2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

ശർമിഷ്ട (കഥ)


ജീവിത സായാഹ്നത്തിൽ അടഞ്ഞ വാതിൽ തുറക്കുക എന്നുള്ളത് അതത്ര എളുപ്പം അല്ല. പ്രതേകിച്ചു നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ . കൊട്ടി അടക്കപ്പെട്ട വാതിൽ ഇനി ഒരിക്കലും തുറക്കുവാൻ എനിക്ക് കഴിയുകയില്ല . കാർമേഘത്തിന്ടെ കറുത്ത ചേല ഊരി മാറ്റുക അതത്ര എളുപ്പം അല്ലല്ലോ . വേഴാമ്പലിനെ പോലെ ഇനി ഒരു മഴയ്ക്ക് വേണ്ടി കാത്തിരികേണ്ട ആവശ്യം എനിക്കില്ല. വെറുതെ ഇരിക്കുവാൻ വയ്യ എന്നുള്ള കാരണത്താൽ ജോലിക്ക് പോകുന്നു.പ്രൊഫസർ ഗിരിജാ ദേവി , കേൾക്കുവാൻ രസമുണ്ട് അല്ലെ? കിട്ടുന്ന ശമ്പളത്തിൽ ഒരോഹരി പോലും ചിലവിടുന്നില്ല . അല്ലെങ്കിലും മരിക്കുമ്പോൾ കരയുവാൻ പോലും ഒരു ഒരവകാശി ഇല്ലാത്ത തനിക്കു പണം ഒരു ഭാരം തന്നെ യാണ് .

ഇന്നലെ ഹരീന്ദ്രൻ വന്നിരുന്നു. ഒരു പാടു നാളുകൾക്ക് ശേഷം ഉള്ള കൂടി കാഴ്ച . യാത്ര പറഞ്ഞിരങ്ങുമ്പോൾ അയാൾ വിങ്ങുന്ന പോലെ തോന്നി. ഏതോ ഭാരം ഇറക്കി വച്ച പ്രതീതി . പണ്ട് വറ്റാത്ത ഉറവ പോലെ ഒഴുകി വരുന്ന കണ്ണുനീർ തുള്ളികൾ ഇപ്പോൾ എങ്ങോ പോയി മറഞ്ഞിരിക്കുന്നു .

എല്ലാവരും പറയുന്നു ബാല്യകാലം ആണ്  ജീവിതത്തിലെ ഏറ്റവും സുഘകരമായ കാലം എന്ന്. ഒരു പാടു സന്തോഷിച്ച കൊണ്ടായിരിക്കാം ഇന്നീ നിസങ്ങത. പോയ്‌ പോയ കാലം ഇനി ഒരിക്കലും തിരിച്ചു വരിക ഇല്ലല്ലോ . അസ്തമിച്ച  പകലുകൾ തിരികെ വേണം എന്ന് ശാട്യം   പിടിക്കുവാൻ താൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ.

ഓർമ്മകൾ എപ്പോഴും നീരുറവ പോലെ ആണ് . കുളിര് കോരി പടർത്തുന്ന നൊമ്പരം പോലെ . സമ്പന്നതയുടെ നടുവിൽ ആയിരുന്നു കുട്ടികാലം. അച്ഛൻ, അമ്മ , പിന്നെ താനും . അങ്ങനെയുള്ള  ജീവിതതിലെക്കാണ്  ശാലിനി കടന്നു വന്നത്. പുതിയ   വീട് മാറി വന്ന വാടകക്കാർ . അവളുടെ അച്ഛന് പറയത്തക്ക ജോലി ഒന്നുമുണ്ടായിരുന്നില്ല. മദ്യപിച്ചു വന്നു അയാളുടെ ശകാര വാക്കുകൾ തൊടി കടന്നു ഇപ്പുറത്ത് എത്തും . അയാളുടെ ഭാര്യ വന്നു അമ്മയോട് കഷ്ടപാടുകൾ പറയും. അമ്മ അതെല്ലാം വള്ളി പുള്ളി വിടാതെ അച്ഛനെ അറിയിക്കും. സ്നേഹത്തിന്റെയും , ദയയുറെയും നിറകുടം തന്നെ യിരുന്നു അച്ഛൻ.  

