2015, മാർച്ച് 25, ബുധനാഴ്‌ച

തച്ചോളി ഒതേനൻ




രാവിലെ കട്ടൻ കാപ്പി കുടിക്കുംപോളാണ്  അവൾ ആ ചോദിച്ചത്. ചേട്ടാ എന്ടെ താലിമാല കണ്ടോ? അവളുടെ ചോദ്യം ശ്രദ്ധിക്കാതെ 'മസ്കറ്റ് ഡെയിലി ' പത്രത്തിലെ സ്പോർട്സ് പേജ്   വായികുക ആയിരുന്നു ഞാൻ. ഇന്ത്യ , ബംഗ്ലാദേശിനെ തറ പറ്റിച്ച് വിശേഷം ഒട്ടും ചോരാതെ തന്നെ   മനസിലേക്ക് ആവാഹിക്കുംപോൾ  ഭാര്യടെ ഇമ്മാതിരി ചോദ്യത്തിന് എന്ത് പ്രസക്തി. അവൾ പേപ്പർ തള്ളി മാറ്റി എന്റെ മുഖത്തേക്ക്  സൂക്ഷിച്ചു കണ്ണ് ഉരുട്ടി നോക്കിയപ്പോൾ  ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവിടെ എവിടെ എങ്കിലും ഉണ്ടാകും. ഇല്ല അവിടെ കാണുന്നില്ല. ഇന്നലെ കിടക്കും മുമ്പ് മേശ പുറത്തു  ഊരി വച്ചതാണ് . മേശയും , വരിപ്പും എല്ലായിടത്തും തിരഞ്ഞു മാല കാണുന്നില്ല. എവിടെ പോയോ ആവോ?  പകുതി എന്നോടും, പിന്നെ പകുതി അവളോടുമായി അവൾ പറഞ്ഞു.  വീണ്ടും നിസ്സാര മട്ടിൽ ഞാൻ പറഞ്ഞു. അവിടെ കാണാത എവിടെ പോകാനാ?. എന്ടെ ഉത്തരം അവളെ  കുടുതൽ  ദേഷ്യം പിടിപ്പിച്ചു എന്ന് പറഞ്ഞാൽ മതി അല്ലോ. ഉണ്ണി   യാർച്ചയെ പോലെ അവൾ ഉറഞ്ഞു തുള്ളി വരൂമ്പോഴേക്കും സംഗതി പന്തി അല്ല എന്ന് കണ്ടു ഞാൻ പതിയെ  കുളി മുറിയിലേക്ക് പോയി.


ഒരു താലിയിൽ എന്തിരിക്കുന്നു എന്ന് നിങ്ങൾ ചോദിച്ചേക്കാം.ഒരു പെണ്ണിനെ സംബന്ധിച്ച് പുരുഷൻ കെട്ടുന്ന താലി അവളുടെ ജിവിതം തന്നെ ആണ്‌. സീരിയലുകളിലും പഴയ മലയാള സിനിമകളിലും താലി മഹാത്മ്യം ഒരു പാട് വർണിച്ചിടുണ്ട് . പുരുഷന്ടെ   ജീവിതം മാലയിൽ കോർത്ത താലിയിൽ ആണെന്ന് താലിയോളം പഴക്കം ഉള്ള കഥ പറയുന്ന സീരിയലുകൾ ധാരാളം ഉണ്ടല്ലോ?  പഴയ ചില   സിനിമ സംഭാഷണങ്ങൾ കേടിട്ടുണ്ട് .താലി മാല കഴുത്തിൽ അണിഞ്ഞു മരിക്കുവാൻ സാധിച്ചാൽ അവൾ ഭാഗ്യവതി ആണെന്ന്. ഭർത്താവ്  ഇരിക്കുമ്പോൾ തന്നെ മരിക്കുക എന്നത്  സ്ത്രീയെ സംബന്ധിച്ചു പുണ്യമാണത്രേ . അപ്പോൾ പുരുഷന്റെ കാര്യമോ. ഭാര്യ മരിച്ചു ജീവിക്കുന്ന ഭർത്താവിന്റെ അവസ്ഥ അതിൽ ഏറെ കഷ്ടം അല്ലെ? പ്രതേകിച്ചു എന്തിനും ഏതിനും ഭാര്യയെ ആശ്രയിച്ചു കഴിയുന്ന  ഭർത്താവിന്റെ അവസ്ഥ നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കു .  ചിന്തിച്ചാൽ  അറിയാം  അവനു ഓഫീസിൽ പോകുന്നതിനു മുമ്പ് ചായ, ചീപ്, സോപ്പ്, തോർത്ത്‌, ഷർട്ട്‌ ഇവ എല്ലാം എടുത്തു കൊടുക്കുനത് ഭാര്യ തന്നെ അല്ലെ?  ഭാര്യയുടെ മരണ  ശേഷം മക്കൾക്ക്‌ ബുദ്ധി മുട്ടായി അവരെ ആശ്രയിച്ചു ജീവിക്കുക എന്ന് വച്ചാൽ  മരണ തുല്യം തന്നെ.  അത് കൊണ്ട് തന്നെ താലിയുടെ സുരക്ഷിതത്തം ഭാര്യെക്കൾ ആവശ്യം ഭർത്താവിനു ആണെന്നാണ് എന്റെ മതം.


