2014, ഏപ്രിൽ 27, ഞായറാഴ്‌ച

വാർ ആൻഡ്‌ ലവ് (കഥ)
പഴയപോലെയല്ല . ഇപ്പോൾ ഞാൻ വീണ്ടും പ്രഭാത സവാരിക്കടിപ്പെട്ടിരിക്കുന്നു .  എത്രനാൾ ഉണ്ടാകും എന്ന് കണ്ടറിയണം. രാവിലത്തെ കട്ടൻ കാപ്പി കുടിച്ചു കഴിഞ്ഞു ജോഗേഴ്‌സ് പാർക്കിന്റെ നടപ്പാതയിലൂടെ  മുന്നോ , നാലോ  വട്ടം നടക്കും.  ആ സവാരി നൽകുന്ന ഉൻമേഷം  ഒന്ന് വേറെ തന്നെയാണ് . രാവിലെ ആറു മണി മുതൽ ഏഴു മണി വരെ അതാണ് എന്റെ നടത്ത സമയം. കുട്ടികൾ തൊട്ടു പ്രായമായ ആൾക്കാർ വരെ പാർക്കിൽ  വ്യായാമത്തിനു വരാറുണ്ട് . രാവിലെ വന്നു കസർത്ത് കാണിച്ചിട്ട് ഉടൻ തന്നെ രണ്ടു സിഗരട്ട് വലിക്കുന്നവരും  കൂട്ടത്തിൽ ഉണ്ട്.  നല്ല ഉഷാറോടെ ട്രാക് സ്യൂട്ടും , സ്പോർട്സ് ഷുസും അണിഞ്ഞു സമയനിഷ്ഠ പാലിച്ചു കൃത്യമായി നടക്കുവാനോ , ഓടുവാനോ  വരുന്നവരെയും ജോഗേഴ്‌സ്  പാർക്കിൽ കാണാം . വർത്തമാനം പറഞ്ഞുകൊണ്ട് ഓടുന്നവരെയും , നടക്കുന്നവരെയും അവിടെ  കാണാം .  ചില കൊച്ചമ്മമാരാകട്ടെ  വ്യായാമത്തെക്കാൾ കുടുതൽ പരദൂഷണത്തിനും , പൊങ്ങച്ച സഞ്ചി തുറക്കുവാനുമാണ് ഈ വിശിഷ്ട സമയം ചിലവാക്കുന്നത് .അവർക്കിത് ഒരു നേരമ്പോക്ക് എന്നതിൽ കവിഞ്ഞു ഒരു സവിശേഷതയും കാണുവാനില്ല .

ചിലരാണെങ്കിൽ രണ്ടു ദിവസം വരും , പിന്നെ മുന്ന് ദിവസം മുടക്കമായിരിക്കും.  വീണ്ടും രണ്ടു മുന്ന് ദിവസം  കഴിഞ്ഞു പാർക്കിൽ വരും. അത് ഒരു പ്രക്രിയ പോലെ തുടരും. എന്തായാലും ഞാനും അത്തരത്തിൽ പെട്ട  ഒരാൾ തന്നേ . രാവിലെ എഴുന്നേറ്റു വരിക എന്നുള്ളത് മടുപ്പുളവാകുന്നകാര്യമല്ല പക്ഷെ മടിയുളവാകുന്ന കാര്യമാണല്ലോ .

പക്ഷെ അവരിൽ പലരെയും  പിന്നെ കണ്ടില്ലെങ്കിലും കൃത്യമായി അവിടെ വരാറുള്ള ഒരേ ഒരാളാണ് ക്യാപ്ടൻ അങ്കിൾ  എന്ന് ഞങ്ങൾ വിളിക്കുന്ന ക്യാപ്ടൻ തോമസ് മാത്യു.  ഒരു പക്ഷെ  ആർമിയിൽ  ക്യാപ്ടൻ ആയതുകൊണ്ടായിരിക്കാം എല്ലാവരും ആ പ്രായം ചെന്ന മനുഷ്യനെ ക്യാപ്ടൻ അങ്കിൾ എന്നാണ് സംബോധന ചെയ്തിരുന്നത് . പ്രായം എഴു പതിനോടു അടുത്തിരിക്കുന്നു . ആറടിയോളം ഉയരം,  അതിനൊത്ത വണ്ണം .
നല്ല ഉറച്ച ശരീരം , ഈ പ്രായത്തിലും  അങ്കിളിന്റെ കൈകൊണ്ട്  ഒന്ന് കിട്ടിയാൽ അതിരിപ്പതാ.  വയറുപോലും ചാടിയിട്ടില്ല. നരച്ച കട്ടി മീശ , എപ്പോഴും ഒരു റെയ്ബാൻ ഗ്ലാസ് കൊണ്ട്  ആ കണ്ണുകൾ മറച്ചിട്ടുണ്ടാകും . ടീഷർട്ടും , ട്രാക് സ്യൂട്ടും ആണ് വേഷം.

ഈ പ്രായത്തിലും ചുറു ചുറുക്കിന് ഒരു കുറവും ഇല്ല. പുഷ് അപ്സ്  , ജോഗിംഗ് , സ്ട്രെച്ചിംഗ് ഇങ്ങനെ എല്ലാ  അഭ്യാസവും  പുള്ളി ചിട്ടയോടെ ചെയ്യും . മടിയനായ എന്നെ കാണുമ്പൊൾ ഇടക്ക്  വ്യായാമത്തിന്റെ   മാഹാത്മ്യത്തെ കുറിച്ച് അങ്കിൾ വർണിക്കും .

