2017, ഡിസംബർ 11, തിങ്കളാഴ്‌ച

നായ് ക്കോലം



പകുതി കെട്ട  ബീഡി അയാൾ വീണ്ടും കത്തിച്ചു. വേനലിന്റെ ചൂടിൽ അയാൾ വിയർക്കുന്നുണ്ടായിരുന്നു .   നാടും , നഗരവും  വേവിൽ വെന്തുരുകുകയാണ് . പിന്നെ എഴുപതു പിന്നിട്ട അയാളുടെ കാര്യം പറയുവാൻ ഉണ്ടോ?
ചൂട്  ഇനിയും കൂടുമെന്നും, വരൾച്ച അതി രൂക്ഷമാകും എന്ന് ഇന്നലെയും പാത്രത്തിൽ വായിച്ചു. തെക്കൻ കാറ്റിന്റെ ശക്തിയായ മൂളക്കം കാതിൽ ഇരമ്പുന്നു.  ശരം പോലെ പാഞ്ഞു പോകുന്ന കാറ്റ് . കാറ്റ്  ഊക്കൊടെ വീശുമ്പോൾ  ശരീരം  പൊള്ളുന്നു  

അങ്ങേരോടു പോയി എന്തെങ്കിലും പച്ച കറിക്കുള്ള കഷ്ണം മേടിക്കുവാൻ പറ. ഇങ്ങനെ അട പിടിച്ചു ഇരിക്കാതെ? .  രാവിലെ മുതൽ നായയെ പോലെ വീടിനു ചുറ്റും മണം പിടിച്ചിരിക്കും . ഏതു നേരവും അടുക്കളയിലാ കണ്ണ് .
മരുമകളുടെ കുശുകുശുപ്പ് അയാൾ കേട്ടു . മകൻ പറയുന്ന മറുപടി അയാൾക്ക് കേൾക്കുവാൻ കഴിഞ്ഞില്ല. ആറു  മാസത്തിൽ  ഏറെയായി   ഒരു പണിക്കു പോയിട്ട്.  അറിയപ്പെടുന്ന ആശാരി ആയിരുന്നു അയാൾ.  ഒരു പാട്  വീടുകളും, കടകളും  എല്ലാം അയാൾ പണിതിട്ടുണ്ട്.   കേളു ആശാരി സ്ഥാനം  നോക്കിയാൽ  അത് കൃത്യമാ  എന്ന പറഞ്ഞ എൻജിനീയർ  വരെ യുണ്ട് .  ഇപ്പോൾ പോയിട്ട്   ഒരു കിണറിനു പോലും അയാളെ സ്ഥാനം നോക്കുവാൻ വിളിക്കുന്നില്ല.  മരപണിയിൽ അയാൾക്ക് ശിഷ്യന്മാരായി ഒരുപാട് പേര് ഉണ്ട്. ഇപ്പോൾ അവരെല്ലാം ഫ്‌ളാറ്റുകളുടെ പണി തിരക്കിൽ കോൺട്രാക്ട് ജോലി ചെയുന്നു.  അവരുടെ കൂടെയൊന്നും ജോലി ചെയുവാൻ വയ്യ. അല്ലേലും ഇപ്പോഴത്തെ എൻജിനീയർമാർക്ക് എല്ലാം കംപ്യൂട്ടർ കണക്ക് ആണല്ലോ.  ഇപ്പോൾ   പണിയുന്ന  വീടുകളിൽ പോലും  മര വാതിലുകൾ ഇല്ല.  അതെല്ലാം പിവിസി വാതിലുകൾ ആയല്ലോ .  