ഇടത്തരം കുടുംബത്തിൽ പെട്ട് വളർന്ന എന്റെ ഭാര്യക്കും ഉണ്ടാകുമല്ലോ  ചില  താലി  മാഹാത്മ്യ വിചാരങ്ങൾ. ഇപ്പോൾ  ന്യൂ ജെനെറേറേഷൻ കാലം ആണല്ലോ? താലി മാല  കഴുത്തിൽ ഇട്ടു നടക്കുന്ന പെണ്ണുങ്ങൾ തന്നെ  വിരളം. ഇനി  അവർ ജോലിക്കും കൂടി പോകുന്നവർ ആകുമ്പോൾ ? ആഭരണങ്ങൾ ഒന്നും ഇടാതെ നഗ്നമായ കഴുത്തും കാണിച്ചു നടക്കുക ആണല്ലോ ഇന്നത്തെ പല തരുണീ മണികളും ചെയുന്നത്.  പെണ്ണ് ആയിട്ടും കഴുത്തിൽ ഒരു മാല പോലും ഇടാതെ  പോകുന്ന പെണ്ണുങ്ങളെ കാണുമ്പൊൾ എനിക്ക് ആകെ ഒരു അമ്പരപ്പാണ്.ആണായാൽ  മീശ വേണം പെണ്ണായാൽ ഒരു മാല  എങ്കിലും വേണ്ടേ?  ഓരോരുത്തരുടെയും വിശ്വാസം മറ്റുള്ളവർക്ക് ചിലപ്പോൾ  അന്ധവിശ്വാസം ആയി തോന്നിയേക്കാം .

എന്റെ ഭാര്യക്ക്‌ ഒരു ഇന്ട്ർ നാഷണൽ    സ്കൂളിലാണ് ജോലി. അവിടെ ചുരിദാർ ധരിക്കുവാൻ പാടില്ല. കുടുതലും വിദേശികൾ ആയ അധ്യാപകർ . ഷർട്ടും, പ്യന്റ്സും ആണ് ഔദ്യോകിക വേഷം.  ഷർട്ടും , താലി മാലയും  ചേരുന്ന വേഷം അല്ലല്ലോ ? പെണ്ണ് ആയതു കൊണ്ടാകാം മാച്ച് ചെയുന്ന വർണ  കമ്മലും, മാലയും  അവൾ എന്നും ധരിക്കുവാറുണ്ട്.  തലേ ദിവസം തന്നെ അവൾ അതെല്ലാം എടുത്തു ഒരുക്കി വയ്ക്കും. എന്നിരുന്നാലും താലി മാല മാത്രം  അവൾ  അഴിച്ചു മാറ്റാറില്ല. രാത്രിയിൽ ഉറങ്ങുന്ന അവസരത്തിൽ ഒഴികെ അവൾ ആ മാല അഴിച്ചു മാറ്റുന്നതു ഞാൻ കണ്ടിട്ടില്ല.  സ്കുളിൽ നിന്ന് വന്നാൽ അന്നത്തെ വിശേഷങ്ങൾ വള്ളി പുള്ളി വിടാതെ വിവരിക്കുക എന്നത്  അവളുടെ ശീലം ആണ് . വെറുതെ കേട്ടിരിക്കുക എന്ന ദൌത്യം മാത്രമേ എനിക്കുള്ളൂ. അന്നത്തെ സംഭവങ്ങളും, പ്രശ്നങ്ങളും, പര ദൂഷണങ്ങളും അവൾ വള്ളി പുള്ളി വിടാതെ വിവരിക്കും.  കഴിഞ്ഞ ദിവസം അവൾ പറഞ്ഞു കൂടെ ജോലി ചെയുന്ന മേരി ജോണ്‍സ്  അവളുടെ ഷർട്ടിൻ ഉള്ളിലൂടെ ചുഴിഞ്ഞു  നോക്കി താലി മാല കണ്ടു പിടിച്ചു. പെണ്ണ് ആയതു കൊണ്ട്  മേരി ജോണ്‍സിന്  ധൈര്യം ആയി നോക്കാം. നമ്മൾ  വല്ലോരും  ആരുടെയെങ്കിലും മാറിൽ ഒന്ന് നോക്കിയാൽ  അത് മതി പൊല്ലാപ്പ് ആകുവാൻ. അത് മതി ആയിരുന്നു കക്ഷിക്ക് .മേരിയോടു  അവൾ താലി മാല മഹാത്മ്യം അവതരിപിച്ചു. ഒന്ന് പറഞ്ഞാൽ  രണ്ടാമത് പിരിയുന്നവരോടു വേണമല്ലോ താലി  കഥ പറയുവാൻ .

