2017, മേയ് 29, തിങ്കളാഴ്‌ച

ഇവൻ എന്റെ പ്രിയ പുത്രൻ (കഥ)ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആണ് ശ്യാമള ആ ചോദ്യം എറിഞ്ഞത്.

" എന്തെ ഉറങ്ങിയില്ലേ?"
"ഇല്ല"    ഞാൻ പറഞ്ഞു

കുറച്ചു നേരത്തിനു ശേഷം അവൾ വീണ്ടും    ചോദിച്ചു

"എന്തായി ഞാൻ പറഞ്ഞ കാര്യം "

ഞാൻ ചോദിച്ചു , "എന്ത് കാര്യം "

"അല്ല നമ്മൾ ഫ്ലാറ്റ് മാറുന്നില്ല "   ,    

ഞാൻ ചോദിച്ചു ,  " അല്ല  ഈ ഫ്ലാറ്റിനു എന്താ  ഇത്ര കുഴപ്പം"

"ഒരു കുഴപ്പവുമില്ല" , അവൾ   വദനം വീർപ്പിച്ചു

കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും പറഞ്ഞു , "നിങ്ങൾക്ക്  നമ്മുടെ
മോനെ കുറിച്ച്  വല്ല വിചാരം ഉണ്ടോ?"

"എന്താ അവനു കുഴപ്പം, "    ഞാൻ അലസ മട്ടിൽ ചോദിച്ചു .

"ഇവിടെത്തെ  താമസക്കാർ   ആരും അത്ര ശരിയല്ല. ഒരു   കൾച്ചർ ഇല്ലാത്ത വർഗം . എല്ലാവരും മലയാളികളാ .  പിന്നെ തമിഴന്മാരും , ആ കുട്ടികളുടെ കുട്ടു കുടിയാൽ   അവനും അവരെപോലെയാകും "

ഞാൻ  ഒന്നും മിണ്ടിയില്ല . പക്ഷെ മനസിൽ ആലോചിച്ചു .  ആ കുട്ടികളുടെ കൂടെ കൂടിയാൽ എന്താ ഇത്ര കുഴപ്പം സംഭവിക്കുന്നെ ?  അല്ല ഞാൻ പഠിച്ചത് മുഴുവനും നാട്ടിൻപുറത്തെ മലയാളം മീഡിയത്തിൽ അല്ലെ.  അല്ല  എന്റെ പെണ്ണുംപിള്ള  എന്ന് പറയുന്ന  മിസിസ്സ് നായർ    നാലാം തരം വരെ പഠിച്ചത് നാട്ടിൻപുറത്തെ വിദ്യലയത്തിൽ അല്ലെ ?  എന്നിട്ടു  അവൾക്ക് എന്തെങ്കിലും കുഴപ്പം സംഭവിച്ചോ  . ഇല്ലല്ലോ    ഞാൻ ഇത് മനസിൽ ആലോചിച്ചതേയുള്ളൂ . അവളോട്‌ മിണ്ടിയില്ല .

ശ്യാമളക്കു ഒരു കുഴപ്പം ഉണ്ട് . അവൾക്കു മലയാളികളെ കുറച്ചു പുച്ഛം ആണ് . കുറച്ചുകാലം അവൾ  ബോംബെയിൽ ആയിരുന്നു . അവളുടെ   തന്തപ്പടിക്ക് അവിടെ ഏതോ കമ്പനിയിൽ ഉദ്യോഗം ആയിരുന്നു. അതുകൊണ്ടു ഹിന്ദി നന്നായി അറിയാം . എനിക്ക്   അറിയാവുന്ന ഹിന്ദി  കിലുക്കത്തിൽ  ജഗതി പറയുന്ന പോലെ .നഹി മാലും' ഏന്ന  ഒറ്റ വാക്കാണ്‌.
 അതുകൊണ്ടു നോർത്ത് ഇന്ദ്യൻസ്  ആണെങ്കിൽ  ഓക്കേ .  മലയാളികളുടെ കറുത്ത നിറവും, സെൻസ് ഓഫ് ഹ്യൂമറും , ഒന്നും അവൾക്കിഷ്ടമല്ല .  നമ്മൾ പറയുന്നു തമാശയല്ല , അശ്ലീലം ആണു പോലും.

എന്തിനു  കറികൾ പോലും അവൾക്കു  നേരെ ചൊവ്വാ  ഉണ്ടാക്കുവാൻ അറിയില്ല. ഒറ്റ മുറി ഫ്ലാറ്റിൽ കഴിഞ്ഞ പെണ്ണാണ് . ഇപ്പോൾ അവൾ ആകെ മാറിയിരിക്കുന്നു. നല്ല അവിയലും , സാമ്പാറും കഴിക്കണം എന്നുണ്ടെങ്കിൽ താൻ തന്നെ  അടുക്കളയിൽ കയറണം .  വല്ല മസാല ചേർത്ത കുറച്ചു കറികൾ ഉണ്ടാക്കി വയ്ക്കും . വായ്ക്കു ചേരില്ല എങ്കിലും ഉഗ്രനാണ് എന്ന മട്ടിൽ ഞാൻ കഴിക്കും.

