2014, ജനുവരി 25, ശനിയാഴ്‌ച

NITHYA HARITHAM - Jayaraj Warrier




ആയിരം നായകന്‍മാര്‍ ഒന്നിച്ച് അണിനിരന്നാലും സൗന്ദര്യത്തിന്റെ പൊന്‍തിടമ്പു നല്‍കി മലയാളി എന്നും ആരാധിക്കുന്ന പ്രേമസ്വരൂപന്‍. തന്നോടൊപ്പം നാട്ടുവഴികളിലും നഗരവീഥികളിലും മണിയറകളിലും പ്രമദവനങ്ങളിലും പാടി ആടിയ മാദകത്വമുള്ള നായികമാരേക്കാള്‍ ആണും പെണ്ണും ആസ്വദിച്ചത് അങ്ങയെ ആയിരുന്നു. പുരുഷസൗന്ദര്യമാണ് എല്ലാ ജീവജാലങ്ങിലും വച്ച് സൗന്ദര്യത്തിന്റെ അവസാന വാക്ക് എങ്കില്‍.. മനുഷ്യകുലത്തില്‍ പിറന്ന ആ മലയാളിരൂപം കറുപ്പിലും വെളുപ്പിലും, കളറിലും നമ്മെ ഏറെ രസിപ്പിച്ചത് 60കളിലും 70കളിലുമായിരുന്നു. വയലാറിന്റേയും ഭാസ്‌കരന്‍ മാഷിന്റേയും ശ്രീകുമാരന്‍ തമ്പിയുടെയും യൂസഫലിയുടെയും കാവ്യാംഗനകളെ ഒന്നാന്തരമായി നൃത്തം ചെയ്യിച്ച ദേവരാജന്‍ മാസ്റ്ററുടെയും ബാബുരാജിന്റേയും ദക്ഷിണാമൂര്‍ത്തി, അര്‍ജ്ജുനന്‍ മാസ്റ്റര്‍ എന്നിവരുടെയും പാട്ടുകള്‍ സുന്ദരപുഷ്പങ്ങള്‍ പോലെ ചുംബനമേറ്റ് അടര്‍ന്നുവീണത് ആ ചുണ്ടുകളുടെ ചലനങ്ങളിലൂടെയാണ്. നിത്യവും ഞാന്‍ പാടുന്ന സന്ധ്യകളില്‍ പാട്ടുകേള്‍ക്കുന്ന ദിനരാത്രങ്ങളില്‍ എന്നോടൊപ്പം നിത്യവിസ്മയമായി അങ്ങയുണ്ടല്ലോ..ഹിമവാഹിനിക്കും കാമിനിക്കും കാവ്യമോഹിനിയ്ക്കും സന്യാസിനിയ്ക്കും കള്ളിപ്പാലകളില്‍ പൂക്കുന്ന മാദകഗന്ധമുള്ള സുന്ദരഗീതങ്ങളിലും.. ‘മലയാളം’ പാട്ടിലൂടെ മൂളുന്ന വാക്കും കടപ്പാട് അങ്ങയോടു തന്നെ.. രാത്രിഗീതങ്ങളുടെ ഒരു ഗാനമാല തന്നെ അങ്ങ് തീര്‍ത്തുതന്നു. ഇളവൂര്‍ മഠത്തിലെ ഇണക്കുയിലേ, ഇന്ദുവല്ലരി, വസുമതീ, രാക്കുയിലിന്‍ രാഗസദസ്സില്‍, താമസമെന്തേ വരുവാന്‍…. ഹേമന്തരാവുകളില്‍ വസുമതികളുടെ ഉറക്കം കെടുത്തിയ ഗന്ധര്‍വ്വ സാന്നിദ്ധ്യം. വടക്കന്‍ പാട്ടിന് നിറപ്പകിട്ടാര്‍ന്ന ചമയങ്ങളുടെ ചിത്രരഥങ്ങള്‍കൊണ്ട് ഘോഷയാത്രകള്‍ തീര്‍ത്ത വിഷുക്കാലത്തും ഓണക്കാലത്തും ‘ദൃശ്യ’വിസ്മയം തീര്‍ത്തും മറക്കാതെ.. മായാതെ.. എന്നും ഉണ്ടാകും. പാട്ടില്‍ നിന്ന് മലയാളഭാഷയേയും സാഹിത്യത്തേയും പടിയ്ക്കു പുറത്തു നിര്‍ത്തുന്ന ഇക്കാലത്ത് ആയിരം പാദസരങ്ങളിലും കായമ്പൂവിലും