ക്യാപ്ടനെ കാണുമ്പൊൾ കുറുക്കന്റെ കല്യാണം എന്ന  സിനിമയിൽ ശങ്കരാടി അവതരിപ്പിക്കുന്ന പട്ടാളക്കാരനായ കഥാപാത്രത്തെ കാണുമ്പൊൾ  മടിയനായ ജഗതി ശ്രീകുമാർ ചാടി എഴുന്നേറ്റു പെട്ടെന്ന് കാണിക്കുന്ന കോപ്രായങ്ങൾ എനിക്ക് ഓർമ വരും. ഏകദേശം അതുപോലെ തന്നെ ആയിരുന്നു എന്റെ അവസ്ഥയും. നമുക്ക് ഒരാളോടു തോന്നുന്ന മനോവികാരം ചിലപ്പോൾ പൂർണമായും തെറ്റി പോയി എന്ന് വന്നേക്കാം.
നമ്മുടേതായ  ദൃഷ്ടിയിലൂടെ   ഒരു പക്ഷെ വീക്ഷിക്കുന്നത് കൊണ്ടായിരിക്കാം.  പൊതുവെ പട്ടാളക്കാർ എന്ന് പറയുമ്പോഴും , കേൾക്കുമ്പോഴും അവർ   വെറും ബടായി അടിക്കുന്നവർഎന്നും അല്ലെങ്കിൽ പുളു  അടിയുടെ  ആശാന്മാർ എന്നും ഒക്കെയുള്ള ഒരു മുൻ ധാരണ നമുക്കുണ്ട് . പല സിനിമകളുൾപ്പടെ  പട്ടാളക്കാരെ അങ്ങനെ മോശമായി ചിത്രീകരിച്ചിട്ടുമുണ്ട് . ക്യാപ്ടന്റെ  ഉപദേശങ്ങൾ കേൾക്കുമ്പോൾ  അതേ  ധാരണ തന്നെയായിരുന്നു എനിക്കും . പ്രായം ചെന്ന മനുഷ്യൻ ആയതുകൊണ്ട്   ഞങ്ങൾ ആരും അദ്ദേഹത്തെ എതിർത്ത് ഒന്നും പറയാറില്ല എന്ന് മാത്രം.

ക്യാപ്ടൻ  എന്നും വരുന്നത് ബജാജ്  ചേതക്കിന്റെ  ഒരു പഴയ സ്കൂട്ടറിൽ ആണ്. കഴിഞ്ഞ ദിവസം വന്നപ്പോൾ  ശരീരം മുഴുവനും ചെളി പറ്റി , ചോര പൊടിഞ്ഞു മുഖവുമായി ആണ്  അങ്കിളിനെ കണ്ടത്  , സ്കൂട്ടറിലും ചെറിയ തട്ടോ മുട്ടോ പറ്റിയ പോലെ  നല്ലവണ്ണം ചളങ്ങിയിട്ടും ഉണ്ട്. കണ്ട പാടെ ഞാൻ ചോദിച്ചു

"എന്ത് പറ്റി ക്യാപ്ടൻ അങ്കിൾ  . "

"വരുന്ന വഴി ഒരു പട്ടി വട്ടം ചാടി. സ്കൂട്ടർ  വെട്ടി,  ഞാൻ താഴെ വീണു."

 ഞാൻ പറഞ്ഞു, "ചോര പൊടിയുന്നുണ്ടല്ലോ , നമുക്ക് ആശുപത്രിയിൽ പോയി ഒന്ന് ഡ്രസ്സ്‌ ചെയ്യാം"

ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും ഒടുവിൽ  ക്യാപ്ടൻ സമ്മതിച്ചു. അങ്ങനെ എന്റെ ബൈക്കിൽ ഞങ്ങൾ വിജയലക്ഷ്മി ഹോസ്പിറ്റലിലേക്ക് പോയി. സമയം രാവിലെ ഏഴു മണി  ആകുന്നെതേ ഉണ്ടായിരുന്നുള്ളു . ആശുപത്രിയിൽ  തിരക്ക് ഒന്നുമില്ല.പക്ഷെ ഒരു നേഴ്‌സ്  പോലും അങ്കിളിനെ  അറ്റൻഡ് ചെയ്യുവാൻ വന്നില്ല.  അങ്കിൾ  കുറച്ചു അസ്വസ്ഥനായ പോലെ എനിക്ക് തോന്നി. പട്ടാള ചിട്ടയിൽ ജീവിച്ച ആളല്ലേ അത് കൊണ്ടായിരിക്കും എന്ന് ഞാൻ കരുതി.  എനിക്ക് എതിരായി ഇരുന്ന കസേരയിൽ നിന്നും മാറി റിസ്പഷന്  അടുത്തുള്ള ഒഴിഞ്ഞ ചാരുബെഞ്ചിൽ പോയി അങ്കിൾ  ഇരുന്നു. ഞാൻ ഒന്നും മിണ്ടാതെ എല്ലാം നോക്കിയിരുന്നു.

