2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

കുറ്റവാളി (കഥ)



ഇന്ന് തടവറയിൽ നിന്നും പുറത്തേക്കിറങ്ങുകയാണ്. തിരിഞ്ഞു നോക്കുമ്പോൾ നീണ്ട ആറു വർഷങ്ങൾ. കവാടം തുറന്നു തരുമ്പോൾ പാറാവ് നിന്ന പോലീസുകാരൻ അധികാര സ്വരത്തിൽ പറഞ്ഞു.
'ഇനി ഇങ്ങോട്ടേക്കു കണ്ടു പോകരുത്. നാട്ടിൽ പോയി വല്ല വേലയും ചെയ്തു  ജീവിക്കെടാ!'
ശരി എന്ന അർത്ഥത്തിൽ വെറുതെ ഒന്ന് മൂളിയ ശേഷം പതിയെ തലകുനിച്ചയാൾ പുറത്തേക്കു കടന്നു. കാത്തു നിൽക്കുവാനോ,വരവേൽക്കുവാനോ ആരുംതന്നെ ഇല്ലല്ലോ. ഇതിനിടെ പരോളിൽ ഇറങ്ങാൻ ഒരു വട്ടം പോലും അയാൾ ശ്രമിച്ചിരുന്നില്ല.അതിന് അയാൾക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ലതാനും.വീട്ടുകാർക്ക് എന്നും അയാൾ ഒരു പുകഞ്ഞ കൊള്ളി ആയിരുന്നല്ലോ. പിന്നെ ഈ കേസിലും പെട്ടതോടു കൂടി അവർ എഴുതി തള്ളി.
എനിക്ക് വളർന്നു വരുന്ന രണ്ടു പെണ്‍കുട്ടികൾ ആണ്. കുടുംബത്തിനു വേണ്ടി ചെയ്യാൻ കഴിയുന്നത്‌ നീ ചെയ്തു കഴിഞ്ഞല്ലോ. അവരുടെ വിവാഹം എങ്കിലും എനിക്ക് മനസമാധാനത്തോടെ  നടത്തണം  എന്നുണ്ട്. നീയായിട്ടു അതിനു തടസം നിൽക്കരുത്. ജ്യേഷ്ഠൻ ഭംഗിയായി അയാളോട് ഇനി ആ പടി കയറരുത് എന്ന് പറഞ്ഞു വയ്ക്കുകയാണല്ലോ ചെയ്തത്. കൂടാതെ ഇനി ഒരവകാശവും ചോദിച്ചു ചെല്ലരുതെന്നൊരു ധ്വനിയും ആ അവതരണത്തിലൂടെ ജ്യേഷ്ഠൻ സാധിച്ചെടുത്തു. അല്ലെങ്കിലും ജ്യേഷ്ഠൻ എന്നും ബുദ്ധിമാനായിരുന്നല്ലോ! 
പാവം അമ്മ. അമ്മയ്ക്ക്  എന്ത് ചെയുവാൻ കഴിയും. അന്ന് തീർന്നതാണ്  വീടുമായിട്ടുള്ള ബന്ധം. ഒരിക്കൽ പോലും ജ്യേഷ്ഠൻ  ജയിലിൽ വരികയോ ,  വിശേഷങ്ങൾ പങ്കു വയ്ക്കുകയോ ചെയ്തിട്ടില്ല. എന്തിന് അമ്മയുടെ മരണം പോലും അയാളെ  അറിയിക്കുവാൻ ഉള്ള സന്മനസ്സ്  ജ്യേഷ്ഠൻ കാട്ടിയില്ലല്ലോ . ഏട്ടനെ മാത്രം എന്തിനു കുറ്റം പറയണം എന്നും ഏടത്തിഅമ്മയുടെ കളി പാവ   ആയിരുന്നല്ലോ ഏട്ടൻ.
