2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

പെൻഷൻ



പകുതി കെട്ട  ബീഡി അയാൾ വീണ്ടും കത്തിച്ചു. പുറത്തു ശക്തമായ മഴ . തുള്ളിക്ക്‌ ഒരു കുടം എന്ന പോലെ.  ഹുങ്കാര ശബ്ദത്താൽ കാറ്റ് വീശുന്ന     ഊത്തലിൽ അയാളുടെ കൈലി നനഞു. ആരോടോ പക തീർക്കുവാൻ എന്ന  പോലെ ഉറഞ്ഞു തുള്ളുന്നു മഴ . ഗന്ധർവൻ കയറുമ്പോൾ മുടി അഴിച്ചിട്ടാടുന്ന കന്യകയെ പോലെ വന്യമായ ഭാവത്തിൽ തകർത്തു പെയ്യുന്നു . ഇരുട്ട് കനക്കുന്നുതേയുള്ളൂ .  കുപ്പായത്തിലൂടെ  അരിച്ചു കയറുന്ന തണുപ്പ്. എന്നിട്ടും അയാൾക്ക്  അകത്തേക്ക് കടന്നു ഇരിക്കുവാൻ തോന്നിയില്ല. ഇരുട്ടിൽ ഒരു നിഴൽ പോലെ അയാൾ വരാന്തയിലെ അരമതിലിൽ പറ്റി ഇരുന്നു. തെക്കൻ കാറ്റിന്റെ ശക്തിയായ മൂളക്കം കാതിൽ ഇരമ്പുന്നു.  ശരം പോലെ പാഞ്ഞു പോകുന്ന കാറ്റ് . കാറ്റ്  ഊക്കോടെ വീശുമ്പോൾ നിമിഷ നേരെത്തേക്ക് എങ്കിലും മഴയുടെ ജൽപ്പന്നം  നിലച്ച പോലെ.  കാറ്റിന്റെ ശക്തി കുറയുമ്പോൾ വീണ്ടുംആർത്തിരമ്പുന്ന മഴ. മഴയുടെ ദ്രുത താണ്ടവം.  മഴ മാറിഇരുന്നു എങ്കിൽ എന്ന് അയാൾ  ആശിച്ചോ?

അങ്ങേരോടു പോയി എന്തെങ്കിലും പച്ചകറിക്കുള്ള കഷ്ണം മേടിക്കുവാൻ പറ. ഇങ്ങനെ അടപിടിച്ചിരിക്കാതെ? . മരുമകളുടെ കുശുകുശുപ്പ് അയാൾ കേട്ടു മകൻ പറയുന്ന മറുപടി ഇടി മുഴക്കത്താൽ അയാൾക്ക് കേൾക്കുവാൻ കഴിഞ്ഞില്ല. മാസങ്ങളായി  പെൻഷൻ കിട്ടിയിട്ട് . വീട്ടിൽ കാശ് ഒന്നും കൊടുക്കാനുമില്ല . ആദ്യമൊക്കെ   മുടങ്ങിയാലും അടുത്ത മാസങ്ങളിൽ  
പെൻഷൻ കിട്ടുമായിരുന്നു. 

വച്ചു വിളമ്പിതരുന്ന മരുമക്കൾക്ക്  ക്ഷമയോടെ  സംസാരിക്കുവാനുള്ള മനസ് നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു.  ആദ്യം എല്ലാം വെറും   ഈർഷ്യയായിരുന്നു.   ഇപ്പോൾ  നേരിട്ടും പറഞ്ഞുതുടങ്ങിയിരിക്കുന്നു മക്കളുടെ മനോഭാവം മാറുന്നത് അയ്യാൾ അറിയുന്നുണ്ട്.. എത്ര നാൾ ഇങ്ങനെ? , ബീഡി വാങ്ങുവാൻ പോലും മക്കളുടെ മുന്നിൽ കൈനീട്ടേണ്ട  ഗതികേട്.

