2017, മേയ് 13, ശനിയാഴ്‌ച

പാപ ജാതകം (കഥ) അച്ഛന്റെ മകൾ. (5)അച്ഛാ ,  നന്ദന  വാതിലിൽ മുട്ടി വിളിച്ചു . സാധാരണയായി അയാൾ  രാവിലെ എഴുന്നേൽക്കാറുള്ളതാ . എത്ര ക്ഷീണം ഉണ്ടെങ്കിലും രാവിലെയുള്ള നടത്തം അയാൾ ഉപേക്ഷിക്കാറില്ല .  ചാറ്റൽ മഴയോ , മകരത്തിലെ കുളിരോ അയാളുടെ പ്രഭാത സവാരിക്ക് ഭംഗം വരുത്താറുമില്ല . അതുകൊണ്ടു തന്നെ നന്ദന ഒന്ന് പരിഭ്രമിച്ചു . സിറ്റി ഹോസ്പിറ്റലിലെ ജൂനിയർ ഡോക്ടർ ആണ് നന്ദന  അവൾ ആഞ്ഞു കതകിൽ തട്ടി .

"നന്ദു,"   അയാളുടെ വിളി അവൾ കേട്ടു .

അയാൾ പതിയെ വാതിൽ തുറന്നു ." എന്താ അച്ഛാ , ഇന്ന് നടക്കുവാൻ പോയില്ലേ ?'      അവൾ ചോദിച്ചു . ഇല്ല എന്നർത്ഥത്തിൽ അയാൾ തലയാട്ടി.

"ആർ  യു ഓക്കേ , അച്ഛാ "  അവൾ  ഒരു കുഞ്ഞുകുട്ടിയോടെന്ന പോലെ ചോദിച്ചു . "
"എസ്  ഐ ആം ,   നീ ഹോസ്പിറ്റലിൽ പോകുന്നില്ലേ"

അയാൾ  ചോദിച്ചു .   അതിനു മറുപടിയായി അവൾ പറഞ്ഞു

"ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട് . നല്ല കുട്ടിയായി അത് കഴിക്കണം "   അവൾ അയാളുടെ കവിളിൽ ഒരു മുത്തം നൽകി,  കൈ വീശിയ     ശേഷം ഒരു കൈയിൽ വെള്ള ഓവർ കോട്ടും , പിന്നെ അവളുടെ ഹാൻഡ് ബാഗും എടുത്തുകൊണ്ട്  വാതിൽ തുറന്ന്  ലിഫ്റ്റിനരികിലേക്കോടി .

അയാൾ സമയം നോക്കി .  ഒൻപതു മണി  കഴിഞ്ഞിരിക്കുന്നു . അവൾക്കു ഡ്യൂട്ടിക്ക് കയറേണ്ട സമയം ഒൻപതിനാണ് . ഇനി ഈ ബ്ലോക്കിൽ   പെട്ട് ഹോസ്പിറ്റലിൽ എപ്പോൾ എത്തുവാൻ?   ഉറക്കം വിട്ടെഴുനേൽക്കുവാൻ   നന്ദുവിന്‌   മടിയാണ് . ഉണർന്ന്  കിടന്നാലും ചിലപ്പോൾ  പ്രഭാതത്തിൻ  കുളിരേറ്റു അലസമായി അവൾ അങ്ങനെ കിടക്കും.

പതിവായിട്ടുള്ള അയാളുടെ പ്രഭാത സവാരി കഴിഞ്ഞിട്ട് അയാൾ തന്നെയാണ് അവളെ സാധാരണ വിളിച്ചുണർത്താറുള്ളത് .  ഇന്ന്  പതിവെല്ലാം തെറ്റി. ഈയിടെയായി  വല്ലാത്ത ക്ഷീണം . ശരീത്തിന്റെ  ക്ഷീണം മനസിനെയും ഗ്രസിച്ചിരിക്കുന്നു.

