2026 മാർച്ച് 19, വ്യാഴാഴ്‌ച

ദൂരവേദികളിൽ നിന്നു കെനിയൻ മണ്ണിലേക്ക്:

 ഇന്ത്യൻ മഹാസമുദ്രത്തിന്റെ തിരമാലകൾ നൂറ്റാണ്ടുകളായി കിഴക്കൻ ആഫ്രിക്കയുടെ തീരത്തെ തഴുകിക്കൊണ്ടിരുന്നു. ആ തിരമാലകളോടൊപ്പം തന്നെ കഥകളും വന്നിരുന്നു—വ്യാപാരത്തിന്റെ കഥകൾ, യാത്രകളുടെ കഥകൾ, പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങൾ.


ആ കഥയിൽ പ്രധാനമായി ഇടംപിടിച്ചത് ഇന്ത്യയിൽ നിന്നെത്തിയവരുടേതാണ്.


ആദ്യമായി എത്തിയത് ഗുജറാത്തിൽ നിന്നുള്ള വ്യാപാരികളായിരുന്നു. കാലാവസ്ഥയുടെ മാറ്റങ്ങൾ മനസ്സിലാക്കി, മൺസൂൺ കാറ്റുകളുടെ ദിശ അനുസരിച്ച് അവർ ചെറിയ കപ്പലുകളിൽ യാത്ര ചെയ്ത് മുംബൈ, കച്ച്ഛ്, കാതിയാവാർ പ്രദേശങ്ങളിൽ നിന്ന് കിഴക്കൻ ആഫ്രിക്കയുടെ തീരങ്ങളിലേക്കെത്തി. അവർ എത്തിയ പ്രധാന കേന്ദ്രങ്ങൾ മൊംബാസ പോലുള്ള തുറമുഖ നഗരങ്ങളായിരുന്നു. അവർ കൊണ്ടുവന്നത് വസ്ത്രങ്ങൾ, മസാലകൾ, ചെറുകിട വ്യാപാര സാധനങ്ങൾ—പകരം ഇവിടുത്തെ ഐവറി, ത്വക്ക്, കൃഷി ഉൽപ്പന്നങ്ങൾ എന്നിവയുമായി വ്യാപാരം നടത്തി.

ആദ്യകാലത്ത് ഇവർ സ്ഥിരതാമസമാക്കിയില്ല. അവർ വരുകയും പോകുകയും ചെയ്തു. എന്നാൽ സമയം കടന്നപ്പോൾ, ചിലർ ഇവിടെ തന്നെ താമസിക്കാൻ തീരുമാനിച്ചു. ചെറിയ കടകൾ തുറന്നു—“ദുകാ” എന്ന് വിളിച്ചിരുന്ന ആ കടകൾ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യാപാരത്തിന്റെ ഹൃദയമായി മാറി. അവിടെയാണ് അവർ സ്വദേശികളുമായി ബന്ധങ്ങൾ സ്ഥാപിച്ചത്. ഭാഷ മാറി, സംസ്കാരം കലർന്നുപോയി, എന്നാൽ അവരുടെ തിരിച്ചറിവ് നഷ്ടപ്പെട്ടില്ല.

പിന്നീട്, ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പുതിയ അധ്യായം ആരംഭിച്ചു.

ഉഗാണ്ട റെയിൽവേ നിർമ്മാണത്തിനായി ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികളെ കൊണ്ടുവന്നു. പഞ്ചാബിൽ നിന്നുള്ള സിഖുകൾ, ഗുജറാത്തികൾ, മറ്റു ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ—എല്ലാവരും കഠിന സാഹചര്യങ്ങളിൽ ജോലി ചെയ്തു. കാടുകളും കാട്ടുമൃഗങ്ങളും രോഗങ്ങളും അവരുടെ ജീവിതം വെല്ലുവിളിച്ചു. ചിലർ ആ യാത്രയിൽ ജീവൻ നഷ്ടപ്പെടുത്തി. എന്നാൽ അവരുടെ പരിശ്രമം കിഴക്കൻ ആഫ്രിക്കയുടെ ഗതാഗതവും സാമ്പത്തികവും മാറ്റിമറിച്ചു.

റെയിൽവേ പൂർത്തിയായപ്പോൾ, പലരും ഇന്ത്യയിലേക്ക് മടങ്ങിയില്ല. അവർ ഇവിടെ തന്നെ തുടരാൻ തീരുമാനിച്ചു. അവർ പുതിയ ജീവിതം തുടങ്ങി—ചിലർ വ്യാപാരത്തിലേക്ക് തിരിഞ്ഞു, ചിലർ കച്ചവടം, കരകൗശലങ്ങൾ, സേവന മേഖലകളിൽ പ്രവേശിച്ചു.

