" ഇത്തവണ പിഴയ്ക്കരുത്, അനന്ദാ..."
ഇരുൾ പുതച്ച ആ കർക്കിടക രാവിൽ, അനന്ദന്റെ മനസ്സിൽ ഭയത്തിന്റെയും നിസ്സഹായതയുടെയും ഒരു കനൽ എരിഞ്ഞു. തെളിഞ്ഞ ചന്ദ്രക്കലപോലും കട്ടിയുള്ള മരച്ചില്ലകൾക്കിടയിൽ ഒളിച്ചിരിക്കുന്നു. ചുട്ടുപൊള്ളുന്ന പകൽവെളിച്ചത്തിൽ മറഞ്ഞുപോയ സകല നിഴലുകളും ഈ രാത്രിയിൽ അവനെ പിന്തുടരുന്നതുപോലെ തോന്നി. അവന്റെ ഓരോ ചലനവും, നഷ്ടപ്പെട്ട പേടകം തേടിയുള്ള ഒരു ആത്മാവിന്റെ യാത്രയായിരുന്നു .
തെരുവീഥികൾ അവസാനിക്കുന്നിടത്ത്, തലയുയർത്തി നിൽക്കുന്ന 'ശ്രീ ശൈലം ' എന്ന ആ വലിയ വീട് കണ്ടപ്പോൾ അനന്ദൻന്റെ കണ്ണുകളിൽ വെറുപ്പും വിദ്വേഷവും നിറഞ്ഞു. ഇത് വെറുമൊരു മോഷണമല്ല, കാലം തന്ന കഠിനവിധിക്കുള്ള മറുപടിയാണ്. "ഇവിടെയെല്ലാം സുഖവും സമൃദ്ധിയും... അർഹിക്കാത്തവരുടെ കൈയ്യിലാണെന്നുമാത്രം!" അവൻ സ്വയം മന്ത്രിച്ചു.
മതിൽ ചാടാൻ അറിയാമായിരുന്നിട്ടും, അവൻ നേരെ ചെന്നത് വീടിന്റെ വടക്കേ മൂലയിലുള്ള, പഴക്കംകൊണ്ട് ദ്രവിച്ച ഒരു കരിങ്കൽത്തൂണിനടുത്തേക്കാണ്. ബാല്യത്തിൽ, താൻ ഹരിക്കു കൊടുത്ത ആ ചെമ്പുപേടകം കണ്ടെത്തുകയായിരുന്നു അവന്റെ ലക്ഷ്യം. അത് വെറുമൊരു പേടകമല്ല; അത് അവരുടെ കളങ്കമില്ലാത്ത സൗഹൃദത്തിന്റെ നേർരൂപമായിരുന്നു. അച്ഛനെ ചതിച്ച്, കള്ളനാക്കിയപ്പോൾ, അച്ഛന്റെ നിസ്സഹായത കണ്ടുനിൽക്കുന്ന കൗമാരക്കാരനെ എപ്പോളോ ഹരി മറന്നിട്ടുണ്ടാവും.
പൂട്ടാത്ത ഒരു പഴയ ജനലിലൂടെ അവൻ അകത്തുകടന്നു. അത് വീട്ടിലെ ഒരു പഴയ 'നിലവറ' ആയിരുന്നു – നിലവിൽ ഉപയോഗിക്കാത്ത ഒരു പഠനമുറി. ചെറുവെളിച്ചം മാത്രം തരുന്ന ഒരു ടോർച്ച് അവൻ കത്തിച്ചു. ചുമരിലെ തടികൊണ്ടുള്ള ഷെൽഫുകൾക്ക് പിന്നിൽ അവൻ ആ ചെമ്പുപേടകം കണ്ടു. അതിനുമുകളിൽ, സ്ഫടികച്ചില്ലിനുള്ളിൽ, ഒരു ചെറിയ വെള്ളിനക്ഷത്രം തിളങ്ങി നിന്നു
പേടകം കൈക്കലാക്കി തിരിഞ്ഞതും...
"ആരാണ് അവിടെ?!" – ഒരു പരുപരുത്ത ശബ്ദം ഇടനാഴിയിൽ മുഴങ്ങി. ഭയം അവനെ വിഴുങ്ങി.
പാഞ്ഞോടാൻ ശ്രമിക്കുന്നതിനിടയിൽ, അവൻ്റെ കൈയിലെ മോഷണസഞ്ചി ഒരു വലിയ പുസ്തകശേഖരത്തിൽ തട്ടി, ഒരു താളിയോലഗ്രന്ഥം നിലത്തുവീണ് ചിതറി. ശബ്ദം കേട്ട് ഒരു വാതിൽ തുറക്കപ്പെട്ടു.
