2014, മാർച്ച് 21, വെള്ളിയാഴ്‌ച

അഞ്ചരക്കുള്ള ലോക്കൽ (കഥ )


രാത്രി . സമയം ഏതാണ്ട് എട്ടു  മണിയോട്  അടുക്കുന്നു. സ്റ്റേഷനിൽ ചൂളം വിളിച്ചുകൊണ്ടു ഒരു വീരാർ ലോക്കൽ ട്രെയിൻ വന്നു നിന്നു.

അയാൾ ആ ലോക്കലിനെ നോക്കി  അക്ഷമനായി മൊബൈൽ ഫോണ്‍ ചെവിയിൽ വച്ചു . നാശം എന്താ ഫോണ്‍ എടുക്കാത്തതു . അയാൾ വീണ്ടും എന്തൊക്കെയോ    പിറുപിറുത്തു. ഫോണ്‍ തനിയെ ഡിസ് കണക്ട് ആയി. അയാൾ വീണ്ടും അതേ നമ്പർ തന്നെ  ഡയൽ ചെയ്തു . റിംഗ് ചെയ്യുന്നു എന്നല്ലാതെ ആരും എടുക്കുന്നില്ലാ. അടുത്ത രണ്ടു റിങ്ങിന് ശേഷം അയാൾ ഫോണ്‍  ഡിസ് കണക്ട് ചെയ്യുവാൻ  തീരുമാനിച്ചു. നിരാശ ഭാവം അയാളിൽ പ്രകടമായിരുന്നു. . പെട്ടെന്ന് മറുതലയ്ക്കു ഒരു പ്രായമായ സ്ത്രീയുടെ ശബ്ദം അയാൾ കേട്ടു . അയാൾ അവരോടായി പറഞ്ഞു

"ഇന്ന് രാത്രി നിങ്ങളുടെ മകളുടെ അവസാനരാത്രിയാണ് . അവൾ  മരിക്കും . മുമ്പേ രക്ഷിക്കുവാൻ കഴിയുമെങ്കിൽ  രക്ഷിച്ചോളൂ! "  അപ്പുറത്തുള്ള സ്ത്രീക്ക് എന്തെങ്കിലും പറയുവാൻ കഴിയും മുമ്പേ അയാൾ ഫോണ്‍  ഡിസ് കണക്ട് ചെയ്തു.


രണ്ടു മണിക്കൂർ മുമ്പ്. സമയം അഞ്ചരയോടടുക്കുന്നു .

അഞ്ചരക്കുള്ള ലോക്കൽ  വരാറായിരിക്കുന്നു . തിരക്കുള്ള ട്രെയിനിൽ ചാടി കയറുകയും ഇറങ്ങുകയും അയാളുടെ പതിവാണ്.  നിത്യ അഭ്യാസംകൊണ്ട് അയാൾ സായത്തമാക്കിയ ശീലം.  അന്നും പതിവ് പോലെ അയാൾ കയറിയത് ബാന്ദ്രയിൽ നിന്നാണ്. ട്രെയിൻ ബോറീവല്ലിക്കുള്ളതും. നിലത്തു കാൽ കുത്തുവാൻ കഴിയാത്തപോലെയുള്ള തിരക്ക്.  ജോലി കഴിഞ്ഞു തിരിച്ചു പാർപ്പിട സ്ഥലം ലക്ഷ്യമാക്കി യാത്ര ചെയുന്നവർ . ബോംബയിലെ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തവർക്കറിയാം ലോക്കലിലെ തിരക്ക്. പക്ഷെ ഈ തിരക്ക് അയാൾ ഇഷ്ടപെടുന്നു . ഇത് അയാളുടെ ജീവിതം തന്നെ  ആണ്. ഇനി മലാഡ് കഴിഞ്ഞാൽ മാത്രമേ തിരക്കിനു അല്പമെങ്കിലും കുറവ് അനുഭവപ്പെടുകയുള്ളൂ . ട്രെയിൻ അന്ധേരിയിൽ എത്തിയപ്പോൾ അയാൾ ആളുകളെ തള്ളി മാറ്റികൊണ്ട് ട്രെയിനിൽ നിന്നും  ഇറങ്ങി . പിന്നെ ഒരു നിമിഷം പോലും വൈകാതെ പാളത്തിന്റെ അരികിലൂടെ നടന്നു ഗല്ലി  വഴി തിരക്കിൽ അലിഞ്ഞു ചേർന്നു.  ചേരിയിലെ താമസ സ്ഥലത്ത്  എത്തിയ ശേഷം അയാൾ  അടിവസ്ത്രത്തിലെ   അകത്തെ കീശയിൽ  കൈ തിരുകി .അന്നത്തെ അദ്ധ്വാനത്തിന്റെ ഫലമായ  പേർസുകൾ പുറത്തേക്ക്  എടുത്തു.

