2019, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ഏഴു മാസങ്ങൾക്കു മുമ്പ്




"എടാ നിനക്കു എത്ര വയസായി ,  എന്താ നിന്റെ വിചാരം "

നാരായണൻ സാറിന്റെ വാക്കുകളിൽ ആശങ്കയും , അരിശവും ഒരുമിച്ചുണ്ടായിരുന്നു.

"നിനക്ക് 32 വയസ്സായി . ഇനിയും ഇങ്ങനെ നീട്ടി കൊണ്ട് പോകുക എന്ന്  വച്ചാൽ . എന്താ നിന്റെ പ്രശ്നം എനിക്ക് മനസിലാകുന്നില്ല. അവസാനം നിന്നെ കെട്ടാൻ വല്ല കിളവിയും വരേണ്ടി വരും. ഇനി നിന്റെ ഇഷ്ടം . " സാർ ദേഷ്യത്തോടെ അവന്റെ  മുറിയിൽ നിന്നും ഇറങ്ങി പോയി.

ഇനി നമുക്ക് കാര്യത്തിലേക്കു വരം . ഇപ്പോൾ കേട്ടത് ഒരു കല്യാണ ആലോചനയാണ് . ചെക്കൻ സാറിന്റെ മോൻ ദിലീപ് നാരായണൻ . പറയുമ്പോൾ എല്ലാം പറയണം അല്ലോ. നാരായണൻ നായരുടെയും , ഗോമതിയുടെയും സീമന്ത പുത്രനാണ് നമ്മുടെ കഥാ നായകൻ .വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞാണ് അവർക്കു പുത്ര ഭാഗ്യം സിദ്ധിച്ചത് . അതുകൊണ്ടു തന്നെ ഗോമതി ചേച്ചി  അവനെ കുറെ കൊഞ്ചിച്ചു വളർത്തി. കുറെ എന്ന് പറഞ്ഞാൽ തന്നെ തെറ്റി പോകും . അവന്റെ ഇഷ്ടങ്ങൾ  ഒന്നും ഒരു മുടക്കുമില്ലാതെ സാധിച്ചു കൊടുക്കും. സാർ എതിർത്താൽ പോലും.

കൊച്ചിലെ  മുതൽ അവൻ അങ്ങെനയാ ഇഷ്ടപെട്ട കാര്യം ലഭിച്ചില്ലെങ്കിൽ വാശി പിടിക്കും. പിന്നെ അത് ലഭിച്ചിട്ടേ അവൻ അടങ്ങുകയുള്ളു . ചെക്കന്റെ ഈ സ്വഭാവം നല്ലതല്ല എന്ന് ബന്ധുക്കളിൽ ചിലർ     അന്നേ ഉപദേശിച്ചു. പക്ഷെ ആര് കേൾക്കാൻ . വലുതാകുന്തോറും അവന്റെ  ഈ സ്വഭാവത്തിനു കാര്യമായ മാറ്റം ഒന്നും സംഭവിച്ചില്ല.

കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും അവൻ പഠിക്കുവാൻ മിടുക്കൻ ആയിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞതോടെ അവനു നല്ളൊരു കമ്പനിയിൽ ജോലി ലഭിച്ചു. മോഹിപ്പിക്കുന്ന ശമ്പളം . പിന്നെങ്ങെത്താ പറയുക. അച്ഛനെക്കാളും ശമ്പളം അവൻ മേടിക്കുന്നു എന്നുള്ള അറിവ് അവനെ  ഒരു ധിക്കാരി കൂടിയാക്കി .

അവൻ  എവിടെ  പോകുന്നു, എപ്പോൾ വരുന്നു മുതലായ കാര്യങ്ങൾ പോലും നാരായണൻ മാഷിന് അറിയാതെയായി.  മാഷ് എന്തെങ്കിലും ചോദിച്ചാൽ ധിക്കാരപരമായ മറുപടി ആയിരിക്കും.. അതുകൊണ്ടു തന്നെ മാഷിന് അവന്റെ ദൈനംദിന കാര്യങ്ങളിൽ അറിവ് പരിമിതമായിരുന്നു..

