2013, നവംബർ 9, ശനിയാഴ്‌ച

ടാക്സി (കഥ)ദുബായ്  - മസ്‌കറ്റ്  വിമാനം  എയർപോർട്ടിൽ ലാൻഡ്‌  ചെയ്തു  എന്ന  അറിയിപ്പ് കിട്ടിയ ശേഷവും എനിക്ക് എയർപോർട്ടിൽ  കാത്തു നിൽക്കേണ്ടി വന്നു. ഏറെനേരം കഴിഞ്ഞിട്ടാണ്  അശ്വതി  ട്രോളി  ബാഗും തള്ളി പുറത്തേക്കു വന്നത്. രണ്ടുദിവസത്തെ ട്രെയിനിങ്ങിനായി ദുബായിലേക്ക് പോയതായിരുന്നു അവൾ . ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ദുബായിൽ പോകുന്നത് . അതിന്റെ  പിരിമുറുക്കം അവളിൽ ഉണ്ടായിരുന്നു. പിന്നെ താൻ തന്നെയാണ് അവൾക്കു ധൈര്യം കൊടുത്തത് . നല്ലൊരു അവസരം കിട്ടിയിട്ട് അത് വേണ്ട എന്ന് വച്ചാൽ പിന്നെ അതോർത്തു  ദുഖിക്കുവാൻ ഇടയാകും .  ഒന്ന് പൊക്കി വിട്ടാൽ മതി , പിന്നെ പട്ടം പോലെ അവൾ പറന്നുകൊള്ളും എന്ന്  എനിക്ക് നന്നായി അറിയാം.  മനസില്ലാമനസോടെയാണെങ്കിലും ഇങ്ങനെയെല്ലാം പറഞ്ഞതുകൊണ്ടാണ് അശ്വതി   ദുബായിലേക്ക്  പോകുവാൻ  സമ്മതിച്ചത് . 
വന്ന പാടെ അവൾ ചോദിച്ചു, ഒരു പാടു നേരമായോ കാത്തു നിൽകുന്നു , ഒന്നു മൂളിയ ശേഷം  ട്രോളി  ബാഗ്‌ തള്ളി ഞാൻ  നടന്നു. പിറകെ അവളും. കാറിൽ കയറിയശേഷം ഞാൻ  ചോദിച്ചു  'എങ്ങനെ യുണ്ടായിരുന്നു ട്രെയിനിംഗ്.'

' ബോറിംഗ് , നമുക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെ , പിന്നെ  കുറച്ചു പരത്തി  പറയുന്നു.  അവർക്കും എന്തെങ്കിലും  ചെയ്തു കാട്ടി  എന്ന് കാണിക്കേണ്ട  അത്രതന്നെ'  അവൾ പുറത്തേകാഴ്ചകൾ നോക്കി പറഞ്ഞു.

മുമ്പിൽ പോകുന്ന  വലിയ ലോറിയെ മറികടന്നശേഷം ഞാൻ  വീണ്ടും ചോദിച്ചു.

'ഹോട്ടൽ എങ്ങനെയുണ്ടായിരുന്നു?.  വേറെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലല്ലോ  അല്ലെ?'

'നല്ല ഹോട്ടൽ, നല്ല ഫുഡ്‌ , അതൊക്കെ കൊള്ളം . '

' അപ്പൊ നീ മധുരം ശരിക്കും കഴിച്ചു കാണുമല്ലോ?. '  അവൾ ഒന്നും മിണ്ടിയില്ല.

' ഐസ് ക്രീം ആൻഡ്‌ ഡെസേർട്സ് '  കണ്ടപ്പോൾ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല' .ക്ഷമാപണ സ്വരത്താൽ അശ്വതി പറഞ്ഞു .

'ഷുഗർ പേഷ്യന്റ് ആണെന്ന് ഇടയ്ക്ക്  ഓർക്കുന്നത്  നല്ലതാണു .'  എന്റെ അനിഷ്ടം ഞാൻ അറിയിച്ചു .

അവൾ ഒന്നും മിണ്ടിയില്ല . വെറുതെ  സീറ്റിലേക്ക്  ആഴ്ന്നു കിടന്നു .  മൌനം മുറിച്ചു  കൊണ്ട് ഞാൻ ചോദിച്ചു  

'ട്രെയിനിംഗ്  വേറെ ഹോട്ടലിൽ അല്ലായിരുന്നോ?  അപ്പോൾ ടാക്സി  ഹോട്ടലിൽ നിന്നും അറേഞ്ച് ചെയ്തോ ?'