ആ മുറിയിലേക്ക് ലൈറ്റ് തെളിഞ്ഞു. ഒരു നിമിഷം, ആ പ്രകാശത്തിൽ അനന്ദന്റെ മുഖം കണ്ടപ്പോൾ, മുന്നിൽ നിന്ന ആളിൻന്റെ കൈയിലെ തോക്ക് താഴ്ന്നു പോയി .
"അനന്ദാ...?" ഹരിനാരായണന്റെ ശബ്ദം അടക്കിപ്പിടിച്ച ഒരു തേങ്ങൽ പോലെ പുറത്തുവന്നു.
"ഹരി..." അനന്ദൻ്റെ മറുപടിയിൽ ഞെട്ടലും, കാലം വരുത്തിയ വേദനയും കലർന്നിരുന്നു.
അപ്പോൾ, വീൽചെയറിൽ, മുറിയിലേക്ക് സുമംഗല കടന്നുവന്നു. ഹരി പെട്ടെന്ന് തോക്ക് മുണ്ടിന്റെഉള്ളിൽഒളിപ്പിച്ചുവയ്ച്ചു.
"ഹരി ... ആരാണിയാൾ ?" സുമംഗലയുടെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു. ആനന്ദന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. "ഹരി... എന്റെ അച്ഛനെ..." "നിന്റെ അച്ഛനെ കള്ളനാക്കിയതിന്റെ കണക്ക് തീർക്കാൻ വന്നതാണോ നീ?" ഹരിയുടെ ശബ്ദം ദേഷ്യത്തിലും നിസ്സഹായതയിലും ജ്വലിച്ചു.
അനന്ദന്റെ മനസ്സിൽ പതിറ്റാണ്ടുകൾ പിന്നോട്ട് പോയി. ഹരിയുടെ അച്ഛന്റെ വാക്കിന് വിലകൊടുത്ത് ഒരു കാവൽ പട്ടിയെപ്പോലെ ജോലി ചെയ്തതിന്റെ പേരിൽ, അവിടുത്തെ മറ്റൊരു വേലക്കാരന്റെ ചതിയിൽ കുടുങ്ങി കള്ളപ്പേര് കിട്ടിയ പാവം അച്ഛൻ. അവസാനം കള്ളനെന്ന പേരിൽ അച്ഛൻ യാത്രയായി. ആ നോവാണ് തന്നെ കള്ളനാക്കി മാറ്റിയതെന്ന് അനന്ദൻ ഹരിയോട് അലറിപ്പറഞ്ഞു.
"നോക്ക് ഹരീ... ഞാൻ ആരായി മാറി എന്ന്! അഭിമാനം എന്നത് എന്റെ അച്ഛൻ കാത്തുസൂക്ഷിച്ച ഒരു നിഴലായിരുന്നു ! അച്ഛന്റെ കൂടെപ്പിറപ്പുപോലെ . അതാണ് നിങ്ങൾ അന്ന് ഊതിക്കെടുത്തിയത് !"
ഹരിയുടെ കണ്ണുകൾ നിറഞ്ഞു. "അനന്ദാ, സത്യം ഞാൻ അറിഞ്ഞപ്പോൾ വൈകി പോയിരുന്നു. നിങ്ങളെ അന്വേഷിച്ചു അവസാന കാലത്തും എന്റെ അച്ഛൻ വന്നിരുന്നു . പക്ഷേ, അതിനുമുമ്പേ നിങ്ങൾ ഇവിടം വിട്ടു ദൂരെ എങ്ങോട്ടോ പോയിരുന്നു . " ഹരി വേദനയോടെ തുടർന്നു, "നീ കരുതുന്നുണ്ടോ ഞങ്ങൾ ധനികർ ആണെന്ന് , ഞങ്ങൾ സന്തോഷത്തിലാണെന്ന്? നോക്ക്, എന്റെ സുമംഗലയുടെ ജീവിതം ഈ വീൽ ചെയറിൽ ആണ് . ഇനി ഒരിക്കലും അവൾക്കു നടക്കുവാൻ കഴിയില്ല. എത്ര സമ്പത്തുകൊടുത്താലും എന്റെ സുമംഗലയ്ക്ക് ഇനി നടക്കുവാൻ കഴിയില്ല”. അച്ഛൻ ചെയ്ത പാപക്കറ എന്നിലേക്കും പടർന്നിരിക്കുന്നു. ഒന്നുമറിയാത്ത സുമംഗല പോലും. ഹരി നിറുത്തി ....