ആഹാരത്തിനു മുമ്പ് രണ്ടു പെഗ് കഴിക്കണ  സ്വഭാവം എനിക്കുണ്ട് .  രണ്ടെണ്ണം വീശിയശേഷം പിന്നെ അവൾ ഉണ്ടാക്കിയത് കഷായം കുടിക്കുന്ന ലാഘവത്തോടെ  ഞാൻ അങ്ങ് കാച്ചും  അല്ലാതെ പിന്നെ ..

അവളുടെ ഈ സ്വഭാവം കാരണം ആണ് മകന്റെ സ്‌കൂൾ മാറേണ്ടി വന്നത് . അവൾക്കു അവൻ ഇന്ദ്യൻ സ്‌കൂ ളിൽ പഠിക്കുന്നത് ഇഷ്ടമല്ല.  അവിടെയും നമ്മുടെ  മാനം  കളയാൻ  ഉണ്ടല്ലോ , "മലയാളിസ്  ആർ  ഡർട്ടി  ഫെല്ലോസ്  "
അങ്ങനെ വിപിനെ  ബ്രിട്ടീഷ് സ്‌കൂളിൽ ചേർത്തു . അവൾക്ക്  കുറച്ചു ആശ്വാസം ആയി.  ഇനി മലയാളി സഹപാഠികളുടെ ശല്യം ഉണ്ടാകില്ലല്ലോ .
മലയാളികളേക്കാൾ   വൃത്തിയുള്ള , അപ്പിയിട്ടാൽ പോലും കഴുകാതെ വെള്ള തോലിക്കാരാണ് അല്ലോ അവന്റെ   സുഹൃത്തുകൾ .

ഇടയ്ക്കു എന്നോട് പറയും , "കണ്ടോ അവന്റെ ആക്സന്റ്  പോലും ഇപ്പോൾ  എത്ര മാറി. പണ്ട് അവൻ ഇംഗ്ലീഷ് പറഞ്ഞത് നിങ്ങളെ പോലെ  ആയിരുന്നില്ലേ .  നോക്കു,  ഇപ്പോൾ എത്ര സുന്ദരമായി അവൻ സംസാരിക്കുന്നു "

ശരിയാ ,  ഒരു കഷ്ണം   നെയ്യപ്പം വായിലിട്ടു സംസരിച്ചാൽ ഇതിലും നല്ല ഇംഗ്ലീഷ് ഞാൻ പറയും എന്നു  പറയാൻ വന്നതാ ; പിന്നെ ഭാര്യയോടുള്ള ഭയ ഭക്തി ബഹുമാനം കൊണ്ട് ഞാൻ അത് പറഞ്ഞില്ല.

ചിലസമയത്  കരണ കുറ്റി നോക്കി ഒന്ന് പുകയ്ക്കണം എന്ന് എനിക്ക് തോന്നാറുണ്ട് . പിന്നെ ഞാൻ അങ്ങോട്ട് വേണ്ടാ എന്ന് വയ്ക്കും . നമ്മളായിട്ട്   എന്തിനാ വെറുതെ പുലിവാൽ പിടിക്കുന്നത് അല്ലെ? അല്ലാതെ പേടി ഉണ്ടായിട്ടൊന്നുമല്ല   കേട്ടോ

പറഞ്ഞു വന്നത് ഞങ്ങളുടെ  ഫ്‌ളാറ്റ്  മാറുന്ന കാര്യം ആണല്ലോ . ഓഫീസിൽ നിന്ന് വന്നു കഴിഞാൽ  പിന്നെ ഫ്‌ളാറ്റ്  നോക്കുവാൻ ഇറങ്ങും. എനിക്കിഷ്ടപെടുന്നത് അവൾക്കിഷ്ടപെട്ടില്ല . അങ്ങനെ ഈ പ്രക്രിയ  തുടർന്ന് കൊണ്ടേയിരുന്നു . അവസാനം അവള്കിഷ്ടപെട്ട ഒരു ഫ്ലാറ്റ് കണ്ടെത്തി.  മൂന്നുമുറി , സ്വിമ്മിങ് പൂൾ , ഫ്രീ വൈഫി,  കാർ പാർക്കിംഗ് സംവിധാനം എല്ലാം ഉണ്ട് . വാടക അല്പം കൂടുതലാ . എന്നാലും കുഴപ്പമില്ല , ഈജിപ്ഷ്യൻസും  , മുറി ഇംഗ്ലീഷ്കാരും ഒക്കെയായ താമസിക്കുന്നത് . അതായത് മലയാളികൾ ഇല്ല എന്നർത്ഥം . ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും എന്ത് മിണ്ടാൻ ." മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ "

അങ്ങനെ കുറച്ചുകാലം അല്ലലില്ലാതെ കടന്നു പോയി.  അതിനിടയിൽ ഒരു ദിവസം ശ്യാമള പറഞ്ഞു , "നമ്മുടെ മകൻ മദ്യപിക്കുന്നുണ്ടോ എന്ന് ഒരു സംശയം. "
  "ഏയ് നിനക്ക് തോന്നിയതാകും ഞാൻ പറഞ്ഞു "

എനിക്ക് ജോലി സംബന്ധമായി മദ്യപിക്കേണ്ടി വരുന്നത് സാധാരണയാണ് . ഓഫീസ് വക പാർട്ടികൾ ഉണ്ടാകും. അപ്പോഴെല്ലാം മദ്യം ഒഴുകും . ചിലപ്പോൾ ബിസിനസ്സ് സംബന്ധമായി മറ്റുള്ളവർക്ക്  മദ്യം മേടിച്ചു കൊടുക്കേണ്ടിയും വരും. കോൺട്രാക്ട് സൈൻ ചെയുവാൻ ഇതെല്ലം ആവശ്യം ആണല്ലോ .

ഞാൻ ആദ്യമായി മദ്യപിക്കുന്നത്  പത്താം ക്ലാസ് പാസായി കഴിഞ്ഞിട്ടാണ് . ആന്ന്  ഒരു രസത്തിനു വേണ്ടിയാണ്  രായങ്കരി ഷാപ്പിൽ പോയത് .
പക്ഷെ എന്റെ  ഗദകാല സ്മരണകൾ എന്നെ  രായങ്കരിയിലെ   കള്ളുഷാപ്പിൽ കൊണ്ടുപോയി  എത്തിച്ചു.  ഓലമേഞ്ഞ  ചെറിയ ഒരു  കെട്ടിടമാണ് വിശ്വ വിഘാതമായ ആ ഷാപ്പ് .  അറ്റ്ലസ്    പരസ്യം പറയുംപോലെ   ജനകോടികളുടെ  വിശ്വസ്ത സ്ഥാപനം എന്ന് പറയുന്നത്  ഇവനാണ് .  "  ഇവൻ എന്റെ പ്രിയ പുത്രൻ    " എന്ന നസീറിന്റെ സിനിമ പരസ്യം  അവിടെ   ഒട്ടിച്ചിരിക്കുന്നു .    

ചുറ്റും പനമ്പ് കൊണ്ട് മറച്ചിരിക്കുന്നു . ഞാനുണ്ട്, ബിജുവുണ്ട് , അനുപ് ,  തോമസ് ഇങ്ങനെ നാലു പേർ . അനൂപാണ് ഈ സ്ഥലം കണ്ടുപിടിച്ചത് .  അവിടെഅവിടെയായി  ബെഞ്ചും , ഡെസ്കും ഇട്ടിരിക്കുന്നു . വില വിവര പട്ടികയുണ്ട്.  കപ്പ , കക്കയിറച്ചി , ബീഫ്  ഒലത്തിയത് , താറാവ് , കോഴി  എന്നിങ്ങനെ അന്നത്തെ സ്‌പെഷ്യൽ    ഐറ്റത്തിൻ  പേരുകളും  വൃത്തിയില്ലാത്ത കൈ അക്ഷരത്താൽ ചോക്കിൽ എഴുതി ചേർത്തിട്ടുണ്ട് .
പനമ്പിന്റെ അപ്പുറവും ഇപ്പുറവുംമായി ഞങ്ങൾ ഇരിപ്പുറപ്പിച്ചു . രണ്ടു കുപ്പി കള്ളു  ഞങ്ങളുടെ മുമ്പിൽ എത്തി . ഒറ്റ വലിക്കു ഞാൻ അത് അകത്താക്കി .തണുത്ത , ചെറിയ മധുരമുള്ള ഇളം  കള്ളു  കുടിക്കുക എന്നപോലെ സുഘമുള്ള മറ്റൊരു കാര്യം ഇല്ല.  ഞങ്ങളുടെ ഗ്ലാസുകൾ , നിറഞ്ഞും , ഒഴിഞ്ഞും കൊണ്ടേയിരുന്നു .     അവിടെ നിന്നും ഐശ്വര്യമായി തുടങ്ങിയ കുടിയാ, ഇപ്പോൾ സിൽവർ  ജൂബിലി ആഘോഷിച്ചു കഴിഞ്ഞിരിക്കുന്നു .

