2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ഒരു പിറന്നാളിന്ടെ ഓർമയ്ക്ക് (കഥ)"അപ്പുപ്പാ" ,

ചന്ദ്രശേഖരൻ നായർ       ഉമ്മറത്തെ  ചുരൽ കസേരയിൽ ഇരുന്നു പത്രം  വായിക്കുകയായിരുന്നു.

അമ്മു അയാളോട് പറ്റി ചേർന്നു നിന്നു .

അയാൾ കണ്ണട മേൽപ്പോട്ട് നിവർത്തി  അവളെ നോക്കി പുഞ്ചിരിച്ചു ,

"എന്താ  അമ്മുകുട്ടി" , അയാൾ വാത്സല്യ പുർവം അവളോടായി  ചോദിച്ചു.

അമ്മു , അയാളോട് ഒട്ടി നിന്നു . അവൾക്ക്  എന്തോ കാര്യം കാണുവാൻ ഉണ്ട്  എന്ന്  അയാൾക്ക് മനസിലായി .

"അപ്പുപ്പാ "

അവൾ വീണ്ടും വിളിച്ചു.

"ഉം " അയാൾ മുളി 


"  നാളെ എന്റെ 'ബർത്ത് ഡേയ് ' ആണ് "

അയാൾ  അവളെ നോക്കി പറയു എന്നർത്ഥത്തിൽ തലയാട്ടി .

'My friends are asking for a treat "

"want to give a pizza party for them"

വാതിലിൽ ചാരി നിന്ന്  അമ്മു പറയുന്നത്  മഞ്ജു കേൾകുന്നുണ്ടായിരുന്നു . അവൾക്ക് അറിയാം കാര്യം സാധികണം എന്നുണ്ടെങ്കിൽ അപ്പുപ്പൻ തന്നെ വേണം എന്ന് .

അയാൾ തല തിരിച്ചു അവളെ നോക്കി ,  മോളെ ആ പേർസ് എടുത്ത് കൊണ്ട് വരൂ.

ഈ അച്ഛനാ അവളെ ഇങ്ങനെ കൊഞ്ചിച്ച്‌  വഷളാകുന്നെ  , അവൾ   അയാളെ  നോക്കി പറഞ്ഞ  ശേഷം  മേശ വരിപ്പിൽ നിന്നും അയാളുടെ  പേർസ്  എടുത്ത് അയാൾക്ക് നേരെ നീട്ടി .

പേർസിൽ നിന്നും  നുറിന്റെ കുറച്ചു രൂപ എടുത്തു അയാൾ  അമ്മുവിന്  കൊടുത്തു .

"thank you    അപുപ്പാ ",  അമ്മു ,  അയാളുടെ കവിളിൽ ഉമ്മ വച്ച ശേഷം ഉത്സാഹവതിയായി അകത്തേക്ക് പോയി.


-----------------------------------------------------------------------------------------------------------

"അമ്മെ   "

മഞ്ജു അരികിൽ നിന്ന അമ്മയെ നോക്കി വിളിച്ചു .  സംഗീത  പുറത്തു നനച്ചിട്ട തുണികൾ എടുത്ത് മടക്കി വയ്ക്കുകയായിരുന്നു.

"നാളെ എന്റെ ബർത്ത് ഡേയ് അല്ലെ "  . അവൾ മൊഴിഞ്ഞു .

"അച്ഛനോട് പറയാമോ എനിക്ക് ഒരു സൈകിൾ മേടിച്ചു തരുവാൻ "  .

ഗായത്രിക്കും,  വീണയ്കും , അഭിനവിനും  എല്ലാം ഉണ്ട് സൈകിൾ.  എനിക്ക് മാത്രം ഇല്ല.".  മഞ്ജു സങ്കടത്തോടെ പറഞ്ഞു .

സംഗീത ഒന്നും മിണ്ടാത്ത  കൊണ്ടാകാം  അവൾ  വീണ്ടും ആ ചോദ്യം ആവർത്തിച്ചു .

"അച്ഛനോട് ഒന്ന് പറയാമോ "  .  സംഗീത അപ്പോഴും ഒന്നും മിണ്ടിയില്ല .


പക്ഷെ അന്ന് രാത്രി ചന്ദ്രൻ   ജോലി കഴിഞ്ഞു  വന്നപ്പോൾ സംഗീത ചോദിക്കുന്നത്,   മഞ്ചു കേട്ടു.

"മോൾക്ക്‌ ഒരു സൈകിൾ  വേണം എന്ന് ,  അവളുടെ പിറന്നാളിനു  "

അയാൾ  സംഗീതയോയോടായി പറഞ്ഞു ,

"നിനക്ക് അറിയാമല്ലോ ഇപ്പോഴാതെ നമ്മുടെ അവസ്ഥ . ഇവിടെ ഒരു മാസം  എങ്ങെനെയാ  കഴിയുന്നത് എന്ന്?.   വാടക കൊടുത്തിട്ടില്ല.  പീറ്റർ ഇന്നലെയും ഓർപ്പിച്ചു .  ഞാൻ  അവധി പറഞ്ഞിരിക്കുകയാ "

"രണ്ടു മാസം കഴിയട്ടെ , നമുക്ക് നോക്കാം  " .  അയാൾ നിസ്സാരമെന്ന പോലെ പറഞ്ഞു .

സംഗീതയുടെ കണ്ണുകൾ നിറഞ്ഞു ,

"അവൾക്കും കാണില്ലേ  മോഹങ്ങൾ ,  അടുത്ത വീട്ടിലെ  എല്ലാ കുട്ടികൾക്കും ഉണ്ട് സൈകിൾ . അവൾക്ക് മാത്രം ഇല്ല"

ഷർട്  ഊരി  അയയിൽ ഇട്ടശേഷം  കൈലി ഉടുക്കുന്നതിനിടയിൽ ചന്ദ്രൻ   പറഞ്ഞു .

" നീ  കൂടി ഇങ്ങനെ പറഞ്ഞാൽ, നിനക്കും എന്നെ മനസിലാകില്ല എന്ന് വച്ചാൽ"

" എനിക്ക് മനസിലാകും പക്ഷെ അവൾക്കോ?"   സംഗീത   ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു.

