ഞാൻ പഠിച്ച സ്‌കൂൾ പുല്ലുവഴിയിലെ ജയകേരളം എന്നറിയപെടുന്ന പ്രശസ്തമായ വിദ്യാലയം ആണ്. കമ്മ്യൂണിസ്റ് പ്രസ്ഥാനം വേരോടിയ പുല്ലുവഴി എന്ന മനോഹരമായ ഗ്രാമത്തിൽ തന്നെയാണ് സഖാക്കളായ പി . കെ . വാസുദേവൻ നായരും, ഗോവിന്ദപിള്ളയും , പി . ആർ . ശിവനും ഭൂജാതരായത്. ഇപ്പോഴും ഗ്രാമത്തിന്റെ തനിമയും, മനോഹാരിതയും നഷ്ടപ്പെടാത്ത സുന്ദരഗ്രാമം .
എന്റെ മലയാളം അധ്യാപകൻ ആയിരുന്നു ബാലൻ സാർ . മെലിഞ്ഞ ശരീരമുള്ള ഒരു പാവം അധ്യാപകൻ . ഇത്രയും നിർമലനായ ഒരു മനുഷ്യനെ ഞാൻ അന്നുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. . അദ്ദേഹത്തിന്റെ മലയാളം ക്ലാസ് എന്ന് പറഞ്ഞാൽ അത് ഒരു ഒന്നൊന്നര ക്‌ളാസ് ആണ്. എന്നിലെ കഥാകാരനെ ഉണർത്തുവാനുള്ള പ്രചോദനം നൽകിയത് ബാലൻ സാർ ആണ്. സാർ പറഞ്ഞ ഒരു കഥ ഞാൻ ഇവിടെ പറയുകയാണ് .
മാർക്കാണ്ഡേയ പുരാണത്തിലെ ഔത്തമം എന്ന മന്വന്തരം അദ്ദേഹം വിവരിച്ചു തന്നത് ഇന്നലെ എന്ന പോലെ എനിക്കൊർമയുണ്ട് . ഒരു മനുവിന്റെ ഭരണകാലമാണ് മന്വന്തരം എന്ന് പറയപ്പെടുന്നത്. ഒരു മനുവിന്റെ കാലം 72 ചാതുർ യുഗങ്ങൾ ചേർന്നതാണ് . കൃതയുഗം, ത്രേതായുഗം , ദ്വാപരയുഗം , കലിയുഗം എന്നെ യുഗങ്ങൾ ചേർന്ന കാലം
ഉത്താനപാദ മഹാരാജാവിന്റെയും , നക്ഷത്രമായി പ്രശോഭിക്കുന്ന ധ്രുവന്റെയും കഥ നമുക്ക് സുപരിചിതമാണല്ലോ . മഹാരാജാവിനു സുനിതയെന്നും , സുരുചിയെന്നും രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. സുരുചി എന്ന ഭാര്യയോടായിരുന്നു രാജാവിനേറെ പ്രിയം. അതുകൊണ്ടു തന്നെ സുരുചിയിൽ ഉണ്ടായ മകൻ ഉത്തമൻ മഹാരാജാവിന് ധ്രുവനെക്കാൾ പ്രിയങ്കരനായി.
ഔത്തമം എന്ന മന്വന്തരം , ഔത്തമം എന്നാൽ
നാമവിശേഷണം ആണെന്ന് ബുദ്ധിയുള്ള നമുക്കറിയാമല്ലോ . ബഹുല എന്നൊരു സുന്ദരിയെ ഉത്തമൻ വിവാഹം കഴിച്ചു. ബഹുലയിൽ ആസക്തനായ രാജാവ് രാജകാര്യങ്ങളിൽ ശ്രദ്ധിക്കാതെ സദാ സമയവും അവളോടൊപ്പം കഴിഞ്ഞു. തൻമൂലം അവൾ അഹങ്കാരിയായി മാറി. രാജാവായ ഉത്തമന്റെ വാക്കുകൾ ധിക്കരിച്ചു ബഹുലയെ കോപിഷ്ടനായ രാജാവ് വനത്തിൽ ഉപേക്ഷിക്കുന്നു. പക്ഷെ അദ്ദേഹത്തെ വിരഹ ദുഃഖം
കീഴടക്കി .
വിരഹഗാനം പാടി നടക്കുന്ന ഉത്തമന്റെ അരികിലേക്ക് ഒരു ബ്രാഹ്മണൻ വരുന്നു. ആ ബ്രാഹ്മണൻ പറയുന്നു .
