2019, മാർച്ച് 6, ബുധനാഴ്‌ച

കുന്നത്തെ കാവ്കുന്നു കയറി നേരെ നടന്നു ചെല്ലുന്നതു  കാവിലേക്കാണ് .  ഇരുളടഞ്ഞവഴിയിലൂടെയുള്ള ഒറ്റയടിപ്പാത .  വശങ്ങളിലും ഉയരത്തിലുള്ള വള്ളി പടർപ്പുകളും , മരങ്ങളും കൊണ്ട്  നിറഞ്ഞു നിൽക്കുന്നു .  കരിയിലകൾ വീണ നടപ്പാതയിലൂടെ നടന്നാൽ  കല്ലിൽ കൊത്തിയ ദാരുപാലക ശിൽപം കാണാം . ഒരിക്കലും  ആ കാവിൽ തിരക്ക് അനുഭവപെട്ടു കണ്ടിട്ടില്ല.  ഉഗ്രരൂപിണിയായ ഭദ്രകാളിയാണ് പ്രതിഷ്ഠ . കാഴ്ച്ചയിൽ ഒരു കൊച്ചു കാവ് ആണെങ്കിലും ഉഗ്ര രൂപിണിയായ  ദേവിയുടെ രൗദ്ര ഭാവത്തിനു പിന്നിലും ഒരു   ഐത്യഹ്യം  ഉണ്ട്.  അത് വഴിയേ വിവരിക്കാം .

 കിഴക്കേ നടയിൽ മുന്നിൽ നിന്ന് തെക്കോട്ടു മാറി ഒരു ആൽ മരവും, പൊട്ടി പൊളിഞ്ഞ തറയും.  അതിന്റെ ചുവട്ടിൽ ഇലകളും, പൂക്കളും വീണു കിടപ്പുണ്ട് .   ഈ ആൽ മരം  കായ്ക്കില്ലത്രേ . അതിൽ കായയുണ്ടാവാതിനു പിന്നിൽ ഒരു ഐത്യഹ്യവും ഉണ്ടെന്നു പറയപ്പെടുന്നു .

നൂറ്റാണ്ടുകൾക്കു മുമ്പ്  ഇവിടം നിബിഡ വനപ്രദേശമായിരുന്നു . ഏതോ ദേശത്തു നിന്നും ഒരു നമ്പുതിരി ആ നടയ്ക്കൽ വന്നു പ്രാർത്ഥിച്ചു .   ത്വക് രോഗം കൊണ്ട്  അവശനായ നമ്പുതിരി  ആൽ  തറയിൽ ഇരുന്നു ദേവിയെ ഭജനം ചെയ്തു.  കാറ്റു വന്നപ്പോൾ മരത്തിൽ നിന്നും കായ്കൾ അടർന്നു അദ്ദേഹത്തിന്റെ ശരീരത്തിൽ വീണു.   ശരീരം  മുഴുവനും പൊട്ടി പഴുത്ത നമ്പുരിക്കു കായ്കൾ ശരീരത്തിൽ വീണപ്പോൾ വല്ലാതെ വേദനിച്ചു . "അമ്മെ , വ്രണത്തിൽ   മൂടിയ എന്നെ ഇനിയും ഇങ്ങനെ വേദനിപ്പിക്കുന്നതിൽ അവിടുത്തേക്ക്‌ കുടുതൽ സന്തോഷമാകുമോ എന്ന് വ്യസനത്തോടെ അദ്ദേഹം ചോദിച്ചു. അമ്പലകുളത്തിൽ പോയി കുളിച്ചു വരൂ എന്നൊരു  അശരീരി നമ്പുതിരി  കേട്ടു .  അരുളപ്പാട് ദേവിയുടെ തന്നെ എന്ന്   നിനച്ചു നമ്പുതിരി തിടുക്കത്തിൽ അമ്പലക്കുളത്തിൽ പോയി മുങ്ങി കുളിച്ചു.   കുളത്തിൽ മുങ്ങിയിട്ടു പൊങ്ങിയപ്പോൾ   അത്ഭുതം പോലെ ശരീരത്തിൽ ബാധിച്ച വ്രണം നിശേഷം ഭേദമായിരുന്നു. ആൽ  മരത്തിൽ  നിന്നും അടർന്നു വീണ  കായ  നമ്പുതിരിയുടെ ശരീരത്തെ  വൃണ പെടുത്തിയത് കൊണ്ടാകാം  അതിനു ശേഷവും , പിന്നീട് ഒരിക്കലും ആ ആൽ മരത്തിൽ കായകൾ ഉണ്ടായിട്ടില്ലത്രെ .  പ്രാചീനമായ  ആ ആൽമരം പിന്നീട് നശിച്ചു, അതിനുശേഷം ഉണ്ടായ ആൽമരവും കായ്ക്കില്ലത്രേ .  ഉഗ്ര രൂപിണിയാണെങ്കിലും   ഭക്തവാത്സല്യം  ചൊരിയുന്ന അമ്മയാണ് കാവിലെ  പ്രതിഷ്ഠ എന്ന്  പഴമക്കാർ പറയുന്നു  അതിനെല്ലാം സാക്ഷിയായി ആ    ആൽമരം ഒരു സത്യമായി ഇപ്പോഴും അവിടെ കാവൽ നിൽക്കുന്നു.   

