2024, ജനുവരി 7, ഞായറാഴ്‌ച

അവകാശികൾ ഇല്ലാത്ത വീട്

കുളി കഴിഞ്ഞു കുറച്ചു നേരം ടീവി  കണ്ടശേഷമാണ് അയാൾ പതിവ് പോലെ ഉണ്ണാൻ ഇരുന്നത്.  വിഭവങ്ങൾ വിളമ്പിയ ശേഷം ഭാര്യ അയാളെ വിളിച്ചു. തണുത്തതു കഴിപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. അയാൾ  വിളമ്പിവച്ച പിഞ്ഞാണത്തിൽ നോക്കി. കാളനും , കായ മെഴുക്കുവരട്ടിയും , കട്ട തൈരും. പിന്നെ മാങ്ങാ കറിയും . കൊള്ളാം , അയാളുടെ മനസ് മന്ത്രിച്ചു.


ഉണ്ണുമ്പോൾ ഏറെയും സംസാരിച്ചത് ഭാര്യ തന്നെ ആയിരുന്നു. അയാൾ ഒന്നും പറയാതെ വല്ലപ്പോഴും ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു , ഇത് കുറെ നേരം തുടർന്നപ്പോൾ ഭാര്യ ശുണ്‌ഠിയോടെ ചോദിച്ചു.

" ഞാൻ പറയുന്നത് എന്തെങ്കിലും കേൾക്കുന്നുണ്ടോ?"

സത്യത്തിൽ അയാൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.

ഉണ്ണുന്നതനിനപ്പുറം  അയാളുടെ മനസ്സിൽ വേറെ ചിന്തകൾ ഒന്നും തന്നെ യുണ്ടായിരുന്നില്ല താനും, ഭാര്യയുടെ സാന്നിധ്യത്തെ കുറിച്ച് പോലും ബോധവാനാകാതെ അയാൾ ഭക്ഷണത്തിൽ തന്നെ മുഴുകി ഇരുന്നു. വര്ഷങ്ങളായി അയാൾ ഇങ്ങനെ തന്നെ ആയിരുന്നു. ഭാര്യ എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. അതിൽ ചിലതു അയാൾ കേൾക്കും. ചിലതു കേട്ടില്ല എന്ന് വയ്ക്കും . ചിലപ്പോൾ ചിലതു കേട്ടില്ലേ എന്ന്   തന്നെയും ഇരിക്കും. ഇപ്പോൾ എത്ര വർഷങ്ങൾ ആയിരിക്കുന്നു.

ഭാര്യ അപ്പോൾ ദേഷ്യത്തോടെ പറഞ്ഞു.

" ഹോ ഇങ്ങനെ ഒരു മനുഷ്യൻ . ഏതു നേരവും  ഇങ്ങനെ ഉണ്ണണം എന്നല്ലാ തെ  ഒരു ചിന്തയും ഇല്ല. "

അപ്പോൾ അയാൾ തലയുയർത്തി ഭാര്യയെ നോക്കി. എന്നിട്ടു ഒരു ഇളഭ്യനെ പോലെ വെറുതെ ചിരിച്ചു.

ഭാര്യ ദേഷ്യത്തോടെ ചോദിച്ചു.

" എന്താ , ഇങ്ങനെ ഇളിക്കുന്നേ?"

അയാൾ ഒന്നും പറയാതെ ഉണ്ണുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അയാൾ ഒന്നും പറയാതെ  ഊണ് കഴിക്കുമ്പോൾ ഭാര്യ പിന്നെയും ചോദിച്ചു.

"നിങ്ങൾ എന്താ ആലോചിക്കുന്നത് "

സത്യത്തിൽ അയാൾ ഒന്നും ചിന്തിക്കുന്നുണ്ടായിരുന്നില്ല.   അയാൾ ഒന്നും പറയാത്തത് കൊണ്ട് അവളുടെ അരീശം മുഴുവനും സ്വന്തം അച്ഛനോടായി .

