2014, ഫെബ്രുവരി 9, ഞായറാഴ്‌ച

ഏകാന്തം (കഥ)


ആശുപത്രിയുടെ വരാന്തയിലെ ചാരു ബെഞ്ചിൽ ചാഞ്ഞിരുന്നു ഓരോ രോഗികളെയും അവരുടെ കൂടെ വന്നിരിക്കുന്ന ആളുകളെയും നോക്കി ഇരിക്കുകയാണ് ഇപ്പോൾ അയാളുടെ പ്രധാന ജോലി. ഇടയ്ക്കു കോണി പടികൾ കയറി മുകളിലത്തെ ഇടനാഴിയിൽ എത്തി അവിടുത്തെ തിരക്ക് നോക്കി ഇരിക്കും. മുകളിലത്തെ ജനാലയിലൂടെ  നോക്കിയാൽ   അങ്ങ്  അകലെയായി കടലു കാണാം . കടലും , ആകാശവും  ഒരു നേർത്ത
രേഖയായി കൂട്ടിമുട്ടുന്നപോലെ .

വാർഡിന്റെ വരാന്തയിൽ എത്തിയാൽ വിളറിയ  മുഖങ്ങൾ കാണാം . കട്ടിൽ കിട്ടാത്തവർ അവിടെ അവസരം നോക്കി ഇരിക്കുന്നു. ഡെറ്റോളിന്റെ ഗന്ധത്തേക്കാൾ  ഉയർന്നു നില്കുന്നത് രോഗത്തിന്റെ ഗന്ധം ആണെന്ന് തോന്നും. അഴകിയ വ്രണങ്ങളുടെയോ , മലിനമായ ശരീരത്തിന്റെയോ , ചലം പുരണ്ട വസ്ത്രങ്ങളുടെയോ മണം.വറ്റുകൾ പൊങ്ങിയ കഞ്ഞി പത്രം കൊണ്ട് മുമ്പിലൂടെ ഒരു ചെറുക്കൻ നടക്കുന്നു. 

വെള്ളം  പോലെ തോന്നിക്കുന്ന ദ്രാവകം സ്റ്റാൻഡിൽ ഉറപ്പിച്ചു നിറുത്തി അമ്മാവന്റെ ചുളിഞ്ഞ കൈ തണ്ടയിലേക്കു ഇറ്റു  വീഴുന്ന  തുള്ളികളെ നിയന്ത്രിച്ചിരുന്ന നേഴ്‌സ് പുറത്തേക്കു പോയി.

അയാളുടെ അമ്മാവൻ ഈ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിട്ട് ഇപ്പോൾ ഒരാഴ്ചയിൽ ഏറെ ആയി. നാട്ടിൽ ഇപ്പോൾ ചെറുപ്പക്കാരെ കണി കാണുവാൻ ഇല്ലല്ലോ. ഇപ്പോൾ എല്ലാവരും ഒന്നുകിൽ വിദേശത്ത് അല്ലെങ്കിൽ ജോലി സംബന്ധമായി എവിടെയോ, അല്ലെങ്കിൽ  തന്നെ എവിടെയാ അവർക്ക് സമയം. കൂടെ പഠിച്ച എല്ലാവരും ഇപ്പോൾ പുറത്താണ്. അമ്മാവന്റെയും അമ്മായിയുടെയും രണ്ടു മക്കളും പുറത്താണ്. ഒരാൾ ദുബായിലും , മറ്റൊരാൾ സൗദിയിലും.

കുറച്ചു മുമ്പ് ഡോക്ടർ വന്നു അമ്മായിയോട് പറയുന്ന കേട്ടു . എല്ലിന് പൊട്ടൽ   ഉണ്ട്.  പക്ഷെ അതല്ല ഇപ്പോൾ  പ്രശ്നം. ഹാർട്ട് വീക്ക് ആണ്. ഓപ്പറേഷൻ വേണ്ടി വരും. ഇപ്പോഴത്തെ അവസ്ഥയിൽ അതിനു  പറ്റില്ല . ഇത് കഴിഞ്ഞിട്ട്  നോക്കാം .  തല ചെറുതായി ചൊറിഞ്ഞു കൊണ്ട് ഡോക്ടർ പറഞ്ഞു, അല്ലെങ്കിലും അതിനൊന്നും ഇവിടെ സൗകര്യം ഇല്ല.
കാർഡിയോഗ്രാം,സ്കാനിംഗ് ,ബ്ലഡ് ടെസ്റ്റ് , അതൊക്കെ ചെയ്തു നോക്കണം . എന്തായാലും ഇവിടെ വേണ്ട. അത്രയും   പറഞ്ഞിട്ട് ഷൂസിട്ട കാലുകൾ അകന്നു പോയി.