അവളുടെ  മുത്തശ്ശി പണ്ട് അവൾക്കു ജലന്ധരന്റെ കഥ  പറഞ്ഞു കൊടുത്തിതുണ്ട്.  ശിവനോട് എതിരിട്ട ശിവാംശ  ഉള്ള മഹാ വീരനായ അസുര  ചക്രവർത്തിയുടെ ജലന്ധരന്റെ കഥ.  ജലന്ധരന്റെ ജീവൻ  ഭാര്യ ആയ വൃന്ദയുടെ പാതി വൃത്യത്തിൽ ആയിരുന്നു.   മഹാ യുദ്ധത്തിൻടെ  ഒരു ഖട്ടത്തിലും ശിവന് ജലന്ധര്നെ തോല്പികുവാൻ  കഴിയില്ല എന്ന് വന്നപ്പോൾ വിഷ്ണു ഒരു സൂത്രം പ്രയോഗിച്ചു . സൂത്രം എന്ന് പറയുന്നതിലും നല്ലത് തന്ത്രം എന്ന് പറയുന്നതാണ്. തന്ത്രത്തിലും , സാമർത്തി ലും വിഷ്ണുവിനെ വെല്ലുന്ന ഒരു പ്രൊജക്റ്റ്‌ മാനാജർ ജനിച്ചിട്ടില്ല. ഇനിയൊട്ടു ജനിക്കുകയുമില്ല. മഹാഭാരത യുദ്ധം നടക്കുമ്പോഴും, ഹിരണ്യ കശിപു വധത്തിലും , ഭഗവത് ഗീത ഉദ്ധരിക്കുപോഴും എല്ലാം വിഷ്ണു അത് തെളിയിച്ചിട്ടുണ്ട്. എത്ര ബുദ്ധി മുട്ടുള്ള പ്രോജെകറ്റും ഇത്ര  സക്സ്സ്  ആയി ഇമ്പ്ലിമെന്റ് ചെയ്ത വേറെ ഏതു പ്രൊജ്ക്ടു  മാനേജർ   ഉണ്ടാകും നമ്മളുടെ നിരീക്ഷണ മണ്ഡലത്തിൽ.  അത് അവിടെ നിൽ ക്കട്ടെ നമുക്ക് കഥയിലേക്ക് തിരിച്ചു വരാം . തന്ത്ര ശാലിയായ വിഷ്ണു,   യുദ്ധം ജയിച്ചു വരുന്ന ജലന്ധരന്ടെ രൂപത്തിൽ  വൃന്ദയുടെ അന്തപുരത്തിൽ   പ്രവേശിക്കുകയും അനുനയതിലോ,     സൂത്രത്തിലോ  വൃന്ദയുടെ താലി  മാല ഊരി വയ്ക്കുകയും ചെയ്യിപ്പിക്കുന്നു. ജലന്ധരൻ  അല്ല എന്നറിയാതെ വിഷ്ണുവിനെ പ്രാപിച്ച വൃന്ദക്ക്  അങ്ങനെ  പാതിവൃത്യം  നഷ്ടപെടുന്നതോടെ  ജലന്ധരന്റെ യുദ്ധ വീര്യം  നഷ്ടപെടുകയും ശിവനാൽ വധിക്കപെടുകയും ചെയുന്നു.

കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോളും  അവൾ തിരയുകയായിരുന്നു. ഞാൻ അത് കാര്യമാകാതെ അവളോടായി ചോദിച്ചു. ചീപ്പ് എവിടെ? അവളുടെ ഭാഗത്ത്‌ നിന്ന് ഉത്തരമില്ല. ഇനി ചോദിച്ചിട്ട് കാര്യമില്ല എന്ന് കരുതി ഞാൻ തന്നെ അലമാര തുറന്നു ചീപ് വയ്ക്കുവാൻ സാധ്യത ഉള്ള ഇടം തിരഞ്ഞു.  അതിനിടെ അവൾ അടുക്കളയിലേക്ക് പോയി. ഞാൻ എന്ത് നോക്കിയാലും കാണുകയില്ല എന്ന് ഭാര്യ പറയണത് ശരി ആണ് . മുമ്പിൽ ഉണ്ടെങ്കിൽ പോലും അത് അവൾ തന്നെ വന്നു കൈയിൽ എടുത്തു തരണം. എന്തോ എനിക്ക് അറിയില്ല   പക്ഷെ അത് സത്യം തന്നെ അന്ന്. മുമ്പിൽ ഉണ്ടെങ്കിലും അവ ഒന്നും എന്ടെ കണ്ണിൽ പിടിക്കില്ല. എന്റെ അതെ സ്വഭാവം തന്നെ ആണ് മകൾക്കും കിട്ടിയിരിക്കുനത്.

വീണ്ടും ചീപ്പ്   പരതുന്നതിൻ ഇടേ  അലമാര വലിപ്പ  ഞാൻ ശക്തിയോടെ പുറത്തേക്കു വലിച്ചു. എന്റെ വലിപ്പിന്റെ ശക്തിയിൽ ആ വലിപ്പ  'പടോം' എന്ന് ശബ്ദത്തോടെ താഴെ  വീണു.ഭാഗ്യം ഭാര്യ കേട്ടില്ല എന്ന് തോന്നി. ഞാൻ പതുക്കെ അത് എടുത്തു രണ്ടു  ചെറു വീലിനു കുറുകെ നിറുത്തി തള്ളുമ്പോൾ എന്റെ കണ്ണ് എന്നെ അമ്പരിപ്പിച്ചു . അലമാര വലിപ്പിൻ ഇടയിൽ ഒരു നേരുപ്പോടെ   "ദേ കിടക്കണ്  അവളുടെ മാല ". വിജയ   ശ്രീ ലാളിതൻ  ആയ ഞാൻ വിളിച്ചു . 'രശ്മി '  അവൾ വിളി കേട്ടില്ല വീണ്ടും ഞാൻ ഉറക്കെ നീട്ടി വിളിച്ചു ' രശ്മീ ' ഇത്തവണ കൈയിൽ ദോശ ചട്ടകവും ആയി  ദേഷ്യത്തോടെ എന്താ എന്ന വിളിയോടെ അവൾ അടുക്കളയിൽ നിന്നും വന്നു.