കാലക്രമേണ, അവരുടെ സമൂഹം വളർന്നു.

ഹിന്ദുക്കൾ ക്ഷേത്രങ്ങൾ പണിതു—ആ ക്ഷേത്രങ്ങൾ വിശ്വാസത്തിന്റെ കേന്ദ്രങ്ങളായി മാത്രം നിന്നില്ല, സംസ്കാരത്തിന്റെ അടിത്തറയായി മാറി. അവിടെ ഉത്സവങ്ങൾ ആഘോഷിച്ചു, കുട്ടികൾക്ക് ഭാഷയും പാരമ്പര്യവും പഠിപ്പിച്ചു. സിഖുകൾ ഗുരുദ്വാരങ്ങൾ സ്ഥാപിച്ചു—അവിടെ എല്ലാവർക്കും ഭക്ഷണം നൽകുന്ന ലംഗർ സമ്പ്രദായം സമൂഹ ഐക്യത്തിന്റെ പ്രതീകമായി.

മലയാളികൾ പിന്നീട് എത്തിയവരാണ്—പ്രധാനമായും 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ. അവർ ഡോക്ടർമാർ, നഴ്‌സുമാർ, അധ്യാപകർ, പ്രൊഫഷണലുകൾ ആയി ഇവിടെ സേവനം ചെയ്തു. അവരുടെ സമൂഹം ചെറിയതായിരുന്നെങ്കിലും, അവർ വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും വലിയ സംഭാവന നൽകി.

എന്നാൽ ഈ യാത്ര എളുപ്പമായിരുന്നില്ല.

ചില കാലങ്ങളിൽ രാഷ്ട്രീയവും സാമൂഹികവും മാറ്റങ്ങൾ ആശങ്കകൾ സൃഷ്ടിച്ചു. ചിലർക്ക് അവരുടെ സ്ഥാനം അനിശ്ചിതമായി തോന്നി. എന്നാൽ പലരും ഈ നാടിനെ തന്നെ സ്വന്തം വീടായി കണ്ടു. അവരുടെ മക്കൾ ഇവിടെ ജനിച്ചു വളർന്നു—അവർക്ക് ഇന്ത്യ ഒരു ഓർമ്മ മാത്രമായി, കെനിയയാണ് യഥാർത്ഥ മാതൃഭൂമി.

ഇന്ന്, അവരുടെ സംഭാവനകൾ കെനിയയുടെ സമ്പദ്‌വ്യവസ്ഥയിൽ വ്യക്തമാണ്.

ചെറിയ കടകളിൽ നിന്ന് വലിയ വ്യവസായങ്ങളിലേക്ക്—വ്യാപാരം, നിർമ്മാണം, ബാങ്കിംഗ്, വിദ്യാഭ്യാസം—എല്ലാ മേഖലയിലും അവർ പങ്കുവഹിച്ചു. അവർ ജോലി സൃഷ്ടിച്ചു, നികുതി നൽകി, സമൂഹ വികസനത്തിൽ പങ്കാളികളായി.

ഇത് ഒരു കുടിയേറ്റത്തിന്റെ കഥ മാത്രമല്ല.

ഇത് ഒരു മാറ്റത്തിന്റെ കഥയാണ്—വരവിന്റെ കഥയിൽ നിന്ന് സ്ഥിരതയുടെ കഥയിലേക്ക്. ഒരു പുതിയ നാടിനെ സ്വന്തം വീടാക്കി മാറ്റിയവരുടെ കഥ. അവരുടെ വേദനയും പരിശ്രമവും പ്രതീക്ഷയും ചേർന്ന ഒരു കഥ.

സൂര്യൻ വീണ്ടും അസ്തമിക്കുമ്പോൾ, ആ ഭൂമിയിൽ അനവധി കഥകൾ നിലനിൽക്കുന്നു. അവയിൽ ഒന്നാണ് ഈ കഥ—സമുദ്രം കടന്ന് വന്നവരും, ഭൂമിയിൽ വേരൂന്നിയവരും, ഒടുവിൽ “കെനിയൻ” എന്ന് വിളിക്കപ്പെടാൻ അഭിമാനിക്കുന്നവരുടെ കഥ.