പക്ഷെ എന്നാലും മാഷ് സ്വയം അഭിമാനിച്ചു . നല്ല ശമ്പളം ഉള്ള കമ്പനിയിൽ ജോലി , സ്വന്തമായി കാർ, ബൈക്ക് മുതലായ വാഹനങ്ങൾ . അതുകൊണ്ടു തന്നെ  വിവാഹ കംമ്പോളത്തിൽ  അവനു വലിയ വിലയുണ്ടാകും എന്ന്
 എന്ന് മാഷിന്   പ്രതീക്ഷയുണ്ടായിരുന്നു.

പക്ഷെ മാഷ് കൊണ്ട് വരുന്ന വിവാഹ ആലോചനകൾ എല്ലാം അവൻ നിഷ്കരുണം തന്നെ തള്ളി. ഒന്നെങ്കിൽ  പെണ്ണിന് പഠിപ്പു പോരാ, അല്ലെങ്കിൽ നിറം പോരാ. അവളുടെ ഇംഗ്ലീഷ് ശരിയല്ല    എന്നുള്ള നിരവധി  മുടന്തൻ ന്യായങ്ങൾ.

അവന്റെ പ്രായത്തിലുള്ള കുട്ടികൾ മിക്കവാറും വിവാഹിതരായി , ഇപ്പോൾ  അവർക്കെല്ലാം കുട്ടികളും ആയി. ഇപ്പോഴും ഇവാൻ ഇങ്ങനെ പിള്ള കളിച്ചു നടക്കുക എന്ന് പറഞ്ഞാൽ .   അതോർക്കുമ്പോൾ മാഷിന്റെ നെഞ്ച് പിടിയും .

ഒരു  പാട്‌ പെണ്ണ് കാണൽ  ചടങ്ങിന് അവർ സാക്ഷിയായി. ഓരോ വീട്ടിലും പോകും പലഹാരങ്ങൾ കഴിക്കും , പിന്നെ അവന്റെ ഒരു ഇന്റർവ്യൂ പെണ്ണിനോട് .

സ്ഥിരം ചോദ്യങ്ങൾ ഇതൊക്കെയാണ്

"പുതിയ     ടെക്നോളജി എന്തൊക്കെ അറിയാം
സ്റ്റോക്ക് മാർക്കറ്റിൽ ഇപ്പോസത്തെ ട്രെൻഡ് എന്തൊക്കെ
അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ ഉള്ള പ്ലാൻ എന്താണ് "

ഇങ്ങനെ ഒരു ബന്ധവും ഇല്ലാത്ത കുറെ പൊട്ട  ചോദ്യങ്ങൾ അവൻ തുടരെ ചോദിക്കും . അവസാനം ഇന്റർവ്യൂ നടത്തിക്കഴിഞ്ഞു കാന്റിഡേറ്ററിനെ റിജെക്ട് ചെയ്തു അടുത്ത കാന്ഡിഡറ്റിനെ തപ്പിയുള്ള യാത്ര

അവന്റെ വിചാരം അവനെ പോലെ ബുദ്ധിയുള്ള , ഒരു കുട്ടിയെ കിട്ടണം
എന്നലെ അവൻ വിവാഹിതൻ ആവുകയുള്ളൂ എന്നാണ് കഥാനായകന്റെ തീരുമാനം..

അതുകൊണ്ടു തന്നെ ഗണപതി കല്യാണം പോലെ അവന്റെ വിവാഹം നീണ്ടു നീണ്ടു പോയി. മാഷിന്റെ വിഷമങ്ങൾ  എല്ലാം പെങ്ങളുടെ ഭർത്താവായ വൈശാഖാനോട് പങ്കു   വയ്ക്കും .

എല്ലാം കേട്ടിട്ട് വൈശാഖൻ പറഞ്ഞു .