'ദേ  നിന്റെ മാല' . അവളുടെ താലിമാല ഞാൻ എടുത്തു ഉയർത്തി  കാണിച്ചു . അങ്കം ജയിച്ച  വന്ന തച്ചോളി ഒതേനനെ പോലെ അഭിമാനത്തോടെ ഞാൻ ആ മാല അവളുടെ കൈയിൽ കൊടുത്തു . സ്വർണത്തെക്കാൾ തിളക്കം അപ്പോൾ ആ കരി നീല കണ്ണുകളിൽ .ഞാൻ കണ്ടു.







2015, മാർച്ച് 21, ശനിയാഴ്‌ച

ഓർമകളിൽ ഒരു നൈൽ യാത്ര


ഓരോ നദിക്കും  ഒരു കഥയുണ്ട്. അപ്പോൾ ലോകത്തിലെ ഏറ്റവും നീളമുള്ള ഈ നദിക്കു എത്ര കഥകൾ പറയുവാൻ ഉണ്ടാകും.ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ കഥ തുടങ്ങുനത് ഒരു പക്ഷെ ഈ നൈലിൽ നദിയിൽ  നിന്നും ആയിരിക്കാം.  ലോകത്തിലെ ഏറ്റവും നീളമുള്ള നദി. 4200  മൈൽ നീളം , (ഏകദേശം 6800 km   ). ഏതാണ്ട്  പതിനെന്നോണം  രാജ്യങ്ങളിലൂടെ ഒഴുകൂന്നു   നൈൽ നദി. .കര കവിഞ്ഞും , തിരിഞ്ഞും മറിഞ്ഞും ചെരിഞ്ഞും ഒഴുകുന്ന വൻ  നദി.  ഒരു പക്ഷെ മനുഷ്യവാസം ആരംഭിച്ചത്  ഈ നദിയുടെ കരകളിൽ നിന്നായിരിക്കാം .

മരുഭുമിയുടെ മദ്ധ്യത്തിൽ നീരുറവ  പോലെ ഒഴുകുന്ന നദി. ഈ നദി തടങ്ങളിൽ വച്ചയിരിക്കാം  ആദ്യമായി കൃഷി എന്നാ സംസ്കാരം ഒരു ജനതയിൽ  ഉടൽ എടുത്തത്‌ . പ്രയത്ന ശീലർ ആദി മനുഷ്യർ  തന്നെ  ഇതിന്ടെ  കൈ വഴികൾ വെട്ടിയും, നീട്ടിയും     ചെറു തോടുകൾ സൃഷ്ടിച്ചു . പുരാതന നദി തട സംസ്കാരം  ഉത്ഭവിച്ചത്  ഈ നദിയിൽ നിന്ന് തന്നെ ആകണം .   ക്ലീയോപാട്രയെ  പോലെ വല്ലാതെ ഒരു വശീകരണ ശക്തി യുണ്ട് നൈലിനു. വെള്ള പൊക്കവും , വൈദേശിക ആക്രമണവും ചെറുത്തു  തോൽപ്പിച്ച് നാഗരികതയിലേക്ക് മുന്നേറിയവർ.

