2017, നവംബർ 13, തിങ്കളാഴ്‌ച

ഒരു പെണ്ണ് കാണൽ
വിവാഹം കഴിക്കണം എന്ന് നിശ്ചയിച്ചു തന്നെയാണ് ഇത്തവണ നാട്ടിലേക്കു വിമാനം കയറിയത്. വയസ്സ് മുപ്പത്തിരണ്ട് കഴിഞ്ഞിരിക്കുന്നു . ഇതിനിടയിൽ പല പല ജോലികൾ .   ഓഫീസ് ബോയ്‌  ആയും , ഡ്രൈവർ ആയും, ആശാരിയും , പ്ലംമ്പറും  ആയി ഒക്കെ വേഷം കെട്ടി.  അവസാനം ഗൾഫിലേക്ക് ഒരു വിസ കിട്ടി.  ഇപ്പോൾ ഇവിടെ റാസൽഖൈമയിൽ . അത്യാവശം കഴിഞ്ഞുകുടുവാനുള്ളത്   വർക്ക്ഷോപ്പിൽ നിന്നും കിട്ടും . അതിനുള്ള കുലിയും അർബാബ് തരുന്നുണ്ട്.  കുടെ പഠിച്ചവർ എല്ലാം പെണ്ണ് കെട്ടി.    ഇനിയും താമസിച്ചാൽ ...

വടക്കേലെ വിലാസിനിചേച്ചി പറഞ്ഞിട്ടാണ് ഈ ആലോചന വന്നത് . കുട്ടിയുടെ ഫോട്ടോ കണ്ടത് നാട്ടിൽ വന്നിട്ടാണ് . കാണാൻ തിരക്കേടില്ല. പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട് . ഇപ്പോൾ ടൌണിലെ ഒരു തുണി  കടയിൽ സേൽസ് ഗേൾ  ആയി  നിൽക്കുന്നു . അത്രയും വിവരം ചേച്ചി പറഞ്ഞു.

വൈകുനേരത്തോടുകൂടി അവരുടെ വീട്ടിൽ എത്തി.  അച്ഛനും ,  ബിജുവും പിന്നെ ഞാനും. ബിജു എന്റെ കുടെ സ്കുൾ തൊട്ട് ഒരുമിച്ചു പഠിച്ചതാ . ഇപ്പം അവൻ ടൌണിൽ ഒരു ചെരുപ്പ് കട നടത്തുന്നു. ഇടവഴിയിയിലുടെ  അല്പം നടക്കണം . ഓട്ടോ അവിടെ വരെ പോകില്ല . ഇടവഴിയിലുടെ നടക്കുമ്പോൾ ഒരു കമ്പി വളച്ചു , വട്ട് ഒടിച്ചുവരുന്ന  ഒരു പയ്യനെ കണ്ടു . അവനാണ് വീട് പറഞ്ഞു തന്നത്.   അച്ഛന് ആ ചുറ്റുപാടുകൾ  അത്ര പിടിച്ചില്ല എന്ന് തോന്നി.

ബേക്കറിയിൽ നിന്നുമുള്ള പലഹാരങ്ങൾ നിറച്ച പത്രങ്ങൾ  ആരോ മുന്നിൽ  കൊണ്ട് വച്ചു .  ഒരു ലഡ്ഡു എടുത്തു വായിലിട്ടു നുണയവെ പെൺകുട്ടിയുടെ അച്ഛൻ ചോദിച്ചു .

"എങ്ങനെയുണ്ട് മോന്റെ ജോലി ഒക്കെ . "

  വായിലെ ലഡ്ഡു മിഴുങ്ങികൊണ്ട് ഞാൻ പറഞ്ഞു കുഴപ്പം ഇല്ല.  ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണ് കാണൽ . വീണ്ടും നിശബ്ദത .  അല്പം കഴിഞ്ഞു അങ്ങേര് വീണ്ടും ചോദിച്ചു

"അവിടെ താമസോം ഒക്കെ?

"അതിനുള്ള സൗകര്യം ഒക്കെ അവനുണ്ട് . " അച്ഛനാണ് മറുപടി പറഞ്ഞത് . അവനു അവിടെ ഒരു വർക്ക്‌ഷോപ്പ്  ഉണ്ട് .

