2017, മേയ് 10, ബുധനാഴ്‌ച

സുഖിയൻ (കഥ)


തിരിച്ചു പോകേണ്ട ദിനങ്ങൾ എണ്ണിക്കോണ്ടിരിക്കുമ്പോൾ ആണ് അച്ഛൻ ചോദിച്ചത് .

"മനു , നിനക്കു സുഖിയൻ കഴിക്കണം എന്നുണ്ടോ എന്ന്"

അമ്മയ്ക്കു  വയ്യാതെയായതു മുതൽ അടുക്കള ഭരണം അച്ഛനാണ് . രാവിലെ  ദോശയോ , ഇഡ്ഡലിയോ ഉണ്ടാക്കുക , കൂട്ടാനും , ചോറും , മെഴുക്കുരട്ടിയും ഉണ്ടാക്കുക , വൈകുന്നേരം ചായക്ക്‌ എന്തെങ്കിലും പലഹാരം ഉണ്ടാക്കുക ഇതെല്ലം അച്ഛൻ ഒരു മടിയും ഇല്ലാതെ ചെയ്തിരുന്നു .
നല്ല കൈപുണ്യം ആണ് അച്ഛന് . ഉപ്പും, മുളകും , മഞ്ഞളും , പഞ്ചസാരയും എല്ലാം  കൈ അളവാണ്.   അല്ലെങ്കിൽ പാത്രത്തോടെ  തന്നെ അങ്ങു കുടയും.  അളവ് കൃത്യമായിരിക്കും. കുറവുമില്ല , ലേശം കുടുതലുമില്ല. . ഇതെങ്ങനെ സാധിക്കുന്നു എന്ന് ഞാൻ അത്ഭുതപെട്ടിട്ടുണ്ട് .

ആദ്യം ഒന്നും അച്ചൻ  അങ്ങനെ അടുക്കളയിൽ കയറുന്നതു ഞാൻ കണ്ടിട്ടില്ല. അടുക്കളയിൽ കയറി ജോലി ചെയുവാൻ അമ്മയ്ക്ക് ആരോഗ്യം അനുവദിക്കാതെ വന്നപ്പോൾ അച്ഛൻ ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു .

പുരാതനമായ തറവാട്ടിലെ അംഗമാണ് അച്ഛൻ .  അന്നവിടെ പാചകം ചെയുന്നവരെ  'ഇളയത്' എന്നാണ് വിളിച്ചിരുന്നത്.  ജന്മം കൊണ്ട് ബ്രാഹ്മണ വംശജർ ആണെങ്കിലും   ഇക്കൂട്ടർ അധികവും  പൂജ ചെയ്തു കാണാറില്ല. പകരം  ശ്രാദ്ധകർമങ്ങൾ  ചെയ്യുകയോ ,  സദ്യ ഒരുക്കുക  മുതലായ  കർമങ്ങളിലാണ്  കുടുതൽ  പ്രാവീണ്യം.  പാചക വിഭവങ്ങൾ ഉണ്ടാക്കുവാൻ  ഇവർക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ് .  അച്ഛൻ പറഞ്ഞിട്ടുണ്ട് അവരുണ്ടാക്കുന്ന   വിഭവങ്ങൾ കണ്ടാൽ  തന്നെ മനസ് നിറയും എന്ന്.

അച്ഛന്റെ സമപ്രായക്കാരൻ ആയിരുന്നു അപ്പു ഇളയത് . ഇപ്പോൾ  അപ്പു ഇളയത്തിനു  സ്വന്തമായി ഒരു കാറ്ററിങ് കമ്പനി തന്നെയുണ്ട് . വിവാഹത്തിനും മറ്റുള്ള  ആഘോഷങ്ങൾക്കും അപ്പു ഇളയതിന്റെ സദ്യ കേമമാണ് . ഈ പറയുന്ന   ഇളയതിന്റെ   അച്ഛനായിരുന്നു അന്ന് അച്ഛന്റെ  തറവാട്ടിൽ    ഭക്ഷണം ഉണ്ടാക്കിയിരുന്നത് . ചെറുപ്പത്തിൽ    പാചക പുരയിൽ അവരോടൊപ്പം കൂടും . അതെല്ലാം അച്ഛൻ കണ്ടു പഠിച്ചു. ജോലി സംബന്ധമായ അച്ഛന് പലപ്പോഴും ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നിട്ടുണ്ട് .  ആ  കണ്ടുപഠിത്തം  പിന്നെ ഉപകാരമായി .

