2021, ഏപ്രിൽ 6, ചൊവ്വാഴ്ച

യാത്രയുടെ അവസാനം

 

സരസ്വതി ടീച്ചർ തൊടിയിലേക്കുള്ള ജനാല പതിയെ തുറന്നു. ഒരു ഞെരുക്കത്തോടെ പഴകിയ മരകോൽ അവരുടെ കൈ വിരൽ സ്പര്ശത്താൽ ഇളകി. ഇന്നലെ രാത്രിയുടെ വെളിച്ചത്തിൽ ഭ്രമിച്ചു വന്ന ഇയാൻപാറ്റയെ  ആദരവോടെ ശവമഞ്ചം പേറി കറുത്ത ഉറുമ്പുകൾ  കൂട്ടമായി വിലാപയാത്രയോടെ ജനാല കമ്പിലൂടെ വരി  വരിയായി എങ്ങോട്ടോ ഗമിക്കുന്നു.

ജനാലയിലൂടെ തെക്കോട്ടു  നോക്കിയാൽ ദേവേട്ടന് അടക്കം ചെയ്ത മണ്ണ് കാണാം. പരിസരം കാട് പിടിച്ചു കിടക്കുന്നു . ഇതൊക്കെ ഒന്ന് വൃത്തിയാക്കുവാൻ ശങ്കരനോട് പറഞ്ഞതാ . ഇപ്പോൾ പുറം പണിക്കു ആളെ കിട്ടാനില്ല . ഇനി കിട്ടിയാൽ തന്നെ വല്ല ബംഗാളികളെയും വിളിക്കേണ്ടി വരും. അത് വേണോ എന്നാണ് ശങ്കരന്റെ ശങ്ക .   ബംഗാളി എങ്കിൽ ബംഗാളി നാളെ ആരെയെങ്കിലും വിളിപ്പിച്ചു അവിടം ഒന്ന് വൃത്തിയാക്കുവാൻ പറയണം .

മകൾക്കും മകനും  എവിടെ സമയം . ജോലി തിരക്കല്ലേ .  36  വർഷത്തെ അധ്യാപന ജീവിതത്തിൽ മാസത്തിൽ ഒരിക്കൽ എങ്കിലും തറവാട്ടിൽ പോകാതിരുന്നിട്ടില്ല . അന്നും മക്കൾ പഠിക്കുകയായിരുന്നു . പക്ഷെ അവരും കൂടെ വരുമായിരുന്നു . വീട് വൃത്തിയാക്കാനും , അച്ഛന്റെ കൂടെ തൊടിയിൽ ഇറങ്ങി അച്ചിങ്ങ പയർ പൊട്ടിക്കുവാനും  , കുളത്തിൽ നിന്നും വരാലിനെ പിടിക്കുവാനും, തെങ്ങിന്  തടം ഇടുവാനും അവർ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു. അമ്മയുണ്ടാകുന്ന  ഇലയടയും , അച്ചപ്പവും , അരിയുണ്ടയും മുറുക്കും ചെളി പുരണ്ട കൈകളാൽ വാരി വാരി തിന്നിരുന്നു . അച്ചുവും ,  ഉണ്ണി കുട്ടനും ഈ പറയുന്ന അരിയുണ്ടയും , ഇല അടയും കഴിച്ചിട്ടുണ്ടാകുമോ . ഇപ്പോൾ കുട്ടികൾക്ക്  ബർഗറും , പിസയും  മതിയല്ലോ . കാലം ഇത്രക്കും  മാറ്റം കൊണ്ട് വരുമോ. 

ആർക്കറിയാം നരച്ച മനസ്സിൽ പഴമയുടെ വിത്തുകൾ മാത്രം ഇനിയും ബാക്കി . ഇത്രയും നേരത്തെ തന്നെ തനിച്ചാക്കിയിട്ടു ദേവേട്ടൻ പോകേണ്ടായിരുന്നു .  മരണത്തെ തടുക്കുവാൻ ആർക്ക്  കഴിയും . ആരുമായും സംസാരിക്കുവാൻ കഴിയാത്ത നിശബ്ദത അത് വല്ലാത്ത അവസ്ഥ തന്നെയാണ് .  ജീവിതം മുഴുവനും കുട്ടികളുടെ കല പില  ശബ്ദത്തിൽ മുഖ രിതമായ അവസ്ഥയിൽ നിന്നും  ഉള്ള മൂകത അത് പറഞ്ഞറിയിക്കുവാൻ കഴിയില്ല . പണ്ടൊക്കെ മനസ്സിൽ തോന്നുന്ന വരികൾ കുറിച്ചിടുമായിരുന്നു . ഇപ്പോൾ ഒന്നിനും ഇല്ല താല്പര്യം .