മൂന്നു മാസമായി പെൻഷൻ തുക കിട്ടിയിട്ട്. മക്കളുടെ വീട്ടിൽ താമസിക്കുമ്പോൾ അവർക്കും ചെലവിന് കാശുകൊടുക്കേണ്ടി  വരും. ഇതൊന്നും കാണാൻ ഇവിടെ സർക്കാരിനു കണ്ണില്ലേ?-  അയാൾ  അയാളോടായി തന്നെ എത്രയോ വട്ടം മനസ്സിൽ ചോദിച്ച ചോദ്യം.  പെൻഷൻ ലഭിക്കാത്ത ആയിരങ്ങളിൽ ഒരുവനാണ് അയാളും .  എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി ലഭിച്ചിരുന്ന പെൻഷനാണ് ഇപ്പോൾ  മാസങ്ങളായി മുടങ്ങിയിരുന്നു. പല കുടുംബങ്ങളും പുലരുന്നത് ഈ പെൻഷൻ തുക കൊണ്ടാണ്. കടം പോലും ആരും നൽകാതായി. കാശില്ലാതായപ്പോൾ പലരും അരപ്പട്ടിണിയിലായി. ആരോഗ്യം അവശേഷിച്ച ചിലർ കൂലിപ്പണിക്കു പോകാൻ തുടങ്ങി. തനിക്കു അതിനും വയ്യല്ലോ. അല്ലെങ്കിൽ ഈ പ്രായത്തിൽ ആര് വിളിച്ചു ജോലി തരാൻ .ഒരു കണക്കിന് ശാന്ത നേരത്തെ പോയത് നന്നായി . അവൾക്കു ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ.

പുറത്തെ ചെറു ചട്ടികളിൽ വെള്ളം കയറി മരിക്കുവനായി  തെയ്യാറെടുത്ത പനി നീർ പുഷ്പം. നാളെ പകൽ കാണുവാൻ അവൾ ഉണ്ടാകില്ല. അയ്യപ്പൻ പിള്ളയുടെ കടയിൽ പോയി നോക്കാം .    അയാൾ  ശീല, കമ്പിയിൽ നിന്നും വിട്ടുപോയ പഴയ ആ കാലൻ കുട എടുത്തു നിവർത്തി . ആകെ നരച്ച ശീലയിൽ അവിടെ അവിടെ ആയി ചെറു സുഷിരങ്ങൾ . മുഴിഞ്ഞ സഞ്ചി കക്ഷത്തിൽ വച്ച് അയാൾ നടന്നു. ശക്തമായ കാറ്റു കുടയെ പിറകോട്ടു വലിപ്പിക്കുന്നു. കുടയുടെ ശീലയിൽ മഴ തുള്ളികൾ 'പടോം പടോം' എന്നാ ശബ്ദത്തിൽ അലച്ചു വീഴുന്നു.

കാനയിലൂടെ  വെള്ളം കുത്തി മറിച്ചു കൊണ്ട് ഊക്കൊടെ ഒഴുകുന്നു.   കുട കഴുത്തിൽ ചേർത്ത് അയാൾ  കൈലി മടക്കി കുത്തി. കാൽ പാദം കവിഞ്ഞു ഒഴുകുന്ന അഴുക്കു വെള്ളത്തിലൂടെ അറപ്പിലാതെ അയാൾ നടന്നു.  നല്ല കാലത്ത് വളയം പിടിച്ചു തഴമ്പിച്ച കൈകൾ കൊണ്ട് ഇന്ന് ഒരു മരുന്നിനു ഉള്ള കാശിനു പോലും വേണ്ടി  യാചിക്കേണ്ട അവസ്ഥ.  ഇങ്ങനെപോയാൽ കെ.
എ സ്.ർ.ടി.സി  അടച്ചുപൂട്ടേണ്ടിവരും  എന്ന് പത്രത്തിൽ  മന്ത്രിയുടെ അറിയിപ്പ് വായിച്ചു. കെടുകാര്യസ്ഥയുടെയും ,  സ്പെയർ പാർട്സ് അഴിമതിയുടെയും കഥകൾ ഡിപ്പാർട് മെന്റിൽ പാട്ടാണ്.