കുന്നിൻ മുകളിലായി  ഈ കാളി ക്ഷേത്രം വന്നതിനു പിന്നിലും ഒരു കഥയുണ്ട് . അതിങ്ങനെ .പണ്ട് കാലത്തു ഒരു ഭട്ടതിരി കാഞ്ചിപുരത്ത്  പോയി ഭജനം ഇരുന്നു.  ഭക്തിപൂർവ്വം ഉള്ള ഭട്ടതിരിയുടെ ഭജനത്താൽ ദേവി സംപ്രീതയാവുകയും എന്ത് വരം വേണം എന്ന്   ഭട്ടതിരിയോട് ഉണർത്തിക്കുകയും ചെയ്തു. ദേവി എന്റെ കുടെ  ഇല്ലത്തേക്ക് വരണം എന്ന് ഭട്ടതിരി വിനയപൂർവം  ദേവിയോട് അപേക്ഷിച്ചു. ദേവി   ഭട്ടതിരിക്കു മുന്നിൽ പ്രത്യക്ഷപെട്ടതു ഓലക്കുട ചൂടിയായിരുന്നു.  ദേവി തന്റെ ചൈതന്യം ഓലക്കുടയിൽ ആവാഹിച്ചു ആ കുട  ഭട്ടതിരിക്കു കൈമാറി . ഭക്തിപുരസരം  കുട സ്വീകരിച്ച ഭട്ടതിരിയോടായി ദേവി പറഞ്ഞു ഈ കുട ഒരിടത്തും താഴെ വയ്ക്കരുത് . അങ്ങനെ സംഭവിച്ചാൽ  ഞാൻ അവിടെ കുടി കൊള്ളൂന്നതായിരിക്കും. അതനുസരിച്ചു ഭട്ടതിരി യാത്ര തുടർന്നു . കാടും , മേടും , അരുവിയും താണ്ടി ഭട്ടതിരി മനോഹരമായ ഈ കുന്നിൻ ചെരുവിൽ വന്നു ചേർന്നു . ഇവിടെ എത്തിയപ്പോൾ ഭട്ടതിരിക്കു കലശലായ  മുത്ര ശങ്ക അനുഭവപ്പെടുകയും , അവിടെ കണ്ട ഒരു നായാടി ബാലന് ഭട്ടതിരി ആ കുട കൈമാറുകയും , അതിനു ശേഷം കാര്യം സാധിച്ച തിരിച്ചു വന്ന ഭട്ടതിരി കാണുന്നത് ആ കുട മണ്ണിൽ ഇരിക്കുന്നതാണ് . ചതിച്ചല്ലോ ഭഗവതി എന്ന് നിലവിളിച്ചു കൊണ്ട്   ഭട്ടതിരി കുട ഉയർത്തുവാൻ നോക്കി. പക്ഷെ ആ കുട ഉയർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.  കുടയുടെ ഭാരം  സഹിക്കവയ്യാതെ നായാടി  ചെക്കൻ കുട മണ്ണിൽ പ്രതിഷ്ഠിച്ചുകൊണ്ടു ദേവി കാളി രൂപത്തിൽ ആ കുന്നിന്മേൽ വർത്തിക്കുന്നു.         