എപ്പോഴോ വാഴ തോപ്പിൽ കറങ്ങി നടന്ന കാറ്റ്  ജനൽ ചില്ലയിലൂടെ തലമുടിയെ തഴുകി മൂക്കിലൂടെ , തൊണ്ടയിലൂടെ ഇട  നെഞ്ചിൽ പ്രവേശിച്ചു .ചുവന്ന രക്ത ഭിത്തികളിൽ ഏകനായി ഭയപ്പാടോടെ അവൻ വലം വച്ചു .തിരികെ പോകുവാൻ ആവാതെ തല തല്ലി കരഞ്ഞു.

ആണിയിൽ  ഞെങ്ങി ഞെരുങ്ങി നിറം മങ്ങിയ  പഴകിയ കല്യാണ ഫോട്ടോ .എന്തുമാത്രം മുടിയായിരുന്നു ദേവേട്ടന് അപ്പോഴൊക്കെ   . ഹിന്ദി സിനിമ നടൻ ദേവാനന്ദിന്റെ ചെറിയ ഛായ ഉണ്ടായിരുന്നു ദേവേട്ടന്  അന്നൊക്കെ . അത് പറയുമ്പോൾ മനഃപൂർവമായ  ഒരു  ഗൗരവം മുഖത്തു  ഖനീഭവിപ്പിക്കും . പിന്നെ അതുരുകി ചെറിയ പുഞ്ചിരിയിൽ കലാശിക്കും.

 വൈജയന്തി മാലയും  ദേവാനന്ദും ഒരുമിച്ചഭിനയിച്ച "ജ്യൂവൽ തീഫ്"  സംഗം തീയറ്ററിൽ കണ്ടത് ഇന്നും ഓർക്കുന്നു . അതുകണ്ട ദേവേട്ടൻ ദേവാനന്ദ് ധരിച്ച പോലത്തെ തൊപ്പി തേടി  അലഞ്ഞതും പിന്നെ ബോംബയിൽ നിന്നും വന്ന  ദാമോദരനോട് പറഞ്ഞ അതെ പോലത്തെ തൊപ്പി വരുത്തിയതും ചരിത്രം .

"സരസൂട്ടി"  ,   ആരോ വിളിക്കുന്ന കേട്ട് ടീച്ചർ പിടഞ്ഞെഴുനേറ്റു . അത് ദേവേട്ടൻ അല്ല . ദേവേട്ടൻ ഒരിക്കലും സരസൂട്ടി എന്ന് വിളിച്ചിട്ടില്ല. 

പെട്ടെന്ന് അവൾക്ക് ആ വിളി ഓർമ വന്നു .  രാമകൃഷ്ണൻ .      

കള്ളൻ രാമകൃഷ്ണൻ 

അവളുടെ ഓർമയിൽ മെലിഞ്ഞുണങ്ങിയ അവന്റെ രൂപം  തെളിഞ്ഞു.

മൂക്കട്ട ഒലിപ്പിച്ച   വലിയ  ഹൂക്കില്ലാത്ത കാക്കി നിക്കർ ഇടുപ്പിൽ ഞൊറിഞ്ഞ പിൻ കുത്തിയ രാമകൃഷ്ണൻ . തൊടിയിൽ നിന്നും പൂക്കളും , പേരക്കയും പറിച്ചു തരുന്ന രാമ കൃഷ്ണൻ .  ഇന്നത്തെ കള്ളൻ രാമ കൃഷ്ണൻ ..