" അവൾ  കുഞ്ഞല്ലേ , എത്ര ദിവസം ആയി അവളെയും കുട്ടി നമ്മൾ ഒന്ന്  പുറത്തു പോയി ആഹാരം കഴിച്ചിട്ട് ,  ഒന്ന് പാർക്കിൽ പോയിട്ട്, അവൾക്കു ഇടുവാൻ നല്ല ഒരു ഉടുപ്പ് പോലും ഇല്ല.  പല ഫ്രോക്കും അവൾക്കു ചെറുതായി "


"അവൾ അതെല്ലാം അടക്കി വയ്ക്കുന്നില്ലേ ,  എന്ന് തീരും നമ്മുടെ ഈ ദാരിദ്ര്യം"

സംഗീത  വിഷമതോടെ  പറഞ്ഞു


മഞ്ചു , അവർ പറയുന്നതു കുടുതൽ കേൾക്കാതെ നിരാശയോടെ അവളുടെ മുറിയിലേക്ക് പോയി.

  
പിറ്റേ ദിനം പതിവ് പോലെ കടന്നു പോയി. രാവിലെ  അവൾ  ഉണർന്ന്  എഴുനേൽക്കും  മുമ്പേ ചന്ദ്രൻ പോയിരുന്നു.

സംഗീത അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് പിറന്നാൾ ആശംസകൾ  നേർന്നു .  ചന്ദ്രൻ അന്ന്  പതിവിലും താമസിച്ചാണ്  വീട്ടിൽ  എത്തിയത്.  അച്ഛന്ടെ  കൈയിൽ  ഒരു പിറന്നാൾ സമ്മാനം അവൾ പ്രതീക്ഷിച്ചിരുന്നു.
പക്ഷെഅതുണ്ടായില്ല..

 ബാക്കിയുള്ള കുട്ടികൾ അച്ഛനും , അമ്മയും ഒരുമിച്ച്  വലിയ ഹോട്ടലിൽ   പിറന്നാൾ  ദിനം ആഹാരം കഴികുമ്പോൾ അവർ ആ ചെറിയ തീൻ മേശക്കരികിൽ  ഇരുന്നു സംഗീതയുണ്ടാക്കിയ സ്വാദിഷ്ടമായ ആഹാരം കഴിച്ചു .

 മഞ്ചു  കഴിക്കാതിരിക്കുനത് ചന്ദ്രൻ ശ്രദ്ധിച്ചു .

 " എന്താ മോളെ ഒന്നും കഴിക്കാത്തത് "  ..   അയാൾ ചോദിച്ചു ,

മഞ്ചു , അതിനു ഉത്തരം ഒന്നും പറഞ്ഞില്ല . സംഗീതക്ക് അറിയാമായിരുന്നു അവളുടെ വിഷമം . പക്ഷെ അവൾക്ക് എന്ത് ചെയുവാൻ കഴിയും.  അവൾക്കും അറിയാമല്ലോ ചന്ദ്രന്റെ അവസ്ഥ  അയാളുടെ   ബിസിനസ് ഇപ്പോൾ   നഷ്ടത്തിൽ ആണ് . കടം കുടി കുടി വരുന്നു . എന്ത് ചെയണം എന്ന്   അറിയാൻ വയ്യ ?


ഉണ് കഴിഞ്ഞ ശേഷം ചന്ദ്രൻ അയാളുടെ ബാഗ് തുറന്നു ഒരു  ചോക്ലേറ്റ്    ബോക്സ് എടുത്തു അവൾക്ക് നീട്ടി . എന്നിട്ട് പറഞ്ഞു  '"ഹാപ്പിബർത്ത്ഡേ മോളു "

താത് പര്യതോടെ  അല്ലെങ്കിലും  മഞ്ചു  കൈ നീട്ടി അച്ചൻ തന്ന സമ്മാനം  മേടിച്ചു . ബഹുവർണ കടലിൽ പൊതിഞ്ഞ ഒരു ചെറിയ പെട്ടി,

പുറത്തു ആരോ അപ്പോൾ കാളിംഗ് ബെൽ അമർത്തി .

പാത്രം കഴുകി കൊണ്ടിരിക്കുന്ന സംഗീത മഞ്ചുവിനോടായി പറഞ്ഞു ,

"മോളെ ഒന്ന്  പോയി നോക്കൂ  അരാ  എന്ന് ?" ,  അവൾ   മടിയോടെ വാതിലിൻ അരികിലേക്ക് നടന്നു .


പുറത്തു സേവിയർ ആയിരൂന്നു . ചന്ദ്രന്റെ കടയിൽ ജോലി ചെയുന്നയാൾ . അവൾ  ചന്ദ്രനെ വിളിക്കുവാനായി തിരിഞ്ഞു .

പെട്ടെന്ന് അവൾ വീണ്ടും  തിരിഞ്ഞു സേവിയറിനെ നോക്കി.   സെവിയറുടെ  പിറകിൽ  "പിങ്ക് നിറമുള്ള 'ലേഡി സിന്ദ്രില്ല  എന്ന് എഴുതിയ സൈകിൾ  '   അവളുടെ  മുഖം തുടുത്തു .

"മോൾക്ക്‌ ഇഷ്ടമായോ"  സേവിയറുടെ  ചോദ്യം  അവൾ കേട്ടില്ല എന്ന് തോന്നി . അവൾ ഓടി പോയി സൈകിളിൽ തൊട്ടു  ഭംഗി  ആസ്വദിച്ചു . പിന്നെ അതിനെ ബെൽ "ക്ലിം  ക്ലിം"  എന്ന ശബ്ദത്തിൽ മുഴക്കി

-----------------------------------------------------------------------------------------------------------------------

പുറത്തു സൈകിളിൽ   ആരുടെയോ  ബെൽ ശബ്ദം അവളുടെ കാതിൽ  മുഴുങ്ങി, അവൾ ഓർമകളിൽ  നിന്നും ഉണർന്നു .


