2016, ജനുവരി 31, ഞായറാഴ്‌ച

അച്ഛന്റെ മകൾ (3)



വർഷങ്ങൾക്ക്  ശേഷം ആണ് തറവാട്ടിലേക്ക് വരുന്നത്. തന്റെ പഠനം മുഴുവനും ഡൽഹിയിൽ ആയിരുന്നല്ലോ . എത്ര വട്ടം ഇവിടെ വന്നിട്ടുണ്ടാകാം .  ഓർമയില്ല. അന്നീ പ്രദേശം മുഴുവനും ആകെ  കാടു പിടിച്ചു കിടക്കുകയായിരുന്നു . അവൾ വെറുതെ തൊടിയിലേക്ക്‌ ഇറങ്ങി. കരിയിലകൾ വകുഞ്ഞു മാറ്റി പതിയെ   നടന്നു . കൽപടവുകൾ പൊട്ടി ഒലിച്ച്  പായൽ നിറഞ്ഞ കുളം. പച്ചപായൽ മാത്രം . അടിയിൽ വെള്ളം ഉണ്ടെന്നു തോന്നുകയില്ല. 

ഇടിഞ്ഞു വീഴാറായ കുളപ്പുര . ചുമരിൽ പണ്ടേതോ ചിത്രകാരൻ വരച്ച കലാവിരുതുകൾ ഇപ്പോഴും മായാതെ കിടക്കുന്നു. മുന്നോട്ടു ഏറെ നടന്നാൽ കല്ല്‌ വെട്ടുന്ന ശബ്ദം കേൾക്കാം . അങ്ങകലെ ആയി ഒരു ലോറി കിടപ്പുണ്ട്.  അവിടെ നിന്നും നോക്കിയാൽ ദുരെ നീല കുറുഞ്ഞി പൂക്കുന്ന മലയുണ്ട് എന്ന് പണ്ട് അമ്മുമ്മ പറഞ്ഞത് ഓർമ്മ വരുന്നു. ആ മലയിൽ ശാപമോചനം കത്ത് നിൽക്കുന്ന കുറുത്തിയുണ്ട്. നിലാവുള്ള രാത്രിയിൽ അവളുടെ  തേങ്ങൽ ഇപ്പോഴും കേൾക്കാം.  


ദുരെ വയലിന് മുകളിൽ നീലാകാശ തോപ്പിൽ ഒരു പരുന്ത് വട്ടമിട്ടു പറക്കുന്നു.  തണുത്ത വായുവിന് ചലനമില്ല. വാഴത്തോപ്പിൽ നരച്ച വാഴയിലകൾ വിധവകളെ പോലെ തല കുമ്പിട്ടു നിൽക്കുന്നു . ആകാശത്തിന്റെ നിറം മങ്ങുമ്പോൾ ഇവിടത്തെ ഇലകളിലും ദുഃഖം തലയാട്ടി നിൽക്കുമോ .വിഷാദത്തിന്റെ നിഴലുകൾക്ക് കറുപ്പ്  കൂടി 
കൂടി  വരുമായിരിക്കും .   മാവും, പ്ലാവും , ഈട്ടിയും, തേക്കും വരെ ഈ പറമ്പിൽ ഉണ്ട് .

 "മോളെ അങ്ങോട്ടേക്ക് ഒന്നും പോകേണ്ടാ , പാമ്പ്  ഉണ്ടാകും. എല്ലാം കാട്‌ പിടിച്ചു കിടക്കുകയാ,  ഇതൊക്കെ വൃത്തിയാക്കുവാൻ ഇപ്പോൾ പണിക്കാരെ പോലും കിട്ടാനില്ല. ആ കാണുന്നതാ  സർപ്പതറ."   പൊട്ടി പൊളിഞ്ഞ സർപ്പ തറ ചുണ്ടി കാണിച്ചു കൊണ്ട്  കേളുച്ചാർ പറഞ്ഞു. 


 സന്തതി പരമ്പരകളെ  കാക്കുന്ന  നാഗത്താൻമാർ വാഴുന്ന മണ്ണ്.  പണ്ടൊക്കെ എന്നും വൈകുന്നേരം വിളക്ക് വച്ച് പുജിച്ച ഇടമായിരുന്നു.  നാഗരാജാവും , നാഗയക്ഷിയും  വാഴുന്നയിടം. നാഗയക്ഷിയെകുറിച്ച് ഒരു പാട് കഥകൾ കേട്ടിട്ടുണ്ട്.രാത്രികാലങ്ങളിൽ അത് വഴി പോയാൽ അവരുടെ ചോര    കുടിക്കുന്ന യക്ഷി. ഏതോ മഹാ മാന്ത്രികൻ ജപിച്ച ബന്ധന ചരടിൽ കാവിൽ  കുടിയിരുത്തി ഇരിക്കുന്നു.  ആ ബന്ധനത്തിൽ നിന്നും മുക്തയായാൽ വീണ്ടും ഭീകരരൂപിണി ആയി അവൾ മാറും.


ചിലപ്പോൾ തോന്നും എന്ത്‌കൊണ്ടാണ് യക്ഷികളും , ബ്രഹ്മരക്ഷസം  മാത്രം ഭീതി പടർത്തുന്ന കഥാപാത്രങ്ങൾ ആയത് .  ഇവരുടെ ഗാനത്തിൽ പെട്ട യക്ഷന്മാരോ , ഗന്ധർവന്മാരോ ആരും ചോര കുടിച്ചു പല്ലും ,  നഖവും മാത്രം ബാക്കി വയ്ക്കുന്നില്ല. ഭയത്തിന്റെ നൂലിഴ സൃഷ്ടിക്കുവാൻ കെട്ടിപകുത്തോരു മിത്തുകൾ മാത്രം.   