അയാൾക്ക് ഇന്ദ്രജാലക്കാരനെ വെല്ലുന്ന കൈ അടക്കം ഉണ്ട് . വിദഗ്ദ്ധ നായ  ഒരു മാന്ത്രികനെ പോലെ,  കീശയിൽ  നിന്നോ , മടി സഞ്ചിയിൽ നിന്നോ,  ബാഗിന്റെ സിബ് തുറന്നോ   കൈ ഞൊടിക്കുന്ന നിമിഷത്തിനുള്ളിൽ  അയാളുടെ വിരലുകൾ മായാജാലം കാണിക്കും.ഏറെ അദ്ധ്വാനത്തിന് ശേഷം അയാൾ സ്വയം സായത്തമാക്കിയ  ചെപ്പടി  വിദ്യ.

അയാളുടെ കൈ വെള്ളയിൽ നാല് പേർസുകൾ . മുന്ന് പേർസുകൾ  ചെറുതും ഒന്ന് അല്പം വലിപ്പമേറിയതും.  അയാൾ ഓരോന്ന് ഓരോന്നായി ആ പണസഞ്ചികൾ  പരിശോദിച്ചു. ആദ്യത്തേതിൽ  ചില ചില്ലറ  തുട്ടുകളും ,  അമ്പത്തിന്റെയും ,, നൂറിന്റെയും കുറച്ചു  നോട്ടുകളും . അയാൾ മനസ്സിൽ കരുതി ഇന്നത്തെ ദിവസം കൊള്ളാം എന്ന് തോന്നുന്നു  .

മറ്റൊന്നിൽ കുറച്ചു കാർഡുകൾ മാത്രം . പിന്നെ ഇരു പത്തി ഏഴു രൂപയും . ഇത്  ആ ഐ ടി ക്കാരന്റെ പേർസ് ആണ് എന്ന് തോന്നുന്നു. അവന്റെ ഒരു ജാട  വർത്തമാനം.  കൈയിൽ ആണെങ്കിൽ പത്തു  പൈസ ഇല്ല. കുറച്ചു കാർഡുകൾ മാത്രം . അയാൾ  നീരസത്തോടെ  ആ   പേർസ് വലിച്ചെറിഞ്ഞു.

 പിന്നെ മൂന്നാമത്തെ പേർസും പരതി . അതിലും കാര്യമായ വകക്കുള്ള ഒന്നും ഉണ്ടായില്ല. ഡ്രൈവിംഗ്   ലൈസൻസും  കുറച്ചു  ക്രെഡിറ്റ്‌ കാർഡുകളും മാത്രം അയാൾ പിറു പിറുത്തു . ഇപ്പോൾ ആരും രൂപ കൊണ്ട് നടക്കുന്നില്ല  ആവശ്യം ഉണ്ടെങ്കിൽ എ ടി  എം കൗണ്ടർ   വഴി ആവശ്യത്തിനു രൂപ എടുക്കാമല്ലോ.  അദ്ധ്വാനം മാത്രം മിച്ചം . പിന്നെ കുനിഞ്ഞു ആ രണ്ടു   പേർഴു്സും  എടുത്തു ചേരിയിലെ  ഒഴുക്ക് ചാലിലേക്ക് വലിച്ചെറിഞ്ഞു . അയാളുടെ പ്രവർത്തി  മൂലം ആർക്കോക്കെ . എന്തൊക്കെ ബുദ്ധിമുട്ടലുകൾ സംഭവിക്കുന്നു എന്ന് അയാൾ ചിന്തിക്കാറില്ല.  ഇത് അയാളുടെ ഉപജീവനമാർഗം  ആണ് . വൈകാരികതയ്‌ക്കു  അടിമപ്പെട്ടു പോയാൽ ഈ തൊഴിൽ തുടരുവാൻ കഴിയില്ല.

മനസ്  അയാൾ അതിനായി പാകപെടുത്തിയിട്ടുണ്ട് .
ഭാര്യേയും , രണ്ടു കുട്ടികളെയും പോറ്റണം . നാളെയെക്കുറിച്ചയാൾ
ചിന്തിക്കാറില്ല. ഇന്ന് കഴിഞ്ഞിട്ട് വേണ്ടേ നാളെയാവാൻ .