ഇടയ്ക്കിടെ ക്യാപ്ടൻ വാച്ച് നോക്കുന്നുണ്ടായിരുന്നു.

"അസ്വസ്ഥതയോടെ അങ്കിൾ പറഞ്ഞു സമയം എട്ടാകുന്നല്ലോ ."

 ഞാൻ ചോദിച്ചു "അതിനെന്താ അങ്കിൾ .|"

"ക്യാപ്ടൻ എന്നെ നോക്കി പറഞ്ഞു ഇനി ഇപ്പൊൾ ഡ്രസ്സ്‌ ചെയ്തു പോകുവാൻ ഒരു സമയം ആകുമല്ലേ. ഡോക്ടർ വരണം  എന്നുണ്ടെങ്കിൽ ഒൻപതു മണി എങ്കിലും ആകുമായിരിക്കും അല്ലെ "

ഞാൻ പറഞ്ഞു. "നമ്മുടെ നാട് അല്ലെ ചിലപ്പോൾ താമസിക്കുവാനും വഴിയുണ്ട്. " ക്യാപ്ടന് ഞാൻ പറഞ്ഞത് ഇഷ്ടപെട്ടില്ല എന്ന് തോന്നി.

കുറച്ചുനേരത്തിനു ശേഷം അക്ഷമനായി  വീണ്ടും പറഞ്ഞു ,

 "അപ്പോൾ ഇനിയും താമസിക്കുമായിരിക്കും അല്ലെ."

 ഞാൻ വെറുതെ മൂളി. പിന്നെ ആരോടെന്നല്ലാതെ ക്യാപ്ടൻ  പറഞ്ഞു

"എനിക്ക് ഇന്ന് ഒരു അപ്പൊയിൻമെന്റ് ഉണ്ട് രാവിലെ."

 ഞാൻ ചോദിച്ചു   "എത്ര മണിക്ക് ."

"ഒൻപതു മണിക്ക്."

 ഞാൻ വീണ്ടും ചോദിച്ചു "എവിടെയാണ്   അപ്പൊയിൻമെന്റ് ?. "

"അത് എന്റെ വീട്ടിൽ തന്നെ "

. ഞാൻ വീണ്ടും ചോദിച്ചു "വീട്ടിലോ:? , ആരുമായിട്ട്. "

 ക്യാപ്ടൻ മറുപടി പറഞ്ഞു "എന്റെ ഭാര്യയുമായിട്ട്."

എനിക്ക് ചിരി വന്നു.  ഭാര്യയുമായിട്ടോ ? ഞാൻ മനസ്സിൽ ഓർത്തു ഓരോരോ ജന്മങ്ങൾ സ്വന്തം ഭാര്യയുമായി  സംസാരിക്കുവാൻ അപ്പൊയിൻമെന്റ് ഉണ്ടാക്കുന്ന ആളുകളും  ഉണ്ടോ ഈ ലോകത്തിൽ . എനിക്ക് അയാളുടെ പെരുമാറ്റത്തിൽ അല്പം കിറുക്ക് തോന്നി.

എന്റെ മനോഗതം ക്യാപ്ടൻ വായിച്ച പോലെ തോന്നി.  ക്യാപ്ടൻ  കുറച്ചുംകൂടി ചേർന്നിരുന്നു .

" ഞാൻ അവളെ എന്നാണ് ആദ്യമായി കണ്ടത് എന്നറിയാമോ?"

 ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തലയട്ടി. ഞാൻ ക്യാപ്ടനെ പ്രോത്സാഹിപ്പിച്ചു . എന്തായാലും അങ്കിൾ പറയു,

"ഡോക്ടർ വരാൻ ഇനിയും സമയം ഉണ്ടല്ലലോ "

ക്യാപ്ടന്റെ കണ്ണുകൾ ചെറുതായി ഒന്ന് പ്രകാശിച്ചു.

"ഞാൻ ആദ്യമായി ജാസ്മിനെ കാനുനത്  വാർ ഫ്രണ്ടിൽ വച്ചാണ്  . ജാസ്മിൻ അതാണ് അവളുടെ പേര്."

 ഞാൻ മനസ്സിൽ കരുതി ദേ വീണ്ടും ഇങ്ങേരു പുളു കഥ അടിക്കുവാൻ തുടങ്ങുകയാണ് . പിന്നെ വിചാരിച്ചു സമയം പോകേണ്ടേ എന്തായാലും കേട്ടു കളയാം.

ക്യാപ്റ്റൻ  ഒന്ന് ചാഞ്ഞിരുന്നു .

അതെ അത് ഒരു വാർ ൻ ലവ് തന്നെ ആയിരുന്നു. യുദ്ധത്തിനിടെ വിരിഞ ഒരു പ്രണയ കഥ. നിഷ്കരുണം ശത്രുക്കളെ വെടി വച്ച് കൊല്ലുന്ന ഒരു പട്ടാളക്കാരന് പ്രണയിക്കുവാൻ കഴിയുമോ. അല്ലെങ്കിൽ യുദ്ധ ഭൂമിയിൽ പ്രണയം തളിരിടുമോ? കേട്ടിട്ടുണ്ട് വലിയ വലിയ യുദ്ധങ്ങൾ പ്രണയം മൂലവും, പ്രണയിനി മൂലവും ഉണ്ടായിട്ടുണ്ടെന്ന്.പക്ഷെ ഇത് അത് പോലത്തെ ഒരു കഥ യൊന്നുമല്ല. ക്യാപ്ടൻ പറഞ്ഞു കൊണ്ടേ ഇരുന്നു .