തറവാട് ക്ഷയിച്ചതോടെ എല്ലാം പോയി. സുക്യതക്ഷയം അല്ലാതെ എന്താ പറയുക. കേളുച്ചാരുടെ  വാക്കുകൾ അവളെ ഓർമയിൽ നിന്നും ഉണർത്തി. 
ഇപ്പോൾ ഈ തറവാടും , പറമ്പും നോക്കുന്നതിനു ഏൽപ്പിച്ചിരിക്കുനത് ഈ കേളുച്ചാരിനെയാണ്. മുൻ  വശത്ത് തന്നെ വീടും പറമ്പും വില്പനയ്ക്ക്   എന്ന പരസ്യം പതിപ്പിച്ചിട്ടുണ്ട് .  താനടക്കം കുറെ ഏറെ അവകാശികൾ. എല്ലാവരും  ഇപ്പോൾ പരദേശികൾ. ആർക്കാണ് ഈ നാട്ടിൻ പുറത്തു വന്നു താമസികുവാൻ ആഗ്രഹം? അമ്മക്ക് ഈ വീട് വിൽകുവാൻ  തീരെ താല്പര്യം ഇല്ല. അച്ഛന്റെ കുടെ നാലേ , നാലു വർഷം മാത്രമാണ് അമ്മ ജീവിച്ചത് . അതിനിടയിൽ വല്ല ഓണത്തിനോ, വിഷുവിനോ  മറ്റോ  ഈ തറവാട്ടിൽ  വന്നാൽ ആയി. പക്ഷെ എന്നിട്ടും ഈ വീട് അമ്മയ്ക്ക് അത്രയേറെ പ്രിയപെട്ടതായത് എങ്ങനെ?  
  
അമ്മ പറഞ്ഞ അറിവുണ്ട് .രാജ്യത്തിന്റെ സ്നേഹാദരം ഏറ്റു  വാങ്ങി അച്ചൻ വിട പറയുമ്പോൾ ഒന്നും അറിയാതെ കുസൃതി ചിരിയുമായി അമ്മയുടെ മടിയിൽ ഇരിക്കുന്ന രണ്ടു വയസ്സ് കാരിയെ പറ്റി . നിഷ്കളങ്കയായ അവളുടെ ചിരി  ഒരു പക്ഷെ കണ്ടു നിന്നവരുടെ മനസ്സിൽ കനൽ  കോരിയിട്ടിടുണ്ടാകാം. അല്ലെങ്കിൽ അവരുടെ മനസ്സിൽ വിങ്ങുന്ന ഒരു നൊമ്പരമായി ആ കുഞ്ഞിന്റെ ചിരി മാറിയിയിട്ടുണ്ടാകാം.

അന്ന് കരുതിയിട്ടുണ്ടാകില്ല. പറക്കമറ്റാത്ത   പ്രായത്തിൽ അച്ചൻ നഷ്ടപെട്ട മകൾക്കും , എല്ലാം നഷ്ടപെട്ട ആ അമ്മയ്ക്കും തുണയായി ഒരു രാജ്യം തന്നെ കുടെ ഉണ്ടാകും എന്ന്. 


അറിയാത്ത പലരും തൊട്ടടുത്ത ഒരു ബന്ധുവിന്റെ വേർപാട് പോലെയാണ് തേങ്ങിയത്. അച്ഛന്റെ ഭൌതീക ദേഹം കാണുവാൻ ഒരു നാട് മുഴുവനും  ഉണ്ടായിരുന്നു. മതമില്ലാതെ വെറും പച്ച മനുഷ്യരായി  അവർ ആ വിലാപയാത്രയെ അനുഗമിച്ചു . ഏറെ പ്രസിദ്ധൻ ആയ ഒരു സിനിമ താരം അന്ന് പറഞ്ഞു അത്രേ . ഞങ്ങൾ ഒന്നുമല്ല താരങ്ങൾ , ഇത് പോലെ നമ്മളെ ഏവരെയും കാക്കുന്ന   ഈ പട്ടാളക്കാർ ആണത്രേ യഥാർത്ഥ താരങ്ങൾ.കൊടും തണുപ്പും, ചുടും വകവയ്കാതെ നിങ്ങൾ  സ്വസ്തമായി ഉറങ്ങി കൊള്ളൂ  ഞങ്ങൾ ഇവിടെ കാവലുണ്ട്  എന്ന്  എന്ന് ഉറക്കെ പറഞ്ഞു  നമ്മുടെ രാജ്യം രക്ഷിക്കുന്ന   വീരന്മാർ.


മുത്തശ്ശീ പറഞും അറിഞ്ഞിരുന്നു . ഒരു ധീര ജവാന്റെ ഭാര്യ എന്ന നിലയിൽ  തന്നെ അമ്മ 
പെരുമാറി . പ്രിയതമന് അന്തിമോപചാരം അർപ്പിക്കുമ്പോഴും ,   സ്നേഹചുംബനം നൽകുമ്പോഴും നെഞ്ച് പൊത്തുന്ന വേദന അമ്മ അമർത്തി പിടിച്ചു . അമ്മയുടെ ദുഃഖം ആ നാടിന്റെ തന്നെ ദുഃഖമായി മാറിയിരുന്നല്ലോ. 