രാഖിക്ക് പഴയ പോലെ  വീട്ടു ജോലിക്ക് പോകുവാൻ  വയ്യ. വലിവും , ആസ്ത്മയുടെ ശല്യവും കൂടി വരുന്നു.  നല്ലൊരു ഡോക്ടറെ കാണിക്കണം .രാത്രി  കുത്തി ഇരുന്നു   ദീർഘ ശ്വാസം എടുക്കുമ്പോൾ കഷ്ടം തോന്നും.

സാധാരണ ഈ തൊഴിലിൽ ഏർപെടുന്നവർ സംഘം ചേർന്നായിരിക്കും വരിക. ആദ്യം പോക്കറ് അടിക്കേണ്ട ആളെ നോക്കി വയ്ക്കും. അയാളുടെ അടുത്തു രണ്ടോ, മൂന്നോ പേർ  നിലയുറപ്പിക്കും .എന്നിട്ട് കൃത്രിമമായി തിരക്ക് സൃഷ്ടിക്കും. കൂട്ടത്തിൽ ഉള്ളവരാരെങ്കിലും ചിലപ്പോൾ മദ്യം കഴിച്ചപോലെ ആടി ആടി നില്കും .  ഒരു കശപിശ  ഉണ്ടാക്കുവാൻ അയാൾ തന്നെ ധാരാളം ആണ്. ആ ഒരു സമയം അത് നിർണായകമാണ് ഇതിനിടയിൽ ആരെങ്കിലും   പേഴ്‌സ്  കൈക്കലാക്കിയിട്ടുണ്ടാകും .

ഇനി എങ്ങാനും പോക്കറ് അടിച്ചു എന്ന് മനസിലാക്കിയാൽ , യാത്രക്കാരൻ ബഹളമുണ്ടാക്കിയാൽ പേഴ്‌സ് കൈവശം ഇല്ലാത്തയാൾ  അടുത്ത സ്റ്റേഷൻ എത്തുമ്പൊഴേക്കും ഇറങ്ങിയോടും . യാത്രക്കാരുടെ ശ്രദ്ധ ഓടിയ ആളുടെ പിറകെ പോകും. ആ സമയം മതി . സുരക്ഷിതമായ ആ സമയത്തിനുള്ളിൽ  പേഴ്‌സ്  കൈയിൽ ഉള്ള ആൾ ഒട്ടും തിടുക്കപ്പെടാതെ സ്റ്റേഷനിൽ ഇറങ്ങും

അയാൾക്കു പങ്കാളികൾ ഇല്ല. അതുകൊണ്ടു തന്നെ ലാഭവും , നഷ്ടവും പങ്കു വയ്‌ക്കേണ്ടിയും വരുന്നില്ല. അയാളുടെ   കലയിൽ അയാൾക്ക് പൂർണ വിശ്വാസം ഉണ്ട്. മാത്രവുമല്ല കുടുതൽ പേര്  ഉണ്ടെങ്കിൽ പിടിക്കപെടുവാൻ സാധ്യതയുണ്ടെന്നാണ് അയാളുടെ വിശ്വാസം .

നാലാമത്തേത്  അൽപം വലിപ്പമേറിയ  പേർസ് ആയിരുന്നു.  അത് തീർച്ചയായിട്ടും ഒരു പെണ്‍കുട്ടിയുടെ ആവാനെ തരമുള്ളൂ. അവസാനം ആണ് അയാൾ ആ നീളം കൂടിയ പേർസ് തുറന്നത്. അയാൾ ഓർത്തു അന്ധേരിയിൽ നിന്നിറങ്ങുമ്പോൾ ലേഡീസ് കമ്പാർട്ട്മെന്റിലേക്കു കയറാൻ തുടങ്ങിയ  മഞ്ഞ ചുരിദാർ ധരിച്ച മെലിഞ്ഞ പെണ്‍കുട്ടി . അവൾ ഒരു സ്വപ്ന ലോകത്തിൽ ആണെന്ന് കണ്ടപോഴേ തോന്നി. അവളെ മുട്ടിയിട്ടും അവൾ അറിഞില്ല. ആ മുട്ടലിന്റെ കൂടെ പോന്നതാണ് ഈ മനോഹരമായ വാലറ്റ്.