അയാൾ   പ്രഭാത കൃത്യങ്ങൾ   കഴിച്ച ശേഷം തീൻ മേശക്കരികിലായി ഇരുന്നു  ബ്രെഡും , ബട്ടറും , ജാമും , ചായയും ഉണ്ടാക്കി  അതെല്ലാം  മേശപുറത്തു  കാസറോളിൽ  അടച്ചു വച്ചിരിക്കുന്നു . അടുക്കളയിൽ  പത്രങ്ങൾ  കഴുകാതെ വാരി വലിച്ചിട്ടിരിക്കുന്നു .  കല്യാണം കഴിഞ്ഞാൽ  ഈ  മടിയും കൊണ്ട് അവൾ എങ്ങനെ ജീവിക്കും. .മിടുക്കിയായ ഒരു ഡോക്ടർ   ആണ് നന്ദന എന്നാൽ  അടുക്കോ , ചിട്ടയോ തൊട്ടു തീണ്ടിയിട്ടില്ല. അവളുടെ   മടി  അത് ചിലപ്പോൾ സഹിക്കുവാൻ പറ്റുന്നതല്ല .  ഒന്നല്ലേയുള്ളൂ  എന്ന് ലാളിച്ചു . അമ്മ ഇടയ്ക്കു പറയും  "നീയാ  ഈ കൊച്ചിനെ ഇങ്ങനെ വഷളാകുന്നേ  എന്ന് " .  അത് കേൾക്കുമ്പോൾ അവൾ പറയും "ശരിയാ അച്ചമ്മേ, ഈ അച്ഛനാ എന്നെ ഇങ്ങനെ വഷളാക്കിയത്  "  എന്ന് പറഞ്ഞു അവൾ കൊഞ്ചിയിരിക്കും .

ബാലമ്മാമ്മ  പറയുന്നത് നന്ദനയുടെ പാപജാതകമാണെന്നാണ് .ലഗ്നത്തിനിരുപുറവും പാപ ഗ്രഹങ്ങൾ ആണത്രേ . അങ്ങനെയുള്ള കന്യകക്കു മാതാവ് വാഴില്ല . കുടാതെ  ചരരാശിയിൽ ആണത്രേ ജനനം .  അകാലത്തിലുള്ള  അവളുടെ മാതാവിന്റെ  മരണം നന്ദുവിന്റെ ജാതക ദോഷത്തിൻ  ഫലശ്രുതിയായി അമ്മാമ്മ  വ്യാഖാനിക്കാറുണ്ട് .

ബാലമ്മാമ്മക്കു  ജ്യോതിഷം വിട്ടൊരു  കളിയില്ല . പുള്ളി തുടങ്ങിയാൽ പിന്നെ നിറുത്തുകയില്ല. "പ്രപഞ്ചാത്മാവ്  നമുക്ക് തരുന്ന സമ്മാനമോ  ഭാരമോ ഒക്കെയാണ്  ആണ് നമ്മുടെ  ഈ ജീവിതം . കർമം ആണ് എല്ലാത്തിനും ആധാരം,.  മുൻ ശരീരത്തിൽ ഇരുന്നപ്പോൾ ചെയ്തു കൂട്ടിയ പ്രവർത്തികളുടെ അല്ലെങ്കിൽ  സുകൃത , ദുഷ്‌കൃതങ്ങളുടെ ഒരു സമ്മിശ്ര ഭലം ചേരുന്നതാണു  ഇപ്പോഴത്തെ ജന്മം "

അയാൾ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ  അയാളെ നോക്കി  അമ്മാമ വീണ്ടും തുടർന്നു .