ആദ്യമായി അച്ഛന്റെ ഒക്കത്ത് ഇരുന്നാണ് ഈ വീട്ടിൽ  എത്തിയത് എന്ന് അമ്മ പറഞ്ഞറിവുണ്ട്.  ഡെൽഹിയിൽ നിന്ന് അച്ഛനും , അമ്മയും താനും കുടിയുള്ള  യാത്ര . അന്ന് തനിക്കു രണ്ടു വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ. നാട്ടിൽ എത്തിയ ദിനം തന്നെ താൻ അസുഖ ബാധിതയായി . നീണ്ട ട്രെയിൻ യാത്ര   കൊണ്ടുണ്ടായ ക്ഷീണം കടുത്ത പനിയായി തന്നെ ബാധിച്ചു. അന്ന് തന്നെ  പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു .  ആ രാത്രി മുഴുവനും അച്ഛൻ തന്റെ കട്ടിലിൻ അരികിൽ രാജ്യം കാക്കുന്ന പോരാളിയെ പോലെ ഉറങ്ങാതെ അരികിൽ ചേർന്ന് ഇരുന്നു. നനച്ച തുണി കൊണ്ട് നെറ്റി  തുടപ്പിച്ചു. പിറ്റേ ദിവസം ലഭിച്ച അടിയന്തിരമായ സന്ദേശത്തെ തുടർന്നു അച്ഛന് കാശ്മീരിലേക്ക് പോകേണ്ടി വന്നു . ജന്മ നാടിനു വേണ്ടി  അഭിമാനം കാത്തു സുക്ഷികുവാൻ ഒരു ജവാൻ ബാധ്യസ്തൻ ആണെന്ന്  അച്ഛൻ പറയാതെ പറയുകയായിരുന്നു. 


ഒരു പട്ടാളക്കാരൻ ആകണം എന്ന് തന്നെ യായിരുന്നു അച്ഛന്റെ എന്നത്തേയും ആഗ്രഹം. മരിക്കുമ്പോൾ അച്ഛന് 32  വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു. എൻ  എസ്  ജി  കമാൻഡോ ആയിരുന്നു അച്ഛൻ . ഈ നാട്ടിൻ പുറത്ത് വളർന്ന അച്ചൻ പഠിച്ചത് എല്ലാം മദിരാശിയിൽ ആയിരുന്നു . അച്ചനും ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു ഇവിടം.അമ്മയുമായുള്ള വിവാഹം നടന്നതും ഈ തറവാട്ടിൽ  തന്നെ ആയിരുന്നു. 


നുഴഞ്ഞു കയറിയ  ഭീകര വാദികളെ  വധിച്ച്‌  തന്റെ കർത്തവ്യം നിറവേറ്റിയ  ധീര യോദ്ധാവിന്റെ മകളായി തന്നെ എല്ലാവരും കണ്ടു. അതിനു വേണ്ടി സ്വന്തം ജീവൻ ബലിദാനമായി അച്ചൻ രാജ്യത്തിന്‌ സമർപ്പിച്ചു . 


സ്കുളിൽ പോകുമ്പോഴും , കോളേജിൽ പഠികുംപോഴും നാട്ടുകാരും , അധ്യാപകരും ആ വാത്സല്യം തന്നിൽ ചൊരിഞ്ഞിരുന്നു. വിനോദ് നായർ എന്ന പട്ടാള ക്കാരൻ അവരുടെ എല്ലാം മനസ്സിൽ മായാത്ത സ്ഥിര പ്രതിഷ്ഠ നേടി കഴിഞ്ഞിരുന്നു. അത് കൊണ്ട് കുടി ആയിരിക്കാം വളരുമ്പോൾ ഒരു ആർമി ഓഫീസർ ആകണം എന്ന  ദൃഢനിശ്ചയം മനസിൽ രൂപപെട്ടത്.   




ഈ  വരവിന് പ്രത്യേകത ഏറെയുണ്ട് . നേരിടുള്ള ആക്രമണത്താൽ നാല് ഭീകരരെ കൊന്നതിനു സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രസിഡന്റിൻ കൈയിൽ നിന്നും "ശൌര്യ ചക്ര" അവാർഡ്‌ മേടിച്ചത് ക്യാപ്ടൻ   അഞ്ജന നായരേ രാജ്യം അനുമോദിച്ചത്  മുന്ന് ദിവസം മുമ്പാണ് . അതും ഒരു തനിയാവർത്തനം പോലെ.


 കാശ്മീരിൽ തീവ്ര വാദികൾ  ആക്രമണത്തിന് മുതിരുന്നു എന്ന "ഇന്റലിജൻസ്" വിഭാഗം മുന്നറിയപ്പ്  തന്നിരുന്നു . അതിനു അനുസരിച്ച് എട്ടു പേർ അടങ്ങുന്ന ഞങ്ങളുടെ ബറ്റാലിയൻ  അവർ ഒളിച്ചു പാർക്കുന്ന കെട്ടിടം വളഞ്ഞു. പിന്നെ തീവ്രമായ വെടിവയ്പ്പ്. അവസരം കിട്ടിയപ്പോൾ ഇരച്ചു കയറുവാൻ ആയി. മരണം മുന്നിൽ കണ്ട നിമിഷങ്ങൾ.  പക്ഷെ ഞങ്ങളുടെ  ഇച്ഛാശക്തിക്ക് മുന്നിൽ പിടിച്ച് നിൽക്കുവാൻ അവർക്ക് കഴിഞ്ഞില്ല.


വേണെമെങ്കിൽ തീവ്രവാദികളെ ബന്ധികൾ ആകുവാൻ ഞങ്ങൾക്ക്  കഴിയുമായിരുന്നു. അങ്ങനെയാണെങ്കിൽ അവർക്ക്  വേണ്ടി വാദിക്കുവാൻ മനുഷ്യാവകാശികൾ  എന്ന പേർ പറയുന്നവർ ഇറങ്ങിയേനെ. അതുമല്ലെങ്കിൽ  ഏതെങ്കിലും തടവറയിൽ ശിഷ്ടകാലം സുഖ ഭക്ഷണം കഴിച്ചു ആ കൊലയാളികൾ   കഴിഞ്ഞേനെ .അത് കൊണ്ട് തന്നെ മേജറിന്റെ ശക്തമായ് നിർദേശം ഉണ്ടായിരുന്നു ഒരു തീവ്രവാദിയും ജീവനോടെ രക്ഷപെടരുത് എന്ന്.    


