2013, നവംബർ 8, വെള്ളിയാഴ്‌ച

ഭീതിയുടെ നിമിഷങ്ങൾ


ഇത് ഒരു പക്ഷെ നിങ്ങൾ വിശ്വസിക്കണം എന്നില്ല . എങ്കിലും എനിക്കിതു പറയാതെ  വയ്യാ . കാരണം ഈ പറയുന്ന സംഭവങ്ങൾക്ക്  ദൃക് സാക്ഷികൾ ആരും ഇപ്പോൾ ഇല്ലല്ലോ, ഞാന്നല്ലാതെ!

ഇത് വെറും തോന്നലോ,അല്ലെങ്കിൽ ഒരു തരം വിഭ്രാന്തി എന്നൊക്കെ പറയുവാൻ വരട്ടെ  . ഒന്ന് കേട്ട് നോക്കുന്നതിൽ നിങ്ങൾക്ക് വിരോധം ഉണ്ടാകുമോ?നമ്മുടെ ഭാവി ആരുടെ കൈയിലാണ് അത് നമ്മുടെ കയ്യിൽ തന്നെയാണോ? നമ്മുടെ എല്ലാം ജീവിതത്തിൽ ഇന്ന് എന്ത് നടക്കുന്നു , നാളെ എന്ത് നടക്കും എന്ന് ആർക്കു  പ്രവചിക്കുവാൻ  കഴിയും?

ഒരു പക്ഷെ ഇന്ന് നിങ്ങൾ വേട്ടയാടപെടുകായാണെങ്കിൽ അത് ഇന്നലെയുടെ ബാക്കി പത്രം ആയിക്കൂടെന്നു വരില്ലേ ?, അതെ ഇന്നലെകൾ  ഇല്ലെങ്കിൽ ഇന്നില്ല അതാണ് ഞാൻ നേരത്തെ പറഞ്ഞത് ഭാവി പ്രവചിക്കുവാൻ നമ്മൾ ഏവരും ജ്യോതിഷ പണ്ഡിതർ ഒന്നും അല്ലല്ലോ.


കഴിഞ്ഞ ആഴ്ചയിൽ നടന്ന സംഭവം  ആണ്   ഞാൻ ഇവിടേ വിവരിക്കുവാൻ  പോകുന്നത്. ഭാര്യ നാട്ടിൽ പോയതിനാൽ ഞാൻ ഇപ്പോൾ ഫ്ലാറ്റിൽ  ഏകനാണ് . രാവിലെ  എഴുന്നേറ്റു  കട്ടൻ കാപ്പി കുടിച്ചു  കഴിഞ്ഞാൽ പ്രഭാതകൃത്യങ്ങളിലേക്ക് കടക്കുകയാണ് എന്റെ പതിവ് . അന്നും അത് പോലെ തന്നെ ആയിരുന്നു.പല്ലു തേച്ചു കഴിഞ്ഞു ഞാൻ  ഷേവ് ചെയുവാൻ തുടങ്ങുകയായിരുന്നു. ക്രീം മുഖത്തു നല്ലവണ്ണം  പതപ്പിച്ചു ശേഷം റേസർ  എടുത്തു മുഖം മിനുക്കുവാൻ ഒരുമ്പെടുമ്പോൾ ആണ്  പെട്ടെന്ന് കറന്റ്‌ പോയത്.

നാട്ടിൽ പവർക്കട്ട്  നിത്യ സംഭവം ആണ്. പക്ഷെ  ഗൾഫിൽ അങ്ങനെ അല്ലല്ലോ? ഞാൻ പോയി ഒരു മെഴുകുതിരി കത്തിച്ചു കൊണ്ടു വന്നു . പിന്നെ അത് കണ്ണാടിയുടെ ഒരു വശത്ത്  കുത്തി നിറുത്തി. വീണ്ടും ഷേവ് ചെയുവാൻ ആരംഭിച്ചു . പെട്ടെന്ന് കറന്റ്‌ വന്നു. നിമിഷങ്ങൾക്കകം വീണ്ടും ലൈറ്റ് അണഞ്ഞു.   ലൈറ്റ് കത്തുകയും അണയുകയും ചെയ്തു കൊണ്ടേ ഇരൂന്നു-ഇത് ഒരു നാലഞ്ചു തവണ ആവർത്തിച്ചു . വല്ല ഷോർട് സർക്കുട്ട്  ആകുമോ എന്ന്  സംശയിച്ചു.  എങ്കിലും  എനിക്കെന്തോ  ഒരു വല്ലായ്മ തോന്നി. പെട്ടെന്നാണ് ആ മെഴുകു തിരി വെട്ടത്തിൽ  ഞാൻ ആ കാഴ്ച കണ്ടത് .  കണ്ണാടിയിലൂടെ നോക്കുമ്പോൾ ഒരാൾ എന്റെ തൊട്ടു പുറകിൽ എന്നെ തൊടാവുന്ന അകലത്തിൽ  എന്നെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നു.അയാളുടെ കണ്ണുകൾ ജ്വലിച്ചത്  പോലെ  തോന്നിച്ചു.