"മോളെ കുറച്ചു ചായ കൊണ്ട് വാ"  മഞ്ചുവിനെ നോക്കി ചന്ദ്രശേഖരൻ നായർ  പറഞ്ഞു.   "ഒരു മിനുട്ട് അച്ഛാ "....   അവൾ അകത്തേക്ക് പോയി. അപ്പോഴും മഞ്ചുവിന്റെ കാതിൽ ആ പിങ്ക്  നിറമുള്ള  സൈക്കിളിന്റെ മണിയടി നാദം മുഴുങ്ങുന്നുണ്ടായിരുന്നു ....


2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഹർത്താൽ (കഥ)

തുടക്കം തന്നെ പറയട്ടെ ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവി ച്ചിരിക്കുന്നവരോ , മരിച്ചവരോ, ഇനി ജനിക്കുവാൻ പോകുന്നവരോ അല്ലെങ്കിൽ മരിക്കുവാൻ  പോകുന്നവരോ ആയിട്ട് ഒരു സാദ്ര്യശ്യവും ഇല്ല. ഇനി  നിങ്ങൾക്ക് അങ്ങനെ തോന്നുന്ന എങ്കിൽ അത് തികച്ചും യാദൃശ്ചികം  മാത്രമാണ്.  ഈ  കഥയിലെ കഥാപാത്രങ്ങൾ നിങ്ങളെ അലസോര പെടുത്തുന്നുവെങ്കിൽ അഥവാ നിങ്ങൾ ഒരു കമ്മ്യൂണിസ്റ് കാരനാണെങ്കിൽ  ലോനപ്പൻ എന്ന കഥാപാത്രത്തെ മാറ്റി അവിടെ സുകുമാരനെ പ്രതിഷ്ടിക്കുവാനുള്ള  നിങ്ങൾക്ക് അവകാശത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല.   ഇനി അഥവാ നിങ്ങൾ ഒരു കോൺഗ്രസ് അനുഭാവി ആണെങ്കിൽ സുകുമാരൻ എന്ന കഥാപാത്രത്തെ മാറ്റി അവിടെ ലോനപ്പനെ പുനസ്ഥാപിക്കുവാൻ ഉള്ള അവകാശവും  നിങ്ങളിൽ നിക്ഷിപ്‌തമായിരിക്കുന്നു എന്ന് വിനയപുരസ്സരം അറിയിക്കുന്നു .   ഈ ചെറിയ ഒരു മുന്നറിയിപ്പോടുകൂടി നമുക്ക് കഥയിലേക്ക്‌ കടക്കാം .


ഇന്ന് ഹർത്താൽ ആണ്.  കേരളത്തിന്റെ ദേശീയ ഉത്സവം.  ഓണവും , വിഷുവും, ബക്രീദും ഒന്നുമല്ലല്ലോ ഇപ്പോൾ മലയാളിയുടെ ഉത്സവങ്ങൾ.
ഏത് പാര്‍ട്ടി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആണെങ്കിലും കേരളത്തില്‍ അത് എന്നും എപ്പോഴും പൂര്‍ണമാണ്. എതിരഭിപ്രായം നിങ്ങൾക്ക് ഉണ്ടാകില്ല എന്ന് ഞാൻ കരുതുന്നു.

അങ്ങനെയുള്ള ഹർത്താൽ ദിനത്തിൽ അണ്  ഞങ്ങൾ കൂടിയത് . ഞങ്ങൾ എന്ന് വച്ചാൽ വക്കീൽ തോമാച്ചൻ . തോമസ് മാത്യു എന്ന തോമാച്ചൻ ഒരു കേസില്ല വക്കീൽ ആണ് . കൊടതിയിൽ  പോകുന്ന ദിനം തന്നെ അപൂർവ്വം.  പിന്നെ സഖാവ് ലോനപ്പൻ. മൂത്ത  കമ്മ്യൂണിസ്റ്കാരൻ . പാർട്ടി പത്രം മാത്രം വായിച്ചു അതിലെ വാർത്തകൾ തൊടാതെ വിഴുങ്ങുകയും, ആ വാർത്ത  മാത്രം ശരിയാണ് എന്ന്  കരുതി ജീവിക്കുകയും ,വിളമ്പുകയും ചെയുന്നതിൽ മുമ്പൻ.   കക്ഷി ലോക്കൽ കമ്മിറ്റിയിലെ മെമ്പർ ആണ് . അതിന്റെ അഹന്ത ആവോളം ഉണ്ട് താനും.

ഇതുപോലെയുള്ള ദിനങ്ങളിൽ ഞങ്ങൾ ഒത്തുകൂടും . മദ്യപിക്കുവാൻ ഓരോ കാരണം വേണ്ടേ ? എന്റെ ഗോഡൗണിൽ ഷട്ടർ ഇട്ട് മദ്യപാനത്തിനുള്ള വട്ടം കൂട്ടുകയായിരുന്നു ഞങ്ങൾ . കുപ്പി തലേദിവസം തന്നെ സംഘടിപ്പിച്ചിരുന്ന . ഹർത്താൽ ആയതു കൊണ്ട് ബിവെറേജ് തുറക്കില്ല എന്നത്  ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണല്ലോ.

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹര്‍ത്താല്‍ എന്നു വേണമെങ്കില്‍ പറയാം. അതുകൊണ്ടു തന്നെ ആരും ജോലിക്കു പൊയില്ലെലും അന്നത്തെ ശംബളം കൃത്യമായും വീണിരിക്കും. കംപ്യൂട്ടർ ഗോ ബാക് എന്ന പ്രഘ്യപിച്ച പാർട്ടിയുടെ തലവനായ  മുഘ്യമന്ത്രി തന്നെ നവമാധ്യമമായ ഫേസ് ബൂക്കിലൂടെ ഹർത്താലിന് ആശംസകളും വിജയിപ്പിക്കണം എന്ന ആഹ്വാനം ചെയ്തതും വാർത്ത ആയിരുന്നു, കുപ്പി പൊട്ടിച്ചു മദ്യം ഗ്ലാസ്സിലേക്കു പകർത്തുമ്പോൾ ലോനപ്പൻ പറഞ്ഞു . 

"ഇന്നലെ ഞാൻ ഭാര്യയേയും കൂട്ടി അമ്പലത്തിൽ പോയിരുന്നു.  അവിടെയും നമ്മുടെ ദേശീയ പാനീയത്തിന്റെ മാഹാത്മ്യം വർണിക്കുന്നുണ്ടായിരുന്നു"

അതിനിടയിൽ വക്കീൽ "നിങ്ങടെ പാർട്ടി പ്രത്യയശസ്ത്ര പരമായി ദൈവ വിശ്വാസത്തിനു എതിരല്ലേ?"


