2019, ഏപ്രിൽ 27, ശനിയാഴ്‌ച

ഓർമയിൽ ഒരു വിഷുക്കാലം



മീനാക്ഷി   വിഷുക്കണി ഒരുക്കുന്നത് ഞാൻ നോക്കി ഇരുന്നു . എല്ലാത്തിനും ഒരു ചിട്ടയുണ്ട് അവൾക്ക് . സാധാരണ ഞാൻ ആണ് വിഷുക്കണി ഒരുക്കുന്നത് . പക്ഷെ ഇത്തവണ ഞാൻ പറഞ്ഞു  നീ ഒരുക്കിക്കോളു . നാട്ടിലുള്ള സഹോദരിയുടെ മകൾ പ്രസവിച്ചു . പുല, വാലായ്മ  തുടങ്ങിയ ദിനങ്ങളിൽ അമ്പലത്തിൽ പോകുന്നതും , വിളക്ക് കൊളുത്തുന്നതും സാധാരണ ഹിന്ദു ഭവനങ്ങളിൽ പാതിവല്ലല്ലോ ..

സൂക്ഷ്മതയോടെ തേച്ചു കഴുകിയ ഓട്ടുരുളിയിൽ , സ്വർണ കണി വെള്ളരിയും ,നാളികേരം , മാങ്ങാ , പഴം തുടങ്ങിയ ഫലങ്ങൾ ഉരുളിയിലും , തറയിലുമായി ഒരുക്കി വച്ചു . അഷ്ടമംഗല്യത്തട്ട് , കസവു പാകിയ ചേല , വാൽക്കണ്ണാടി ,  വലം പിരി ശംഖ് , പാരായണ  ഗ്രന്ഥങ്ങൾ എന്നിവയും കൂടി ആ പട്ടികയിൽ മീനുട്ടി ഉൾപ്പെടുത്തി. പിന്നെ   സുവർണ ശോഭയുള്ള കൊന്നപ്പൂക്കൾ  അരികെയായി വിതറി.

പാതി മുറിച്ച നാളികേരത്തിൽ എണ്ണയൊഴിച്ചു തിരി മുക്കി വച്ചു . ഇനി നാളെ രാവിലെ ഈ തിരി തെളിയിക്കണം . ശ്രീകൃഷ്ണ വിഗ്രഹം പിറകിൽ ഓടകുഴലൂതി പുഞ്ചിരി തൂകി നിൽക്കുന്നു. കണിക്കൊന്ന പൂക്കൾ  ഭഗവന് പ്രിയപ്പെട്ടതാവാൻ ഒരു കഥ മുത്തശ്ശി  പറഞ്ഞു തന്നിട്ടുണ്ട് .

പണ്ട് ഗുരുവായൂരിൽ ഒരു കാലി  ചെറുക്കൻ ഉണ്ടായിരുന്നു. കണ്ണൻ എന്നും അവന്റെ കൂടെ കളിക്കും .      ഒരു ദിവസം കണ്ണന് ആരോ ഒരു വിലയേറിയ അമൂല്യമായ സ്വർണമാല സമർപ്പിച്ചു . ശാന്തിക്കാരൻ തിരുമേനി ആ മാല  കണ്ണന്റെ മാറിൽ അണിയിച്ചു .

അന്നേ ദിവസം   രാത്രി കണ്ണൻ സുന്ദരമായ ആ മാലയും അണിഞ്ഞാണ്   ചെറുക്കനെ കാണുവാൻ ചെന്നത് . കണ്ണന്റെ സുന്ദരമായ മാലയിൽ അവന്റെ കണ്ണ് പതിഞ്ഞു . എന്ത് ചോദിച്ചാലും നൽകുന്ന ലക്ഷ്മി കാന്തനായ  കണ്ണൻ  ആ മാല അവന്റെ കഴുത്തിൽ അണിയിച്ചു. സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ ഈറനണിഞ്ഞു .

പിറ്റേ ദിവസം നിർമ്മാല്യ വേളയിൽ ശാന്തിക്കാരൻ  ആ സത്യം അറിഞ്ഞു . കണ്ണന്റെ വിലയേറിയ സ്വർണ പതക്കം മോഷ്ടിക്കപ്പെട്ടിരിക്കുന്നു .നാട്ടാരറിഞ്ഞു , നാട്വാഴി അറിഞ്ഞു. നാട് മുഴുവനും അവർ കള്ളനെ തിരഞ്ഞു .

