2021, മാർച്ച് 18, വ്യാഴാഴ്‌ച

പാല പൂവും , കഷായവും പിന്നെ ഞാനും

 പാല പൂവിന്റെ വശ്യ ഗന്ധം പേറി ഒരു പാതിരാ കാറ്റ് ആ നാഗ കാവിൽ അലയടിച്ചു . പൂത്തുലഞ്ഞ ആ പാല ചുവട്ടിൽ അവളെ പ്രതീക്ഷിച്ചുകൊണ്ട് അക്ഷമനായി അവൻ ഇരുന്നു .

 ഗന്ധർവ യാമത്തിന്റെ ആരംഭം അറിയിച്ചുകൊണ്ട് ഒരു പാതിരാ കാറ്റ് പാല മരത്തെ വലം വച്ച് പുൽകി. അവന്റെ ചെവിക്കരികിൽ , കഴുത്തിൽ സ്പർശിച്ചുകൊണ്ടു ഒരു ചുടു  നിശ്വാസം അവനെ തഴുകി തലോടി . 

ഉയർന്നു പൊങ്ങിയ പുകമറ നീങ്ങി ഒരു വെണ്ണക്കൽ ശിൽപം .  കാവിലെ വിളക്ക് വച്ചാരാധിക്കുന്ന ദേവതയെ അതോ ഏഴിലം പാലായിൽ വാഴുന്ന യക്ഷി  അമ്മയോ ?

വരച്ചു വച്ച പുരിക കൊടികൾക്കിടയിൽ ചുവന്ന ചന്ദ്ര കല ചാർത്തിയ വീതിയേറിയ നെറ്റിത്തടം .വാലിട്ടെഴുതിയ കണ്മഷി പടർന്ന വിടർന്ന കണ്ണുകൾ .മഞ്ഞ കല്ലിൽ കൊത്തിയെടുത്ത മൂക്കുത്തി ചാർത്തിയ സുന്ദരമായ നാസിക .  അത്തിപ്പഴം മുത്തി കുടിച്ച രുധിര തുടിപ്പാർന്ന അല്പം മലർന്ന ചുണ്ടുകൾ.കുലച്ചു വച്ച വില്ലുപോലെ ശംഖു  കടഞ്ഞ  അഴകുള്ള കഴുത്തും .മുലകച്ചയിൽ പൊതിഞ്ഞു വച്ച സ്ത്രീത്വം തുളുമ്പുന്ന മാറിടങ്ങൾ . ഇരു മാറിനും ഭംഗി കൂട്ടി ഒതുങ്ങി ചേർന്ന സ്വർണ ഇഴകൾ ഉള്ള പാലാക്കാമാല .  ഇരു കൈത്തണ്ടയിൽ സ്വർണ വളകൾ .ആലില വയറിൽ കവടി മണി പോലെ നനുത്ത പൊക്കിൾ കുഴി. അരക്കെട്ടിലേക്ക് അരിച്ചിറങ്ങുന്ന രോമരാജികൾ .അരക്കെട്ടിൽ പൊക്കിൾകുഴിക്കു താഴെ ചുട്ടു പിണഞ്ഞു മന്ത്ര ഏലസ്  ചാർത്തിയ പൊന്നരഞ്ഞാണം . ഒറ്റ മുണ്ടിനുള്ളിൽ കൊത്തിയെടുത്ത അരക്കെട്ടും  കാലുകളും . കാൽ പാദത്തെ പുണർന്നു പതക്കം പോലെ നാഗ ചിലമ്പ് .അരകെട്ടു    മറച്ചു നീളമുള്ള കറുത്ത മുടികൾ . കറുകറുത്ത ആകാശത്തു നക്ഷത്രങ്ങൾ ചിമ്മുന്ന പോലെ കറുത്ത മുടി ഇഴയിൽ വെളുത്ത പാലപ്പൂക്കൾ .അവളിൽ നിന്നും മദിപ്പിക്കുന്ന ഒരു ഗന്ധം ഉയർന്നു. കാവിനെ  ആകെ ആ ഗന്ധം ഉന്മാദവതിയാക്കി . കൂടെ അവനെയും .


 കുഴമ്പും  കഷായവും  മണക്കുന്ന അമ്മയുടെ മുറി. ആ മുറിയിലേക്ക് കടക്കുമ്പോൾ രാവിലത്തെ സംഭവം അയാൾ ഓർത്തു .

വാതിൽ മറവിലൂടെ ദീനയായ അമ്മയുടെ മുഖം . അയാൾക്ക് അപ്പോൾ പതിവിലേറെ ദേഷ്യം വന്നു. എത്ര വട്ടം പറഞ്ഞിട്ടുണ്ട് , ഇങ്ങനെ ഒറ്റയ്ക്ക് നടക്കരുത് എന്ന്. ഒന്ന് വീണതല്ലേ . അതിന്റെ അനുഭവം മതിയായില്ലേ . വയസായാൽ ബുദ്ധിമുട്ടിക്കാതെ ഒരിടത്തു അടങ്ങി കിടക്കണം . ഇത് മനുഷ്യനെ ബുദ്ധിമുട്ടിച്ചേ അടങ്ങു എന്ന് തീരുമാനിച്ചാൽ . 