 ഈ തറവാട്ട് വളപ്പില്‍ തന്നെയാണ്   ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ലെഫ്. കേണല്‍ വിനോദ്  നായരുടെ  മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ അടക്കം ചെയ്തിരിക്കുനത് . കഴിഞ്ഞ പതിമൂന്നു  വര്‍ഷമായി  അടച്ചിട്ടിരിക്കുന്ന  തറവാടിന്റെ വടക്ക് പടിഞ്ഞാറെ മൂലയിലാണ്  അച്ഛൻ ഉറങ്ങുന്നത് .


ഈ മെഡൽ അച്ഛനെ കാണിക്കണം എന്ന് അമ്മ പറഞ്ഞിരുന്നു. അല്ലെങ്കിലും അതിനും എത്രയോ മുന്നേ അച്ഛൻ ഈ മെഡൽ കണ്ടിട്ടുണ്ടാകും.  കൈയിൽ ചേർത്തു പിടിച്ച  "ശൌര്യചക്ര" ക്യാപ്ടൻ അഞ്ജന നായർ ,  ലെഫ്.  കേണൽ വിനോദ് നായരുടെ മൃതദേഹം അടക്കം ചെയ്ത മണ്ണിൽ പതിയെ വച്ചു. കണ്ണ് നനയതിരിക്കുവാൻ അവൾ ശ്രദ്ധിച്ചു. കാരണം വീരമൃത്യ  പ്രാപിച്ച  അതെ അച്ഛന്റെ മകൾ തന്നെയല്ലേ അവളും 







   










2016, ജനുവരി 11, തിങ്കളാഴ്‌ച

മുപ്പത്താറു വർഷങ്ങൾ


ഞാൻ വന്നപ്പോൾ ഗോവിന്ദൻ കുട്ടിയാ പറഞ്ഞത്.  പ്രേമേട്ടൻ വന്നപ്പോൾ തൊട്ടു വാതിൽ അടച്ചു ഇരിക്കുകയാണ്. എന്താണ് എന്ന്  എത്ര  വിളിച്ച്   ചോദിച്ചിട്ടും ഒന്നും പറയുന്നില്ല. എന്തോ പ്രശ്നം ഉണ്ട് ? ഞാൻ ചോദിച്ചു എന്ത് പ്രശ്നം ഏതു  പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്ന ആളല്ലേ   പ്രേമേട്ടൻ.   എന്തെങ്ങിലും പ്രശ്നം ഉണ്ടെങ്കിൽ "ശുഭയാത്ര" എന്ന സിനിമയിൽ ജയറാം ഇന്നസെന്റിനോടു എപ്പോഴും ചോദിക്കുന്ന ചോദ്യം ഉണ്ട്. "ഞാൻ എന്താ രാമേട്ടാ ഇനി ചെയേണ്ടത്"    . ഇതേ ചോദ്യം ഞങ്ങൾ എല്ലാവരും എത്ര വട്ടം പ്രേമേട്ടനോട് ചോദിച്ചിട്ടുണ്ട് .

ഞങ്ങൾ രണ്ടു പേരും പ്രേമേട്ടന്റെ ഫ്ലാറ്റിൽ ആണ് താമസം . ഫ്ലാറ്റ് പഴയത് ആണ്. പുള്ളിക്കാരൻ ഇതേ ഫ്ലാറ്റിൽ താമസം തുടങ്ങിയിട്ട് 16 വർഷം കഴിഞ്ഞിരിക്കുന്നു. അതിനിടയിൽ എത്ര സഹ മുറിയാൻമാർ . ഇപ്പോൾ പ്രേമേട്ടന്റെ ഫ്ലാറ്റിലെ അന്തേവാസികൾ ഞങ്ങൾ ആണ്. ഞങ്ങൾ എന്ന് പറഞ്ഞാൽ , ഞാനും ഗോവിന്ദൻ കുട്ടിയും . രണ്ടു മുറി ഫ്ലാറ്റ് ആണ് . മെയിൻ ബെഡ് റും പുള്ളിക്കാരന്റെതാണ് .  കുളിമുറിയും , ആ മുറിയോടു ചേർന്നു  തന്നെയുണ്ട്.  ഞാനും , ഗോവിന്ദൻ കുട്ടിയും രണ്ടാം മുറിയിൽ . ഞങ്ങളുടെ മുറിക്ക് അത്ര വലിപ്പം ഇല്ല. രണ്ടു കട്ടിൽ ഇടാനും, പിന്നെ വസ്ത്രങ്ങൾ വയ്ക്കുവാൻ ഉള്ള അലമാരയും, പിന്നെ ഭിത്തിയോട് ചേർന്ന്  ഒരു കണ്ണാടി മേശയും. കുളി മുറി,  അടുക്കളയോട് ചേർന്നാണ്.   എനിക്കാണെങ്കിൽ ഓഫീസിൽ പോകുന്നതിൻ മുമ്പ് നാല് വട്ടം ടോയിലറ്റിൽ പോകുന്ന ശീലം ഉണ്ട്. അത് കൊണ്ട് ചിലപ്പോൾ പ്രേമേട്ടന്റെ ബാത്ത് റും ഉപയോഗിക്കുവാൻ ഉള്ള അനുവാദം പുള്ളികാരൻ എനിക്ക് തന്നിടുണ്ട് . വൃത്തി വേണം എന്ന  കാര്യത്തിൽ വലിയ നിർബന്ധം ഉള്ള ആളാണ്.   ആ ഔദാര്യം ഞാൻ ദുരുപയോഗം ചെയുന്നു എന്നറിയുമ്പോൾ എന്നെ പുള്ളിക്കാരൻ കണക്കിന് കളിയാക്കാറുണ്ട് . "എന്തുട്ടാ  ശീലം ആടാ ഇത്. ഇതൊക്കെ ഒരു മാനസികരോഗാട്ടോ" .