കുട്ടനാട്ടിൽ ജനിച്ചു വളർന്ന എനിക്ക് പുഴയും, കായലും, പാടങ്ങളും ഇപ്പോഴും ഹരം ആണ്. അത് കൊണ്ട് തന്നെ ഈജ്യപ്ടിൽ  എത്തിയപ്പോൾ  ലോകാത്ഭുതമായ  പിരമിടോ , മമ്മിയോ എന്നെ അത്രയ്ക്ക് ആകർഷിച്ചില്ല . പക്ഷെ നൈൽ നദിയിലെ ബോട്ട് യാത്ര അത് പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അനുഭവം തന്നെ ആയിരുന്നു. ഇപ്പോഴും ആ യാത്ര എന്നെ പലതും ഓർമിപ്പിക്കുന്നു.  ഒരു കോണ്‍ഫറണ്‍സിന് ഈജിപ്റ്റിൽ വന്ന ഞാൻ  ഇല്ലാത്ത  സമയം കണ്ടെത്തി ആണ് ഈ യാത്രക്ക് തിരക്ക് കുട്ടിയത്. ഹോട്ടലിലെ റിസപ്ഷ്നിസ്റ്റ്  സാറ യാണ്  ഈ യാത്രയെ കുറിച്ച് വിവരം തന്നത്. നൈൽ നദിയിലൂടെ രാത്രി യാത്ര അത് തീർത്തും വത്യസ്തമായ അനുഭവം തരും എന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു. സാറ തന്നെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു തന്നു.  ഞാൻ ചെല്ലുമ്പോൾ മനോഹരമായി അലങ്കരിച്ച  ഒരു cruise എന്നെ കാത്തു കിടക്കുന്നു.  വിശേഷ പെട്ട sea food അവിടെ തരപ്പെടും. എന്നും സാറ പറഞ്ഞിരുന്നു.  സന്ധ്യ വിട ചൊല്ലിയ നേരം,  ദീപലങ്കര പ്രഭയാൽ നഗരം സുന്ദരി ആയി അണിഞ്ഞു ഒരുങ്ങി ഇരിക്കുന്നു.   തണുത്ത കാറ്റും മഞ്ഞിൻ കുളിരും എന്നെ തഴുകി. ബോട്ടിന്റെ  എഞ്ചിൻ  ശബ്ദം  മാത്രം കാതിൽ  വന്നലച്ചു. ദൂരെ കാഴ്ചകൾക്കായി ഞാൻ ബോടിന്റെ ഡെക്കിൽ കയറി. ചുറ്റുമുള്ള വർണ കാഴ്ചകൾ ഞാൻ ക്യാമറയിൽ പകർത്തുകയായിരുന്നു.  അതിനായി  ഞാൻ ക്യാമറ സൂം ചെയുന്നതിനിടെ അല്പം ദൂരെ ആയി ഒരു പെണ്‍കുട്ടി ഇരിക്കുന്നു. ഒറ്റയ്ക്ക് , രാത്രിയിൽ . ഒരു സുന്ദരി ആയ പെണ്‍കുട്ടി.   കാറ്റത്തു അവളുടെ മുടി ഇഴകൾ പറക്കുന്നുണ്ടായിരുന്നു. വെളുത്ത  തുടുത്ത സുന്ദരമായ  വദനം. കരി നീല കണ്ണുകൾ . ഒരേ ഒരു നിമിഷം ഞാൻ , ഞാൻ അല്ലാതായി മാറി.  ത്രീ ഇഡിയ്ട്ട്സിൽ അമീർ  ഖാൻ കരീനാ കപുറിനെ കാണും പോലെ ,  മനസ് ഒന്ന് പൂത്തുലഞ്ഞു . ആരാണവൾ . ഒറ്റയ്ക്ക് ഈ രാത്രിയിൽ ? എന്ടെ  മനസ്സിൽ ചോദ്യ ശരങ്ങൾ ഉണർന്നു .  എനിക്ക് അവളോടു സംസാരിക്കണം എന്നുണ്ട്. പക്ഷെ എങ്ങനെ , എവിടെ തുടങ്ങണം എന്നറിയില്ല .  കാറ്റത്തു  ഇളകുന്ന മുടി ഇഴകൾ ഒതുക്കി അവൾ താഴേക്ക് നോക്കി നിൽക്കുന്നു .

കോളേജിൽ പഠിക്കുമ്പോൾ പല പെണ്‍ കുട്ടികളെ കണ്ടിട്ടുണ്ട്. പക്ഷെ ഒരു കുട്ടിയും എന്നെ ഇത്രയ്ക്കു ആകർഷിച്ചിട്ടില്ല. എന്തോ ഒരു ആകർഷണീയത  അതും ഒരു വിദേശി പെണ്‍കുട്ടി.    ആരാണവൾ ,  മറ്റുള്ളവർക്ക്  ഇല്ലാത്ത എന്ത്  പ്രത്യെകത  ആണിവൾക്ക് ?   ഞാൻ ആദ്യമേ പറഞ്ഞല്ലോ ഈജ്യ്പ്റ്റ്  നഗരം എന്നെ ഒട്ടും ആകർഷിച്ചിട്ടില്ല . പക്ഷെ ഈ  ഈജിപ്ഷിൻ സുന്ദരി ... അവൾ ആരായാലും എനിക്ക് അവളോടു സംസാരിക്കണം  എന്ന് മനസു ഉറപ്പിച്ചു പറയുന്നു.  . എന്ത് പറയും. ഞാൻ ഇന്ത്യ ക്കരാൻ ആണെന്നോ?  നഗരം ചുറ്റി കറങ്ങുവാൻ  വന്നവൻ ആണെന്നോ? നിന്നെ പോലെ തന്നെ വലിയ ഒരു സംസ്കാര  പാരമ്പര്യം ഉള്ള രാജ്യത്തു  നിന്നാണ് വരുന്നത് എന്നോ?   എങ്ങനെ തുടങ്ങണം .ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു. അവൾ എന്നെ കണ്ടു എന്ന് തോന്നി. പെട്ടെന്നാണ് അത് സംഭവിച്ചത്. അവൾ ബോട്ടിന്റെ ഡെക്കിൽ നിന്നും ഒഴുക്കുള്ള നദിയിലേക്ക് എടുത്തു ചാടി. ഒരു നിമിഷം . ഒരു നിമിഷത്തെ ഇടവേള .  ഞാൻ  അലറി വിളിച്ചു . ബോട്ട് നിറുത്തിപ്പിച്ചു  തിരച്ചിൽ  ആരംഭിച്ചു എങ്കിലും അവളുടെ ശരീരം  കണ്ടെത്തുവാൻ കഴിഞ്ഞില്ല. പിന്നീടുള്ള പല രാത്രികളിലും ഞാൻ ഉറക്കത്തിൽ ഞാൻ ഞെട്ടി ഉണർന്നു പോയിടുണ്ട് . ഉറക്കം വരാത്ത പല രാത്രികളിലും ഞാൻ അവളെ ഓർത്തു  കിടന്നിടുണ്ട്. ഇന്നും മനസ്സിൽ നിന്നും മായാത്ത നിൽക്കുന്നു അവളുടെ ആ മുഖം. എന്തിനായിരിക്കും  അവൾ ആഴത്തിലേക്ക് എടുത്ത് ചാടിയത്.   ജിവിതം അവസാനിപ്പിക്കുവാൻ ഒരുങ്ങും മുമ്പ് അവസാനമായി അവൾ  കണ്ട  മുഖം എന്ടെതല്ലയിരുന്നോ? എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരുവാൻ ദൈവങ്ങൾക്കും കഴിയില്ലല്ലോ.