പ്രീഡിഗ്രി തോറ്റ പഠിപ്പ് നിറുത്തിയ അയാൾ മാത്രം ആണ് ഇപ്പോൾ ആ ചുറ്റുവട്ടത്തെ വീട്ടിൽ  അവശേഷിക്കുന്ന ഏകആണ്‍തരി. ഈ അമ്മാവൻ തന്നെ വള്ളി ചൂരലിൽ എത്ര തവണ ചന്തി പുകച്ചിട്ടുണ്ട് . പക്ഷെ
ഒരാവശ്യത്തിനു കടയിൽ പോകുവാനും, ആശുപത്രിയിൽ  നിൽക്കുവാനും പുകഞ്ഞ കൊള്ളിയായി അയാൾ മാത്രം അവശേഷിക്കുന്നു.

മക്കളെ കുറിച്ച് അമ്മായിക്ക് നല്ല ഗർവ്വായിരുന്നു . എത്രയോ തവണ സ്വന്തം മക്കളെ പുകഴ്ത്തിയും തന്നെ താഴ്ത്തിയും അമ്മയോട് അമ്മായി സംസരിച്ചിട്ടുണ്ട് . അന്ന് അവർക്കത്‌ ഒരു രസം ആയിരുന്നു . അന്നും ഇന്നും അയാൾക്കാരോടും മനസിൽ പോലും  ശത്രുത പൊട്ടി മുളച്ചിട്ടില്ല. ഒരു  പക്ഷെ പണ്ടേ തൊട്ടേ   മന്ദൻ  എന്ന വിളിപേർ  ഉൾകൊണ്ടിട്ടായിരിക്കം . വീട്ടുകാർക്കു  വേണ്ടാത്ത  അയാൾ തന്നെ അവർക്കാശ്രയമായി എന്നത് യാഥാർഥ്യം

കുത്തി നോവിച്ച വാക്കുകൾക്കിടയിലും അമ്മയുടെ മൗനം പലപ്പോഴും അയാളെ അത്ഭുതപെടുത്തിയിട്ടുണ്ട്. അമ്മായിയുടെ മുന്നിൽ ഉത്തരങ്ങൾ ഇല്ലാഞ്ഞിട്ടാണോ അതോ അമ്മയുടെ നിസ്സഹായാവസ്ഥ കൊണ്ടാണോ 'അമ്മ അന്ന് ഒരു വാക്ക് പോലും ഉരിയാടാഞ്ഞത്. പലവട്ടം ഇതേ ചോദ്യം അയാൾ ചോദിച്ചിട്ടുണ്ട് . തന്നോട് തന്നെ. അന്ന്  അതിന് ഉത്തരം ഉണ്ടായില്ല. . പക്ഷെ ഇപ്പോൾ അറിയുന്നു. എന്തുകൊണ്ടാണ്  അമ്മ മറുവാക്കുകൾ പറയാഞ്ഞത് എന്ന്.വിളക്കി ചേർക്കുവാൻ കഴിയാത്ത വിധം ബന്ധങ്ങളുടെ കണ്ണി  അറ്റു പോകരുത് എന്ന് കരുതിയാവാം ..