"അന്ന് അമ്മ പറഞ്ഞതാ , ഈ  ബന്ധം വേണ്ട എന്ന്. അച്ഛൻ കേട്ടില്ല . എന്റെ ഒരു യോഗം.  അനിയത്തിമാരെ രണ്ടു പേരെയും അച്ഛൻ  നല്ല നിലത്തിൽ പറഞ്ഞയച്ചു. എന്നെ മാത്രം "  ബാക്കി അവൾ പറഞ്ഞില്ല.


ഭാര്യ സ്വന്തം  അച്ഛനെ കുറ്റപ്പെടുത്തുമ്പോൾ അയാൾക്ക് വല്ലാത്ത മടുപ്പും, ദേഷ്യവും അനുഭവപെട്ടു.  അവളുടെ അച്ഛനോട് അയാൾക്ക് ബഹുമാനമുണ്ട്.  ഇളയ  രണ്ടു  മരു  മക്കളും തന്നെക്കാൾ കേമൻ മാരായിട്ടും അച്ഛൻ ഒരിക്കലും ആ വ്യത്യാസം തന്നോട് കാണിച്ചിട്ടില്ല. പിന്നെ ഈ  പുരയിടവും അച്ഛന്റെ സമ്മാനം തന്നെ അല്ലെ.

ഇവൾക്ക് എങ്ങനെ ഇങ്ങനെ ആകാൻ കഴിയുന്നു. അവളുടെയും , കുട്ടികളുടെയും കാര്യം അമാന്തം ഒന്നുമില്ലാതെ താൻ നോക്കുന്നില്ല. പറയുമ്പോൾ സർക്കാർ ഉദ്യോഗം തന്നെയാണ് ; പെൻഷൻ ഉണ്ട് സമാധാനത്തോടെ ജീവിച്ചു പോകാം ആ തുക തന്നെ ധാരാളം.

കൂടുതൽ  ഓർക്കാൻ ഇട  നൽകാതെ  ഭാര്യ പറഞ്ഞു
"ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടു നിങ്ങൾ അപ്പുറം വരെ ഒന്ന് പോയോ.   പേരിനെങ്കിലും ഒന്ന് പോയി  അന്വേഷിക്കേണ്ട ? എല്ലാത്തിനും ഞാൻ തന്നെ വേണം എന്ന് വച്ചാൽ "

ഈ സ്ഥലം ഭാര്യയുടെ അമ്മയുടെ പേരിൽ ആയിരുന്നു.  അന്നിത്  വിശാലമായ ഒരു പറമ്പായിരുന്നു.   അല്ല , കാടായിരുന്നു എന്ന് വേണമെങ്കിൽ പറയാം .വലിയ കുണ്ടും , കുഴിയും ഒന്നുമില്ലാത്ത സമ നിരപ്പായ സ്ഥലം.

മെയിൻ റോഡിൽ  നിന്ന് കുറച്ചു നടക്കണം ഇങ്ങോട്ടേക്കു അത് മാത്രമേ ഒരു പോരായ്‌മ ആയി ഉള്ളു.  ആദ്യമായി കാണുമ്പോൾ അന്തി വെളിച്ചം മറയുവാൻ പോവുക ആയിരുന്നു. എങ്കിലും, പറമ്പിലെ വലിയ മരങ്ങളും, വള്ളികളും, പൂക്കളേയും അയാൾക്ക്  കാണുവാൻ കഴിയുമായിരുന്നു.

ഞങ്ങൾ ഇവിടെ താമസിച്ച ശേഷം ഏതാണ്ട് പത്തു പതിനജ് കൊല്ലം കഴിഞ്ഞാണ്   അയല്പക്കക്കാർ വന്നത്. അവർ പണി കഴിപ്പിച്ചത് വീടായിരുന്നില്ല. ഒരു വലിയ ബംഗ്ലാവ് .  അല്ലെങ്കിൽ ഒരു കൊച്ചു കൊട്ടാരം

എന്തിനാണ് ആളുകൾക്ക് ഇത്രയും വലിയ ഒരു വീട് .  അത് തീരുമാനിക്കേണ്ടത് വീട്  വയ്ക്കുന്നവർ ആണല്ലോ .

