2014, ജൂൺ 22, ഞായറാഴ്‌ച

നീല വെളിച്ചം (കഥ)
പണ്ട് നടന്ന ഒരു  കഥയാണിത് .  എന്റെ അമ്മുമ്മയ്ക്ക്  അഞ്ചു സഹോദരന്മാർ ആണ് . അവരിൽ പ്രധാനിയും , തറവാട്ടിലെ കാരണവരും ആയിരുന്നു  സോമശേഖരൻ ഇളയിടം.  നല്ല ഉയരം , അതിനൊത്ത തടി. മീശ വയ്‌ക്കുന്ന പതിവ് അന്ന് ആർക്കും ഉണ്ടായിരുന്നില്ല. നന്നായി  ക്ഷൗരം ചെയ്തു മുഖം ,  പോളിസ്റ്ർ മുണ്ട് ഉടുത്താണ് ഞാൻ അമ്മാമ്മയെ അധികവും കണ്ടിട്ടുള്ളത്. നെറ്റിയിൽ വലിയ ഒരു കുങ്കുമവട്ട പൊട്ടും കാണും. അല്പം പുളു അടിക്കുന്ന സ്വഭാവം അമ്മാമ്മക്ക് പണ്ടേ ഉണ്ടായിരുന്നു.പൊടിപ്പും തോങ്ങലും ചേർത്ത് അമ്മാവൻ സഭ കൂടുമ്പോൾ പറയുന്ന   കാര്യങ്ങൾ  കേട്ടിരിക്കുവാൻ ഞങ്ങൾ കുട്ടികൾക്ക് വലിയ ഇഷ്ടം  ആയിരുന്നു.   ഇങ്ങനെ ഒരു പാടു സംഭവങ്ങൾ, പലപ്പോഴും വടക്കൻ  പാട്ടിലെ പല  വീര ചരിതങ്ങൾ പോലെയുള്ള  സംഭവങ്ങൾ  അമ്മാവൻ പറയും അതിൽ എല്ലാം നായക കഥാപാത്രവും അമ്മാവൻ  തന്നെ ആയിരിക്കും.എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഞങ്ങളെ നോക്കി ഉറക്കെ കുലുങ്ങി കുലുങ്ങി ചിരിക്കും.

വലിയ മുരുക  ഭക്തൻ ആണ് അമ്മാവൻ . കാവടി എടുക്കുന്ന അവസരത്തിൽ നാക്കിലൂടെ തുളച്ചു ശൂലം കയറ്റുന്നതു  ഞങ്ങൾ കുട്ടികൾ ഒരു പാടു തവണ അതിശയത്തോടെ  കണ്ടുനിന്നിട്ടുണ്ട്  എല്ലാം കഴിഞ്ഞു അല്പം ഭസ്മം എടുത്തു വായിലേക്കിടും.  റെയിൽവേയിൽ ആയിരുന്നു അമ്മാമ്മക്ക് ജോലി. ജോലിയുടെ ഭാഗമായി ഒരു പാടു യാത്രകളും പതിവായിരുന്നു. യാത്രകളിലെ ഒരോ  സംഭവങ്ങൾ   അതിലെ രസ ചരടുകൾ  പൊട്ടാതെ  കോർത്തിണക്കി  വിശദീകരിക്കുമ്പോൾ ,  ആകാശത്തു പാറി പറക്കുന്ന പട്ടം പോലെ  ഞങ്ങൾ കുട്ടികൾ ഞങ്ങളുടെ ഭാവനയെ ചിറകു വിടർത്തി  പറക്കുവാൻ  അനുവദിക്കുമായിരുന്നു.

ആ   അമ്മാവൻ പറഞ്ഞ ഒരു സംഭവം തന്നെയാണ് ഞാൻ ഇവിടെ വിവരിക്കുവാൻ ഉദ്ദേശിക്കുന്നത് . ഇതിൽ എത്ര കണ്ടസത്യം ഉണ്ട് , ഇനി ഇത് ഒരു നുണ കഥയാണോ എന്നൊന്നും  എന്നോടു  ചോദിക്കരുത്. ഇതിന്റെ
സത്യാവസ്ഥ  വീണ്ടും ചോദിച്ചു മനസിലാക്കുവാൻ അമ്മാവൻ  ഇന്നില്ല .  സത്യം ഉണ്ടാകാം , ഉണ്ടാകാതിരിക്കാം കേട്ടറിഞ്ഞത് കൊണ്ട് നിങ്ങൾക്കായി  ഞാൻ ഇത് സമർർപ്പി ക്കുന്നു.