തല്ലു കൊള്ളുവാൻ എന്തെങ്കിലും കാരണം ഉണ്ടായിരുന്നോ, അറിയില്ല, ഇല്ലെങ്കിൽ അതിനുള്ള  കാരണം അയാൾ  തന്നെ ഉണ്ടാക്കുമായിരുന്നു.
പണ്ട് രാഘവേട്ടൻ പറഞ്ഞിട്ട് മച്ചിനകത്തു കയറിയ കാര്യം ഓർത്തു. ഇപ്പോൾ രാഘവേട്ടൻ ദുബായിൽ ആണ്. വലിയ വീട്ടിലെ പെണ്ണിനെ  കെട്ടി അവിടെ കഴിയുന്നു. ആണ്ടിൽ ഒരിക്കൽ വന്നാൽ ആയി .

ഭഗവതി മച്ചിനകത്താണ് . എല്ലാവർക്കും  ഭഗവതിയെ ഭയമാണ് . പക്ഷെ അവനു ഭയമില്ലായിരുന്നു.  എന്തിനു ഭയക്കണം . ഭഗവതി  മനുഷ്യരെ  രക്ഷിക്കുന്നവൾ അല്ലെ?  അപ്പോൾ എന്തിനു ഭയപ്പെടണം.

മച്ചിന്നു  മുന്നിലൂടെ എച്ചിലായിട്ടോ, അയിത്തമായോ നടക്കുവാൻ പാടില്ല . മച്ചിന്റെ  വാതിലിനു നേരെ കിടക്കുവാൻ  പാടില്ല .  എന്തെങ്കിലും ഭഗവതിക്ക് പിടിക്കാത്തത്‌ ചെയ്താൽ പിന്നെ ഓർക്കേണ്ട . വിത്ത് എറിയും.   വിത്ത് എന്നാൽ വസൂരി . ആ ദീനം വന്നാൽ   തീർന്നത് തന്നെ.

മച്ചിനകത്തു ചൊവ്വയും , വെള്ളിയും  വിളക്കു കത്തിക്കുവാൻ അവനു അനുവാദമുണ്ട്. അന്നേ  ദിവസം  അത് ചെയുന്നത് അവനാണ്. കർപ്പൂരം ഉണ്ടെങ്കിൽ അതും  കത്തിക്കാം . കാവിലെ ശാന്തിക്കാരൻ   ചെയ്യും പോലെ കർപ്പൂരം ഉഴിഞ്ഞു പൂജിക്കാം . പക്ഷെ ആഴ്ച്ചയിൽ രണ്ടു ദിവസം മാത്രമേ പറ്റുകയുള്ളു . അതാണ് നിയമം . ബാക്കിയുള്ള ദിനങ്ങൾ എല്ലാം മച്ചിന്റെ   വാതിൽ അടച്ചിട്ടും.

രാഘവേട്ടൻ പറഞ്ഞു,

" എടാ , ഇന്ന്  തിങ്കളാഴ്ച അല്ലെ, നിനക്കു എന്ത് കൊണ്ട്
ഇന്ന് മച്ചിൽ വിളക്കു കത്തിച്ചു കൂടാ? നീ പോയി കത്തിക്ക് . ഭഗവതിക്കിഷ്ടമാകും "

 അങ്ങനെ ഉച്ചക്ക് എല്ലാവരും ഉറങ്ങുന്ന നേരം താനും  , രാഘവേട്ടനും കൂടി മച്ചിനകത്തു കയറുവാൻ തീരുമാനമായി. അടുത്തു  എത്തിയപ്പോൾ രാഘവേട്ടൻ പറഞ്ഞു

"നീ   അകത്തു കയറിക്കോ, ഞാൻ പുറത്തു കാവലിരിക്കാം , ആരെങ്കിലും വന്നാൽ വിസിൽ ഊതാം ."

അകത്തു കയറി വിളക്ക്   കത്തിക്കുന്നതിനിടയിൽ രാഘവേട്ടൻ ഉച്ച  മയക്കത്തിൽ ആയിരുന്ന അമ്മായിയെ വിളിച്ചുണർത്തി . പിന്നെ പോരെ പൂരം.

" അശ്രീകരം. ഭഗവതി പൊറുക്കണമേ . നിന്റെ  തോന്നിവാസം കൊണ്ട് ഈ തറവാട് മുടിക്കും.ഇങ്ങനെ ഒരു മന്ദൻ  ഈ തറവാട്ടിൽ ജനിച്ചല്ലോ. സുകൃതക്ഷയം." എന്നൊക്കെ പറഞ്ഞു വലിയവായിൽ  ഒച്ചയുണ്ടാക്കി.