വിറയലോടെ ഞാൻ  ഒച്ച വയ്ക്കുവാൻ ശ്രമിച്ചു.ഭയത്താൽ എന്റെ ശബ്ദം തൊണ്ടയിൽ നിന്നും പുറത്തേക്ക് വന്നില്ല.എന്തു ചെയ്യണം എന്നറിയാതെ പകച്ചു  നിന്ന നേരം. പെട്ടെന്ന് കറന്റ്‌ വന്നു. ഞാൻ തല തിരിച്ചു നോക്കി. അപ്പോൾ  അയാൾ  അവിടെ  ഉണ്ടായിരുന്നില്ല. അപ്പോഴും എനിക്ക് ശബ്ദിക്കുവാൻ ആകുമായിരുന്നില്ല. എ സി യുടെ തണുപ്പിലും ഞാൻ വല്ലാതെ വിയർത്തിരുന്നു.

ഒരു പക്ഷെ ഇത് എന്റെ തോന്നൽ   ആയിരിക്കുമൊ?  അല്ല, എനിക്ക് ഉറപ്പുണ്ട് അത് എന്റെ തോന്നൽ  ആയിരുന്നില്ല എന്ന് . ഞാൻ കഴുത്തിൽ തൊട്ടുനോക്കിയപ്പോൾ  രക്തംവാർന്ന്   ഒലിക്കുന്നു .വെള്ള വാഷ്‌ ബേസിൻ നിമിഷ  നേരങ്ങൾക്കകം രക്തത്താൽ കുതിർന്നു .ആഴത്തിലുള്ള   മുറിവാണെന്നു  തോന്നുന്നു . ഒരു പക്ഷെ ഭയത്താൽ ഞാൻ തന്നെ കോറിയതായിരിക്കാം.

ഓഫീസിൽ ഇരുന്നപ്പോഴും  ജോലിയിൽ  എനിക്ക് ശ്രദ്ധ ചെലുത്തുവാൻ കഴിഞ്ഞില്ല.  ഞാൻ നാട്ടിലുള്ള തോമസിന്റെ മൊബൈൽ നമ്പർ ഡയൽ ചെയ്തു . കുറേ ഡയൽ ചെയ്ത ശേഷമാണ് അവൻ ഫോൺ എടുത്തത്‌.

"ആ അളിയാ എന്താ വിശേഷം അവൻ ഉറക്കചുവടോടെ  ചോദിച്ചു "

 ഞാൻ ഭയത്തോടെ തന്നെ നടന്ന സംഭവം വിവരിച്ചു..

" ഇന്ന് രാവിലെ ഞാൻ വിനുവിനെ കണ്ടു."

" ആരെ കണ്ടെന്ന്? "  അവനു മനസിലായില്ല എന്ന് തോന്നി. ഞാൻ കുറച്ചു ഉറക്കെ പറഞ്ഞു .

"വിനുവിനെ "

കുറച്ച് നേരത്തെ നിശബ്ദതക്കു ശേഷം അവൻ പറഞ്ഞു .

"അതിനു അവൻ  മരിച്ചിട്ട് ഇപ്പോൾ പത്തു  പതിനെട്ടു വർഷം ആകുന്നില്ലേ"

ഞാൻ പറഞ്ഞു അതെ പതിനേഴു വർഷങ്ങൾ.

"ഹേയ്....അതു നീ കുടിച്ച കള്ളിന്റെ പുറത്തു  തോന്നിയതാവാം ,"

അവനു ഞാൻ പറഞ്ഞത് വിശ്വാസം ആവാത്തത്  പോലെ തോന്നി.

"അല്ലെടാ ഞാൻ കണ്ടതാ, സത്യമായിട്ടും  എന്റെ  തൊട്ടരികത്ത് ,  പുറകിലായി "

 ഞാൻ അവനെ വിശ്വസിപ്പിക്കുവാൻ  ശ്രമിച്ചു .