പറഞ്ഞു വന്നത്  സുഖിയൻ  ഉണ്ടാക്കുന്ന കാര്യം ആണല്ലോ . ചെറുപയറും , ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം ആണ് സുഖിയൻ .   പേര് പോലെ തന്നെ കഴിക്കുവാൻ സുഖമുള്ള പലഹാരം .  എണ്ണയിലാണ് വറുക്കുന്നത്  എങ്കിലും  സംഗതി ചെറുപയർ ആയതിനാൽ അത്രയ്ക്ക് ആരോഗ്യ പ്രശ്നനങ്ങൾ  സൃഷ്ടിക്കില്ല  എന്ന് കരുതാം . നാട്ടിൻ പുറങ്ങളിലെ  ചായക്കടകളിൽ  ഒരു സ്ഥിരകാഴ്ചയാണ് സുഖിയൻ .  ചില്ലലമാരകളിൽ , പഴം പൊരിയും,  പരിപ്പുവടയും , സുഖിയന്റെയും സാന്നിധ്യം ഇന്നും കാണാറുണ്ടല്ലോ  .

വേവിച്ച ചെറുപയർ  വെള്ളം ഒരു തോർത്ത് മുണ്ടേൽ വാർത്തു കളഞ്ഞ ശേഷം അതിൽ  , ചുരണ്ടിയ ശർക്കര ചേർക്കുകയായിരുന്നു അച്ഛൻ . മേമ്പടി പോലെ ഏലക്കായയും,  അല്പം പഞ്ചസാരയും  വിതറി .  പിന്നെ  ഇതെല്ലാം ചേർത്ത്  നന്നായി  കുഴച്ച  ചെറുപയർ  മിശ്രിതം ഒരു ലഡുവിന്റെ വലിപ്പത്തിൽ അച്ഛൻ ഉരുട്ടി എടുത്തു .  ഇനി അത് കടലമാവിലോ, മൈദയിലോ  മുക്കിയ  ശേഷം വെളിച്ചെണ്ണ  ചേർത്ത് ചീന ചട്ടിയിൽ വറുത്തു  എടുക്കുക .  ഒരു കാഴ്ചക്കാരനെ പോലെ  എല്ലാം ഞാൻ കണ്ടു നിൽക്കുകയാണ് . അങ്ങനെ കുഴക്കുമ്പോൾ ആണ് അച്ഛൻ,  "ഈ സുഖിയൻ ആരാണ് ആദ്യം ഉണ്ടാക്കിയത്  എന്ന് അറിയാമോ" എന്നുള്ള ഒരു ചോദ്യം എന്റെ മുന്നിലേക്ക് എറിഞ്ഞത് .

ഞാൻ അറിയില്ല എന്ന് തലയാട്ടിയപ്പോൾ അച്ഛൻ  പറഞ്ഞു തുടങ്ങി . ഇതിനു പിന്നിൽ ഒരു കഥയുണ്ട് .   പണ്ട് ഗണപതിക്ക്‌ വിശന്നപ്പോൾ  പാർവതി ദേവി കടലപ്പരിപ്പ്  ചേർത്ത്  കൊഴുക്കട്ട  (മോദകം)  ഉണ്ടാക്കി . അതിന്റെ  ഒരു പുതിയ വകഭേദം ആണ് ഇന്ന് കാണുന്ന സുഖിയൻ .   കഥയല്ലേ , അതിൽ തർക്കിക്കേണ്ട കാര്യമില്ല.  ഈ കഥയുടെ വേറെ വകഭേദം  കേട്ടിരിക്കുന്നത് ഇങ്ങനെയാണ് എന്നും പറഞ്ഞു അച്ഛൻ വേറെയൊരു കഥയും കുടി പറഞ്ഞു   .

'സ്വന്തം സമ്പൽ സമൃദ്ധി കാണിക്കുവാനായി വൈശ്രവണൻ  ഒരിക്കൽ കൈലാസത്തിൽ വരികയും  ഭഗവാനെയും, ദേവിയെയും , ഗണപതിയേയും  അമൃതേത്തിനായി  അളകാപുരിയിലേക്കു ക്ഷണിക്കുകയും ചെയുന്നു .   ക്ഷണം സ്വീകരിച്ച ഗണപതി അളകാപുരിയിൽ പോവുകയും  ഭോജനശാലയിലെ  ഭക്ഷണം മുഴുവനും ഭക്ഷിച്ച ശേഷവും  വിശപ്പ് മതിയാവാതെ കുപിതനായ ഗണപതിയിൽ നിന്നും രക്ഷ നേടുവാനായി വൈശ്രവണൻ  കൈലാസത്തിൽ അഭയം പ്രാപിക്കുകയും  ആ അവസരത്തിൽ പാർവതി ദേവി  ഇതുപോലെയുള്ള ഒരു പലഹാരം ഉണ്ടാക്കി ഗണപതിക്ക്‌ നല്കുകയും  അത് ഭക്ഷിച്ചു ഗണപതിയുടെ വിശപ്പ് ശമിക്കുകയും ചെയ്തു .  പാർവതി  അതിനെ മോദകം എന്ന് വിളിച്ചു എന്നുള്ളത് വേറെ ഒരു കഥ .'