"നാരായണാ  ഇതെല്ലം നിന്റെ കുഴപ്പമാ . പണ്ടേ ഞങ്ങൾ പറഞ്ഞതാ അവനെ ഇങ്ങനെ ലാളിക്കരുത് എന്ന്. പറഞ്ഞതെല്ലാം മേടിച്ചു കൊടുത്ത നീ തന്നെയാണ് ഇതിന്റെ പ്രഥമ കുറ്റക്കാരൻ. അവന്റെ മനസിൽ
ഇപ്പോൾ കാണാൻ പോകുന്ന കുട്ടികൾ  എല്ലാം ഒരു വില്പന ചരക്കാണ്. അവന്റെ ഇഷ്ടത്തിന് അനുസരിച്ചു മേടിക്കുവാൻ കഴിയുന്നവൾ . ആ ധാരണ , പിന്നെ അവന്റെ അഹങ്കാരം . ഇതുപോലെയായാൽ ഇനി വിവാഹം നടന്നു എന്നാൽ അത് വിജയിക്കും എന്ന് ഉറപ്പുണ്ടോ"

പെണ്കുട്ടികൾ  പണ്ടേപ്പോലെ ഒന്നുമല്ല . അവർക്കും അഭിപ്രായം ഉണ്ട് . ഇവന്റെ ഈ  മൊശടൻ  സ്വഭാവം അവർ അംഗീകരിക്കും എന്ന് തോന്നുണ്ടോ? . ചെക്കന് നല്ല ബുദ്ധി കിട്ടാൻ പ്രാർത്ഥിക്കുക "

ഇനി നമുക്ക് ആദ്യം പറഞ്ഞ സംഭാഷണത്തിലേക്കു വരാം .  സാർ അവന്റെ    വിവാഹ കാര്യം തന്നെ സംസാരിക്കുകയായിരുന്നു .

പരിചയമുള്ള കുടുംബത്തിലെ അംഗം . നല്ല ജോലി .  വിദ്യാഭാസം . അതും കൂടാതെ MS ചെയ്‌തു കൊണ്ടിരിക്കുന്നു. ഇതിൽ കുടുതൽ എന്ത് വേണം .

" മാഷ് കട്ടായം പറഞ്ഞു. ഇത് നിനക്കു തീരുമാനിക്കാം . ഇനി ഞാൻ ഒരു ആലോചനയും ആയി നിന്റെ മുന്നിൽ വരികയില്ല. ഇതവസാനം . "

അങ്ങനെ അവൻ വീണ്ടും ആ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

അവൻ അവരുടെ വീട്ടിൽ പോയി. നല്ല വീട് ,    അച്ഛനും, അമ്മയ്ക്കും നല്ല ഉദ്യോഗം , പെൺകുട്ടിക്ക്  വിപ്രോയിൽ ജോലി. രണ്ടു കൂട്ടരുടെയും വീടുകൾ തമ്മിലും വലിയ ദൂരം ഇല്ല . ഏറിയാൽ സുമാർ ഒരു ഇരുപതു മിനുട്ട് . ഇത് മാഷിന്റെ  വാക്കുകൾ ആണ് . പുള്ളിക്കാരൻ ഇടയ്ക്ക് ഇങ്ങനെയുള്ള വാക്കുകൾ തട്ടി വിടും . അതിനൊന്നും   കാര്യമായ അർഥം ഒന്നുമില്ല.

 നമുക്ക്    വിഷയത്തിലേക്കു കടക്കാം . അങ്ങനെ മാഷും, ഭാര്യയും , മാഷിന്റെ അനിയത്തിയും , അവരുടെ മകളും കൂടി  ഒരു പെണ്ണ്  കാണൽ  ചടങ്ങിന്   സാക്ഷ്യം വഹിച്ചു.