ഞാൻ ആദ്യമേ പറഞ്ഞല്ലോ, അമ്മാവന്  റെയിൽവേയിൽ ആയിരുന്നു  ജോലി എന്ന്. അന്ന് അമ്മാവന്  തമിഴ്നാട്ടിലെ ശിവകാശിയിൽ   എവിടെയോ ആയിരുന്നു ജോലി.  എന്നും വൈകുന്നേരം കർപ്പൂരാദി തൈലം  തേച്ചു കുളിക്കും മുമ്പേ ഒന്ന് ഉലാത്തുക പതിവുണ്ട് .  അങ്ങനെ ഉലാത്തുമ്പോൾ ആണ്  അമ്മാമ്മക്ക് ഒരു ഉൾവിളി പോലെ തോന്നുന്നത് .

അമ്മൂമ്മ വിളിക്കുന്ന പോലെ , ഒരു ദീനവും  ഇല്ലാതെ ഒരു  പറ ചോർ  ഒറ്റയ്ക്ക് പുഴുങ്ങുന്ന ആളാണ് അമ്മൂമ്മ.  അങ്ങനെയുള്ള
അമ്മൂമ്മയാണ് ,  സോമാ എത്രയും വേഗം എനിക്ക് നിന്നെ കാണണം എന്ന് സ്വപ്ന ദർശനം നൽകിയിരിക്കുന്നത് .

അമ്മാവന് എന്തോ ഒരു പന്തികേടു തോന്നി. ഇനി അമ്മൂമ്മയ്ക്ക്  വല്ല വയ്യായ്കയും ഉണ്ടോ? അന്ന് ഇന്നത്തെ പോലെ  ടെലിഫോണ്‍ സൗകര്യം ഒന്നും ഇല്ലാത്ത കാലം ആണെന്ന് ഓർക്കണം.  ഒരു   കത്ത് എഴുതി വിടുകയാണെങ്കിൽ അത്  വിലാസക്കാരന്  കിട്ടണം എന്നുണ്ടെങ്കിൽ തന്നെ ദിവസം പത്തു പന്ത്രണ്ടു എടുക്കും. ഉടൻ തന്നെ അമ്മാമ നാട്ടി ലേക്ക് പോകുവാൻ തീരുമാനിച്ചു. കുറച്ചു ദിവസത്തെ അവധിക്ക്  അപേക്ഷിച്ച് ശേഷം അമ്മാവൻ അന്ന് രാത്രി വണ്ടിക്കു തന്നെ പുറപ്പെട്ടുകയും ചെയ്തു .  അന്ന് ഇന്നത്തെ പോലെ തീവണ്ടി എല്ലാ ദിവസവും ഇല്ല.  മാത്രവും അല്ല ചിലപ്പോൾ തീവണ്ടി മാറി മാറി കയറി വരേണ്ടിയും വരും. റെയിൽവേയിൽ എൻജിനിയർ ആയതിനാൽ ചരക്കു വണ്ടിയിലും മറ്റും അദ്ദേഹം യാത്ര ചെയതിട്ടുണ്ട് എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.

ട്രെയിനിലും, ബസിലും , ലോറിയിലും ഒക്കെ മാറി കേറി മുന്നാം ദിവസം രാത്രി അമ്മാവൻ ഇടപ്പള്ളി വരെ എത്തി. അന്ന് എറണാകുളം  ഒട്ടും  തന്നെ വികസിച്ചിട്ടില്ല . രാത്രി ഒൻപതുമണി കഴിഞ്ഞിരിക്കുന്നു.  തറവാട്ട് വീട് കുറച്ചും കൂടി ദൂരെ യാണ് ഏകദേശം ഒരു ആറേഴു കിലോമീറ്റർ കൂടി   നടന്നാൽ വീട്ടിൽ  എത്താം .  ഇതിനു മുമ്പും പല വട്ടം രാത്രി അമ്മാമ്മ ആ വഴി കളിലൂടെ എത്രയോ വട്ടം നടന്നിടുണ്ട്.  അത് കൊണ്ട് തന്നെ അമ്മാവൻ  നടന്നു പോകുവാൻ തിരുമാനിച്ചു.  പക്ഷെ പോകുന്ന വഴി ഒരു പള്ളി സെമിത്തേരി ഉണ്ട് . പാലാരിവട്ടം കഴിഞ്ഞു , പുതിയ റോഡിനു മുമ്പായി , രാത്രി ആരും ആ വഴി നടക്കാറില്ല. രാത്രി ആയാൽ ഭൂത പ്രേത പിശാച്ചുക്കളുടെ ആവാസ കേന്ദ്രം ആണ് ആ സ്ഥലം എന്ന് പരക്കെ അഭിപ്രായം ഉണ്ട്. അഭിപ്രായം അല്ല അത് സത്യമാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും ആ പരിസരങ്ങളിൽ അരങ്ങേറിയിട്ടുണ്ട്. ഭയം അമ്മാമ്മയെ തൊട്ടു തീണ്ടാറില്ല. പക്ഷെ അമ്മാമ്മക്ക് അന്ന് എന്തോ ഒരു ഉൾഭയം പോലെ. വഴി അരികിൽ നിന്ന ഒരു പൂ പ്പരത്തിയുടെ ഒരു കൊമ്പും ഒടിച്ചാണ് മൂപ്പരുടെ  നടപ്പ്. ഇടക്ക് നായ ശല്യം ഉണ്ടാകും. ഓളി യിട്ട നായകൾ കൂടെ അനുഗമിക്കും.