ഞാൻ ഇടയിൽ കയറി പറഞ്ഞു . "എന്റെ   വർക്ക്‌ ഷോപ്പ്  അല്ല "

എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അച്ഛൻ വീണ്ടും പറഞ്ഞു .

"അവന്റെ പോലെ തന്നെയാ . അറബിക്ക് അത്ര കാര്യമാ അവനെ

ഇപ്പ  തന്നെ രണ്ടു മാസത്തെ അവധിയാ കൊടുത്തിരിക്കുന്ന . അവനില്ലെങ്കിൽ അറബി  വർക്ക്ഷോപ്പ് അടച്ചിടും . "  അറബിക്ക് ഒരു പാട് ബിസിനസ് ഉണ്ട് .  അങ്ങേരു ഇങ്ങോട്ടേക്കു ഒന്നും വരികയില്ല . അതുകൊണ്ട്  വർക്ക്‌ഷോപ്പ്  നോക്കി നോക്കി നടത്തുന്നത് അവനാ "

 അച്ഛൻ വലിയ കേമത്തതോടെ പറഞ്ഞു .

ഫാനിന്റെ  കാറ്റിലും ഞാൻ വിയർത്തു .    അച്ഛൻ അങ്ങേനയാ തുടങ്ങിയാൽ നിറുത്തുകയില്ല . അങ്ങനെ അന്തോം , കുന്തോം  ഇല്ലാതെ പറഞ്ഞു കൊണ്ടേ ഇരിക്കും . അച്ഛന്റെ ബടായി കേട്ട് ഞാൻ ശരിക്കും  ചുളി,   സുരാജു  വെഞ്ഞാറമുടൂ   പറയും പോലെ 'എന്തര്  ഡേ ' എന്ന ഭാവത്തിൽ ബിജുവും എന്നെ ഒന്ന്  നോക്കി .

കുറച്ചു മിക്സ്ചർ എടുത്തു വായിലേക്ക് ഇട്ടു . പിന്നെ ചവച്ചു കൊണ്ട്  അച്ഛൻ പറഞ്ഞു "എരിവു തീരെ പോരാ "  പിന്നെ ചിറി തുടച്ചു കൊണ്ട് അച്ഛൻ പതിയെ  കാര്യത്തിലേക്ക് കടന്നു.

"ഇവന്റെ മുത്തത്‌   ഇന്നോ നാളെയോ എന്ന് പറഞ്ഞു നിറവയറുമായി ഇരിക്കുകയാ . അല്ലേല്ലും ആദ്യ പ്രസവം പെൺവീട്ടുകാരുടെ അവകാശം ആണല്ലോ , അതെല്ലേ അതിന്റെ ഒരു രീതി. "  അച്ഛൻ ഒന്ന് നിറുത്തിയ ശേഷം വീണ്ടും തുടർന്നു .

"അവളുടെ കല്യാണം കഴിഞ്ഞ വർഷം ആയിരുന്നു.  അന്ന് അവനു വരാൻ പറ്റിയില്ല . പക്ഷെ മുപ്പത്തഞ്ചു  പവനും ,  ഒന്നര  ലക്ഷം രൂപയും  ഞങ്ങൾ കൊടുത്തു . അത് കുടുതൽ ഒന്നുമല്ല  ഗോപനു സർക്കാര്  ജോലിയാ . അവൻ KSRTC  യിലെ ഡ്രൈവറാ ..."   അതും കഴിഞ്ഞു ഒരു മഹാകാര്യം പറഞ്ഞപോലെ പുള്ളികാരൻ എന്നെ ഒന്ന് നോക്കി. അത്രയെങ്കിലും ഇവനും വേണമല്ലോ .