കുളി കഴിഞ്ഞു , കക്ഷത്തിലും ,   ആ കറുത്ത ദേഹത്തിൽ മുഴുവനും 'യ്യാർഡ്ലീ ' യുടെ പൌഡർ എടുത്തിട്ടു കുടയും. കൈ  വെള്ളയിൽ പൌഡർ കുടഞ്ഞിട്ടു മുന്ന് നാല് മിനുറ്റ് കൈ ചേർത്ത് തിരുമി  മുഖത്തിനും പേശിക്കും വ്യായാമം എന്ന പോലെ മുഖത്ത്  മുഴുവനും പൂശും. അത് കണ്ടു ഗോവിന്ദൻ കുട്ടി പറയും ഇങ്ങളാ പൌഡർ  തൂത്ത് കളയിൻ . ഒരു മാതിരി പെണ്ണുങ്ങളെ പോലെ. ചെറിയ കണ്ണികൾ ഉള്ള വെള്ള ബനിയനും , കൈലിയും അതാണ് മുപ്പരുടെ ഔദ്യോഗിക വേഷം .  കാലിൽ നീല വാറുള്ള  പാരഗൺ  ചെരുപ്പും. അവൻ  സോദേശി  ആകണം എന്ന കാര്യത്തിൽ മുപ്പർക്ക് അല്പം നിർബന്ധബുദ്ധി യുണ്ട്.  കാലിൽ പോലും ഒരു പൊടി ഇല്ല കണ്ടു പിടിക്കുവാൻ . വെള്ളം  കുടിക്കുവാനുള്ള  ഗ്ലാസും, കഴിക്കുവാൻ ഉള്ള പ്ലേറ്റും വരെ മാറ്റി വച്ചിരിക്കും . അതൊന്നും  ഞങ്ങൾക്ക്  എടുക്കുവാൻ അനുവാദമില്ല.  ഇടക്ക് ഞങ്ങളുടെ മുറിയിൽ വന്നു ഒരു മിന്നൽ പരിശോധനയുണ്ട് . എന്നിട്ടോ  കണക്കിന് കുറ്റവും പറയും.

കഴിഞ്ഞ 36 വർഷം ആയി കക്ഷി  ഒമാനിൽ എത്തിയിട്ട് .  ആദ്യം "സുറിൽ"  ആണ് വന്നത് . കുറച്ചു നാൾ അവിടെ ആയിരുന്നു . പിന്നെ അവിടെ നിന്നും മസ്ക്കറ്റിൽ എത്തി ."കിഴക്കെ കടവിൽ ചീര പറമ്പിൽ പ്രേമദാസൻ"   എന്നാണ് ആളുടെ മുഴുവനും പേര് .  ചാലക്കുടിയിൽ  എവിടെയോ ആണ് വീട്.  വീട്ടിൽ  നിന്ന് നോക്കിയാൽ  പെരിയാർ ഒഴുകുന്ന കാണാം . വീട്  പെരിയാറിന്റെ  കടവിനോട് ചേർന്നാണ്.  അത് കൊണ്ട് കൂടിയാണോ   "കിഴക്കെ കടവിൽ" എന്നും കുടി പേരിനോട് ചേർന്നത്.  ഗോവിന്ദൻ കുട്ടി ചോദിച്ചിടുണ്ട്  ഇതു എന്ത് പേരാപ്പാ ? "കിഴക്കെ കടവിൽ ചീരപറമ്പിൽ പ്രേമദാസൻ"   ങ്ങക്ക് ചീര കൃഷി ആയിരുന്നോ പ്രേമേട്ടാ , ഗോവിന്ദൻ കുട്ടി   തമാശക്ക് ചോദിക്കും. അപ്പോൾ ഗൌരവത്തിൽ മൂപ്പര്   ചോദിക്കും എന്താടാ എന്റെ പേരിനു കുഴപ്പം .അധികം ഇളക്കല്ലേ മോനെ,  ട്രൗസർ കീറുമേ ?


പേര് പോലെ തന്നെ ആൾ പ്രേം നസീറിന്റെ വലിയ ആരാധകൻ ആണ്.    അര കള്ളൻ മുക്കാൽ ക്കള്ളനിലെ

"നിന്റെ മിഴിയിൽ നീലോൽപലം
നിന്നുടെ ചുണ്ടിൽ  പൊന്നശോകം
നിൻ കവിളിണയിൽ  കനകാംബരം
നീയൊരു നിത്യ വസന്തം"

എന്ന പാട്ട് നാഴികക്ക് നാൽത് വട്ടം പാടും . ആ പാട്ട് പാടുമ്പോൾ  മുഖം ചുവന്നു തുടിക്കും.  "നസീർ " ആണെന്ന്  പ്രേമേട്ടൻ  സങ്കൽപ്പിക്കുന്നുണ്ടാകാം. ഇടക്ക് പ്രേമേട്ടനെ ശുണ്ഠി പിടിപ്പികുവനായി ഗോവിന്ദൻ കുട്ടി ചോദിക്കും . 

നസീറിന്ടെ  അഭിനയം, സത്യന്ടെ അഭിനയം  പോലെ  പോരാ  അല്ലെ?    അത് കേട്ടാൽ മുപ്പർക്കു  കുരു പൊട്ടും . എടാ  നീ സത്യന്റെ ഏതെങ്കിലും പടം കണ്ടിടുണ്ടോ?  ഗോവിന്ദൻ കുട്ടി കണ്ണിറുക്കി ഇല്ലാ  എന്ന്  കാണിക്കും .  ഇമ്മാതിരി  വിവരക്കേട് പറയാതെ അവിടെ പോയി  മിണ്ടാണ്ടിരി. ഒരു നിരുപകൻ  വന്നേക്കുന്നു.  കുറച്ചു കഴിഞ്ഞു  പ്രേമേട്ടനെ  സുഖിപ്പിക്കുവാനായി  ഗോവിന്ദൻ കുട്ടി ചോദിക്കും  ജയഭാരതി ആണോ ഷീലയാണോ   നസീറിനു ഏറ്റവും ചേർന്ന ജോഡി . അപ്പോഴേക്കും പുള്ളി പഴയ വഴക്ക് ഒക്കെ മറന്നു കാണും .ഒരു സംശയം കൂടാതെ  പ്രേമേട്ടൻ പറയും.   ഭാരതി തന്നെ . മലയാള സിനിമ കണ്ട ഏറ്റവും നല്ല ജോഡി ഭാരതിയും , നസീറും തന്നെ. ഇത്ര മേൽ ജോഡി പൊരുത്തം വേറെ ആർക്കും ഇല്ല. ഇനി അതിനു അപ്പുറവും ഇല്ല. ഇപ്പുറവും ഇല്ല. അടിവര ഇട്ട പോലെ മൂപ്പര് അതങ്ങ് ഉറപ്പിക്കും .