രാത്രിയിൽ അതിലൂടെ സഞ്ചരിച്ചാൽ വഴി തെറ്റിപ്പിക്കുന്ന ചാത്തൻമാർ  ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . ചാത്തന്മാർ നമ്മളെ ഇട്ട്  വട്ടം കറക്കി കൊണ്ടേ ഇരിക്കും. നടന്ന വഴിയിലൂടെ വീണ്ടും വീണ്ടും നടത്തിക്കും. എത്രവട്ടം നടന്നാലും വഴി ചില രാത്രികളിൽ അവസാനിക്കില്ല.  അത് പോലെയുള്ള അനുഭവങ്ങൾ അനുഭവസ്ഥർ  വിവരിച്ചു കേട്ടിടുണ്ട്.  പല ദുർ മരണങ്ങളും ആ പള്ളി സെമിത്തേരിക്ക് മുന്നിലായി നടന്നിട്ടുണ്ട് . അമ്മാവൻ നല്ല മുരുകഭക്തനാണ് . പോരാത്തത്തിന് തറവാട്ടുവക ദേവി  ക്ഷേത്രത്തിലെ കാരണവരും. അതുകൊണ്ടുതന്നെ പളനി ആണ്ടവനും , ഭഗവതിയും  തുണ ഉണ്ടെന്നു ഉറച്ച വിശ്വാസത്തിൽ ആണ് മൂപ്പരുടെ നടത്തം.

പണ്ട് പറഞ്ഞു  കേട്ട കഥയാണിത് . ആ   പരിസരത്ത് ഒരു  നമ്പുതിരി മനയുണ്ടായിരുന്നു. അവിടെത്തെ ചെറിയ തിരുമേനിയായിരുന്നു , വാമനൻ നമ്പൂതിരി.  തിരുമേനി ഇല്ലത്തിലെ  കാര്യസ്ഥന്റെ  മകൾ സുന്ദരി ആയ ഊണ്ണൂളീ എന്ന നായർ യുവതിയുമായി സ്നേഹത്തിൽ ആയി. ഏട്ടന്മാർ എതിർത്തിട്ടും അനുജൻ ആ ബന്ധം തുടർന്നുപോന്നു..ഒരു പക്ഷെ നാടു വാഴുന്ന പ്രതാപ ശാലികളായ അപ്ഫൻ നമ്പൂരിക്കും , ഏട്ടന്മാർക്കും അത് അംഗീകരിച്ചു കൊടുക്കുവാൻ മനസ്സുണ്ടായില്ല .  അവളെ  നശിപ്പിച്ചാൽ ഈ ബന്ധം മുറിയുമെന്ന് അവർ കരുതി. അതുകൊണ്ടു തന്നെ  ഒരുദിനം അവർ  അവളെ ഒരു പൊട്ട കിണറ്റിൽ തള്ളിയിട്ടു കൊന്നു . ഗതി കിട്ടാതെ അലഞ്ഞ ആ പ്രതികാര ദുർഗ ഒരു ദുരാത്മാവായി മാറി ,  ആ മനയും ,തായ് വഴിയും  ഊണ്ണൂളീ യക്ഷി  നശിപ്പിച്ചു. യക്ഷിയെ പേടിച്ചിട്ട്   രാത്രി  സമയം ആരും ആ വഴി നടക്കാറില്ല. വഴി തെറ്റി ഏതെങ്കിലും യാത്രക്കാർ   രാത്രി  ആ വഴിക്കു വന്നാൽ   ഊണ്ണൂളീ  അവരുടെ രക്തം ഊറ്റി  കുടിക്കും.