സാധാരണ അയാൾ പെണ്‍ കുട്ടികളുടെ സാധങ്ങൾ മോഷ്ടിക്കാറില്ല. പക്ഷെ ഇന്ന് അവസരം ഒത്തു വന്നപ്പോൾ അയാളുടെ കൈ അറിയാതെ ഇടപെട്ടു എന്ന് മാത്രം. പെൺ കുട്ടികളുടെ  പേർസുകളിൽ  സാധാരണ രൂപ അധികം കാണുകയില്ല . മാത്രവും അല്ല അല്ലറ ചില്ലറ  ഉപയോഗപ്രദമല്ലാത്ത സാധനങ്ങൾ കാണുകയും ചെയ്യും . അത് മാത്രവും അല്ല അങ്ങനെയുള്ള അത്തരം വലിയ  പേഴ്‌സുകൾ   പ്യാൻസിന്റെ  കീശയിൽ  തിരുകി കയറ്റാനും. ഒളിപ്പിക്കാനും പ്രയാസവും ആണ്.

അയാൾ സാവധാനം ആ പെർസു തുറന്നു . ഒരു  ചുവന്ന ലിപ്സടിക് , പിന്നെ ചെറിയ മുഖം നോക്കുന്ന കണ്ണാടി. മുഖം തുടക്കുവാൻ പറ്റിയ  പെർഫ്യൂ മിന്റെ മണമുള്ള ഒരു റ്റിഷ്യു . പിന്നെ ഏക ദേശം  എണ്‍പത് രൂപയും, പിന്നെ കുറച്ചു വിസിറ്റിംഗ് കാർഡുകളും  . അത്ര മാത്രം. അയാൾ തീരുമാനിച്ചു ഭംഗിയുള്ള ഈ പെർസു കളയേണ്ട രാഖിക്ക് കൊടുക്കാം. പിന്നെ വീണ്ടും എന്തോ ഉൾ പ്രേരണ എന്നാ പോലെ അയാൾ വീണ്ടും ആ പേർസിന്റെ അകത്തെ മൂല പരി ശോദിച്ചു . മടക്കിയ ഒരു കടലാസ് കഷ്ണം അയാളുടെ ശ്രദ്ധയിൽ പെട്ടു . അയാളിൽ ചെറിയ ആകാംഷ മൊട്ടിട്ടു . അയാളുടെ ജോലിയുടെ ഭാഗമായി അയാൾക്ക് പല പ്രേമ ലേഖനവും വായിക്കുവാൻ ഇട വന്നിട്ടുണ്ട് . ഇക്കിളി പെടുത്തുന്ന അങ്ങനെയുള്ള വരികൾ അയാൾ ഇഷ്ട പെടുന്നു. അയാൾ ആ കത്ത് തുറന്നു വായിച്ചു.

എനിക്കറിയില്ല നിന്നോടു എന്ത് പറയണം എന്ന്. എല്ലാം നഷ്ടപെട്ടവൾക്ക് ഇനി ഒന്നും നഷ്ടപെടുവാനായി ബാക്കിയൊന്നുമില്ലല്ലോ .ഒരു പക്ഷെ നീ ഈ കത്ത് വായിക്കും മുമ്പേ ഞാൻ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ടുണ്ടാകാം . എത്രത്തോളം ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്ന് നിനക്ക് അറിയാമോ എന്ന് എനിക്ക് അറിയില്ല .പക്ഷെ അത്ര ത്തോളം തന്നെ നീ എന്നെ വിഷമിപ്പിക്കുന്നു ഇന്ന്.  

ഇപ്പോൾ ജീവിതത്തിൽ ഞാൻ പ്രകാശം കാണുന്നില്ല.ഇപ്പോൾ ജീവിതത്തിൽ ഞാൻ സ്വപ്‌നങ്ങൾ കാണാറില്ല . ഉണരാൻ വേണ്ടി അല്ലാതെ വെറുതെ എഴുന്നേൽക്കുന്നു  . കാരണം എന്റെ നിറം പിടിപ്പിച്ച സ്വപ്‌നങ്ങൾ തകർത്തത് നീ ആയിരുന്നല്ലോ.നിന്നെ സ്നേഹിച്ച പോലെ ഞാൻ വേറെ ആരെയും സ്നേഹിച്ചി ട്ടുണ്ടാവില്ല .എന്റെ സ്നേഹത്തിനു പകരം നീ തന്നത് വെറും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമായിരുന്നല്ലോ .എന്നെ തന്നെയല്ലേ  ഞാൻ  നിനക്ക്   സമർപ്പിച്ചത്  . ഇപ്പോൾ ഞാൻ അനുഭവിക്കുന്ന വേദന,  അത് എനിക്ക് ഇവിടെ പകർത്തുവാൻ  ആവില്ലല്ലോ. കാരണം നീ നശിപ്പിച്ചത് എന്റെ ആത്മാവിനെ തന്നെയാണ്‌ . നിന്നിൽ ഉള്ള എന്റെ വിശ്വാസത്തെ ആണ്.