ഇതൊന്നും   അറിയാതെ ആ ബാലൻ നടന്നു വരികെയായിരുന്നു . അപ്പോൾ നാട്ടുകാരിൽ ആരോ ഒരാൾ അവനെ കണ്ടു. അവന്റെ കഴുത്തിൽ കണ്ണന് ചാർത്തിയ മാല കണ്ടു. കള്ളനെ പിടിച്ചേ എന്നവർ ആഹ്ലാദപൂർവം  ഓരിയിട്ടു .  അവൻ ആവുന്നത്ര പറഞ്ഞു അത് അവൻ മോഷ്ടിച്ചതല്ല എന്ന്. പക്ഷെ ആര് കേൾക്കാൻ .
ശിക്ഷ വിധിക്കുവാനായി അവനെ വാഴുന്നോരുടെ മുൻപിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങി. കണ്ണനെ വിളിച്ചവൻ ഉറക്കെ കരഞ്ഞു.  അവന്റെ വിളി കണ്ണൻ കേട്ടില്ല . ദേഷ്യവും , സങ്കടവും കൊണ്ട് അവൻ ആ മാല കഴുത്തിൽ നിന്നും വലിച്ചൂരി ദൂരേക്കെറിഞ്ഞു .  ആ മാല  ചെന്ന് വീണത്
അരികിൽ നിന്നിരുന്ന ഒരു കൊന്നമരത്തിൽ ആയിരുന്നു .

അതുവരെ ഒരിക്കലും പൂക്കാത്ത മരമായിരുന്നു കൊന്നമരം . ആ മാല ചെന്ന് വീണപ്പോൾ   മാലയ്ക്കു പകരം സ്വർണ നിറമുള്ള പൂക്കൾ അവിടെ പ്രത്യക്ഷപെട്ടു . അന്ന് മുതലാണ് കൊന്ന മരം പുക്കുവാൻ തുടങ്ങിയത് എന്ന് പറയപ്പെടുന്നത് . അതേസമയം തന്നെ  ശ്രീകോവിലിൽ നിന്നും അശരീരി കേട്ടു "ആ മാല അവനു ഞാൻ കൊടുത്തതാണ് എന്ന്."

രാവിലെ കണി കാണാൻ ഉള്ള ഒരുക്കങ്ങൾ  പൂർത്തിയായി .ഒരു വർഷം മുഴുവനും അകക്കണ്ണിൽ അഭൗമ ദൃശ്യം തിളങ്ങണം . കണ്ണുകൾ അടച്ചു . നിദ്രാ ദേവിയുടെ കടാക്ഷം  പ്രതീക്ഷിച്ചുകൊണ്ട് ....

വിഷുക്കാലം എന്റെ മനസ്സിൽ സുഗന്ധം  നിറയ്ക്കുന്നു . ഏകദേശം ഒരു പതിനെട്ടു വർഷങ്ങൾക്കു മുമ്പ് ഒരു വിഷു ദിവസം ഞാൻ ശരണം പ്രാപിച്ചത് തിരുമാന്ധാം കുന്നിലമ്മയുടെ സന്നിധിയിൽ ആയിരുന്നു.

ഏകാകിയായി അലഞ്ഞു തിരിഞ്ഞ നടന്ന നാളുകൾ .ജോലി ഒന്നും തരപ്പെട്ടിട്ടില്ല . വീട്ടിൽ നിൽക്കുവാൻ ഉള്ള പ്രാപ്തി ഇല്ല. അങ്ങനെ ഒരു ദേശാടനം .ഒരു തോൾ സഞ്ചിയും , മാറുവാൻ ഉള്ള വസ്ത്രവും മാത്രം . ഭക്ഷണം കഴിക്കുവാൻ പോലും  തുകയില്ലാത്ത നാളുകൾ . ചരടില്ലാത്ത പട്ടം പോലെ പാറി പറന്ന  നാളുകൾ .

വിശ്വാസം എപ്പോഴും  ആപേക്ഷികമാണ് , ഇത് വായിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് തോന്നും ഞാൻ വെറുതെ ഓരോന്ന് എഴുതി പിടിപ്പിക്കുകയാണ് . അല്ലെങ്കിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുകയാണ് എന്ന്. ഞാൻ ഇതെഴുതുന്നത് എന്റെ വിശ്വാസത്തിൽ ഊന്നിയാണ് . ഞാൻ അനുഭവിച്ചത്‌ , കണ്ടത് , തൊട്ടറിഞ്ഞത് എല്ലാം എന്റെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു .

ഭക്തി കൊണ്ടല്ല ഞാൻ  ക്ഷേത്രത്തിൽ എത്തിയത് . ഒളിച്ചോട്ടം . ജീവിതത്തിൽ നിന്നും ഒരു ഒളിച്ചോട്ടം . എന്നിൽ നിന്നും, വീട്ടു കാരിൽ  നിന്നും എല്ലാം .
.
ഒരു പക്ഷെ ഒരു നിയോഗം  ആയിരിക്കാം എന്നെ ആ ക്ഷേത്ര നടയിൽ കൊണ്ട് എത്തിച്ചത് . ഒഴുക്കിനൊപ്പം നീങ്ങുന്ന തോണിപോലെ യാത്ര ഏതു കരയിൽ ചെല്ലും എന്നറിയില്ല. ആകെ ശൂന്യത മാത്രം അച്ഛന്റെ ആക്ഷേപം കേട്ട് മടുത്തിരിക്കുന്നു .

അത് പോട്ടെ ഇതുപോലെ ഒരു വിഷു  ദിനത്തിൽ ആണ് ഞാൻ ക്ഷേത്രത്തിൽ എത്തിയത് എന്ന് പറഞ്ഞുവല്ലോ .ആദി പരാശക്തിയായ 'അമ്മ സപ്‌തമാതാക്കൾക്കൊപ്പം   രൗദ്ര ഭാവത്തിൽ ഇടത്‌ കാൽ മടക്കി വച്ച് വലതു കാൽ താഴ്ത്തേക്കു തൂക്കി ഇട്ടിരിക്കുന്ന ഭാവത്തിൽ ആണ് ഭഗവതി പ്രതിഷ്‌ഠ . എട്ടു കൈകളിൽ ആയുധങ്ങളും , വെട്ടിയെടുത്ത ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്ന ഭയാനകമായ ഭാവത്തിൽ ഉള്ള ഭദ്രകാളി .

മാമാങ്കത്തിൽ ചുരികതലപ്പുക്കൾ കൊണ്ട് കണക്കു തീർക്കുവാൻ ഇറങ്ങിയ ദേശാഭിമാനികളായ ചാവേറുകൾ   ചരിത്രമായ കഥകൾ ഇന്നും അവിടെ ചെന്നാൽ കേൾക്കാം .സാമൂതിരിയെ എതിരിട്ട  ചാവേറുകളുടെ ചരിത്രം കേരള  ചരിത്രത്തിന്റെ ഭാഗം ആണല്ലോ? .   തിരുമാന്ധാം കുന്നു ക്ഷേത്രത്തിൽ നിന്നാണ് വള്ളുവക്കോനാതിരിയുടെ ചാവേറുകൾ സാമൂതിരിയെ  വധിക്കുവാനായി പുറപ്പെടുന്നത് .പന്ത്രണ്ടു വർഷങ്ങൾക്കു  ശേഷം വീണ്ടും ഈ ചടങ്ങുകൾ ആവർത്തിക്കും. ചാവേറുകൾ മാമാങ്കത്തിന് പുറപ്പെട്ട ആ തറ 'ചാവേർ തറ' ഇപ്പോഴും ക്ഷേത്രത്തിൽ ഉണ്ട്.

സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു.  വടക്കേ കൽ പടവുകൾ ഇറങ്ങി താഴ്പ്പോട്ടു പോയാൽ  കടലുണ്ടി പുഴയുടെ പോഷക നദി കാണാം . ദേവി സ്നാനം ചെയുന്നു ഇവിടെ യാണെന്ന്  പഴമക്കാർ പറയപ്പെടുന്നു.

നല്ല മഞ്ഞു പെയ്യുന്നു  പുഴയുടെ ഓളങ്ങളിൽ കാൽ മുട്ടുമ്പോൾ തണുപ്പ് ഇരച്ചു കയറുന്നു. ആകാശ കാഴ്ച സുന്ദരം , മിന്നി തിളങ്ങുന്ന നക്ഷത്ര കൂട്ടങ്ങൾ .

അരകല്ലിൽ  ചാരി ഇരിക്കെ വിശപ്പും , ദാഹവും കൊണ്ട് പതിയെ ഒന്ന് മയങ്ങി പോയി. എപ്പോഴോ എന്നറിയില്ല വല്ലാത്ത ദിവ്യ സുഗന്ധം എന്നിൽ അനുഭവപ്പെട്ടു ..ഇതുവരെ അനുഭവപ്പെടാത്ത ഒരു സുഗന്ധം , അനുഭൂതി . കസ്തുരിയോ ,  ചന്ദനഗന്ധമോ  എന്തോ മത്തു പിടിപ്പിക്കുന്ന ഗന്ധം .