 ഭഗവതി മന്ത്രം ഉരുവിട്ട് കൊണ്ട് അമ്മാവൻ നടന്നു. നല്ല നിലാവുള്ള രാത്രി. അത് കൊണ്ട് ആ പരിസരം വരെ അമ്മാവൻ തപ്പി തടയാതെ വന്നെത്തി. ഞാൻ നേരത്തെ പറഞ്ഞല്ലോ  ഇന്നത്തെ പോലെ വിളക്ക് കാലുകളോ, കാവൽ മാടങ്ങളോ  ഒന്നും  അന്നില്ല.  ശ്മശാനത്തിൻ  പരിസരം എത്തിയപ്പോൾ പെട്ടെന്ന് അവിടെ കുരാ കുരിരുട്ടു വ്യാപിച്ചു.  അത് വരെ പ്രകാശിച്ചു കൊണ്ടിരുന്ന പൌർണമി എന്തോ കണ്ടു പേടിച്ചു മറഞ്ഞ പോലെ.  പട്ടികൾ വല്ലാതെ ഓരി ഇടുന്നു. വിശപ്പും , ദാഹവും, മൂന്നു ദിവസത്തെ യാത്രയുടെ ക്ഷീണവും ഒക്കെ ആയി അമ്മാവൻ വല്ലാതെ തളർന്നിരിക്കുന്നു. കണ്ണ് അടച്ച പോലത്തെ ഇരുട്ട്.  ഇനി ഒരടി നടക്കുവാൻ വയ്യ.  ഊണ്ണൂളീ യക്ഷി വാഴുന്ന സ്ഥലം . പനംകുല പോലെ മുടിയുള്ള സുന്ദരി രാത്രിയിൽ വഴിപോക്കരെ കണ്ടു ചുണ്ണാമ്പ് ചോദിക്കും .പിന്നെ  നഖവും , പല്ലുകളും മാത്രം ബാക്കി വയ്കുന്ന  ഊണ്ണൂളീ യക്ഷി വാഴുന്ന അരയാലിന് അടുത്തു എത്തി.  അത് വരെ സംഭരിച്ച ധൈര്യം മുഴുവനും ചോർന്നു പോകുന്ന പോലെ. ഒരടി നടക്കുവ്വാൻ വയ്യ.

പെട്ടെന്നാണ് കവിളത്ത്‌ ആരോ ശക്തിയായി അടിച്ച പോലെ അമ്മാവന്‌  തോന്നിയത്.   നോക്കുമ്പോൾ അങ്ങ് ദൂരെ യായി ഒരു ചെറിയ നീല വെളിച്ചം. ആരോ ചൂട്ടും  കത്തിച്ചു മുൻപിൽ നടക്കുന്ന  പോലെ . തിരിഞ്ഞു നോക്കാതെ ആ നീല വെളിച്ചം ലക്ഷ്യമാക്കി അമ്മാമ്മ നടന്നു.  ആരാണ് ഈ അസമയത്തു ചൂട്ടും കത്തിച്ചു ഈ  വഴി നടക്കുന്നത്‌. ഭയം ഒരു
വ്യാളിയെപോലെ നാക്ക്‌ നീട്ടി പുറത്തേക്കു വന്നു. രോമ കൂപങ്ങൾ
 എഴുന്നേ റ്റു. ആരായിരിക്കും  ചൂട്ട്  കത്തിച്ചു മുന്നിൽ നടക്കുനത് .  ഊണ്ണൂളീ യക്ഷിയാണോ ?

തന്റെ തൊട്ടു മുമ്പിൽ എന്ന പോലെ  ആരോ ഒരാൾ തന്ടെ തൊട്ടു  പിന്നിലും  ഉണ്ട് എന്ന തിരിച്ചറിഞ്ഞ നിമിഷം.  മുടി അഴിച്ചിട്ടു നിഴലുകൾ ഭീകര നൃത്തം ചെയുന്ന പോലെ.  കാലിലെ ചിലം ചിലം ചിലൊമ്പോലി ഒച്ച കേൾപ്പിച്ചു. ആരാണത്  . തിരിഞ്ഞു നോക്കണം എന്ന് തോന്നിയ സമയം  ഒരു  ശബ്ദം കാതിൽ മുഴുങ്ങി.