പണ്ടൊക്കെ  മൂപ്പൊത്തിയ  മരം മാത്രമേ  മുറിക്കുവാൻ പാടുള്ളു എന്നുണ്ട്.    ഒരു വൃക്ഷം മുറിച്ചു മാറ്റണം എന്നുണ്ടെങ്കിൽ അതിനുള്ള അനുവാദം ചോദിച്ചു മേടിക്കണം . അത് വൃക്ഷത്തിനോട് മാത്രമല്ല, അതിൽ കുട് കുട്ടിയ പക്ഷികളെയും , പുഴുക്കളോടും, ശലഭങ്ങളോടും , ഉരഗങ്ങളോടുപോലും അനുവാദം ചോദിക്കണം. മരത്തിന്റെ ഉടമസ്ഥൻ കുളിച്ചു ശുദ്ധമായി വന്ന ശേഷം  മരത്തിൽ വസിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അവരോടെക്കയും ഒഴിഞ്ഞു പോകുവാനായി അപേക്ഷിക്കണം .  മുറിക്കുന്ന സമയം മഴുവിൽ തേൻ പുരട്ടി മൃദുവായി മരത്തിൽ മുന്ന്  തവണ വെട്ടണം .  ഉടമസ്ഥൻ ആകുന്നത് നന്ന്. അതിനു ശേഷം മഴു,   മരം വെട്ടുകാരന്  കൈ മാറുക . അങ്ങനെയുള്ള ചിട്ട  വട്ടത്തിൽ തന്നെ അയാൾ പണിത വാതിലുകൾക്കും , ജനാലകൾക്കും മറ്റും അവാച്യമായ ഭംഗി ഇന്നും ഉണ്ട്.  

കാലം പോയതോടെ അയാളെ ആർക്കും വേണ്ടാതായി . കൈ വിറ കാരണം ഉളി കൈയിൽ നില്കാതെ ആയി. ആയുധം കൈ വിട്ടാൽ പിന്നെ ആശാരിക്ക് എന്ത് വില. അത് തന്നെയാണ് അയാളുടെ ജീവിതത്തിലും സംഭവിച്ചത്. 


വീട്ടിൽ കാശ് ഒന്നും കിട്ടുന്നില്ല, വച്ചു വിളമ്പിക്കൊടുത്ത മരു മക്കൾക്ക് ദേഷ്യം വന്നു  തുടങ്ങി. പിന്നീട് ഈർഷ്യയായി. മക്കളുടെ മനോഭാവം മാറുന്നത് അയ്യാൾ അറിഞ്ഞിരുന്നു. എത്ര നാൾ ഇങ്ങനെ? , ബീഡി വാങ്ങുവാൻ പോലും പോലും മക്കളുടെ മുന്നിൽ കൈനീട്ടേണ്ട  ഗതികേട്. മക്കളുടെ വീട്ടിൽ താമസിക്കുമ്പോൾ അവർക്കും ചെലവിന് കാശുകൊടുക്കേണ്ടി  വരും.  കടം പോലും ആരും നൽകാതായി. കാശില്ലാതായപ്പോൾ പലരും അരപ്പട്ടിണിയിലായി. ആരോഗ്യം അവശേഷിച്ച ചിലർ കൂലിപ്പണിക്കു പോകാൻ തുടങ്ങി. തനിക്കു അതിനും വയ്യല്ലോ. അല്ലെങ്കിൽ ഈ പ്രായത്തിൽ ആര് വിളിച്ചു ജോലി തരാൻ .ഒരു കണക്കിന്  രമണി നേരത്തെ പോയത് നന്നായി . അവൾക്കു ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ.

പുറത്തെ  ചട്ടികളിൽ  മരിക്കുവനായി  തെയ്യാറെടുത്ത പനി നീർ പുഷ്പം. നാളെ പകൽ കാണുവാൻ അവൾ ഉണ്ടാകില്ല. പീലിപ്പോസിന്റെ കടയിൽ പോയി നോക്കാം .    അയാൾ  ശീല , കമ്പിയിൽ നിന്നും വിട്ടുപോയ പഴയ ആ കാലൻ കുട എടുത്തു നിവർത്തി . ആകെ നരച്ച ശീലയിൽ അവിടെ അവിടെ ആയി ചെറു സുഷിരങ്ങൾ . മുഴിഞ്ഞ സഞ്ചി കക്ഷത്തിൽ വച്ച് അയാൾ നടന്നു.