"മരിച്ചിട്ടു പതിനേഴു വർഷങ്ങൾ കഴിഞ്ഞല്ലേ അവൻ വരുന്നത്? . ഒന്നു പോട അപ്പാ ."

 അവനു ഞാൻ കളി പറഞ്ഞ പോലെയുള്ള ഭാവം.  പിന്നെ എന്തോ പറഞ്ഞിട്ട്  അവൻ ഫോണ്‍ വച്ചു . പക്ഷെ എന്നെ അതിശയിപ്പിച്ചു  കൊണ്ട് അന്ന് രാത്രി ഏകദേശം പതിനൊന്നരയോടെ തോമസിനറെ ഫോണ്‍ കാൾ  എന്നെ തേടി എത്തി . അവൻ ആകെ പരവശനായത് പോലെ .....

"നീ പറഞ്ഞത് ശരിയാ. എടാ ഞാൻ അവനെ കണ്ടു ."

 ഞാൻ ചോദിച്ചു,"ആരെ... വിനുവിനെയോ ?"

" അതെ വിനുവിനെ"  അവൻ പറഞ്ഞു .

" രാത്രി ഞാൻ സേല്സ്   മീറ്റിംഗ് കഴിഞ്ഞു വരികയായിരുന്നു. ചെറിയ മഴ ചാറുന്നുണ്ടായിരുന്നു. ഹൈവേ കഴിഞ്ഞു ക്രോസ് റോഡ്‌ എടുത്തു വരുമ്പോൾ പെട്ടെന്ന് ആണ് ഞാൻ  പിറകിലത്തെ മിററിൽ.. .എന്റെ  പിറകിൽ ബൈക്കിൽ ഒരാൾ ഇരിക്കുന്ന പോലെ തോന്നി . ഇരുട്ടിലും  വ്യക്തമായി ഞാൻ കണ്ടു , അത് അവനായിരുന്നു . വിനു . എന്റെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. "

 പിന്നെ എന്തോ പറഞ്ഞു  മുഴുമിപ്പിക്കുന്നനതിന് മുമ്പായി അവന്റെ ഫോണ്‍ കട്ടായി . പിന്നെ ഞാൻ തോമസിന്റെ വിളിച്ചിട്ടും എനിക്ക് അവനെ കിട്ടുകയുണ്ടായില്ല. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം  വന്നില്ല . തോമസും, ബാബുവും, വിനുവും ഞാനും ഒരേ റൂമിൽ  എഞ്ചിനീയറിംഗ്  തേർഡ് ഇയർ  വരെ ഒരുമിച്ചു കഴിഞ്ഞവർ . ബാബു കഴിഞ്ഞ വർഷം ഒരു  അക്സിടെന്ടിൽ കൊല്ലപെട്ടു. അവൻ ഓടിച്ച കാർ നിയന്ത്രണം വിട്ടു മറിയുകയിരുന്നു . കൊലപാതകം ആകാം എന്ന് സംശയിച്ചുവെങ്കിലും പോലീസ് അന്വേഷണത്തിൽ  അതൊരു സാധാരണ അപകടമരണം ആയി റിപ്പോർട് ചെയ്യപ്പെട്ടു.

------------------------------------------------------------------------------------------------------------
എന്ജിനിയരിംഗ്  വിദ്ധ്യാർഥികൾ ആയ ഞങ്ങൾ സഹമുറിയൻമാരായിരുന്നു. . അന്ന് ഞങ്ങൾ  അൾസൂറിലുള്ള  ലിഡോ തിയെറ്ററിൽ നിന്ന് " മേ നെ പ്യാർ കിയ " കണ്ടു മടങ്ങി വരികയായിരുന്നു. സെക്കന്റ്‌ ഷോക്കു പോകുന്നത് കർശനമായും വിലക്കിയ സമയം . വാർഡന്റെ കണ്ണു വെട്ടിച്ചു  ആണ്  ഞങ്ങൾ അന്ന് സിനിമയ്ക്കു പോയത്. വാർഡൻ അറിഞ്ഞാൽ പണിഷ്മെന്റ് ആണ്. അത് മാത്രവും അല്ല  കോളേജ്, സിറ്റി ലിമിറ്റിൽ നിന്ന്  അകലെയാണ്‌ . ആയിടെയായി ബംഗ്ലൂരിൽ  കവർച്ചകാരുടെ  ശല്യും ഉണ്ട് എന്ന് കേട്ടിരുന്നു.  രാത്രിയിൽ പോകുന്ന യാത്രക്കാരെ തടഞ്ഞു നിറുത്തി പണവും, ആഭരണവും തട്ടി എടുക്കുന്ന ഒരു സംഘം ഉണ്ടെന്നും രാത്രി യാത്രകൾ സൂക്ഷിക്കെണം  എന്നും കേട്ടറി വുണ്ടായിരുന്നു.