ലോനപ്പൻ ഒന്ന് ഉരുണ്ടുകൊണ്ടു പറഞ്ഞു 
"അതെ, പക്ഷെ എന്റെ ഭാര്യക്കു വിശ്വാസം ഉണ്ടെങ്കിൽ അമ്പലത്തിൽ പോകുന്നതിൽ തെറ്റില്ലല്ലോ . സഖാവ് ഇ.എം.എസ് ,  സഖാവ് നായനാർ എന്നീ സഖാക്കന്മാരുടെ ഭാര്യമാരും ദൈവ വിശ്വാസികൾ ആയിരുന്നു."

വക്കീൽ വീണ്ടും ലോനപ്പനെ ചൊറിഞ്ഞു.
"സ്വന്തം  ഭാര്യയെപോലും നിങ്ങളിൽ വിശ്വാസം ചെലുത്താഞ്ഞിട്ടാണോ പാവം ജനങ്ങളോട്   ആരാധനാലയങ്ങളിൽ അതും ഹൈന്ദവ ആരാധനാലങ്ങളിൽ കയറരുത് , അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കരുത് എന്നൊക്കെ വച്ച് കാച്ചുന്നത് . അവന്മാര് പൊട്ടന്മാരാ കേൾക്കും നിങ്ങടെ പാർട്ടിക്ക് ചുണയുണ്ടെങ്കിൽ ഞങ്ങളുടെ മാമോദിസ നിറുത്തലക്ക് , അല്ലെങ്കിൽ പള്ളിയിൽ പോകേണ്ട എന്ന് പറഞ്ഞു നോക്ക്. വിവരം അറിയും. " . 
   
സംഗതി കുഴിയും എന്ന് മനസിലാക്കിയ ഞാൻ വീണ്ടും ചോദ്യം മാറ്റി.

"ദേശീയ പാനീയത്തിന്റെ മാഹാത്മ്യം അമ്പലത്തിൽ പറഞ്ഞുവെന്നോ? 

 " ചുമ്മാ തള്ളാതെ ലോനപ്പാ ..."

ദൈവത്തിനാണെ സത്യം . ലോനപ്പൻ സത്യ വാചകം ചൊല്ലി.

വക്കീൽ ചോദിച്ചു , അതിനു തനിക്കു ദൈവമുണ്ടോ ...

ലോനപ്പൻ ഉടനെ തിരുത്തി.  "എന്നാൽ കാറൽ മാർക്സ് മുത്തപ്പനാണേ സത്യം"

"അമ്പലത്തിൽ ഞാൻ കേട്ടതാ"  എന്ത് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ചോദിച്ചു.

നമ്മ മലയാളികളുടെ ആഘോഷം എന്ന് വച്ചാൽ ഇത് തന്നെയല്ലേ.  കുട്ടി ജനിക്കുമ്പോഴും, കല്യാണത്തിനും, മരിക്കുമ്പോഴും എല്ലാം . കുപ്പി പൊട്ടിച്ചില്ലെങ്കിൽ പിന്നെ നമുക്ക് എന്ത് ആഘോഷം " 

"അമ്പലത്തിൽ ഇതിനെക്കുറിച്ചു പറഞ്ഞു വെന്നോ" എനിക്ക് വിശ്വാസം വന്നില്ല ഞാൻ  വേണ്ടും ചോദ്യം ആവർത്തിച്ചു  

"അതെന്ന്   

"കുടി  യല്ലോ  ജനിക്കുന്ന നേരത്തും 
കുടി യല്ലോ  മരിക്കുന്ന  നേരത്തും 
മദ്യം ഇങ്ങനെ കാണുന്ന നേരത്തും 
മത്സരിക്കുന്നു നാം" 

രാമായണത്തിൽ പോലും മദ്യത്തിന്റെ ഗുണങ്ങളെ കുറിച്ച് വിശകലനം ചെയ്തിട്ടുണ്ട്. അത് എനിക്ക് ഇപ്പോഴാ മനസിലായത് ."   ലോനപ്പൻ ഒരു പണ്ഡിതനെപോലെ വിശദീകരിച്ചു    

അത് കേട്ടിട്ട് ഞാൻ പറഞ്ഞു .

"അങ്ങനെയല്ല ലോനപ്പാ , "ഇത് രാമായണത്തിലെ വരികൾ ഒന്നുമല്ല . ഇത് സാക്ഷാൽ പൂംന്താനത്തിന്റെ ജ്ഞാനപാനയിലെ   ഈരടികൾ ആണിവ "
  
'കൂടിയല്ലോ  പിറക്കുന്ന നേരത്തും   
കൂടിയല്ലോ  മരിക്കുന്ന  നേരത്തും     
മദ്ധ്യയിങ്ങനെ കാണുന്ന നേരത്തും 
മത്സരിക്കുന്നതെന്തിന് നാം വൃഥാ' 


ഞാൻ അവർക്കു വേണ്ടി അർഥം വിശദീകരിച്ചു . 

ആരുടെയും കൂട്ടില്ലാതെ  നമ്മൾ ജനിക്കുന്നു. അതുപോലെ മരിക്കുന്ന നേരത്തും നമുക്ക് ആരും കൂട്ടില്ല . നമ്മുടെ ജീവിതമെന്ന സംസാര ചക്രത്തിൽ എവിടെയെങ്കിലും വച്ചിട്ട് നമ്മൾ പരസ്പരം കണ്ടുമുട്ടുന്നു.അങ്ങനെ കണ്ടു മുട്ടുമ്പോൾ എന്തിനു നാം തമ്മിൽ മത്സരിക്കുന്നു  അഥവാ അന്യോന്യം എന്തിനു വെറുതെ പോരാടുന്നു.  എന്ന തത്വം ആണ്  പൂന്താനം ഇവിടെ പ്രതിപാദിച്ചിരിക്കുന്നു"

ഞാൻ ഇത് പറഞ്ഞപ്പോൾ വകീൽ തോമാച്ചൻ പറഞ്ഞു. അതിനു ഇയാൾക്കു വല്ല വിവരവും വേണ്ടേ . സ്‌കൂളിന്റെ പടി കയറാതെ 'ദേശാപമാനീ'  മാത്രം വായിച്ചാൽ എല്ലാമായി എന്നാ വിചാരം. 