ഉള്ളത് കൊണ്ട് ഓണം തന്നെ ആയിരുന്നു പണ്ടെന്നും.  എത്ര വണ്ടി ഓടിച്ചാലും ഒരു ക്ഷീണവും ഇല്ലാത്തയാൾ  ആണ് ഇപ്പോൾ രണ്ടടി നടന്നാൽ കിതയ്ക്കുന്നത് . മക്കളെ പഠിപ്പികുവാൻ നോക്കി. ആരും ഗതി പിടിച്ചില്ല.  മൂത്തവൻ പറഞ്ഞിട്ട് എന്താ നല്ല പ്ലംബർ ആണ്. പക്ഷെ കുടി ഒഴിഞ്ഞിട്ട് അവനു പണിക്കു പോകാൻ നേരമില്ല. പിന്നെ ഒരു മകൾ ഉള്ളത് നേരത്തെ തന്നെ കെട്ടിച്ചു വിട്ടു. അവൾ അല്പം നല്ല നിലയിൽ തന്നെ ആണ്.  പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കില്ല. ഇവിടത്തെ പ്രാരാബ്ധം ഒന്നും അവൾക്കു അറിയേണ്ട ആവശ്യം ഇല്ലല്ലോ. എതിരെ നിന്ന് വന്ന ഒരു കാർ വെള്ളം തെറുപ്പിച്ച് അയാളെ ഈറനാക്കി  അതിവേഗം കടന്നു പോയി. നിസ്സംഗനായി അയാൾ തിരിഞ്ഞു നോക്കാതെ നടന്നു. മുകളിൽ പോസ്റ്റിൽ ഒരു കമ്പിത്തിരി കത്തുന്ന പോലെ ഒരു മിന്നൽ . ഒരു നിമിഷം മാത്രം അതിനു ആയുസ് ഉണ്ടായുള്ളൂ. അപ്പോഴേക്കും മഴ ആ മിന്നൽ മുറിച്ചു. മഴയുടെ ആരവം അയാളെ അസ്വസ്ഥനാക്കി .വഴി വിളക്കുകൾ തെളിഞ്ഞിട്ടില്ല .

വെള്ളം നിറഞ്ഞ കണ്ടം കവിഞൊഴുകുന്നു.  ഓലക്കുടയിട്ട് ചേന്നൻ  തൂമ്പാ കൊണ്ട് വരമ്പ് മുറിക്കുന്നു. ഇതുപോലെ എത്ര മഴകൾ ചേന്നൻ  കണ്ടതാണ് .പകുത്ത ചാലിലൂടെ   നിറഞ്ഞു കവിഞ്ഞ വെള്ളം പുറത്തേക്കു തോട്ടിലൂടെ ഒഴുക്കി പോകുന്നു.   ഒരു ചത്ത പൂച്ച തോട്ടിലൂടെ ഒഴുകി പോകുന്നു  അയാൾ നോക്കി നിന്നു..റോഡിലൂടെ നുര പടർത്തി മഴ വെള്ളം ഒലിച്ചു ഇറങ്ങുന്നു. വരണ്ട മണ്ണിനെ നനക്കുവനാണോ ഈ മഴ . വരണ്ട മനസിനെ തണുപ്പികുവാൻ മഴയ്ക്ക് ശക്തി ഉണ്ടാകുമോ? ഇത്ര നാളും മഴ ഇല്ല എന്നതായിരുന്നു പ്രശ്നം. ഇനി ഇപ്പോൾ സർക്കാരിന് മഴ കെടുതി  കൂടി കൊടുക്കേണ്ടി വരും.

അയ്യപ്പൻ പിള്ള കടം തരുമോ?. ഇപ്പോൾ തന്നെ പറ്റു  ഒരു പാടു ആയിട്ടുണ്ട്‌  ഇടയ്ക്ക് കാണുമ്പൊൾ അയാൾ  ഓർപ്പിക്കും. അടുത്ത ആഴ്ച തരാം എന്ന്   പറഞ്ഞു നീട്ടി ഇവിടം വരെ എത്തിച്ചു. കവലയിൽ കുറച്ചു ആളുകൾ ചടഞ്ഞു കൂടി നില്ക്കുന്നു. എതിരെ നിന്ന് വന്ന മന്തുകാലൻ അന്ത്രു വെറുതെ ലോഹ്യം ചോദിച്ചു. കവലയിലേക്കാണോ നായരേ? അതെ എന്നോ  അല്ല എന്നോ അയാൾ  ഉത്തരം പറഞ്ഞില്ല. അന്ത്രു ഉത്തരം പ്രതീക്ഷിച്ചില്ല എന്ന് തോന്നി. അന്ത്രുവിന്ടെ  ബാപ്പ ഖാദറിനും ഉണ്ടായിരുന്നു മന്ത് . ആക്രി കച്ചവടം ആണ് രണ്ടു പേരുടെയും തൊഴിൽ. മന്ത് കാലും വച്ച് ആക്രി വണ്ടി തള്ളി നടക്കുന്ന  ഖാദറിനെ ഇപ്പോഴും ഓർമ യുണ്ട് . പഴയ കുപ്പിയും, പാട്ടയും പെറുക്കികൂട്ടി മാപ്പിള രണ്ടു നിലയുള്ള വീട് വച്ചു. ഇപ്പോൾ അവരെല്ലാം തങ്ങളേക്കാൾ    വലിയ നിലയിൽ എത്തിയിരിക്കുന്നു .