" മഠയാ , തിരിഞ്ഞു നോക്കി  ദുർ മരണത്തെ ക്ഷണിക്കേണ്ട "

 ആരുടെയോ അശരീരി പോലെ. പരദേവതാ  മന്ത്രം      ഉച്ചത്തിൽ ചൊല്ലി. പളനി ആണ്ടവനെയും മനസ്സിൽ ധ്യാനിച്ച് അമ്മാവൻ നടന്നു. തിരിഞ്ഞു നോക്കാതെ . മുന്നിലെ അരണ്ട നീല വെളിച്ചം ലക്ഷ്യമാക്കി. . തന്റെ ചുവടുകൾ നീങ്ങുന്നത് അനുസരിച്ച് മുന്നിലെ അരണ്ട നീല വെളിച്ചം തനിയെ  നീങ്ങി കൊണ്ടേ ഇരുന്നു. മരണം തൊട്ടു പിറകിൽ നിഴൽ പോലെ പിൻതുടരുന്നു  എന്നുള്ള തിരിച്ചറിവിലും അങ്ങനെ എത്ര നേരം നടന്നു എന്നറിയില്ല. ആ നീല വെളിച്ചം അമ്മാവനെ തറവാടിന്റെ മുമ്പിൽ വരെ എത്തിച്ചു .

ഇനി  ചെറിയ ഇടവഴി കഴിഞ്ഞാൽ തറവാടായി. എന്നും പൂജ ചെയ്തു ആരാധിക്കുന്ന ഭരദേവത  വാഴുന്ന തറവാട്. പെടുന്നനെ ആ നീല വെളിച്ചം അപ്രത്യക്ഷമായി. അർത്തസ്തംഭനായി നിൽകുമ്പോൾ ചൂട്ടും  കത്തിച്ചു വരുന്ന  . രാമൻ  നായര് പറയുന്ന ശബ്ദം  അമ്മാവൻ കേട്ടു .

"ഊർധാൻ" കഴിഞ്ഞു. ഇത് ഏറിയാൽ രണ്ടു വട്ടം കൂടി  വലിക്കും. അത് കഴിഞ്ഞാൽ തീരും. "

 എന്തായാലും അമ്മാവന് അമ്മൂമ്മയെ അവസാനമായി കാണുവാൻ കഴിഞ്ഞു. കുറച്ചു നേരത്തിനുള്ളിൽ  രാമൻ നായർ പ്രവചിച്ച പോലെ അമ്മൂമ്മയുടെ മരണം സംഭവിച്ചു.

തന്റെ വരവ് അറിഞ്ഞു തെക്കേലെ  കേശവൻ പറയുന്നതു അമ്മാവൻ  കേട്ടു .

"കഴിഞ്ഞ ആഴ്ച  വയ്കോൽ ക്കാരൻ പത്രോസ് മാപ്പിള  ഇതുപോലെ രാത്രി ആ വഴി  വരുമ്പോൾ എന്തോ കണ്ടു പേടിച്ചു .പനിപിടിപെട്ട്   പിച്ചും , പേയും പറഞ്ഞു  മാപ്പിളയുടെ അടക്കം  ഇന്നലെയായിരുന്നു. . രാത്രി ആ വഴി വരുനത്‌ അത്ര പന്തി അല്ല കേട്ടോ തംബ്രാ!"

തീർത്തും വിസ്മയിപ്പിച്ച സംഭവം . അത് പറയുമ്പോൾ അമ്മാവന്റെ  കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു . എന്റെ മനസ്സിൽ ചോദ്യ ശരങ്ങൾ ഉയർന്നു

"  ഞാൻ  ചോദിച്ചു അപ്പൊ അമ്മാമ്മക്ക് കൂട്ട് വന്ന നീല വെളിച്ചം അത് ആരായിരുന്നു.?  "

 അമ്മാമ്മ ഒന്നും മിണ്ടിയില്ല ,

"ഞാൻ പിന്നെയും ചോദിച്ചു\അമ്മാമയുടെ പിറകെ വന്നത് ഊണ്ണൂളീ യക്ഷിതന്നെ ആയിരുന്നോ. ?"


എന്റെ ചോദ്യം കേട്ട് അമ്മാവൻ  ഉറക്കെ , കുലുങ്ങി ചിരിച്ചു. ഉത്തരം പറയാതെ. ഇന്നും എന്നെ അമ്പരിപ്പിക്കുന്ന ചോദ്യം തന്നെ ആണിത്. ചില ചോദ്യങ്ങൾ അങ്ങനെ ആണല്ലോ. ഒരു പക്ഷെ എത്ര ഉത്തരം കണ്ടെത്തുവാൻ ശ്രമിച്ചാലും ഉത്തരം കണ്ടെത്തുന്ന വരെ  അവ നിങ്ങളെ പിൻതുടർന്നു കൊണ്ടേ ഇരിക്കും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