അന്ന് ഞാൻ കാഷ്മിരി റെജിമേന്റിൽആയിരുന്നു . ഇന്ത്യയും പാകിസ്ഥാനും തമ്മിൽ എതു സമയത്തും യുദ്ധം പൊട്ടി പുറപെടും എന്നുള്ള അവസ്ഥ. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം കൂടുതൽ കൂടുതൽ  വഷളായി വന്നു കൊണ്ടിരുക്കുന്നു. അന്ന് കേണൽ നായിഡു വിന്റെ  ബാറ്റാലിയൻസ് പാകിസ്ഥാൻ അതിർത്തി കാശ്മീരിൽ ആയിരുന്നു. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് എന്ന് പറയിപ്പിച്ച സ്ഥലം. കശ്മീർ....നോക്കെത്താ ദൂരത്തോളം മഞ്ഞിൻ കണികകൾ കൊണ്ട് മൂടപ്പെട്ട ഭൂപ്രദേശം . . പ്രകൃതിയുടെ  പ്രതിഭാസം അത്ഭുതം നിറഞ്ഞതാണ്‌. വേനൽ കാലത്ത് ഈ മഞ്ഞു കട്ടകൾ ഉരുകി ഒലിച്ചു ചെറു നദികളും , ഉറവകലും ആയി രൂപപെടും . ചിലപ്പോൾ ഒരിറ്റു വെള്ളം പോലും ഇല്ലാത്ത മരുഭൂമി പോലെ ആ വലിയ പ്രദേശം തോന്നിപ്പിക്കും .

മഞ്ഞു കാലം വരുമ്പോൾ കുന്നും, സമതലങ്ങളും മഞ്ഞു കൊണ്ട് മൂടും .  വളരെ  ശ്രദ്ധാപൂർവം ചിലവഴിക്കണം . രാത്രിയോ , പകലോ എപ്പോൾ വേണമെങ്കിലുംആക്രമണം നടക്കാം . ചിലപ്പോൾ ഒരു പ്രകോപനവും ഇല്ലെങ്കിലും പാക്സിതാൻ പട്ടാളക്കാർ വെടിയുതിർക്കാം . ഞങ്ങൾ താമസിക്കുന്ന പരിസരത്തിനു അടുത്തു പോലും ആൾ താമസം  ഇല്ല. പക്ഷെ ഞങ്ങൾക്ക്  സൈനീക   ക്യാമ്പിലേക്ക് ആട്ടിൻ  പാലു മായി ഒരു കാശ്മീരി പെണ്‍കുട്ടി രാവിലെയും , വൈകുന്നേരവും വരുമായിരുന്നു. പരിശുദ്ധമായ ആട്ടിൻ പാൽ . ആ  ആട്ടിൻ പാലിൽ കുറുക്കി എടുക്കുന്ന ചായ ഞങ്ങൾക്ക് പട്ടാളക്കാർക്ക് വലിയ ഉന്മേഷം പകർന്നിരുന്നു.ന്നു. വൈകുന്നേരങ്ങളിൽ ഞാൻ റോന്ത് ചുറ്റുവാൻ  പോകുമ്പോളാണ് അവൾ പാലിൻ പാത്രവുമായി വരാറുള്ളത്. ചെറിയ സമതലങ്ങളും, കുന്നുകളും കൂടി ചേർന്ന പ്രദേശത്താണ് ഞങ്ങൾ ക്യാമ്പ്‌ ചെയ്തിരുന്നത് എന്ന് പറഞ്ഞുവല്ലോ . അതുകൊണ്ടുതന്നെ ഞങ്ങൾ  ജീപ്പിൽ  ഇടയ്ക്കിടെ  ആ പ്രദേശം മുഴുവനും ജീപ്പിൽ കറങ്ങും .അങ്ങനെയുള്ള ഒരു വേളയിലാണ്  ഞാൻ  അവളെ  ആദ്യമായി കാണുന്നത് .

.പാലിൻ കുടവുമായി വരുന്ന ഒരു ചെറിയ പെണ്‍ കുട്ടി. അവൾക്കു ഏറിയാൽ ഒരു പതിനാറു - പതിനെട്ടു വയസ്സ് കാണും. ഞങ്ങൾ പട്ടാളക്കാർക്ക്   എവരെയും സംശയം ആണ് . ആ ദൃഷ്‌ടിയോടെ മാത്രമേ ആരെയും സമീപിക്കുവാൻ പാടുള്ളൂ. ശത്രു  രാജ്യത്തിൻറെ  ചാരന്മാർ രഹസ്യം ചോർത്തുവാൻ ആരെയും നിയോഗിക്കും.  ഞാൻ ജീപ്പ് നിറുത്തി  അവളോടു ചോദിച്ചു  ആരാണ്  നീ എന്ന് , കൂടെ ഉണ്ടായിരുന്ന സുബേദാർ ഗോപാൽ ചവാൻ ആണ് അവൾ ആരെന്നു എനിക്ക് പറഞ്ഞു തന്നത്. രാവിലെയും വൈകുന്നേരവും ക്യാമ്പിൽ  പാൽ കൊണ്ടുവരുനത് അവൾ ആണ്.

