2019, മാർച്ച് 8, വെള്ളിയാഴ്‌ച

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്


വിവാഹം കഴിഞ്ഞ ശേഷം ഞാനും , രോഹിണിയും  കുടി ആദ്യമായി എറണാകുളം സരിതയിൽ വച്ച് കണ്ട ചിത്രമാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.
ഒരു ട്രെയിൻ യാത്രയിൽ വച്ച് പരിച്ചയപെടുന്ന രണ്ടു അപരിചിതരുടെ കഥ . ജയറാമും , സൗന്ദര്യയും  മുഖ്യ വേഷത്തിൽ അഭിനയിച്ച 2002  വർഷാവസാനത്തിൽ ഇറങ്ങിയ ഒരു ചിത്രം.  ജയചന്ദ്രന്റെ മനോഹരമായ  ഗാനങ്ങൾ കൊണ്ടും , സത്യൻ അന്തിക്കാടിന്റെ സംവിധാന ശൈലി   കൊണ്ടും ശ്രദ്ധിക്കപെട്ട ചിത്രം  ഇതിപ്പോൾ പറയുവാൻ  പ്രതേകിച്ചു ഒരു കാരണവും ഇല്ല.  ഓർത്തെടുത്തപ്പോൾ  എഴുതണം എന്ന് തോന്നി.

2003 , ജനുവരിയിൽ  ആയിരുന്നു എന്റെയും , രോഹിണിയുടെയും  വിവാഹം .  വിവാഹം കഴിഞ്ഞു അടുത്ത വർഷം  അതായത്  2004  ൽ ഞങ്ങൾ ഒരു യാത്ര പുറപ്പെട്ടു . ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലേക്ക് .  ആ കഥയാണ് ഞാൻ ഇവിടെ വിവരിക്കുന്നത് .

 ഞാൻ ഒന്നുംകൂടി ഞങ്ങളുടെ ബാഗുകൾ എണ്ണി  നോക്കി. രണ്ടു പെട്ടിയും , രണ്ടു ഇടത്തരം  ബാഗുകളും . രണ്ടു പെട്ടിയും  , ഒരു ബാഗും ഡിക്കിയിലും ,  പിന്നെ  അവശേഷിക്കുന്ന ബാഗും  ബാക് സീറ്റിൽ പ്രതിഷ്ഠിച്ച ശേഷം ഞാൻ ഡിക്കി അടപ്പിച്ചു. ഇനി ഇത് കൂടാതെ രോഹിണിയുടെ  കൈയിൽ ഒരു ഹാൻഡ് ബാഗ് കുട്ടിയുണ്ട് .  അതവൾ തോളത്തു തൂക്കിയിട്ടിട്ടുണ്ട് . അങ്ങനെ  മൊത്തം രണ്ടു പെട്ടിയും, മുന്ന് ബാഗുമായി ഞങ്ങളുടെ ടാക്സി  റെയിൽവേയ് സ്റ്റേഷനിലേക്ക്  കുതിച്ചു . ടാക്സിക്കാരൻ ഒരു അലവലാതി പാട്ടും വച്ച്  സ്റ്റിയറിങ്ങിൽ  താളം അടിച്ചു വണ്ടി മുന്നോട്ടു പായിക്കുന്നു.  തെരുവ് വിളക്കുകളുടെ പ്രകാശത്തിൽ നഗരം പ്രശോഭിച്ചു നിൽക്കുന്നു . ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു . ഞാനും ഒരു പുഞ്ചിരി പ്രതീക്ഷിച്ചു , പുഞ്ചിരിക്ക് പകരം പൊതുവെ ദുർബലനായ എന്റെ ചങ്കിൽ അവൾ കുത്തുകയാണ് ചെയ്തത്.

" ഞാൻ , വാഷിംഗ് മെഷീനിൽ തുണി അലക്കുവാൻ   ഇട്ടിരുന്നു . തിരക്കിൽ അത്  മറന്നു . ഇനി ഇപ്പോൾ എന്ത് ചെയ്യും"   ചോദ്യചിഹ്നം പോലെ എന്നെ നോക്കികൊണ്ടവൾ ചോദിച്ചു .

ഞാൻ ഒന്നും മിണ്ടിയില്ല.   അതുകൊണ്ടു അവൾ വീണ്ടും പറഞ്ഞു.

"കാർ തിരിച്ചു വിട്ടാലോ "

ഒന്നാലോചിച്ച  ശേഷം ഞാൻ പറഞ്ഞു.

