2016, ജനുവരി 31, ഞായറാഴ്‌ച

അച്ഛന്റെ മകൾ (3)വർഷങ്ങൾക്ക്  ശേഷം ആണ് തറവാട്ടിലേക്ക് വരുന്നത്. തന്റെ പഠനം മുഴുവനും ഡൽഹിയിൽ ആയിരുന്നല്ലോ . എത്ര വട്ടം ഇവിടെ വന്നിട്ടുണ്ടാകാം .  ഓർമയില്ല. അന്നീ പ്രദേശം മുഴുവനും ആകെ  കാടു പിടിച്ചു കിടക്കുകയായിരുന്നു . അവൾ വെറുതെ തൊടിയിലേക്ക്‌ ഇറങ്ങി. കരിയിലകൾ വകുഞ്ഞു മാറ്റി പതിയെ   നടന്നു . കൽപടവുകൾ പൊട്ടി ഒലിച്ച്  പായൽ നിറഞ്ഞ കുളം. പച്ചപായൽ മാത്രം . അടിയിൽ വെള്ളം ഉണ്ടെന്നു തോന്നുകയില്ല. 

ഇടിഞ്ഞു വീഴാറായ കുളപ്പുര . ചുമരിൽ പണ്ടേതോ ചിത്രകാരൻ വരച്ച കലാവിരുതുകൾ ഇപ്പോഴും മായാതെ കിടക്കുന്നു. മുന്നോട്ടു ഏറെ നടന്നാൽ കല്ല്‌ വെട്ടുന്ന ശബ്ദം കേൾക്കാം . അങ്ങകലെ ആയി ഒരു ലോറി കിടപ്പുണ്ട്.  അവിടെ നിന്നും നോക്കിയാൽ ദുരെ നീല കുറുഞ്ഞി പൂക്കുന്ന മലയുണ്ട് എന്ന് പണ്ട് അമ്മുമ്മ പറഞ്ഞത് ഓർമ്മ വരുന്നു. ആ മലയിൽ ശാപമോചനം കത്ത് നിൽക്കുന്ന കുറുത്തിയുണ്ട്. നിലാവുള്ള രാത്രിയിൽ അവളുടെ  തേങ്ങൽ ഇപ്പോഴും കേൾക്കാം.  


ദുരെ വയലിന് മുകളിൽ നീലാകാശ തോപ്പിൽ ഒരു പരുന്ത് വട്ടമിട്ടു പറക്കുന്നു.  തണുത്ത വായുവിന് ചലനമില്ല. വാഴത്തോപ്പിൽ നരച്ച വാഴയിലകൾ വിധവകളെ പോലെ തല കുമ്പിട്ടു നിൽക്കുന്നു . ആകാശത്തിന്റെ നിറം മങ്ങുമ്പോൾ ഇവിടത്തെ ഇലകളിലും ദുഃഖം തലയാട്ടി നിൽക്കുമോ .വിഷാദത്തിന്റെ നിഴലുകൾക്ക് കറുപ്പ്  കൂടി 
കൂടി  വരുമായിരിക്കും .   മാവും, പ്ലാവും , ഈട്ടിയും, തേക്കും വരെ ഈ പറമ്പിൽ ഉണ്ട് .

 "മോളെ അങ്ങോട്ടേക്ക് ഒന്നും പോകേണ്ടാ , പാമ്പ്  ഉണ്ടാകും. എല്ലാം കാട്‌ പിടിച്ചു കിടക്കുകയാ,  ഇതൊക്കെ വൃത്തിയാക്കുവാൻ ഇപ്പോൾ പണിക്കാരെ പോലും കിട്ടാനില്ല. ആ കാണുന്നതാ  സർപ്പതറ."   പൊട്ടി പൊളിഞ്ഞ സർപ്പ തറ ചുണ്ടി കാണിച്ചു കൊണ്ട്  കേളുച്ചാർ പറഞ്ഞു. 


 സന്തതി പരമ്പരകളെ  കാക്കുന്ന  നാഗത്താൻമാർ വാഴുന്ന മണ്ണ്.  പണ്ടൊക്കെ എന്നും വൈകുന്നേരം വിളക്ക് വച്ച് പുജിച്ച ഇടമായിരുന്നു.  നാഗരാജാവും , നാഗയക്ഷിയും  വാഴുന്നയിടം. നാഗയക്ഷിയെകുറിച്ച് ഒരു പാട് കഥകൾ കേട്ടിട്ടുണ്ട്.രാത്രികാലങ്ങളിൽ അത് വഴി പോയാൽ അവരുടെ ചോര    കുടിക്കുന്ന യക്ഷി. ഏതോ മഹാ മാന്ത്രികൻ ജപിച്ച ബന്ധന ചരടിൽ കാവിൽ  കുടിയിരുത്തി ഇരിക്കുന്നു.  ആ ബന്ധനത്തിൽ നിന്നും മുക്തയായാൽ വീണ്ടും ഭീകരരൂപിണി ആയി അവൾ മാറും.