കുമാരന്റെ ചാരായ കടയിൽനിന്നും ഒന്ന് രണ്ടു പേർ വെച്ച് വെച്ച് ഇറങ്ങി വരുന്നു. മഴയോ ,  വെയിലോ അവർക്ക് ബാധകം അല്ലല്ലോ. ഇന്നിനെ കുറിച്ച് മാത്രം ചിന്തിക്കുന്നവർ. അല്ലെങ്കിൽ ഈ ഒരു നിമിഷം മാത്രം ഓർമിക്കുന്നവർ. ഒരു കുട  പോലും ഇല്ലാതെ ചാരായ ലഹരിയിൽ ആടി നടക്കുന്നവർ. ആരോ മകുടി ഊതുന്ന വണ്ണം അതിന്റെ താളത്തിന്  ഒത്തു  ചലിക്കുന്നവർ.

അയ്യപ്പൻ പിള്ളയുടെ കടയുടെ അരികിൽ എത്തി അയാൾ മാറി നിന്നു. ഒന്നോ രണ്ടു പേര് മാത്രം പലചരക്കു സാമാനങ്ങൾ മേടിക്കുവാൻ വന്നവർ . അവർ പോകട്ടെ. അല്ലെങ്കിൽ അയ്യപ്പൻ പിള്ളയുടെ വായിൽ നിന്ന് വരുന്ന ശകാര  വാക്കുകൾ അവർ കൂടി കേൾക്കെണ്ടിവരും. കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.  നായരേ കടേലേക്ക് കേറി നിക്ക്. അയ്യപ്പൻ പിള്ള വിളിച്ചു പറഞ്ഞു. എന്താ വേണ്ടേ ങ്ങക്ക് അയാള് ചോദിച്ചു. അയാളുടെ ചോദ്യം അയാൾ കേട്ടില്ല എന്ന് തോന്നി. പിന്നെ അയാളോട് ചോദിക്കാതെ തന്നെ കമ്പിയിൽ കൊർത്തിട്ടിരിക്കുന്ന പേപ്പർ കഷ്ണം വലിച്ചെടുത്തു. ഓരോ കുംബിളാക്കി അരിയും , പഞ്ചാരയും , പരിപ്പും, ചായ പൊടിയും, ഉള്ളിയും, ഉരുള കിഴങ്ങും ഒക്കെ ഓരോരോ പൊതി കെട്ടുകളാക്കി വച്ചു . എല്ലാം കഴിഞ്ഞിട്ട് അയ്യപ്പൻപിള്ള  പറഞ്ഞു സഞ്ചി താ .  യാന്ത്രികതയോടെ അയാളാ സഞ്ചി നീട്ടി.

സഞ്ചിയിൽ നിറക്കുന്നതിനിടെ  അയ്യപ്പൻ പിള്ള പറഞ്ഞു

" പെൻഷൻ വന്നില്ല അല്ലെ. സാരമില്ല അടുത്ത ആഴ്ച വരും. ഇത് ഒരാഴ്ചത്തേക്ക് ഉള്ള വീട്ടു സാമാനം ഉണ്ട്. കൊണ്ടോക്കോ!! ങ്ങടെ അവസ്ഥ എനിക്ക്  മനസിലാകും. വീട്ടിൽ ചെന്നാൽ എന്റെ  അവസ്ഥയും ഇത് തന്നെ. റുപ്പിക പിന്നെ മതി."

നിറഞ്ഞ സഞ്ചിയും പേറി അയാൾ   തിരികെ നടന്നു . അയാളുടെ ഓർമ്മകൾ പതിയെ ആ മഴ കഴുകി കളഞ്ഞോ?  വരണ്ടുണങ്ങിയ മനസിലേക്ക്
സാന്ത്വനമായി   അത് പതിയെ പെയ്തിറങ്ങി . മനസ്സിൽ നിന്നും മനസിലേ ക്കുള്ള സ്നേഹ ബിന്ദുക്കളുടെ ഒഴുക്കണോ മഴ.  തിരിഞ്ഞു നടക്കുമ്പോൾ  അയാളുടെ ഉള്ളിലും മഴ  നിറുത്താതെ    പെയ്യുന്നുണ്ടായിരുന്നു.





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