തന്തക്കു വിളിച്ചാൽ ലോനപ്പൻ സഹിക്കും.  പക്ഷെ പാർട്ടിയെയോ,   പാർട്ടി പത്രത്തെയോ കുറിച്ച് വല്ലതും സംസാരിച്ചാൽ  അത് മാത്രം ലോനപ്പന് ദഹിക്കില്ല. 
  
അയാൾ പറഞ്ഞു "താൻ കോടതീയിൽ പോകുന്നതിനേക്കാൾ കുടുതൽ ഞാൻ സ്‌കൂളിൽ പോയിട്ടുണ്ട്. വലിയ വിവരം ഉണ്ടായിട്ടാണോ കേസില്ല വക്കീലായി ഇപ്പോഴും ഇവിടെ ഇരിക്കുന്നത്.  " ലോനപ്പന്  മുഷിഞ്ഞു എന്ന് മനസിലാക്കിയ ഞാൻ രംഗം  കുടുതൽ വഷളാക്കേണ്ട എന്ന് കരുതി വിഷയത്തെ ലഘുകരിച്ചുകൊണ്ടു പറഞ്ഞു. 

അല്ല ലോനപ്പാ ഇന്ന് എന്തിനാ ഈ ഹർത്താൽ .

"കർഷക ദോഷത്തിനു എതിരായി ആണ് ഇന്നത്തെ ഹർത്താൽ "

ഞാൻ ചോദിച്ചു , അതിനു കേരളത്തിൽ പച്ചക്കറിയും , അരിയും കൊണ്ടു വരുന്ന അയൽ സംസ്ഥാനങ്ങളിൽ നിന്നല്ലേ. അതിനു തമിഴ് നാട്ടിലും , മഹാരാഷ്ട്രയിലും ഒന്നും ഈ ഹർത്താൽ ഇല്ലല്ലോ?" 

ലോനപ്പൻ ഉഷാറായി .   കേന്ദ്ര സർക്കാരിന്റെ പെട്രോൾ വില വർധനക്കെതിരെ , ഉദാര വൽക്കരണത്തിനെതിരെ  മാത്രവുമല്ല  നവ ലിബറൽ നയങ്ങളും , സാമ്രാജിത്വ  അടിമത്തവുമായ മുന്നോട്ടുപോകുന്ന സർക്കാരിന് എതിരായി പുതിയ കരുത്തൻ മുന്നേറ്റത്തെ മത നിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയുറെ വികാര പ്രതിഭലനമാണ് ഇന്നത്തെ ഹർത്താൽ"  

വക്കീലും, ഞാനും പരസ്പരം നോക്കി. ലോനപ്പൻ പറഞ്ഞത് എന്താണ് എന്ന്  ഞങ്ങൾക്ക് രണ്ടുപേർക്കും മനസിലായില്ല . ഇനി ലോനപ്പൻ പറഞ്ഞത് ലോനപ്പന് മനസിലായി കാണുമോ ആർക്കറിയാം .

ഞങ്ങൾക്ക് ഗുട്ടൻസ് പിടി കിട്ടി എന്ന് മനസിലാക്കിയ ലോനപ്പൻ വേറെ വിഷയം എടുത്തിട്ടു. "ഇന്നത്തെ ഹർത്താൽ എന്തായാലും വൻ വിജയമാക്കിതന്ന എല്ലാ ജനാധിപത്യ വിശ്വാസികൾക്കും എന്റെ പേരിലും പാർട്ടിയുടെ പേരിലും ഞാൻ നന്ദി അറിയിക്കുന്നു.  പക്ഷെ അതിന്റെ ഇടയിലും ചില കരിങ്കാലികൾ ഉണ്ടല്ലോ . സുകുമാരന്റെ കാര്യം ആണ് അയാൾ പറഞ്ഞു വന്നത് " 

സുകുമാരന് ഒരു പണി കൊടുക്കണം എന്ന് ലോനപ്പൻ കരുതിയിട്ടു നാള് കുറച്ചായി.സുകുമാരൻ ആ കോളനിയിലെ തന്നെ താമസക്കാരൻ ആണ് . ആള് മുടിഞ്ഞ കോൺഗ്രസ് പ്രവർത്തകൻ ആണ് . അച്ചൻ കേശവൻ വൈദ്യർ കോൺഗ്രസ് കാരനായിരുന്നു . അച്ഛന്റെ അച്ഛൻ പുകയില വില്പനക്കാരൻ നാരായണനും കോൺഗ്രസ് കാരനായിരുന്നു. അത് മാത്രവുമല്ല സുകുമാരന്റെ ഭാര്യയും , അനിയത്തിയും, അളിയനും എന്ന് വേണ്ട മുള്ളിത്തെറിച്ച ബന്ധത്തിൽ ഉള്ളവർ വരെ കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരാണ് . 

അതുകൊണ്ടു തന്നെ ലോനപ്പന് , സുകുമാരനെയും , സുകുമാരന് ലോനപ്പനെയും കണ്ടുകൂടാ . ശരിക്കും പറഞ്ഞാൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ എന്ന് പറയാം.  

ഹർത്താൽ ദിനം രാവിലെ സുകുമാരൻ സ്‌കുട്ടിയുമായി  പാല് മേടിക്കുവാൻ ഇറങ്ങിയതായിരുന്നു . ലോനപ്പനും , കുറച്ചു കുട്ടി സഖാക്കളുമായി കവലയിൽ ഇരയെ തേടി നടക്കുന്ന സമയം. ആ സമയത്താണ് ഒരു ഓട്ടോക്കാരൻ അവരുടെ മുന്നിൽ വന്നു പെട്ടത് . കണ്ണുകൾ ചുവന്നു കലങ്ങിയ ദാസപ്പന്റെ കൈയിൽ ഒരു വലിയ മര കഷ്ണം ഉണ്ടായിരുന്നു . ആ ദണ്ഡ് ഉയർത്തി അയാൾ ഓട്ടോയുടെ മുന്നിലെ ചില്ല് തകർത്തു .