കൃത്യം അഞ്ചുമണിക്ക് തിരുമേനി  നട തുറക്കും .  കേശവൻ എംബ്രാന്തിരിയായിരുന്നു  ആ കാവിലെ പൂജാരി .തിരുമേനിയുടെ 
ഉച്ചത്തിലുള്ള ശംഖുനാദം ആ ഗ്രാമത്തെ ഉണർത്തും . ആളുകൾ കിടക്കപ്പായയിൽ നിന്നും,  കിഴക്കു ഭാഗത്തേക്ക്   നോക്കി കൈകൂപ്പും.. പഞ്ചലോഹകവചം കൊണ്ടുള്ള വിഗ്രഹം മനകണ്ണിൽ തെളിയും.
 നിർമാല്യത്തിന് മുന്നേ കുളത്തിൽ മുങ്ങി കുളിച്ചു ഈറനായ വേഷത്തിൽ എന്നും ശ്രീദേവി നടയ്ക്കൽ ഉണ്ടാകും.  നിർമല്യം കഴിഞ്ഞാൽ ശ്രീദേവി അർപ്പിക്കുന്ന തുളസിമാല ദേവിക്ക് ചാർത്തും . നാരായണമാരാരുടെ മകൾ ആണ് ശ്രീദേവി . മാസത്തിലെ ചില വിശേഷ ദിവസങ്ങളിൽ അവൾക്കു പോകുവാൻ  പറ്റാത്ത ദിനങ്ങൾ ഒഴിച്ചുള്ള ദിവസങ്ങളിൽ എല്ലാം ശ്രീദേവി നട തുറക്കുമ്പോൾ കാവിൽ ഉണ്ടാകും.   ദേവിക്ക് , ശ്രീദേവിയെയും , ശ്രീദേവിക്ക്‌ , ദേവിയെയും ഒരു ദിനം പോലും കാണാതെ വയ്യ എന്നായിരിക്കുന്നു .ദേവിക്കും , ശ്രീദേവിയെ ഒരു ദിനം കണ്ടില്ലെങ്കിൽ ദേവിയുടെ മുഖത്തിനു പ്രസാദവും  , ചൈതന്യം കുറയും എന്നാണ് തിരുമേനിയുടെ  ഭാഷ്യം. 

ശാന്ത  ഭാവത്തിൽ ആണ് ദേവിയുടെ മുഖം.  തിരുമേനി ഒരുക്കിയാൽ ദേവിയിൽ   ഭക്തവാത്സല്യം കുടികൊള്ളും. പട്ടുടയാടിയും ,  തുളസിമാലയും , നാരങ്ങാ മാലയും , കിരീടവും ചാർത്തിയ ദേവിക്ക്  മാതൃ ഭാവം കൈവരും.  ചുണ്ടിൽ  വറ്റാത്ത പുഞ്ചിരി അവശേഷിക്കും . ഉഷപൂജ  കഴിഞ്ഞാൽ ഭക്തിയോടെ നിറ കണ്ണുകളുമായി നിൽക്കുന്ന ഭക്തർക്കു ഗുരുതി പ്രസാദവും, ഇല ചീന്തിൽ   കറുത്ത ചാന്തും പ്രസാദമായി  നൽകും .  

ഉച്ചയ്ക്ക് നട അടയ്ക്കുന്ന വരെ ശ്രീദേവി അവിടെ ഉണ്ടാകും.  ഉച്ചയ്ക്ക്  പടച്ചോറും കൊണ്ട് ശ്രീദേവി  മാരോത്തേക്കു പോകും. ഇതാണ് പതിവ്.  കാവിനു ചുറ്റും തൂത്തു വരുക. പൂജയ്ക്കുള്ള ഉരുളിയും, കിണ്ടിയും, വിളക്കും മറ്റു പാത്രങ്ങളും കഴുകി വയ്ക്കുക . പൂജക്കുള്ള   പൂക്കൾ ശേഖരിക്കുക ,  ഇതെല്ലാം ശ്രീദേവിയുടെ ജോലിയാണ് . ശമ്പളം പ്രതീക്ഷിച്ചല്ല ശ്രീദേവി  ഈ ജോലികൾ ചെയുന്നത് . എന്നാലും കൃത്യമായി മാരാർ  ആ തുക എണ്ണി  മേടിക്കും.   