അയാൾ ഒരു ഗൾഫ് കാരൻ ആയിരുന്നു  എന്നറിയാമായിരുന്നു. ഭാര്യയും , ഒരു മകനും മാത്രം . വർഷത്തിൽ തന്നെ ഇടയ്ക്കു അയാൾ നാട്ടിൽ വരും. കുട്ടി ഇവിടെ ഒരു സ്‌കൂളിൽ പഠിക്കുന്നു .

അയാൾ വീട് വയ്ക്കുന്നതിന് കുറിച്ച് പറഞ്ഞാൽ  വിശ്വസിക്കുവാൻ കഴിയില്ലായിരുന്നു. കണ്ണടച്ചു തുറക്കും പോലെ പണി പൂർത്തിയായി. അറബിക്കഥയിലെ   അലാവുദീന് ഭൂതം മാണി മാളിക പണിയും പോലെ. അത്രയും എളുപ്പത്തിൽ . ഭൂതത്തിനു ഒരു റാവു മതി ആയിരുന്നു. പക്ഷെ ഇവിടെ കുറച്ചു മാസങ്ങൾ . അത്ര മാത്രം.

അയാളുടെ മകനും,   ഭാര്യയും ,  അവരുടെ അമ്മയും, പിന്നെ ഒരു വേലക്കാരിയും . അവരാണ് അവിടെ  താമസിച്ചിരുന്നത്.

ഉറങ്ങാൻ കിടന്നപ്പോൾ മനസ്സിൽ വിചാരിച്ചു. നാളെ അത്രേടം വരെ ഒന്ന് പോകണം . ഒന്നുമില്ലെങ്കിലും ഭാര്യ അത്രയും പറഞ്ഞതല്ലേ


 അവിടെ ചെന്നപ്പോൾ അദ്ദേഹം കിടക്കുകയായിരുന്നു. പിന്നെ എഴുനേറ്റു വന്നു . ഷേവ് ചെയ്തിട്ട് ദിവസങ്ങളായ മുഖം . ദൈന്യത തളം കെട്ടി നിൽക്കുന്ന  അന്തരീക്ഷം .

ഞാൻ എന്ത് പറഞ്ഞാണ് അയാളെ ആശ്വസിപ്പിക്കുക .  എന്നെ കണ്ട പാടെ കൈ പിടിച്ചു ഇരിക്കുവാൻ പറഞ്ഞു.

അൽപ നേരത്തെ  മൗനത്തിനു ശേഷം അദ്ദേഹം പറയുവാൻ തുടങ്ങി.
" നിങ്ങൾക്ക്  അറിയാമല്ലോ , അവൻ എന്റെ ഏക് മകനായിരുന്നു എന്ന്. ഈ കാണുന്ന സ്വത്തിനെല്ലാം  അവകാശി .

പഠിക്കുവാൻ മിടുക്കനായിരുന്നു അവൻ .  ഷിപ് ടെക്നോളജിയിൽ ബിരുദം നേടിയ ശേഷം അവനെ തേടി  എത്തിയതാരുന്നു  ഈ ജോലി . ചൈനീസ് ചരക്കു കപ്പലിലെ  മെക്കാനിക്കൽ ട്രെയിനീ ആയിരുന്നു അവൻ . എന്റെ ഭാര്യക്ക് ഈ ജോലി ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ എനിക്ക് ഇഷ്ടമായിരുന്നു. ഒരു പാട് രാജ്യങ്ങൾ കാണുവാൻ കഴിയുമല്ലോ.  കേരളം തന്നെ മുഴുവനും ഞാൻ കണ്ടിട്ടില്ല. ചെറുപ്പത്തിൽ തന്നെ ഗൾഫിൽ പോയി.

അതുപോലെയല്ലല്ലോ അവൻ . അവന്റെ പഠിപ്പ് അനുസരിച്ചു കിട്ടിയ ജോലി.   ഉയർന്ന  ശമ്പളം ,  വിദേശ രാജ്യങ്ങൾ കാണുവാൻ ഉള്ള അവസരം. നമ്മൾ എന്തിനു വേണ്ട എന്ന് വയ്ക്കണം . അതായിരുന്നു എന്റെ ചിന്ത.


ആദ്യമായി കപ്പലിൽ ജോലിക്കു പോയ മകന് എന്ത് സംഭവിച്ചു എന്നറിയില്ല.
അവനെ കപ്പലിൽ കാണാനില്ല എന്ന സന്ദേശം മാത്രമാണ് ലഭിച്ചത് . ഇപ്പോഴും കപ്പൽ കടലിൽ തന്നെയാണ് . . ഇനിയും രണ്ടാഴ്ച എടുക്കും അത് സിങ്കപ്പൂരിൽ എത്തുവാൻ . അപ്പോൾ മാത്രമാണ് കൃത്യമായി ഒരു അന്വേഷണം നടക്കുകയുള്ളു. .  അത് വരെ ....


അവൻ വരും എന്ന് വിശ്വാസത്തിൽ പ്രാർത്ഥനയിൽ കഴിയുകയാണ് ഭാര്യ.   ആംഗ്ലോ വെസ്റ്റേൺ എന്ന  മദിരാശി  ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയുടേതാണ്   ഈ കപ്പൽ . അവന്റെ സാധങ്ങൾ  എല്ലാം കപ്പലിൽ തന്നെയുണ്ട് .   രാത്രി അവനെ എൻജിൻ കൺട്രോൾ റൂമിൽ കണ്ടതായി ദൃക്‌സാക്ഷികൾ ഉണ്ട്. കപ്പലിൽ വിശദമായി യി അന്വേഷണം നടത്തിയിട്ടും അവനെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇപ്പോൾ കമ്പനിയിൽ നിന്നും ലഭിക്കുന്ന വിവരം.

ഇതിൽ കുടുതൽ ഒന്നും തന്നെ അവർ പറയുവാൻ തയ്യാറാവുന്നില്ല .   ഒരു പക്ഷെ അവൻ എൻജിൻ റൂമിൽ ഉണ്ടായിരിക്കാം .  ദൈവം അങ്ങനെ ഞങ്ങളെ കൈ വിടുമോ ?"

പെട്ടെന്ന് അയാൾ ഒരു കൊച്ചു കുട്ടിയെ പോലെ കരയുവാൻ തുടങ്ങി.
എന്തൊക്കെയോ  പറഞ്ഞു ഞാൻ അദ്ദേഹത്തെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു. പക്ഷെ ...

അന്ന് രാത്രി എനിക്കുറങ്ങുവാനെ കഴിഞ്ഞില്ല. . എപ്പോഴും ചിരിക്കുന്ന മുഖ വുമായ ആ പയ്യൻ . ദൈവമേ അവനു എന്ത് സംഭവിച്ചു കാണും.
അവൻ കപ്പലിൽ തന്നെ ഉണ്ടാകയുമോ . അതോ ഇനി കടലിൽ .....  വേണ്ട ഓർക്കുവാൻ ഇഷ്ടപെടുന്ന കാര്യങ്ങൾ  അല്ലല്ലോ  ഒന്നും  ..


പിറ്റേന്ന് വൈകുനേരം വീട്ടിൽ എത്തിയപ്പോൾ ഭാര്യ പറഞ്ഞു.

"അവർ പോയി.,"

"എങ്ങോട്ടു? " 

"ഒന്നും പറഞ്ഞില്ല.   എങ്ങോട്ടേക്കാണെന്നോ , ഇനി എപ്പോഴാണന്നോ തിരിച്ചു വരിക ഒന്നും പറഞ്ഞില്ല.

ഇന്നലെ നിങ്ങളോട് എന്തെങ്കിലും പറഞ്ഞിരുന്നോ?"

ഒന്നും പറയാൻ ആവാതെ ഞാൻ നിന്നു.  അല്ലെങ്കിലും ഞാൻ   എന്താണ്  പറയേണ്ടത് .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