" ഹേയ് എന്താ ഈ കാണിക്കുന്നേ?"  ഡ്രൈവർ തടയുവാൻ ശ്രമിച്ചു .

"ഡാ നിനക്കു അറിഞ്ഞുകൂടെ ഇന്ന് ഹർത്താൽ ആണെന്ന് . അതും ഞങ്ങളുടെ പാർട്ടിയുടെ "  കൂട്ടത്തിൽ ഉള്ള ഏതോ സഖാവ് ഡ്രൈവറോട് തട്ടിക്കയറി. 

"ഹർത്താൽ ആണെന്ന് വച്ച് വണ്ടി തല്ലി തകർക്കാനോ?"  ഓട്ടോ ഡ്രൈവർ ചോദിച്ചു.

"മിണ്ടിപോകരുത് , മിണ്ടിയാൽ നിന്നെയും , ഈ പാട്ട വണ്ടിയും ഇവിടെ പെട്രോൾ ഒഴിച്ചു കത്തിക്കും.  കാണണോ നിനക്ക് "
ഓട്ടോ ഡ്രൈവർ ഒന്നും മിണ്ടിയില്ല. അയാളുടെ കണ്ണുകളിൽ ഭയം അലയടിച്ചു.

ഇങ്ങനെ ഒരു സംഭവം കവലയിൽ അരങ്ങേറുമ്പോൾ ആണ് സുകുമാരൻ സ്‌കൂട്ടിയിൽ വരുന്നത് . സുകുമാരനെ കണ്ടതോടെ  അടുത്ത ഇരയെ കിട്ടിയ സന്തോഷത്തിൽ അക്രമികൾ അയാളുടെ മുന്നിലേക്ക് ചാടി വീണു. അവനെ  നോക്കിയിട്ടു ലോനപ്പൻ ചോദിച്ചു .

"ഇന്ന് ഹർത്താൽ ആണെന്ന് നിനക്കറിയില്ലേ? "

സുകുമാരൻ ഇന്നും മിണ്ടിയില്ല . "എടാ നായിന്റെ മോനെ  നിന്നോടാ ചോദിച്ചത്?"

ഉള്ളിൽ വമിച്ച ദേഷ്യം സുകുമാരൻ മറച്ചു പിടിച്ചു . സുകുമാരൻ ഒന്നും മിണ്ടാത്തത് കൊണ്ട് ലോനപ്പന്റെ കലി വർദ്ധിച്ചതേയുള്ളൂ .  അയാൾ റഫീഖിനെ നോക്കി പറഞ്ഞു

 "അഴിക്കേടാ വണ്ടിയുടെ കാറ്റ്‌ "

സുകുമാരൻ പറഞ്ഞു . ലോനപ്പാ , "ഇത് സ്കുട്ടിയല്ലേ"

"അതിനു , എന്താ ഇത് വാഹനം അല്ലെ?"  ഒരു വാഹനവും ഇതുവഴി  ഓടുവാൻ ഞങ്ങൾ അനുവദിക്കുകയില്ല. 

സുകുമാരൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും  റഫീഖ് കാറ്റ് കുത്തി കളഞ്ഞിരുന്നു . 

വണ്ടിയും തള്ളി നടക്കുമ്പോൾ സുകുമാരൻ  വിളിച്ചു പറഞ്ഞു , "എടാ ലോനപ്പാ എനിക്കും ഒരു ദിവസം വരും അപ്പോൾ നിന്നെ എടുത്തോളം."

"ഓ , നീ പോയി പിന്നീട് വാ,  അപ്പം ഞാൻ നിന്ന് തരാം എന്നെ എടുക്കുവാൻ"  ലോനപ്പന്റെ വഷളൻ തമാശയിൽ കുട്ടി സഖാക്കൾ പങ്കുകൊണ്ടു .

ഈ സംഭവത്തെ ഒരു ആന കാര്യം ആക്കിയാണ് ലോനപ്പൻ ഞങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത് . സുകുവിനോടുള്ള ചെരുക്ക്‌ ഇങ്ങനെയെങ്കിലും കാണിക്കുവാൻ കഴിഞ്ഞതിൻ സന്തോഷത്തിൽ ആയിരുന്നു ലോനപ്പൻ .

ഞങ്ങൾ അങ്ങനെ കള്ളും കുടിച്ചു തള്ളും പറഞ്ഞിരിക്കുമ്പോൾ ലോനപ്പന്റെ ഫോൺ ശബ്ദിച്ചു . ഞാൻ ആ റിങ് ടോൺ ശ്രദ്ധിച്ചു 

'ചോര വീണ മണ്ണിൽ നിന്നുയർന്ന വന്ന പുമരം      
ചേതനയിൽ നൂറു നൂറു പൂക്കളായി പൊലിയവെ'  അറബിക്കഥയിലെ പാട്ടിന്റെ സംഗീതം.  

ഫോൺ എടുത്തപ്പോൾ ലോനപ്പൻ കൈ കൊണ്ട് ഞങ്ങളോട് നിശബ്ദനാവാൻ ആംഗ്യം കാണിച്ചു. പിന്നെ ബഹുമാന പൂർവ്വം ശബ്ദം താഴ്ത്തി എന്തോ സംസാരിക്കുന്ന കേട്ടു. പാർട്ടി ഓഫീസിൽ നിന്നോ, ഏതെങ്കിലും  ലോക്കൽ കമ്മിറ്റീ നേതാവ് ആയിരിക്കും എന്ന് ഞങ്ങൾ ഊഹിച്ചു . അല്ലെങ്കിൽ ഇത്രയ്ക്കു ബഹുമാനം വേണ്ടല്ലോ. അവസാനം കുഴപ്പമാണോ എന്നാൽ ശരി ഞാൻ ഇപ്പോൾ തന്നെ  വരാം എന്ന് മാത്രം പറയുന്നത് കേട്ടു. 

