2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

നക്ഷത്രങ്ങളെ സാക്ഷി (കഥ)ജീവിതം   അയാൾക്ക്  ആഘോഷമായിരുന്നു .  ബന്ധങ്ങളിൽ അയാൾക്ക്  വിശ്വാസം ഉണ്ടായിരുന്നില്ല. വലിച്ചെറിയുന്ന മദ്യകുപ്പികളെ പോലെ തന്നെയായിരുന്നു അയാൾക്ക് സ്ത്രീകൾ . അവസാനതുള്ളിവരെ ഊറ്റി  കുടിച്ചശേഷം എറീഞ്ഞുടക്കുന്ന  കാലികുപ്പികൾ .  ഒരു  കുട്ടൂമില്ലാതെ തനിയെ ജീവിക്കുവാൻ അയാൾ  എന്നെ ശീലിച്ചു .


എന്നാൽ ഇപ്പോൾ അയാൾക്ക് ഒരു മടുപ്പ് തോന്നിതുടങ്ങിയിരിക്കുന്നു . വല്ലാത്ത   ഏകാന്തത . മദ്യപിക്കുന്നതിൽ രസം നഷ്ടപെട്ടിരിക്കുന്നു . പറയുമ്പോൾ അയാൾ പ്രശസ്തനായ  ഒരു എഴുത്തുകാരൻ ആണ്.  ഒരുപാടു ആരാധകരുള്ള ഒരു എഴുത്തുകാരൻ . പത്രമോഫ്ഫിസിലും അയാൾക്ക് പറയത്തക്ക സുഹൃത്തുക്കൾ ഒന്നുമില്ല. കാരണം അയാളുടെ മോശടൻ സ്വഭാവം തന്നെ .   മൂക്കത്താണ്     ശുണ്ഠി. പിന്നെ ഒരു  ബുദ്ധിജീവിക്കുള്ള മിനുമം  'കോളിഫിക്കേഷൻ'  ആയ അഹങ്കാരം, ദ്ധാർഷ്ട്ര്യം ഇവയെല്ലാം അയാളിൽ ക്രമത്തിൽ ചേരുംപടി ചേർന്നിട്ടുണ്ട് .  ഇതെല്ലംകൊണ്ട് തന്നെ  സഹ പ്രവർത്തകർ  പോലും അയാളൊട്  കൃത്യമായ അകലം പാലിച്ചു .

അയാളുടെ ഭാഷയിൽ പറഞ്ഞാൽ അന്തമില്ലാതെ കിടക്കുന്ന ജീവിത പാതയിൽ  സഡൻ  ബ്രേക്ക്‌ ഇടേണ്ട ആവശ്യം ഇല്ല എങ്കിലും ഈയിടെയായി ഒരു വിരസത അയാളെ കാർന്നു  തിന്നു തുടങ്ങിയിരിക്കുന്നു .  ഭാര്യയോ , മക്കളോ അടുത്ത പറയത്തക്ക ബന്ധുക്കളോ  അയാൾക്കില്ല.  ഇന്ന   ദിവസം വരെ ജീവിച്ചിരിക്കമെന്നൊ , ഇന്ന കാര്യങ്ങൾ ചെയ്തു തീർക്കുവാനോ  പ്രതേകിച്ചും ഒന്നും തന്നെയില്ല .

അതുകൊണ്ടുകുടിയാണ് ഒരു ഫുൾ സ്റ്റോപ്പ്‌ ഇടണം എന്ന് അയാൾക്ക്  തോന്നി തുടങ്ങിയത് .  അങ്ങനെ അയാൾ   ആ തിരുമാനത്തിൽ എത്തി .  ജീവിതം മടുത്തിരിക്കുന്നു . അതുകൊണ്ട് തന്നെ ഒടുവിൽ അയാൾ ജീവിതമവസാനിപ്പികുവാൻ   തിരുമാനിച്ചു . അത് എങ്ങനെ വേണം എന്നുള്ളതിനെ കുറിച്ചായി പിന്നെ അയാളുടെ ആലോചന .   ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന്റെ മുകളിൽ കയറി താഴേക്ക് ചാടിയാലോ .  പതിനാലാം നിലയിൽ നിന്നും .  താഴേക്ക് എല്ലാ ഭാരവും ഒഴിവാക്കി ഒരു തുവൽ പോലെ താഴേക്ക് വന്നു പതിക്കുക . ശുഭം . പക്ഷെ ആ മരണത്തിനു ഒരു കിക്ക്  കിട്ടില്ലല്ലോ .  അതുകൊണ്ട്  തന്നെ അങ്ങനെയൊരു മരണം  അതുവേണ്ടാ എന്ന്   തീരുമാനിച്ചു  അയാൾ .