 
ഹരീന്ദ്രൻ പറഞ്ഞത് ഓർമയുണ്ട് . താൻ ശർമിഷ്ട യാണെന്ന്. കുട്ടികാലത്ത് മുത്തശ്ശി ചൊല്ലി തന്നും ആ കഥ ഒരു പാടു തവണ കേട്ടിടുണ്ട് യയാതി  മഹാരാജാവിന്റെ കഥ. ഹസ്തിനപുരത്തെ ചക്രവർത്തി പദം അലങ്കരിച്ച , ഇന്ദ്രനെ തോൽപ്പിച്ച് ഇന്ദ്രപദവി കൈക്കലകിയ നഹുഷ മഹാരാജാവിന്റെ പുത്രന്റെ കഥ. ഗുരു പുത്രിയുടെ ഇന്ഗിതതിനു വഴങ്ങി ദാസി ആകേണ്ടി വന്ന രാജകുമാരിയുടെ കഥ. യയാതി മഹാരാജാവിനെ ക്കാളും തനിക്കു മനസ്സിൽ സ്പർശിച്ചത്  ശര്മിഷ്ടയെ ആണ് . പക്ഷെ അവളുടെ കഥ എന്തെ ആരും പാടി നടന്നില്ല?  ഒരു പക്ഷെ സ്ത്രീ ആയതു കൊണ്ടാകാം. സ്ത്രീയുടെ ത്യാഗത്തിനു പുരുഷന്റെ മുമ്പിൽ വിലയില്ലല്ലോ?.

അസുര ചക്രവർത്തി ആയ വൃഷകർമവിന്റെ പുത്രി.   അസുരഗുരുവായ ശുക്രാചാര്യരുടെ ശാപം അസുര സാമ്രാജ്യത്തെ നാമാവശേഷം ആക്കും എന്നറിഞ്ഞപോൾ, ആ ശാപത്തിൽ നിന്ന് രാജ്യത്തെ രക്ഷികുവാൻ ശർമിഷ്ടക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ . അഹങ്കാരിയും, ദുശാഡ്യക്കരിയുമയ   ആയ  ഗുരു പുത്രിയോട്‌ ചെയ്ത ചെറിയ തെറ്റ്അല്ലെങ്കിൽ ആ പിഴവ് , അതിന്റെ പരിണാമം ഇത്ര ഭീകരം ആണെന്ന് അവൾ കരുതി ഇരുന്നില്ല . രാജ്യത്തെ രക്ഷിക്കുവാൻ ഗുരു പുത്രിയുടെ ദാസി ആകേണ്ടി വന്ന രാജകുമാരി അവൾ ആയിരുന്നല്ലോ ശർമിഷ്ട. സ്വന്തം രാജ്യത്തിന്‌ വേണ്ടി, ഇത്രയും വലിയ ത്യാഗം ഏതു സ്ത്രീ ആണ് അനുഷ്ടിച്ചിട്ടുളത് . രാജ പദവി ഉപേക്ഷിച്ചു , സ്വയം ദാസ്യം എറ്റെടുത്ത ഏതു കുമാരിയുണ്ട് പുരാണത്തിൽ.

സ്വന്തം അനുജത്തിയെപോലെ കരുതിയതോ ദേവയാനിയോട് അവൾ ചെയ്ത തെറ്റ്. ഒന്നും മറുത്തു പറയാതെ ദേവയാനി പറയുന്ന അടിമ പണികൾ സന്തോഷതോടെ ചെയ്തതോ? ദേവയാനിയുടെ ഐശ്വര്യത്തിൽ അവൾ അസൂയപ്പെട്ടിട്ടില്ല  അത് പോലെ തന്നെ . ഒരിക്കൽ പോലും ദേവയാനി ചിന്തിച്ചില്ല താൻ ക്രൂരമായി പെരുമാറുന്നത് അസുര രാജ ചക്രവർത്തിയുടെ മകളോടാാണൂ എന്ന്. അല്ലെങ്കിലും ബ്രാഹ്മണ്യം എന്നും അങ്ങനെ ആണല്ലോ. ദാനം കൈ നീട്ടി സ്വീകരിച്ചിട്ടു സർപ്പത്തെ  പോലെ അവസരം കിട്ടുമ്പോൾ തിരിഞ്ഞു കൊത്തുക.