തിരുമേനി ആളൊരു ശുദ്ധനാ , പക്ഷെ  മൂക്കത്താ ശുണ്‌ഠി .  അവൾ ചെയുന്ന പ്രവർത്തിയിൽ എന്തെങ്കിലും , കുറ്റവും , കുറവും തിരുമേനി കണ്ടുപിടിക്കും. മണൽ ചേർത്ത് വിളക്ക്  തുടയ്ക്കണം എന്നാണ് തിരുമേനിയുടെ നിയമം . പക്ഷെ എത്ര തുടച്ചാലും തിരുമേനി അതിൽ എന്തെങ്കിലും കുറ്റം  കണ്ടെത്തും . എണ്ണയുടെ മെഴുക്ക് പോയിട്ടില്ല. കരി ഇപ്പോഴും മാഞ്ഞിട്ടില്ല എന്നിങ്ങനെ . തിരുമേനിയുടെ പ്രായം ഒന്നും നോക്കില്ല . ശ്രീദേവി നല്ല മറുപടി തിരികെ പറയും .  "എനിക്കിത്രയേ പറ്റുള്ളു . ഇനി വേണം എന്ന് വച്ചാൽ ഇല്ലത്തു നിന്നും ആരെങ്കിലും കൊണ്ട് വരൂ . ഇല്ലത്തുള്ളവർ തേച്ചാലും കരി പോകുമോ എന്ന് കാണട്ടെ" എന്ന് പറഞ്ഞു അവൾ തിരുമേനിയെ ശുണ്‌ഠി  പിടിപ്പിക്കും.

ഇങ്ങനെയാണെങ്കിലും അവളുടെ വിവാഹം നടക്കാത്തതിൽ തിരുമേനിക്കും വിഷമമുണ്ട് . അദ്ദേഹം പറയും "ദേവിയെ മനമുരുകി പ്രാർത്ഥിച്ചോളു , നിനക്ക് ഒത്ത വരനെ ദേവി തന്നെ കൊണ്ടേ തരും." 

ഒരു മഴയുള്ള ദിനമായിരുന്നു . നേദ്യത്തിനു സമയം ആയപ്പോൾ തിരുമേനി തിടപ്പളിയിൽ നിന്നും ഉരുളിയിൽ പായസവും കൊണ്ട് ശ്രീകോവിലിലേക്ക് കയറുവാൻ തുടങ്ങുകയായിരുന്നു. പടിയിൽ കാൽ വഴുക്കി തിരുമേനി മറിഞ്ഞുവീണു .   അങ്ങനെ കാവിലെ പൂജ മുടങ്ങി. പിന്നെ തിരുമേനി തന്നെ വേറെ ഒരു ഇല്ലാതെ നമ്പുതിരിയെ പകര പുജയ്ക്കായി  ഏർപ്പാട് ചെയ്തു . ബലരാമൻ നമ്പുതിരി . ചെറുപ്പക്കാരൻ . ജോലിയൊന്നും തരപ്പെടാതെ ഇരുന്ന രാമൻ നമ്പുതിരിക്കും അത് വലിയ ആശ്വാസം ആയി.  രാവിലെ സൈക്കിളിൽ തിരുമേനി ഇല്ലത്തു നിന്നും കാവിലേക്കു എത്തും.  അപ്പോഴേക്കും ശ്രീദേവിയും കാവിൽ വന്നിട്ടുണ്ടാകും. 