."ഇതെല്ലാം വെറും അന്ധവിശ്വാസം എന്ന് തള്ളിക്കളയരുത് കുട്ടി ,  ജാതകം തികച്ചും ഒരു മാർഗ ദർശിയാണ് . ഒരു  വഴിവിളക്ക് . ഏതെങ്കിലും കാലം നമുക്ക് അത്ര ബലമുള്ളതല്ല  എന്ന് കാണുമ്പോൾ അതിനെ പ്രതിരോധിക്കുവാൻ ജ്യോതിഷം കൊണ്ട് സാധിക്കും. ഇരുട്ടത്തു തപ്പി തടയുമ്പോൾ ടോർച്ചിൻ  വെളിച്ചം വഴി തെളിക്കും പോലെ .   അതുകൊണ്ടു കുട്ടിയാണ്  നന്ദു മോൾടെ  കാര്യം ഞാൻ എടുത്തിടുന്നത് . ജനിച്ചപ്പോൾ തന്നെ 'അമ്മ പോയില്ലേ. "

"ഒന്ന് നിറുത്തു  ബാലമ്മാമ്മേ , "എന്തുപറഞ്ഞാലും ഒരു ജാതകദോഷം . നന്ദുവിന്റെ അമ്മയ്ക്ക് അത്രെയേ വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ . അല്ലാതെ ജാതകദോഷം  ഇങ്ങനെയുണ്ടോ  വിഡ്ഢിത്തം . ഇനി എന്റെ മോൾടെ മുമ്പിൽ ഇങ്ങനെ പറയരുത് ."  അത് അപേക്ഷയായിരുന്നില്ല ആജ്ഞ തന്നെയായിരുന്നു . അമ്മാവൻ പിന്നെ ഒന്നും പറഞ്ഞില്ല.  അയാൾ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന ഭാവത്തോടെ അവിടെ നിന്നും എഴുനേറ്റു പോയി.

     
 അയാൾ ഗ്രേസിനെ  ഓർത്തു .  അവൾ പോയിട്ടിപ്പോൾ ഇരുപതു വർഷം  കഴിഞ്ഞിരിക്കുന്നു . നാലുവയസുള്ള കുഞ്ഞിനെയും കൊണ്ടുള്ള ജീവിതം ശരിക്കും ഒരു പോരാട്ടം തന്നെയായിരുന്നു .

അയാൾക്കിപ്പോഴും ഓർമയുണ്ട് . അന്ന് നല്ല മഴയുള്ള ദിവസം  ആയിരുന്നല്ലോ . ഓഡിറ്റിങ്ങിനു വേണ്ടിയാണു അയാൾ ആ കമ്പനിയിൽ പോയത് . അയർലണ്ടിൽ അയാൾക്ക് ജോലി തരമായ  ദിനങ്ങളിൽ ഒരു ദിനം.  എത്രയും മുന്നേ ഈ ഓഡിറ്റിങ്‌ തീർക്കണം എന്ന് കരുതിയാണ് അയാൾ അവിടേക്കു വന്നത്.   മതിയായ രേഘകൾ പോലും ഇല്ലാതെ ആകെ കുഴഞ്ഞു കിടക്കുന്ന ഓഫീസ് . അക്കൗണ്ട്   സ്റ്റേറ്റ്മെൻറ്സ് പോലും കൃത്യതയില്ല.  അന്നാണ് ആ പെൺകുട്ടിയെ അയാൾ ആദ്യം കാണുന്നത് . അവളുടെ കണ്ണിൽ എപ്പോഴും ഉത്സാഹം   തളം  കെട്ടി നിന്നിരുന്നു .   ആ കമ്പനിയുടെ CFO  ആണ് അയാൾക്ക്‌   ഗ്രേസിനെ പരിചയപ്പെടുത്തിയത് .  അവളുടെ സ്വരം വല്ലാത്ത  മധുരതരമായിരുന്നു . തിളക്കമുള്ള കണ്ണുകൾ . ആ കമ്പനിയുടെ സർവാധികാരി എന്ന നിലയിൽ അവൾ അവിടെ പാറി നടന്നു. എല്ലവരോടും  ചിരിയോടെ, വശ്യമായി  സംസാരിക്കുന്ന  അവളെ ചുറ്റിപറ്റി പൂമ്പാറ്റയെ പോലെ തേൻ നുകരുവാൻ ഒരുപാട് പേർ കൊതിച്ചു.