" പ്രഭോ, ഒരു സങ്കടം ഉണർത്തിക്കുവാനുണ്ട് "
ഉത്തമൻ രാജകീയ ഭാവത്താൽ പറഞ്ഞു. " ഉണർത്തിച്ചു കൊള്ളൂ" . പ്രജകളുടെ സങ്കടത്തിന് മുന്നിൽ സ്വന്തം ദുഃഖത്തിന് എന്ത് വില.
വിപ്രൻ ഉണർത്തിച്ചു.
" എന്റെ പത്നിയെ നഷ്ടപ്പെട്ടിരിക്കുന്നു. ദയവായി അവളെ വീണ്ടെടുത്തു തന്നാലും . "
ഉത്തമൻ ചോദിച്ചു . " അങ്ങയുടെ പത്നി എന്റെ പത്നി ബഹുലയെപോലെ സുന്ദരിയാണന്നോ"
ബ്രാഹ്മണൻ പറഞ്ഞു. " അല്ല പ്രഭോ, അവൾ വിരൂപയാണ് . "
ഉത്തമൻ മനസ്സിൽ ആലോചിച്ചു . " എന്റെ ബഹുല നിലാവുപോലെ സുന്ദരിയാണ് ."
"ആട്ടെ അങ്ങയുടെ പത്‌നി സുശീലയും, സുചരിതയും ആകുന്നോ"
"ഈ ഗുണങ്ങൾ രണ്ടുമില്ല എന്റെ ഭാര്യക്ക് " ബ്രഹ്‌മണൻ പറഞ്ഞു .
പിന്നെ എന്തിനാടോ താൻ അവളെ അന്വേഷിക്കുന്നത് എന്ന് രാജൻ ചോദിച്ചില്ല. പ്രജാഹിതം നടത്തേണ്ടവനാണ് രാജാവ് . ഇല്ലെങ്കിൽ കുലം മുടിഞ്ഞു പോകും.
അങ്ങനെ വിപ്ര ഭാര്യയേ അന്വേഷിച്ചു രാജാവ് വനത്തിലേക്ക് പോകുന്നു. അങ്ങനെ പോകുന്ന രാജാവ് എത്തപ്പെടുന്നത് ഒരു രാക്ഷന്റെ മുമ്പിലേക്കാണ് . മുന്നിലേക്ക് ചാടി വീണ രാക്ഷസനെ ജോസ് പ്രകാശിനെ നേരിടുന്ന നസീറിനെ പോലെ ഊരിയ വാളുമായി രാജാവ് നേരിടുന്നു.
സ്റ്റണ്ട് ത്യാഗരാജന്റെ നേതൃത്തിൽ നടന്ന സംഘടനത്തിനൊടുവിൽ രാജാവ് രാക്ഷസനെ കീഴ്പെടുത്തുന്നു .
ഒടുവിൽ വിപ്ര പത്‌നിയെ തടവിലാക്കിയത് താൻ തന്നെ എന്ന് രാക്ഷസൻ സമ്മതിക്കുന്നു . രാജ്യത്തിറങ്ങി പെണ്ണുങ്ങളെ മോഷ്ടിക്കുന്നത് വിശപ്പ് അടക്കുവാൻ ആണെന്നും പക്ഷെ വിപ്ര പത്‌നിയെ ഇതുവരെ ഭക്ഷിച്ചില്ല എന്നും, കാരണം അവളുടെ വായിലെ നാക്കാണ് എന്നും രാക്ഷസൻ രാജാവിനോട് ഉണർത്തിക്കുന്നു . അത്രയ്ക്ക് വിഷലിപ്‌തമായ നാക്കണത്രെ ബ്രാഹ്മണ ഭാര്യയുടേതെന്നുള്ള തിരിച്ചറിവിൽ രാജാവ് നടുങ്ങുന്നു. ഒരു ബാക്ക് ഗ്രൗണ്ട് മ്യൂസികിനുള്ള സ്കോപ് അവിടെയുണ്ട് .
ഉത്തമന് ഒരു ഐഡിയ വീണു കിട്ടുന്നു . ആൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ് " എന്നാണല്ലോ പ്രമാണം .
"ഹേയ് രാക്ഷസാ , നിനക്കു വിശക്കുന്നു എന്ന കാരണത്താൽ ആണല്ലോ ഇവളെ നീ തടവിൽ ആക്കിയത്. നീ ബ്രാഹ്മണപത്‌നിയുടെ ചീത്ത സ്വഭാവത്തെ ഭക്ഷിച്ചു കൊള്ളുക."