 ഞാൻ  ചോദിച്ചു. " എന്ത്  പറ്റി ,"

ലോനപ്പൻ ബാക്കി ഇരുന്ന് ഗ്ലാസിലെ മദ്യം ഒറ്റ വലിക്കു കുടിച്ച ശേഷം അച്ചാർ തൊട്ടു നക്കി കൊണ്ട് പറഞ്ഞു 
"വീട്ടിലെന്നാ ഭാര്യ വിളിച്ചതാ , മോൾ കോണീ  പടിന്നു ഒന്ന് വീണു . ആശുപത്രിയിൽ കൊണ്ടുപോകണം".

ലോനപ്പൻ വലിയ നേതാവ് ആണെങ്കിലും സോണിയ ഗാന്ധിയെ കണ്ട മൻ മോഹൻ സിംഗിനെപ്പോലെയാണ്  സ്വന്തം ഭാര്യയുടെ മുന്നിൽ. വീട്ടിൽ  നേതാവിനു വലിയ പ്രതിച്ഛായ ഇല്ല എന്ന നഗ്ന സത്യം ഞങ്ങൾക്ക് മനസിലായി. പ്രതിപക്ഷബഹുമാനം ആവോളം കാണിക്കേണ്ടിതു കാണിച്ചല്ലെ പറ്റുകയുള്ളൂ.

ചിറി തുടച്ച ശേഷം ദേശാഭിമാനി പത്രം  ചുരുട്ടി കക്ഷത്തു വച്ച  ശേഷം ലോനപ്പൻ സ്റ്റാൻഡ് വിട്ടു. 

തോമാച്ചൻ എന്നെ നോക്കി ഒരു ചിരി ചിരിച്ചു . എന്താ ,  ഞാൻ ആംഗ്യം കാണിച്ചു . "അല്ല നേതാവിന്റെ വെപ്രാളം കണ്ടില്ലേ  ഭാര്യ വിളിച്ചപ്പോൾ . ഭാര്യയുടെ മുമ്പിൽ  ഇങ്ങേരു വെറും പൂച്ചയാ" . തോമാച്ചൻ പറഞ്ഞു.   

" ഇന്നത്തെ ഹർത്താൽ കൊണ്ട് ആർക്കാണ് ഒരു ഗുണം . ഇവന്മാര് ജോലി ചെയ്യുകയുമില്ല ,  ആരെയും ജോലി ചെയുവാൻ അനുവദിക്കുകയുമില്ല. നേതാക്കന്മാർക്ക്  കൊടിവച്ച  കാറിൽ പറന്നു നടന്നാമതിയല്ലോ.  ഈ അണികൾ എന്ന് പറയുന്നവർ ഇത്രമാത്രം കഴുതകൾ ആണോ? അല്ലെങ്കിൽ എന്തിനു പറയുന്നു . നമ്മളെ മാത്രം പറഞ്ഞാൽ മതിയല്ലോ. ആര്‍ക്കും സുഖമായി ഹര്‍ത്താല്‍ നടത്താനുള്ള ഇടമായി കേരളം അധ:പതിച്ചിരിക്കുന്നു എന്നല്ലേ ഈ ഹർത്താലുകൾ നമുക്ക് കാണിച്ചു തരുന്നത് .കേരളത്തില്‍ എന്തുമാവാം എന്ന ചിന്തയുടെ ഭാഗമാണോ ഇത്?. "

തോമാച്ചനോടൊപ്പം ഞാനും കൂടി . ഹര്‍ത്താല്‍ നടത്തുന്ന കാര്യത്തില്‍ നമ്മൾ  മലയാളികൾക്കു അത്രയ്ക്ക് ആത്‌മവിശ്വാസം ആണ്.  ഏതു ഈർക്കിലി പാർട്ടി വിചാരിച്ചാലും ഇവിടെ ജന ജീവിതം സ്തംഭിപ്പിക്കാം. ഇതര സംസ്ഥാനങ്ങളിൽ എവിടെയും വിജയിച്ചില്ലെങ്കിലും കേരളത്തിൽ നമ്മൾ വിജയിപ്പിക്കും. 
 ദൈവത്തിന്‍റെ സ്വന്തം നാടിനും നാട്ടാര്‍ക്കും  അക്കാര്യത്തിൽ അഭിമാനിക്കാം . അയല്‍‌പക്ക സംസ്ഥാനങ്ങളിലേക്ക് ഇടംകണ്ണിട്ട് നോക്കിയാലും കണ്ണിറുക്കി നോക്കിയാലും ഒരു ഹര്‍ത്താലോ ബന്ദോ ഒന്നും കാണാന്‍ കഴിയില്ല എന്നതാണ് ഇതിനെല്ലാം പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു സത്യം." 

വിജയകരമായ ഒരു ഹർത്താൽ ദിനം കുടി കടന്നുപോയി.     
പിറ്റേ ദിനം ഞാൻ സുകുമാരനെ കണ്ടു.  സുകുമാരൻ എന്നോട് പറഞ്ഞു . "ഇന്നലെ ഞങ്ങൾ ലോനപ്പന് ഒരു ഗമണ്ടൻ പണി കൊടുത്തു. 

"എന്നതാ, ഞാൻ ചോദിച്ചു" .  

"ഇന്നലെ ഉച്ച കഴിഞ്ഞു നമ്മുടെ പാർട്ടി വക ഒരു  അവലോകനം ഉണ്ടായിരുന്നു . ജന ദ്രോഹപരമായ ഹർത്താലും അതിന്റെ ഭവിഷത്തും എന്ന വിഷയത്തെ കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു..
അത് കഴിഞ്ഞു നമ്മുടെ വാസു കുട്ടനും,  മത്തായിയും,  ചന്ദ്രപ്പനും , പിന്നെ മട്ടഞ്ചേരിയിലെ  കുറച്ചു പിള്ളേരുമായി കവലയിൽ വന്ന തോമാച്ചന്റെ കട  തുറപ്പിച്ചു .  കട  തുറപ്പിച്ചത് നമ്മുടെ പിള്ളേർക്ക് രണ്ടെണ്ണം വീശുവാൻ  വേണ്ടി ആയിരുന്നു. അല്ലാതെ ഉച്ച  നേരത്തു ആർക്കുവേണം ചായ.   മഹാത്മാജിയുടെ ചിത്രം വച്ച പാർട്ടി ഓഫീസിൽ ഇരുന്നു കുടിക്കുന്നതു ശരിയല്ലല്ലോ ,  അപ്പോഴാ ഞാൻ  ലോനപ്പന്റെ  കാർ  വരുന്നത്  കണ്ടത്  . അവൻ രാവിലെ എനിക്കിട്ട് ഒരു പണി തന്നതാ .  അത് തിരിച്ചു കൊടുത്തില്ലെമെങ്കിൽ പിന്നെ ഉറക്കം വരികയില്ല."

