ റോഡിന്റെ അവശിഷ്ടങ്ങളും കാണാം . കാറിൽ പോകുന്ന ആരോ ഒരാൾ എറിഞ്ഞ മാലിന്യപൊതി നടുറോഡിൽ അരികെ കാണാം . ഇനി എങ്ങോട്ടു പൊകണം .     ചോദ്യ ചിഹ്നം പോലെ കൊരുത്തി നിൽക്കുന്ന ഇടവഴിയിലൂടെ പോകണമോ അതോ ഇനിയും മുന്നോട്ടു തന്നെ പോകണമോ. റോഡിൽ എങ്ങും ആരെയും കാണുവാൻ പോലും കഴിയുന്നില്ല. വല്ലാത്ത  ഒരു മൂകത  തളം കെട്ടി നിൽക്കുന്നു .കാറിൽ നിന്ന് വന്ന ആൾ  ഇറങ്ങി വാസുവേട്ടന്റെ കടയുടെ മുന്നിൽ എത്തി.   ചെറിയ ഒരു പെട്ടി കട. പഴുത്ത പാളയൻകുടം പഴക്കുല  മുമ്പിലത്തെ കമ്പിയിൽ തൂക്കിയിട്ടിട്ടുണ്ട് . മനോരമ വരികയും,   അർത്ഥ നഗ്ന മേനി കാണിച്ച പ്രശസ്ത തെന്നിന്ത്യൻ നായികയുടെ ചിത്രം പതിപ്പിച്ച സിനിമ വരികയും വരി വരിയായി തൂക്കി ഇട്ടിരിക്കുന്നു . ചെറിയ കടയാണെങ്കിലും അത്യാവശം വേണ്ട  സാധനങ്ങൾ എല്ലാം ആ  കടയിൽ ഉണ്ട്. സോപ്പ്, ചീപ് , ബ്രെഡ് , പാൽ , മുട്ട , ചായ പൊട്ടി, സർഫ് , ചൂൽ  , ഹാർപിക്  ഇങ്ങനെയുള്ള എല്ലാം ആ പലചരക്കുകടയിൽ ലഭ്യമാകും .

കാറിൽ നിന്നിറങ്ങിയ ആൾ വാസുവേട്ടനോടായി ചോദിച്ചു , "ഇന്നലെ മരിച്ച ആ സുമിത്തിന്റെ  വീട് എവിടെയാ ?  "     വഴി ചോദിച്ചു മനസിലാക്കിയ  ശേഷം അയാൾ ആ വഴിയേ കാർ  ഓടിച്ചു പോയി.

സാധനം വാങ്ങാൻ വന്ന കുമാരനോടായി വാസുവേട്ടൻ പറഞ്ഞു.  ഏതോ ചാനിലിൽ  നിന്നാണ് എന്ന് തോന്നുന്നു .  ക്യാമറയും തൂക്കിയുള്ള ആ പെണ്ണിന്റെ ഇരിപ്പു കാറിൽ  കണ്ടില്ലേ?  വരവ് കണ്ടാൽ അറിയാം.  ഇതിപ്പോൾ നാലാമത്തെ കൂട്ടരാ  ആ വീട് അന്വേഷിച്ചു  വരുന്നത് .  ഇനി ഒന്ന്  കച്ചവടം കൊഴുക്കും ." വാസുവേട്ടൻ ഉഷാർ ആയതു പോലെ തോന്നി.

പുഷ്പചക്രം അർപ്പിക്കുവാനും , അനുശോചനം അറിയിക്കുവാനുമായി അനേകം ആളുകൾ  ആ വീട്ടിൽ വന്നുകൊണ്ടേയിരുന്നു.  മുറിയിൽ വെള്ള തുണിയിൽ മുടി അവന്റെ ശവശരീരം . വെള്ള തുണിയിൽ രക്തക്കറ പടർന്നിരിക്കുന്നു . പൊട്ടിപൊളിഞ്ഞ തറയിൽ ആണ് ആ മൃതദേഹം കിടത്തിയിരുന്നത് . രണ്ടുമുറിയുള്ള ആ വീട്ടിൽ അതിൽ കുടുതൽ ആഡംബരം പ്രതീക്ഷിക്കുവാൻ കഴിയില്ലല്ലോ .ഒരു വെള്ള തുണി കെട്ടു  കൊണ്ട് തലയും , താടിയും കെട്ടി വച്ചിരിക്കുന്നു .  വെട്ടും , കുത്തും കൊണ്ട് വികൃതമായ മുഖം. ആരോ പറയുന്ന കേൾക്കാമായിരുന്നു കൈയും , ഉടലും എല്ലാം വെട്ടി മാറ്റിയ നിലയിൽ ആയിരുന്നു എന്ന്.  നെൽ മണികൾ തീർത്ത ദീർഘ വൃത്താകൃതിയിൽ  ഉള്ള കളത്തിൽ ആണ് അവനെ കിടത്തിയിരിക്കുന്നത്. തല  ഭാഗത്തായി ഒരു എണ്ണ വിളക്ക് കത്തിച്ചു വച്ചിരിക്കുന്നു .     ആരൊക്കെയോ ഇരുവശത്തുമായി ചമ്രം പടിഞ്ഞും , ഭിത്തിയോട് ചാരിയും ഇരിക്കുന്നു. ഒരു കോണിലായി സുമിത്തിന്റെ 'അമ്മ ആരുടെയോ മടിയിൽ കിടന്നു  എന്തോ പുലമ്പി കരയുന്നു. അവർ സ്വബോധത്തിൽ അല്ല എന്ന് തോന്നി. ഇടയ്ക്കിടെ മോഹാലസ്യപെടുകയും , പിന്നെബോധം വരുമ്പോൾ കണ്ണീർ വാർത്തു ഉച്ചത്തിൽ  വീണ്ടും കരയുകയും ചെയുന്നു .  അവരുടെ അരികിലായി സുമിത്തിന്റെ  അനുജത്തി  സുമിതിയും ഇരിപ്പുണ്ട് .  കരഞ്ഞു , കലങ്ങിയ കണ്ണുകളുംമായ അവരെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ  ഉഴലുന്നു ബന്ധുക്കൾ  .