എന്ത് പറയുവാൻ , വലിയമ്മാവൻ ഉണർന്നു. രാഘവേട്ടൻ ചൂരൽ  എടുത്തു അമ്മാവന് കൊടുത്തു. പിന്നെ  ചന്തി പൊട്ടും വരെ അടിച്ചു.

കുറച്ചു നേരം കഴിഞ്ഞപോൾ അയാളുടെ അരികിലായി വേറെ ഒരാൾ വന്നിരുന്നു. മുടി എല്ലാം നരച്ച  നന്നായി പ്രായം തോന്നിപ്പിക്കുന്ന ഒരു വയസ്സൻ. നരച്ച ജുബ്ബ , ജുബ്ബക്ക് മുകളിലായി  ഒരു രണ്ടാം മുണ്ട് ചുറ്റിയിട്ടുണ്ട് . കട്ടി കണ്ണട  ധരിച് അയാൾക്ക് സിനിമ നടൻ തിലകന്റെ  ഛായ  ഉള്ളതായി തോന്നി . കഴിഞ്ഞ രണ്ടു മുന്ന് ദിവസമായി ഈ മനുഷ്യനെ അയാൾ ഇവിടെ കണ്ടിട്ടുണ്ട് . 102 ലോ 105 ലോ അയാളുടെ ഭാര്യ ആണെന്ന് തോന്നുന്ന സ്ത്രീ അഡ്മിറ്റ്‌ ആയിട്ടുണ്ട്. പലപ്പോഴും വരാന്തകളിലൂടെ നടക്കുമ്പോൾ വാതിൽ തുറന്നിട്ട  മുറികൾ അയാളുടെ കണ്ണുകൾ  ഉഴിയാറുണ്ട് . അത് അത്ര നല്ല ശീലം അല്ലെങ്കിലും , ഇനി ഇപ്പോൾ ശീലവും ശീലക്കേടുകളും മാറ്റുവാൻ പറ്റുമോ .  പക്ഷെ ഇത് വരെ ആ മനുഷനുമയി സംസാരിക്കുവാൻ  കഴിഞ്ഞിട്ടില്ല. അയാൾ വൃദ്ധനെ നോക്കി വെറുതെ ഒന്ന് മുരടു അനക്കി. വൃദ്ധൻ വേറെ ഏതോ ലോകത്താണെന്നു തോന്നിച്ചു .

ആരോടും ഒരു മറയും ഇല്ലാതെ കയറി സംസാരിക്കുന്നതു അയാളുടെ സ്വഭാവം ആയിരുന്നു. അല്ലെങ്കിലും അതിനുള്ള  വകതിരുവല്ലേ അയൾക്കുള്ളു.  അയാൾ പതിയെ വൃദ്ധനെ തൊട്ടു കൊണ്ട് ചോദിച്ചു
"ആരാ   ആശുപത്രിയിൽ ."

 അയാൾ അവനെ തുറിച്ചു നോക്കി പിന്നെ പറഞ്ഞു.

" ജാനകി, എന്റെ ഭാര്യ  "  .പിന്നെയും കുറച്ചു നേരത്തെ മൌനത്തിനു ശേഷം അയാൾ വീണ്ടും   എന്തോ ചോദിച്ചു . വൃദ്ധൻ അത് കേട്ടില്ലേ എന്ന് തോന്നി.

"എന്തൊരു ഉഷ്ണം , "

വൃദ്ധൻ മേൽ മുണ്ട് പതിയെ വീശി. പിന്നെ  പുറത്തേക്കു നോക്കികൊണ്ട്‌  പറഞ്ഞു .

"ചിലപ്പോൾ ഇന്ന് മഴ പെയ്തേക്കും . അതായിരിക്കാം ഇത്രയ്ക്കു ഉഷ്ണം "

അയാൾ വൃദ്ധനെ അനുകൂലിച്ചു പറഞ്ഞു .