ബ്രാഹ്‌മണ സ്ത്രീ കടുത്ത പുലഭ്യ വാക്കുകൾ പറയുന്നു. . രാജാവ് ചെവി പൊത്തി പിടിക്കുന്നതിനാൽ അവൾ പറഞ്ഞത് നാം കേൾക്കുന്നില്ല . അവളുടെ ദുഷ്ട സ്വഭാവത്തെ തന്തുരി ചിക്കൻ എന്ന പോലെ രാക്ഷസൻ ഭക്ഷിക്കുന്നു .
ഒരു നിമിഷം , അവളുടെ വൈരൂപ്യം മുഴുവനും മാറി ഒരു സുന്ദരിയായി അവൾ മാറുന്നു. അവൾ കൈകൾ കൂപ്പി രാജാവിനെ സ്തുതിക്കുന്നു .
ഒരിടവേളക്ക് ശേഷം കഥ വീണ്ടും തുടരുന്നു.
രാക്ഷസൻ രാജാവിനോട് പറയുന്നു ,
"പ്രഭോ , എന്റെ വിശപ്പിനിയും മാറിയിട്ടില്ല."
ഉത്തമൻ പറഞ്ഞു ഈ വനത്തിൽ എവിടെയോ എന്റെ ഭാര്യ ബഹുലയുണ്ട് . നീ അവളുടെ ചീത്ത സ്വഭാവം ഭക്ഷിച്ചു അവളെ ശുദ്ധയാക്കി എനിക്ക് നൽകു . രാക്ഷസൻ അപ്രകാരം ചെയുന്നു.
സൽഗുണ സമ്പന്നയായ ബഹുലയെ രാക്ഷസൻ രാജാവിന് നൽകുന്നു . പിന്നെ ഒരു യുഗ്മ ഗാനം അവിടെ ചേർക്കാവുന്നതാണ് . സ്ലോ മോഷനിൽ അവർ ഇരുവരും കൈ പിടിച്ചോടുന്നതിനിടയിൽ പാട്ട് അവസാനിക്കുന്നു.
അവരുടെ പുത്രനായ ഔത്തമനാണ് അടുത്ത മനു ആയതു..
ഇനി ഈ കഥ ഞാൻ എന്തിനു പറഞ്ഞു എന്ന് ചോദിച്ചാൽ അതിനു ഒരു കാരണം ഉണ്ട്.
അതാണ് ഇനി ഞാൻ വിവരിക്കുവാൻ പോകുന്നത് .
ആ ജയകേരളം സ്‌കൂളിലെ പ്രധാന അധ്യാപകൻ ആയിരുന്നു വാര്യർ സാർ എന്നറിയപെടുന്ന നാരായണ വാര്യർ. ദേവന്റെയും , അസുരന്റെയും സ്വഭാവം അദ്ദേഹത്തിൽ സന്നിവേശിച്ചിരിപ്പുണ്ടായിരുന്നു . നല്ല ഒന്നാന്തരം അധ്യാപകൻ . കുട്ടികൾക്കേറെ പ്രിയങ്കരൻ . അദ്ദേഹം പഠിപ്പിച്ചാൽ ഏതു മണ്ട ശിരോമണിയും പാസാകും എന്നത് നിശ്ച്ചയം .
വാര്യർ സാറിന്റെ ധർമ പത്‌നി വിശാലാക്ഷി ടീച്ചർ ആയിരുന്നു. ആ വിദ്യാലയത്തിലെ ഹിന്ദി അദ്ധ്യാപിക ആയിരുന്നു വിശാലാക്ഷി . രണ്ടു പേരും , ഒരുമിച്ചു വരും, ഉച്ചയ്ക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കും, ഒരുമിച്ചു വീട്ടിലേക്കു തിരിച്ചു പോകും. നല്ല മാതൃകാ ദമ്പതികൾ . വിശാല ടീച്ചറുടെ വിഷയം ഹിന്ദി ആയിരുന്നു എങ്കിലും , ചിലപ്പോൾ മലയാളവും ടീച്ചർ എടുക്കുമായിരുന്നു. അങ്ങനെ സുരഭിലമായ ദിവസങ്ങൾ കടന്നു പോയി കൊണ്ടേ ഇരുന്നു .