അതിനിടയിൽ അമ്മ ചോദിച്ചു, " നീ  പെട്ടിയിൽ എല്ലാം എടുത്തു വച്ചോ ?"
ഞാൻ ഒന്ന് മൂളി . പെട്ടിയിൽ പേര്   എഴുതണം എന്നുള്ളത് അമ്മയ്ക്ക് നിർബന്ധം ആണ് . അതിനു അമ്മ  പറഞ്ഞ കാരണം ഞാൻ ഇവിടെ വിവരിക്കാം  . എനിക്കൊരു  കസിനുണ്ട് .  പുള്ളിക്കാരൻ  കുടുംബവുമായി അമേരിക്കയിൽ ആണ് താമസം . ഗണേഷ് എന്നാണ് പേര്, പക്ഷെ ഞങ്ങൾ   ബാബു ചേട്ടൻ  എന്നാണ്  കക്ഷിയെ  വിളിക്കുന്നത്.

ബാബുച്ചേട്ടൻ  കഴിഞ്ഞ  തവണ അമേരിക്കയിൽ നിന്നും വന്നപ്പോൾ ഒരു സംഭവം ഉണ്ടായി.  വിമാനം ഇറങ്ങിയ ശേഷം എയർപോർട്ടിൽ നിന്നും പെട്ടി എല്ലാം എടുത്തു കാറിൽ കയറ്റി സുരക്ഷിതമായി വീട്ടിൽ എത്തി വിശേഷങ്ങൾ എല്ലാം പറഞ്ഞിരിക്കുന്ന സമയം . . കുറച്ചു കഴിഞ്ഞു വേഷം മാറുവാനായി പെട്ടി തുറക്കുവാൻ നോക്കുമ്പോൾ എന്താ പെട്ടി തുറക്കുവാൻ കഴിയുന്നില്ല. പിന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ  തിരുവല്ലക്കാരിയായ ഒരു
റാണി ജോസെഫിന്റെ  പേരാണ് പെട്ടിയിൽ എഴുതിയിരിക്കുന്നത്.  നിറം കണ്ടാൽ ഇദ്ദേഹത്തിന്റെ പെട്ടി തന്നെയാണെന്നേ തോന്നുകയുള്ളൂ .

പിന്നെ തിരികെ  എയർപോർട്ടിലേക്കു ഈ പെട്ടിയുമായി പോയി. അവിടെ ചെന്നപ്പൊഴല്ലേ  പുകില്  റാണി ജോസഫ്  പെട്ടി  നഷ്ടപെട്ട വിവരം പരാതിയായി   ബോധിപ്പിച്ചിട്ടുണ്ട് . പുള്ളിക്കാരന്റെ   ചുവന്ന നിറമുള്ള  പെട്ടി അവിടെ ഏകനായി  ചിരിച്ചിരിപ്പുണ്ട്. പക്ഷെ സ്വന്തം പെട്ടി  കയ്യിൽ  കിട്ടണം എന്നുണ്ടെങ്കിൽ തിരുവല്ലയിൽ പോയി  റാണി ജോസെഫിന്റെ പെട്ടി കൈമാറിയ ശേഷം അവർക്കു പരാതിയൊന്നുമില്ല എന്ന് അറിയിപ്പ് നൽകണം .നോക്കണേ പുലിവാല് . ഇനി ഇപ്പൊ എന്ത് ചെയുവാനാ .

കക്ഷി നേരെ തിരുവല്ലയ്ക്കു  വച്ച് പിടിച്ചു. അവിടെ ചെന്ന് പെട്ടി കിട്ടി എന്ന് ബോധിച്ചു എന്ന് അവരുടെ മറുപടിയും കൊണ്ട് നേരെ നെടുമ്പാശേരിയിലേക്കു . അങ്ങനെ ഒരു  ഭഗീരഥ  പ്രയത്നം തന്നെ നടത്തേണ്ടി  വന്നു സ്വന്തം പെട്ടി കിട്ടുവാനായി. അത് കൊണ്ട്  'അമ്മ പറയുംപോലെ പേര് എല്ലാം എഴുതി അടയാളത്തിനു ഒരു കയറും കെട്ടി. ഇനി പെട്ടി മാറി പോകരുതല്ലോ .