"എന്റെ അമ്മാവൻ 112 ൽ ഉണ്ട് . കഴിഞ്ഞ ആഴ്ച  ബാത്ത് റൂമിൽ വഴുക്കി വീണു എല്ല് പൊട്ടി.   മൂന്ന് നാല് ദിവസം കൂടി കിടക്കേണ്ടി വരുമായിരിക്ക്കും
അല്ലെ?"

അയാളുടെ പൊട്ടത്തരത്തിനു എന്തോ വൃദ്ധൻ   ഉത്തരം പറഞ്ഞില്ല .  ഒന്നും പറയാത്തകൊണ്ടാകാം അയാൾ വീണ്ടും ചോദിച്ചു

"അമ്മച്ചിക്കെന്താ പറ്റിയത്?"

കുറച്ചു നേരത്തെ മൌനത്തിനു ശേഷം വൃദ്ധൻ പറഞ്ഞു .

"നെഞ്ച് വേദന എന്ന് പറഞ്ഞു കൊണ്ട് വന്നതാണ്‌ . അറ്റാക്കായിരുന്നു . ഭാഗ്യത്തിന് സമയത്ത് എത്തിക്കുവാൻ പറ്റി . അല്ലെങ്കിൽ എന്റെ ജാനകി "

അയാൾ പറഞ്ഞു നിറുത്തി.


"മക്കൾ ആരും വന്നിട്ടില്ലേ , അരികിൽ ആരേയും കാണാത്തത് കൊണ്ട് ചോദിച്ചതാ . "

" മക്കൾ ",   വൃദ്ധൻ അല്പം അരിശത്തോടെ പറഞ്ഞു നിറുത്തി .

"അതെന്താ?" വൃദ്ധനെ വിടുവാൻ അയാള്ക്ക് ഭാവം ഇല്ലായിരുന്നു.

"ആണായിട്ടും ,  പെണ്ണായിട്ടും ഒരുത്തനേ  ഉള്ളു , ഇപ്പോൾ അവൻ ഞങ്ങളുടെ അടുത്തില്ല . എവിടേയാ എന്ന് ദൈവം തമ്പുരാനേ അറിയൂ. " .

 അയാൾ വ്യസന ഭാവത്താൽ കൈ മലർത്തി .

"അതെന്താ അങ്ങനെ മകൻ ഇപ്പോൾ  എവിടേയാന്നു  , അറിയില്ലേ ?"

"വൃദ്ധൻ പറഞ്ഞു  കോയമ്പത്തൂരിൽ എവിടെയോ ഉണ്ട് എന്ന് തോന്നുന്നു . . കഴിഞ്ഞ ആഴ്ച അനിയന്റെ മകൻ , ശശി  അവനെ ട്രെയിനിൽ വച്ച് കണ്ടിരുന്നു.  അവൻ വന്നു പറഞ്ഞ പ്രകാരം അവൻ ഇപ്പോൾ കോയമ്പത്തൂരിൽ  ആണ്."


"അതെന്താ അവൻ അവിടെ നിൽക്കുന്നതു ഇപ്പോൾ മകൻ തുണ
ആകേണ്ടതല്ലേ ."

" കഴിഞ്ഞാഴ്ച  എനിക്ക് തീരെ വയ്യായിരുന്നു ശശി അക്കാര്യം  അവനോടു പറഞ്ഞു അപ്പോൾ അവൻ പറയുകയാ അവനു ഇങ്ങനെ ഒരു അച്ഛനും അമ്മയും ഇല്ല   എന്ന് കരുതിക്കോളൂ എന്ന്"

 ഒന്നും മനസിലാകാതെ തുറിച്ചു നോക്കിയ അയാളെ നോക്കി വൃദ്ധൻ തുടർന്നു .

"എല്ലാം കർമഫലം , അനുഭവിക്കുക അല്ലാതെ എന്താ."

 പൊട്ടനാണെൻങ്കിലും  അയാൾക്ക് കാര്യം കുറച്ചു പിടി കിട്ടി. ഒറ്റ മകൻ , വിവാഹ ശേഷം ഭാര്യയുടെ  താല്പര്യപ്രകാരം അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചിട്ടുണ്ടാകാം.ഇപ്പോഴത്തെ  സീരിയലുകൾ പറയുന്ന കഥ ഇത് തന്നെയാണല്ലോ.