 മഹാരാജാവിന്റെ മുമ്പിൽ തന്നെ അപമാനിക്കുന്നതിൽ അവൾ രസം കണ്ടെത്തിയിരുന്നു. ആ അനുകമ്പ  മനസ്സിൽ ഉറച്ചിട്ടാണോ യയാതി മഹാ രാജാവിന്‌ ശർമിഷ്ടയെ ഇഷ്ടമായത്.    ശർമിഷ്ടെ  നിന്നെ ഞാൻ ആദ്യം കണ്ടിരുന്നു എങ്കിൽ നീ ആകുമായിരുന്നു ഈ ഹസ്തിനപുരത്തിന്റെ മഹാറാണി എന്ന് മഹാരാജാവ് നേരിട്ട് പറഞ്ഞിടുണ്ട് . ദാസിയാണെന്ന് അറിയിച്ചപോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ എന്തായിരുന്നു. ദേവി എന്നാണ് രാജൻ സുംബോധന ചെയ്തത്. കസ്തൂരി മാനിനു തന്റെ ശരീരത്തിൽ കസ്തൂരി ഉണ്ടെന്നു അറിഞ്ഞു കൂട. നിങ്ങളുടെ   സ്തിഥിയും  വ്ത്യസ്തമല്ല . ഇന്ന് ശരീരം ദാസി വേല ചെയുവാൻ വിധിക്ക്പ്പെടിരിക്കുന്നു. പക്ഷെ ആത്മവ്വ് ആരുടെയും ദാസനോ, ദാസിയോ അല്ല. പക്ഷെ ദേവയാനി ദാസി യാണ്.സ്വന്തം  പ്രതാപത്തിന്റെയും , അഹങ്കാരത്തിന്റെയും ദാസി. എന്നാൽ നിങ്ങളോ സ്വന്തം സുഖം ത്യജിച്ചു പ്രകാശിക്കുന്ന   കൽവിളക്ക് പോലെ തെളിഞ്ഞു നില്ക്കുന്നു. ദാനവകുലതിന്റെ മുഴുവൻ അമ്മയാണ് നിങ്ങൾ.

സ്വന്തം സൌഭാഗ്യത്തിൽ മദിച്ച ദേവയാനിക്ക് മഹാരാജാവിനെ   മനസിലാക്കുവാൻ കഴിഞ്ഞിരുന്നോ.   മറച്ചുപിടിക്കുവാൻ ആഗ്രഹിച്ച  രഹസ്യം ദേവയാനി  കണ്ടു പിടിച്ചു. സ്വന്തം ചാരിത്ര്യം കാത്തു സൂക്ഷിക്കുവാൻ കഴിയാത്തവളെ വേശ്യ എന്ന് വിളിച്ചുആക്ഷേപിക്കുന്നതിൽ  ദേവയാനി രസം കണ്ടെത്തി. അല്ലെങ്കിൽ ദേവയാനിയുടെ മറ്റൊരു ക്രൂര വിനോദം.

 പക്ഷെ  അവൾ വേശ്യ എന്ന് മുദ്ര കുത്തിയപ്പോൾ പതറി പോയി. അവളുടെ വായ് അടപ്പികുവാൻ  കഴിയുമായിരുന്നില്ലേ?  ഒറ്റ ഉത്തരം  കൊണ്ട്  പിതൃത്തം വേളിപെടുത്തുവാൻ കഴിയുമായിരുന്നു.  ആ ഒറ്റ വാക്കിൽ  അവളുടെ അഭിമാനം തകർന്നു തരിപ്പണം ആക്കാമായിരുന്നു.  അന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നെങ്കിലോ   തന്റെ വയറ്റിൽ വളരുന്ന പുത്രൻ  ഈ മഹാരാജ്യം ഭരിക്കുമെന്ന്.  ഉറക്കെ പറയണം എന്നുണ്ടായിരുന്നു. മനസ് കൊണ്ട് ശര്മിഷ്ട  വ്ഭിച്ചരിച്ചിട്ടില്ല . മനസും ശരീരവും അർപ്പിച്ചത് യയാതി മഹാരാജാവിനു മാത്രം . അന്നും ഇന്നും എന്നും ശർമിഷ്ട പതിവ്രത ആയിരുന്നു.  പക്ഷെ ദെവയാനിയൊ?  മനസും ശരീരവും ആർപ്പിച്ചത് കചനു  മാത്രമായിരുന്നല്ലോ . അവൾ യയതിയെ സ്നേഹിച്ചിരുന്നോ. ഇല്ല അവൾ ആഗ്രഹിച്ചത്‌ ഹസ്തിനപുരത്തിലെ മഹാറാണി പട്ടം  മാത്രമായിരുന്നു. അവളെ പോലുള്ളവർക്കല്ലേ  വേശ്യ എന്ന പദം മുദ്ര കുത്തപെടെണ്ടത്‌. പക്ഷെ ഇതൊന്നും തുറന്നു  പറയുവാൻ ശർര്മിഷ്ടക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലല്ലോ. കാരണം അവൾ കേവലം ഒരു ദാസി മാത്രമാണല്ലോ .