അനന്ദൻ സുമംഗലയെ നോക്കി. വീൽചെയറിൽ, കണ്ണുകൾ നിറഞ്ഞ്, അവൾ അവനെ സൗമ്യമായി നോക്കി
"അതോടൊപ്പം... ഞങ്ങളുടെ മകൻ മധു..." ഹരി കിതച്ചു, "അവൻ പോയിട്ട് വർഷങ്ങളായി. അവന്റെ ഓർമ്മകളെ ഇവിടെ നിലനിർത്താനാണ് ഞങ്ങൾ ഈ വീട് പുതുക്കിപ്പണിയുന്നത്." അവൻ നിലത്തു ചിതറിക്കിടന്ന താളിയോല ഗ്രന്ഥത്തിലേക്ക് കൈചൂണ്ടി. "അവന്റെ ചിരിയും ശബ്ദവും കേൾക്കാത്ത ഈ വീട്... ഇത് ഒരു ശൂന്യതയാണ്, അനന്ദാ. നിനക്ക് രമയും , കാർത്തികയും ഉണ്ട്. എനിക്ക് എന്റെ എല്ലാം നഷ്ടപ്പെട്ടു . നഷ്ടപ്പെട്ട സ്വപ്നങ്ങളെ ഓർക്കാൻ ഇനി ഈ ഓർമ്മച്ചിഹ്നങ്ങൾ മാത്രം!"
നീ എവിടെയാണ് താമസിക്കുന്നത് എന്നത് എനിക്കറിയാമായിരുന്നു . നീ കുടുംബമായി സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നാണ് ഞാൻ കരുതിയത്. ഇനി നിന്നെ വന്നുകണ്ടുഒരു മാപ്പു പറിച്ചിലിൽ. ഒരുപക്ഷേ നീ മറന്ന കാര്യങ്ങളെ വീണ്ടും ഓർമിപ്പിക്കുവാൻ എനിക്ക് ഭയമായിരുന്നു. നീ എങ്ങനെഎന്നെ നേരിടുമെന്നോർത്തു. അല്ലെങ്കിലും എന്നും ഞാൻ ഒരു ഭീരുവായിരുന്നല്ലോ . ഹരിയുടെ ശബ്ദത്തിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നു .
ആ വാക്കുകൾ അനന്ദന്റെ ഹൃദയത്തെ പിളർന്നു. അവൻ തന്റെ ദാരിദ്ര്യത്തിലും ദുരിതത്തിലും മാത്രം മുഴുകി ജീവിച്ചപ്പോൾ , മറ്റുള്ളവരുടെ സങ്കടങ്ങൾ കാണാൻ കഴിയാതെപോയതിന്റെ ലജ്ജ അവനെ പൊതിഞ്ഞു.
"ഞാൻ... ഞാൻ... ക്ഷമിക്കണം ഹരീ..." അവന്റെ കയ്യിലെ ചെമ്പുപേടകം തറയിൽ വെച്ചു, അവൻ തലകുനിച്ചു നിന്നു. "ഞാൻ ഒരു കള്ളനായി മാറിയതിൽ എനിക്ക് മാപ്പ് തരണം."
സുമംഗല വീൽചെയർ ഉരുട്ടി അനന്ദന്റെ അടുത്തേക്ക് വന്നു. അവളുടെ കൈ അവന്റെ തോളിൽ തട്ടി. "അനന്ദാ... നിങ്ങളെ പറ്റി ഹരി എന്നോട് പറഞ്ഞിട്ടുണ്ട് . സ്‌കൂളിൽ പഠിക്കുമ്പോൾ നിനക്കു സമ്മാനം കിട്ടിയ ഇ പേടകം നീ ഹരിക്കു കൊടുത്തപ്പോൾ . വക്കീലായ ഹരിയുടെ അച്ഛൻ ഗുമസ്തനായ ഗോവിന്ദന്റെ മകൻ തന്റെ മകനെ തോൽപ്പിച്ചിരിക്കുന്നു എന്ന് സ്വാർത്ഥമായ ചിന്തയും അഹങ്കാരവും ആണ് ഹരിയുടെ അച്ഛൻ നിന്റെ അച്ഛനെ മോഷ്ടാവായി ചിത്രീകരിച്ചത് . ഗോവിന്ദന്റെ മകന്റെ കൂടെ കൂടി തന്റെ മകൻ ഒരു സാധാരണക്കാരനായി മാറുമോ എന്നുള്ള ചിന്ത, അപകർഷതാബോധം ഇതെല്ലം ഹരിയുടെ അച്ഛന്റെ കുടിലതന്ത്രം മെരുക്കുവാൻ കാരണമായി പിന്നെ കാര്യസ്ഥനായ ഗോപാലന്റെ കുടിലതയും എല്ലാംചേർന്നപ്പോൾ നിന്റെ അച്ഛന് എതിരെ സാക്ഷിപറയുവാനും. ആ പേടകം നിന്റെ അച്ഛൻ മോഷ്ടിക്കുന്നത് കണ്ടു എന്ന് ഗോപാലൻ പറയുന്നതും എല്ലാം ഹരിയുടെ അച്ഛന്റെ നിർദേശപ്രകാരം ആയിരുന്നു.