പതിനാലു വർഷങ്ങൾക്കു  മുമ്പ്  ഇതേ സംഘത്തിലെ ആക്രമികൾ കൊലപ്പെടുത്തിയ  കിനാശേരിയിലെ സ്വകാര്യ ബസ് ഡ്രൈവർ സുകുമാരന്റ്റെ   ഏക മകനെയാണ് പിണറായിയിൽ വച്ച്  അക്രമികൾ കുത്തി കൊലപ്പെടുത്തിയിരുന്നത് .  രാവിലെ ബസ് കാത്തു നിൽകുമ്പോൾ ആയിരുന്നു  ബൈക്കിൽ എത്തിയ  അക്രമിസംഘം വടിവാൾ കൊണ്ട് കഴുത്തിന് വെട്ടി സുമിത്തിനെ മൃഗീയമായി കൊലചെയ്തത്.  അവന്റെ പന്ത്രണടാം വയസിൽ ഇതേ പാർട്ടിയുടെ ഗുണ്ടകളാൽ അറുകൊല ചെയ്യപ്പെട്ട പിതാവിന്റെ ചിതയ്ക്ക് തീക്കൊളുത്തേണ്ടിവന്ന മകനാണ് സുമിത്ത്. 

അച്ഛന്റെ വീട് കിനാശേരിയിലായിരുന്നെങ്കിലും അമ്മവീടായ പിണറായിയിലുള്ള  വീട്ടിലാണ് അമ്മ സരോജിനിയും,   സഹോദരി സുമിതിയോടുമൊപ്പം അവൻ താമസിച്ചിരുന്നത്. അകാലത്തില്‍ പിതാവിനെ നഷ്ടപ്പെട്ട പന്ത്രണ്ടുകാരനായ മകന് അമ്മയുടെയും സഹോദരിയുടെയും സംരക്ഷണം ഏറ്റെടുക്കേണ്ടിവന്നതിനാലാണ് ഡ്രൈവിംഗ് പഠിക്കുകയും അച്ഛന്റെ വഴിയെ ഡ്രൈവറായി ജോലി ചെയ്യാന്‍ തീരുമാനിച്ചതും.

അമ്മയുടെയും സഹോദരിയുടെയും ഏക ആശ്രയമായിരുന്നു അവൻ. കൊലചെയ്യപ്പെട്ട അച്ഛന്റെ ആശയത്തില്‍ അടിയുറച്ച് വിശ്വസിച്ചു എന്നല്ലാതെ ഒരു പെറ്റിക്കേസുപോലും ഈ ചെറുപ്പക്കാരന്റെ പേരിലില്ല. എന്നിട്ടും മന്ത്രിയുടെ  തന്നെ സ്വന്തം  മണ്ഡലവും , പാര്‍ട്ടിയുടെ കോട്ടയെന്ന് അവകാശപ്പെടുന്ന പിണറായിയില്‍ പല ഭീഷണികളും നേരിട്ടാണ് ആ കുടുംമ്പം അതുവരെ കഴിഞ്ഞത്. എതിർ അനുഭാവിയെപ്പോലും ജീവിക്കാനനുവദിക്കില്ലെന്ന പാർട്ടി മാടമ്പി തിട്ടൂരത്തിന് മുന്നില്‍ മുട്ടുമടക്കാതെ അധ്വാനിച്ച് അമ്മയേയും സഹോദരിയേയും പോറ്റുകയായിരുന്നു സുമിത്ത്‌.