അത്രയും ആയപ്പോൾ ഭാര്യ കണ്ണുരുട്ടി മതി എന്നാജ്ഞാപിച്ചു . ഒന്ന് തണുത്ത ശേഷം അയാൾ അമ്മയോടായി പറഞ്ഞു 'അമ്മ മുറിയിൽ പോയി കിടക്കു. ഇനിയും വീണാൽ പിന്നെ എഴുനേറ്റു നടക്കാം എന്ന് കരുതേണ്ട .'അമ്മ ഒന്നും പറയാതെ പതിയെ മുറിയിലേക്ക് പോയി.

ഇന്ന് തിരക്കുള്ള ദിവസം ആണ് . മകളുടെ പിറന്നാൾ . വൈകുനേരം പാർട്ടി പറഞ്ഞിട്ടുണ്ട് . സുഹ്രത്തുക്കളെ വിളിക്കണം .  കാറ്ററിംഗ് കാരോട് ഒന്നും കൂടി വിളിച്ചോർപ്പിക്കണം . അല്ലെങ്കിൽ കഴിഞ്ഞ പിറന്നാൾ പോലെ ആഹാരം തികയാതെ വന്നാലോ . 

നിസ്സാര കാര്യം മതി  രമ്യക്ക് . പിന്നെ അവൾ പഴയ മൂഡിലേക്കു വരണം എന്നുണ്ടെങ്കിൽ ദിവസങ്ങൾ എടുത്തേക്കും . അയാൾ അവളുടെ മുറിയിലേക്ക് മിഴി പരതി . അവൾ വൈകുനേരത്തേക്കുള്ള സാരി തിരയുകയാണ് .  ആഭരണ പെട്ടിയിൽ വലിയ തങ്ക നെക്‌ലേസുകൾ .  ഇന്ന് വൈകുന്നേരം    അവളുടെ കഴുത്തിൽ നാഗത്തെ പോലെ ചുറ്റി പടരേണ്ടവൾ . 

 അയാളുടെ ഓർമ  വീണ്ടും കഷായം മണക്കുന്ന അമ്മയുടെ മുറിയിൽ  എത്തി . ഇരുളിൽ മയങ്ങി കിടക്കുന്ന 'അമ്മ.മേശപ്പുറത്തു ആറി തണുത്ത കഞ്ഞി. മുറിയിൽ  കാലനക്കം കേട്ടപ്പോൾ അവർ പതിയെ തല തിരിച്ചു .വിറയാർന്ന കൈകൾ കൊണ്ട് 'അമ്മ മകനെ തൊട്ടു . 

"മോനെ ഇന്ന് പ്രാർത്ഥനയുടെ പിറന്നാൾ അല്ലെ. എത്ര വർഷം  ആശിച്ചുണ്ടായ കുട്ടിയാണവൾ. മേശ പുറത്തിരുന്ന ഇല ചാന്ത് അവർ അയാളുടെ നേരെ നീട്ടി. അതിൽ കുറച്ചു തുളസി ഇലയും പൂക്കളും , ചന്ദനവും  പിന്നെ ഒരു കഷ്ണം പഴവും . ഇതവൾക്കു  കൊടുക്കണം "

വിറയാർന്ന ശബ്ദത്താൽ അവർ മൊഴിഞ്ഞു. 

"രാവിലെ മോനെ കാണുവാൻ 'അമ്മ വന്നതാ . പക്ഷെ മോൻ തിരക്കിൽ ആയിരുന്നു . അവളുടെ പേരിൽ വഴിപാട് കഴിക്കണം എന്ന് പറയുവാനാ .കൃഷ്ണന്റെ അമ്പലത്തിൽ പോകണം . അമ്മയ്ക്ക് എങ്ങനെ പോകുവാൻ കഴിയും .തീരെ വയ്യല്ലോ .അതുകൊണ്ടു അപ്പുറത്തെ രമണിയോട് പറഞ്ഞു. അവൾ പോയി വഴിപാട് കഴിച്ചു. ".   

അവളുടെ പേരിൽ അമ്പലത്തിൽ വഴിപാട് കഴിക്കുവാൻ അയാൾ മറന്നിരുന്നു .രമ്യയും അതോർക്കുവാൻ തരമില്ല. 

 അയാളുടെ   കണ്ണുകളിൽ നിന്നും വേദനയോടെ ഒരു തുടം കണ്ണ് നീർ ധാരയായി  പ്രവഹിച്ചു . 'അമ്മ അയാളുടെ കഷണ്ടി കയറിയ തലമുടിയിൽ ശോഷിച്ച കൈകൾ കൊണ്ട് സ്നേഹപൂർവം തലോടി.

അയാൾ ഒരു കൊച്ചുകുട്ടിയെ പോലെ വാവിട്ടു കരയുവാൻ തുടങ്ങി. അമ്മയുടെ മടിയിൽ തല വച്ച് കണ്ണ്  നീർ വറ്റും  വരെ അയാൾ ഉറക്കെ കരഞ്ഞു . 

പെട്ടെന്ന് ഭാര്യയുടെ വിളി കേട്ടിട്ടാണ് അയാൾ കണ്ണ് തുറന്നത് .    

"എന്താ ഇങ്ങനെ പൊട്ടി കരയുന്നത് " 

അയാൾ തല ഉയർത്തി അവളെ നോക്കി . പിന്നെ പതിയെ പറഞ്ഞു

 '"അമ്മ "

അപ്പോഴും  ആ മുറിയിൽ കഷായത്തിന്റെ മണവും പാല പൂവിന്റെ സുഗന്ധവും അയാൾക്കനുഭവപ്പെട്ടു .




 

 

  



 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