"ഇനി , ഇപ്പോൾ എന്നാ ചെയുവാനാ , താക്കോൽ  അപ്പുറത്തു മൃദുലയുടെ വീട്ടിലില്ലേ , നാളെ രാവിലെ അവരോട് വിളിച്ചു പറയു . തുണി എടുത്തു സ്റ്റാൻഡിൽ  വിരിക്കുവാൻ."   എന്റെ ബുദ്ധിയിൽ ഭാര്യക്ക് അഭിമാനം തോന്നി എന്ന് എനിക്ക് തോന്നി. അതുകൊണ്ടു കിട്ടിയ അവസരം മുതലാക്കുവാൻ ഞാൻ ശ്രമിച്ചു.


"  ശ്രദ്ധയില്ല , അതുതന്നെ .... എത്രവട്ടം പറഞ്ഞതാ എല്ലാം നോക്കിയോ എന്ന്.  " അവൾ ഒന്നും മിണ്ടിയില്ല.  ഇങ്ങനെയുള്ള അവസരങ്ങളിൽ പൊതുവേ തർക്കിക്കുവാൻ  രോഹിണി  മുന്നോട്ടു വരാർ ഉള്ളതാ . പക്ഷെ   അന്ന്  എന്തോ ഒന്നും മിണ്ടിയില്ല.

കാർ , സ്റ്റേഷനിൽ  എത്തിയശേഷം ഞാൻ വാച്ചിൽ സമയം നോക്കി . വണ്ടി പുറപ്പെടുവാൻ ഇനിയും സമയം ഉണ്ട് . കൃത്യനിഷ്ഠ എനിക്ക്  കുറച്ചുകൂടുതൽ ആണ് എന്ന് ഞാൻ പറഞ്ഞാൽ പൊങ്ങച്ചം ആയി പോകും. എന്നാലും അങ്ങനെയാണ് എന്ന് വച്ചോളു. ഓഫീസിൽ ആണെങ്കിലും അര മണിക്കൂർ നേരത്തെ എത്തണം എന്ന നിർബന്ധബുദ്ധിയുള്ള ആൾ ആണ് ഞാൻ .  എന്റെ കഥ പറയുമ്പോൾ കുറച്ചൊക്കെ ആത്മപ്രശംസ ആകാമല്ലോ . ഏതു കാര്യം ആണെങ്കിലും രണ്ടുവട്ടം ചിന്തിച്ചു ചെയുന്ന പ്രകൃതം ആണെന്ന് പറഞ്ഞുവെന്നേയുള്ളൂ . നമുക്ക് കഥയിലേക്ക്‌  തിരിച്ചുവരാം .

  സമയം ഉണ്ടെന്നു പറഞ്ഞാൽ ഒരു ഒന്നര മണിക്കൂർ കൂടിയുണ്ട് . ടാക്സിക്ക് കൂലി കൊടുത്ത ശേഷം ഒരു  കൂലിയുടെ സഹായത്തോടെ ലഗ്ഗേജ് മുഴുവനും പ്ലാറ്റഫോം നമ്പർ ഏഴിൽ എത്തിച്ചു . എറണാകുളം ജംക്ഷനിൽ നിന്നുമാണ്  നിസാമുദിൻ   പുറപെടേണ്ടത് . ട്രെയിൻ വന്നു കിടപ്പുണ്ട് . പെട്ടിയും, ബാഗും എല്ലാം , ലോവർ  ബെർത്തിന്  കീഴേക്കു തള്ളി കയറ്റി .  ഞാൻ കൊടുത്ത രൂപ , ഇഷ്ടപ്പെട്ടില്ല എന്ന ഭാവത്തിൽ തലയും ചൊറിഞ്ഞു അയാൾ അവിടെ നിന്നും പോയി. പോകുന്ന പൊക്കിൽ  എന്തൊക്കെയോ അയാൾ പിറു പിറുക്കുന്നുണ്ടായിരുന്നു .  അതുകഴിഞ്ഞു ഞാൻ ഒരു ദീർഘ  നിശ്വാസം വിട്ടു.

ഞാൻ അവളോടായി ചോദിച്ചു . നിനക്കു വായിക്കുവാൻ എന്തെങ്കിലും വേണമോ . ഉത്തരം എനിക്ക് നന്നായി അറിയാം എങ്കിലും ഒരു ഭർത്താവിന്റെ കടമ യല്ലേചോദിക്കേണ്ടത് . അത് കൊണ്ട് ചോദിച്ചു .

സഹധർമിണി എന്നെ നിരാശൻ ആക്കി കൊണ്ട് പറഞ്ഞു ,  "ഒരു നാനയും , മനോരമയും വാങ്ങിച്ചോളു . നാളെ സമയം കിട്ടുമ്പോൾ വായിക്കാമല്ലോ ."