എനിക്കിപ്പോൾ വിശപ്പോ , ദാഹമോ ഒന്നും  അനുഭവപെടുന്നില്ല . ഞാൻ എല്ലാവരിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിക്കുന്നു . ഞാൻ നിന്നെ കണ്ട നാൾ മുതൽ ഒരു സ്വപ്ന ലോകത്തിൽ ആയിരുന്നു . ഞാൻ കരുതി എന്റെ സുഖം നിന്റെ സുഖം ആണെന്ന് . നിന്റെ ദുഃഖം എന്റെയും ദുഃഖം  ആണെന്ന് .  നിന്റെ സ്നേഹം ആത്മാർത്ഥ മാണെന്ന് ഞാൻ വിശ്വസിച്ചു. അല്ലെങ്കിൽ നീ അങ്ങനെ എന്നെ വിശ്വസിപ്പിച്ചു. പക്ഷെ നിനക്ക് ഞാൻ വെറും ഒരു ഉപകരണം മാത്രമാണെന്ന് വൈകിയാണ് ഞാൻ അറിയുന്നത്. നിന്നെ പറ്റി, നിന്റെ  ഇല്ലീഗൽ റിലെഷൻസിനെ  കുറിച്ച് എനിക്ക്    അറിവ് കിട്ടിയിട്ടും ഞാൻ നിന്നെ  അവിശ്വസിച്ചില്ല .

അത് എന്റെ തെറ്റ് . ഒരിക്കലും അത് സത്യമല്ല എന്ന് ,എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുവാൻ ഞാൻ ശ്രമിച്ചു .   കാരണം നിന്നോടു ഞാൻ കാണിച്ച പ്രേമം അത് സത്യമായിരുന്നു . വേറൊരു സ്ത്രീക്കും ഞാൻ നിന്നെ സ്നേഹിച്ച പോലെ നിന്നെ സ്നേഹിക്കുവാൻ കഴിയില്ല എന്ന് ഞാൻ കരുതി. വേറൊരു പുരുഷനെയും ഞാൻ ഇത്ര മേൽ സ്നേഹിച്ചിട്ടില്ല

നീ എന്റെ ഹൃദയം ആണ് വലിച്ചു കീറിയത് . എന്റെ വിശ്വാസം ആണ് നീ തകർത്തത് . എന്റെ ശ്വാസത്തിൽ വരെ നിന്നോടുള്ള പ്രേമം തുടിച്ചിരുന്നു. പക്ഷെ നീ നശിപ്പിച്ചത് എന്റെ പ്രതീക്ഷകളെ കൂടിയാണ്.

ഞാൻ പലപ്പോഴായി  ആഗ്രഹിച്ചു എന്റെ സ്നേഹം നീ എനിക്ക് ഒരിക്കൽ തിരിച്ചു തരും എന്ന്. നമ്മൾ ഒരുമിച്ചുള്ള ജീവിതം ആണ് ഞാൻ സ്വപ്നം കണ്ടത് . അതെല്ലാം മിഥ്യ ധാരണ ആയിരുന്നു എന്നറിയുവാൻ ഞാൻ വൈകി. ഇപ്പോൾ ഞാൻ തിരിച്ചു പോവുകയാണ് . ഉടഞ്ഞ സ്വപ്നങ്ങളുമായി .
ഇന്ന് ഞാൻ ഉറങ്ങാൻ പോകുന്നത്  ഇനി ഒരിക്കലുംഎഴുനേൽക്കാതിരിക്കുവാൻ വേണ്ടി മാത്രമാണ്. ഗുഡ് ബൈ
സൂരജ് . ഗുഡ് ബൈ . നിനക്ക് നന്മകൾ നേർന്നുകൊണ്ട് .

ദിയ ശർമ .