ഗൾഫ്‌ കാരന്റെ ഇഷ്ട ഭക്ഷണം കുബുസ് (രണ്ടെണ്ണം) അതാണ് കക്ഷിയുടെ രാത്രി ഭക്ഷണം . പക്ഷെ   ഞങ്ങൾ രാത്രി  ചപ്പാത്തി ഉണ്ടാക്കും. അത്  എന്ടെയും  , ഗോവിന്ദൻ കുട്ടിയുടെയും   ജോലി ആണ് . പ്രഭാത ഭക്ഷണം ഒന്നര ഗ്ലാസ്‌ ഓട്സ് . ഗോവിന്ദൻ കുട്ടി ചോദിക്കും ഈ കാലമത്രയും എന്നെങ്കിലും ഒരിക്കൽ മനസ് നിറഞ്ഞു ആഹാരം കഴിച്ചി ട്ടുണ്ടോ?  ഒണക്ക റൊട്ടിയും, ഓട്സും അല്ലാതെ ? മര്യാദക്ക് ആഹാരം കഴിക്കുവാനും വേണം  ഒരു യോഗം . അപ്പോൾ പ്രേമേട്ടൻ ഒന്ന് ചിരിക്കും.  ആ ചിരിക്ക്  ഒരു നെടു വീർപ്പിൻ അർഥം ഉണ്ട്. താൻ ഇവിടെ കഷ്ട പെട്ടാലും ഭാര്യയും , മക്കളും  മുന്ന് നേരവും നല്ല  ഭക്ഷണം കഴിക്കുന്നുണ്ടല്ലോ എന്ന ചിന്ത. പുള്ളി തന്നെ പറഞ്ഞിട്ടുണ്ട് . ഉടു തുണിക്ക് മറു തുണി ഇല്ലാത്ത ഒരു കാലം പണ്ട്  ഉണ്ടായിരുന്നു എന്ന്. 

ഞങ്ങൾ ചപ്പാത്തിക്കുള്ള  ആട്ട  കുഴച്ച്  നല്ല പരുവത്തിൽ ആക്കുമ്പോൾ പുള്ളി ഒരു ഗ്ലാസും പിടിച്ചു ടി. വി യും കണ്ടിരിക്കും .ഇടക്ക് മൂഡ്‌ തോന്നിയാൽ  എടാ പിള്ളേരെ എന്ന് നീട്ടി വിളിക്കും .  അങ്ങനെ സോഫയിൽ ചാരി ഇരുന്നു മുപ്പർ ഓരോന്ന് പറയും . ഗോവിന്ദൻ കുട്ടി , ചപ്പാത്തി പലകയും , പൊടിയും വലിയ കഷ്ണം പേപ്പറുമായി തറയിൽ ഇരുന്നു പരത്തി തുടങ്ങും. ഞാനും തറയിൽ ഇരിക്കും .

പണ്ട് ചെറുപ്പത്തിൽ പട്ടാളത്തിൽ ചേരുവാനായി നാട് വിട്ടതാണ് . ജോലി കിട്ടിയില്ല. പക്ഷെ തിരിച്ചു നാട്ടിലേക്കു മടങ്ങിയില്ല. അവിടെ നിന്ന് മംഗലാപുരത്തിലെക്കു പോയി. പിന്നെ കുറെ നാൾ അവിടെ. അവിടെ വച്ചാണ്  ഗുജറാത്തിയായ സുധീർ ഭായിയെ പരിചയപെടുന്നതു . ഒമാനിലേക്ക് കച്ചവട സാധനങ്ങൾ കൊണ്ട് പോകുന്ന ഉരുവിൽ കയറ്റി വിട്ടത് സുധീർ ഭായി ആണ്. അങ്ങനെ ഒരു സന്ധ്യാ സമയത്ത്   'സൂർ ' കട പുറത്തു വന്നെത്തി . കുറച്ചു നാൾ അവിടെ മീൻ പിടുത്തകാരുടെ കുടെ ആയിരുന്നു. പിന്നെ  അവിടുന്നു മസ്കറ്റിലെത്തി.    ഈ കാണുന്ന മസ്കറ്റ് ഒന്നുല്ലാട്ടോ  പിള്ളേരെ ,  എന്നു വച്ചാൽ,  ഒരു വലിയ റോഡ്‌ പോലുമില്ല. വെളിച്ചോമില്ല,  വെള്ളവുമില്ല . AC യും ഇല്ല .രാത്രി വാർക്ക കെട്ടിടത്തിൻ മേലെ  സിമന്റ് ചാക്കിൽ വെള്ളം ഒഴിച്ചു നീണ്ടു നിവർന്നു ആകാശം നോക്കി കിടക്കും.  ചുട്ടു പൊള്ളുന്ന ചൂടിനെ തോൽപ്പിക്കുവാൻ അതല്ലാതെ വേറെ മാർഗം  ഒന്നുമില്ല.അന്ന് റോഡിൽ  ഇറങ്ങിയാൽ നാലോ ,  അഞ്ചോ വാഹങ്ങൾ പോയാൽ ആയി . കാർ ഒന്നും കണി കാണുവാനേ ഇല്ല. ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു കിടകുന്ന മലകളും,  മണൽപരപ്പുകളും മാത്രം.  

