2014, ഏപ്രിൽ 29, ചൊവ്വാഴ്ച

മുൻവിധിജീവിതത്തിലെ ഓരോ സാഹചര്യത്തോടുമുള്ള നമ്മുടെ പ്രതികരണം പരിശോധിച്ചാല്‍ മിക്കപ്പോഴും മുന്‍വിധിയാണ് നമ്മെ നയിക്കുന്നതെന്ന് കാണാം. 


ഇതുപറയുമ്പോള്‍ ഒരു കഥ ഓര്‍ക്കുകയാണ്. ഒരു മധ്യവയസ്‌കനും യുവാവായ മകനുംകൂടി ഒരു ഉദ്യാനത്തില്‍ നടക്കുകയായിരുന്നു. മകന്‍ ആവേശത്തോടുകൂടി ചോദിച്ചു, ''അച്ഛാ, നോക്കൂ! ഇതല്ലേ റോസാപുഷ്പം?'' 
അച്ഛന്‍ വളരെ സന്തോഷത്തോടെ പറഞ്ഞു, ''അതേ മോനെ. ഇതാണ് റോസാപ്പൂവ്. ''ഈ റോസാപ്പൂവിന്റെ നിറമാണോ ചുമപ്പെന്ന് പറയുന്നത്?'' ''അതേ മകനേ, ഇതാണ് ചുമപ്പു നിറം.'' വിശാലമായ പുല്‍ത്തകിടി കണ്ടിട്ട് യുവാവ് ചോദിച്ചു, ''അച്ഛാ, ഇതാണോ പുല്ല്, ഇതിന്റെ നിറമാണോ പച്ച?'' ''അതെ, മോനെ. ഇതാണ് പുല്ല്. ഇതിന്റെ നിറമാണ് പച്ച.'' ഇങ്ങനെ ചുറ്റുമുള്ള ഓരോന്നും ചൂണ്ടിക്കാണിച്ച് അവര്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം ഏകാന്തമായിരിക്കാനായി ആ ഉദ്യാനത്തിലെത്തിയ ഒരാള്‍ ഇതെല്ലാം കേട്ടുകൊണ്ട് അവിടെ ഇരിപ്പുണ്ടായിരുന്നു. തന്റെ ഏകാന്തത നഷ്ടപ്പെട്ടതില്‍ അയാള്‍ക്ക് കലശലായ ദേഷ്യംവന്നു. അയാള്‍ യുവാവിന്റെ അച്ഛനോട് പറഞ്ഞു, ''ഇത്തിരി മനഃശാന്തി കിട്ടുമല്ലോ എന്നുകരുതിയാണ് എന്നെപ്പോലുള്ളവര്‍ ഇവിടെ വരുന്നത്. നിങ്ങള്‍ രണ്ടുപേരും ഒച്ചവെക്കുന്നത് കാരണം എന്റെ ഉള്ള സ്വസ്ഥതകൂടി നഷ്ടമായി. മന്ദബുദ്ധിയായ ഒരു കുട്ടിയും അവന്‍ എന്തു വിഡ്ഢിത്തം ചോദിച്ചാലും അതെല്ലാം സമ്മതിക്കുന്ന ഒരച്ഛനും!''ഇതുകേട്ട് അച്ഛനും മകനും കുറച്ചുനേരം നിശ്ശബ്ദരായിനിന്നു. പിന്നീട് മനഃസംയമനം വീണ്ടെടുത്ത് അച്ഛന്‍ പറഞ്ഞു, ''ക്ഷമിക്കണം. എന്റെ മകന്‍ മന്ദബുദ്ധിയല്ല. അവന്‍ ജന്മനാ അന്ധനായിരുന്നു. രണ്ടുദിവസം മുന്‍പാണ് അവന്റെ കണ്ണിന് കാഴ്ച തിരിച്ചുകിട്ടാനുള്ള ഓപ്പറേഷന്‍ കഴിഞ്ഞത്. ഓപ്പറേഷന്‍ കഴിഞ്ഞ് കണ്ണിലെ കെട്ടഴിച്ചതിനുശേഷം മനോഹരമായ ഒരു സ്ഥലം അവനെ കൊണ്ടുപോയി കാട്ടാന്‍ ഞാന്‍ ആഗ്രഹിച്ചു. അതാണിവിടെ വന്നത്. ഈ ഉദ്യാനത്തിലെ സൗന്ദര്യം ആദ്യമായി കണ്ടപ്പോഴുള്ള സന്തോഷം കാരണം അവന്‍ ആവേശത്തില്‍ പലതും ചോദിച്ചതാണ്. സന്തോഷംകൊണ്ട് എല്ലാം മറന്ന് ഞാന്‍ ആവേശത്തോടെ മറുപടിപറയുകയും ചെയ്തു. കാണാതെപോയ ഒരു നിധി തിരിച്ചുകിട്ടുമ്പോള്‍ നമുക്ക് എത്ര സന്തോഷമുണ്ടാകും, പരിസരം മറക്കും. അതുപോലെ ഞങ്ങളും എല്ലാം മറന്നുപോയി. ഞങ്ങളോട് ക്ഷമിക്കണം.'' അതുകേട്ടപ്പോള്‍ ആ മനുഷ്യന് പശ്ചാത്താപം തോന്നി. ക്രൂരമായ വാക്കുകള്‍ പറഞ്ഞ് അവരെ വിഷമിപ്പിച്ചതിന് അദ്ദേഹം ക്ഷമചോദിച്ചു.

ക്രൂരമായ വാക്കുകള്‍ പറഞ്ഞ് അവരെ വിഷമിപ്പിച്ചതിന് അദ്ദേഹം ക്ഷമചോദിച്ചു. ''ഇനി ഞാന്‍ ഒരു മുന്‍വിധി വെച്ചുകൊണ്ട് ആരോടും ദേഷ്യപ്പെടുകയില്ല'' എന്ന് ആ ദിവസം അദ്ദേഹം പ്രതിജ്ഞയെടുത്തു. തന്റെ ദേഷ്യത്തിന് കാരണം തെറ്റിദ്ധാരണയും മുന്‍വിധിയുമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, ആ ദേഷ്യം സ്‌നേഹമായി, കാരുണ്യമായി മാറി. സാഹചര്യങ്ങളെ ക്ഷമാപൂര്‍വം വിലയിരുത്താന്‍ കഴിഞ്ഞാല്‍ ഉള്ളിലെ സ്‌നേഹവും കാരുണ്യവും ഉണര്‍ത്താന്‍ നമുക്ക് തീര്‍ച്ചയായും സാധിക്കും. 


A story from - Matha Amrithanadamayee 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