ഞാൻ പതിയെ പ്ലാറ്റഫോമിലുടെ നടന്നു . രാത്രി വണ്ടിക്കു വേണ്ടി കാത്തിരിക്കുന്ന ചിലർ . ചാരു  ബെഞ്ചിൽ തല വഴി പുതച്ചു മുടി തണുപ്പിനെ തോൽപ്പിക്കുവാൻ ശ്രമിക്കുന്ന മറ്റുചിലർ .  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസ്  കോൺസ്റ്റബിൾ , തണുപ്പിനെ തോല്പിക്കുവാൻ വേണ്ടി പുക ചുരുളുകൾ   ഊതി ഊതി വിടുന്നു. തണുപ്പു കട്ടപിടിച്ചു എല്ലാവരെയും പൊതിഞ്ഞു കഴിഞ്ഞിരിക്കുന്നു .  ചായ വാലയിൽ നിന്നും ടീ ബാഗ് ഇട്ട് വാട്ട  ചായ വെള്ളം വാങ്ങി ഒരിറക്ക് ഞാൻ അകത്താക്കി . അവൾ ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാകും . കട്ടിൽ കണ്ടാൽ അപ്പോൾ ഉറങ്ങുന്നവൾ ആണ് എന്റെ പ്രിയ പത്നി  .  പാളത്തിലൂടെ  ഒരു വലിയ പെരുച്ചാഴി  ഓടി നടക്കുന്നു.   പാളത്തിന് അരികിലുള്ള പൊതിനകത്തേക്കു അത് ഊർന്നിറങ്ങി .  അങ്ങ് ദുരെ  ഇരുട്ടിന്റെ മറവിൽ ഒരു കറുത്ത സ്ത്രീ  ഏതോ ഇരയെ കാത്തു നിൽക്കുന്നു .

നിശബ്ദതെയെ ഭഞ്ജിച്ചു കൊണ്ട്   കാതടപ്പിക്കുന്ന ശബ്ദത്താൽ  ചൂളം വിളിച്ചുകൊണ്ടു ഒരു എൻജിൻ അതുവഴി കടന്നു പോയി.  ആളുകൾ പെട്ടിയും, ബാഗും തൂക്കി  നിറുത്തിയിട്ടിരിക്കുന്ന  ട്രെയിനിലേക്ക് കയറുവാൻ തിരക്ക് കൂട്ടുന്നു.  തിരക്കിലെങ്കിലും തിരക്ക് കൂട്ടുക എന്നത് ഒരു സാധരണ മലയാളിയുടെ  അവകാശം ആണല്ലോ .

തണുപ്പിന്റെ ചുഴിയെ  വകഞ്ഞു മാറ്റിക്കൊണ്ട്   യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന്  പറഞ്ഞ കൊണ്ട്  ഒരു സ്ത്രീ ശബ്ദം  ഡൽഹിയിലേക്ക് പോകുവാനുള്ള നിസാമുദിൻ എക്സ്പ്രസ്സ് പ്ലാറ്റഫോം നമ്പർ ഏഴിൽ കിടപ്പുണ്ട് എന്ന് ഹിന്ദിയിലും, മലയാളത്തിലും , ഇംഗ്ലീഷിലും   ഉച്ചഭാഷിണിയിൽ അറിയിപ്പ് മുഴുക്കി . ഈ ട്രെയിൻ പോയി കഴിഞ്ഞാൽ ഇനി അടുത്ത ട്രെയിൻ മുന്ന് മണിക്കെയുള്ളൂ .

മനോരമയും , നാനയും , വെള്ളവും മേടിച്ചുകൊണ്ടു ബെർത്തിലേക്കു തിരിച്ചു വന്നു.  പതിവിനു വിപരീതമായി എന്നെ പ്രതീക്ഷിച്ചു ഭാര്യ ഉറങ്ങാതെ ഇരിപ്പിലുണ്ടായിരുന്നു . ഒരു കവിൾ  വെള്ളം കുടിച്ച ശേഷം ഞാൻ എന്റെ സുഹൃത്തു നിക്‌സിക്ക് പറ്റിയ ഒരു അബദ്ധം ഞാൻ അവളെ പറഞ്ഞു കേൾപ്പിച്ചു .