ഇത് തന്നെയാണ്  അസഹിഷ്ണുതക്ക് കാരണവും. നേരത്തേ പലതവണ ഈ വീടിന് നേരെ പാർട്ടിക്കാർ , അല്ലെങ്കിൽ പാർട്ടി തീറ്റി പോറ്റുന്ന  ഗുണ്ടകൾ അക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. എന്നാല്‍ പിതാവിന്റെ തന്റേടം തനിക്കുമുണ്ടെന്ന ആത്മവിശ്വാസം മാത്രം കൈമുതലാക്കി പിന്‍തിരിഞ്ഞോടാത്ത സുമിത്തിനെ അറിയാവുന്നവര്‍ക്കെല്ലാം 
അവൻ പ്രിയപ്പെട്ടവനായിരുന്നു.സ്വന്തം ബാധ്യത വ്യക്തമായറിയാവുന്ന സുമിത്തിന് സംഘടനാ പ്രവര്‍ത്തനം നടത്താന്‍ സമയം ലഭിച്ചിരുന്നില്ല. അവരുടെ  ഒരു പ്രവർത്തകൻ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനാൽ അതിനുള്ള മറുപടിയായിരുന്നു ഈ ആരും കൊല.  ഇതിലൊന്നും യാതൊരു ബന്ധവും ഇല്ലാത്തതു കൊണ്ടാണ് സുമിത് ഏകനായി അവന്റെ ഗർഭിണിയായ സഹോദരിക്ക് വേണ്ടി മരുന്ന് മേടിക്കുവാനായി പോയത്. ബസ്‌സ്റ്റോപ്പില്‍ ബസ് കാത്ത് നിന്നത്.  എന്നാല്‍ നേരത്തെ തന്നെ പാർട്ടി  നേതൃത്വം ഗൂഢാലോചന നടത്തിയ കൊലപാതകം യാതൊരു പാളിച്ചയുമില്ലാതെ അവര്‍ക്ക് നടപ്പിലാക്കാനും കഴിഞ്ഞു. പതിനാല് വര്‍ഷം മുമ്പ് ഭര്‍ത്താവിനെയും ഇപ്പോള്‍ മകനെയും വെട്ടിക്കൊലപ്പെടുത്തിയ പാർട്ടിയുടെ  കാടത്തത്തിന് മുന്നില്‍ ആർക്ക് എന്ത് സമാധാനമാണ് ആ അമ്മയുടെ മുന്നിൽ നിരത്തുവാൻ കഴിയുക. ആർക്കാണ് അവരെ ഒന്ന് ആശ്വസിപ്പിക്കുവാൻ കഴിയുക. "എന്നെയും കുടി  കൊല്ലുവാൻ പാടില്ലായിരുന്നോ"  എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകേണ്ടവർ ആരാണ്?

ഇവിടെ നഷ്ടം കുടുംബത്തിന് മാത്രമാണ് .ചത്തവനും , അവന്റെ കുടുംബത്തിനും മാത്രം. വേണമെങ്കിൽ പാർട്ടിക്ക് പറയാം രക്തസാക്ഷി എന്ന്. ബാക്കിയുള്ളവർക്കെല്ലാം ആഘോഷമാണ് . അവർക്കു ഒന്നും നഷ്ടപെട്ടിട്ടില്ലല്ലോ,  ഒരു കൊലപാതകവും ന്യായീകരിക്കുവാൻ കഴിയുന്നതല്ല. അത് ഏതു പാർട്ടിയുടെ ആയാലും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എങ്കിലും ജനങ്ങൾ ഒരുമിച്ചു നിൽകേണ്ടതല്ലേ . ഇതുപോലെയുള്ള സംഭവങ്ങൾ  മലയാളിയുടെ മനസിൽ ഉളവാകുന്ന  ചിന്തകൾ  ഇനിയും ഇതാവർത്തിക്കട്ടെ  എന്നല്ലേ? ഇത് പോലെയുള്ള കൊലപാതകങ്ങങ്ങൾ ഉണ്ടെന്നാൽ അല്ലെ  നമുക്ക് ഹർത്താൽ പൊടി പൊടിക്കുവാൻ പറ്റുകയുള്ളൂ  ഗുണ്ടകളും , കൊട്ടേഷൻ സംഘങ്ങളും  രാഷ്ട്രീയ നപുംസകങ്ങളും  നീണാൾ വാഴട്ടെ. 
ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിൽ മലയാളിക്ക് ഇനിയും അഭിമാനിക്കുവാൻ രക്തസാക്ഷികളും അതേറ്റുടുക്കുവാൻ രാഷ്ട്രീയ പാർട്ടികൾക്കും ഭാഗ്യം ഉണ്ടാവട്ടെ.
2017, സെപ്റ്റംബർ 16, ശനിയാഴ്‌ച

സർപ്പദോഷം (കഥ)


പരമു നായരുടെ ചായ കടയിൽ ഇരുന്നു പുട്ടും, കടലയും, പപ്പടവും  കൂട്ടി  കുഴച്ച് കഴിക്കുകയായിരുന്നു ഉലഹന്നാൻ .  ആ നാട്ടിൻപുറത്തെ പ്രമുഖ ചായ പീടികയാണ് പരമു നായരുടെ കട . പ്രാതലിനു പുട്ടും,  ഇടിയപ്പവും  , ദോശയും ഇഡ്ഡ്ലിയും ആണ് അവിടുത്തെ ഭക്ഷണവിവരപ്പട്ടികയിൽ ഉൾപെടുത്തിയിരുന്നു . ഭക്ഷണവിവരപ്പട്ടിക എന്ന് വച്ചാൽ ഇന്ന് 'സ്പെഷ്യൽ' എന്ന് പലകയിൽ ഈ ഭക്ഷണ സാധനങ്ങൾ   എഴുതി വച്ചിട്ടുണ്ട്. നാളെത്തെ ദിവസവും ഇന്നത്തെ സ്പെഷ്യൽ എന്ന് പറഞ്ഞു ഇതേ പുട്ടും, ഇഡ്ഡ്ലിയും, ദോശയും.ഇടിയപ്പവും   കാണപ്പെടും.