. അങ്ങനെ കഥ നന്നായി പോയാൽ മാത്രം പോരല്ലോ. കഥയിൽ ഒരു വില്ലനോ, വില്ലത്തിയോ വരേണ്ട സമയം കഴിഞ്ഞില്ലേ. അങ്ങനെയാണ് നമ്മുടെ കോമളവല്ലി ടീച്ചർ എന്ന പുതിയ കണക്കദ്ധ്യാപിക വിദ്യാലയത്തിൽ ജോയിൻ ചെയുന്നത് . ആഢ്യത്തമുള്ള കോമളവല്ലി ടീച്ചർ വാര്യർ സാർ എന്ന വട വൃക്ഷത്തിൽ പറ്റി ചേർന്നു നിന്നു .
അറ്റെൻഷൻ സിൻഡ്രം അല്ലെങ്കിൽ അപ്പ്രീസിയേഷൻ സിൻഡ്രം ഉള്ള അധ്യാപികയായിരുന്നു കോമളവല്ലി ടീച്ചർ . പച്ച മലയാളത്തിൽ പറഞ്ഞാൽ ഒരു പിരി ഇളകിയിട്ടുണ്ട് എന്ന് നിസ്സംശയം പറയുവാൻ കഴിയും.
. എല്ലവരും തന്നെ ശ്രദ്ധിക്കണം , തന്നെ കുറിച്ച് മറ്റുള്ളവർ പുകഴ്ത്തി പറയണം , എന്ന ചിന്തയിൽ മഥിച്ചു നടക്കുന്നവൾ ആയിരുന്നു കോമളവല്ലി .വെളുത്ത മെലിഞ്ഞ താൻ കുറച്ചു സുന്ദരിയാണെന്നുള്ള അവബോധം ടീച്ചറിന് ധാരാളം ഉണ്ടായിരുന്നു. അങ്ങു തെക്കുള്ള ഏതോ വലിയ കുടുംബത്തിലെ അംഗം ആണെന്ന് ടീച്ചർ സ്വയം അഭിപ്രായപ്പെട്ടു. പക്ഷെ ആ അഭിപ്രായം ടീച്ചറിനേക്കാൾ ഏറെ സ്വാധീനിച്ചത് നമ്മുടെ വാര്യർ സാറിനെ ആയിരുന്നു. ടീച്ചർ മിടുക്കിയാണെന്നും, വലിയ തറവാട്ടിലെ അംഗം ആണെന്നും , ടീച്ചറിന് കൊമ്പുണ്ടെന്നും വരെ പ്ലക്കാർഡിൽ എഴുതി ഒട്ടിച്ച പോലെ നമ്മുടെ വാര്യർ സാർ പാടി നടന്നു. അതുമാത്രവുമല്ല വിദ്യാലയത്തിലെ തന്നെ ഏറ്റവും പ്രാഗൽഭ്യം ഉള്ള അദ്ധ്യാപിക കോമളവല്ലിയാണെന്നു വരെ പുള്ളിക്കാരൻ അസന്നിഗ്ത,മായി പ്രഘ്യാപിച്ചു. അതും സ്വന്തം ഭാര്യ കേൾക്കുവാൻ പാകത്തിൽ. . പാണന്റെ കാലഘട്ടം കഴിഞ്ഞിരുന്നില്ലെങ്കിൽ ഒരു പക്ഷെ പാണനെ കൊണ്ട് തന്നെ സാർ ടീച്ചറുടെ വീര ചരിതങ്ങൾ പാടിച്ചേനേ,എല്ലാ ഭാര്യമാരും അക്കാര്യത്തിൽ ഒറ്റകെട്ടാ , അവരുടെ മുമ്പിൽ വച്ച് ഭർത്താവ് പരസ്ത്രീയെ പുകഴ്ത്തി പറഞ്ഞാൽ പുരാണത്തിലെ സാവിത്രി പോലും സഹിക്കില്ല. പിന്നയല്ലേ വിശാലാക്ഷി റ്റീച്ചർ .
നമ്മുടെ നാട്ടിൻ പുറമല്ലേ ഒന്നുമില്ലെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ ഒരു പഞ്ഞവും ഉണ്ടാകില്ലല്ലോ . വാര്യർ സാറിന്റെയും , കോമള വല്ലി ടീച്ചറുടെയും കരിക്കട്ടയിൽ വരച്ച ചിത്രങ്ങൾ രാജാ രവിവർമ്മയുടെ ഭാവന എന്ന പോലെ മൂത്രപ്പുരയിൽ ഒരു വിരുതൻ വരച്ചു വച്ചു .
അതായതു നമ്മുടെ വാര്യർ സാറും, കോമളവല്ലി ടീച്ചറും തമ്മിൽ ഡിങ്കോൾഫി ആണെന്നുള്ള കാര്യം പരസ്യമായ രഹസ്യമായി. .