 ഞാൻ  പെൺകുട്ടിയുടെ അച്ഛന്റെ നോക്കി.  അങ്ങേരു ആകെ പരിഭ്രമിച്ച പോലെ തോന്നി. അയാൾ തോളത്തു കിടന്ന  തോർത്ത്‌ എടുത്തു  മുഖത്ത്മു പറ്റിയ വിയർപ്പിൻ കണികകൾ തുടച്ചു കളഞ്ഞു


അച്ഛൻ പറഞ്ഞത് ശരിയാണ് . പെങ്ങളെ  സ്ത്രീധനം കൊടുത്തു തന്നെയാ കെട്ടിച്ച്  അയച്ചത് .  ആ പണം ഉണ്ടാക്കുവാൻ ഒരു പാടു കഷ്ടപെട്ടിട്ടുമുണ്ട് . അതിന്റെ കടം ഇത് വരെ തീർന്നിട്ടുമില്ല.  സ്ത്രീധനത്തിന് താൻ   എതിരായിരുന്നു എങ്കിലും ചേച്ചിയുടെ സങ്കടം ഇനിയും കാണേണ്ടല്ലോ എന്ന് കരുതി. അത് കൊണ്ട്  ആ ആലോചന തന്നെ എങ്ങനെയോക്കെയോ  നടത്തി . ഇതിനും മുന്നേ വന്ന പല ആലോചനകളും മുടങ്ങിയതാ .  ചേച്ചിയുടെ  കണ്ണ് നീര് കണ്ടാൽ തന്റെയും മുഖം വാടും .   അമ്മ മരിച്ചപ്പോൾ അമ്മയുടെ സ്ഥാനത് തന്നെ ആയിരുന്നു ചേച്ചി.  വിസക്കുള്ള  പണം ഉണ്ടാക്കുവാൻ നെട്ടോട്ടം ഓടുമ്പോൾ  ആകെ ഉണ്ടായിരുന്ന മാലയും , വളയും അഴിച്ചു തന്നത് ചേച്ചിയാ . ഏങ്ങനെയെക്കൊയോ ഒരു കര പറ്റി.   അത് കൊണ്ട് തന്നെ ഇനി ഒരു വിലപേശൽ ഇല്ലാതെ അവര് ചോദിച്ചതിന്  തന്നെ സമ്മതിച്ചു .

 അച്ഛൻ പറഞ്ഞു .."  കുട്ടിയെ വിളിക്കു . "


പെണ്ണിന്റെ അച്ഛന്റെ   മുഖത്ത്  ഒരു വിഷാദഭാവം നിഴലിക്കുന്നുണ്ട് .  അച്ഛൻ  സുചിപ്പിച്ച സ്ത്രീധനതുകയുടെ പ്രശ്നം ആയിരിക്കാം . കാർമേഘം കൊണ്ട് ഇരുൾ മുടിയ അന്തരീക്ഷം  പോലെ.  അത് മറച്ചു പിടിച്ചുകൊണ്ട്  പെൺകുട്ടിയുടെ   അച്ഛൻ അകത്തേക്ക് നോക്കി മകളെ വിളിച്ചു.

കുറച്ചു നേരത്തിനു ശേഷം വാതിൽ പടി കടന്നു കുപ്പി ഗ്ലാസിൽ ആവി പറക്കുന്ന ചായയുമായി അവൾ എത്തി . എന്റെ  മുഖത്തെക്ക്  പോലും ശരിക്ക് ഒന്ന് നോക്കാതെ ചായ തന്ന ശേഷം  അവൾ തിരിഞ്ഞു നടന്നു.  അച്ഛന്റെ മുഖത്ത്  കണ്ട  അതെ വിഷാദ ഭാവം അവളുടെ മുഖത്തും നിഴലിച്ചുവോ?

ചായ കുടിക്കുന്നതിൻ ഇടയിൽ ബിജു പറഞ്ഞു .
 "അവർക്ക് എന്തെങ്കിലും സം സാരിക്കുവാൻ ഉണ്ടാകും .  അവർ സംസാരിക്കട്ടെ" .

 അച്ഛനും, അവനും , പിന്നെ പെൺകുട്ടിയുടെ അച്ഛനും കുടി ആ ചെറിയ പുരയിടത്തിന്റെ   അളവ് എടുക്കുവാനായി  പുറത്തേക്ക്   പോയി.  അച്ഛന്  ആ വീടും പരിസരവും , വീട്ടുകാരും തീരെ പിടിച്ചിട്ടില്ല എന്ന് മനസ് പറഞ്ഞു.