പ്രാണസഖിയിലും ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി ഇപ്പോഴും പറന്നു നടക്കാന്‍ കഴിയുന്നതിന്റെ ഊര്‍ജ്ജം യേശുദാസിനോടും ജയചന്ദ്രനോടും ഞങ്ങളുടെ തലമുറ ഇപ്പോഴും ആഘോഷിക്കുയാണ്. മോഹിപ്പിക്കുന്ന ചലന സൗന്ദര്യമായി അങ്ങ് മുന്‍നിരയില്‍ നിന്ന് ഇന്നും ഞങ്ങള്‍ക്ക് ഉന്മാദം പകരുന്നു. അഭിനയമികവിന്റെ അമരത്ത് സത്യന്‍ സാറും കൊട്ടാരക്കരയും സിംഹാസനം പണിത കാലത്ത് മലയാളസിനിമയുടെ ‘മാറ്റിനി ഹീറോ’ എന്ന നിലയില്‍ സിനിമയെ പിടിച്ചുനിര്‍ത്തിയത് മറ്റാരാണ് ? നായകസങ്കല്പത്തിന്റെ തേരോട്ടവും പ്രണയസങ്കല്പത്തിന്റെ നീരോട്ടവും നിറഞ്ഞൊഴുകിയത് അങ്ങിലൂടെയായിരുന്നല്ലോ ? പണ്ട് അങ്ങയെ തള്ളിപ്പറഞ്ഞവര്‍ ഇന്ന് മറിച്ചാണ് പറയുന്നത്. 85 വയസ്സായ മലയാളസിനിമയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്ന മുഖം അങ്ങയുടേതാണ്. നിത്യവസന്തഗാനങ്ങളാണ്. നാം കണ്ട പല ചലച്ചിത്രങ്ങളുടെ രംഗങ്ങളും കഥയും ഓര്‍മ്മയില്‍ നിന്നും മാഞ്ഞുപോയെങ്കിലും അങ്ങയുടെ സുന്ദരമായ മുഖവും കൊതിപ്പിക്കു പാട്ടുകളും നിലനില്‍ക്കുത് തന്നെയാണ് അങ്ങേയ്ക്കുള്ള ഏറ്റവും വലിയ സ്മാരകം. ഓര്‍മ്മകളുടെ ആല്‍ബം മറിയ്‌ക്കേണ്ടത് പിന്നോട്ടല്ല….മുന്നോട്ടാണ് എന്ന് അങ്ങ് ഓര്‍മ്മിപ്പിച്ചിരുന്നു. മലയാളിത്തം നിറഞ്ഞുതുളുമ്പുന്ന പാട്ടിന്റെ അക്ഷയഖനിയും മായാത്ത ഈണങ്ങളുടെ രാജഹംസമായി പ്രിയപ്പെട്ട നസീര്‍ സാറും…. അപ്പം ചുടുന്ന പാട്ടുകളും ബര്‍ഗര്‍ പാട്ടുകളും പാടിയാല്‍ മത്സരങ്ങളില്‍ ജയിക്കാനവില്ല. ആ നിമിഷത്തിന്റെ നിര്‍വൃതിയും തേനും വയമ്പും സ്വര്‍ഗനന്ദിനിയും പാടി ‘കോടികള്‍’ നേടുന്ന പുതിയ തലമുറ എന്നും കടപ്പെട്ടിരിക്കുന്നത് പാട്ട് ഒരുക്കിയ കവികളോടും സംഗീതസംവിധായകരോടും ഗായകരോടും ഒപ്പം ചലനം കൊണ്ടും സൗന്ദര്യം കൊണ്ടും വേഷം പകര്‍ന്ന അങ്ങയോടുമാണ്. വിടചൊല്ലി 25 വര്‍ഷം പിന്നിടുമ്പോഴും താരം എന്ന വാക്കിനെ ആദ്യമായി അന്വര്‍ത്ഥമാക്കിയ അങ്ങേയ്ക്ക് ഈ ആരാധകന്റെ ഹൃദയാഞ്ജലി. മരിക്കാത്ത പാട്ടുകള്‍ക്ക്.. നിത്യസാന്നിദ്ധ്യത്തിന്….


കടപ്പാട് - 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