'അല്ല എനിക്ക് നല്ലൊരു ടാക്സിക്കാരനെ എയർപോർട്ടിൽ നിന്നും കിട്ടി. ഒരു കാസർഗോഡ്‌ മലയാളി.  പ്രകാശൻ . എന്നെ ഹോട്ടലിൽ ഡ്രോപ്പ് ചെയ്തു കഴിഞ്ഞപോൾ ഞാൻ അയാളോട് ചോദിച്ചു ,  നാളെ രാവിലെ ബർദുബായിൽ പോകണം . രാവിലെ ഒന്ന് പിക്ക് ചെയ്യാമോ എന്ന്. അയാൾ സമ്മതിച്ചു.  ഒൻപതു  മണിക്ക് അയാൾ  വരാം  എന്ന് പറഞ്ഞു.  ഗോപന്  എന്റെ സ്വഭാവം അറിയാമല്ലോ  എട്ടര വരെ  ഞാൻ മൂടി പുതച്ചു കിടക്കുകയായിരുന്നു. റിസപഷനിൽ നിന്നും  വിളി വന്നു ടാക്സി വന്നിടുണ്ട് എന്ന്. പിന്നെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുവാൻ പോലും സമയം കിട്ടിയില്ല. 

ഒൻപതുമണിയായപ്പോഴേക്കും ഞാൻ താഴെ ലോബിയിൽ ചെന്നു .   പ്രകാശൻ അവിടെ കാത്തു നില്പുണ്ടായിരുന്നു. പോകുന്ന വഴി അയാളോട് പറഞ്ഞു ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചില്ല  എന്ന്. അയാൾ ബർ ദുബായിൽ ശരവണ ഭവൻ  റെസ്റ്റ്റൻറ്റിന്റെ മുമ്പിൽ കാർ നിറുത്തി.  അവിടെ നിന്ന് മസാല ദോശ കഴിച്ചു. പിന്നെ ട്രെയിനിംഗ് നടക്കുന്ന ഹോട്ടലിൽ ഡ്രോപ്പ് ചെയ്തു.  ഞാൻ പ്രകാശനോടു  ചോദിച്ചു വൈകുനേരം നാല് മണിക്ക് ഇവിടെ വന്നു ഒന്ന്  പിക്ക് ചെയ്യാമോ എന്ന്.  പ്രകാശൻ  മൊബൈൽ നബർ തന്നു. അബുദാബിക്ക് വല്ല ഓട്ടവും കിട്ടിയാൽ  വരുവാൻ ആവില്ല എന്ന്  പറഞ്ഞുവെങ്കിലും ഞാൻ വിളിച്ചപ്പോൾ നാലു മണിക്കുശേഷം അയാൾ ഹോട്ടലിൽ മുന്നിൽ വന്നു.'

 പോകുന്ന വഴി ഞാൻ പ്രകാശനോടായി  വെറുതെ വിശേഷം ചോദിച്ചു 
'നാട്ടിൽ എവിടെയാ  എന്ന്,  കാസർഗോഡ്  ജില്ലയിലെ ചെറുവതുര്   ആണ് അയാളുടെ നാട് .മലയാളത്തിന്  ഒരു കന്നഡ  ചുവ, അതോ തുളുവോ .....     അവൾ നിറുത്താതെ പറഞ്ഞുകൊണ്ടേയിരുന്നു.  

 മുന്ന് വർഷമായി  അയാൾ മെട്രോ ടാക്സി ഓടിക്കുവാൻ തുടങ്ങിയിട്ട്. വളരെ സൌമ്യനായ , ഹൃദ്യമായ പെരുമാറ്റമുള്ള  ഒരു ചെറുപ്പകാരൻ . കണ്ടാൽ  ഒരു മുപ്പതു വയസ് തോന്നിക്കും .ജാക്കിഷറഫിനെ പോലെ നന്നായി ഷേപ്പ് ചെയ്ത കട്ടി മീശ. തേച്ചുമിനുക്കിയ  യുണിഫൊം .  കാഴ്ച്ചയിൽ സുമുഖൻ, കണ്ടാൽ ഒരു   എക്സിക്യൂട്ടീവ് ലുക്ക്‌ ഒക്കെ യുണ്ട്. '