ആ മുറിയിൽ ഇപ്പോൾ ഞാനും , അവളും മാത്രം.  കുമ്മായം പുശിയിട്ടു വർഷങ്ങൾ ആയി എന്ന് വിളിച്ചറിയിക്കുന്ന ഭിത്തി . ഉഷയുടെ ഫാൻ മുകളിൽ കറങ്ങുന്നുണ്ട് .  ഇരിക്കുവാൻ ആയി  നാലഞ്ച് കസേരയും പിന്നെ രണ്ടു സ്ടുലും ആ മുറിയിൽ ഉണ്ട് . പിന്നെ ചെറിയ ഒരു റ്റീപൊയിയും . അതിൽ കുറച്ചു പലഹാരങ്ങൾ വച്ചിരിക്കുന്നു . ജനലയിലുടെ പുറത്തേക്കു നോക്കുമ്പോൾ ഞങ്ങൾ നടന്നു വന്ന ഇടവഴി കാണാം. വീടിനോടു ചേർന്ന് നില്കുന്ന പുരയിടത്തിൽ ഒരു മാവ് പുത്തുനിൽക്കുന്നു .

പരിസരം കൊണ്ട് വലിയ സാമ്പത്തിക ഭദ്രത ഒന്നുമില്ലാത്തവർ  ആണെന്നു വിളിച്ചു പറയുന്നു .ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. നാണം കൊണ്ട് ചുവന്നു തുടുക്കേണ്ട  അവളുടെ  മുഖം മരവിച്ചപോലെ . ഒരു പക്ഷെ ഇത് പോലെ എത്രയോ പെണ്ണുകാണൽ അവൾ കണ്ടിട്ടുണ്ടാകാം .


ഞാൻ ഒന്ന് ചുമച്ചു . എനിക്ക് അവളുടെ പേരും, എന്ത് വരെ പഠിച്ചു എന്നും എവിടെ ജോലിക്ക് പോകുന്നു എന്നുള്ള എല്ലാ വിവരവും അറിയാം , പിന്നെയും  ഒരു വിഡ്ഢിയെ പോലെ ഇതേ ചോദ്യം ചോദിക്കേണ്ടേ ആവശ്യം ഉണ്ടോ?

മൌനത്തിനു ഇടവേള വരുത്തികൊണ്ട്   പിന്നെ ചോദിച്ചു

" തനിക്കു എന്നോടു എന്തെങ്കിലും ചോദിക്കുവാൻ ഉണ്ടോ .. ഇല്ല  എന്ന് പറഞ്ഞുകൊണ്ട് അവൾ തലയാട്ടി .

ഞാൻ വീണ്ടും ചോദിച്ചു ." ഒന്നും ചോദിക്കുവാൻ ഇല്ലേ ".

വീണ്ടും ഞാൻ ചോദിച്ചു .

"എന്നെ ഇഷ്ട പെടാത്തത്തു കൊണ്ടാണോ ഇങ്ങനെ പതിഞ്ഞിരിക്കുനത്  . "

അവൾ പതിയെ മറുപടി പറഞ്ഞു .

"ഏയ്യ്  അതുകൊണ്ടല്ല "

"എന്ന് വച്ചാൽ ഇഷ്ടം ആയി എന്നാണോ"

 ഞാൻ  വിടുവാൻ തെയാർ ആയിരുന്നില്ല.

അവൾ  ഒന്നും മിണ്ടിയില്ലേ .

ധൈര്യതോടെ തന്നെ ഞാൻ പറഞ്ഞു .

 "ഞാൻ കാണുന്ന ആദ്യത്തെ പെൺകുട്ടി താനാ . ഇന്നലെയാ തന്റെ ഫോട്ടോ  കണ്ടത് . എനിക്ക് തന്നെ ഇഷ്ടമായി . ഇനി തനിക്കു എന്നെ  ഇഷ്ടമായില്ല എന്നുണ്ടോ ?"