ഇടവഴിയിൽ മാമ്പഴം മണക്കുന്ന   ബാല്യകാലത്തിന്റെ ഓർമകളിൽ  ടീച്ചർ നടന്നു .  ഏന്തി വലിഞ്ഞു വാതം വമിപ്പിക്കുന്ന വേദനയോടെ ... അവരുടെ ഓർമ്മക്കപ്പോൾ എൽപി  സ്കൂളിന്റെ മണം ആയിരുന്നു.

അഞ്ചു തീപ്പട്ടി  പടത്തിന് പകരം   സ്‌ളേറ്റ്   തുടയ്ക്കുവാൻ    മഷി തണ്ടും , പിന്നെ ബാലൻ മാഷിന്റെ ബാക്കിയായ ചുവന്ന ചോക്കും തന്നത്   അവനായിരുന്നല്ലോ .

ദരിദ്രരായാ   കുട്ടികൾക്കുള്ള മഞ്ഞ ഉപ്പുമാവ് കഴിച്ച ശേഷം മഞ്ഞ നിറമുള്ള ഡാൽഡ ടിന്നിൽ അവൻ തനിക്കായി കുറച്ചു കരുതുമായിരുന്നു. വിശപ്പ് മാറാ വ്യാധി പോലെ അവനെ കാർന്നു തിന്നിട്ടും അവൻ ആ പതിവ് തെറ്റിച്ചില്ല . ഡാൽഡ മണക്കുന്ന ആ  വക്കു പൊട്ടിയ തൂക്കുപാത്രം അതിൽ ഒരു പിടി ചീര വറ്റ്  പണ്ട് കൃഷ്ണ   കരുതി വച്ച പോലെ തന്റെ വിശപ്പടക്കുവാൻ ..  

വിശപ്പായിരുന്നില്ല.  ആരും കാണാതെ  ഒരു പിടി വായിൽ തിരുകുമ്പോൾ ഉള്ള സുഖം അത്ര മാത്രം . പിന്നെ അവന്റെ നിഷ്കളങ്കമായ ആ ചിരിയും അത്ര മാത്രം  മതിയായിരുന്നു ..

തനിച്ചു നടക്കുമ്പോൾ ആരൊക്കെയോ വഴിയിൽ അർത്ഥമില്ലാത്ത കുശലം ചോദിച്ചുഅർത്ഥമില്ലാത്ത കുശലത്തിന് ആയുസ് ഇല്ലാത്ത കാരണം ഒരു ചിരിയുടെ മൂകതയിൽ എല്ലാം ഒതുക്കി.

മനസ്സിൽ അപ്പോൾ  തികട്ടി വന്ന ചോദ്യം അതായിരുന്നു .

"എന്തുകൊണ്ട് രാമ കൃഷ്ണൻ " 

കൂടെ പഠിച്ച പലരെയും മറന്നു കഴിഞ്ഞിരിക്കുന്നു .  അതും അഞ്ചാം ക്ലാസ് വരെ കൂടെ പഠിച്ച രാമ കൃഷ്ണൻ . ഇപ്പോഴും ഒരു വ്യഥ  പോലെ മനസ്സിൽ നിന്നും പറി ക്കുവാൻ കഴിയാത്ത ആ അഞ്ചാം ക്ലാസ് വിദ്യാർത്ഥി . ഇത്ര ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ആ മുഖം മാത്രം മറവിയുടെ തുരുത്തിൽ മുഴുകാതിരുന്നത് .

രാമൻ  വലിയച്ഛൻ കുവൈറ്റിൽ നിന്നും കൊണ്ട് വന്ന സെന്റിന്റെ സുഗന്ധം പേറുന്ന മഞ്ഞയും കറുപ്പും കലർന്ന പെൻസിൽ  ആദ്യം കാണിച്ചത്  രാമ കൃഷ്ണനെയാണ് . ഉള്ളിലേക്ക് കൊത്തി വലിക്കുന്ന  റബ്ബറിന്റെ മണം അവൻ ആവോളം ആസ്വദിച്ചു .  ആ സുഗന്ധം ആസ്വദിക്കുവാൻ ഉള്ള ആയുസ് ഉച്ച വരെയേ ഉണ്ടായിരുന്നുള്ളു . 

വൈകുനേരം ബെല്ലടിച്ചു സ്കൂൾ വിട്ടു പോകുവാൻ നേരത്തു ബാഗിൽ നോക്കിയപ്പോൾ ആ പെൻസിൽ അവിടെ ഇല്ല. 