ഞാൻ  വെറുതെ വിശേഷങ്ങൾ  ചോദിച്ചു. കുത്തികുത്തി  വിവരങ്ങൾ തീര ക്കുന്ന  ദുശീലം എനിക്കുണ്ടല്ലോ  . വിവാഹിതനാണോ എന്ന ചോദ്യത്തിന്   അയാൾ വെറുതെ ചിരിച്ചു എന്നല്ലാത്തെ അതിനു ഉത്തരം  തന്നില്ല .  എനിക്കയളെ അങ്ങനെ വെറുതെ വിടുവാൻ ഭാവം ഉണ്ടായിരുന്നില്ല . പിന്നെയും ചോദിച്ചപോൾ അയാൾ പറഞ്ഞു 

"അതിനൊക്കെ ഒരു യോഗം വേണ്ടെ  ചേച്ചി. "

"അതെന്താ ടാക്സി ഓടിക്കുന്നവർ വിവാഹം കഴിക്കുവാൻ പാടില്ല എന്നുണ്ടോ.? "

അപ്പോഴും അയാൾ  ചിരിച്ചു. സന്തോഷം  തുടിക്കുന്ന   ഭാവം  അയാൾ കൈ വിട്ടിരുന്നില്ല.  അലക്കി തേച്ച  ഈ വേഷം ഉണ്ടെന്നെയുള്ളൂ ... ഈ  ജോലി കൊണ്ട്  കഷ്ടിച്ചു കഴിഞ്ഞുപോകാം  അത്രയേയുള്ളൂ.

 'അതെന്താ?'  ഞാൻ വീണ്ടും ചോദിച്ചു.  'ഒരു കുടുംബത്തെ പോറ്റുവാൻ ഈ വരുമാനം മതിയാവില്ലേ ?'

അയാൾ ഉത്തരം പറയാതെ വീണ്ടും ചിരിച്ചു . പക്ഷെ എനിക്കങ്ങനെ വിടാൻ ഭാവമില്ല എന്ന് തോന്നിയതുകൊണ്ടാവാം  അയാൾ തുടർന്നു .

'എനിക്ക് ഏഴു വയസു തികയും മുമ്പേ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു വേറെ സ്ത്രീയെ വിവാഹം കഴിച്ചു പോയിരുന്നു. അച്ഛനെ കണ്ട നേരിയ ഓർമ  മാത്രമേ മനസ്സിൽ ഉള്ളു. അമ്മ അടുത്ത് വീട്ടിലൊക്കെ പണിക്കു പോകും. എന്നേക്കാൾ എട്ടു വയസിനു മൂപ്പുണ്ട്  ഏട്ടന്. അച്ഛൻ പോയതോടു കൂടി ഏട്ടൻ പഠിത്തം നിറുത്തി , പിന്നെ കുടുംബഭാരം ആ  ചുമലിൽ ആയി. അതൊരു നിയോഗമായി തന്നെ കണ്ടു ഏട്ടൻ.  എന്നെയും , അനുജത്തിയേയും പഠിപ്പിക്കണം , ഞങ്ങളെ നല്ല നിലയിൽ  ആക്കണം എന്നുള്ള  വാശി ഏട്ടന് ഉണ്ടായിരുന്നു. കൂലി വേല ചെയ്തും, മാർകറ്റിൽ  ചുവടു എടുത്തും, വീടിനു പെയിന്റ് അടിക്കുന്ന ജോലി ചെയ്തും ഒക്കെ ഏട്ടൻ ഞങ്ങളെ പോറ്റി .  ലതയെ ഒരു മകളെപ്പോലെയാ ഏട്ടൻ കണ്ടത് . അച്ഛനില്ലാത്ത  കുറവ് അവളെ അറിയിക്കാതെ തന്നെ വളർത്തി .ഏട്ടന്റെ അദ്ധ്വാനം കൊണ്ട്  ഭക്ഷണത്തിന്റെ അല്ലൽ ഞങ്ങൾ  അറിഞ്ഞില്ല. മുണ്ട് മുറുക്കിയുടുത്തും വിശപ്പടക്കി ഏട്ടൻ കഴിഞ്ഞിടുണ്ട് . ഈ കാണുന്ന തടി ഏട്ടന്റ്റെ  സമ്പാദ്യം ആണ്.  അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു .

പ്രീഡിഗ്രി വരെ ഏട്ടൻ എന്നെ പഠിപ്പിച്ചു. അപ്പോഴേക്കും ഏട്ടന് മുനിസിപാലിറ്റിയിൽ ഒരു ജോലി തരമായി . കരാറുകാരനായി.  ഉടമ്പടിപ്രകാരമുള്ള ജോലി ആണെന്നാലും അത് സ്ഥിരമാകും എന്നുതന്നെ ഞങ്ങൾ എല്ലവരും കരുതി. വീട്ടുകളിലെയും , റോഡിന് അരികിലെയും മാലിന്യം എടുത്തു കൊണ്ട് പോകുക ഇതായിരുന്നു തൊഴിൽ.  അതിനിടെ ഏട്ടൻ വിവാഹിതനായി. ചേച്ചിയും കൂടി വീട്ടിൽ വന്നപ്പോൾ വീട് ഒന്ന് പുഷ്ടി  പെട്ടു. എട്ടന്  രണ്ടു ഇരട്ട കുട്ടികൾ അടക്കം മുന്ന് പെണ്‍കുട്ടികളും ആയി വീട്ടിൽ.

അമ്മയ്ക്ക്  വയായ്ക കൂടിയാതൊടു കൂടി അടുത്ത വീടുകളിലെ  പണിക്കു ചേച്ചിയും  പോയി തുടങ്ങി. കടത്തിൽ നിന്നും കര കയറി കൊണ്ടിരുന്ന നാളുകൾ . അപ്പോഴാണ് ദുബായിൽ ടാക്സി ഡ്രൈവർ ജോലിക്കുള്ള  പരസ്യം  കണ്ടത് . ആരോടേക്കെയോ  കടം മേടിച്ചു ഏതാണ്ട് ഒരു ലക്ഷം രൂപയോളം   എജ്ന്റിനു കൊടുത്തു. അങ്ങനെ എനിക്കുള്ള  വിസ ശരിയായി . ഞാൻ ദുബായിയിൽ പോയാൽ കുടുംബം രക്ഷപെടുമല്ലോ എന്ന് ഏട്ടൻ ഓർത്തു കാണും.  അങ്ങനെ ഞാൻ മെട്രോയിലെ ജീവനക്കാരനായി. 

കഴിഞ്ഞ വിഷുക്കാലം യുണിയനിലെ തൊഴിലാളികൾ  ശമ്പള വർധനവിനായി സമരം നടത്തി. കരാർജോലിക്കാരൻ ആയതിനാൽ  ഏട്ടൻ സമരത്തിൽ പങ്കെടുത്തില്ല. മുൻസിപാലിറ്റി തൊഴിലാളികൾ  ഏവരും 
സമരത്തിൽ ഏർപ്പെട്ടപ്പോഴും ഏട്ടൻ മറ്റുള്ളവരുടെ വീട്ടിലെ മാലിന്യം മാറ്റുന്ന  ജോലിയിൽ വ്യാപ്രിതനായി.  പക്ഷെ തൊഴിലാളികളുടെ കണ്ണിലെ കരടായി ഏട്ടൻ മാറി. അവർ ഒരു കരിങ്കാലിയായി ഏട്ടനെ മുദ്രകുത്തി .

സമരം ഒത്തു തീർന്നപോൾ എല്ലാവർക്കും ശമ്പളം കിട്ടിയിട്ടും എട്ടന് മാത്രം ശമ്പളം കിട്ടിയില്ല. ജോലിയിൽ നിന്നും പിരിച്ചുവിട്ടു എന്നുള്ള കടലാസ് ആണ് ഏട്ടന് ലഭിച്ചത് .  ജോലി ചെയ്തതിന്റെ കൂലിയായ ശമ്പളം പോലുമില്ലാതെ എത്ര നാൾ പിടിച്ചുനിൽക്കുവാൻ കഴിയും.. വീട്ടില്‍ പട്ടിണി കിടക്കുന്നത് സ്വന്തം ഭാര്യയും മക്കളുമാണ്. ഏട്ടൻ  നഗരസഭാ ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും കണ്ട്  കാര്യം അന്വേഷിച്ചു . പക്ഷെ അവർ കൈമലർത്തി ..