ചെറുപ്പം ആണെങ്കിലും ,   തൊഴുവാൻ വരുന്ന ഏവർക്കും ബലരാമൻ നമ്പുതിരിയെ ബോധിച്ചു . നല്ല വൃത്തി , ചിരിച്ചുള്ള സംസാരം .  മുൻ തിരുമേനിയെ പോലെ  കാർക്കശ്യ ഭാവം തീരെയില്ല . പക്ഷെ ഒരാൾക്ക് മാത്രം തിരുമേനിയെ പിടിച്ചില്ല. അത് അപ്പുണി നായരായിരുന്നു . മാരാരെ  പോലെ ഒരു ആശ്രിതനായിരുന്നു അപ്പുണ്ണി നായരും . എന്തൊക്കെയോ അവകാശങ്ങൾ ആ കാവിൽ അയാൾക്ക്  ഉണ്ടെന്നു അയാൾ സ്ഥാപിച്ചിരുന്നു . ശ്രീദേവിക്ക്‌ അയാളെ കണ്ണെടുത്താൽ കണ്ടുകൂടാ. തരം  കിട്ടിയാൽ  മോഷ്ടിക്കും.  പിന്നെ ശൃംഗാരവും  ലേശം  കുടുതൽ ആണെന്ന് കരുതികൊള്ളു .  അശ്രീകരം എന്നാണ് പഴയ തിരുമേനി അയാളെ വിളിച്ചിരുന്നത് .  പിന്നെ ജീവിച്ചു പോകുവാൻ അയാൾ കാട്ടികൂട്ടുന്ന വിക്രിയകളിൽ നമ്പുതിരി ഇടപെടാറില്ല എന്ന് മാത്രം .    

അധികം വരുന്ന എണ്ണയും മറ്റും നായർ  മറിച്ചുവിറ്റു  കാശാക്കിയിരുന്നു.  .മാത്രവുമല്ല  ക്ഷേത്ര പറമ്പിൽ വീഴുന്ന നാളികേത്തിന് അവകാശി മുപ്പര് ആണെന്ന് സ്ഥാപിച്ചു വെച്ചിട്ടുണ്ടായിരുന്നു.  ആരും കാണാതെ വീട്ടിലേക്കു നാളികേരം  കടത്തുന്ന  സമയം  ബലരാമൻ  നമ്പുതിരി അത് കണ്ടു പിടിച്ചു.  അതോടെ അപ്പുണി നായരുടെ കണ്ണിലെ  കരടായി ബലരാമൻ നമ്പുതിരി.  

അപ്പുണി നായർക്ക് , ബലരാമൻ  നമ്പുതിരിയെ തീരെ  പിടിച്ചില്ല എന്ന് പറഞ്ഞുവല്ലോ .  തിരുമേനിയുടെ കുറ്റവും , കുറവും കണ്ടുപിടിക്കലായി നായരുടെ ജോലി. അങ്ങനെ നായരാണ് അത് കണ്ടു പിടിച്ചത് . ശ്രീദേവിയും , രാമൻ നമ്പുതിരിയും തമ്മിൽ എന്തോ ഒളിച്ചുകളി ഇല്ലേ എന്ന്. ശ്രീദേവിക്ക്‌ പതിവിലേറെ ഉന്മേഷം , ഉച്ചക്ക് പോയ ശ്രീദേവി വീണ്ടും വൈകുനേരം നട തുറക്കും മുന്നേ വരിക. ദേവിയെ ശ്രദ്ധിക്കുന്ന ആ കണ്ണുകളിൽ തിരുമേനിയെ കാണുമ്പോൾ തിളക്കം കൂടുന്നുണ്ടോ. അങ്ങനെ നായരുടെ കണ്ടുപിടിത്തം ആ നാട് ഏറ്റെടുത്തു .  

അങ്ങനെ ആ വാർത്ത നാരായണൻ മാരുടെ ചെവിയിൽ എത്തി. ആ വീട്ടിൽ വലിയ ഭൂകമ്പം ഉണ്ടായി.   അഭിമാനിയായ മാരാർ  ശ്രീദേവിയോട്   കാവിൽ പോകേണ്ട എന്ന്  തീർത്തു പറഞ്ഞു. ഇത്രയും നാൾ ദേവിക്ക് മുന്നിൽ 
മാലയർപ്പിച്ച ശ്രീദേവിക്ക്‌ അത് താങ്ങുവാൻ വയ്യാത്തത് ആയിരുന്നു.  വ്യസനം സഹിക്കവയ്യാതെ അവൾ പൊട്ടി കരഞ്ഞു. ഇനി എന്നാണ് ദേവി നിന്റെ നടയിൽ വന്നു തൊഴുകുവാൻ  ഒക്കുക . ഭഗവതി ദർശനം സാദ്ധ്യമല്ല എന്നുണ്ടെങ്കിൽ ഇനി ജീവിച്ചിരുന്നിട് എന്ത് കാര്യം . ഇങ്ങനെയൊക്കെ അവൾ വിലപിച്ചു .