"വൃദ്ധൻ നിറുത്തുവാൻ തയ്യാറാവാതെ തുടർന്നു . വിവാഹ ശേഷം ഏറെ നാളുകൾ കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാതെ ജാനകിയുടെ നിർബന്ധ പ്രകാരം ആണ് അങ്ങനെ ഒരു സാഹസത്തിനു മുതിർനതു . എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല അവൾ നിര്ബന്ധിച്ചു വയസാൻ കാലത്ത് ഒന്ന് ആശുപത്രി വരെ പോകണം എന്നുണ്ടെങ്കിൽ , ഒന്ന് കൊണ്ട് പോയി ആക്കുവാൻ ആരെങ്കിലും വേണ്ടേ . അവസാനം വൈകിയാണെങ്കിലും ഞാൻ സമ്മതിച്ചു . വൃദ്ധൻ തുടർന്നു .


അങ്ങനെ എന്റെ നാല്പത്തി ആറാം വയസീൽ ആണ് അവനെ ഞങ്ങൾ ദത്ത് എടുക്കുന്നത് .മേരി മാതാ ഓർഫനെജിൽ നിന്നും. ആദ്യം ഒന്നും അവൻ ഞങ്ങളുടെ മകൻ അല്ല എന്ന് പറഞ്ഞിരുന്നില്ല . ഒരു അല്ലലും
അറിയിക്കാതെ ആണ് അവനെ വളർത്തിയത് . ഞാൻ പത്തനാപുരം സ്കൂളിലെ സയൻസ് അദ്ധ്യാപകൻ ആയിരുന്നു. ആ സ്കൂളിലെ ഗണിത   അദ്ധ്യാപിക ആയിരുന്നു ജാനകി. ഞങ്ങുളുടെ ഒരു പ്രേമ വിവാഹം ആയിരൂന്നു.വിവാഹ ശേഷം  അല്പം യാഥാസ്തിക ചിന്താഗതിക്കാരായ ജനകിയുടെ വീടുകാർ ഞങ്ങളിൽ നിന്നും അകന്നു.വീട്ടുകാരെ പിരിഞ്ഞ ജാനകിക്ക് ഇനിയും ഒരു വിഷമം തങ്ങേണ്ടി വരരുത്  എന്ന് കരുതിയാണ് ഇഷ്ടമില്ലാഞ്ഞിട്ടും ആ ദത്തിനു സമ്മത്തിച്ചത് .  അങ്ങനെയാണ്  പ്രതാപൻ   ഞങ്ങളുടെ  ജീവിതത്തിലേക്ക് കടന്നു വരുനത്‌. . സന്തോഷത്തിന്റെ  നാളുകൾ ആയിരുന്നു ആദ്യമൊക്കെ "

പഠനത്തിൽ  അവൻ പിറകോട്ടായിരുന്നു. കൂട്ട് കൂടി നടക്കണം .  എത്ര
ഗുണദോഷിച്ചിട്ടും അവനു യാതൊരു മാറ്റവും ഉണ്ടായില്ല. പിന്നെ പിന്നെ അവനു വലിയ അപകർഷതാ ബോധം തോന്നി  തുടങ്ങിയിരുന്നു . വെളുത്ത അച്ഛനും അമ്മയ്ക്കും ഉണ്ടായ കറുത്ത കുട്ടി . നിറത്തിൽ ഒന്നും കാര്യമില്ല എന്ന് ഞാൻ അവനെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചു. പക്ഷെ പ്രായം ചെല്ലും തോറും അവൻ എങ്ങനയോ ആ സത്യം മനസിലാക്കി.  ഒടുവിൽ അവന്റെ മുമ്പിൽ ഞങ്ങൾ മനസ് തുറന്നു . അതോടെ അവനു ഞങ്ങളോട്  ഒരു വാശി പോലെ. വീട്ടിൽ വന്നാലും മിണ്ടാട്ടം ഒന്നുമില്ല . ഏറെ നേരം കതകു അടച്ചു ഇരിക്കും. എന്തിനും ഏതിനും  കുറ്റം പറയും. അവന്റെ കൂട്ടുകെട്ട് അപകടത്തിൽ ആകുന്നവിധം പാർട്ടി ഗുണ്ടകളും , കൊട്ടേഷൻ അംഗങ്ങളും ഒക്കെ ആയിരുന്നു.  ഞങ്ങൾ എല്ലാവരും ഗുണദോഷിച്ചു , ഇങ്ങനെ നിന്നാൽ അവൻ വല്ല കൊലപാതകക്കേസിലും പ്രതി ആകുമെന്ന് വരെ പറഞ്ഞു.ഇവനെപ്പോലുള്ള പൊട്ടന്മാരെ ആണല്ലോ നേതാക്കൾ  വളർത്തി എടുക്കുന്നത് .