2026 ഫെബ്രുവരി 1, ഞായറാഴ്‌ച

തലമുറകൾ


തലമുറകൾ

അദ്ധ്യായം ഒന്ന് : വ്രതം

ഗംഗാധരൻ പുലർച്ചെ കണ്ണുതുറക്കുന്നത് ക്ഷേത്രമണിയുടെ ശബ്ദം കേട്ടല്ല.
മണി മുഴങ്ങേണ്ട നിമിഷം തെറ്റിപ്പോകുമോ എന്ന ഉൾവിളി മൂലമുള്ള ഭയം തന്നെയാണ് അദ്ദേഹത്തെ ഉണർത്തുന്നത്.

സമയം തെറ്റുന്നത് ഒരു പിഴവല്ല.
ഒരു അപരാധമാണ്.

അത് ഒരു ശീലമല്ല.
ഒരു വ്രതമാണ്.
സ്വയം തന്നെ കെട്ടിയിട്ട ഒരു ശിക്ഷ.

പുഴക്കരയിലെ ആ പഴയ ഓട്‌വീട്ടിൽ, സൂര്യൻ കിഴക്കൻ ആകാശത്ത് മുഖം കാണിക്കുന്നതിന് മുമ്പേ, ഗംഗാധരൻ എഴുന്നേൽക്കും.
തണുത്ത വെള്ളത്തിൽ കുളി—ശരീരം വിറയ്ക്കണം.
വിറയൽ അച്ചടക്കത്തിന്റെ ഓർമ്മപ്പെടുത്തലാണ്.

മുടി പിന്നോട്ട് വാരിക്കെട്ടും.  ഭസ്മ പാട്ടയിൽ മുക്കിയ മുന്ന് വിരലുകൾ നെറ്റിയിൽ നീണ്ട കുറി വരയ്ക്കും .
വെളുത്ത മുണ്ട്—ഒരു ചുളിവിനും അനുമതിയില്ല.
ഇസ്തിരിയിട്ട ജുബ്ബ—അദ്ദേഹത്തിന്റെ ജീവിതം പോലെ നേരെ, വെട്ടിത്തിളങ്ങുന്നത്.

അറുപത് വർഷം അദ്ദേഹം പഠിച്ചതും , ജീവിച്ചതും പാഠപുസ്തകങ്ങൾ മാത്രമല്ല.
സമയബോധം.
അച്ചടക്കം.
ഭയം.

സ്കൂളിൽ ഗംഗാധരൻ “മാഷ്” ആയിരുന്നില്ല.
ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹത്തിന്റെ വിളിപ്പേര് “ഭീഷ്മർ” ആയിരുന്നു.

എണ്ണ തേച്ചു മിനുസപ്പെടുത്തിയ വില്ലുപോലെ വളയുന്ന ചൂരൽ ക്ലാസ് മുറിയുടെ മതിലിൽ തൂങ്ങി നിന്നത് അലങ്കാരത്തിനല്ല.അത് ഒരു മുന്നറിയിപ്പായിരുന്നു.
തെറ്റുകൾ ശരീരത്തിലൂടെ കടന്നുപോകുമ്പോൾ മാത്രമേ മനസ്സിൽ പതിയൂ എന്നൊരു കാലത്തിന്റെ അവസാന പ്രതീകം.

“വാക്ക് പറഞ്ഞാൽ അതാണ് സത്യം.
സത്യം മാറിയാലും വാക്ക് മാറരുത്.”

അതാണ് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചത്.
അത് തന്നെയാണ് അദ്ദേഹം ശ്വാസം പോലെ ജീവിച്ചത്.

അമ്മയുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കിയ ദിവസം,
ഗംഗാധരൻ മറ്റൊരു വ്രതവും എടുത്തു.

വിവാഹമില്ല.
വിനോദമില്ല.
സ്വന്തം ജീവിതം—ഇങ്ങനെ തന്നേ, കൃത്യമായി, കടുപ്പത്തോടെ. കാല  ജീവിതത്തിൽ  സമയ ബന്ധനം ഇല്ലാതെ മരണം വരെയും ജീവിക്കണം എങ്കിൽ ഒരു കൂട്ടിന്റെ ആവശ്യം ഇല്ല . വിവാഹിതനായാൽ തന്റെ ചിട്ടകൾ  ചിലപ്പോൾ താളം തെറ്റിയേക്കാം. ഭാര്യയുടെ നിയന്ത്രണം . ആരും  അയാളോട് വിവാഹം കഴിക്കരുത് എന്ന് പറഞ്ഞിരുന്നില്ല . അതയാൾ സ്വയം എടുത്ത തീരുമാനം ആയിരുന്നു . ഗംഗാധരന്റെ അച്ഛൻ ഒരു ജന്മിയായിരുന്നു . എല്ലാം വിറ്റു  തുലച്ചു  മാടമ്പി ജീവിതം കൊണ്ട് . അതെല്ലാം കണ്ടിട്ടായിരിക്കാം ജീവിതത്തിൽ ഒരു അച്ചടക്കം ആവശ്യം ഉണ്ടെന്നുള്ള തോന്നൽ അയാളിൽ ഉടലെടുത്തത് . അച്ചടക്കം ഇല്ലാത്ത ജീവിതം പന്നികളെ പോലെയാണ് . വെറുതെ പെറ്റുപെരുകി സമൂഹത്തിനു കൂടി ബാദ്ധ്യ്ത വരുത്തുവാൻ .