താൻ നിമിത്തം ഇങ്ങനെ ഒരു   ദുർവിധി ശ്രീദേവിക്ക്‌ വന്നതിൽ ബലരാമൻ നമ്പുതിരിയും ഏറെ ദുഖിച്ചു, ശ്രീദേവിയുടെ സഖിയായി  ഉഷയുടെ കൈയിൽ തിരുമേനി ഒരു കത്ത് കൊടുത്തു വിട്ടു. ആ കത്തിൽ തിരുമേനിയുടെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു.  തിരുമേനിക്ക് ശ്രീദേവിയെ വിവാഹം കഴിച്ചാൽ കൊള്ളാം  എന്നുള്ള ഇഷ്ടം. 


അതിനിടയിൽ ശ്രീദേവിക്ക്   ഒരുവിവാഹ ആലോചന വന്നു . അതവൾ വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു.  വിവാഹം  കഴിഞ്ഞാൽ ഈ ദേശം വിട്ടുപോകേണ്ടി വരുമല്ലോ എന്നുള്ള സങ്കടം ആയിരുന്നു ആ പെൺകുട്ടിക്ക് .
ശാന്തിക്കാരന്റെ  വശീകരണ മന്ത്രത്തിൽ അവൾ വീണുപോയി എന്ന് ശാന്തിക്കാരന് പുജകളിൽ ഒരു ശ്രദ്ധയും ഇല്ല എന്ന്  നാട്ടുകാർ അടക്കം പറഞ്ഞു.   ബലരാമൻ  നമ്പുതിരിക്ക് ആ വാർത്ത മനോ വിഷമം ഉളവാക്കി . അയ്യാൾ ആ നാട് വിടുവാൻ തീരുമാനിച്ചു. അമ്മയുടെ വിഗ്രഹത്തിൽ കണ്ണ് നീർ പൂക്കൾ പൊഴിച്ചുകൊണ്ടു നമ്പുതിരി അവസാന പൂജ കൈകൊണ്ടു . പിറ്റേ ദിനം  രാവിലെ നട തുറന്നില്ല . തിരുമേനിയെ  പിന്നെ ആരും കണ്ടില്ല. . ശ്രീദേവിയെയും മാരൊത്തു കാണുവാൻ ഉണ്ടായില്ല. അവർ രണ്ടുപേരും  ആ ദേവി വിഗ്രഹത്തിൽ  വിലയം  പ്രാപിച്ചു എന്നും അതല്ല  അവർ രഹസ്യമായി നാടുവിട്ടു എന്നും ശ്രുതിയുണ്ട് .

വീണ്ടും , നാളുകൾ കഴിഞ്ഞു പുതിയ  തിരുമേനി  വന്നു  പുണ്യാഹം തളിച്ച് ക്ഷേത്ര നട തുറന്നു.  ശാന്ത സ്വരൂപിയായ ദേവിയുടെ കണ്ണുകളിൽ പിന്നെ ഒരിക്കലും ആ   വാത്സല്യ ഭാവം കണ്ടിട്ടില്ലത്ര . ഉഗ്ര രൂപിണിയായ , ദാരുക നിഗ്രഹഃയായ  ദേവിയായി ആ വിഗ്രഹം പരിണമിക്കപെട്ടു . മാത്രവുമല്ല  കോവിലിനു മുന്നിലെ മുഖമണ്ഡപത്തിൽ കൊത്തുപണികൊണ്ട്  ജീവൻ തുടിച്ചു നിൽക്കുന്ന ശിൽപം അവിടെ പ്രതീക്ഷപെട്ടു. അത് മറ്റാരുടെയും അല്ലായിരുന്നു ദേവിക്ക് നിത്യവും മാല  ചാർത്തിയിരുന്ന ശ്രീദേവിയുടേ  ആയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