ജ്യേഷ്ഠൻ പറയുന്നതിലും കുറച്ചൊക്കെ വാസ്തവം ഉണ്ടായിരുന്നില്ലേ? അല്ലെങ്കിലും വീട്ടു കാര്യം നോക്കുവാൻ  അയാൾക്ക് എന്നായിരുന്നു സമയം. നാട്ടുകാര്യം കഴിഞ്ഞിട്ട്   അതിനുള്ള സമയം ഉണ്ടായിരുന്നോ?
വീട്ടിലെ  ഏകാന്തമായ  അന്തരീക്ഷത്തിൽ നിന്നുള്ള   രക്ഷപെടൽ അതിനും കൂടിയുള്ള ഒരു മറയായിരുന്നു പാർട്ടിയും , പാർട്ടി പ്രവർത്തനവും.   ജോലി ഇല്ലാതെ  ഒരു അധികപ്പറ്റായി എത്രനാൾ വീട്ടിൽ കഴിയും .  അതും  ഏട്ടന് ബാധ്യതയായി . അച്ഛന്റെ മരണശേഷം കുടുംബം  നോക്കി നടത്തുന്നതും ജ്യേഷ്ഠൻ തന്നെ ആയിരുന്നു. അയാളുടെ ബലം എന്നും  നാട്ടുകാർ  ആയിരുന്നു. എന്തിനും ഏതിനും അവൻ  വേണം  എന്ന്  ഏവരും പറയുമായിരുന്നല്ലോ.  കല്ല്യാണത്തിനും , അടിയന്തിരത്തിനും, പാല് കാച്ചിനും അങ്ങനെ ഏതിനും. അതിൽ കുറച്ചൊക്കെ അഭിമാനവും അയാൾ കൊണ്ടിരുന്നു. വീട്ടിൽ വേണ്ടെങ്കിലും നാട്ടിൽ അറിയപെടുന്നവനായി, നാട്ടാർക്ക് താൻ പ്രിയങ്കരൻ ആണ് എന്നുള്ള ചിന്ത മനസ്സിൽ നിറഞ്ഞുനിന്നിരുന്നു.
പാർട്ടി ആയിരുന്നു  ജീവസ്വവും . പാർട്ടി പറഞ്ഞ കാര്യം ഉത്തരവാദിത്തതോടെ ചെയ്ത ശേഷം ഒടുവിൽ  പിടിക്കപെടുമ്പോൾ  ജീവനുതുല്യം വിശ്വസിച്ച പാർട്ടി അയാളെ തള്ളി  പറയും എന്ന് സ്വപ്നത്തിൽ പോലും  കരുതിയിരുന്നില്ല.  എതു  പ്രസ്ഥാനമാണോ ഇത്ര നാൾ സ്വന്തമായി കരുതിയത്‌ അവർ തന്നെ ഒഴിവാക്കും എന്ന്  വിദൂരമായി പോലും അയാൾ  ചിന്തിച്ചിരുന്നില്ല.