ഇത് പോലെ എത്രയോ മരണങ്ങൾ  കണ്ടതാവാം ആ നദി.   അത് കൊണ്ട് തന്നെ ഒന്നും സംഭവിക്കാത്ത പോലെ നൈൽ പിന്നെയും ഒഴുകി കൊണ്ടേ ഇരിക്കുന്നു.



2015, മാർച്ച് 13, വെള്ളിയാഴ്‌ച

ഹെഡ്മാസ്ടറും ശിഷ്യനും



അയാളുടെ  ഇന്റ്ർവ്യൂ ഇന്നാണ് .  ക ണ്ണാടിയിൽ  ഒരിക്കൽ കുടി  നോക്കി അയാൾ തൃപ്തി വരുത്തി. നെറ്റിയിലേക്ക് വീണ ചുരുണ്ട  മുടി ഇഴകൾ കൈ വിരൽ കൊണ്ട് കൊതി ഒതുക്കി.  വെള്ളയിൽ നീല  വരയുള്ള ടൈ   വീണ്ടും  മുറുക്കി കെട്ടി. വിരലുകൾ കൊണ്ട് മീശ ഒന്നും കുടി ഒതുക്കി താഴ്ത്തി  വച്ചു .
വയ്യാതെ കിടക്കുന്ന അച്ഛന്റെ  കാൽ തൊട്ടു  വന്ദിച്ചു അയാൾ യാത്രയായി. മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ഈശ്വരാ ഈ ജോലി എങ്കിലും കിട്ടണേ. അച്ഛൻ പഠിപ്പിച്ച കുട്ടികൾ എത്ര പേർ നല്ല നിലയിൽ ആയിരിക്കുന്നു. പക്ഷെ തനിക്കു മാത്രം ജോലി കിട്ടുവാൻ എന്തെ ഇത്ര കാലതാമസം?  ഘന ഗംഭീരനായി,  ശിരസ്  ഉയർത്തി  കൈയിൽ  നീണ്ട ചൂരൽ വടിയുമായി നടന്നു നീങ്ങുന്ന അച്ഛന്റെ ചിത്രം. കറ പുരളാത്ത വെള്ള പോളിസ്റ്ർ  മുണ്ടും, വെള്ള ഷർട്ടും അതായിരുന്നു എന്നും അച്ഛന്റെ വേഷം. എത്ര വിക്രതി കുട്ടികളും മാരാർ സാറിനെ കണ്ടാൽ ചൂളുമായിരുന്നു.  വെള്ളി കെട്ട്  കെട്ടിയ വളച്ചാൽ രണ്ടു അറ്റവും കുട്ടി മുട്ടുന്ന വള്ളി ചുരലിന്റെ സ്വാദ് അനുഭവിക്കാത്ത  തെമ്മാടി  കുട്ടികൾ ആ സ്കുളിൽ കുറവ് ആയിരുന്നു. ഉറച്ച സ്വരത്തിൽ  'എടാ'  എന്നുള്ള നീട്ടിയ ആ വിളി മാത്രം മതി. കുട്ടികൾ ഓടി ഒളിക്കുവാൻ . അങ്ങനെ യുള്ള മാരാർ സാർ ആണ് ഇന്ന് ശരീരം തളർന്നു കിടക്കുന്നത്. അച്ഛനടെ  ഈ കിടപ്പ് കാണാതെയാണ്  അമ്മ പോയത്,  അച്ഛൻ പെങ്ങൾ മാലിനി അമ്മായി ഉണ്ട് ഒരു സഹായത്തിനു. ബാലമാമ്മ  മരിച്ചപോൾ അച്ഛൻ പോയി കൂട്ടി കൊണ്ട് വന്നതാണ്‌. ഇപ്പോൾ അമ്മായി ഉള്ളത് അയാൾക്കും , ജാനകിക്കും  ഒരു വലിയ സഹായം തന്നെ ആണ് .എല്ലാവരും കരുതുന്ന പോലെ അത്ര  സ്നേഹ ശൂന്യൻ ആയിരുന്നില്ല അച്ഛൻ. വീട്ടിൽ അദ്ദേഹം ഒരിക്കലും മാരാർ സാർ ആയിരുന്നില്ല. തനിക്കും , ജാനകിക്കും സ്നേഹമുള്ള പിതാവ് തന്നെ ആയിരുന്നു. പക്ഷെ സ്കൂളിൽ  മകൻ ആണെന്ന് ഒരു സ്വതന്ത്ര്യും അദ്ദേഹം അനുവദിചു തന്നിരുന്നില്ല.  അച്ഛന്റെ ചൂരൽ കഷായം താനും ഏറ്റിട്ടുണ്ട് . ചെറു തെറ്റുകള്ക്ക് പോലും അദ്ദേഹം ക്രൂരമായി ശിക്ഷിക്കുമായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് 'കാലൻ മാഷ് ' എന്നാ വിളി പേരും ഉണ്ടായിരുന്നു.