"ഞാൻ അവളോടു ചോദിച്ചു നിന്റെ പേര് എന്താണ് "

. അവൾ മറുപടി പറഞ്ഞു "ജാസ്മിൻ" .  ജാസ്മിൻ പൂവിനെ പോലെ മനോഹരിയായ അവൾക്കു യോജിച്ച പേര് തന്നെ. ഞാൻ അവളോടു താമസ സ്ഥലം അന്വേഷിച്ചു.  അവൾ ദൂരെയായി ഉള്ള മല നിരകൾ ചൂണ്ടി കാണിച്ചു . ചവാൻ എന്നോടായി പറഞ്ഞു ആ മല നിരകളുടെ അപ്പുറത്ത് ഒരു ചെറിയ ഗ്രാമം ഉണ്ട്. അവിടെ കുറച്ചു ഗ്രാമീണർ മാത്രം. കൃഷിയും , ആടിനെ വളർത്തിയും   അവർ ഉപജീവനം കഴിക്കുന്നു.  ആർക്കും അധികം വിദ്യാഭാസം ഒന്നും ഇല്ല. അവർക്ക് പണം കൊടുത്തും , അവരുടെ ഇടയിൽ  ഉള്ള ചെറുപ്പക്കാരെ വരെ പാകിസ്ഥാൻ ആർമി   സ്വാധീനിക്കാറുണ്ട് .  ഞാൻ ആലോചിച്ചു അങ്ങ് ദൂരെ യുള്ള മല നിരകൾ എന്ന് പറയുമ്പോൾ ഏകദേശം നാലഞ്ചു കിലോ മീറ്റർ . ഒറ്റയ്ക്ക് ദിവസവും അവ താണ്ടി  നടന്നു  വരുന്ന പെൺകുട്ടി .

പിന്നെയും പല ദിനവും ഞാൻ  അവളെ കണ്ടു. എന്നെ  കാണുമ്പൊൾ സാബ് എന്ന് പറഞ്ഞു അവൾ അടുത്തു വരും. എന്തെങ്കിലും വിശേഷങ്ങൾ പറയും. ചുറു ചുറുചുറുകൊടെയുള്ള സംസാരം. ചിരിക്കുമ്പോൾ  മുത്ത്‌ മണികൾ അടർന്നു വീഴുമോ എന്ന് തോന്നും.  ആപ്പിളിന്റെ നിറമുള്ള ചുവന്നു തുടുത്ത കവിളിൽ നുണക്കുഴി  വിടർന്നു നിൽക്കും .

ചില ദിനങ്ങളിൽ അവൾ മനോഹരമായ പല വർണ  പൂക്കൾ എനിക്ക് സമ്മാനിക്കും.  വരുന്ന വഴി,   മലനിരകളിൽ നിന്നും പറിക്കുന്നതാണീ പൂക്കൾ . നാട്ടിൽ ഒന്നും  കാണാത്ത  തരത്തിൽ ഉള്ള പല നിറത്തിൽ  ഉള്ള ആരും കൊതിക്കുന്ന പൂക്കൾ . ആരും നട്ടു വളർത്താതെ  ഒരാളും താലോലിക്കുവാൻ ഇല്ലാതെ എന്തിനോ വേണ്ടി വിടരുന്ന പൂക്കൾ . പിന്നീടുള്ള രാത്രി  കിടക്കുമ്പോൾ എന്റെ മനസ്സിൽ ആ പൂക്കാരി പെണ്‍കുട്ടി തന്നെ ആയിരുന്നു. ആരും  താലോലിക്കുവാൻ ഇല്ലാതെ പ്രക്രതി യോട് മല്ലടിച്ച് സ്വയം വിടരുന്ന പൂക്കൾ . വളമോ , വെള്ളമോ ഇല്ലാതെ അവ വളരുന്നു . ഭൂമിക്കു സുഗന്ധവും , സൌരഭ്യും പകർത്തി സ്വയം കരിയുന്ന പൂക്കൾ . സ്വയം  മല്ലടിച്ച് ജീവിക്കുന്ന പട്ടാള ക്കാരനെ പോലെ. യുദ്ധ ഭൂമിയിൽ മരിച്ചു വീഴുന്ന പട്ടാള ക്കാരനെ പോലെ.  ആ ഉപമയെക്കൾ യോജിക്കുക ജാസ്മിന്റെ ജീവിതം തന്നെയാണ് .

നിർധനരും , നിരാലംബരും ആയ ഈ ഗ്രാമത്തിൽ  നിന്നും വളർന്നു വന്ന കാട്ടുപൂവ് . നഗരത്തിൽ പല പെണ്‍കുട്ടികളെയും  വെല്ലുന്ന സൌന്ദര്യം .  ഗ്രാമത്തിന്റെ  നിഷ്കളങ്കത . ദുരന്തങ്ങളെ അതി ജീവിച്ചു മുന്നേറാനുള്ള  മനോധൈര്യം  ഇതെല്ലാം ഞാൻ  ആ  പെൺകുട്ടിയിൽ കണ്ടു .ഇവളുടെയും ജന്മം ആ പൂക്കൾ പോലെയാകുമോ . വിടരും മുമ്പ് കൊഴിയാൻ തുടങ്ങുന്ന പനിനീർ  പുഷ്പം പോലെ.