പ്രീഡിഗ്രി പാസ്സായ അവന് വളരെ കഷ്ട പെട്ടിട്ടാണ്  ഒരു എഞ്ചിനീയറിംഗ് സീറ്റ്   പേയ്‌മെന്റ് കോട്ടയിൽ  മേടിച്ചു കൊടുത്തത് . അത് അവനു അനുഗ്രഹമായി . ഹൊസ്റ്റലിൽ ചേർന്ന അവൻ വീടിലേക്ക്‌ വരാതായി.
രൂപ ആവശ്യം ഉള്ളപ്പോൾ അവൻ വിളിച്ചു പറയും .പിന്നെ പിന്നെ ആവശ്യങ്ങൾ കൂടി കൂടി വന്നു . എത്ര രൂപ അയച്ചാലും അവനു മതി ആവില്ല. ബൈക്ക് വേണമെന്ന് നിർബന്ധം പിടിച്ച അവനു ബൈക്കും മേടിച്ചു കൊടുത്തു . എന്നിട്ടും അവന്റെ ആവശ്യങ്ങൾ തീർന്നില്ല.

തല നരച്ച ഞാൻ ഹൊസ്റ്റലിൽ  ചെല്ലുന്നത്  അവനു ഇഷ്ട മായിരുന്നില്ല . കൂടുകരോട് അവൻ എന്നെ പറ്റി പറഞ്ഞത്   ഒരു കെയർട്ടേക്കർ  ആണെന്നാണ് . റാഗിങ്ങ് കേസിൽ പ്രതിയായ അവനെ കോളേജിൽ നിന്നും സസ്പെണ്ട് ചെയ്തു . കോളേജിൽ നിന്നും പുറത്താക്കിയ   അവനെ ഞാൻ ഒരുപാടു വഴക്ക് പറഞ്ഞു. എതിർത്തു പറഞ്ഞ എന്നെ അവൻ തള്ളി താഴെയിട്ടു. അപ്പോൾ ജാനകിയാണ് അവനോട് ഇറങ്ങി പോകുവാൻ  പറഞ്ഞത്. നിന്നെപ്പോലെ ഒരു മകനെ ഞങ്ങൾക്കാവശ്യം ഇല്ല എന്നവൾ തറപ്പിച്ചു റഞ്ഞു. ഇത്രയും കാലം നിന്റെ പാപം ഞങ്ങൾ ക്ഷമിച്ചു . ഇനി വയ്യ . എങ്ങോട്ടു വേണമെങ്കിലും പൊയ്ക്കോളൂ  .


അന്ന്  അവൻ വീട് വിട്ടു ഇറങ്ങിയതാ പിന്നെ ഒരു വിവരവും ഇല്ല. . ഇപ്പോൾ അവൻ പറയുന്നു അവന്റെ ജീവിതം തുലച്ചത് ഞങ്ങൾ ആണത്രേ . ഇനി ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും അവനു വേണ്ട  എന്ന്. എല്ലാം അനുഭവിക്കുക . അല്ലാതെ എന്താ ചെയുക...."

102 ലെ ആരെങ്കിലും ഉണ്ടോ? നേഴ്സ് വിളിക്കുന്ന ശബ്ദം കേട്ട് പതിയെ പതിയെ   കാലുകൾ വച്ച്  വൃദ്ധൻ  പോകുന്നത്  അയാൾ നോക്കിയിരുന്നു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