ഗ്രാമം അദ്ദേഹത്തെ ബഹുമാനിച്ചു.കുട്ടികൾ പേടിച്ചു.ചിലർ പുറകിൽ നിന്ന് ചിരിച്ചു.

പക്ഷേ ഗംഗാധരന് ഒരിക്കലും വിശദീകരണം ആവശ്യമുണ്ടായില്ല.അച്ചടക്കം വിശദീകരിക്കേണ്ട കാര്യമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു.

അദ്ധ്യായം രണ്ട് : മകൻ

വിവാഹിതനല്ലെങ്കിലും, ഗംഗാധരൻ എടുത്തു വളർത്തിയ മകനാണ് അർജുൻ.
അർജുൻ അയാളുടെ സഹോദരിയുടെ മകൻ ആയിരുന്നു . ഭർത്താവ് ഉപേക്ഷിച്ച് സഹോദരി അകാലത്തിൽ മരണപെട്ടപ്പോൾ അയാൾ അർജുന്  പിതാവായി. കാലം അങ്ങനെയാണല്ലോ ബന്ധങ്ങൾ വേണ്ട എന്ന് വച്ചാലും ചിലപ്പോൾ ഉഗ്ര വിഷമുള്ള പാമ്പിനെപ്പോലെ അത് തിരിച്ചു കൊത്തും .

അർജുൻ വളർന്നത് സ്‌നേഹവാക്കുകളിലൂടെയല്ല. നിയമങ്ങളിലൂടെയാണ്.

“ഇത് ചെയ്യണം.”
“അത് പാടില്ല.”
“എന്തുകൊണ്ടെന്ന് ചോദിക്കരുത്.”

വീട്ടിൽ അമ്മയില്ലെന്ന സത്യം അവന് ഒരു ശൂന്യതയായി തോന്നിയില്ല.
കാരണം, ഗംഗാധരൻ അതിനെ ഒരിക്കലും ഒരു കുറവായി അംഗീകരിച്ചില്ല.

“നിന്റെ അമ്മയുടെയും അച്ഛന്റെയും കടമ ഞാൻ തന്നെ നിറവേറ്റും.”

ആ വാക്കിൽ കരുണയില്ലായിരുന്നു.
അത് ഒരു ഉത്തരവായിരുന്നു.

അർജുൻ മിടുക്കനായി പഠിച്ചു .
കണക്കിലും ശാസ്ത്രത്തിലും മുന്നിൽ.
പക്ഷേ, സംശയിക്കാനുള്ള അവകാശം അവന് വീട്ടിൽ ഉണ്ടായിരുന്നില്ല.

നഗരത്തിലേക്ക് പഠിക്കാൻ പോയപ്പോഴാണ് അവൻ ആദ്യമായി മൃദുവായ മനുഷ്യരെ കണ്ടത്.
തെറ്റുകൾ തിരുത്തുന്നവരെ.
തീരുമാനങ്ങൾ മാറ്റുന്നവരെ.

“ഒരു തീരുമാനം എടുത്താൽ അതിൽ മരണം വരെ പിടിച്ചു നിൽക്കണോ?”

അച്ഛന്റെ ജീവിതം അവനെ അഭിമാനിപ്പിച്ചു.
അതേ സമയം, ആ ജീവിതം അവനെ ശ്വാസംമുട്ടിച്ചു.

അതുകൊണ്ടാണ് അവൻ വിവാഹം തെരഞ്ഞെടുത്തത്.
അത് ഒരു സ്ത്രീയിലേക്കുള്ള വഴിയല്ല.
ഒരു വ്യത്യസ്തമായ അറിവിലേക്കുള്ള പാത ആയിരുന്നു.

അച്ഛന്റെ നിയമങ്ങൾക്ക് പുറത്തുള്ള ഒരു ജീവിതം.

ഗംഗാധരൻ എതിര്‍ത്തില്ല.
അനുഗ്രഹിച്ചു എന്നും പറയാനാവില്ല.