അവളുടെ സഹായം അയാൾക്ക്  അനിവാര്യമായിരുന്നു.  അയാൾക്കാവശ്യമായ  റിപ്പോർട്ടുകൾ അവൾ എടുത്തു തന്നു. 'ട്രയൽ ബാലൻസും , സ്റ്റോക്ക് റിപ്പോർട്ടും , എന്ന് വേണ്ട ആവശ്യമായ ഫിനാൻഷ്യൽ റിപ്പോർട്ടസ്  എല്ലാം അവൾ  നൽകി. ഓരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് അയാൾ അവളോട്‌ സംസാരിക്കുവാൻ ശ്രമിച്ചു . ചായം തേച്ച  അവളുടെ ചുണ്ടുകൾ ചുംബിക്കുവാൻ  അയാൾ മോഹിച്ചു . അവളുടെ  ചായം  തേച്ച നീണ്ട വിരൽ ലുകൾ  കൊണ്ട്   കംപ്യൂട്ടറിൽ ടൈപ്പ് ചെയുന്നത് എത്രയോ വട്ടം കണ്ടുനിന്നിയിട്ടുണ്ട്.


എപ്പോഴാണ് അയാൾക്ക്‌  ഗ്രേസിനോട് പ്രണയം തോന്നി തുടങ്ങിയത് . അതറിയില്ല. പക്ഷെ  അവളുടെ സാമിപ്യം അയാൾ കൊതിച്ചിരുന്നു .   അവളുടെ പെർഫ്യൂമിന്റെ സുഗന്ധം , മദിപ്പിക്കുന്ന  ഗന്ധം  എല്ലാം അയാളെ ഭ്രമിപ്പിച്ചു . പക്ഷെ ഒരു ആംഗ്ലോ ഇന്ദ്യൻ  പെൺകുട്ടിയെ വിവാഹം കഴിക്കുക എന്ന് വച്ചാൽ അതിന്  ഒരിക്കലും അയാളുടെ വീട്ടുകാർ   സമ്മതിക്കുകയില്ല എന്ന് അയാൾക്ക് അറിയാമായിരുന്നു .

 ആ ദി വസങ്ങളിൽ അയാൾ പുലർച്ചയാകുവാൻ കൊതിച്ചിരുന്നു . ഉറക്കം ഒളിച്ചു നേരം വെളുപ്പിച്ചിരുന്നു . ഓഫീസിൽ എത്തുവാൻ തിടുക്കപ്പെട്ടു . ചിലപ്പോൾ രണ്ടു  മണിക്കൂറിനു മുന്നേ വരെ അയാൾ ഓഫീസിൽ എത്തുമായിരുന്നു . അവളെ കാണുവാൻ , അയാൾക്ക്‌  ഐർലണ്ടിൽ ഒരു ജോലി തരപ്പെട്ടിരിക്കുകയാണെന്നും  ഉടനെ അയാൾക്കവിടം വിട്ടു പോകേണ്ടി വരും എന്നും അയാൾ അവളെ ധരിപ്പിച്ചു.  മനസുകൾ തമ്മിൽ അടുത്ത അവൾക്കും അയാളെ വിവാഹം കഴിക്കുവാൻ നൂറുവട്ടം സമ്മതമായിരുന്നു .അങ്ങനെ അവർ ചില  സുഹൃത്തുകളുടെ സാന്നിദ്ധ്യത്തിൽ വിവാഹിതരായി.