പതിയെ അവൾ മൊഴിഞ്ഞു .

 "എന്റെ ഇഷ്ടത്തിന് എന്ത് വില "   നിങ്ങളുടെ അച്ചൻ  പറയുന്നത്  ഞാൻ കേട്ടു . അത്രകൊന്നും  സ്ത്രീധനം തരുവാൻ ഉള്ള സാമ്പത്തികം ഞങ്ങൾക്കില്ല .   ഇവിടെ വന്നു പോയവർക്ക് എല്ലാം വേണ്ടത് പെണ്ണിനെയല്ലല്ലോ" .

"എല്ലാവർക്കും അറിയേണ്ടത് എന്ത് കിട്ടും എന്നല്ലേ .  കന്നുകാലി ചന്തയിൽ പോലും ഇത് പോലെ വില പേശുന്നവർ ഉണ്ടാവില്ല.   പിന്നെ അച്ഛന്റെ കണ്ണുനീര് വീഴ്ത്തിയിട്ട്  എനിക്ക് ഇങ്ങനെ ഒരു കല്യാണം വേണ്ടാ . എനിക്ക് നല്കുവാൻ എന്റെ ഈ മനസും ശരീരവും  മാത്രമേയുള്ളൂ ,  അതല്ലല്ലോ  വരുന്നവർക്ക്  വേണ്ടത് "

അവളുടെ  ശബ്ദം  പതറിയിരുന്നു .  കവിളിലെ ഒലിച്ചു ഇറങ്ങിയ കണ്ണ് നീർ കൈ കൊണ്ട് തുടച്ചു അവൾ തല കുനിച്ചു നിന്നു .

എന്ത് പറയണം എന്നറിയാതെ ഞാൻ  നിന്നു.   ചേച്ചിയുടെ  വിഷമം  കണ്ടിട്ടാകണം  അന്നേ  മനസിൽ ഉറപ്പിച്ചിരുന്നു . വിവാഹം കഴിക്കുകയാണെങ്കിൽ അത് ഒരു സാധാരണ പെൺകുട്ടിയെ തന്നെ ആയിരിക്കണം എന്ന്. സ്ത്രീധനം ഒന്നുമില്ലാതെ ...


 "ഒരു പക്ഷെ ഇത്രയും കാലം തന്റെ  വിവാഹം നടക്കതിരിന്ന്തു നന്നായി എന്ന് എനിക്ക് തോന്നുന്നു ."   അങ്ങനെ പറയുവാൻ അല്ല ആഗ്രഹിച്ചത്‌ എങ്കിലും പറഞ്ഞു വന്നപ്പോൾ അങ്ങനെ ആയി പോയി. 

ഞാൻ തുടർന്നു .  അച്ഛൻ പറയും പോലെ അത്ര വലിയ ജോലി ഒന്നുമല്ല എനിക്കവിടെ .  ഒരു വണ്ടി പണിക്കാരൻ . 'മെക്കാനിക് '  .  പക്ഷെ ജീവിക്കു വാൻ ഉള്ളത് കിട്ടും.

പിന്നെ തനിക്കു ഈ വീട്ടിൽ  കിട്ടുന്ന ഒരു  സുരക്ഷിതത്തം  ഉണ്ടല്ലോ അത് ഞാൻ  തനിക്കു  നല്കിയാലോ ?"

അവൾ  എന്റെ മുഖത്തേക്കു നോക്കി .


"എനിക്ക് തന്നെ ഇഷ്ടപ്പെട്ടു .

" പൊന്നും , പണവും നോക്കി ഇനി  വേറെ ആരും തന്നെ  മാറ്റുരക്കേണ്ട.  "


ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.  അച്ഛനും , ബിജുവിനും ഒപ്പം ഇടവഴിയിലുടെ  നടക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ജനൽ പാളിയിലുടെ എന്നെ തന്നെ  നോക്കുന്ന ആ മുഖം. ഞാൻ കണ്ടു. നിറഞ്ഞു ഒഴുകുന്ന കണ്ണുകളുമായി എന്നെ നോക്കി പുഞ്ചിരിക്കുന്ന അവളുടെ മുഖം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