"  ഇതുപോലെ ഒരു രാത്രിയിൽ ആയിരുന്നു അവനു ബാംഗ്ളൂരിലേക്കുള്ള വണ്ടി.  അന്ന് അവൻ ബാറിൽ കയറി രണ്ടു പെഗ് കുടുതൽ വീശിയിരുന്നു .  വണ്ടി നേരത്തെ വന്നു കിടപ്പുണ്ടായിരുന്നു. എല്ലാം  കഴിഞ്ഞു കക്ഷി പ്ലാറ്റഫോമിൽ വന്നു വണ്ടിയിൽ കയറി ബർത്തിൽ നിവർന്നു  കിടന്നു.  രാവിലത്തെ അലച്ചിലും, ക്ഷീണവും കൊണ്ട്   എന്തോ ചെങ്ങാതി  ഒന്ന് ഉറങ്ങി പോയി. പിന്നെ മൂപ്പര് രാവിലെ  ഉണർന്നു എഴുന്നേൽക്കുമ്പോൾ വണ്ടി ഏതോ സ്റ്റേഷനിൽ നില്കുകയാ . കണ്ണ് തിരുമി ശരിക്കും നോക്കിയപ്പോൾ  മലയാളത്തിൽ ഉള്ള അക്ഷരങ്ങൾ . ബാംഗ്ളൂരിലും , മലയാളത്തിലുള്ള ബോർഡോ .  ഒന്ന് സംശയിച്ചു വണ്ടിയിൽ നിന്നും ഇറങ്ങി. പിന്നെയാ  മനസിലായത്‌ . വണ്ടി ഏതോ യാർഡിൽ ആണ് .   കഴിഞ്ഞ ദിവസം എന്തോ എൻജിൻ തകരാർ  കാരണം ആ വണ്ടി പോയില്ല. പകരം  റയിൽവേയ്  മറ്റൊരു വണ്ടി ഏർപ്പാടാക്കി .  സമയം കണക്കാക്കിയാൽ ഇപ്പോൾ 'ഐലൻഡ് എക്സ്‌പ്രസ്'  മെജസ്റ്റിക്കിൽ എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു .   ഇതും പറഞ്ഞു വലിയ ഒരു തമാശ പറഞ്ഞ പോലെ ഞാൻ കുലുങ്ങി ചിരിച്ചു.  പക്ഷെ അവൾക്കു  ഞാൻ പറഞ്ഞ  ഫലിതം പിടിച്ചില്ല എന്ന് തോന്നി.

ഞങ്ങൾ അങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുമ്പോൾ ആണ് ഒരു വലിയ തടിമാടനും , അയാൾക്ക്  ഒത്തവണ്ണമുള്ള ഭാര്യയും , രണ്ടു കുട്ടികളുമായി      ഞങ്ങളുടെ  ബെർത്തിലേക്കു കയറി വന്നത് .  വന്നപാടെ അയാൾ ചുളിഞ കണ്ണുകളുമായി എന്നെ നോക്കി. പിന്നെ അല്പം അധികാര  സ്വരത്തിൽ പറഞ്ഞു

" ഈ  സീറ്റ്  ഞങ്ങളുടേതാണ് "

  ഞാൻ  പറഞ്ഞു , നിങ്ങൾക്ക്  കംപാർട്മെന്റ് തെറ്റിയതായിരിക്കും . ഇത് ഞങ്ങളുടേതാണ് . ഞാൻ ടിക്കറ്റ്‌  ഉയർത്തി അയാളെ കാണിച്ചു .

അയാൾ പറഞ്ഞു.   കംപാർട്മെന്റ് ഒന്നും തെറ്റിയിട്ടില്ല . ഇത് ഞങ്ങളുടെ സീറ്റ്  തന്നെയാ .

അയാളോട് ഗുസ്തി പിടിക്കുവാൻ ഉള്ള ആരോഗ്യം എനിക്കില്ല . അതി കൊണ്ട് ഞാൻ വീണ്ടും തർക്കിച്ചു . ശെടാ   , ഇത് വലിയ കഷ്ടം ആയല്ലോ    ഞാൻ ഭാര്യയെ നോക്കി..

"എന്റെ ടിക്കറ്റ്  നോക്കികൊള്ളൂ  ",   ഞാൻ  വിജയഭാവത്താൽ   അയാളെ ടിക്കറ്റ്  കാണിച്ചു. സീറ്റ്  നമ്പർ 23 , 24 .    അയാൾ   എന്നെ , അയാളെ ളുടെ ടിക്കറ്റ്  കാണിച്ചു . സീറ്റ്  നമ്പർ 21  22  , 23 , 24  . അയാളുടെ പേരിൽ തന്നെ.