പാവങ്ങൾക്കുവേണ്ടി പോരാടുന്ന പ്രസ്ഥാനം . പിന്നെ  ജയിലിൽ കിടന്നപ്പോൾ മനസ്സിലായി.  കൊല്ലുവാനും ചാകുവാനും വേണ്ടി  മാത്രം നേതാക്കന്മാർ സൃഷ്ടിക്കുന്ന കുറെ വിഡ്ഢികളുടെ കൂട്ടത്തിൽ പെട്ട ഒരുവൻ മാത്രമായിരുന്നു അയാൾ എന്ന്. ദൗത്യം കഴിഞ്ഞാൽ ഏതെങ്കിലും ഒളിത്താവളത്തിൽ കുറച്ചുനാൾ. പിടിക്കപ്പെട്ടാൽ, അയാൾക്ക്  പകരം മറ്റൊരാൾ . ഒരു കുറുവടി  കൈമാറുന്നപോലെ ഈ പ്രക്രിയയും അനുസ്യൂതം തുടർന്നു കൊണ്ടേയിരിക്കും.  അല്ലെങ്കിലും പാർട്ടിക്കു ജീവിക്കുന്നവരെയും  ജയിലിൽ  കിടക്കുന്നവരെയും അല്ലല്ലോ ആവശ്യം. പാർട്ടി അവർക്കു വേണ്ടി  അല്ല നേതാക്കൾക്ക്  വേണ്ടി  എന്നും രക്ത സാക്ഷികളെ   സൃഷ്ടിക്കുന്നു. ബലിദാനിയുടെ ഓരോ തുള്ളി ചോരയിൽ നിന്നും അടിത്തറ ഇളകാതെ ദൃഢമാക്കുന്നു.  അയാളെ പോലെ അന്ധമായി പാർട്ടിയെ വിശ്വസിക്കുന്ന ഒരു പാട് അണികൾ പാർട്ടിയിൽ  ഉള്ളപ്പോഴുള്ള  ഭദ്രത അങ്ങനെ ഒരിക്കലും ഇളകുകയില്ല പ്രത്യയശസ്ത്രം ചർച്ച ചെയുന്നവർ അതിനു സമ്മതിക്കുകയുമില്ല.   സ്വന്തം കാര്യം പോലും തിരക്കാതെ , വീട്ടുകാര്യം നോക്കാതെ  മറ്റുള്ളവർക്കുവേണ്ടി നടന്നതിൽ  അന്നാദ്യമായി വിഷമം തോന്നി.
 ജയിലിൽ കിടക്കുന്നവൻ  എന്നും  പാർട്ടിക്കും, പാർട്ടിക്കാർക്കും ബാധ്യത ആകും എന്ന് തിരിച്ചറിയാൻ വൈകി. അത് തന്നെ വലിയ  തെറ്റ്.  കള്ളനാണെങ്കിലും കുമാരൻ പറഞ്ഞതിലും വാസ്തവം ഉണ്ട്.
 'ഞാൻ കക്കും , കക്കുന്നത്  കുടുംബത്തെ പോറ്റുവാനാ .പക്ഷെ ഒരുതന്റെ   ആയുസ് എടുത്തുള്ള ഒരു കളിക്കും കുമാരൻ കുട്ടുനില്ക്കുകയില്ല . നീ ഒന്ന് ആലോചിച്ചു നോക്കിയേ ഏതെങ്കിലും നേതാക്കന്മാരുടെ മക്കൾ  ഗുണ്ടകൾ ആയി വളരുന്നുണ്ടോ. ഇല്ല...  കൊടി പിടിക്കാതെ , സമരം ചെയ്യാതെ ഒരു സുപ്രഭാതത്തിൽ അവർ നേതാക്കന്മാർ ആകുന്നു .   M L A യും മന്ത്രിയും ആകുന്നു. അന്നും അവർക്കു വേണ്ടി ചാവാനും , കൊല്ലുവാനും നിന്നെപോലുള്ളവർ കാണും '
ഒരു സാധാരണ കള്ളനുണ്ടാകേണ്ട  വകതിരിവ് പോലും തന്നെപോലുള്ളവർക്ക്  ഉണ്ടാകാത്തത് എന്തുകൊണ്ടാണ് ?.  രാജ്യനന്മക്കുതകുന്ന പ്രവർത്തികളെ പോലും നിശിതമായി വിമർശിക്കുവാനും,  കണ്ണടച്ചു ഇരുട്ടാക്കുന്ന പ്രവണതയിൽ മുങ്ങി കഴിയേണ്ടിവരുന്നതും എന്തുകൊണ്ടാണ്?