ചിലപ്പോൾ തോന്നും എന്ത്‌കൊണ്ടാണ് യക്ഷികളും , ബ്രഹ്മരക്ഷസം  മാത്രം ഭീതി പടർത്തുന്ന കഥാപാത്രങ്ങൾ ആയത് .  ഇവരുടെ ഗാനത്തിൽ പെട്ട യക്ഷന്മാരോ , ഗന്ധർവന്മാരോ ആരും ചോര കുടിച്ചു പല്ലും ,  നഖവും മാത്രം ബാക്കി വയ്ക്കുന്നില്ല. ഭയത്തിന്റെ നൂലിഴ സൃഷ്ടിക്കുവാൻ കെട്ടിപകുത്തോരു മിത്തുകൾ മാത്രം.   

തറവാട് ക്ഷയിച്ചതോടെ എല്ലാം പോയി. സുക്യതക്ഷയം അല്ലാതെ എന്താ പറയുക. കേളുച്ചാരുടെ  വാക്കുകൾ അവളെ ഓർമയിൽ നിന്നും ഉണർത്തി. 
ഇപ്പോൾ ഈ തറവാടും , പറമ്പും നോക്കുന്നതിനു ഏൽപ്പിച്ചിരിക്കുനത് ഈ കേളുച്ചാരിനെയാണ്. മുൻ  വശത്ത് തന്നെ വീടും പറമ്പും വില്പനയ്ക്ക്   എന്ന പരസ്യം പതിപ്പിച്ചിട്ടുണ്ട് .  താനടക്കം കുറെ ഏറെ അവകാശികൾ. എല്ലാവരും  ഇപ്പോൾ പരദേശികൾ. ആർക്കാണ് ഈ നാട്ടിൻ പുറത്തു വന്നു താമസികുവാൻ ആഗ്രഹം? അമ്മക്ക് ഈ വീട് വിൽകുവാൻ  തീരെ താല്പര്യം ഇല്ല. അച്ഛന്റെ കുടെ നാലേ , നാലു വർഷം മാത്രമാണ് അമ്മ ജീവിച്ചത് . അതിനിടയിൽ വല്ല ഓണത്തിനോ, വിഷുവിനോ  മറ്റോ  ഈ തറവാട്ടിൽ  വന്നാൽ ആയി. പക്ഷെ എന്നിട്ടും ഈ വീട് അമ്മയ്ക്ക് അത്രയേറെ പ്രിയപെട്ടതായത് എങ്ങനെ?  
  
അമ്മ പറഞ്ഞ അറിവുണ്ട് .രാജ്യത്തിന്റെ സ്നേഹാദരം ഏറ്റു  വാങ്ങി അച്ചൻ വിട പറയുമ്പോൾ ഒന്നും അറിയാതെ കുസൃതി ചിരിയുമായി അമ്മയുടെ മടിയിൽ ഇരിക്കുന്ന രണ്ടു വയസ്സ് കാരിയെ പറ്റി . നിഷ്കളങ്കയായ അവളുടെ ചിരി  ഒരു പക്ഷെ കണ്ടു നിന്നവരുടെ മനസ്സിൽ കനൽ  കോരിയിട്ടിടുണ്ടാകാം. അല്ലെങ്കിൽ അവരുടെ മനസ്സിൽ വിങ്ങുന്ന ഒരു നൊമ്പരമായി ആ കുഞ്ഞിന്റെ ചിരി മാറിയിയിട്ടുണ്ടാകാം.

അന്ന് കരുതിയിട്ടുണ്ടാകില്ല. പറക്കമറ്റാത്ത   പ്രായത്തിൽ അച്ചൻ നഷ്ടപെട്ട മകൾക്കും , എല്ലാം നഷ്ടപെട്ട ആ അമ്മയ്ക്കും തുണയായി ഒരു രാജ്യം തന്നെ കുടെ ഉണ്ടാകും എന്ന്. 


അറിയാത്ത പലരും തൊട്ടടുത്ത ഒരു ബന്ധുവിന്റെ വേർപാട് പോലെയാണ് തേങ്ങിയത്. അച്ഛന്റെ ഭൌതീക ദേഹം കാണുവാൻ ഒരു നാട് മുഴുവനും  ഉണ്ടായിരുന്നു. മതമില്ലാതെ വെറും പച്ച മനുഷ്യരായി  അവർ ആ വിലാപയാത്രയെ അനുഗമിച്ചു . ഏറെ പ്രസിദ്ധൻ ആയ ഒരു സിനിമ താരം അന്ന് പറഞ്ഞു അത്രേ . ഞങ്ങൾ ഒന്നുമല്ല താരങ്ങൾ , ഇത് പോലെ നമ്മളെ ഏവരെയും കാക്കുന്ന   ഈ പട്ടാളക്കാർ ആണത്രേ യഥാർത്ഥ താരങ്ങൾ.കൊടും തണുപ്പും, ചുടും വകവയ്കാതെ നിങ്ങൾ  സ്വസ്തമായി ഉറങ്ങി കൊള്ളൂ  ഞങ്ങൾ ഇവിടെ കാവലുണ്ട്  എന്ന്  എന്ന് ഉറക്കെ പറഞ്ഞു  നമ്മുടെ രാജ്യം രക്ഷിക്കുന്ന   വീരന്മാർ.


മുത്തശ്ശീ പറഞും അറിഞ്ഞിരുന്നു . ഒരു ധീര ജവാന്റെ ഭാര്യ എന്ന നിലയിൽ  തന്നെ അമ്മ 
പെരുമാറി . പ്രിയതമന് അന്തിമോപചാരം അർപ്പിക്കുമ്പോഴും ,   സ്നേഹചുംബനം നൽകുമ്പോഴും നെഞ്ച് പൊത്തുന്ന വേദന അമ്മ അമർത്തി പിടിച്ചു . അമ്മയുടെ ദുഃഖം ആ നാടിന്റെ തന്നെ ദുഃഖമായി മാറിയിരുന്നല്ലോ. 


ആദ്യമായി അച്ഛന്റെ ഒക്കത്ത് ഇരുന്നാണ് ഈ വീട്ടിൽ  എത്തിയത് എന്ന് അമ്മ പറഞ്ഞറിവുണ്ട്.  ഡെൽഹിയിൽ നിന്ന് അച്ഛനും , അമ്മയും താനും കുടിയുള്ള  യാത്ര . അന്ന് തനിക്കു രണ്ടു വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ. നാട്ടിൽ എത്തിയ ദിനം തന്നെ താൻ അസുഖ ബാധിതയായി . നീണ്ട ട്രെയിൻ യാത്ര   കൊണ്ടുണ്ടായ ക്ഷീണം കടുത്ത പനിയായി തന്നെ ബാധിച്ചു. അന്ന് തന്നെ  പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു .  ആ രാത്രി മുഴുവനും അച്ഛൻ തന്റെ കട്ടിലിൻ അരികിൽ രാജ്യം കാക്കുന്ന പോരാളിയെ പോലെ ഉറങ്ങാതെ അരികിൽ ചേർന്ന് ഇരുന്നു. നനച്ച തുണി കൊണ്ട് നെറ്റി  തുടപ്പിച്ചു. പിറ്റേ ദിവസം ലഭിച്ച അടിയന്തിരമായ സന്ദേശത്തെ തുടർന്നു അച്ഛന് കാശ്മീരിലേക്ക് പോകേണ്ടി വന്നു . ജന്മ നാടിനു വേണ്ടി  അഭിമാനം കാത്തു സുക്ഷികുവാൻ ഒരു ജവാൻ ബാധ്യസ്തൻ ആണെന്ന്  അച്ഛൻ പറയാതെ പറയുകയായിരുന്നു. 


ഒരു പട്ടാളക്കാരൻ ആകണം എന്ന് തന്നെ യായിരുന്നു അച്ഛന്റെ എന്നത്തേയും ആഗ്രഹം. മരിക്കുമ്പോൾ അച്ഛന് 32  വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു. എൻ  എസ്  ജി  കമാൻഡോ ആയിരുന്നു അച്ഛൻ . ഈ നാട്ടിൻ പുറത്ത് വളർന്ന അച്ചൻ പഠിച്ചത് എല്ലാം മദിരാശിയിൽ ആയിരുന്നു . അച്ചനും ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു ഇവിടം.അമ്മയുമായുള്ള വിവാഹം നടന്നതും ഈ തറവാട്ടിൽ  തന്നെ ആയിരുന്നു. 


നുഴഞ്ഞു കയറിയ  ഭീകര വാദികളെ  വധിച്ച്‌  തന്റെ കർത്തവ്യം നിറവേറ്റിയ  ധീര യോദ്ധാവിന്റെ മകളായി തന്നെ എല്ലാവരും കണ്ടു. അതിനു വേണ്ടി സ്വന്തം ജീവൻ ബലിദാനമായി അച്ചൻ രാജ്യത്തിന്‌ സമർപ്പിച്ചു . 


സ്കുളിൽ പോകുമ്പോഴും , കോളേജിൽ പഠികുംപോഴും നാട്ടുകാരും , അധ്യാപകരും ആ വാത്സല്യം തന്നിൽ ചൊരിഞ്ഞിരുന്നു. വിനോദ് നായർ എന്ന പട്ടാള ക്കാരൻ അവരുടെ എല്ലാം മനസ്സിൽ മായാത്ത സ്ഥിര പ്രതിഷ്ഠ നേടി കഴിഞ്ഞിരുന്നു. അത് കൊണ്ട് കുടി ആയിരിക്കാം വളരുമ്പോൾ ഒരു ആർമി ഓഫീസർ ആകണം എന്ന  ദൃഢനിശ്ചയം മനസിൽ രൂപപെട്ടത്.   
ഈ  വരവിന് പ്രത്യേകത ഏറെയുണ്ട് . നേരിടുള്ള ആക്രമണത്താൽ നാല് ഭീകരരെ കൊന്നതിനു സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രസിഡന്റിൻ കൈയിൽ നിന്നും "ശൌര്യ ചക്ര" അവാർഡ്‌ മേടിച്ചത് ക്യാപ്ടൻ   അഞ്ജന നായരേ രാജ്യം അനുമോദിച്ചത്  മുന്ന് ദിവസം മുമ്പാണ് . അതും ഒരു തനിയാവർത്തനം പോലെ.


 കാശ്മീരിൽ തീവ്ര വാദികൾ  ആക്രമണത്തിന് മുതിരുന്നു എന്ന "ഇന്റലിജൻസ്" വിഭാഗം മുന്നറിയപ്പ്  തന്നിരുന്നു . അതിനു അനുസരിച്ച് എട്ടു പേർ അടങ്ങുന്ന ഞങ്ങളുടെ ബറ്റാലിയൻ  അവർ ഒളിച്ചു പാർക്കുന്ന കെട്ടിടം വളഞ്ഞു. പിന്നെ തീവ്രമായ വെടിവയ്പ്പ്. അവസരം കിട്ടിയപ്പോൾ ഇരച്ചു കയറുവാൻ ആയി. മരണം മുന്നിൽ കണ്ട നിമിഷങ്ങൾ.  പക്ഷെ ഞങ്ങളുടെ  ഇച്ഛാശക്തിക്ക് മുന്നിൽ പിടിച്ച് നിൽക്കുവാൻ അവർക്ക് കഴിഞ്ഞില്ല.


വേണെമെങ്കിൽ തീവ്രവാദികളെ ബന്ധികൾ ആകുവാൻ ഞങ്ങൾക്ക്  കഴിയുമായിരുന്നു. അങ്ങനെയാണെങ്കിൽ അവർക്ക്  വേണ്ടി വാദിക്കുവാൻ മനുഷ്യാവകാശികൾ  എന്ന പേർ പറയുന്നവർ ഇറങ്ങിയേനെ. അതുമല്ലെങ്കിൽ  ഏതെങ്കിലും തടവറയിൽ ശിഷ്ടകാലം സുഖ ഭക്ഷണം കഴിച്ചു ആ കൊലയാളികൾ   കഴിഞ്ഞേനെ .അത് കൊണ്ട് തന്നെ മേജറിന്റെ ശക്തമായ് നിർദേശം ഉണ്ടായിരുന്നു ഒരു തീവ്രവാദിയും ജീവനോടെ രക്ഷപെടരുത് എന്ന്.    


 ഈ തറവാട്ട് വളപ്പില്‍ തന്നെയാണ്   ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ലെഫ്. കേണല്‍ വിനോദ്  നായരുടെ  മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ അടക്കം ചെയ്തിരിക്കുനത് . കഴിഞ്ഞ പതിമൂന്നു  വര്‍ഷമായി  അടച്ചിട്ടിരിക്കുന്ന  തറവാടിന്റെ വടക്ക് പടിഞ്ഞാറെ മൂലയിലാണ്  അച്ഛൻ ഉറങ്ങുന്നത് .


ഈ മെഡൽ അച്ഛനെ കാണിക്കണം എന്ന് അമ്മ പറഞ്ഞിരുന്നു. അല്ലെങ്കിലും അതിനും എത്രയോ മുന്നേ അച്ഛൻ ഈ മെഡൽ കണ്ടിട്ടുണ്ടാകും.  കൈയിൽ ചേർത്തു പിടിച്ച  "ശൌര്യചക്ര" ക്യാപ്ടൻ അഞ്ജന നായർ ,  ലെഫ്.  കേണൽ വിനോദ് നായരുടെ മൃതദേഹം അടക്കം ചെയ്ത മണ്ണിൽ പതിയെ വച്ചു. കണ്ണ് നനയതിരിക്കുവാൻ അവൾ ശ്രദ്ധിച്ചു. കാരണം വീരമൃത്യ  പ്രാപിച്ച  അതെ അച്ഛന്റെ മകൾ തന്നെയല്ലേ അവളും    


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