ഗിരിജയും, ശാലിനിയും എന്നും ഒരുമിച്ചു ആയിരുന്നല്ലോ. തനിക്കു അവൾ വെറും കൂട്ടുകാരി ആയിരുന്നില്ല . സ്വന്തം കൂടെ പിറപ്പു  തന്നെ ആയിരുന്നു. ഉണ്ടും, ഉറങ്ങിയും ഒരുമിച്ചു കഴിഞ്ഞ നാളുകൾ. അയൽക്കാരിയായ അവൾ തന്നെ ആയിരുന്നും തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി. തന്നെയും, അവളെയും വേർതിരിച്ചു കാണുവാൻ അച്ഛനോ, അമ്മയോ ശ്രമിച്ചില്ല. തനിക്കു ഒരു പുതിയ ഉടുപ്പ് മേടിക്കുംപോൾ അത് പോലെ തന്നെ ഒരെണ്ണം അച്ഛൻ അവൾക്കും മേടിക്കുമായിരുന്നു. ചിലപ്പോൾ ചെറു വ്യതാസം  ഉണ്ടെങ്കിൽ പോലും  അവൾ കോലായിൽ  പോയി മുഘം കെറുവിച്ചു ഇരിക്കും. അവളുടെ അങ്ങനെ യുള്ള ഇരിപ്പ് കാണുമ്പൊൾ തനിക്കു സങ്കടം വരും.അപ്പോൾ താൻ തന്നെ തന്റെ ഉടുപ്പ്   അവൾക്കു കൊടുക്കും. പിന്നെ അവളുടെ ഉടുപ്പ് താൻ  അണിയും. അപ്പോൾ അവളുടെ യുള്ളിൽ ചിരി വിടരും. അധികാരത്തിന്റെ , അല്ല   അഹങ്കാരത്തിന്റെ. അന്ന് താൻ  താൻ അന്ന് അത് ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ അങ്ങനെ ചിന്തിക്കുവാൻ തനിക്കു ആവില്ലായിരുന്നു. അച്ഛന്റെയും , അമ്മയുടെയും സംസ്കാരം അത് തന്നിലും പടർന്നു പന്തലിച്ചിരുന്നു. വല്ലാത്ത ഒരു വാശി ശാലിനിക്ക്  ഉണ്ടായിരുന്നു. വാശി കയറിയാൽ അവൾ ഭ്രാന്ത് എടുത്ത പോലെ പേരുമാറുമായിരുന്നു. തനിക്കു അപ്പോൾ അവളെ തനിക്കു പേടി ആയിരുന്നു. വീണ്ടും ഒറ്റപെടുമോ  എന്നുള്ള ഭയം.അവൾ പിണങ്ങി പോകുമോ എന്നുള്ള പേടി.  അത് കൊണ്ട് തന്നെ അവളുടെ ഏതു ആഗ്രഹവും നിറവേറ്റുവാൻ താനും ശ്രമിക്കുമായിരുന്നു. പിന്നെ പിന്നെ ഏപ്പോഴും     തന്നെ പോലെ തന്നെയോ അല്ലെങ്കിൽ അതിലും ഒരു പടി മേലെ നിൽക്കണം എന്ന അതിമോഹം അവളിൽ ഉടൽ എടുത്തു. അവളുടെ  സ്വഭാവത്തിൽ അമ്മ സംശയം പ്രകടിപ്പിച്ചപ്പോൾപോലും താൻ അവളെ ന്യായികരിച്ചു.  നിലക്ക് നിറൂതേണ്ടവരെ  നിലക്ക് തന്നെ നിറുത്തണം . അമ്മ കൂടെ കൂടെ ഉപദേശിക്കുമായിരുന്നു. അച്ഛനും അവളുടെ വാശി ഒരു കുസൃതി പോലെ തന്നെ കരുതി.