അയാൾ പേർസിൽ വീണ്ടും പരതി .  അതിൽ നിന്നും  അവളുടെ വിസിറ്റിംഗ് കാർഡ്‌ കൈയിൽ എടുത്തു. ദിയ ശർമ , HR അസിസ്റ്റന്റ്  , അവൾ ജോലി ചെയുന്ന കമ്പനിയുടെ പേരും , ആ കമ്പനിയുടെയും ടെലിഫോണ്‍ നമ്പറും , പിന്നെ അവളുടെ മൊബൈൽ നമ്പറും ആ കാർഡിൽ ഉണ്ടായിരുന്നു. ആ കാർഡും കൈയിൽ വച്ചുകൊണ്ട് അയാൾ പുറത്തേക്കു നടന്നു.

പിറ്റേ ദിനം  പ്രഭാതം

അന്ന് അയാൾ വളരെ വൈകിയാണ് എഴുന്നേറ്റത്‌  . പ്രഭാത കൃത്യം കഴിഞ്ഞയാൾ പുറത്തേക്കു ഇറങ്ങി.  പാൻ പരാഗിന്റെ പൊതി എടുക്കുവാൻ പോക്കറ്റിൽ പരതിയപ്പോൾ  ദിയയുടെ വിസിറ്റിംഗ് കാർഡ്‌ ആണ് കൈയിൽ തടഞ്ഞത് . ഒന്ന് ചിന്തിച്ച ശേഷം അയാൾ റെയിൽവേ സ്റ്റെഷനിലെക്കുനടന്നു.  കോയിനിട്ടു  വിളിക്കുന്ന ടെലിഫോണിൽ  ഒരു രൂപ തുട്ടിട്ടു അയാൾ ആ കാർഡ്  നോക്കി  നമ്പർ ഡയൽ ചെയ്തു. അപ്പുറത്ത് നിന്ന് ഒരു യുവതിയുടെ ശബ്ദം അയാൾ കേട്ടു . എന്ത് പറയണം എന്നറിയാതെ അയാൾ പതറി. പിന്നെ പറഞ്ഞു

"ഞാൻ ഇന്നലെ വിളിച്ചിരുന്നു . പിന്നെ അയാൾ നിറുത്തി."

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവൾ ചോദിച്ചു .

"ഇന്നലെ എന്റെ നഷ്ടപെട്ട  വാല്ലറ്റ് കിട്ടിയത് നിങ്ങൾക്കാണോ? "

അയാൾ ഒന്നും മിണ്ടിയില്ല .

അവൾ സന്തോഷത്തോടെ പറഞ്ഞു .

"'താങ്ക്യൂ വെരി മച് സർ . ഞാൻ നിങ്ങളോട് അങ്ങേയറ്റം കടപെട്ടിരിക്കുന്നു. "യു സേവ്ഡ്  മൈ ലൈഫ്"

 അവൾ സന്തോഷത്തോടെ പറഞ്ഞു .

 "സൂരജ് ഹാസ്  എഗ്രീഡ് ഫോർ മാര്യേജ്, വീ ആർ  ഗോയിങ്  റ്റു ഗെറ്റ് മാരിഡ് സൂൺ " . ഇന്നലെ എന്റെ മമ്മ സൂരജിനെ വിളിച്ചിരുന്നു . "രാത്രി സൂരജ് ഫ്ലാറ്റിൽ വന്നു. അവൻ വിവാഹത്തിന് സമ്മതിച്ചു  "

പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.    അവൾ   സന്തോഷത്തോടെ അയാൾക്ക്  വീണ്ടും നന്ദി പറഞ്ഞു. ഫോണ്‍  താഴെ  വച്ച ശേഷം  അയാൾ  തിരിഞ്ഞു  നോക്കി. ചെറിയൊരു  കുളിർകാറ്റ് അയാളെ തഴുകി കടന്നു പോയി. 

സമയം  എട്ടേ  മുപ്പത്തി ഏഴ് . ചർച്ച് ഗേറ്റിലേക്കുള്ള ലോക്കൽ ട്രെയിൻ  സ്റ്റേഷനിൽ വന്നു നിന്നു . തിക്കി തിരക്കി യാത്രക്കാർ ട്രെയിനിൽ കയറുകയും , ഇറങ്ങുകയും ചെയുന്നു . അയാൾ ട്രെയിനിന്റെ അരികെ എത്തിയപ്പോഴേക്കും ട്രെയിൻ പതിയെ നീങ്ങി തുടങ്ങി.  പിന്നെ പതിവു പോലെ   ഓടുന്ന ട്രെയിനിൽ  അയാൾ ചാടി കയറി ആ ട്രയിനിലെ ആൾ തിരക്കിൽ അലിഞ്ഞു ചേർന്നു   അയാളുടെ പതിവ് ജോലിക്ക് വേണ്ടി.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