ചിന്തകളിലൂടെ നടക്കവേ  നേരം പോയത് അറിഞ്ഞില്ല. തിരക്ക് പിടിച്ച ബസിൽ കയറി കോണിയിൽ ചാരി അയാൾ നിന്നു . അവസാനം അയാൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് വണ്ടി  നിറുത്തി. ഒരു സോഡാ കുടിച്ചാലോ. പിന്നെ വേണ്ട എന്ന് വച്ച്  നടന്നു. വേനൽ ചൂടിൽ  വിയർപ്പോടെ അയാൾ  നടക്കവേ ആ  കെട്ടിടം കണ്ടു. ''റേക്സോ ഇന്ട്ർ   നാഷനൽ ".  അയാൾക്ക് മുമ്പ് വന്ന ഒരു പാടു പേർ തങ്ങളുടെ ഊഴവും കാത്തിരിക്കുന്നു. ഒഴിഞ്ഞ ഒരു കസേരയിൽ അയാളും  ഇരുന്നു. A C യുടെ  സുഖശീതളത അയാളെ തഴുകി. പേര് വിളിക്കുന്ന ക്രമത്തിൽ ഓരോരുത്തരും അകത്തേക്ക്പോയിയും വന്നും കൊണ്ടേ ഇരുന്നു.

ഒടുവിൽ അയാളുടെ ഊഴവും വന്നു. മാനേജിംഗ്
ഡയരക്ടർ എന്ന  ബോർഡിന് മുകളിൽ  സോമനാഥൻ  നമ്പ്യാർ  എന്ന വെള്ള അക്ഷരത്തിൽ ഇംഗ്ലീഷിൽ എഴുതി വച്ച ബോർഡ്‌.ചാര നിറത്തിലുള്ള സുട്ട് .   സ്വർണ  നിറമുള്ള കണ്ണട,  ഏറിയാൽ  ഒരു അൻപത്തി അഞ്ചു വയസ് പ്രായം തോന്നും.  അവിടെ അവിടെയായി നരച്ച തലമുടികൾ.  നമ്പ്യാരുടെ  നോട്ടം കണ്ടാൽ അറിയാം  അയാളെ പിടിചിട്ടില്ല  എന്ന്. നമ്പ്യാർ ഇരിക്കുവാൻ  ആങ്ങ്യം കട്ടി. പിന്നെ ചൂണ്ട വിരൽ  കൊണ്ട് കണ്ണട ഒന്ന് പതുക്കെ ഉയർത്തി . അയാളെ നോക്കാതെ അയാളുടെ  സി.വി  സസൂക്ഷമം പരിശോധിച്ചു .  പിന്നെ പറഞ്ഞു '' you are not qualified for this job '  രണ്ടു വർഷം എങ്കിലും എക്സ്പിരിയനസ് ഉള്ളവർക്ക് മാത്രമേ ഈ ജോലിക്ക്  apply ചെയുവാൻ പാടുള്ളൂ എന്ന് കൃത്യമായി രേഘ പെടുത്തി ഇരുന്നല്ലോ.  നമ്പ്യാർ ഗൌരവത്തോടെ പറഞ്ഞു. അയാൾ  ആകെ വല്ലാതായി. ദയനീയ സ്വരത്തിൽ അയാൾ പറഞ്ഞു സാർ എനിക്ക് ഒരാവസരം തരണം. സാർ എന്നെ സെലക്ട്‌ ചെയ്‌താൽ ഞാൻ പ്രൂവ് ചെയ്യാം സാറിന്റെ തിരുമാനം ശരി ആയിരുന്നു എന്ന്.  ഇതും കുടി കിട്ടിയില്ലെങ്കിൽ.   എന്റെ അവസ്ഥ വളരെ കഷ്ടമാണ് സാർ.

അച്ഛൻ തളർന്നു കിടക്കുകയാണ്. അച്ഛന് മരുന്ന് മേടിക്കുവാൻ മാത്രെമേ പെൻഷൻ തുക തികയുകയുള്ളൂ.   ഈ ജോലി  കുടി കിട്ടിയില്ല എങ്കിൽ പിന്നെ അച്ഛന് താങ്ങാൻ ആവുകയില്ല.  സഹായിക്കണം സാർ . ഒരവസരം തരണം സാർ  നിറുത്താതെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.