 വിനുവിന് സിനിമയോട് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. തോമസിനും , വിനുവിനും മാത്രമാണ് അന്ന് ബൈക്ക് ഉണ്ടായിരുനത്. വിനു വന്നത് എന്റെ നിർബന്ധം കൊണ്ടായിരുന്നു. സിനിമ കഴിഞ്ഞു പ്ലാസാ യിൽ കയറി ബിയറും കഴിച്ച ശേഷം ആണ് ഞങ്ങൾ തിരിച്ചു പോയത്. സമയം രണ്ടു മണി യോടടുത്തിരുന്നു. പെട്ടന്നാണ് റോഡിൻറെ സൈഡിൽ നിന്നും രണ്ടു പേർ മുഖം മറിച്ചു മുന്നോട്ടു ചാടിയത്‌. തോമസിന്റെ പുറകിൽ  ബാബുവും , എന്റെ  പിറകിൽ വിനുവും ആയിരുന്നു ഇരുന്നത്. തോമസ്‌ സമർത്ഥമായി ബൈക്ക്
വെട്ടിച്ചെടുത്തു  മുന്നോട് പോയി. പക്ഷെ വടിവാളിന്റെ വെട്ടു വിനുവിന് എറ്റിരുന്നു.

അന്നേരത്തെ വെപ്രളത്താൽ  ഞാൻ  ബൈക്ക്  ഒരുവിധം മുന്നോട് എടുത്തു . അവർ രണ്ടു പേരും ഞങ്ങളുടെ പുറകെ ഓടി വന്നെങ്കിലും  ഞങ്ങൾ മുന്നോട്ടു പോയി കുറച്ചു നേരം ബൈക്ക് ഓടിച്ച ശേഷം  പെട്ടെന്ന് വിനു ബൈക്കിൽ നിന്ന് മറിഞ്ഞു താഴ്ത്തേക്കു വീണു.   ആ വീഴ്ചയിൽ
നിയന്ത്രണം വിട്ടു ബൈയ്ക് മറിഞ്ഞു ഞാനും വീണു.


അവൻ ഏതാണ്ട്  ബോധം കെട്ട   അവസ്ഥയിലായിരുന്നു.  അപ്പോഴേക്കും  തോമസും , ബാബുവും ബൈക്ക്  തിരിച്ചു ഞങ്ങളുടെ അരികിൽ എത്തി.  . ഞാൻ  അപ്പോഴാണ് ശ്രദ്ധിച്ചത്‌ അവന്റെ കഴുത്തിനു പുറകിലായി വടിവാൾ കൊണ്ടുള്ള വെട്ട്  ഏറ്റിരിക്കിന്നു . റോഡിൽ ചോര തളം  കെട്ടി കിടക്കുന്നു.


എത്ര വിളിച്ചിടും അവൻകണ്ണ് തുറക്കുന്നില്ല.   ദൂരെ ഇരുണ്ട വെളിച്ചത്തിൽ അവർ  ഓടി വരുന്ന പോലെ തോന്നി. കാര്യം പന്തിയല്ലന്നു കണ്ട ബാബു പറഞ്ഞു ഇവിടെ നിന്നാൽ കുഴപ്പം ആണ് . അപ്പോഴേക്കും തോമസ്‌ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.വിനുവിനെ വിട്ടു ബാബു ഓടി പോയി  ബൈക്കിൽ   കയറി ഇരുന്നു. എന്ത് ചെയ്യണം എന്നറിയാതെ  ഞാൻ അവിടെ തന്നെ   നിന്നു ."എടാ   .. അവന്മാര് വരുന്നുണ്ട് , ബൈക്ക് എടുത്തു വാടാ "  ബാബു വിളിച്ചു പറഞ്ഞു.