" പെൻസിൽ ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അതിങ്ങു തന്നേക്കു "  വാരിയർ മാഷിന്റെ  ഖന ഗംഭീരമായ ശബ്ദം  ക്ലാസ്സിൽ പതിച്ചു . പരി  പൂർണ നിശബ്ദത ആയിരുന്നു ഉത്തരം .

"സരസ്വതി ,  ആ പെൻസിൽ ആരെയാണ് അവസാനം കാണിച്ചത് "

വാരിയർ മാഷ് വീണ്ടും ചോദിച്ചു.  ആ കുഞ്ഞി കണ്ണുകൾ  രാമകൃഷ്ണനിലേക്ക് നീണ്ടു.

വെള്ളി  കെട്ടിയ മാഷിന്റെ  ചൂരൽ രാമ കൃഷ്ണന്റെ തുടയിൽ ഉയർന്നു പൊങ്ങി. 

" ഞാൻ എടുത്തിട്ടില്ല മാഷെ , അവൻ  കരഞ്ഞു കൊണ്ട് അത് തന്നെ പറഞ്ഞു കൊണ്ടേ ഇരുന്നു."

"കള്ളൻ രാമകൃഷ്ണൻ "

ആ കൂട്ടത്തിൽ ആരൊക്കെയോ വിളിച്ചു പറഞ്ഞു . 

മാഷിന്റെ എണ്ണ  തേച്ചു മിനുക്കിയ ചൂരൽ വീണ്ടും ഉയർന്നു പൊങ്ങി. 

പിന്നെ സ്വതന്ത്രൻ ആയപ്പോൾ കരഞ്ഞ കണ്ണുകളോടെ രാമകൃഷ്ണൻ സ്കൂളിന്റെ പടി  ഇറങ്ങി. അഞ്ചാം ക്ലാസ്സിൽ . പിന്നെ ഒരിക്കലും അവൻ സ്കൂളിൽ വന്നില്ല .

പിന്നെ എപ്പോഴോ അറിഞ്ഞു അന്നത്തെ ആ പെൻസിൽ മോഷ്ടിച്ചത് അടുത്ത കൂട്ടുകാരി ആയിരുന്ന വസുമതി ആയിരുന്നു എന്ന്.  അപ്പോഴേക്കും കാലം കടന്നു പോയിരുന്നു. ഓണ പരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടി. അതിനിടെ അച്ഛന് വീണ്ടും സ്ഥലം മാറ്റം . അങ്ങനെ ആ സ്കൂളിൽ നിന്നും വേറെ സ്കൂളിലേക്ക് . ഇടയ്ക്ക് എപ്പോഴോ ആ സംഭവം തികട്ടി   വരുമായിരുന്നു . കള്ളൻ രാമകൃഷ്ണൻ .

മനസ് നിറയെ രാമ കൃഷ്ണനോടുള്ള കുറ്റ ബോധം ആയിരുന്നു.  "രാമ കൃഷ്ണൻ പഠിത്തം നിറുത്തി എന്ന് മാത്രം അറിയാമായിരുന്നു.  അഞ്ചാം ക്ലാസുകാരിയുടെ ബുദ്ധിയിൽ അതൊരു വലിയ സംഭവം ആയിരുന്നില്ല. പക്ഷെ മനസിനുള്ളിൽ എന്നും ആ കുറ്റ ബോധം ഉണ്ടായിരുന്നു. പിന്നീടുള്ള യാത്രകളിൽ ഒക്കെ ഒരു മനസാക്ഷി കുത്തായി നിഴൽ പോലെ രാമ കൃഷ്ണൻ ഉണ്ടായിരുന്നു. പിന്നെ എപ്പോഴോ ആ മെലിഞ്ഞുണങ്ങിയ  ആ രൂപവും മറക്കുവാൻ പഠിച്ചു .

ചാണകം മണക്കുന്ന ആ വീട്ടിൽ അവൻ ഉണ്ടായിരുന്നു . കള്ളൻ രാമകൃഷ്ണൻ .