സന്തോഷകരമായ  ദിവസങ്ങൾ തന്നെയായിരുന്നു ആദ്യമെല്ലാം . അതിനിടയിൽ  ഗ്രേസ്   ഒരു കുഞ്ഞിനെ പ്രസവിച്ചു.  ഇപ്പോൾ വേണ്ട എന്ന് അവൾ പറഞ്ഞുവെങ്കിലും അബോർഷന്  അയാൾ സമ്മതിച്ചില്ല . അവിടെനിന്നാണെന്നോ  തങ്ങളുടെ ജീവിതത്തിനു  ഉലച്ചിൽ തട്ടി തുടങ്ങിയത് .  പിന്നെയങ്ങോട്ടു .  ദിവസങ്ങൾ  കഴിഞ്ഞപ്പോൾ  ദാമ്പത്യ ജീവിതത്തിൽ  വിള്ളലുകൾ  വീഴുവാൻ തുടങ്ങി .   ഗ്രേസിന്  കുഞ്ഞിനെ ശ്രദ്ധിക്കുവാൻ നേരമുണ്ടായിരുന്നില്ല.  നിശാ പാർട്ടികളും ,  ആഘോഷവും തന്നെ ആയിരുന്നു  ഗ്രേസിനു മുഖ്യം എന്ന് അയാൾ വൈകിയ വേളയിൽ തിരിച്ചറിഞ്ഞു   അവൾക്കു  ഐർലണ്ടിലേക്കു വരുവാനുള്ള ഒരു ഏണിയായിരുന്നു അയാൾ .  അവൾക്കു ചുറ്റും അവിടെയും കാമുകന്മാർ  പറന്നു നടന്നു.  എവിടെ ചെന്നാലും ഒരു കാന്തീക ആകർഷണത്തെ പോലെ  മറ്റുള്ളവരെ തന്നിലേക്ക് വശീകരിക്ക്കുവാൻ  സമർഥയായിരുന്നല്ലോ  അവൾ .

ഒരു ദിനം ഓഫീസിൽ നിന്നും നേരത്തെ വന്നപ്പോൾ കണ്ടത് അവൾ , അവളുടെ കാമുകനുമായി  സംഗമിക്കുന്ന കാഴ്ചയായിരുന്നു. ദേഷ്യം കടിച്ചമർത്തി അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി. തന്നെ വഞ്ചിച്ച ഭാര്യയെ വേണ്ട എന്ന് വയ്ക്കണോ? അത് അയാൾക്ക് സ്വീകാര്യമായി തോന്നിയില്ല . പകരം അയാൾ മറ്റൊരു മാർഗം തിരഞ്ഞെടുത്തു . ആരും അറിയാതെ അവളെ ഈ ലോകത്തു നിന്നും പറഞ്ഞു വിടുക. അതത്ര എളുപ്പമല്ല എന്നറിയാം . ഒരുപക്ഷെ പിടിക്കപ്പെട്ടേക്കാം .  എന്നാലും
  അയാൾ തിരുമാനിച്ചുറപ്പിച്ചു . ഇതല്ലാതെ  ഇനിയൊരു മാർഗം ഇല്ല. അവളുടെ മകളായി  ജീവിച്ചാൽ  നന്ദനയുടെ ഭാവി എന്താകും .  എട്ടുകാലിയെ പോലെ വല വിരിച്ചു ഒരവസരത്തിനു വേണ്ടി അയാൾ കാത്തിരുന്നു.  അവളോട്‌ സ്നേഹ ഭാവത്തിൽ തന്നെ  അയാൾ പെരുമാറി .  ഒന്നുമറിയാത്ത  ഒരു മണ്ടനാണ് അയാൾ എന്ന് അവൾ കരുതി കാണും . അല്ലെങ്കിൽ അങ്ങനെ കരുതിപ്പിക്കുന്നതിൽ അയാൾ വിജയിച്ചു .   നാടകം തന്നെയാണല്ലോ ജീവിതം . ആയാളും , അവളും അവരുടെതായ രംഗങ്ങൾ ഭംഗിയായി അഭിനയിച്ചു .