പതിവ് പോലെ പലഹാരങ്ങൾ നിരത്തിയ തീൻ മെശ . മാഷിന് വീട്ടുകാരെ നന്നായി ബോധിച്ചു . ഷുഗർ ഉണ്ടെങ്കിലും അത് കാര്യമാക്കാതെ   ലഡു മുഴുവനും മാഷ് അകത്താക്കി .

ദിലീപ് വലിയ ഉത്സാഹം ഇല്ലാതെ ഇരിക്കുകയാണ് . അവസാനം രണ്ടു കൂട്ടരും തമ്മിൽ സംസാരിക്കുവാൻ അനുവാദം ലഭിച്ചു.

അവൻ അവളുടെ മുറിയിലേക്ക് പോയി. നാണിച്ചു ഒതുങ്ങി ഇരിക്കുന്ന പ്രകൃതക്കാരി യിരുന്നില്ല അവൾ.

അവൻ ഒന്ന് ചുമച്ചു . കണ്ഠശുദ്ധി  വരുത്തിയ ശേഷം അവൻ തയാറാക്കിയ റെഡിമേഡ്  ചോദ്യങ്ങൾ ചോദിക്കുവാൻ ആരംഭിച്ചു .

ഒന്ന് , രണ്ടു , മുന്ന് , നാല് എന്നിങ്ങനെ മനസ്സിൽ അക്കമിട്ടു ചോദ്യങ്ങൾ.

ചോദ്യങ്ങൾ ഞാൻ ഇവിടെ ആവർത്തിക്കുന്നില്ല . അത് നിങ്ങൾ കേട്ടതാണല്ലോ

നാലാമത്തെ  ചോദ്യം കഴിഞ്ഞപ്പോൾ   അവൾ അവനോടായി ചോദിച്ചു.

"ഇത്  ഒരു വെഡിങ് പ്രൊപോസലിന്റെ ഭാഗമായ കാര്യങ്ങൾ അല്ലെ ഇവിടെ നടക്കുന്നത് .  അല്ലാതെ ഇത് ഒരു ജോബ് ഇന്റർവ്യൂ ഒന്നുമല്ലല്ലോ .
പിന്നെ തുറന്നു പറയുന്നത് കൊണ്ട് അല്പം വിഷമം  തോന്നിയേക്കാം . എന്നാലും സാരമില്ല . എനിക്ക് തന്നെ ഒട്ടും പിടിച്ചില്ല .
എന്റെ സങ്കല്പത്തിലുള്ള ഒരു പുരുഷന്റെ ചേരുവകൾ അത് തനിക്കില്ല .

ഒന്നാമത് തനിക്കു സ്ത്രീകളോട് സംസാരിക്കുവാൻ അറിയില്ല.
രണ്ടാമത് തന്റെ സംസാരം ഒട്ടും ക്ലിയർ അല്ല.
താൻ എന്തുവാടോ സംസാരിക്കുന്നത് . താൻ പറയുന്ന ടോൺ പോലും എനിക്ക് മനസിലാകുന്നില്ല.
മൂന്നാമത് താൻ മിടുക്കൻ ആണെന്ന് ഒരു തോന്നൽ തനിക്കുണ്ട് . അങ്ങനെ ഈഗോ ഉള്ള പുരുഷന്മാരെ എനിക്ക് ഒട്ടും ഇഷ്ടമല്ല .
നാലാമത്  തന്റെ തടി ,  ഇപ്പോൾ തന്നെ  ഒരു എൺപതു കിലോയിൽ കുടുതൽ കാണുമല്ലോ . പോണ്ണ തടിയനായ തന്റെ കൂടെ സ്ലിം ആയ ഞാൻ നടക്കുമ്പോൾ ഉള്ള അപാകത താൻ ഒന്ന് ആലോചിച്ചു നോക്കിയേ... .
അഞ്ചാമത് ...     അവൾ പറയും  മുമ്പേ അവൻ മതി എന്നർത്ഥത്തിൽ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു.