മനസ്സിൽ വല്ലാത്ത അഭിനിവേശം. പ്രേമത്തിന്റെ പരിമളം എന്നിൽ പടർന്നു പന്തലിച്ച പോലെ. ഞങ്ങൾ തമ്മിൽ ഉള്ള പ്രായ വ്യത്യാസം  ഒന്നും ഞാൻ ആലോചിച്ചില്ല. ഇരുപത്തി  ഒൻപതു കഴിഞ്ഞ ചെറുപ്പക്കാരനും , പതിനേഴു  തികയാത്ത  പെണ്‍കുട്ടിയും തമ്മിൽ ചേരുമോ എന്ന ചിന്ത ഒന്നും എന്നിൽ ഉടൽ എടുത്തില്ല. പ്രസന്നത വിടർത്തുന്ന മുഖവും, ചുവന്നു തുടുത്ത കവിളും , മഞ്ഞിന്റെ   മൃദുത്വ വും ഉള്ള പെണ്‍കുട്ടി. ഞാൻ ഒരു കാമുകനായി മാറി എന്നതാണ് സത്യം. അല്ല അവൾ എന്നെ   കാമുകനാക്കി മാറ്റി. ഒരു ദിവസം പോലും അവളെ കാണാതിരിക്കുവാൻ ആകില്ല എന്ന് എനിക്ക് തോന്നി. അവളെ കണ്ടില്ല എങ്കിൽ മനസ്സിൽ ഒരു വല്ലാത്ത വിങ്ങൽ . അവളെ നഷ്ടപെടുന്നതിനെ കുറിച്ച് എനിക്ക് ആലോചിക്കുവനെ കഴിയില്ലായിരുന്നു. ഈ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടെങ്കിൽ അത് അവളെ മാത്രമായിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു.പരിമളം വിടർത്തുന്ന ഈ പെണ്‍കുട്ടിയെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പികുവാൻ ശീലിച്ചു .

പിറ്റേന്ന് വൈകുന്നേരം അവളെ കണ്ടപ്പോൾ ഞാൻ എന്റെ പ്രേമം അവളോടു പറഞ്ഞു. എനിക്കറിയാമായിരുന്നു  അവൾക്കും എന്നെ ഇഷ്ടമായിരിക്കും എന്ന്.  പ്രായത്തിൽ കവിഞ്ഞ  പക്വത അവൾക്കുണ്ട് .  പക്ഷെ  ഞാൻ  പ്രതീക്ഷിക്കാത്ത ഉത്തരം ആണ് അവളിൽ നിന്നും ഉണ്ടായത്. അവൾ പറഞ്ഞു
"സാബിന് എന്നെ കുറിച്ച് ഒന്നും അറിയില്ല."

 ഞാൻ പറഞ്ഞു ജാസ്മിൻ എനിക്ക് നിന്നെ കുറിച്ച് കൂടുതൽ ഒന്നും അറിയേണ്ടതില്ല. മതമോ , ജാതിയോ, നീ വളർന്ന സാഹചര്യമോ ഞാൻ കാര്യമാക്കുന്നി ല്ല . ഇനി ഇതിൽ കൂടുതൽ  എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെയും അതിനെ കുറിച്ച് ചിന്തിക്കുവാൻ പോലും എനിക്ക് താൽപര്യം  ഇല്ല.  ഒരു പട്ടാള ക്കാരൻ വികാരാധീനൻ ആകുവാൻ പാടില്ല. പക്ഷെ ഞാൻ അപ്പോൾ വെറും ഒരു കാമുകനായി മാറി കഴിഞ്ഞിരുന്നു. അവളെ  നഷ്ടപെടുക എന്ന് വച്ചാൽ പിന്നെ മരിക്കുക. അങ്ങനെയാണെങ്കിൽ  ഞാൻ തീർത്തും ഒരു പട്ടാള ക്കാരൻ അല്ലാതായി തീരും . ചപലനായ ഒരു കാമുകൻ എന്ന് വിശേഷിപ്പിച്ചാലും  ഞാൻ ആ വിശേഷണത്തിന്  അർഹൻ ആയിരുന്നു.

എന്നെ ഞെട്ടിപ്പിക്കുന്ന വാർത്തയാണ്  അവൾ എന്നോടു പറഞ്ഞത് . അവൾ വിവാഹിത യാണെന്ന്. രണ്ടു വർഷം മുമ്പ് അവളുടെ പതിനാലാം വയസിൽ അവളുടെ  വിവാഹം  കഴിഞ്ഞു എന്നുള്ള അവളുടെ വാക്കുകൾ എന്നെ വല്ലാതെ തളർത്തി .  അവളുടെ  ആ വാക്കുകൾ ഒരു ചാട്ടുളി പോലെ എന്റെ നെഞ്ചിൽ  തറഞ്ഞുകയറി. ഒരു വേള  ഒന്ന് മരിച്ചെങ്കിൽ  എന്നുവരെ ഞാൻ ചിന്തിച്ചു . പറഞ്ഞറിയിക്കുവാൻ  പറ്റാത്ത  ഹൃദയ വേദന. പിന്നെ കുറച്ചു ദിനം ഞാൻ അവളെ കാണാതിരിക്കുവാൻ ശ്രമിച്ചു.  അവൾ എനിക്കവകാശപെട്ടതല്ല  എന്നുള്ള സത്യം  ഞാൻ മനസിനെ പറഞ്ഞു പഠിപ്പിക്കുവാൻ ശ്രമിച്ചു.  അവളുടെ രൂപം മനസ്സിൽ നിന്നും മായ്കുവാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