ഞാൻ പിള്ളേരോട് പറഞ്ഞു ,

"ആ കാറിൽ വരുന്നവനു ഒരു ബംബർ കൊടുക്കണം . അവൻ മറ്റേപ്പാർട്ടിയുടെ വലിയ കൊണാണ്ടർ  ആണ്  എന്നാണ് അവന്റെ വിചാരം . അവന്റെ വണ്ടി ഇതുവഴി കടത്തി  വിടെണ്ടാ.   ഇപ്പം അവന്റെ ഒറ്റയാൾക്കാരും ഇവിടെയില്ല . ഹർത്താൽ വിജയിപ്പിച്ച സന്തോഷത്തിൽ നന്നായി വീശിയിട്ടു ബോധം ഇല്ലാതെ ഉറങ്ങുന്നുണ്ടാകും.  ഹർത്താലിന്റെ ബുദ്ധിമുട്ട് അവനും ഒന്നനുഭവിക്കട്ടെ . . അവരീ     ഫീൽഡിൽ പുതിയതാ . അതുകൊണ്ടു  തന്നെ നല്ല ഉശിരും ഉണ്ട് .  മട്ടാഞ്ചേരിക്കാർക്കു അറിയില്ലല്ലോ ഇങ്ങേരു ഇവിടെത്തെ വലിയ  സഖാവ്     ആണെന്ന് . അവന്മാർ ഒരു കാരണം കിട്ടുവാൻ നോക്കിയിരിക്കുകയാ . അവര് ചെന്ന്  കാർ തടഞ്ഞു, ലോനപ്പൻ  അവരെ ഒന്ന് വിരട്ടുവാൻ നോക്കി "

വാസുക്കുട്ടൻ നല്ല വെള്ളത്തിലായിരുന്നു . അവനു പിന്നെ മേലും , കീഴും ഒന്നും നോക്കുവാൻ ഇല്ലല്ലോ . "ഇറങ്ങടാ നായിന്റെ മോനെ എന്ന് പറഞ്ഞു ഒരൊറ്റ അലർച്ച . നീങ്ങടെ പാർട്ടി  ഇന്ന് ഹർത്താൽ   നടത്തി  ജനങ്ങളെ മുഴുവനും വലച്ചതല്ലേ .  അതിനു നീയും ഉണ്ടായിരുന്നല്ലോ മുൻനിരയിൽ.  എന്നിട്ട് നേതാവ് ഇപ്പോൾ സുഖമായി അങ്ങനെ സവാരി ഗിരിഗിരി നടത്തേണ്ട ."

 ഞാൻ ഒരു കാഴ്ചക്കാരനെ പോലെ ഇവിടെയെരിന്നു കളി  കണ്ടു രസിച്ചു . അവൻ എന്തോ പറഞ്ഞു, അവന്റെ മോളെ ആശുപത്രിയിൽ കൊണ്ടുപോകണം എന്നൊക്കെ . അവന്മാര് വിടുമോ.  ബാസ്റ്റിൻ പറഞ്ഞു , അത്രയ്ക്ക് തന്റെടം ഉണ്ടെങ്കിൽ നീ വണ്ടി എടുത്തോ. പക്ഷെ  ഇവിടെ നിന്ന് മുന്നോട്ടു എടുത്താൽ ഞങ്ങൾ ആ സ്പോട്ടിൽ ഈ വണ്ടി കത്തിക്കും  . അവനെ കണ്ടാൽ തന്നെ ആരും  ഒന്ന് പേടിക്കും . ഒരു കൊലക്കേസിലെ പ്രതിയായ അവൻ . അവൻ പറഞ്ഞാൽ പറഞ്ഞതാ . അവൻ ലോനപ്പന്റെ താടിക്കു ഒരു കിഴുക്കും  വച്ച് കൊടുത്തു . ലോനപ്പന്റെ മുട്ടിടിച്ചു.  അവൻ ഒന്ന്നും, രണ്ടും അവിടെ തന്നെ കഴിക്കും എന്ന് ഞാൻ കരുതി.
നേതാവ് വാലും ചുരുട്ടി കാറിൽ കയറി തിരികെ പോയി.  നേതാവ് ആണ് പോലും. " സുകുമാരൻ പുച്ഛ തോടെ പറഞ്ഞു നിറുത്തി.

ഞാൻ പറഞ്ഞു "അല്ലെങ്കിലും  അവനു നാലാൾ ഉണ്ടെങ്കിലേ ധൈര്യംവരു.
സാധാരണക്കാരുടെ നെഞ്ചത്ത് കയറുവാൻ അല്ലെ  എല്ലാ പാർട്ടികൾക്കും  കഴിയുകയുള്ളൂ ."  ഞാൻ പറഞ്ഞത്തിൻ    ആർത്ഥം സുകുവിന്  മനസിലായില്ല  എന്ന് തോന്നി.  അവൻ ആവേശത്തിൽ ആയിരുന്നു .

"അവനു മനസിലായിട്ടുണ്ടാകും ഇതിന്റെ പിറകിൽ ഞാൻ ആണെന്ന് . സുകു ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു  കളിക്കാൻ അറിയാമെങ്കിൽ പിറകിൽ ഇരുന്നു കളി   കണ്ടാൽ പോരെ, ഗോള് , പിള്ളേർ അടിക്കട്ടെ .  അതല്ലേ അതിന്റെ ഒരിത് ."

 സുകുമാരൻ  എന്നെ നോക്കിയിട്ടു  പറഞ്ഞു .." അല്ലെ, എന്താ തന്റെ അഭിപ്രായം."

ഞാൻ പറഞ്ഞു. "പിന്നല്ലതെ .  കൊടുക്കുമ്പോൾ നല്ല എട്ടിന്റെ പണി തന്നെ കൊടുക്കണം. "