പിന്നെ ഒന്നും പറയാതെ നിരാശനായി അവൻ മടങ്ങി. അവൻ പലരെയും റിജെക്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു പെൺകുട്ടി പരസ്യമായി മുഖത്തു
നോക്കി തന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ എത്ര ഈഗോയുള്ള പുരുഷനായാലും തളർന്നു പോകും. നെഞ്ച് വിരിച്ച ജയനെ പോലെ അകത്തേക്ക് പോയ അവൻ തിരിച്ചു വന്നത് അക്കിടിപറ്റി ഇളഭ്യ  വദനായ മാമുക്കോയയയെ പോലെ യാണ് . ബന്ധുക്കളുടെ മുന്നിലേക്ക് ഒരു വിളിച്ച ചിരി സമ്മാനിച്ച ശേഷം അവൻ പറഞ്ഞു പോകാം ...

അങ്ങനെ ഏഴു മാസങ്ങൾ കഴിഞ്ഞു. പിന്നെ ഒരു പെണ്ണിന്റെ മുമ്പിൽ പോയി നിൽക്കുവാൻ ഉള്ള ധൈര്യം അവനുണ്ടായിരുന്നില്ല. അതോടെ അത് അവന്റെ അവസാനത്തെ പെണ്ണ് കാണൽ ചടങ്ങായി മാറി . മാഷ് സമാധാനപ്പെട്ടു . അവന്റെ ജാതകത്തിൽ സന്യാസയോഗം ഉണ്ടത്രേ . ചിലപ്പോൾ സന്യാസിക്കുവാൻ ആയിരിക്കും വിധി. . ഇനി ഇപ്പോൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല .

ആ സംഭവത്തിന് ശേഷം അവന്റെ സ്വഭാവം കുറച്ചൊക്കെ മാറ്റം വന്നു എന്ന് തന്നെ പറയാം. മാഷിനെയും , അമ്മയെയും  അവൻ കുറച്ചു  ബഹുമാനിച്ചു തുടങ്ങി. അവന്റെ അഹങ്കാരം എന്ന പത്തി അവൾ  തല്ലി ഉടച്ചില്ലേ ?

അന്ന്അ ഒരു വെള്ളിയാഴ്ചയായിരുന്നു . അവൻ  ഓഫിസിൽ നിന്നും വരികെ  അവന്റെ ഫോൺ ശബ്ദിച്ചു . അപ്പുറത്തു മാഷ് ആയിരുന്നു .
മാഷ് ഉദ്യോഗത്തോടെ ചോദിച്ചു
" നീ എവിടെയാ ,"

ഞാൻ വരികയാണ് അച്ഛാ , എന്താ എന്തെങ്കിലും മേടിക്കുവാൻ ഉണ്ടോ:"

"ഇല്ല നീ വേഗം വരിക. ഒരു കാര്യം പറയുവാൻ ഉണ്ട്"  എന്ന് പറഞ്ഞു മാഷ് ഫോൺ കട്ട് ചെയ്തു.
.

വീട്ടിൽ എത്തിയതും അവൻ ആകാംഷയോടെ ചോദിച്ചു. " എന്ത് പറ്റി"
 അവരുടെ  ഫോൺ ഉണ്ടായിരുന്നു ഇന്ന് .  നിന്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്നുണ്ടെങ്കിൽ നമുക്ക്  ആ ബന്ധം വീണ്ടും ആലോചിക്കാം എന്ന് "

"എന്ത് പറയുന്നു നീ."

എല്ലാം അച്ഛന്റെ ഇഷ്ടം . സാധാരണ ഒരു പെൺകുട്ടി പറയും പോലെ അവൻ മൊഴിഞ്ഞു.  അതും പറഞ്ഞു അവൻ അല്പം  നാണത്തോടെ അവനെ മുറിയിലേക്ക് നടന്നു പോയി . അപ്പോൾ അവന്റെ മനസിൽ വീണ്ടും ഒരു ലഡ്ഡു പൊട്ടിയ സന്തോഷം ഉണ്ടായിരുന്നു.