പിറ്റേന്ന് രാവിലെ എനിക്ക് പുറപെടണം .  എയർ പോർട്ടിൽ എന്നെ കൊണ്ടുവന്നാക്കിയ ശേഷം  അച്ഛനും , അനിയനും  തിരികെ  പോയി.   ലഗേജ്  അധികം ഒന്നുമില്ല . വലിയ ഒരു പെട്ടിയും , പിന്നെ ഒരു തോളത്തു തൂക്കുന്ന ഒരു ചെറിയ ബാഗും . ലഗേജ്  കയറ്റി വിട്ട ശേഷം  ബോർഡിങ് പാസ്  കളക്ട്  ചെയ്തു . ഇനിയും  രണ്ടര മണിക്കൂറിൽ ഏറെ സമയം ഉണ്ട് . വീട്ടിൽ വിളിച്ചഅമ്മയോട്  യാത്ര പറഞ്ഞു . പിന്നെ അനുജനെയും  വിളിച്ചു പറഞ്ഞു പ്രശ്നം ഒന്നുമില്ല . ലഗ്ഗേജ് അധികം ഇല്ല. യാത്ര എയർ ഇന്ത്യയിൽ ആണ് . അനുവദിക്കുന്ന ലഗ്ഗേജ്    20  കിലോ മാത്രം . അതിൽ കൂടിയാൽ പിഴ കൊടുക്കേണ്ടി വരും.

ഞാൻ  പതിയെ സെക്യൂരിറ്റി ചെക്ക് ചെയുവാനായി  പോയി.  അവിടെ നിന്ന   ഉദ്യോഗസ്ഥൻ എന്നോടായി ചോദിച്ചു എന്താണ് ഹാൻഡ് ബാഗിൽ . ഞാൻ  എന്റെ ബാഗ് അയാളുടെ നേരെ നീട്ടി . പാസ്പോർട്ടും , എന്റെ ഫോണും , പിന്നെ കുറച്ചു പുസ്തകങ്ങളും  മാത്രമേ എന്റെ  ബാഗിൽ ഉള്ളൂ .     സിബ്  തുറക്കുവാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു .   പിന്നെ അയാൾ കയ്യിട്ടു ഒരു പൊതി എടുത്തു .

"യെ  ക്യാ ഹേ ",  അയാൾ  ഹിന്ദിയിൽ എന്നോടായി ചോദിച്ചു . ആ പൊതി
എന്താണ് എനിക്ക് മനസിലായില്ല . ഇനി  യാത്രക്കാരിൽ  ആരെങ്കിലും ഒരു പൊതി  എന്റെ ബാഗിൽ ഇട്ടതാണോ . അയാൾ വീണ്ടും ഉറക്കെ ഹിന്ദിയിൽ എന്നോട് ചോദിച്ചു . 'ബോലോ,  യെ ക്യാ ഹെ'

ഞാൻ   ആ പൊതി വാങ്ങുവാൻ കൈ നീട്ടി . ഉദ്യോഗസ്ഥൻ  എന്റെ കൈ തട്ടി തെറിപ്പിച്ചു .  അയാൾ അടുത്ത നിന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു.  എനിക്ക് സംഗതി പന്തിയല്ല എന്ന്  മാത്രം മനസിലായി.   ചുറ്റുമുള്ള യാത്രക്കാർ എല്ലാം ഒരു തീവ്രവാദിയെ നോക്കുന്ന പോലെ എന്നെ നോക്കി തുടങ്ങി.

ഞാൻ അപ്പോഴും ഓർമിക്കുവാൻ ശ്രമിക്കുകയായിരുന്നു , ആരാണ് ആ പൊതി എന്റെ ബാഗിൽ കൊണ്ടിട്ടത്‌. അതിനിടയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ  'ബോംബ് ' എന്നു  ഉച്ചരിക്കുന്നത് ഞാൻ വ്യക്തമായി കേട്ടു . ഞാൻ ഏസിയുടെ  തണുപ്പിലും  നന്നായി വിയർത്തു . അവർ എന്നെ  കൈയിൽ പിടിച്ചു വേറെ ഒരു മുറിയിലേക്കു കൊണ്ടുപോയി. വിറയലും , പേടിയും കൊണ്ട് ഞാൻ എന്തൊക്കെയോ പിച്ചും പേയും ഒക്കെ വിളിച്ചു പറഞ്ഞു.  ബോംബേയിൽ  മുമ്പ് ജോലി ചെയ്തിരുന്നതിനാൽ കുറച്ചൊക്കെ  ഹിന്ദി സംസാരിക്കുവാൻ  എനിക്ക് അറിയാം. പക്ഷെ ആവശ്യ സമയത്തുപകരിക്കില്ല എന്ന കർണ ശാപം എന്നെ പിൻതുടർന്നു .ഫലത്തിൽ  ബ ..ബ.. ബ പറഞ്ഞു  എന്നെ പിടിച്ചു വലിച്ചവർ അകത്തെമുറിയിലേക്ക്  കൊണ്ടുപോയി..