ഇതെന്തു അത്ഭുതം , ഞാൻ മനസ്സിൽ വിചാരിച്ചു. ഒരേ സീറ്റിൽ  രണ്ടു യാത്രക്കാരോ ?   വിശ്വാസം  വരാതെ കംപാർട്മെന്റ്   നമ്പർ  ഞാൻ ഒന്നും കുടി നോക്കി. ശരിയാണ് . അതും കൃത്യം.

ഞാൻ  സംഗതി  അയാളെ   ധരിപ്പിച്ചു. പക്ഷെ അപ്പോഴും ഞാൻ പിൻമാറുവാൻ  തൈ യാർ അല്ലായിരുന്നു  . അല്ലെങ്കിൽ ഞാൻ എന്തിനു  മാറണം . ഇന്ത്യൻ റെയിൽ വെയ്  എനിക്കും, എന്റെ  ഭാര്യക്കും യാത്ര ചെയുവാൻ ഉള്ള ടിക്കറ് ആണ് തന്നിരിക്കുന്നത്. റ്റിക്കറ്റ്  എടുത്തു യാത്ര ചെയുക എന്നത് ഒരു  ഇന്ത്യൻ
പൗരന്റെ അവകാശം ആണല്ലോ

അവിടെ ഒരു കശപിശയായി എന്ന് പറഞ്ഞാൽ മതിയല്ലോ. അവസാനം ഞങ്ങളുടെ ശബ്ദം കേട്ട്   ദൈവം അയച്ചപോലെ  ടിക്കറ് എക്‌സാമിനർ   ( TTE ) അവിടെ പ്രത്യക്ഷപെട്ടു .

ഞാൻ അദ്ദേഹത്തെ എന്റെ ടിക്കറ് കാണിച്ചു .   ടിക്കറ് പരിശോധിച്ച ശേഷം അങ്ങേര് എന്നെ പരുഷമായി നോക്കി.  ഞാൻ എന്തോ മണ്ടത്തരം കാണിച്ചപോലെ.

എനിക്ക് അയാളുടെ നോട്ടം ഒട്ടും പിടിച്ചില്ല.

"ടിക്കറ് കൈയിൽ ഉണ്ടല്ലോ  ",   വിജയശ്രീലാളിതാനേ പോലെ  ഞാൻ പറഞ്ഞു.

"ഈ ടിക്കറ് , ഇന്നലത്തെ ടിക്കറ്റാ ,    നോക്കു   ജൂൺ 17 ,  01 : 45 AM "

ഞാൻ   TT യോടായ് ചോദിച്ചു.

" അതെങ്ങനെ ശരിയാകും  . ഇന്നല്ലേ ജൂൺ 17 ,"

അല്ല , അയാൾ ഞാൻ പറഞ്ഞത് ശക്തിയുക്തം നിഷേധിച്ചു .

"ഇന്ന് ജൂൺ  18  ആണ് .  പന്ത്രണ്ടു മണി  കഴിഞ്ഞില്ലേ . ദിവസം മാറിയില്ലേ "

ഞാൻ പ്ലിങ് ആയി എന്ന് പറഞ്ഞാൽ മതിയല്ലോ . തർക്കിച്ചു നോക്കിയിട്ടും ഒരു രക്ഷയും ഇല്ല എന്നറിഞ്ഞതു കൊണ്ട് , ഇളഭ്യ മുഘവുമായി  ഞാനും ,  ഭാര്യയും ബെർത്തിന് അടിയിൽ നിന്നും, പെട്ടിയും , ബാഗും ഓരോന്നായി വലിച്ചെടുത്തു . അപമാനഭാരത്താൽ അവളുടെ മുഖം വിളറിയിരുന്നു . പെട്ടിയും വലിച്ചു പോകുന്ന വഴി  ആ തടിമാടന്റെ  ഭാര്യ ഞങളെ  കൈ കൊട്ടി വിളിച്ചു . പിന്നെ ആ സീറ്റിൽ ഇരുന്ന  മനോരമയും , നാനയും , ഒരു ഔദാര്യം എന്ന പോലെ അവളുടെ നേരെ നീട്ടി .

പ്ലാറ്റഫോമിൽ ഇറങ്ങിയപ്പോൾ ശബ്ദ ഭാഷിണിയിലൂടെ  ആ അറിയിപ്പ്  ഞാൻ വ്യക്തമായും കേട്ടു

" യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ,  ട്രെയിൻ നമ്പർ 12645 , നിസാമുദിൻ എക്സ്പ്രസ്  അൽപ നിമിഷത്തിനുള്ളിൽ പ്ലാറ്റഫോം നമ്പർ ഏഴിൽ നിന്നും പുറപെടുന്നതാണ് "  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