മസ്ക്കറ്റിൽ വന്ന ശേഷം   അവിടെ ഏതോ ഒരു കമ്പനിയിൽ ഇലക്ട്രീഷൻ ആയി ജോലിക്ക് ചേർന്നു
അങ്ങനെ രണ്ടു മുന്ന്  കമ്പനികൾ . മണി മണി ആയി  അറബി പറയും.  എട്ടാം ക്ലാസ്സ്‌ എന്ന കടമ്പ കടക്കാത്ത ആൾ ആണെങ്കിലും ഹിന്ദിയും , ഇംഗ്ലീഷും , അറബിയും നല്ല രീതിയിൽ തന്നെ കൈ കാര്യം ചെയും . ഇപ്പോഴുള്ള  കമ്പനിയിൽ  ചേർന്നത് A C മെക്കാനിക് ആയിട്ടാണ്.   

ഇങ്ങനെയുള്ള കാര്യങ്ങൾ ചെയുവാൻ  അപാര കഴിവാണ് പ്രേമേട്ടന് . മോട്ടോർ , കoബ്രസർ, വാൽവ്, കപ്പാസിറ്റർ ഇതിന്റെ ഒക്കെ  എന്ത് കുഴപ്പം ഉണ്ടെങ്കിൽ ഇപ്പോഴും പുതിയ പിള്ളേർ സംശയ നിവാരണത്തിന് വിളിക്കുനത്‌ പ്രേമേട്ടനെ തന്നെ യാണ്.  ആരുടെയും കീഴിൽ ശിഷ്യ പെടാതെ സ്വയം കണ്ടെത്തിയ അറിവ്.  എത്ര ഷോക്കും പുള്ളിക്ക് അടിക്കില്ല. തുപ്പലം തൊട്ട വിരലിനാൽ ഷോക്ക്‌ ഉണ്ടോ എന്നറിയുവാൻ വയറിൽ തൊട്ട് നോക്കുന്നതു പല വട്ടം ഞങ്ങൾ കണ്ടിട്ടുണ്ട്. ചില മാസങ്ങളിൽ 'ദുബായിലുള്ള' ബ്രാഞ്ച് ഓഫീസിൽ പോലും ട്രെയിനിങ്ങ് കൊടുക്കുവാനായി  കക്ഷി പോകാറുണ്ട് . തിരിച്ചു വന്നിട്ട് പറയും ഇപ്പോഴുള്ള പിള്ളേർ എല്ലാം  വെറും  മൊണ്ണകൾ ആണ്. എൻജിനിയേർസ്  ആണത്രേ.... 

ഒത്തിരി വർഷങ്ങൾ അങ്ങനെ പോയി. അതിനിടെ വിവാഹം കഴിച്ചു.  ഉറുമ്പ് അരി മണി കുട്ടി വയ്ക്കും പോലെ കഷ്ടപെട്ടു തന്നെ സമ്പാദിച്ചു . മുന്നും , നാലും വർഷം കുടുമ്പോൾ നാട്ടിലേക്ക് പോയി. പെങ്ങൻമാരുടെ വിവാഹം ആർഭാടത്തോടെ  തന്നെ നടത്തി. ടൌണിൽ രണ്ടു കട മേടിച്ചു.  വലിയ വീട് വച്ചു . പിള്ളേരെ  രണ്ടു പേരേയും നല്ല നിലയിൽ  പഠിപ്പിച്ചു.  ആൺ മക്കൾ രണ്ടു പേർക്കും നല്ല  ജോലിയുമായി.   ഇളയ മകളുടെ വിവാഹം കഴിഞ്ഞു.  മുത്ത മകൻ കുവൈറ്റിൽ ഒരു എണ്ണ കംബനിയിൽ  ജോലി ചെയുന്നു.അടുത്ത വരവിനു അവന്റെ വിവാഹം തിരുമാനിച്ചു ഉറപ്പിച്ചിരിക്കുന്നു.  ഇളയ മകൻ മദ്രാസിൽ ഒരു സ്വകര്യ കമ്പനിയിൽ ജോലി ചെയുന്നു.  ഒരു ദിനം ഞാൻ ചോദിച്ചു . ഇനി പ്രേമേട്ടന് നാട്ടിൽ പോയി ജീവിച്ചു കുടെ . അത്യവശത്തിൽ ഏറെ സംബാദിച്ചിട്ടുണ്ടല്ലോ . അപ്പോൾ പുള്ളികാരൻ  പറയുകയാ , എടാ  നാട്ടിൽ പോയാൽ ഞാൻ എന്ത്  ചെയും . ഗൾഫിൽ നിൽക്കുമ്പോൾ മാത്രമേ  ഗൾഫ്‌ കാരന് ഒരു വിലയുള്ളൂ. നാട്ടിൽ പോയി  വെറുതെ ഇരിക്കുവാൻ എനിക്ക് പറ്റില്ല. ഇനി എന്തെങ്കിലും  ഒരു സ്ഥാപനം തുടങ്ങാം എന്ന് വച്ചാൽ അപ്പൊ തന്നെ,  അത് പൂട്ടിക്കില്ലേ. പണ്ട് വലിയ കമ്മുണിസ്റ്റ്‌കാരൻ ആയിരുന്നു. മുതലാളിത്തം  തുലയട്ടെ എന്ന് ഒക്കെ   നീണ്ട   മുദ്രാ വാക്യം വിളിച്ചിട്ടുണ്ട്.  നാട് നന്നാവണം എന്നുണ്ടെങ്കിൽ രാജ ഭരണം തന്നെ വേണം എന്ന  ചിന്താഗതി ആയി ഇപ്പോൾ. ഒരു മുതലാളി ഉണ്ടെങ്കിലെ 100 തോഴിലാളിക്ക്  ജോലി ലഭിക്കുകയുള്ളൂ  എന്ന നീതി ശാസ്ത്രം മനസ്സിൽ ആകിയത് ഇവിടെ വന്നിട്ടാണ്.     