ആളോഴിഞ്ഞ മുറിയിൽ ഞാനും  ആ രണ്ടു ഉദ്യോഗസ്ഥരും  മാത്രം . അവർ എന്നെ തുറിച്ചു  നോക്കികൊണ്ടെയിരുന്നു .  ആ പൊതി ആരാണ്  അവിടെ വച്ചത്. അതും എന്റെ ബാഗിൽ  കൊണ്ടുവന്നു ആരാണ് ബോംബ് വച്ചിരിക്കുന്നത് . എനിക്ക് ആകെ  തല കറങ്ങുന്ന പോലെ.  ഞാൻ ഒരു തൂണിൽ ചാരി നിന്ന്; ഇനി എന്റെ അവസാനം ജയിലിൽ ആയിരിക്കും എന്നുള്ള തോന്നൽ. ഞാൻ  മനസിൽ ദൈവത്തെ വിളിച്ചു കരഞ്ഞു.  അപ്പോഴാണ്   ആ മുറിയിലേക്കു  വേറെ ഒരു ഉദ്യോഗസ്ഥൻ കടന്നു വന്നത് .

അയാൾ ഒരു മലയാളി ആയിരുന്നു.  എന്നോട്  മയത്തിൽ ചോദിച്ചു . "എന്താണ് ആ പൊതിയിൽ ". ഞാൻ പറഞ്ഞു

"സാർ സത്യമായിട്ടും എനിക്കറിയില്ല - ഇത് ആരാണ് വച്ചതു എന്ന് "  അയാൾ
ആ പൊതി മെല്ലെ തുറന്നു . രണ്ടു ഇരുമ്പ് ഉണ്ടകൾ .  അയാൾ അത് കൈയിൽ എടുത്തു . പിന്നെ ആ ഹിന്ദിക്കാരെയും , എന്നെയും  മാറി മാറി നോക്കി. അയാൾ അതിൽ കൈ ഞെരടി . പിന്നെ എന്നോട് ചോദിച്ചു "ഇത് എന്താണ് എന്ന് നിനക്കറിയില്ലേ?" .

പെട്ടെന്ന് എന്റെ മനസ്സിൽ മിന്നായം പോലെ ഉത്തരം വന്നു

'സുഖിയൻ "

"സാർ അത് സുഖിയൻ ആണ് . ഇന്നലെ  വൈകുനേരം അച്ഛൻ ഉണ്ടാക്കി തന്ന സുഖിയൻ . അമ്മ  ഒരു  പക്ഷെ എനിക്ക് രാവിലെ വിശന്നാലോ എന്ന് കരുതി പൊതിഞ്ഞു ഞാൻ പോലും അറിയാതേ  ബാഗിൽ വച്ചതാവാം ."

ഒരു ദിവസത്തെ പഴക്കം കൊണ്ടാകാം നിറം മങ്ങി കറുപ്പ് പടർന്നിട്ടുണ്ട് .
എനിക്കെന്തോ ആശ്വാസം തോന്നി. അയാൾ ഒരു കഷ്ണം എടുത്തു വായിലേക്കിട്ടു . പിന്നെ പറഞ്ഞു കൊള്ളാം . നന്നായിട്ടുണ്ട് .

എനിക്ക് ശ്വാസം വീണത് അപ്പോഴാണ് . പിന്നെ  ആ  ഉദ്യോഗസ്ഥൻ  തന്നെ  എല്ലാ  കാര്യങ്ങളും  ആ ഹിന്ദിക്കാരെ പറഞ്ഞു മനസിലാക്കി .   ഈ സംഭവം നടന്നു കഴിഞ്ഞിട്ട് വർഷങ്ങൾ  ആയി.  അതിനിടയിൽ പല പല യാത്രകൾ . പക്ഷെ   ഇപ്പോഴും സെക്യൂരിറ്റി  ചെക്ക്  എന്ന് പറഞ്ഞാൽ ആ  സുഖിയൻറെ അത്ര  സുഖമല്ലാത്ത ഓർമകൾ  മനസിൽ തികട്ടി വരും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