നമ്പ്യാർ അയാളെ നോക്കി.  ആദ്യമായിട്ടാണ് ഒരു ഉദ്യോഗാർഥി  ഇങ്ങനെ ജോലിക്ക് അപേക്ഷികുന്നത്. എത്രയോ വർഷങ്ങൾ , ഇത് പോലെ ഒരാളും ജോലിക്ക് വേണ്ടി  യാചിച്ചട്ടില്ല.  നമ്പ്യാർ അയാളെ നോക്കി ചോദിച്ചു അച്ഛന് എന്ത് പറ്റി. കഴിഞ്ഞ നാലു വർഷമായി അച്ഛൻ തളർന്നു കിടക്കുകയാണ് . പക്ഷാഘാതം ആണ്‌ .  ഇനി ഇപ്പോൾ മരുന്നുകൾ മാത്രം ആണ് ആശ്രയം.

അച്ഛന് ജോലി എന്തായിരുന്നു?  നമ്പ്യാർ വീണ്ടും ചോദിച്ചു.  അച്ഛൻ ഗണിതാ അധ്യാപകൻ ആയിരുന്നു.  മാരാർ സാർ എന്ന് പറയും.  കേരള വർമ സ്കൂളിലെ ഹെഡ് മാസ്റർ ആയി റിട്ടയർ ചെയ്തു.  ഇപ്പോൾ ആറു വർഷം ആകുന്നു.

നമ്പ്യാർ അയാളെ നോക്കി ചാരി ഇരുന്നു. അയാളുടെ ഓർമ്മകൾ പിന്നിലേക്ക്‌ പോയി. വർഷങ്ങൾക്കു മുമ്പ് അയാൾ  തൊഴു കൈയോടെ പറഞ്ഞ വാക്കുകൾ . സാർ എന്നെ പുറത്താക്കരുത് . ഞാൻ ചെയ്ത തെറ്റ് ഇനി ആവർത്തിക്കില്ല. പക്ഷെ എത്ര കേണു അപേക്ഷിച്ചിട്ടും അധ്യാപകൻ  അയാളെ ആ സ്കുളിൽ തുടരുവാൻ അനുവദിച്ചില്ല.  ടി  സി  നൽകി  പറഞ്ഞ്  അയച്ചു. സ്റ്റാഫ്‌ റൂമിൽ കയറി പരീക്ഷാ പേപ്പർ മോഷ്ടിച്ച് എന്നായിരുന്നു അയാൾ  ചെയ്ത കുറ്റം.

നമ്പ്യാർ അയാളെ നോക്കി. പിന്നെ പറഞ്ഞു ശരി ഞാൻ നിങ്ങൾക്ക് ഒരവസരം തരാം. മുന്ന് മാസം പ്രോബോഷ്ൻ പിരിയട് ആണ്. നിങ്ങൾ ഈ ജോലിയിൽ സമർഥൻ അല്ല എന്ന് കണ്ടാൽ നിങ്ങളെ പിരിച്ചു വിടുന്നതയിരിക്കും.

നമ്പ്യാരുടെ വാക്കുകൾ അയാൾക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല.  ഒരു ദേവദൂതന്ടെ  വാക്കുകൾ എന്ന പോലെ കാതിൽ വന്നലച്ചു . സന്തോഷം കൊണ്ട് അയാൾക്ക്  വാക്കുകൾ കിട്ടിയില്ല. പിന്നെ അയാൾ പറഞ്ഞു. അച്ഛൻ ഏറെ നാൾ ആയി കൊതിച്ച ഒരു വാർത്ത‍യാണിത്‌ . സാറിനു കോടി പുണ്യം കിട്ടും .

സന്തോഷത്തോടെ നടക്കുവാൻ ആരംഭിച്ച അയാളെ നമ്പ്യാർ പിറകിന്നു വിളിച്ചു.  തിരിഞ്ഞു നോക്കിയ അയാളോട് പറഞ്ഞു മാരാർ സാറിനെ ഞാൻ അന്വേഷിച്ചതായി പറയണം. ചോദ്യ ഭാവത്തിൽ നിൽകുന്ന അയാളോടായി നമ്പ്യാർ പറഞ്ഞു. 8 c  യിൽ ഉണ്ടായിരുന്ന സോമൻ . തല്ലുകൊള്ളി സോമൻ എന്ന് പറഞ്ഞാൽ മതി.

അയാൾ തല കുലുക്കി  പിന്നെ പതിയെ നടന്നു പോയി.  ചില്ല് ജനാലയിലൂടെ  അയാൾ മറയും വരെ നമ്പ്യാർ അയാളെ തന്നെ നോക്കി ഇരുന്നു.  പിന്നെ  മാരാർ  സാറിന്റെ ചുരൽ  കഷായം  ഏറ്റ  വലം കൈ നമ്പ്യാർ പതിയെ തടവി.  സുഖമുള്ള ഒരു  നൊമ്പരം. അപ്പോൾ  നമ്പ്യാരുടെ  ചുണ്ടിൽ  ഒരു   മന്ദസ്മിതം   തളിർക്കുന്നുണ്ടായിരുന്നു .