പക്ഷെ എന്റെ മനസ്സിൽ പതിഞ്ഞ ജാസ്മിന്റെ രൂപം മായ്ക്കുവാൻ ശ്രമിക്കുമ്പോഴും  അവളുടെ ഓർമകൾ കുടുതൽ മികവോടെ  വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നതായി ഞാൻ അറിഞ്ഞു.പിറ്റേ ദിനം ഞാൻ ജാസ്മിനെ കാണുവാൻ തീരുമാനിച്ചു . എന്നെ കണ്ടിട്ടും കാണാതെ പോകാൻ ശ്രമിച്ച അവളെ ഞാൻ തടഞ്ഞു നിറുത്തി.

ഒരു പട്ടാളക്കാരന്റെ അധികാരത്തോടെ  കൂടെ തന്നെ. ഞാൻ പറഞ്ഞു ജാസ്മിൻ എനിക്ക് നിന്നോട്  സംസാരികണം. ഒരു ശത്രു വിനെ കാണുമ്പോലെ ഞാൻ അവളുടെ ഭർത്താവിനെ കണ്ടു. അവളെ സ്വന്തം ആക്കണം എന്നുണ്ടെങ്കിൽ ഒരു കൊലപാതകത്തിന് വരെ ഞാൻ  തയ്യാർ ആയിരുന്നു. അവളുടെ ഭർത്താവിനെ കൊന്നിട്ടെങ്കിലും അവളെ  നേടി എടുക്കുവാൻ കഴിയും എന്നുണ്ടെങ്കിൽ ഞാൻ അത് ചെയ്യുമായിരുന്നു.  അതെ ഉദ്ദേശത്തോടെ   തന്നെയാണ് ഞാൻ അവളുടെ ഭർത്താവിന്റെ വിവരം അന്വേഷിച്ചത്.

എന്റെ മാറ്റം അവളെ ഭയപെടുത്തി എന്ന് തോന്നിച്ചു. പക്ഷെ
വിവരങ്ങൾ അറിയാതെ അടങ്ങിയിരിക്കുവാൻ എനിക്കാവില്ലല്ലോ .
അന്നവൾ എല്ലാം തുറന്നു പറഞ്ഞു.

രണ്ടു വർഷം മുമ്പായിരുന്നു അവളുടെ വിവാഹം. അയൽ ഗ്രാമത്തിൽ നിന്നും ആയിരുന്നു വരൻ. വിവാഹം കഴിഞ്ഞ ആദ്യ ദിനങ്ങൾ എല്ലാം സാധാരണ പോലെ തന്നെ യായിരുന്നു. പക്ഷെ ജന്മസിദ്ധമായ ഒരു ക്രൂരത അയാളിൽ ഉടൽ എടുത്തിരുന്നു . ജാസ്മിനെ ഉപദ്രവിക്കുന്നത്തിൽ അയാൾ രസം കണ്ടെത്തിയിരുന്നു . സിഗരട്റ്റ് കുറ്റികൾ കൊണ്ട് കുത്തി മുറിവേൽപ്പിക്ക അയാളുടെ വിനോദം ആയിരുന്നു. ആദ്യം അവൾ എല്ലാം   സഹിച്ചു. ഒരു ദിനം അയാൾ ഈ ക്രൂര കൃത്യം അവളുടെ അനുജത്തിയുടെ നേർക്ക്‌ പ്രയോഗിച്ചു . എട്ട് വയസു പൊലും തികയാത്ത ജുവാനയുറെ നെറ്റിയിലും , കഴുത്തിലും, കൈ വെള്ളയിലും എല്ലാം അയാൾ സിഗരട്ട് കൊണ്ട് കുത്തി പൊള്ളിച്ചു. അത് കണ്ട കണ്ട ജാസ്മിൻ അന്നാദ്യമായി പൊട്ടിത്തെറിച്ചു. അവൾ   അബ്ബാജനോടും, ഗ്രാമ മുഖ്യനോടും അയാളുടെ ചെയ്തികളെ പറ്റി പരാതി പറഞ്ഞു. മാനസിക  വൈക്യതം പ്രാപിച്ച ഒരാളെ ഭർത്താവായി വേണ്ട എന്നവൾ തീർത്തു പറഞ്ഞു. പിന്നെ എങ്ങനെയോ ഗ്രാമവാസികൾ അറിഞ്ഞു അയാൾ ഒരു പാകിസ്ഥാൻ ചാരൻ ആണെന്നും, വിവരങ്ങൾ അതിർത്തിക്കപുറത്തേക്ക് ചോർത്തി കൊടുക്കുന്നുണ്ട്  എന്നും, പിന്നെ ഒരു സുപ്രഭാതത്തിൽ അയാളെ കാണാതായി. ഇന്ത്യൻ സേന അയാളെ വെടി വച്ച് കൊന്നു എന്നും, അല്ല അയാൾ   പാകിസ്ഥാനിലേക്ക് രക്ഷ പ്പെട്ടു  എന്നും  പറയപെടുന്നു . വാസ്തവം ആർക്കും അറിയില്ല. അയാൾ ജീവിച്ചിരിപ്പുണ്ടോ, അതോ മരിച്ചോ എന്ന് പോലും. അവളുടെ മനസ്സിൽ ഒരു നിസ്സംഗ ഭാവം.