 നഗരസഭയുടെ മൊത്തം വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വികസനത്തിന്റെ തേരാളികള്‍ക്ക് ചവറുകോരിയുടെ കണ്ണീര്‍ക്കഥയില്‍ ശ്രദ്ധ പതിപ്പിക്കുവാൻ പറ്റിയിട്ടുണ്ടാവില്ല.  തോട്ടിപ്പണിക്കാരൻ  കോടികള്‍ കൊണ്ട് അമ്മാനമാടുന്നവനല്ലല്ലോ . 3770 രൂപ എന്നു പറഞ്ഞാല്‍ അവന്റെ 10 ദിവസത്തെ അദ്ധ്വാനത്തിന്റെ വിലയാണ്. കൂട്ടിക്കൊടുത്തും ബ്രോക്കര്‍ പണി ചെയ്തും, കമ്മീഷനടിച്ചും ജീവിക്കുന്നവരോട് അദ്ധ്വാനത്തിന്റെ വില എന്താണെന്നു പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലല്ലോ.

യുണിയൻകാരും , ചെയർമാനും തമ്മിലുള്ള  ഒത്തു കളിയാണ്‌ അതെന്നു പാവം ഏട്ടൻ മനസിലാക്കിയതും ഇല്ല. എല്ലാ ദിവസവും ഏട്ടൻ മുനിസിപ്പൽ ഓഫീസിൽ പോകും അവിടുത്തെ സാറൂമാര് പറയുന്നതും കേട്ട് തിരികെ  വരും. ഒരു ദിനം  തമ്മിൽ ഒന്നും  രണ്ടും പറഞ്ഞത് തർക്കമായി .ഏട്ടൻ ചെയർമാനേ  പിടിച്ചു തള്ളി. അയാൾ മേശമേൽ വഴുക്കി വീണു. കൊലപാതകപ്രേരണ കുറ്റത്തിന് ഏട്ടന്റെ മേൽ കേസ് ചാർജ് ചെയ്തു. 

ഒടുവിൽ പൊലീസ് വിട്ടയച്ച ഏട്ടൻ  പൊലീസ് തന്നെ ക്രൂരമായി മര്‍ദിച്ചെന്നു എന്നോട് പറഞ്ഞു. സരിതയും കവിതയുമൊക്കെ സ്റ്റേഷനില്‍ വരുന്നത് സ്വപ്‌നം കണ്ടിരിക്കുന്ന ഏമാന്‍മാര്‍ ചവറുകൊരിയോട്  അതേ പ്രണയത്തോടെ ഇടപെടുമെന്നു വിചാരിക്കാന്‍ വയ്യല്ലോ . ചിലപ്പോള്‍ ഇടിച്ചു കാണും. അല്ലെങ്കില്‍ ഏട്ടൻ രാഷ്ട്രീയലക്ഷ്യത്തോടെ ഗൂഢാലോചന നടത്തി എന്ന ആരോപണത്താൽ പിതൃസഹജമായ വാല്‍സല്യത്തോടെ പൊലീസുകാര്‍ തൊട്ടപ്പോള്‍ അത് പീഡനവും മര്‍ദനവുമൊക്കെയായി എട്ടന് തോന്നിയതുമാവാം. എന്തായാലും ആകെ തകര്‍ന്ന മനസ്സുമായി  ഏട്ടൻ  വീട്ടിലെത്തി. 

 പിറ്റേന്ന് ഏട്ടത്തി  കാണുന്നത് ഏട്ടൻ കിണറ്റിൽ മരിച്ചുകിടക്കുന്നതാണ് .പക്ഷെ അതൊരു ആത്മഹത്യയാണെന്ന്, പൊലീസ്  കണ്ടെത്തിയില്ല.  രാത്രിയിൽ കുളിക്കാനോ മറ്റോ  വെള്ളം കോരുമ്പോൾ  ഒരു പക്ഷെ  കാൽ തട്ടി കിണറ്റിലേക്ക്  മറിഞ്ഞു വീണതാവാം  എന്ന നിലയിൽ പോലീസ്  FIR  തയ്യാറാക്കി . 

വലിയ വലിയ കേസുകള്‍ തെളിയിക്കുന്ന ഹൈടെക് പൊലീസാണ് ഈ മഹത്തായ കണ്ടുപിടിത്തം നടത്തിയത്.  ഏട്ടന്റെ മരണ വാർത്ത‍ അറിഞ്ഞു അമ്മയ്ക്ക് വീണ്ടും ദീനം കൂടി.  നാട്ടിൽ വന്ന ഞാൻ കേസിനു  ശ്രമിച്ചു. ഏട്ടൻ വഴുതി  വീണതായാലും,  സങ്കടം സഹിക്കവയ്യാതെ കിണറ്റില്‍ ചാടി മരിച്ചതാണെങ്കിലും നഗരസഭാ അധിപനും ,സെക്രട്ടറിക്കും മറ്റ് ഉന്നതന്‍മാര്‍ക്കും, ജനമൈത്രിക്കാരായ കേരള പൊലീസിനും ഈ വിജയം ഒരു പൊൻതൂവൽ ആകാം . അവർ എല്ലാവരും ചിയേഴ്‌സ് പറഞ്ഞ് ആഘോഷിച്ചിട്ടുണ്ടാകും. 

ഏട്ടന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക എന്നൊന്നും ആരും ആവശ്യപ്പെടാന്‍ പോയില്ല . കേസിനുപോയിട്ടും ഒരു കാര്യവും ഇല്ല എന്ന് എല്ലാവരും പറഞ്ഞതോടു കൂടി  പിന്നെ ഞാനും  കേസ് വേണ്ടെന്നു വച്ചു . ചേച്ചിയും അത് തന്നെ പറഞ്ഞു കേസിനു പോയാലും പോയ ആൾ ഇനി തിരിച്ചു വരില്ലല്ലോ എന്ന്.

നാല് മാസം ഞാൻ നാട്ടിൽ കഴിച്ചു കൂട്ടി. പിന്നെ  ഞാൻ തിരിച്ചു ഇങ്ങോട്ടേക്കു തന്നെ പോന്നു.  ഇപ്പോൾ വീണ്ടും ജോയിൻ ചെയ്തിട്ട് രണ്ടു  മാസം ആകുന്നു. ചേച്ചിയുടെ മനോധൈര്യം എന്നെ അത്ഭുതപെടുത്തുന്നു. കടങ്ങൾ വീട്ടണം .  ഒരു സിന്ധി പശുവിനെ മേടിക്കണം  അതിനു നാൽപ്പത്തി അയ്യായിരം രൂപ വരും.. അടുത്ത മാസം ആ രൂപ അയച്ചു കൊടുക്കുവാൻ കഴിയും.  പിന്നെ ചില്ലറ വീട്ടു  പണികളും , പാല് കൊടുത്തും ഒക്കെ ചേച്ചി ആ കുടുംബത്തെ നോക്കികൊള്ളും. .എന്നെ പഠി പ്പിച്ച  പോലെ ആ കുട്ടികളെയും പഠിപ്പികണം .  അനുജത്തിയുടെ വിവാഹം നടത്തണം . ഏട്ടൻ അനുഭവിച്ച കഷ്ടപാടിൻ ഒരു പങ്കു ഞാനും അനുഭവിക്കേണ്ട . ചിരി ഒഴിയാതെ അയാൾ പറഞ്ഞു.

ഞാൻ മനസിൽ വിചാരിച്ചു, എങ്ങനെ ഇയാൾക്ക്  ഇത്ര ലാഘവത്തോടെ ചിരിക്കുവാൻ കഴിയുന്നു.   അയാൾ ഇത്രയും പറഞ്ഞപ്പോഴേക്കും ടാക്സി ഞാൻതാമസിക്കുന്ന  ഹോട്ടലിനു മുമ്പിൽ  എത്തി കഴിഞ്ഞിരുന്നു .  അയാൾക്ക്  അമ്പതു ദിർഹം കുടുതൽ കൊടുത്തെങ്കിലും അത് മേടിക്കാതെ അയാൾ പോയി.  

അവൾ പറഞ്ഞു നിറുത്തി . ഞാനും പിന്നെ ഒന്നും ശബ്ദിച്ചില്ല. നിശബ്ദതയെ  ഭഞ്ജിച്ചു കൊണ്ട് ഇരുട്ടിൽ ഞങ്ങളുടെ  കാർ ഓടി കൊണ്ടേയിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