 അയാളുടെ രൂപം തന്നെ  ആകെ മാറിയിരുന്നു . കണ്ടാൽ തിരിച്ചറിയുവാൻ കഴിയാത്ത വിധം . പക്ഷെ അയാൾക്ക്  തന്നെ കണ്ടപ്പോൾ തന്നെ മനസിലായി .

" ടീച്ചർ ഇവിടെ "  സരസൂട്ടി എന്ന വിളി ആണ് പ്രതീക്ഷിച്ചത് .  പക്ഷെ ആ മനസിൽ തന്നോടുള്ള ബഹുമാനം ആ വരികളിൽ കണ്ടു.

അവൻ അത്ഭുതം കൂറി. 

അയാളുടെ  അരികിൽ കുമ്പസാര കൂട്ടിൽ നിൽക്കുന്ന ഏറ്റു  പറച്ചിൽ കാരിയെ പോലെ എല്ലാം തുറന്നു പറഞ്ഞു. 

മാപ്പ് അപേക്ഷിച്ചു .  

രാമകൃഷ്ണൻ  പതിയെ മുരട് അനക്കി .

" ഞാൻ അതെല്ലാം എന്നെ മറന്നു കഴിഞ്ഞു . ഇത്രയും കാലവും ഞാൻ ജീവിച്ചത് ആ പേരിൽ തന്നെയാണ് . അതിൽ എനിക്ക് ഒരു കുറ്റ ബോധവും ഇല്ല . മനുഷ്യൻ ആയി ജനിച്ചില്ലേ . ഇനി മരിക്കുന്നതു വരെ ജീവിക്കണ്ടേ "

ഒരു നിർ വികാരത  ആയിരുന്നു അയാളുടെ വാക്കുകളിൽ .

എല്ലാത്തിനും കാരണം തൻ ആണെന്നുള്ള വിചാരം അവരെ തളർത്തി.

പിന്നെ മടിയോടെ അവർ ചോദിച്ചു .

"യാത്രയുടെ അവസാനം ഒന്നും ആയിട്ടില്ലല്ലോ രാമ കൃഷ്ണ .  ജീവിതത്തിന്റെ തിരക്കിൽ ഞാൻ എപ്പോഴോ രാമകൃഷ്ണനെ മറന്നു.  ജോലി , ദേവേട്ടൻ , കുട്ടികൾ അങ്ങനെ ജീവിക്കുകയായിരുന്നു .  പക്ഷെ ഇപ്പോൾ അറിയുന്നു ഞാൻ തനിച്ചാണ് എന്ന് . 

രാമകൃഷ്ണൻ എന്റെ കൂടെ വരുമോ . ഞാൻ വീട്ടിൽ ഒറ്റക്കാണ്  .  ഇനി ഈ പണിക്ക് ഒന്നും പോകേണ്ട . 

അവിടെ താമസിക്കാം .  

വീടും തൊടിയും എല്ലാം കാട്  കയറി .  അത് മാത്രമല്ല  മിണ്ടുവാനും പറയുവാനും ആരും ഇല്ല .  രാമ കൃഷ്ണൻ ഉണ്ടെങ്കിൽ ഒരു സഹായം ആയേനേ " അവർ പറഞ്ഞു നിറുത്തി .

അതിന്റെ ഉത്തരം നിഷ്കളങ്കമായ ഒരു ചിരി ആയിരുന്നു .

അപ്പോൾ മനസ്സിൽ തെളിഞ്ഞത് മൂക്കട്ട ഒലിപ്പിച്ച  കാക്കി  നിക്കർ ഇട്ട ആ പഴയ അഞ്ചാം ക്ലാസ് കാരനെ  തന്നെ ആയിരുന്നു.

ടീച്ചറിൽ നിന്നും ഒരു ദീർഘ നിശ്വാസം ഉതിർന്നു. രാവിലെ ഉള്ളിൽ കയറിയ കാറ്റ് ജീവനും കൈയിൽ പിടിച്ചുകൊണ്ട് പുറത്തേക്കു ചാടി .പുറത്തേക്ക് പോയ കാറ്റ് വീണ്ടും പതിയെ തിരികെ വന്ന് അവരുടെ നര കയറിയ മുടിയിൽ പതിയെ തലോടി.

 



 






   

 

  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