പിന്നെ തിരുമാനിച്ചത്  വിഷം  കഴിച്ചു ആത്മഹത്യ ചെയുവാനാണ് . ലഹരിയിൽ മുങ്ങി ബോധം മറന്നു മയങ്ങുമ്പോൾ മരണം  വന്നു വിളിക്കണം.  പക്ഷെ  മരണം പടിവതിലിൽ വന്നു വിളിക്കുമ്പോൾ  ഒന്നും അറിയാതെ  പോയാൽ ?   പിറ്റേന്നു താൻ ജോലി   ചെയുന്ന പത്രത്തിൽ വെണ്ടക്ക അക്ഷരത്തിൽ  വാർത്ത‍യായി അത്  നിറയും. പ്രശസ്തനായ  എഴുത്തുകാരനും , വാഗ്മിയും ആയ ഇന്ന ആൾ ആത്മഹത്യ ചെയ്തു എന്ന്. അതും    വിഷം കഴിച്ച്‌  . ആത്മഹത്യ തന്നെ ഭീരുത്തത്തിന്റെ ലക്ഷണം അല്ലെ ? അപ്പോൾ വിഷം കഴിച്ചു മരണത്തിനോട്‌ അടുക്കുക എന്ന് വച്ചാൽ അത്  അതിലേറെ ഭീതിജനകം . അതും വേണ്ടാ എന്നയാൾ തിരുമാനിച്ചു .

പിന്നെ അയാൾ   ആലോചിച്ചത് അമിതവേഗത്തിൽ കാറോടിച്ചു  'വെമ്പളം കുന്നിനു'  മുകളിൽ  നിന്നും താഴേക്ക് പറന്നാലോ.  അത് കൊള്ളാം . കേൾക്കുമ്പോൾ തന്നെ ഒരു രസമുണ്ട് . സാഹിത്യകാരൻ കൊക്കയിൽ വീണു മരിച്ചു എന്ന് .  അതാകുമ്പോൾ ഒരു അപകടമരണമോ , ആത്മഹത്യയോ  എന്തുവേണേൽ ആകാം .പിന്നെ കുറച്ചു കാലം ചാനലുകൾക്ക്  അന്തിക്ക് വിളമ്പുവാൻ പാകത്തിലുള്ള വിഭവമായി മാറാൻ അത്  മാത്രം മതി .


അയാൾ  കണ്ണാടിയുടെ മുമ്പിൽ പതിവിലേറെ സമയം ചിലവിട്ടു . അയാളുടെ മുഷിഞ്ഞ ജുബ്ബ മാറ്റി അലമാരയിൽ നിന്നും തേച്ച , കറ പുരളാത്ത വരയൻ മുണ്ടും , അതിനൊത്ത പച്ച ജുബ്ബയും അയാൾ ധരിച്ചു.    പരുത്ത  പോറലുള്ള മുഖം പൌഡറിട്ട്  വെളുപ്പിച്ചു . പഴമക്കാര് പറയും പോലെ ചത്ത്‌ കിടന്നാലും ചമഞ്ഞു കിടക്കേണ്ടേ . ഒന്നുമില്ലേലും പത്രത്തിലും , ചാനലിലും പടം വരുവാനുള്ളതല്ലേ ?

അയാൾ  അയാളുടെ പഴയ മാരുതി ആൾടോയിൽ കയറി .  നിരത്തിലുടെ വണ്ടി പായിച്ചു .  ഏതാനും നിമിഷങ്ങൾ മാത്രം . ടൌൺ കടന്നു പോയാൽ പിന്നെ തിരക്ക് ഒഴിയും . വൈകുന്നേരം ആയിരിക്കുന്നു . ഏകദേശം ഒരു പതിനാറ് കിലോമീറ്റർ  വണ്ടി  ഓടികേണ്ടി വരും . അയാൾ    അയാൾക്കിഷ്ടപെട്ട  പഴയ സൈഗാളിന്റെ  CD  ഇട്ടു . സൈഗാളിന്റെ ശബ്ദം  ' സൊ ജാ രാജകുമാരി , സൊ ജാ  ....'


 സിഗ്നലിൽ  ചുവപ്പുകണ്ട് അയാൾ  ബ്രേക്ക്‌ ചവിട്ടി . 180  മിനുട്ട് എന്ന് കാണിക്കുന്ന സിഗ്നൽ സമയം .   അത് പതിയെ കുറഞ്ഞു വരുന്നു . ഈ സിഗ്നൽ കഴിഞ്ഞാൽ പിന്നെ  ഏറിയാൽ ഒരു  ഒൻപതു കിലോമീറ്റർ .  റോഡ്‌ അത്ര നല്ലതല്ല.  അങ്ങോട്ടേക്ക് ഇനി തിരക്കൊന്നും ഉണ്ടാകില്ല .  വികസനത്തിന്റെ  മുദ്രവാക്യവുമായി ചിരിച്ചു നില്കുന്ന  സ്ഥാനാർത്തിയുടെ മുഖം.  ഇടവഴികളും , കയറ്റവും , വളവും ,  ഇറക്കവുമായി  ഉള്ള ഒരു യാത്ര.   അല്ലെങ്കിലും ജീവിതം തന്നെ ഇടവഴിയിലുടെയുള്ള യാത്രയല്ലേ ?

മലയാടിവാരത്തിൽ  എത്തിയാൽ കുത്തനെയുള്ള കയറ്റമുണ്ട് . . വണ്ടി വലിക്കുവാൻ പാടുപെടും . കഴിഞ്ഞതവണ  മെക്കനിക്ക്  ടോണി പറഞ്ഞതാ  ഈ വണ്ടി മാറ്റുവാൻ  .  അല്ലേലും ആരേങ്കിലും പറഞ്ഞാൽ  അത് കേൾകുന്ന  സ്വഭാവം പണ്ടേയില്ലല്ലോ അയാൾക്ക് .  അയാൾക്ക്  ഒരു സിഗരറ്റു വലിക്കണം എന്ന് തോന്നി . ഡാഷ് ബോർഡിൽ അയാൾ തപ്പി. നാശം  സിഗരട്ട് ഇല്ല.

അപ്പോഴാണ് അയാളുടെ കാറിന്റെ ജനാലയിൽ ഒരു  മുഖം  അയാൾ ശ്രദ്ധിച്ചത് .   അയാൾ ചില്ല്  താഴ്ത്തി .      അത്  ഒരു കുട്ടിയായിരുന്നു . "സാർ" അവൻ കൈ നീട്ടി .  സ്കുളിൽ പഠിക്കേണ്ട പ്രായം .  ഭിക്ഷാടന മാഫിയയെ കുറിച്ച് അയാൾ തന്നെ ഒരു ഫീച്ചർ  എഴുതിയിരുന്നു . അതിലെ ഒരു കണ്നിയവാം .     "ഒന്നും     കഴിച്ചിട്ടില്ല സാർ , എന്തെങ്കിലും തരണം " . അവൻ  ദയനീയ ഭാവത്തിൽ അയാളെ നോക്കി.  അയാൾ പോക്കറ്റ് തപ്പി . പിന്നെ ഒരു നുറിന്റെ നോട് അവനു കൊടുത്തു .   അവൻ അയാളെ  നന്ദിയോടെ നോക്കി.
സിഗ്നൽ  തീരുവാറായി എന്ന  അറിയിപ്പ് പോലെ  അക്കങ്ങൾ  കുറഞ്ഞു കുറഞ്ഞു വരുന്നു.  അയാൾ ഗിയർ   മാറ്റി   ഫസ്ടിലെക്കിട്ടു .   അവൻ  അയാൾ കൊടുത്ത രൂപ കൈയിൽ  ചേർത്ത്  പിടിച്ചു  അവിടെ തന്നെ നില്പുണ്ടായിരുന്നു . അയാൾ   അവന്റെ കണ്ണുകളിലേക്കു നോക്കി . അവിടെ ദൈന്യത  തളംകെട്ടി  നിൽക്കുന്നു .ഇതുപോലെ എത്ര കുട്ടികൾ .  അയാൾക്ക്  അവനൊട്  എന്തൊ  അലിവുതോന്നി . അയാൾ  അവനോടു ചോദിച്ചു " നീ വരുന്ന്നോ എന്റെ കുടെ ."

എങ്ങോട്ട്   എന്ന് അവൻ ചോദിച്ചില്ല .  "നിന്നെ ഞാൻ സ്കുളിൽ ചേർക്കാം . പഠിപ്പിക്കാം . "  അയാൾ    അവനെ  നോക്കി പറഞ്ഞു.  എന്തിനാണ്  അയാൾ അങ്ങനെ പറഞ്ഞത് ?    ആരോടും ഒരു മമതയും തോന്നാത്ത  പ്രകൃതം അങ്ങനെ ആയിരുന്നല്ലോ  ഇതുവരെ ..  എന്നിട്ടും  അയാൾ  അവനെ നോക്കി വിളിച്ചു .

"വരുന്നോ   നീ ." അവൻ  അപ്പോഴും ഒന്നും മിണ്ടിയില്ല .

അയാൾ  കാറിന്റെ വാതിൽ അവനുവേണ്ടി തുറന്നു കൊടുത്തു .  അവൻ മടിയോടെ  ആ കാറിൽ കയറി.   അയാൾ  വാതിൽ  വലിച്ചടച്ചു .  അവൻ ഭയന്നപോലെ തോന്നി. അയാൾ  കണ്ണുകൾ ഒന്നടച്ചു . പിന്നെ ശ്വാസം എടുത്തു . പിറകിൽ നിറുത്താതെ  ഹോറൺ  മുഴുങ്ങി.  അയാൾ  ആകാശത്തു തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി.  അവ  മിന്നി തിളങ്ങുന്നു . പുതിയ ഊർജം  അയാളുടെ സിരകളിലേക്ക് പ്രവേശിച്ചപോലെ .  പിന്നെ സിഗ്നലിൽ  നിന്നും  വണ്ടി  യു ടേൺ എടുത്തു . നിരത്തിലുടെ   ഒഴുകുന്ന വാഹനക്കൂട്ടത്തിൽ  ഒന്നായി  അയാളുടെ ആൾടോയും അലിഞ്ഞു ചേർന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