അപ്പോഴെല്ലാം അയാളുടെ ഒടുങ്ങാത്ത പക വർധിച്ചു വന്നതേയുള്ളൂ . ആർക്കും സംശയം തോന്നാത്ത സ്നേഹ പ്രകടനം , ഹൃദ്യമായ ചിരി, ഉള്ളിൽ വഞ്ചനയുടെ തോൽ അണിഞ്ഞിട്ടും അവൾകിതെങ്ങെനെ സാധിക്കുന്നു എന്നയാൾ അത്ഭുത പെട്ടിട്ടുണ്ട് .  കോമ്പല്ലുകൾ കൊണ്ട്  മനുഷ്യ രക്തം ഊറ്റി കുടിക്കുന്ന  ഭീകര യക്ഷി . അതായിരുന്നല്ലോ ഗ്രെസ്

അന്നവൾക്കു മോർണിംഗ് ഡ്യൂട്ടി ആയിരുന്നു . തലേ ദിവസം ഒരുമിച്ചിരുന്നു അവർ മദ്യപിച്ചു . ബോധം കെട്ടുന്ന വരെ അയാൾ  അവളെ കൊണ്ട് കുടിപ്പിച്ചു . പിറ്റേന്ന് രാവിലെതന്നെ അവൾക്ക്  ഓഫിസിൽ പോകണമായിരുന്നു.  അയാൾ തന്നെ അവൾക്കുള്ള ഭക്ഷണം പാചകം ചെയ്തു . അവളുടെ അവസാനത്തെ ആഹാരം. അതും സ്വന്തം കൈ കൊണ്ടുതന്നെ . അവൾക്കു കഴിക്കുവാനുള്ള  ചെറിയ ഒരു ചിക്കൻ കഷ്ണത്തിൽ  മാത്രം  അയാൾ സയനൈഡ് ഇഞ്ചക്ട ചെയ്തു .

അവളുടെ മരണം അയാൾ മനസിൽ  കണ്ടു . വേദനകൊണ്ട് പിടയുന്ന  ഗ്രേസ്. മരണമല്ലാതെ മറ്റൊരു മാർഗം അവളുടെ മുന്നിൽ അവശേഷിക്കുന്നില്ല . ഒരു പക്ഷെ അവളുടെ മരണത്തിൽ  ഒരു പാട് പേർ ദുഃഖിച്ചേക്കാം. സാരമില്ല . അവളുടെ കാമുകന്മാരുടെ വിഷമം അയാളെ സംബന്ധിക്കുന്ന കാര്യമല്ലല്ലോ .

പോസ്റ്റ്മാർട്ടം   റിപ്പോർട്ടിൽ  അവൾ ഒരു പാട് മദ്യപിച്ചിരുന്നു എന്നു    കണ്ടെത്തിയിരുന്നു .  ഓഫീസിൽ നിന്നും ഹോസ്പിറ്റലിൽ എത്തിയപ്പോഴെക്കും  ഗ്രേസിന്റെ മരണം നടന്നു കഴിഞ്ഞിരുന്നു.
 വിഷാംശമുള്ള  ഭക്ഷണം ആയിരിക്കാം മരണകാരണം എന്നും സ്ഥിതീകരിക്കുവാൻ അവർക്കു  വ്യക്തമായി കഴിഞ്ഞില്ല. അയാൾ ആ നഗരത്തിൽ ഉണ്ടായിരുന്നില്ല. ജോലി സംബന്ധമായി നഗരത്തിനു  പുറത്തുപോയ അയാളെ അയാളുടെ സുഹ്രത്തുക്കൾ  വിവരം അറിയിക്കുകയാണ് ചെയ്തത് .

എല്ലാവരും അയാളുടെ ദുഃഖത്തിൽ അനുശോചിച്ചു . ചിലർ അയാളുടെ പേരിൽ സഹതപിച്ചു.   പിഞ്ചു കുഞ്ഞിനേയും കൊണ്ട് ഇനി എങ്ങനെ കഴിയും എന്നവർ ഓർത്തു .