അപ്പോൾ തന്നെ ഞാൻ  മനസ്സിൽ ഉറപ്പിച്ചു ഇനി ഒരിക്കലും ഇവളെ ആ കശ്മ ലനു വിട്ടു കൊടുക്കില്ല. ഞാൻ  അവളുടെ കൈകളിൽ പിടിച്ചു . പിന്നെ പറഞ്ഞു എനിക്ക് വേണം നിന്നെ . ഇനി ഒരാൾക്കും ഞാൻ  നിന്നെ വിട്ടു കൊടുക്കുകയില്ല .  അവളുടെ കണ്ണിൽ നിന്നും ഉരുണ്ട വീണ കണ്ണുനീർ എന്റെ  വിരലിൽ പതിച്ചു.  ഞാൻ അവളുടെ അബ്ബാജനുമായി സംസാരിച്ചു .ഈ നരകത്തിൽ നിന്നും അവളെ രക്ഷിക്കുവാൻ കഴിഞ്ഞാൽ അത് സാബ് ചെയുന്ന ഏറ്റവും വലിയ പുണ്യം ആണെന്ന് അബ്ബാജാൻ  പറഞ്ഞു.

പ്രതീക്ഷിച്ച പോലെ യുദ്ധം ഉണ്ടായില്ല. ഒരു യുദ്ധം ജയിച്ച പടയാളിയെ പോലെ ഞാൻ തിരിച്ചു  പോകുമ്പോൾ എന്റെ  കൈ പിടിച്ചു ആ പെണ്‍കുട്ടിയും  ഉണ്ടായിരുന്നു. ജാസ്മിൻ.

ക്യാപ്ടൻ പറഞ്ഞ കഥ പോലെ തോന്നിക്കുന്ന ജീവിതം  കേട്ടിട്ട്  എനിക്ക്  മറുത്തൊന്നും ചോദിക്കുവാനോ , പറയുവാനോ ഉണ്ടായില്ല. വികാരത്തിന്റെ തിര എന്റെ മനസ്സിൽ അലയടിച്ചു കൊണ്ടേ യിരുന്നു. എന്ത് സംസാരിക്കണം എന്നറിയില്ല. എനിക്കാ മനുഷനോടു വല്ലാത്ത ബഹുമാനം തോന്നി. ഒരു സിനിമ കഥ പോലെ , ക്യാപ്റ്റന്റെ  പ്രേമത്തിന്ടെ  ശക്തി എന്നെ അത്ഭുത പെടുത്തി.കുറച്ചു നേരത്തെ മൌനത്തിനു ശേഷം ഞാൻ ചോദിച്ചു.

"ഇപ്പോൾ എന്തെങ്കിലും സീരിയസ് ആയ കാര്യം മാഡത്തിനോട്  സംസാരിക്കുവാൻ ഉണ്ടൊ . "

ക്യാപ്ടൻ സീരിയസ് ആയി തന്നെ പറഞ്ഞു. എല്ലാ ദിനവും പോലെ ഇന്നും അവളുടെ കൂടെ ഇരുന്നു  പ്രഭാത ഭക്ഷണം കഴിക്കണം.

' That's my daily schedule since I married her”.

എനിക്ക് ചിരി വന്നു. പിന്നെ ഞാൻ പറഞ്ഞു . "ഓ എനിക്ക് മനസിലാക്കാൻ കഴിയും . അങ്കിൾ വന്നില്ല  എന്നുണ്ടെങ്കിൽ ആന്റി പരിഭ്രമിക്കും  അല്ലെ?"

  ഇല്ല ക്യാപ്ടൻ പറഞ്ഞു, അവൾ ഒരിക്കലും പരിഭ്രമിക്കില്ല .

 ഞാൻ ചോദിച്ചു , അതെന്താ .

" she has Alzheimer Disease. She didn’t recognize even her name"കഴിഞ്ഞ മുന്ന് വർഷമായി അവൾ ഈ രോഗത്തിന് അടിമയായിട്ടു. സ്വന്തം പേര്  പോലും ഓർമയില്ലാതെ , എന്റെ മുഖം പോലും ഓർമയില്ലാതെ "

ക്യാപ്ടൻ വിദൂരതയിലേക്ക് നോക്കി പറഞ്ഞു.ആ മനസ്സിൽ വലിയ കടൽ ഇരമ്പുന്ന  പോലെ എനിക്ക് തോന്നി. 
  
അപ്പോൾ ഞാൻ തിരിച്ചു ചോദിച്ചു , അങ്ങനെ എങ്കിൽ എന്തിനാ ഇത്ര തിടുക്കം? 

"She doesn't know who you are!!!!"


Oh…Sweet ബോയ്‌ …ഒരു പക്ഷെ ജാസ്മിൻ എന്നെ തിരിച്ചു അറിയുന്നുണ്ടാകില്ല പക്ഷെ … I know her well and I know who she is”

  
അതിന്   എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