ഒരു ഹെഡ്മാസ്റ്റർ ഫയൽ അടയ്ക്കുന്നതുപോലെ,
അദ്ദേഹം അത് അംഗീകരിച്ചു.
നിശ്ശബ്ദമായി.

അദ്ധ്യായം മൂന്ന് : പേരിന്റെ ഭാരം

“കൃഷ്ണ” എന്ന് പേരിട്ട ദിവസം തന്നെ ഗംഗാധരൻ പറഞ്ഞു:

“ഈ കുട്ടി ചോദ്യം ചെയ്യാൻ വിധിക്കപെട്ടവൻ ആണ്.”

കൃഷ്ണ വളർന്നത് മൊബൈലിന്റെയും കമ്പ്യൂട്ടറിന്റെയും കാലത്താണ്.
പക്ഷേ, മുത്തശ്ശൻ പറഞ്ഞ മഹാഭാരതം അവന്റെ ഉള്ളിൽഒരു അഗ്നി പൊലെ ജ്വലിച്ചുകൊണ്ടിരുന്നു  

“ഭീഷ്മൻ എന്തുകൊണ്ട് എല്ലാം സഹിച്ചു?” മറ്റുള്ളവർക്ക് വേണ്ടി എന്തിനു ജീവിച്ചു . എന്തുകൊണ്ട് വിവാഹം കഴിക്കില്ല എന്ന് ദൃഢപ്രതിജ്ഞ എടുത്തു . എന്തുകൊണ്ട് അർഹിക്കപെട്ട രാജാധികാരം ത്യജിച്ചു . 
കൃഷ്ണ ചോദിച്ചു. “ധർമ്മം തെറ്റായാലും വാക്ക് പാലിക്കണോ?”

ഗംഗാധരൻ മറുപടി പറഞ്ഞു.
പക്ഷേ, ആദ്യമായി— അദ്ദേഹത്തിന്റെ മറുപടികൾ അദ്ദേഹത്തെയേയും തൃപ്തിപ്പെടുത്തിയില്ല.

ചൂരൽ കഷായം കൈയിൽ ഇല്ലാത്ത ഒരു സംവാദം.
അത് ഗംഗാധരന് അപരിചിതമായ ഒരു യുദ്ധഭൂമിയായിരുന്നു.

അദ്ധ്യായം നാല് : ശരശയ്യ

ആ  രാത്രി ഗംഗാധരന് ഉറങ്ങാൻ കഴിഞ്ഞില്ല.

ഭീഷ്മരുടെ ശരശയ്യ മനസ്സിൽ തെളിഞ്ഞു.
അമ്പുകൾ ശത്രുക്കൾ എയ്തതല്ല.
സ്വയം എടുത്ത വാഗ്ദാനങ്ങളായിരുന്നു.

“ഞാൻ കുട്ടികളെ ശിക്ഷിച്ചത് ശരിയായിരുന്നോ?”
“മകനോട് മൃദുവാകാമായിരുന്നില്ലേ?”

ആ ചോദ്യം—
അറുപത് വർഷങ്ങൾക്ക് ശേഷം—
ആദ്യമായി.

പുലർച്ചെ,
ക്ഷേത്രമണി മുഴങ്ങി.

അല്ല—
മുഴുങ്ങി കൊണ്ടിരുന്നു  പക്ഷേ ആ സമയത്ത്,
ഗംഗാധരൻ ഉണർന്നില്ല.

ആ മണി മുഴങ്ങിയ നിമിഷം, അയാൾ  ഗാഢ നിദ്രയിൽ ആയിരുന്നു.

അദ്ധ്യായം അഞ്ച് : തലമുറകൾ

കൃഷ്ണന്റെ  പ്രബന്ധം ഗംഗാധരൻ വീണ്ടും വീണ്ടും വായിച്ചു.

“മുത്തശ്ശൻ ഭീഷ്മനായി ജീവിച്ചു.
അച്ഛൻ അർജുനാനെ പോലെ സംശയിച്ചു.
ഞാൻ കൃഷ്ണനായി ചോദിക്കും.”

ഗംഗാധരൻ ഉറക്കെ ചിരിച്ചു. അത് പരാജയത്തിന്റെ ചിരിയല്ല.

ഒരു പഴയ ഹെഡ്മാസ്റ്റർ തന്റെ അവസാന പാഠം പഠിച്ച നിമിഷത്തിന്റെ ചിരിയായിരുന്നു.

ധർമ്മം മാറുന്നില്ല. പക്ഷേ, അതിലേക്കുള്ള വഴി—

ഓരോ തലമുറയും പുതിയ കൈപ്പടയിൽ എഴുതുന്നു.

ചൂരൽ കഷായമില്ലാതെ.