എന്റെ മകൻ മധുവിന് വേണ്ടി ഹരി ആദ്യമായി വാങ്ങിയതാണ് ആ വെള്ളിനക്ഷത്രം. അതിൽ... അതിൽ എന്റെ മകന്റെ നിഷ്കളങ്കതയുടെ ഒരു ഭാഗമുണ്ട്. നിങ്ങൾ അത് മോഷ്ടിച്ചിട്ടില്ല. അത് ഇവിടെത്തന്നെ ഇരിക്കട്ടെ.”
ഹരി നിലത്ത് നിന്ന് ആ ചെമ്പുപേടകം എടുത്തു. "നിനക്ക് വേണ്ടി ഞാൻ ഇത് കരുതിവെച്ചതാണ്. അന്ന് നിന്നെ കണ്ടെത്തിയപ്പോൾ, ഇത് നിനക്ക് തരാൻ ഞാനാഗ്രഹിച്ചു. കാരണം, ഇത് നിന്റെ അച്ഛന്റെ സത്യസന്ധതയുടെയും നമ്മുടെ സൗഹൃദത്തിനന്റെയും ഓർമ്മയാണ്." ഹരി ആ പേടകം തുറന്നു. അതിനകത്ത്, നിറം മങ്ങിപ്പോയ ഒരു പഴയ ചിത്രം ഉണ്ടായിരുന്നു – ബാല്യകാലത്ത് ചിരിച്ചുല്ലസിച്ചു നിൽക്കുന്ന അനന്ദന്റെയും ഹരിയുടെയും ചിത്രം.
അനന്ദൻ ആ ചിത്രം കൈയിലെടുത്തു. ഒരു തീവ്രമായ വൈകാരികാനുഭവം അവനെ തളർത്തി. കണ്ണുനീർ അടക്കിപ്പിടിക്കാനാവാതെ അവൻ ഹരിയെ ആലിംഗനം ചെയ്തു.
"പോവുക, അനന്ദാ," ഹരി മൃദുവായി പറഞ്ഞു. "ഈ വാതിൽ അടച്ചാലും, നമ്മുടെ സൗഹൃദത്തിന്റെ വഴി തുറന്നു കിടക്കും. നീ ഇനി ഒരു കള്ളനല്ല, എന്റെ സുഹൃത്താണ്.” ആനന്ദാ നിനക്കു എന്റെ കൂടെ നിക്കാമോ , പഴയ ഹരിയുടെ സ്നേഹിതനായ ആനന്ദനായി.. എന്റെ കൂടെ... വെറുതേ വേണ്ട. നല്ല ശമ്പളം തരാം .. നിക്കാമോ ... ഹരി ഒരു ചെറിയ ചിരിയോടെ ചോദിച്ചു.
അനന്ദൻ ആ ചെമ്പുപേടകവും ചിത്രവും നെഞ്ചോട് ചേർത്തുപിടിച്ച്, ആ വീടിന്റെ പ്രധാന വാതിലിലൂടെ പുറത്തുവന്നു. കിഴക്ക് വെള്ളകീറിത്തുടങ്ങിയിരുന്നു. സൂര്യന്റെ ആദ്യരശ്മി ആ ചെമ്പുപേടകത്തിൽ തട്ടിയപ്പോൾ, അനന്ദൻ്റെ മനസ്സിൽ ഒരു പ്രതിജ്ഞ മൊട്ടിട്ടു: "ഇനി, എന്റെ ഊഴം കരുണയുടേതാണ്. എന്റെ രമയ്ക്കും കാർത്തികയ്ക്കും വേണ്ടി, ഞാൻ സത്യസന്ധമായി ജീവിക്കും."
പുതിയ പ്രകാശത്തിലേക്ക് നടന്നകലുന്ന അനന്ദനെ നോക്കി ഹരിയും സുമംഗലയും ഒന്ന് നിശ്വസിച്ചു . കാലം തെറ്റിച്ച ഒരു വിധിക്ക്, ഒരു സൗഹൃദത്തിന്റെ കരുണകൊണ്ട് അവർ അന്ത്യം കുറിക്കുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