*കെനിയ – ആഫ്രിക്കയുടെ മുത്ത്*
മാലാഖമാർ വിണ്ണിൽ നിന്നിറങ്ങി മണ്ണിൽനർത്തനംആടുന്ന ഭൂപ്രദേശം
പൂവിന്റെ നാടാണ് ഗോത്രങ്ങൾ പലതാണ്
വർണങ്ങൾ വർഗ്ഗങ്ങൾ എത്രമാത്രം
മഞ്ഞിൽ കുളിരിന്റെ മന്ദഹാസം
മലർ
ചെമ്പട്ടു ചാലിച്ച വീഥികളിൽ
പൂത്തും നിറഞ്ഞും ചെരിഞ്ഞും മരങ്ങളാൽ
ഹരിതാഭ സമ്പന്ന നിർവൃതിയിൽ
ആരും കൊതിക്കുന്ന നിറയൗവനത്തിന്റെ
മരതക സൗന്ദര്യ റാണിപോലെ
യുഗപൗരുഷത്തിന്റെ സ്പർശനം മോഹിക്കും
ഒരു
നീല “ജാക്കാറാന്റ” പൂവുപോലെ
“മൗണ്ട് കിളിമഞ്ചാരോ “’ തൻ മുകിൽ മാടത്തിൽ
മഞ്ഞിന്റെ തുള്ളികൾ തഴുകിടുമ്പോൾ
കാറ്റിൻ കഥകൾ വരച്ചൊരു ചിത്രത്തിൽ
ഒരു മൗന വാത്മീകമുടയുന്നുവോ
ഇരുളിന്റെ ജലജ്വാല മിഴികളിൽ പതിയുമ്പോൾ
ആടുന്നു നിഴലുകൾ “സവാന്നയിൽ”
രാത്രിതൻ മോഹമാം താളത്തിൽ മർമ്മരം
വന്യമൃഗങ്ങളായി ആടിടുമ്പോൾ
“മസായ് മാര” തൻ മഞ്ഞുപുൽമേട്ടിൽ
ചന്ദ്രിക ചിറകിനാൽ വീശിയെത്തും.
ചെറു ചന്ദനപമ്പരം പോൽ കറങ്ങും
തുള്ളി കളിക്കുന്ന തോടുകൾ
ചേരുന്നു
“വിക്ടോറിയാ” എന്ന മന്ത്രണമായി
ജീവന്റെ നാഡിയായി ഒഴുകുന്ന “നൈൽ” പോലെ
കുഞ്ഞു പൂമ്പാറ്റകൾ പൂക്കൾ പോലെ
ചിന്നി പറക്കുന്നു കൂട്ടമായി പാറുന്നു
വർണ പരാഗത്തിൻ രേണുപോലെ
താഴുന്ന സൂര്യൻ ഉദിക്കുന്ന നിമിഷം
“മോംബാസ” നഗരവും ഉണർന്നിടുന്നു
ഓരോനിമിഷവും ഓരോ അനുഭൂതി
ഹൃദയങ്ങളിൽ വീണ്ടും നാമ്പിടുന്നു
പ്രകൃതിതൻ കരുണയും മനുഷ്യന്റെ സ്നേഹവും.
ഒരുനവ ലോകം തുറക്കുന്ന കാഴ്ച്ചയിൽ
അനുഭൂതി പുതുമഴത്തുള്ളിപോലെ
“കെനിയ”, നീ മരതക മാല പോലേ
നിന്നുടെ വശ്യത നിന്നുടെ സൗരഭ്യം ,
ഹൃദയതിരകളാൽ തുള്ളിടുന്നു
ആഫ്രിക്ക നീ എന്റെ സ്വപ്നലോകം.
വീർപ്പുമുട്ടിക്കുന്ന കൃഷ്ണവർണം
ആകാശനീലിമ പാടുന്ന പാട്ടിന്റെ
സ്വരരാഗ വീചിയോ നിന്റെ താളം
നീയെത്ര സുന്ദരി നീയെത്ര മോഹിനി
പുതുരാഗ നവവധുവെന്നപോലെ
എന്നും വസന്തം വിരുന്നു പോകും
നിൻമലർകാവിൽ വിളക്കുവയ്ക്കാൻ
നിന്നിൽ തളിർക്കുന്ന ഓരോ മലരിലും
നിന്നുടെ സ്പന്ദനം തന്നെ കാണാം
നിന്നിൽ തളിർക്കുന്ന ഓരോ മലരിലും
നിന്നുടെ സ്പന്ദനം തന്നെ കാണാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