അവളെ  അവിടെ തന്നെ അടക്കം ചെയ്തു. അയാളുടെയും , അവളുടെയും  പേരിൽ ഉണ്ടായിരുന്ന  തുകയിൽ ഒരു ഭാഗം മുഴുവനായും  അവിടുത്തെ  ഒരു അനാഥാലയത്തിലേക്ക് സംഭാവനയായി  നൽകി . അവിടെ നിൽക്കുവാൻ മനസ് അനുവദിച്ചില്ല .  പിന്നെ നന്ദുവിനെയും കൊണ്ട് തിരികെ ഇൻഡയിലേക്കു പറന്നു . അച്ഛനും , അമ്മയും ഉപദേശിച്ചിട്ടും പിന്നെ ഒരിക്കലും വീണ്ടും  ഒരു പുനർവിവാഹത്തിന് അയാൾ    തൈയാറായില്ല.

നന്ദനക്കിപ്പോൾ വിവാഹപ്രായമായിരുന്നു . ഇപ്പോൾ അവൾക്കു അമ്മയില്ല എന്ന് മാത്രമേയുള്ളൂ . അവൾക്കു ,    അമ്മുമ്മയും , മുത്തച്ഛനും ,  അയാളുടെ ബന്ധുക്കളും എല്ലാം ഉണ്ട് . ചെറുപ്പം മുതൽ അമ്മയില്ലാതെ വളർന്ന നിർ  ഭാഗ്യവതിയായിപ്പോയി നന്ദന . അതവളുടെ കുറ്റമല്ലെങ്കിൽ പോലും. ഇപ്പോൾ അയാളുടെ ജീവിതം നന്ദനക്കു വേണ്ടി മാത്രമാണ് . അത് അയാളെക്കാളും  നന്നായി അറിയാവുന്നത് നന്ദനക്കു തന്നെയാണ് .  


ഗ്രേസിന്റെ മരണകാരണത്തെ കുറിച്ച് ആർക്കും ഒന്നുമറിയില്ല.  കൊലപാതകം  ഒരിക്കലും അംഗീകരിക്കാത്ത തെറ്റ് തന്നെയാണ് . പക്ഷെ  ഒരിക്കലും അയാൾ ചെയ്തത് തെറ്റായി പോയി എന്ന്  അയാൾക്ക്‌ തോന്നിയിട്ടില്ല. ക്ഷമിക്കാവുന്ന തെറ്റല്ലല്ലോ അവൾ അയാളോട് ചെയ്തത് . ഇനി അതിന്റെ പേരിൽ ശിക്ഷിക്കപെടണം എന്നുണ്ടെങ്കിൽ  അതേറ്റുവാങ്ങുവാൻ അയാൾ തൈയാറായിരുന്നു. അന്ന് ചിന്തിച്ചത് മകളെ കുറിച്ച് മാത്രമായിരുന്നു . ഇന്നവൾ വളരെ വലുതായിരിക്കുന്നു . സ്വന്തം കാലിൽ നിൽക്കുവാനുള്ള ശേഷി അവൾക്കുണ്ട് .

നന്ദന എല്ലാം അറിഞ്ഞിരിക്കണം എന്നയാൾക്ക്‌ നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ നന്ദനയോടയാൾ  എല്ലാം തുറന്നു  പറഞ്ഞു. അവൾ വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങുവാൻ അയാൾ  തെയ്യാറായിരുന്നു. എല്ലാം കേട്ടശേഷം  അവൾ പൊട്ടി തെറിക്കും എന്നയാൾ കരുതി . പക്ഷെ എല്ലാം നിശബ്ദമായി അവൾ കേട്ടിരുന്നു . പിന്നെ പറഞ്ഞു അമ്മയെ കണ്ട ഓർമ എനിക്കില്ല. . പക്ഷെ അപ്പൂപ്പനും , അമ്മുമ്മയും , അച്ഛനും എന്നെ ആ കുറവ് അറിയിച്ചിട്ടില്ല. പിന്നെ അങ്ങനെയുള്ള ഒരു അമ്മയുടെ മകളായി അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല ,  ഞാൻ  എന്നും അച്ഛന്റെ മകളാണ് . അച്ഛന്റെ മകൾ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