അല്ലെങ്കിൽ തനിക്കു പകരക്കാരി ആയി അവൾ ഹരിന്ദ്രന്റെ വധു ആകുമായിരുന്നില്ലല്ലോ. കൈ തണ്ട മുറിച്ചു എന്റെ മരണത്തിനു നീ ആയിരിക്കും ഉത്തരവാദി എന്ന് അവൾ പറയുംമായിരുന്നില്ലല്ലോ.ഏതു വിധത്തിലും തന്നെ തോല്പ്പികണം എന്നു മാത്രമായിരുന്നു അവളുടെ ചിന്ത. അതിനു വേണ്ടി തന്നെ അല്ലെ അവൾ ആ സാഹസം കാണിച്ചത്‌. അവളുടെ മരണത്തിൻ കറ തന്റെ മേൽ പടരുവാൻ താൻ ആഗ്രഹിച്ചിരുന്നില്ല .അങ്ങനെ താൻ ആഗ്രഹിക്കില്ല എന്ന് അവൾക്കു നന്നായി അറിയാമായിരുന്നു. അതിനു അവൾ തന്നെ തിരക്കഥ എഴുതിയ നാടകം. അതിൽ അവൾ വിജയിച്ചു.

 താൻ തന്നെ പറഞ്ഞു ഉറപ്പിച്ച ആ വിവാഹത്തിൽ നിന്നും പിന്മാറി. വിവാഹിതയായി ഹരീന്ദ്രനോടൊപ്പം പോകുമ്പോൾ അവളുടെ മുമ്പിൽ ലോകം കീഴടക്കിയ പോലെ ആയിരുന്നു.  തന്റെ ദാനം ആണ് അവളുടെ ജീവിതം എന്നവൾ ഓർക്കുവാൻ മറന്നപോലെ.

പിന്നെ എന്തോ വേറൊരു വിവാഹത്തിന് മനസ് ഒരുങ്ങിയില്ല. പഠനം തുടർന്നു. അവസാനം പഠിച്ച കോളേജിൽ തന്നെ പഠിപ്പികുവാൻ ആയിരുന്നു തന്റെ നിയോഗം. അച്ഛന്റെ മരണം അമ്മയെ വല്ലാതെ ഉലച്ചിരുന്നു.  മരണം വരെയും അമ്മയുടെ ചിന്തയും തന്നെ കുറിച്ച് തന്നെ ആയിരുന്നു.

അവർ തമ്മിൽ പിരിഞ്ഞു എന്നു ഹരീന്ദ്രൻ പറഞ്ഞറിഞ്ഞു . സഹിക്കുവാൻ പറ്റുനതിനും ഒരു പരിധി ഇല്ലേ. ഇപ്പോൾ അവൾക്കു മനസ്താപം ഉണ്ടത്രേ . അറിഞ്ഞു കൊണ്ട് ഇനിയും ഒരാപത്തിൽ ചാടുവാൻ അയാൾ വിഡ്ഢി അല്ലത്രേ. അയാളെ കുറിച്ച് ഓർത്തപോൾ തനിക്കു  വിഷമം തോന്നി എന്നുള്ളത് സത്യം.  യയാതി രാജാവിന്റെ മറ്റൊരു പതിപ്പ് തന്നെ അല്ലെ ഹരീന്ദ്രൻ . നഹുഷന് കിട്ടിയ ശാപം , പുത്രാ പരമ്പരക്ക് ഒരിക്കലും സുഘം ലഭിക്കില്ല എന്നുള്ള  ശാപം  അതിന്റെ പിൻ തുടർച്ചക്കരനാണോ  ആണോ ഇയാൾ.

അവരെ യോജിപ്പികുവാൻ താൻ ശ്രമിക്കണോ . വേണ്ട ഒരു ജന്മം മുഴുവനും ദേവയാനിയുടെ ആട്ടും , തുപ്പും സഹിച്ചു ദാസി ആയി കഴിഞ്ഞതല്ലേ. ഇനി വേണ്ട . അതിനു മുതിരേണ്ട ആവശ്യം ഇനി ഇല്ല.  സർവം ക്ഷമിക്കുവാൻ താൻ ദാസി അല്ലല്ലോ . ഇപ്പോൾ താൻ ശർമിഷ്ട യാണ്. ഹസ്തിനപുരത്തിലെ മഹാറാണി.


      


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