ഇന്ന് ഒരു മരുന്നിനു ഉള്ള കാശിനു പോലും വേണ്ടി  യാചിക്കേണ്ട അവസ്ഥ. ഉള്ളത് കൊണ്ട് ഓണം തന്നെ ആയിരുന്നു പണ്ടെന്നും. മക്കളെ പഠിപ്പികുവാൻ നോക്കി. ആരും ഗതി പിടിച്ചില്ല.  മൂത്തവൻ പറഞ്ഞിട്ട് എന്താ  കാര്യം , നല്ല പ്ലംബർ ആണ്. പക്ഷെ കുടി ഒഴിഞ്ഞിട്ട് അവനു പണിക്കു പോകാൻ നേരമില്ല. പിന്നെ ഒരു മകൾ ഉള്ളത് നേരത്തെ തന്നെ കെട്ടിച്ചു വിട്ടു. അവൾ അല്പം നല്ല നിലയിൽ തന്നെ ആണ്.  പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കില്ല. ഇവിടത്തെ പ്രാരാബ്ധം ഒന്നും അവൾക്കു അറിയേണ്ട ആവശ്യം ഇല്ലല്ലോ.

അയാൾ നടന്നു പോകുമ്പോൾ വെറുതെ ആലോചിച്ചു.  മനുഷ്യനെ മറ്റുള്ളവയിൽ നിന്നും വേർ തിരിക്കുന്ന ഒരു കാര്യം  അവൻ പിറന്നു വീഴുമ്പോൾ തന്നെ സ്വയം ഭക്ഷണം കഴിച്ചു വളരുന്നില്ല എന്നതാണ് . അവനെ  പ്രായപൂർത്തി എത്തുന്നവരെ നോക്കി നടത്തുവാൻ മാതാപിതാക്കൾ തന്നെ വേണം .  ജീവിതത്തിന്റെ താളം തെറ്റാതെയും , എന്തിനെയും നേരിടുവാൻ കഴിവുള്ള ഒത്ത മനുഷ്യൻ ആകുവാൻ രക്ഷിതാക്കളുടെ സുരക്ഷിത വലയത്തിനെ കഴിയു .

വിശ്വനെ   വളർത്തിയതും അതുപോലെ തന്നെ ആയിരുന്നല്ലോ . അവന്റെ ആഗ്രഹങ്ങൾ നിറവേറ്റുവാൻ  ഏറെ പണിപ്പെട്ടു . പഠനത്തിൽ ശ്രദ്ധ കുറഞ്ഞു എന്ന് അറിഞ്ഞപ്പോൾ പ്ലുമ്പിങ് പണി തരപ്പെടുത്തി കൊടുത്തു. അവനെ മാന്യമായി കെട്ടിച്ചു വിട്ടു.  എന്നിട്ടും അവൻ നന്നായോ ?  പെണ്ണ്  പറയുന്നതാണ് അവനു വേദവാക്യം . അല്ലെങ്കിൽ അവൾ അവനെയും വീട്ടിൽ കയറ്റില്ല .

പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട് . വാർദ്ധക്യം  എന്നുളത് ശൈശവത്തിലേക്കുള്ള യാത്രയാണ് എന്ന്. പ്രായം കുട്ടി വരുമ്പോൾ നമ്മുടെ സ്വഭാവം കുട്ടികളുടെ പോലെ ആയി തീരുന്നു.  ചില കാര്യാങ്ങളിൽ അവർ വാശി പിടിക്കുന്നു. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ കുട്ടികൾ ചെയുമ്പോൾ നമ്മൾ ആസ്വദിക്കുന്നില്ലേ ?  എന്തുകൊണ്ട്  നമ്മുടെ മക്കൾ  അതുപോലെ തിരിച്ചു ആസ്വദിക്കുന്നില്ല.