ഇടക്ക് പ്രേമേട്ടൻ  പറയും, ഇന്ത്യക്കാരൻ  ആണെങ്കിലും ഞാൻ ഒരു പകുതി ഒമാനി അല്ലേടാ. ഇനി എന്ടെ  മരണവും ഇവിടെ തന്നെ ആണെങ്കിൽ അതും സന്തോഷം. 36 വർഷങ്ങൾ അതാണ്   ഞാൻ ഇവിടെ ചിലവിട്ടത്. അതായതു ഒരു മനുഷ്യായസിൻ പകുതിയിൽ കുടുതൽ ഞാൻ ജീവിച്ചത് ഒമാനിൽ തന്നെയാണ് . ഒരർത്ഥത്തിൽ ഒമാൻ തന്നതാണ് ഈ ജീവിതം. അല്ലെങ്കിൽ  "കിഴക്കെ കടവിൽ ചീര പറമ്പിൽ പ്രേമദാസൻ"  എന്ന ഞാൻ ഒരു  പട്ടിണി  പ്രാരാബ്ധക്കാരൻ ആയി  ഇന്ന്  വല്ല ബോംബെയിലോ , ഗുജറാത്തിലോ എവിടെ എങ്കിലും കഴിയുന്നുണ്ടാകാം.


ആറു മണിക്കൂർ മുമ്പ്

ഓഫീസിൽ ഇരിക്കുന്ന പ്രേമനെ "MD" വിളിപ്പിക്കുന്നു എന്ന അറിയിപ്പ്  കിട്ടി .  'MD' അങ്ങനെ വിളിക്കാറില്ല. എന്തിനാണോ തന്നെ വിളിക്കുനത്‌     പരിഭ്രമത്തിൽ വേഗം  'MD' യുടെ മുറിയിലേക്ക്  അയാൾ പോയി. ബ്രിട്ടീ ഷു് കാരനായ "വില്യം ബ്രൌണ്‍" ആണ്  'M D ' .സെക്രട്ടറിയോട് അനുവാദം ചോദിച്ചു പ്രേമൻ  'MD' യുടെ മുറിയിലേക്ക് പോയി.



‘How are you Preman’

“I am fine sir”

‘How is your work going, everything alright?’

“Yes sir”

‘Good’

‘How many years you been here’

“30   years sir”

‘Oh, what a long journey’   'Wow,’30  years in Oman’  

'I called you for an announcement'

“yes  Sir”

‘ It’s been wonderful to work with you’
‘Now there is a time to move’
‘Today is your last day, Mr. Preman’


‘All the very best, Preman,’


‘You can contact HR Department for your final settlement’

അത് പറഞ്ഞു 'MD' ഫോണ്‍ ചെയുവാൻ ആരംഭിച്ചു. 
  

അയാൾ ഒന്നും മിണ്ടിയില്ല . അല്ലെങ്കിൽ എന്ത് പറയുവാൻ . അവിടെ സംസാരത്തിന് ഇനി എന്ത് പ്രസക്തി. കണ്ണുകൾ  നനയുവാതിരിക്കുവാൻ അയാൾ ശ്രദ്ധിച്ചു. എന്നെങ്കിലും ഒരിക്കൽ  ഇവിടെ നിന്ന് പോകണം എന്ന് അയാൾക്ക് അറിയാമായിരുന്നു. പക്ഷെ ഇപ്പോൾ , ഈ നിമിഷം  .  നാളെ മുതൽ  താൻ ഇല്ലാതെ , അല്ല,  ഈ ഓഫീസിൽ  നിന്ന് തന്നെയല്ല ഈ നഗരം വിട്ടു പോകേണ്ടി വരുമെന്നുള്ള ഭയാനകമായ്  ചിന്ത അയാളെ ഉലച്ചു . ഒന്നും പറയാതെ അയാൾ പുറത്തേക്കു നടന്നു. നനഞ്ഞ കണ്ണുകൾ അയാളുടെ കാഴ്ച മറച്ചു .


---------------------------------------------------------------------------------

ഗോവിന്ദൻ കുട്ടി വാതിൽ ബലമായി തള്ളി.  കുറ്റി മുഴുവനും കയറി ഇരുന്നില്ല എന്ന് തോന്നി.  വാതിൽ വലിയ ശബ്ദത്തോടെ തുറന്നു.  പ്രേമേട്ടൻ കട്ടിലിൽ  വസ്ത്രം പോലും മാറാതെ, സോക്സ്‌  പോലും മാറ്റാതെ നീണ്ടു നിവർന്നു കിടക്കുന്നു. ഇത്ര ബഹളത്തോടെ വാതിൽ തള്ളി തുറന്നിട്ടും,  അടുത്തു ചെന്ന് കുലുക്കി വിളിച്ചിട്ടും   ഞങ്ങളുടെ വിളി ഒന്നും കേൾക്കാത്ത പോലെ, നീണ്ടു നിവർന്നുളള  ഉറക്കം.  ഗോവിന്ദൻ കുട്ടി സംശയത്തോടെ എന്നെ നോക്കി.  എനിക്കും ഒന്നും പറയുവാൻ കഴിയാത്ത  അവസ്ഥ , അല്ലെ ങ്കിൽ എന്താണ് ചെയേണ്ടത് എന്നറിയാതെ വരുന്ന  ഇത് പോലുള്ള സന്ദർഭങ്ങളിൽ എന്റെ മനസിൽ   ഉയരുന്ന ചോദ്യം ഒന്നേ യുള്ളൂ . "ഞാൻ എന്താ ചെയ്യേണ്ടേ  പ്രേമേട്ടാ"