അവിടെ നടക്കുന്ന സകലമാന സംഭവങ്ങളുടെയും മൊത്തത്തിൽ ഉള്ള വിതരണകാരനാണ് പരമു നായർ . പ്രായം ഏതാണ്ട് അറുപതു കഴിഞ്ഞിരിക്കുന്നു . കള്ളിമുണ്ടും , വെള്ള ബനിയനുമാണ്  സ്ഥിരം  വേഷം.  ചെവിയിൽ എപ്പോഴും മുറി ബീഡി കരുതി വച്ചിട്ടുണ്ടാകും . നെറ്റിയിൽ ഭസ്മകുറി. പരാമനായരുടെ ഭാര്യ വനജാക്ഷിയും , മകൾ മല്ലികയും ചായക്കടയിൽ സഹായിയായി ഉണ്ട് . മല്ലിക ഒരു മധുര പതിനേഴുകാരിയാണ് . പത്തിൽ തൊറ്റു  പഠിത്തം  നിറുത്തിയിരിക്കുകയാണ് .  ആ ചായക്കടയിലെ നിറ സാനിധ്യം ആണ് മല്ലിക.  ജോലിയില്ലാത്ത സമയം  മനോരമയിലെ നോവലുകൾ വായിച്ചു രസിക്കും. ലോറിക്കാരൻ നോബിളിനെപോലെ ഒരുത്തൻ വരും,  അവൻ തന്നെ മിന്നു  കെട്ടി കൊണ്ടുപോകും എന്നവൾ  വെറുതെ ദിവാ സ്വപ്നം കാണും.  ഉഴുന്ന് അരയ്ക്കുന്നതും , പാത്രം കഴുകുന്നതും , അങ്ങനെയുള്ള അകത്തെ പണികൾ  കൈകാര്യം ചെയുന്നത് വനജാക്ഷിയും , പാറുവമ്മയും ആണ് . വനജാക്ഷിയുടെ സഹായിയാണ് പാറുവമ്മ . 'സപ്ലയർ   കം  കാഷ്യർ'   ആണ് പരമു നായർ . കൂട്ടിനു സഹായിയായി മല്ലികയും ഉണ്ടാകും . മല്ലിക  കടയിൽ ഉണ്ടെങ്കിൽ രണ്ടു ചായ കുടുതൽ ചിലവാകും എന്നുള്ള വിവരം നായർക്കുണ്ട് .  രാവിലെ ഏഴുമണി തൊട്ട്  പത്തുമണിവരെ കടയിൽ ആളുകൾ വന്നും പോയും ഇരിക്കും.   പിന്നെ  ഉച്ചക്ക് ഊണിനുള്ള കുറച്ചു പേർ . നവകേരളം സ്‌കൂളിലേ ചില അധ്യാപകർ അവിടെ വന്നു മാസ പറ്റിൽ ഊണ് കഴിച്ചിട്ട് പോകും. വൈകുന്നേരം  വടയോ,  പഴം പൊരിയോ, സുഖിയനോ ആ കണ്ണാടി ചില്ല് അലമാരയിൽ പ്രത്യക്ഷപ്പെടും. രാത്രി ഊണില്ല. ഏഴുമണിയാകുമ്പോൾ പരമു നായർ കടയടച്ചു വീട്ടിലേക്കു  നടക്കും.

ചൂടുള്ള വാർത്തകളും , പുത്തൻ വിശേഷങ്ങളും  പരമു നായരുടെ കടയിൽ ചായക്ക്‌  കടിയായി  ലഭിക്കും.  നാട്ടിൻപുറത്തെ സകലമാന  വിശേഷങ്ങളും ഇവിടെ    ലഭ്യം.  രണ്ടു കുട്ടികളുടെ  അമ്മയായ  ഗോമതി , അപ്പൂട്ടൻ നായരേ വിട്ടു കറവക്കാരൻ ഗോപാലന്  ഒപ്പം പോയതും,  പള്ളിയിലെ കവർച്ചപെട്ടി  മോഷണ ശ്രമവും ,  ബാലേക്കു മണ്ഡോദരി വേഷം കെട്ടേണ്ട സൗദാമിനി  മരചീനി കച്ചവടക്കാരൻ   വറീതുമായി ഒളിച്ചോടിയതും , ശ്രീലതാ  കൊട്ടകയിൽ  വന്ന പുതിയ  നസീറിന്റെ സിനിമയെ കുറിച്ചും എല്ലാം ഇപ്പോഴും ഇവിടുത്തെ വിശേഷ ങ്ങൾ ആണ്. ഇതെല്ലം വിവരിച്ചാലും വിവരിച്ചാലും  പരാമനായർക്കു ഇരിക്കപ്പൊറുതിയില്ല.

ചായ കുടിക്കുന്ന ഉലഹന്നാനെ നോക്കി പരമു നായർ ചോദിച്ചു . "അല്ല ഉലഹന്നാനെ നിങ്ങൾ അറിഞ്ഞില്ലേ  നമ്മുടെ കുറുപ്പ് മാഷ്  ജോലി മാറി പോവുകയാണ് ."

"അതിനു മാഷിന് നവകേരളം സ്‌കൂളിലെ ജോലിയല്ലേ  , പിന്നെ എങ്ങനെ മാറ്റം കിട്ടുവാൻ ?".

കുറുപ്പ് മാഷ് അവിടുത്തെ മലയാളം വാദ്ധ്യാര് ആണ് . ആളൊരു ശുദ്ധൻ ആണ് .  കറുത്ത , പൊക്കം കുറഞ്ഞ നല്ല കുടവയറുള്ള സാർ ആടി  ആടി  പതിയെ  നടന്നു വരുമ്പോൾ  തോന്നുന്നു കാൽ പന്ത് ഉരുണ്ടു വരുന്നപോലെയാണ് .   അതുകൊണ്ടു മാഷിനെ തെമ്മാടി കുട്ടികൾ വിളിക്കുന്നത് 'പന്താടി ' എന്നാണ് . ഭാര്യ ലളിതാംബികയും, മകൾ സരോജവും, മകൻ ചന്ദ്രശേഘരനുമായി മാഷ്  അവിടെ   താമസിക്കുന്നു .  ഇരുപത്തി രണ്ടു  വർഷങ്ങൾക്കു  മുമ്പാണ് മാഷ് ഈ കരയിൽ മലയാളം വാധ്യാർ  ആയി വരുന്നത് . അന്ന് പരമു നായരുടെ ചായക്കടപോലും അവിടെയില്ല.    പുള്ളിക്കാരന്റെ നാട് അങ്ങ്   കിഴക്കാണ്‌ . ഇപ്പോൾ ഈ നാട്ടിലെ തന്നെ ഒരാളെപോലെയാണ് നാട്ടുകാർ കുറുപ്പ് മാഷിനെ കാണുന്നത് . സ്വന്തം നാട് ഇവിടെയല്ലാത്തതിനാൽ പുള്ളിക്കാരൻ ഒരു വാടക വീട്ടിലാണ് താമസം. ഇനി പെൻഷൻ പറ്റുവാൻ രണ്ടോ , മൂന്നോ കൊല്ലം കൂടി കാണും.

മാഷിനെ   പരമു നായർക്കും വലിയ കാര്യം ആണ്.  ഇരുന്ന് ഇരുപ്പിൽ ഒരു മുപ്പതു ഇഡ്ഡ്ലി  വരെ മാഷ് തിന്നും.  ചട്ണിയും , ഇഡ്ഡ്ലിയും ആണ് മാഷിന്റെ കോമ്പിനേഷൻ .  അതിനിടയിൽ തുള്ളി വെള്ളം കുടിക്കുകയില്ല.    വെള്ളം കുടിച്ചാൽ വിശപ്പു മാറും , പിന്നെ ഇഡ്ഡ്ലി കഴിക്കുവാൻ പറ്റുകയില്ല എന്ന് മാഷ് പറയും. ഒരു ദിവസം ഇരുപത്തി അഞ്ചു ഇഡ്ഡ്ലി കഴിഞ്ഞപ്പോൾ  ചട്ണി തീർന്നു പോയി.  സാമ്പാർ ഉണ്ട്  മാഷെ എന്ന് പരമു നായർ പറഞ്ഞു എങ്കിലും  മാഷ് വിഷാദവാനായി   എഴുനേറ്റു.  എന്നിട്ടു പറഞ്ഞു സാംബാർ കുട്ടി അല്ല ഇഡ്ഡ്ലി കഴിക്കേണ്ടത് . അത്  ചട്ണി കുട്ടി തന്നെ വേണം എന്ന്.  അങ്ങനെയുള്ള മാഷ് ആണ് ആ നാട് വിട്ടു പോകുവാൻ തുടങ്ങുന്നത് .

"അപ്പോൾ അതിൽ എന്തെങ്കിലും കാര്യം ഉണ്ടാകുമല്ലോ പരമു നായരേ;,"

 കൈ കഴുകിയ ശേഷം മുണ്ടിൻ  തലപ്പ് കൊണ്ട്   മുഖം തുടക്കവേ ഉലഹന്നാൻ ചോദിച്ചു.

"അതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് ചോദിച്ചാൽ കാര്യം  ഇല്ലാതിരിക്കുമോ "   പരമു നായർ ഒന്നും തൊടാതെ പറഞ്ഞു.

"എന്നാ  താൻ പറ "  , ഉലഹന്നാൻ  മൊഴിഞ്ഞു.

പരമു നായർ പറയുവാൻ ആരംഭിച്ചു

"നമ്മുടെ സ്‌കൂളിലെ  രസതന്ത്രം പഠിപ്പിക്കുന്ന സുമതി ടീച്ചർ ഇല്ലേ ; അവരുമായി കുറുപ്പ് സാറിന് ചെറിയ ഒരു അടുപ്പം.  അതിപ്പം സാറിന്റെ പെം മ്പ്രന്നോത്തി അറിഞ്ഞു. അവരുടെ വീട്  ഒരു ഇന്ത്യയും, പാക്സിതാനുമായി മാറി."   അത് കേട്ട ചായ കുടിക്കുവാൻ ഇരുന്ന ചട്ടുകാലൻ   ശങ്കുണ്ണി പറഞ്ഞു.  കള്ളുചെത്താണ്  ശങ്കുണ്ണിയുടെ കുലത്തൊഴിൽ.  ആ ചട്ടുകാലും  വച്ച് ശങ്കുണ്ണി ഒരു അണ്ണാനെ പോലെ വേഗത്തിൽ തെങ്ങിൽ വലിഞ്ഞു കയറും.

"ഇല്ലാ വചനം പറയല്ലേ  നായരേ ...  വെറുതെയല്ല നിങ്ങളെ 'കുടുംബം കലക്കി' എന്ന് പറയുന്നേ " .  കുലത്തൊഴിൽ ചെത്താണെങ്കിലും ശങ്കുണ്ണി മനുഷ്യപ്പറ്റുള്ളവനാ   .

എന്തോന്ന് , ഇല്ലാവചനം ,  ഈ പരമു പറഞ്ഞ ഏതെങ്കിലും സംഭവങ്ങൾ ഇവിടെ സം ഭവിക്കാതിരുന്നിട്ടുണ്ടോ , അപ്പോൾ ഇതും സംഭവിക്കും . വെറുതെയാണോ  മാഷ് വാടക വീട് ഒഴിഞ്ഞു പോകുന്നത് "

ശങ്കുണ്ണി  ഇടയിൽ കയറി പറഞ്ഞു.

"ഉലഹന്നാനെ  ,    അതൊന്നുമല്ല സംഭവം.  നമ്മുടെ സുമതി ടീച്ചർ സൊസെറ്റിയിൽ നിന്ന് കുറച്ചു പണം  എടുത്തിരുന്നു . ടീച്ചറുടെ  അച്ഛന്റെ  അസുഖം പ്രമാണിച്ചു . അവധി കഴിഞ്ഞിട്ടും ആ തുക  കൊടുക്കുവാൻ ടീച്ചറിന് കഴിഞ്ഞില്ല . കുറച്ചു രൂപ ടീച്ചറുടെ കൈയിൽ ഉണ്ടായിരുന്നു .  ബാക്കി തുക വായ്‌പയായി  മാഷ്  സുമതി ടീച്ചറിനു വേണ്ടി കൊടുത്തു . ഒരു സഹായം . ഈ നാട്ടുകാർക്ക്  കുറുപ്പ് സാറിനെ അറിയാത്തത് ഒന്നുമല്ലല്ലോ .  പിന്നെ അങ്ങേരു ഒരു കുഴപ്പം കാണിച്ചു.  പുള്ളിക്കാരൻ അത് അങ്ങേരുടെ ഭാര്യയോട് പറഞ്ഞില്ല .  ഭർത്താവ് വേറെ ഏതെങ്കിലും സ്ത്രീയെ  സഹായിച്ചു അതും പണം കൊടുത്തു്  എന്നറിഞ്ഞാൽ ഏതെങ്കിലും ഭാര്യ സമ്മതിക്കുമോ . \മുപ്പ ത്തിയാര്  അതെങ്ങെനയൊ അറിഞ്ഞു.  ഇങ്ങനെയുള്ള വിഷയത്തെ പാട്ടാക്കുവാൻ അല്ലെങ്കിലും നാട്ടാർക്ക് ഉത്സാഹം ഏറുമല്ലോ.  അത് പരമു നായർക്കും കൂടിയുള്ള ഒരു കൊട്ടയിലൊരുന്നു . ശങ്കുണ്ണി തുടർന്നു .  അവരതു കാര്യമായി എടുത്തു .  അല്ലെങ്കിലും മുപ്പരത്തിയുടെ  സ്വഭാവം ഈ നാട്ടിൽ ആർക്കാ അറിയാൻ മേലാത്തത് . അവർ ഇതിനെ ഒരു ഭൂകമ്പമാക്കി . അതാണ് സംഭവം"

ശങ്കുണ്ണി പറഞ്ഞു   നിറുത്തി.

എന്തായാലും ഇപ്പോൾ മാഷ്  ഇവിടം വിട്ടു പോവുകയാണെന്ന് സത്യമല്ലേ . അതല്ലേ ഞാനും പറഞ്ഞുള്ളൂ .

അത് ശരിയാ , അങ്ങേരു നാട്ടിലേക്ക് പോവുകയാ, അവിടെ അടുത്തുള്ള സ്‌കൂളിൽ മാഷിന് ജോലി കിട്ടി .  മാഷ്ടെ അമ്മയ്ക്കും തീരെ വയ്യ. അല്ലാതെ  ഈ നായര് പറയും പോലെയല്ല കാര്യങ്ങൾ "

അപ്പോഴാണ് ഉലഹന്നാന്റെ മനസിൽ ഉണ്ണിയപ്പം പൊട്ടിയത് .  പരമു നായരോടായി അയാൾ ചോദിച്ചു .

"മാഷ് പോകും എന്ന് ഉറപ്പാണോ " 

"പിന്നല്ലാതെ , വീട് ഇന്നലെ ഒഴിഞ്ഞു."     ആ അവറാച്ചൻ എന്നോട് പറഞ്ഞു വല്ല വാടകക്കാർ ഉണ്ടെങ്കിൽ ഒന്ന് പറയണമേ  എന്ന്.  " പരമുനായർ പ്രസ്താവിച്ചു .

ഉലഹന്നാനു നമ്പീശനുമായുള്ള സംഭാഷണശകലങ്ങൾ ഓർമ വന്നു.    അയാളുടെ അറിവിൽ നമ്പീശൻ ഇപ്പോൾ താമസിക്കുന്നത് നാലാമത്തെ വീട് ആണ് .  വിവാഹം കഴിച്ചിട്ടില്ല . ചെറുപ്പക്കാരൻ . സുന്ദരൻ , സുമുഘൻ . എണ്ണ മയമുള്ള മുടി കുരുവിക്കൂട് പോലെ വയ്ക്കും. ടെറികോട്ടൺ  ഷർട്ടും , ബെൽ  ബോട്ടം പ്യാൻസും ആണ് വേഷം  കുട്ടിക്കുറ പൗഡർ ഇട്ടു  വെളുത്ത മുഖം പാണ്ടു  പിടിച്ച പോലെ വെളുപ്പിക്കും.  എന്നിട്ടു നാട്ടുകാർ കാണെ ആ വേഷത്തിൽ അങ്ങോട്ടേക്കും , ഇങ്ങോട്ടേക്കുമായി സവാരി നടത്തും ,.  പിന്നെ ഒരു കുഴപ്പം എന്ന് പറഞ്ഞാൽ ഇടക്കിടെ ഇങ്ങനെ വീട് മാറണം . അതിനെല്ലാം നമ്പീശന്റെ കൈയിൽ നികുത്താൻ ആവാത്ത കാരണങ്ങൾ ഉണ്ട് . ഇപ്പോൾ താമസിക്കുന്ന വീട് നല്ല അസ്സൽ  വീട് ആണ്. വായനശാലക്ക് അടുത്തു , ഇടത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് . ചെത്തിയും,    ബൊഗൈൻ വില്ലയും, സീനിയയും നിര നിരയായി പൂത്തു നിൽക്കുന്നു . വെടിപ്പുള്ള  മുറ്റം. അത്ര പഴയതു എന്ന് പറയുവാൻ കഴിയില്ല. നീല പെയിന്റ് അടിച്ച ഗേറ്റ് കടന്നാൽ കാണാവുന്ന ഓടിട്ട വീട് . അവിടെയാണ് കക്ഷിയുടെ താവളം .

കഴിഞ്ഞ തവണ കണ്ടപ്പോൾ നമ്പീശൻ പറഞ്ഞ കാര്യങ്ങൾ ഉലഹന്നാൻ  വീണ്ടും ഓർത്തെടുത്തു .  " എനിക്ക് ഈ വീട് മാറണം , ഇവിടെ ശരിയാവില്ല.

" അതെന്താ : "    എന്ന ചോദ്യത്തിന് നമ്പീശൻ തന്ന മറുപടി ,  "ഇവിടെ പ്രേത ശല്യം ഉണ്ടത്രേ;"

ഉലഹന്നാനു ചിരി വന്നു.   അത് കണ്ടു നമ്പീശൻ പറഞ്ഞു .

"ചിരിക്കേണ്ട ഞാൻ പറഞ്ഞത് സത്യമാ,  ചില സമയങ്ങളിൽ രാത്രിയിൽ ആരോ ഇതിലൂടെ നടക്കുന്നത് പോലെ എനിക്ക് തോന്നും. അടുക്കളയിൽ നിന്നും പാത്രങ്ങൾ തന്നെ താഴെക്ക്  വീഴും. കാളിങ് ബെൽ അടിച്ചതായി തോന്നും, പക്ഷെ ചെന്ന് നോക്കുമ്പോൾ അവിടെ ആരും ഉണ്ടാകില്ല. ഒരു മനസ്സമാധാനവും ഇല്ല എനിക്ക് ഈ വീട് ശരിയാവില്ല. "

അപ്പോഴും ഉലഹന്നാനു ചിരിക്കുവാനാണ് തോന്നിയത് . പക്ഷെ അയാൾ ചിരിച്ചില്ല.  അയാൾ പറഞ്ഞു. .

" തനിക്കു തോന്നുന്നതാവാം . താൻ ഒറ്റയ്ക്കല്ലേ  അപ്പോൾ  ഇങ്ങനെയൊക്കെ തോന്നും.  ഇത് 'ഹാലൂസിനേഷൻ' ആണ് . ഇല്ലാത്തതു ഉണ്ടെന്നുള്ള തോന്നൽ "

"പാത്രങ്ങൾ തന്നെ വീഴുന്നത്  ഇല്ലാത്തത്‌  ഉണ്ടെന്നുള്ള തോന്നലിൽ നിന്നാണോ  "  നമ്പീശന് ദേഷ്യം വന്നു.  .  ബാത്‌റൂമിൽ പോകുമ്പോൾ വാതിലിൽ  സാക്ഷ  തന്നെ വീഴുന്നു.  പിന്നെ കുറെ നേരം കഴിയുമ്പോൾ വാതിൽ തുറക്കുവാൻ കഴിയും. ഇതെല്ലം ഞാൻ ആനുഭവിച്ചതാണ് .  അയാൾ വളരെ ഗൗരവപൂർവം പറഞ്ഞു."

ഉലഹന്നാനു തോന്നി, ഇയാൾക്ക് എന്തോ കുഴപ്പം ഉണ്ടെന്നു . പക്ഷെ ഒന്നും പറഞ്ഞില്ല .

" കുറച്ചു നേരത്തിനു  ശേഷം നമ്പീശൻ പറഞ്ഞു. ഈ വീട്ടിൽ ആരോ തുങ്ങി മരിച്ചിട്ടുണ്ട്. അയാളുടെ ആത്മാവ് ഗതിയില്ലാതെ അലയുന്നതാ ."  ഒരു  ശാസ്ത്ര'ജ്ഞൻ  കണ്ടെത്തിയ  രഹസ്യത്തെ അയാൾ  അനാവരണം ചെയ്തു.

കുറച്ചു നാളുകൾക്കു  ശേഷം നമ്പീശൻ കുറുപ്പ് മാഷ് താമസിച്ച വീട്ടിലേക്കു മാറി.  വീടും പരിസരവും നമ്പീശന് നന്നായി ബോധിച്ചു എന്ന് തോന്നി.  പറമ്പും, കുളവും, കാവും ചേർന്ന  പഴമയുടെ അന്തരീക്ഷം പുകയുന്ന  വീട് .
നിങ്ങൾ ഒരു  സൗന്ദര്യ ആസ്വാദകൻ ആണെങ്കിൽ അവിടുത്തെ തോപ്പിൽ പല പക്ഷികളെയും നിരീക്ഷിക്കുവാൻ കഴിയും. വളരെ അപൂർവമായി കാണുന്ന സൂചിമുഖി  കുരുവി മുതൽ, ഉപ്പൻ , വേഴാമ്പൽ ,  തത്ത , അണ്ണാൻ മുതലായ ഇനങ്ങളെ അവിടെ കാണുവാൻ കഴിയും. പക്ഷെ ഇതൊക്കെ ആസ്വദിക്കുവാൻ ഒരു മനസുണ്ടാകണം  എന്ന് മാത്രം.

വീട് മാറി കഴിഞ്ഞ ശേഷം  ഉലഹന്നാൻ പറഞ്ഞു. ഇനി താൻ  എന്നെ ബുദ്ധി മുട്ടിക്കരുത് . വർഷങ്ങൾ ആയി കുറുപ്പ് മാഷും , കുടുംബവും താമസിച്ച വീടാണ് ഇത് . ഇവിടെ നിങ്ങൾക്ക് ഒരു മനസമാധാന കുറവും ഉണ്ടാകാൻ  പോകുന്നില്ല."

കുറെ നാളുകൾ കഴിഞ്ഞു . ഒരു ദിവസം നമ്പീശനെ ചായക്കടയിൽ  വച്ച് കണ്ടപ്പോൾ അയാൾ പരിഭവം പോലെ പറഞ്ഞു.

" താൻ എന്ത് വീടാണ് മാഷെ  എനിക്ക് തന്നത്"

ഉലഹന്നാൻ ചോദിച്ചു " എന്ത് പറ്റി "

"ആ വീടിനു പുറകിൽ സർപ്പകാടണ്"

"അതിനു ", ഉലഹന്നാൻ ചോദിച്ചു .

"അവിടെ  താമസിക്കുവാൻ കൊള്ളില്ല . അവിടെ താമസിച്ചാൽ  സർപ്പദോഷം സംഭവിക്കും, സർപ്പ
ദോഷമുണ്ടായാൽ സന്തതി പരമ്പരകൾ കഷ്ടത അനുഭവിക്കും , കൂടാതെ  ചർമരോഗങ്ങൾ , മാനസിക പീഡ  എന്നിവയുണ്ടാകാം  "    ഏതോ ഒരു മുറി ജോത്സ്യൻ പറഞ്ഞ വാക്കുകൾ അതുപോലെ നമ്പീശൻ വിളമ്പി

ഉലഹന്നാനു ശരിക്കും ദേഷ്യം വന്നു .

"അതിനു താൻ വിവാഹിതൻ അല്ലല്ലോ, പിന്നെ സന്തതികൾക്കു എന്ത്  ദോഷം വരുവാനാണ് ."

"അല്ല ഞാൻ വിവാഹം കഴിക്കുമല്ലോ . അപ്പോൾ കുട്ടികൾക്ക് പ്രശ്നമാകില്ലേ"

നമ്പീശന്റെ സംശയം നിഷ്കളങ്കമായിരുന്നു .

ഉലഹന്നാൻ ഒന്നും മിണ്ടിയില്ല.

"നമ്പീശൻ വീണ്ടും ചോദിച്ചു ,  താൻ എന്താ ഒന്നും മിണ്ടാത്തെ "

അയാൾ അപ്പോൾ ചിന്തിച്ചത് നമ്പീശന്റെ അച്ഛനെയും , അമ്മയെയും കുറിച്ചായിരുന്നു.  നമ്പീശൻ  ചായ കുടിച്ചു  പോയി കഴിഞ്ഞപ്പോൾ പരമു നായർക്കു ആവേശമേറി .   "അര  നമ്പീശൻ"  അയാൾ ഉറക്കെ പറഞ്ഞു.

ഉലഹന്നാൻ ചോദിച്ചു , "അര  നമ്പീശനോ "

"പിന്നല്ലാതെ " ,   പരമു നായർ പറഞ്ഞു , അവനെ മുഴുവനായി കാണുവാൻ കഴിയുമോ . എവിടെയോ ഒരു പിരി ഇളകിയിട്ടില്ലേ . അതുകൊണ്ട് ഇനി മുതൽ  നമ്പീശൻ 'അരനമ്പീശൻ' ,   എന്ന പേരിൽ അറിയപ്പെടും.

നാമ  നിർവഹണം നടത്തിയ   ശേഷം  പുതിയ കഥ  ഇനി എങ്ങനെ നാട്ടിൽ പാട്ടാക്കും എന്ന ചിന്തയായിരുന്നു പരമു നായർക്ക് .