2026 ജൂൺ 27, ശനിയാഴ്‌ച

കുട്ടിക്കവിതകൾ


കുട്ടി കവിതകൾ

ബഹുമാനപ്പെട്ട എഡിറ്റോറിയൽ ടീം അംഗങ്ങൾക്ക്,

കുട്ടികളിൽ ഉന്നതമായ മൂല്യങ്ങളും ജീവിതവീക്ഷണവും വളർത്തിയെടുക്കാൻ സഹായിക്കുന്ന പത്ത് കുട്ടിക്കവിതകൾ അടങ്ങിയ ഒരു സമാഹാരം ഇതോടൊപ്പം അയക്കുന്നു.

'ഒരു അമ്മ തന്റെ കുഞ്ഞിന് ലോകത്തെ പരിചയപ്പെടുത്തിക്കൊടുക്കുന്ന' രീതിയിലാണ് ഈ കവിതകൾ രചിച്ചിരിക്കുന്നത്. ലളിതമായ വരികളിലൂടെ കുട്ടികളിൽ കരുണ, വിനയം, അധ്വാനശീലം, സത്യസന്ധത എന്നിവ വളർത്തിയെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇന്നത്തെ തലമുറയ്ക്ക് അറിവിനൊപ്പം നല്ലൊരു മനുഷ്യനായി വളരാൻ ഈ വരികൾ വഴിവെളിച്ചമാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

ഈ കവിതകൾ വായിച്ചുനോക്കി, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമെന്നും നിങ്ങളുടെ പ്രസിദ്ധീകരണത്തിൽ ഇതിന് അനുയോജ്യമായ ഇടം നൽകുമെന്നും പ്രതീക്ഷിക്കുന്നു.

വരികളും ആമുഖവും ഇതോടൊപ്പം 'അറ്റാച്ച്' (Attach) ചെയ്തിട്ടുണ്ട്.

വിശ്വസ്തതയോടെ, 

മനോജ് കളത്തിൽ 

 

ആമുഖം

നന്മയും തിന്മയും നിറഞ്ഞ ഈ വലിയ ലോകത്തെ ഭയമില്ലാതെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നത് ഓരോ അമ്മയുടെയും കടമയാണ്. വെറും കെട്ടുകഥകൾക്കപ്പുറം, ജീവിതത്തിന് വഴികാട്ടിയാകേണ്ട വലിയ സത്യങ്ങളാണ് അവർ കേട്ടുവളരേണ്ടത്. ഒരമ്മ തന്റെ കുഞ്ഞിന് ലോകത്തെ പരിചയപ്പെടുത്തിക്കൊടുക്കുന്ന രീതിയിലാണ് ഈ കവിതകൾ രചിച്ചിരിക്കുന്നത്. കുട്ടികളിൽ കരുണ, വിനയം, അധ്വാനശീലം, സത്യസന്ധത എന്നിവ വളർത്തിയെടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. അറിവിനൊപ്പം നല്ലൊരു മനുഷ്യനായി വളരാൻ ഈ വരികൾ വരുംതലമുറയ്ക്ക് ഒരു വഴിവെളിച്ചമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

1. പഠനവും കളിയും

പഠിച്ചിടേണം ഉയർന്നിടാനായി,                                കളിച്ചിടേണം വളർന്നിടാനായി.                                          പഠിച്ചും കളിച്ചും രസിച്ചു നമ്മൾ,                       വളർന്നുയരേണം മനുഷ്യനാവാൻ! 

2. പൂമ്പാറ്റയും ചിന്തയും

പാറിപ്പറക്കുന്ന പൂമ്പാറ്റ പോലെ,                       ആകാശവീഥിയിൽ പറന്നിടേണം.                                 അതിനായ് നിനക്കീശ്വരൻ നൽകിയില്ലേ,                             ഉയർന്ന ചിന്ത തൻ നല്ല മാനസം!

3. ശിക്ഷയും രക്ഷയും

ശിക്ഷ കണ്ടു നീ ഭയന്നിടേണ്ട,                                                                 രക്ഷയാകും നിനക്കമ്മ പോലെ.                                                   നന്മ വരുത്തുവാൻ ശിക്ഷിച്ചതത്രയും,                       നൽവിളക്കായ് മാറും നിൻ ജന്മമാകെ!

4. ഈശ്വരനും പരിശ്രമവും

ഈശനെ വിളിച്ചു കരഞ്ഞിടാതെ,                                        ശ്രമിച്ചിടാൻ മനം ഉറച്ചിടേണം.                                 പരിശ്രമിക്കുക പുലരൊളി വോളവും,                                         ഭുജിച്ചിടാൻ കനി നിനക്കായ് ലഭിക്കും!

5. അന്നത്തിന്റെ വില

അമ്മ ചുട്ടൊരു നല്ല ദോശയൊരെണ്ണം,                            ഉണ്ണാതെ നീ തള്ളിക്കളഞ്ഞിടുമ്പോൾ;                                 ഓർത്തിടേണം നിനക്കു ചുറ്റും                                      അനേകർ അന്നത്തിനായ് അലയുന്നു നിത്യം!

6. മാതൃകയാക്കാം പുഴുവിനെ

പുഴുവിന്നു പൂമ്പാറ്റയാകാമെങ്കിൽ,                     ഉണ്ണിക്കുമുയരാം കൊടുമുടിയോളം.                                       ഈ ഭൂമിയിൽ നിന്നെ ജനപ്പിച്ചു ദൈവം,                             പഠിച്ചേറ്റം മിടുക്കനായ് തീർന്നിടാനല്ലേ? 

7. വാക്കിന്റെ മൂർച്ച

വാളല്ല ഉണ്ണി നിൻ സമരായുധം,                                       നല്ലൊരു വാക്കാണെന്നോർമ്മ വേണം. വാളിനേക്കാളുമേറെ മൂർച്ചയുണ്ടാകാം,                              സത്യം വിളമ്പുന്ന നിൻ വാക്കുകൾക്ക്! 

8. ഭയക്കേണ്ടത് എന്തിനെ?

പേടിക്കേണ്ടുണ്ണി നീ മരണമെന്ന സത്യത്തെ, മരണമതൊരിക്കലേ വന്നു ചേരൂ.                             ഭയപ്പെടേണം നീ ദുഷ്കീർത്തിയെപ്പൊഴും, ലോകമതോർത്തു നിന്നെ പഴിക്കാതിരിക്കാൻ! 

9. സത്യസന്ധമായ അധ്വാനം

ഉയർന്ന മന്ദിരത്തിൽ വാണിടിലും,                                          പരധനം കണ്ടു നീ കൊതിച്ചിടാതേ                                                          സ്വന്തം വിയർപ്പിനാൽ അന്നം ഭുജിച്ചാൽ,                      നിനക്കുറങ്ങാം  ശാന്ത ചിത്തമോടെ!

10. ജന്മസാഫല്യം

നീയീ ഭൂമിയിൽ ജീവിച്ചിരുന്നുവെന്നോർക്കാൻ,                     നിൻ കഥയോ കവിതയോ ബാക്കിയാകണം.            ഒരാളെങ്കിലും അതോർത്തു പാടിയാൽ,                           ധന്യമായി നിന്റെ മാനുഷ ജന്മം!