തോന്നലാകാം| അങ്ങനെയാണ് ആദ്യം തോന്നിയത്.   ഞാൻ കണ്ണ് തുറന്നു . ചന്ദ്രൻ തലയ്ക്കു മുകളിൽ തെളിഞ്ഞു നിൽക്കുന്നു. സമയം മുന്ന് മണി ആയിട്ടുണ്ടാകാം .

അറിയാതെ ഒരു ഭയം എന്നിൽ ഉണർന്നു .
ദിക്കൊന്നും  അറിയാത്ത  അവസ്ഥ .   സ്വയ രക്ഷക്കായി അറിയാവുന്ന മന്ത്രങ്ങൾ ചൊല്ലി. അമ്പലം അടച്ചു കഴിഞ്ഞിരിക്കുന്നു . തിരികെ
പോക ണമെങ്കിൽ കൽപ്പടവുകൾ കയറി അമ്പലവഴി ചുറ്റിപ്പോകണം . രാത്രിയായാൽ , ഭഗവതിയും പരിവാരങ്ങളും പുറത്തിറങ്ങും . ഉഗ്രരൂപിണിയായ 'അമ്മ ഭക്‌തവാത്സല്യം ചൊരിയുന്നവൾ ആണെങ്കിലും കോപിഷ്ടയാണ് . മന്ത്രം ജപിച്ചുകൊണ്ടവിടെ തന്നെ ഇരുന്നു .  

ഭയം മാറി തുടങ്ങി . വീണ്ടും ചെറുതായ മയക്കം. എപ്പോഴോ എഴുന്നേറ്റു.  പിന്നിൽ വടക്കു പടിഞ്ഞാറായി ആരോ കുളിക്കുന്ന ശബ്ദം . ആരാണ് , ഒന്നും മനസിലാകുന്നില്ല . ഈ  അസമയത്തു ആരാണിവിടെ വരാൻ.  പിന്നെ കിലുങ്ങുന്ന പാദസ്വരം . വെള്ളത്തിൽ ആരോ കാലിട്ടടിക്കുന്ന പോലെ...
പിന്നെ ഭയാനകമായ നിശബ്ദത . വീണ്ടും ഭയം എന്നിൽ ഉടലെടുത്തു.
ആരാണ്  ഇങ്ങനെ .....

ഞാൻ പതിയെ വടക്കു പടിഞ്ഞാറു ഭാഗത്തേക്ക് നോക്കി. ഇല്ല ആരുമില്ല . തോന്നലാകുമോ . അല്ല ആ ശബ്ദം   എന്റെ കാതിൽ  ഇപ്പോഴും കേൾക്കാം .
പെട്ടെന്നാരോ എന്റെ കരണത്തടിച്ചപോലെ ഒരു തോന്നൽ . ബോധം കേട്ട് ആ കല്ലിൽ കിടന്നു. എത്ര നേരം എന്നറിയില്ല.

കാലത്തു ആരോ എന്നെ വിളിച്ചുണർത്തി .
"ഇവിടെ ഉറങ്ങുകയായിരുന്നു . ഭഗവതി നീരാടുന്ന കടവാണിത് . ഭാഗ്യം പലർക്കും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് . പലരും പലതും കണ്ടു ഭയന്നിട്ടുണ്ട് . ദേവി കാത്തു .. അമ്മെ ശരണം ......"   അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു.


കുളി  കഴിഞ്ഞു ദേവി ദർശനം  നടത്തുമ്പോൾ ശാന്തക്കാരൻ തിരുമേനി പറഞ്ഞു . "ദേവി കടാക്ഷം ഉണ്ട്. നന്നായി വരും. ദേവി അനുഗ്രഹിക്കട്ടെ "

പതിയെ കൽപ്പടവുകൾ ഇറങ്ങി താഴത്തേക്കു നടന്നു. ഇപ്പോൾ എത്ര വർഷങ്ങൾ . എങ്കിലും ചിലപ്പോൾ ഏകാഗ്രമായി ഇരിക്കുമ്പോൾ ആ പാദസ്വര കിലുക്കവും  സുഗന്ധവും ഞാൻ അനുഭവിക്കാറുണ്ട് .

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആ ഭഗവതിയെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഞാൻ കണ്ണുകൾ പതിയെ അടച്ചു.

1 അഭിപ്രായം: