റോഡിന് ഇരുവശവും കണ്ണേത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നെൽ പാടങ്ങൾ. ഇനി എങ്ങോട്ടു പോകും , നേരമാണെങ്കിൽ ഇരുട്ടി തുടങ്ങിയിരിക്കുന്നു . കുറച്ചു നേരം അയാൾ അവിടെ നിന്നു. പിന്നെ എന്തോ ആലോചിച്ചെന്ന് പോലെ റോഡിന് അരികിലൂടെ ചെറിയ ചാൽ വഴിയിലൂടെ അയാൾ ആ പാടവരമ്പിലൂടെ ഇറങ്ങി നടന്നു. വിശപ്പുകൊണ്ടയാൾ അതി ക്ഷീണിതനായിരുന്നു. ഉച്ചക്ക് കുറച്ചു മോരിൻ വെള്ളം കുടിച്ചതാണ്. അതിനുശേഷം ഇപ്പോൾ നാലഞ്ചു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.
വയൽ വരമ്പിലൂടെ അയാൾ പതിയെ നടന്നു. ആകാശത്തു പക്ഷികൾ സ്വന്തം കൂട്ടിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുന്നു. ഉച്ചത്തിൽ കരഞ്ഞു വിളിച്ചുകൊണ്ടു വെളുത്ത പക്ഷികൾ ചിറകു വിടർത്തി പറക്കുമ്പോൾ അയാൾ ആലോചിച്ചു ഇരുളും മുമ്പേ കൂട് അണയണം എന്നുള്ള ചിന്ത അവറ്റകൾക്കുണ്ട്. തണുത്ത കാറ്റിൽ നെൽ കതിരുകൾ ചാഞ്ചാടുന്നു. പൗർണമി പ്രഭയാൽ അവ സ്വർണം പോലെ പൂത്തു ഉലയുന്നു . അങ്ങ് ദൂരെയായി ഒരു ചെറിയ ഷെഡ് പോലെ അയാൾക്ക് തോന്നി. അയാൾ ആയാസപെട്ടു അങ്ങോട്ടേക്ക് നടന്നു. അങ്ങകലെ നിന്നും അത് ഒരു വലിയ പക്ഷികൂട് പോലെ അയാൾക്ക് തോന്നി. അരികിലായി ഒരു വെള്ള കൊക്ക് ഒറ്റക്കാലിൽ ധ്യാനിചു നിൽക്കുന്നു. ഇന്നത്തെ അത്താഴം എന്തെന്ന് ചിന്തയിൽ ഒരുപക്ഷെ ആ ധ്യാനം നീണ്ടു പോയേക്കാം. വയൽ വരമ്പിലെ ചെറു ചാലുകളിൽ വെള്ളം പോകുന്നുണ്ട്. അതിൽ ചിലപ്പോൾ ചെറിയ പരൽ മീനുകളെയോ അല്ലെങ്കിൽ ഇറക്കുന്നു ഞണ്ടുകളേയോ ഇന്നത്തെ ആഹാരം ആക്കം എന്നുള്ള ചിന്തയിൽ നിൽക്കുകയായിരിക്കാം ചെങ്ങാതി.
ചെറുതായിട്ട് മഴ ചാറുന്നുണ്ടോ എന്നയാൾക്ക് തോന്നി. ഇല്ല അത് തോന്നൽ ആയിരുന്നു. വെള്ള ചാലുകളിലൂടെയുള്ള വെള്ളം ചിലപ്പോൾ നടക്കുമ്പോൾ ദേഹത്ത് തെറിച്ചതായിരിക്കാം. ആകാശത്തു പിന്നേയും കറുത്ത ചിറകുകൾ വീശി പക്ഷികൾ ശബ്ദം ഉണ്ടാക്കികൊണ്ടു പറക്കുന്നു. അയാൾ ആലോചിച്ചു എത്ര സുഖമാണീ പക്ഷകളുടെ ജീവിതം അവർ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല. അന്നന്നത്തേക്കുള്ള അന്നം അവ സ്വയം കണ്ടെത്തുന്നു. ജീവിക്കുകയാണെങ്കിൽ ഇതുപോലെ മരണം വരെ ജീവിക്കണം. അല്ലെ അയാൾ സ്വയം ആലോചിച്ചു.
അപ്പോയ്ഴേക്കും അയാൾ നടന്ന ആ ഷെഡിന്റെ അരികിൽ എത്തി. അതൊരു മോട്ടോർ പുരയായിരുന്നു. അയാൾ ചുറ്റും നോക്കി അവിടെ എങ്ങും ആരും ഇല്ല. ഇന്ന് രാത്രി ഇവിടെ കിടക്കാം വഴിയിൽ കിടന്നാൽ ചിലപ്പോൾ പാമ്പോ വല്ല ക്ഷുദ്ര ജീവികളുടെയോ കടി ഏൽക്കാം. അയാൾ അകത്തേക്ക് കയറി നോക്കി. ഒരു തുരുമ്പിച്ച പമ്പ്. എന്നാലും വെള്ളം അടിക്കാൻ പറ്റും എന്നു കരുതുന്നു. അരികിലുള്ള നീർ ചാലിൽ നിന്നും ഓസ് ഇട്ടിട്ടുണ്ട്. അവിടുന്നു ആയിരിക്കും വെള്ളം എടുക്കുന്നത്.
അപ്പോൾ ആണ് അയാളുടെ ശ്രദ്ധയിൽ അത് പെട്ടത്. ഒരു വക്ക് പൊട്ടിയ ചോറ്റു പത്രം. അലുമിനിയത്തിന്റെ ചളങ്ങിയ ചോറ്റു പത്രം. അയാളുടെ കണ്ണുകൾ തിളങ്ങി. അതിൽ വല്ല ഭക്ഷണവും ഉണ്ടാകുമോ. വിശപ്പ് അയാളെ കാർന്നു തിന്നു തുടങ്ങിയിട്ട് കുറെ നേരമായി. ഇനി ഒന്നും കഴിച്ചില്ലെങ്കിൽ അയാൾ ചിലപ്പോൾ ചത്ത് പോകും എന്നയാൾക്ക് തോന്നി. അയാൾ ആകാംഷയോടെ ആ പാത്രം തുറക്കുവാൻ ശ്രമിച്ചു. മോട്ടോറിന്റെ പുക കുഴലിൽ അയാൾ പത്രം രണ്ടുവട്ടം തട്ടി. പിന്നെ വലതു കൈ വിരൽ കൊണ്ട് പത്രം ഞെരുക്കി തുറക്കുവാൻ അയാൾ ശ്രമിച്ചു.
പത്രം തുറന്നപ്പോൾ അയാൾ ശരിക്കും ഞെട്ടി പോയി. അതിൽ തെരു സ്വാദം ആയിരുന്നു. കടുക് പൊട്ടിച്ചു വെളുത്തുള്ളിയും, ഇഞ്ചിയും കറിവേപ്പിലയും ഒത്ത ചേർത്ത അളവിൽ ചോറും തൈരും ചേർന്ന തൈരുസ്വാദം. ദൈവമേ അയാൾ അറിയാതെ വിളിച്ചുപോയി. ഇവിടെ ആരാണ് ഇങ്ങനെ ഒരു ഭക്ഷണം തരിക. ദൈവം അല്ലാതെ വേറെ ആരാണ്. വിശക്കുമ്പോൾ അന്നം തരുന്നവൻ ആരാണോ അവൻ ദൈവം എന്ന് വേദപുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യം അയാൾ ഓർത്തു. ഇവിടെ ഒരു പക്ഷെ വയൽ നനയ്ക്കുവാൻ വരുന്നവൻ അവനു വേണ്ടി അവന്റെ പൊണ്ടാട്ടി ഉണ്ടാക്കി കൊടുത്തത്തിരിക്കാം. ആരെയും കാണാനില്ല. അല്ലെങ്കിൽ തന്റെ വിശപ്പ് കണ്ടു ദൈവം തന്നെ നല്കിയതാണെങ്കിലോ?
അയാൾ ചുറ്റുവട്ടത്തും ഒന്ന് കഴുത്തു നീട്ടി എത്തി നോക്കി. “ഹേയ്,” അയാൾ രണ്ടു കൈ കൊണ്ട് മുക്ക് പൊത്തി ആവുന്ന ഉച്ചത്തിൽ വിളിവഹ് നോക്കി. ആരും ഇല്ല. അയാളുടെ ശബ്ദം പ്രതിധ്വനി ആയി തിരികെ മുഴങ്ങി.
അയാൾക്ക് വിശപ്പ് സഹിക്കുവാൻ വയ്യ എന്നായിരിക്കുന്നു. എന്തായാലൂം ഇത് കഴിക്കുക തന്നെ. അയാൾ പിന്നെ ഒന്നും അമാന്തിക്കാത്തെ ഒരു ഉരുള എടുത്തു മൂക്കിൻ അരികെ മണത്തു നോക്കി. വളിച്ച മണം ഉണ്ട്. എങ്കിലും കഴിക്കാം. അയാൾ ആ വലിയ ഉരുള വായിലേക്ക് എറിഞ്ഞു. പിന്നെ ആസ്വദിച്ച് ചവച്ചു കഴിക്കുവാൻ തുടങ്ങി. ഓരോ ഉരുള കഴിമ്പോഴും അയാൾ കൈയിൽ അടുത്ത വറ്റുകൾ വാരി എടുക്കും കൈ കൊണ്ട് ഞെരുക്കി ഞെരുക്കി ഉരുള രൂപത്തിൽ ആക്കും. പിന്നെ വായിലേക്ക് ഒരു തള്ളാണ് . അയാളുടെ ചുണ്ടിൽ ചിരി പടർന്നു. പെട്ടെന്ന് ആ ചിരി അയ്മറഞ്ഞു. ആ ഉരുളയിൽ ഒരു മുളക് കത്തിച്ചപ്പോൾ ഉള്ള എരിവ് അയാൾ അറിഞ്ഞു. പിന്നെ അത് കാര്യം ആക്കാതെ ആടുത്ത ഉരുള കുഴക്കുവാൻ തുടങ്ങി. ഈ പ്രക്രിയ ആറേഴു വട്ടം തുടർന്നു. അപ്പോഴേക്കും പത്രം ഏകദേശം കാലി ആയിത്തീർന്നിരുന്നു.
വയർ നിറഞ്ഞു എന്ന് കഴിഞ്ഞപ്പോൾ അയാൾ അരികിലെ ചാലിൽ നിന്നും വെള്ളം കൈ കുമ്പിളിൽ ആക്കി മട മട എന്ന് ശബ്ദം ഉണ്ടാക്കി കുടിച്ചു. അയാൾക്ക് വല്ലാത്ത സംതൃപ്‌തി ഉണ്ടായ നിമിഷം ആയിരുന്നു. അയാൾ ചുറ്റും കണ്ണോടിച്ചു. ഇരുട്ട് കാർന്നു തിന്നുന്നു എങ്കിലും ചന്ദ്ര പ്രകാശത്തിൽ ചുറ്റും അയാൾക്ക് നല്ലവണ്ണം കാണാമായിരുന്നു. അയാൾ പോക്കറ്റിൽ പരാതി നോക്കി. ഒരു ബീഡി ഉണ്ടായിരുന്നെങ്കിൽ അയാൾ നിശ്വസിച്ചു. ഇത്രയ്ക്കു ഭക്ഷണം കഴിഞ്ഞാൽ ഒരു ബീഡി വലി അയാളുടെ ശീലം ആണ്.
ആഹാരം തന്ന സ്ഥിതിക്ക് ദൈവമേ നിനക്ക് ഒരു ബീഡിയും കൂടി തന്നു കൂടായിരുന്നോ. ദൈവം കണ്ണിൽ ചോരയില്ലാത്തവൻ ആണ്. അല്ലെങ്കിൽ ഒരു പുകല കഷ്ണം വയ്ക്കുക. ഇതൊന്നും ഇല്ലാതെ വെറും ഭക്ഷണം മാത്രം കഴിക്കുക എന്ന് വച്ചാൽ അത് അല്പം കടുപ്പം ആണ്. സാരമില്ല ഇനി അടുത്ത തവണ ആഹാരം തരുമ്പോൾ ദൈവമേ നീ അത് ഓർത്തു ചെയ്‌താൽ മതി. ദൈവത്തോട് ഒരു താക്കീതു എന്ന പോലെ അയാൾ മൊഴിഞ്ഞു.
ഇനി ഇപ്പോൾ ഇവിടെ തന്നെ കിടക്കാം. കിടക്കുവാൻ ഉള്ള സ്ഥലം ഒന്നുമില്ല. പഴയതാണെങ്കിലും. അര മതിൽ കുമ്മായവും മണ്ണും ചേർന്ന് ദൃഡമായിരിക്കുന്ന ഭിത്തി. കാറ്റും മഴയും കൊള്ളാതെ ഇന്നിവിടെ അന്തി ഉറങ്ങാം. നാളത്തെ കാര്യം നാളെ.
ഭിത്തിയിൽ തല ചായ്ച്ചു അയാൾ ഉറങ്ങുവാൻ ഉള്ള ശ്രമം നടത്തി. പുറത്തു നക്ഷത്രങ്ങൾ വെട്ടി തിളങ്ങുന്നു. പോരാത്തതിന് നല്ല തണുത്ത കാറ്റും. അയാൾ ഒരു പഴയ തമിഴ് പാട് ചുണ്ടിൽ മൂളി “എങ്ക രാജാ നാൻ താൻ, ഉങ്ക ദേവ അതും നാൻ താൻ” ആ വരികൾ അയാൾ ആവർത്തിച്ച് പാടി കൊണ്ടിരുന്നു. പിന്നെ എപ്പോഴോ അയാൾ മഹാ നിദ്രയിലേക്ക് വഴുതി വീണു. ഇനി ഒരിക്കലും ഉണരാത്ത നിദ്ര. അപ്പോഴും അയാളുടെ ചുണ്ടിൽ ഒരു നറു പുഞ്ചിരി ഉണ്ടായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