അതിലേറെ വിഷമിപ്പിച്ചത് വനജയുടെ പെരുമാറ്റം ആയിരുന്നു. എന്തിനും ഏതിനും  നിഴൽ  പോലെ കൂടെ നടന്ന വനജ പോലും കേസിൽ പെട്ടതോടെ തന്നിൽ നിന്നും അകന്നു.  ഇടവഴിയിലും, അമ്പലകാവിലും വച്ച്  അവളെ ചുടു ചുംബനത്താൽ  പുളകിതയാക്കിയിട്ടുണ്ട്. ഈ നിഷേധിയെയാണ്   എനിക്ക് ഇഷ്ടം എന്ന് കണ്ണിൽ നോക്കി,  കവിളിൽ മുത്തി  എത്രയോ  വട്ടം അവൾ ഉരുവിട്ടിടുണ്ട്. ഇനി അതെല്ലാം ഓർത്തിട്ടെന്തു കാര്യം? നാടിനെയും നാട്ടുകാരെയും ഓർക്കുമ്പോൾ കാർക്കിച്ചു തുപ്പുവാൻ  ആണ്  തോന്നുന്നത്.
ജയിലിൽ വച്ചാണ് വാസു ഏട്ടനെ പരിച്ചയപെടുന്നത്. വാസു ഏട്ടൻ ആയിരുന്നു ജയിലിലെ  അടുക്കളപുരയുടെ കാര്യക്കാരൻ. പ്രായം അൻപത്തി അഞ്ചു  കഴിഞ്ഞ ഒരു മധ്യ വയസ്കൻ. സ്നേഹിക്കുവാൻ മാത്രം അറിയുന്ന നിഷ്കളങ്കമായി ചിരിക്കുന്ന മനുഷ്യൻ. അങ്ങേരുടെ  തട്ട് കട  പൊളിക്കുവാൻ വന്ന ഗുണ്ടയുടെ ശരീരത്തിൽ ചൂടുവെള്ളം കോരി ഒഴിച്ചു എന്നുള്ള  നിസ്സാര  കേസ്. എങ്കിലും ചാർത്തപ്പെട്ട  കുറ്റം കൊലപാതക ശ്രമം എന്നുതന്നെയായിരുന്നു.  അതുകൊണ്ട് തന്നെ വാസു ഏട്ടൻ  ശിക്ഷിക്കപെട്ടു. ഏകദേശം ഒരു വർഷത്തോളം വാസു ഏട്ടൻ  കൂടെ  ഉണ്ടായിരുന്നു . വാസു ഏട്ടൻ  ആണ് അയാളെ പൊറോട്ട അടിക്കുവാനും , ചപ്പാത്തി ഉണ്ടാക്കുവാനും  പഠിപ്പിച്ചത്  . പാചകം ഒരു കലയാണെന്നുള്ള  തിരിച്ചറിവ് നേടിയതും ജയിലിൽ നിന്ന് തന്നെയായിരുന്നു. നല്ല സ്വാദുള്ള കോഴി കറി കഴിച്ചതും അവിടെ വച്ചായിരുന്നു.  ആഹാരം വയ്ക്കുവാൻ അറിഞ്ഞാൽ മാത്രം പോരാ അത് മനസറിഞ്ഞു വിളമ്പുവാനും ശീലിക്കണം എന്ന തത്വത്തിൽ വിശ്വസിക്കുന്ന ആൾ ആയിരുന്നു വാസുവേട്ടൻ .
പതിയെ പതിയെ പാചക കലയുടെ രസതന്ത്രം വാസു ഏട്ടനിൽ നിന്നും പകർന്നു കിട്ടി. പിന്നെ വാസുവേട്ടന്റെ പ്രധാന സഹായി ആയി  കൂടി. കറിക്കൂട്ടുകളുടെ പാകം ഒരു ഗുരുവിനെപോലെ പറഞ്ഞുമനസിലാക്കി തന്നു.ശിക്ഷ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ വാസുവേട്ടന്റെ കണ്ണുകൾ  നിറഞ്ഞിരുന്നു. ശിക്ഷ  കഴിഞ്ഞാൽ നീ ബത്തേരിക്ക് പോരടാ, നീയുംകൂടി വന്നാൽ കച്ചവടം പൊടി പൊടിക്കും .നീ വന്നിട്ടു വേണം എന്ടെ  കട ഒന്ന് വിപുല പെടുത്തുവാൻ.  വാസുവേട്ടനുമായുള്ള  ആത്മബന്ധം തന്നെ ആയിരിക്കും അയാളെ ബത്തേരിയിലേക്ക് പോകുവാൻ  പ്രേരിപ്പി ച്ചത്. അല്ലെങ്കിലും നാട്ടുകാരും വീട്ടുകാരും ഉപേക്ഷിച്ചവന് എതു നാട്, എന്ത് വീട്?  