പെട്ടെന്നായിരുന്നു വിനു എന്റെ കയ്യിൽ പിടിച്ചത്. പിന്നെ ദയനീയ ഭാവത്താൽ   ഞങ്ങളെ  നോക്കിയിട്ട് പറഞ്ഞു .

" എന്നെ ഇവിടെ ഇട്ടിട്ടു പോകല്ലേട , അവന്മാര് എന്നെ കൊല്ലും."

 തോമസ്‌ ബൈക്ക് റൈസ്    ചെയ്തുകൊണ്ട് എന്നോടായി ചോദിച്ചു .

"നീ വരുന്നോ,അല്ലേൽ അവന്മാര് നമ്മളെയും കൊല്ലും,"

പിന്നെ ഞാനും ഒന്നും നോക്കാതെ  അവന്റെ കൈ ബലമായി വിടുവിച്ച് ബൈക്കിൽ ഓടി കയറി.  തിരിഞ്ഞു  നോക്കിയപ്പോഴും ദയനീയമായി   വിനു  ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ബൈക്ക് അവനെ വിട്ടു അകന്നു പോകുമ്പോഴും അവൻ നോട്ടം പിൻവലിച്ചില്ല. പിന്നീട് പല ദിവസങ്ങളിലും അവന്റെ ആ നോട്ടം എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട് .

ഞങ്ങൾ നേരെ ഹോസ്ടലിലേക്ക് പോയി. ഒരു കാരണവശാലും ഞങ്ങൾ സിനിമയ്ക്കു പോയ കാര്യം പറയുകയില്ല എന്നും വിനു വിനെ കുറിച്ച് ചോദിച്ചാൽ  അറിയില്ല എന്നും പറയണം എന്നും  തീരുമാനിച്ചിരുന്നു. അന്നത്തെ പ്രായവും, ഭയവും ആയിരുന്നു ഞങ്ങളെ കൊണ്ട് അങ്ങനെ ചെയ്യി പ്പിച്ചത്.

പോലീസ് കേസും അന്വേഷണവും ഒക്കെ ഉണ്ടായെങ്കിലും  ഡക്കൊയിട്സ്  ആക്രമണത്താൽ രക്തം വാർന്നു വിനു കൊല്ലപ്പെട്ടു എന്ന് പോലീസ്  സ്ഥിതീകരിച്ചു . അപ്രകാരം അവർ ആ  കേസ്  അവസാനിപ്പിച്ചു. കേസ് ഒതുക്കുവാൻ ബാബുവിന്റെ ഡാഡിയുടെ  രാഷ്ട്രീയ  സ്വാധീനവും  സഹായിച്ചു.


തിരിഞ്ഞും മറിഞ്ഞും കിടന്നു  ഞാൻ എങ്ങെനെയോ ഉറങ്ങി. പിറ്റേന്ന് രാവിലെ നാട്ടിൽ നിന്നുള്ള സുഹൃത്തിന്റെ  ഫോണ്‍ വിളി കേട്ടിട്ടാണ്‌ ഞാൻ  ഉണര്ന്നത്.അവൻ പറഞ്ഞ വാർത്ത‍ ഞെട്ടിപ്പിക്കുന്നതയിരുന്നു.

"ഇന്നലെ രാത്രി തോമസ്‌ ബൈക്ക് അക്സിടെന്റിൽ മരിച്ചു എന്നതായിരുന്നു."

 അപ്പോൾ അവൻ ഇന്നലെ രാത്രി എന്നെ വിളിച്ചത്?  ഭീതിയുടെ നിമിഷത്തിൽ എന്ത് ചെയ്യണം എന്നറിയാതെ നില്കുമ്പോൾ , രാത്രിയിൽ  ഓഫാക്കാതെ ഇരുന്ന ടീവിയിൽ വന്ന ഗൾഫ്‌ ന്യൂസ്‌ വാർത്ത‍ ഞാൻ ശ്രദ്ധിച്ചു.

 ദുബ്ബായിൽ ഫ്ലാറ്റിലെ ബാത്ത് റൂമിൽ മരിച്ചു കിടന്ന മലയാളിയുടെ ജഡം കണ്ടെടുത്തു എന്നും , പ്രാഥമിക  അന്വേഷണത്തിൽ നിന്നും കഴുത്തിലെ ആഴത്തിലുള്ള  മുറിവിൽ നിന്നും രക്തം വാർന്നതായിരിക്കാം മരണ കാരണം എന്നും , ദുബായി പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും ആയിരുന്നു വാർത്തയുടെ ഉള്ളടക്കം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