അന്ന് വൈകിട്ട്  വീട്ടിൽ വന്ന ശേഷം ശ്യാമള വീണ്ടും പറഞ്ഞു ." അവൻ കുടിക്കുന്നുണ്ട്  കേട്ടോ , അവന്റെ കുട്ട്  അത്ര ശരിയല്ല " കുടിച്ചിട്ടു ബോധം ഇല്ലാതെ പോലെയാ കിടപ്പു . ഞാൻ പോയി നോക്കിയപ്പോൾ  ഷർട്ടില്ലാതെ പുറം തിരിഞ്ഞു  'ക്രിസ്തുവിനെ കുരിശിൽ തറച്ച പോലെ കിടന്നുറങ്ങുന്നുണ്ട് '

അവൾ പറഞ്ഞു , "അവന്റെ ഫ്രനട്സ് അത്ര ശരിയല്ല."

ഞാൻ ചോദിച്ചു ,  "അതിനു ഇപ്പോൾ അവന്റെ കമ്പനി വെളുമ്പൻമാരുമായിട്ടല്ലേ , മലയാളികൾ ഒന്നുമില്ലല്ലോ "    അത് അവളുടെ ചങ്കിൽ കൊണ്ടു  എന്ന് തോന്നി .

പിന്നെ പറഞ്ഞു ,  നിങ്ങളെ കണ്ടല്ലേ  അവൻ പഠിക്കുന്നത് .
നിങ്ങൾ അവനെ യൊന്നു ഉപദേശിക്കണം .  അവൻ ശരിയായിക്കൊള്ളും . ഞാൻ ഒന്ന് മൂളി .

അപ്പോഴാണ് എനിക്ക് ഒരു  ശങ്ക തോന്നിയത് ,  .  എന്റെ  അലമാരയിലെ ഞാൻ ഭദ്രമായി വച്ചിരിക്കുന്ന  ബക്കാർഡിയുടെ അളവ് കുറയുന്നുണ്ടോ എന്ന് . പോയി നോക്കിയപ്പോൾ സംഗതി സത്യമാണെന്ന് ബോധ്യപ്പെട്ടു .  എന്റെ നെഞ്ചിടിച്ചു.   കുരുത്തം കെട്ടവൻ .  എന്റെ മനസ് മന്ത്രിച്ചു

അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ , "ചോദിച്ചിട്ടു തന്നെ കാര്യം "  . ഞാൻ തീരുമാനിച്ചു .

"ഇപ്പോൾ വേണ്ടാ , അവൻ ഉണർന്നു കഴിഞ്ഞിട്ട് മതി . അവൾ പറഞ്ഞു . "

അതുവരെ ക്ഷമിക്കുവാൻ എനിക്ക് മനസില്ലയിരുന്നു . എന്റെ  രോഷം സോഡാ പതയും   പോലെ പകഞ്ഞു പൊന്തി.

"എടാ", ഞാൻ മകനെ കുലുക്കി വിളിച്ചു ,  അവൻ ഉണർന്നില്ല
ഞാൻ   വീണ്ടും  അവനെ തോണ്ടി   വിളിച്ചു .  അവൻ കണ്ണ് തുറന്നു . അവനു എഴുനേൽക്കുവാനായി സാവകാശം  ഞാൻ കൊടുത്തു .

ഞാൻ ചോദിച്ചു ,

"നീ മദ്യപിക്കാറുണ്ടോ "  . അവൻ ഒന്നും മിണ്ടിയില്ല.

"എടാ , നിന്നോടാ ചോദിച്ചത് "   അവൻ   അപ്പോഴും ഒന്നും മിണ്ടിയില്ല.

"എടാ നിനക്കു കുടിക്കണം എന്നുണ്ടെങ്കിൽ ജോലി കിട്ടിയിട്ട് അന്തസായിട്ടു വാങ്ങി കഴിക്കണം . അല്ലാതെ  ഞാൻ കാശു കൊടുത്തുവാങ്ങിയ  എന്റെ  മദ്യം എടുത്തു കുടിച്ചാൽ നീ വിവരം അറിയും. "

പോരെ എന്ന്   ഭാവത്തിൽ ഞാൻ ശ്യാമളയെ നോക്കിയിട്ടു  ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി .

"കൊള്ളാം ,  ഇങ്ങനെയാണോ  അവനോട് ചോദിക്കുന്നത് . "

"അല്ലാതെ ഞാൻ എങ്ങെനയാ അവനോട് ചോദിക്കുന്നത് , "

ഇനി ചോദിച്ചിട്ടു അവൻ തന്നില്ലെങ്കിൽ അത് മോശമല്ലേ "

ഞാൻ സീരിയസ് ആയി പറഞ്ഞു.

അവൾ തലയ്ക്കു കൈ വച്ചതല്ലാതെ എന്നോട് ഒന്നും പറഞ്ഞില്ല .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