മഞ്ഞിനെ കവച്ചു വച്ച് കൊണ്ട് ബസ്‌ മുന്നോട്ട് പോയി. തണുത്ത കാറ്റ് അയാളെ തഴുകി കൊണ്ടേ ഇരുന്നു. വാസു ഏട്ടന്റെ വീട് കണ്ടു പിടിക്കുവാൻ   അല്പം പണിപെട്ടു. ഒടുവിൽ  ബുദ്ധി മുട്ടി ആണെങ്കിലും വാസുവേടന്റെ വീട് കണ്ടു പിടിച്ചു. സന്ധ്യാ സമയത്താണ് അവിടെ എത്തപെട്ടത്‌  . അയാളെ  കണ്ടതും വാസു എട്ടന്  പറഞ്ഞു  അറിയിക്കുവാൻ  ആവാത്ത സന്തോഷം.
'എന്നാലും ആദ്യം  എന്നെ തേടി നീ  വന്നല്ലോ. അതാടാ സ്നേഹം. '
വാസു ഏട്ടൻ  ഉറക്കെ പൊട്ടി ചിരിച്ചു. ഓടിട്ട  ചെറിയ വീട്. തോട്ടത്തിൽ ഇല്ലാത്ത പച്ച കറികൾ ഒന്നും ഇല്ല.ചേന, കിഴങ്ങ്, വെള്ളരി,  പയർ , വാഴ  എന്ന് വേണ്ട ഒട്ടു മിക്ക പച്ചക്കറികളും  ആ  പറമ്പിൽ തന്നെയുണ്ട്. അഭിമാന പൂർവ്വം  വാസു ഏട്ടൻ   പറഞ്ഞു എല്ലാം കൂടി ഏകദേശം  നാൽപതു സെന്റിനു അടുത്തു  വരും . ഇതെല്ലം എന്ടെ കച്ചവത്തിലൂടെ  നേടിയതാ . ആ മനസ്സിൽ നിറഞ്ഞ അഭിമാനം  വായിച്ചെടുക്കുവാൻ കഴിയുമായിരുന്നു.
'വാസു ഏട്ടൻറെ  തട്ടുകട എന്ന് പറഞ്ഞാൽ കന്നഡ ലോറിക്കാർക്ക് പോലും  അറിയാം. പൊറോട്ടേം, ഓംലെറ്റും , ചിക്കൻ കറി യും  കഴിക്കാതെ  അവൻമാര് ബത്തേരി വിടില്ല.'
വാസു ഏട്ടൻ വീണ്ടും കുലുങ്ങി ചിരിച്ചു. പിന്നെ അകത്തേക്ക് നീട്ടി വിളിച്ചു പറഞ്ഞു . 'സുമേ, ഇവന്  കുറച്ചു ചായേടെ വെള്ളം  ഇങ്ങെടുത്തേ.'