ശിഷ്യനായ ഗോവിന്ദനെ  കണ്ടപ്പോൾ  അവൻ പറഞ്ഞത് ഓർമ  വന്നു. "എല്ലാം ആശാന്റെ തെറ്റ് അല്ലെങ്കിൽ . വീട് മകന്റെ പേരിൽ എഴുതി കൊടുതത്തു എന്നതിനാ. ഇപ്പോൾ കയറി കിടക്കുവാൻ ഈ വീട് എങ്കിലും ഉണ്ടേല്ലോ . ഇനി നാളെ അവർ ആട്ടി ഇറക്കിയാൽ"

അങ്ങനെ വരുമോ .  എത്ര ലാളിച്ചാ  ആയ കാലത്തു മക്കളെ വളർത്തിയത് .  വീട്  വിശ്വന്റെ പേരിൽ ആയതോടെ മകൾക്കും അയാളെ വേണ്ടാതെയി . ഇപ്പോൾ കിടക്കുവാൻ ഒരിടം ഉണ്ട്. ഇങ്ങനെ പോയാൽ ഒരു പക്ഷെ നാളെ അവർ വീട്ടിൽ നിന്നും തന്നെ ഇറക്കി വിട്ടേയ്ക്കാം .

ചിലപ്പോൾ തോന്നും മരണം എത്ര സുഖപ്രദം ആണെന്ന് .   ദുരിതത്തിൽ നിന്നും ഉള്ള മോചനം അല്ലെ മരണം. ഈശ്വരന് പോലും വേണ്ടായിരിക്കും അതല്ലേ ഇനിയും ഇങ്ങനെ നീട്ടി കൊണ്ടുപോകുന്നത് . കിടത്തരുത് എന്നുള്ള പ്രാർത്ഥന മാത്രമേയുള്ളൂ. അങ്ങനെ ഒരു അവസ്ഥ വന്നാൽ ആര് നോക്കും.  
  

ഇരുട്ടിൽ അയാൾ നടക്കുമ്പോൾ പട്ടികളുടെ നീട്ടിയുള്ള കുരയാണ് അ ആയാളെ ചിന്തയിൽ നിന്നും ഉണർത്തിയത് .ഞൊടിയിട്ടകൊണ്ട് ചുറ്റും പട്ടികൾ . നാക്കുനീട്ടി , കടിക്കുവാൻ ഒരുമ്പെട്ട് വട്ടം ചുറ്റുന്നു . തെരുവ് നായകൾ. അയാൾ വല്ലാതെ പേടിച്ചു. കൂട്ടമായ എത്തിയ തെരുവ് നായകൾ. ഇരയെ കണ്ട പോലെ അവറ്റകൾ അയാളുടെ നേർക്ക് കുതിച്ചു. മുഖം , കാൽ , തല തുടങ്ങിയ ഭാഗത്തു എല്ലാം വന്യമായ ആക്രോശത്തോടെ അവ കടിച്ചു.  ആക്രമണം തടുക്കുവാൻ അയാൾ ശ്രമിച്ചു എങ്കിലും നായ്ക്കൾ കൂട്ടം ചേർന്ന് ശരീരമാസകലം കടിച്ചു പറിച്ചുകൊണ്ടേ ഇരുന്നു. അയാളുടെ നിലവിളി നായയുടെ കുരയാൽ മുങ്ങി പോയി. 

വേദനകൊണ്ടു അയാൾ പിടഞ്ഞു. കടിയേറ്റ അയാളുടെ എല്ലുകൾ പുറത്തേക്കു തള്ളി. മുക്ക് അവ കടിച്ചെടുത്തു . തുടയിലും , കഴുത്തിലും , കൈകളിലും നിന്ന് എല്ലാം മാംസം വിട്ടിറിങ്ങി .   അയാളുടെ നിലവിളി അപ്പോഴും അവിടെ മുഴുങ്ങുന്നുണ്ടായിരുന്നു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