കുറച്ചു കഴിഞ്ഞു ഒരു പെൺകുട്ടി പുറത്തേക്കു ഇറങ്ങി വന്നു . ഒരു കുപ്പി ഗ്ലാസിൽ ചായയും , വേറെ പാത്രത്തിൽ കുറച്ചു കപ്പ പുഴുക്കും ആയി. വെളുത്ത മെലിഞ സുന്ദരി ആയ പെണ്‍കുട്ടി. പ്രായം 23 - 25  വയസിനോടു അടുത്തു വരും എന്ന് തോന്നുന്നു . അയാളെ ഒന്ന് നോക്കി മന്ദഹസിച്ച ശേഷം അവൾ പോയി. അത് പറയാൻ മറന്നു .  ഇതാണ് കല്യാണ പെണ്ണ് . അടുത്ത ആഴ്ച ഇവളുടെ കല്യാണം ആണ്. അതാണ് ഇവിടെ ഈ ബഹളം . 'എന്തായാലും  നിനക്കു  കല്യാണം കഴിയുന്ന വരെ ഇവിടെ താമസിക്കാം. ബാക്കി ഭാവി കാര്യങ്ങൾ നമുക്ക് പിന്നീട് തീരുമാനിക്കാം . എന്തോ മനസിൽ ഓർത്തിട്ട് എന്ന പോലെ വാസുവേട്ടൻ പറഞ്ഞു. നീയുള്ളതും എനിക്കും ഒരു സഹായം ആകുമല്ലോ. അയാൾ ഒന്നും മിണ്ടിയില്ല.അയാൾക്ക്  പ്രത്യേകിച്ചു  എവിടെയും പോകുവാൻ ഉണ്ടായിരുന്നില്ലല്ലോ .
വീടിനു കുമ്മായം പൂശുന്ന രാജപ്പനോടും അടുത്തു നിന്ന ഗോപലനോടും  ഒക്കെ വാസു ഏട്ടൻ  അയാളെപ്പറ്റി തട്ടി വിടുന്നുണ്ടായിരുന്നു. ഇവൻ  എന്ടെ ചങ്ങാതിയാ,  ജയിലിൽ വച്ച് അവർ പരിചയപെട്ട കഥ പൊടിപ്പും തൊങ്ങലും വച്ച് അവരെ  പറഞ്ഞു കേൾപ്പിക്കുമ്പോൾ അവരുടെ ഭാവം അയാൾ ശ്രദ്ധിച്ചു . ഒരു കഥ  കേൾക്കുന്നപോലെ.  
ജയിൽ എന്ന്  കേട്ടിട്ടും അവർക്കൊന്നും യാതൊരു ഭാവ വ്യതാസവും  ഇല്ലായിരുന്നു. ഏവർക്കും  വാസു ഏട്ടനെ  പോലെ ഒരു ലാഘവത്തം .നാട്ടിൻ പുറം,  നന്മകളാൽ സമൃദ്ധം എന്ന് പറയുംപോലെ അവരുടെ മനസും  നന്ന് . ഒരുമയോട്  കൂടി അവർ യത്നിക്കുന്നു. ഈ വിവാഹം അവരുടെയും കൂടെ ചുമതല ആണെന്ന് മട്ടിൽ .
അന്നത്തേ ദിവസം അങ്ങനെ  കഴിഞ്ഞു. പിറ്റേന്ന് രാവിലെ വാസു ഏട്ടൻ പറഞ്ഞു . "നമുക്ക് ഒന്ന് ബാങ്ക് വരെ പോകണം. കുറച്ചു രൂപ കൂടി രാജേന്ദ്രന് കൊടുക്കുവാൻ  ഉണ്ട് . കല്യാണത്തിന് മുമ്പ് അത് കൊടുക്കാം എന്ന് ഞാൻ രാജേന്ദ്രനോട്  വാക്ക് പറഞ്ഞതാ. അത് അങ്ങോടു കൊടുത്തേക്കാം എന്താ" അയാളോടായി  വാസു ഏട്ടൻ വെറുതെ അഭിപ്രായം ചോദിച്ചു. അങ്ങനെ വാസുഏട്ടൻ നിർബന്ധിച്ചത് കൊണ്ടാണ് ബാങ്കിൽ കൂടെ പോയത്. പക്ഷെ ആ യാത്ര നിർണായകം ആയിരിക്കും എന്ന് അപ്പോൾ അയാൾ   കരുതിയിരുന്നില്ല .
ബാങ്കിൽ നിന്ന് രൂപ എണ്ണി തിട്ട പെടുത്തിയ ശേഷം ആണ് പുറത്തു കടന്നത്‌.ഏകദേശം നാലു ലക്ഷം രൂപയോളം വാസു ഏട്ടന്റെ സഞ്ചിയിൽ ഉണ്ടായിരുന്നു. പിന്നെ ഒരു ഓട്ടോ പിടിച്ചു രാജേന്ദ്രൻ താമസിക്കുന്ന ലോഡ്ജിലേക്കായി  പുറപ്പെട്ടു . അയാളെ  കണ്ടതും രാജേന്ദ്രൻ ഒന്ന് പരുങ്ങി. എവിടെയോവച്ചു അവനെ കണ്ട നല്ല പരിചയം . അധികം ആലോചിക്കേണ്ടി വന്നില്ല.   ആളെ മനസിലായി. അത്  കൊടി സുനി ആയിരുന്നു. നാട്ടിൽ നിന്നും കമലയെ വിവാഹം കഴിച്ചു  ശേഷം പൊന്നും പണ്ടവും ആയി മുങ്ങിയ വിവാഹ തട്ടിപ്പ് വീരൻ . ഇത് പോലെ പല പെണ്‍കുട്ടികളെയും അവൻ പറഞ്ഞു   പറ്റിക്കുകയും  വിവാഹം കഴിഞ്ഞു ആഭരണവുമായി മുങ്ങുകയും ചെയ്തതായി  കഥകൾ നാട്ടിൽ പറഞ്ഞു കേട്ടിരിക്കുന്നു .നാട്ടിൽ അവനുവേണ്ടി കേസും നിലവിൽ  ഉണ്ട്.
വിവരങ്ങൾ അറിഞ്ഞതും  വാസു ഏട്ടന്റെ മറ്റൊരു മുഖം ആണ് അവിടെ കണ്ടത്. ശാന്ത സ്വരൂപനായ വാസു എട്ടന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്നു അറിഞ്ഞതും അവിടെ വച്ചായിരുന്നു. വാസു
എട്ടന്റെ കയ്യുകൾ രാജേന്ദ്രന്റെ ശരീരത്തിൽ  തലങ്ങും വിലങ്ങും  കയറി ഇറങ്ങി. അവന് അനങ്ങുവാൻ പോലും അനുവാദം കൊടുക്കാതെ . ലോഡ്ജിലെ ബഹളം കേട്ട ആളുകൾ ചുറ്റും കൂടി. പിന്നെ നാട്ടുകാർതന്നെ   സുനിയേ   പോലീസിൽ ഏല്പിച്ചു .  വിവാഹം മുടങ്ങി എങ്കിലും സുമ വലിയ ആപത്തിൽ നിന്ന് രക്ഷ പെട്ട സന്തോഷം വാസു ഏട്ടന്റെ   മുഖത്ത്‌ ഉണ്ടായിരുന്നു.
എല്ലാം കഴിഞ്ഞു മടങ്ങവേ വാസു ഏട്ടൻ അയാളോടായി ചോദിച്ചു. '
"നിനക്ക് എന്റെ തട്ട് കട നോക്കി നടത്തുവാൻ പറ്റുമോ."
അയാൾ  ഒന്നും മിണ്ടാത്തത്‌ കൊണ്ടാകാം ,  
"വെറുതെ വേണ്ടടാ നിനക്ക്  ഞാൻ എന്റെ സുമയെ  അങ്ങോടു തരാം . എന്താ."
'ഒന്നും മിണ്ടാതെ വാസു ഏട്ടനെ തുറിച്ചു നോക്കിയപ്പോൾ പതിവ് പോലെ വാസു ഏട്ടൻ വീണ്ടും ഉറക്കെ പൊട്ടി ചിരിച്ചു. അയാളും പതിയെ ആ ചിരിയിൽ പങ്കു ചേർന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