വാര്യർ സാർ ശുദ്ധൻ ആണ്. അദ്ദേഹം അങ്ങനെ ഒന്നും കരുതില്ല എന്നുള്ളത് ഏവർക്കും അറിയാം. സംഗതി വിശാല ടീച്ചർ അറിഞ്ഞു. ചോദ്യമായി , കരച്ചിൽ ആയി. അടി ആയി. പാടായി
ഇംഗ്ലീഷിൽ നമ്മൾ പറയുന്ന മൂന്നക്ഷരം അവിടെ മൊട്ടിട്ടു . 'ഈഗോ "
സാറിനു വാശി ആയി. പ്രതിപക്ഷ ബഹുമാനം ഇല്ലാത്ത മുഖ്യൻ പറയും പോലെ താൻ പോയി പണി നോക്കടോ എന്ന് സാർ അട്ടഹസിച്ചു. അതിനു പുറമെ വാശി എന്ന പോലെ കോമളവല്ലി ടീച്ചറുമായി സാർ കുടുതൽ സമയം പങ്കിടുവാൻ തുടങ്ങി . പരീക്ഷ പേപ്പർ തയാർ ആകുക , ഉത്തരം പരി ശോധിക്കുക തുടങ്ങിയ കാര്യങ്ങൾ അവർ ഒരുമിച്ചു ചർച്ച ചെയ്തു. അടച്ചുള്ള മുറിയിലെ അവർ തമ്മിലുള്ള കുശു കുശുപ്പ് മറ്റുള്ള അധ്യാപകരുടെ ചെവിയിലും എത്തി.
നനുന്നിരിക്കുന്ന കോമളവല്ലി ടീച്ചറിന് ഹിഡുംബിയുടെ സ്വഭാവം ആണ് ഉള്ളത്. അവർ തരം കിട്ടിയ അവസരത്തിൽ വിശാല ടീച്ചറെ കുത്തുവാനും, കൊള്ളിച്ചു സം സാരിക്കുവാനും തുടങ്ങി. അതോടെ വിശാല ടീച്ചറുടെ സൗശീലം പുറത്തായി . ഘോര വാദങ്ങൾ അവിടെ നടന്നു. അമ്പും വില്ലും ഇല്ലാതെ വാളും , പരിചയും ഇല്ലാതെ വാക് ശരങ്ങൾ അവർ തൊടുത്തു വിട്ടു.
ഹിന്ദി പരീക്ക്ഷക്കുള്ള ചോദ്യങ്ങൾ തെയ്യാറാകുന്നത് തോമസ് സാറും , ടീച്ചറും ഒരുമിച്ചിരുന്നാണ്. പക്ഷെ അതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. വാര്യർ സാറിനു സംശയ രോഗം കശലായി . വിശാല ടീച്ചർ ഇവിടെ പോകുന്നുവോ അവിടെയെല്ലാം പൂച്ചയെ പോലെ പരുങ്ങി വാര്യർ സാർ നടക്കുവാൻ തുടങ്ങി. 7E യിലും , 8B യിലും, 9A യിലും, 10 സി യിലേയും ടീച്ചറുടെ ക്ലാസ്സുകൾ വാര്യർ സാർ നിരീക്ഷിക്കുവാൻ തുടങ്ങി. അതുപോലെ തന്നെ തോമസ് സാറിനേയും സാറിന്റെ കഴുകൻ കണ്ണുകൾ പിന്തുടർന്നു .
ക്ലാസ്സിലും, സ്റ്റാഫ് റൂമിലും , കോറി ഡോറിലും എല്ലാം അവർ വാരിയർ നിരീക്ഷണ വലയത്തിലായി .
ടീച്ചറിനെ കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നതിൽ സാർ ആനന്ദം കണ്ടെത്തി. സ്വന്തം ഭാര്യ ആണെന്നുള്ള ചിന്ത പോലുമില്ലാതെ ടീച്ചറിനെ മറ്റുള്ളവരുടെ മുമ്പിൽ അധികാരത്തോടെ ശകാരിക്കുക , ടീച്ചർ ചെയുന്ന കാര്യങ്ങളിൽ കുറ്റം കണ്ടെത്തുക , പിന്നെ കൊച്ചു പിള്ളേരെ പോലെ ഹെഡ് മാസ്റ്ററിനോട് ടീച്ചറിനെ കുറിച്ചും, തോമസ് സാറിനെ കുറിച്ചും കുറ്റങ്ങൾ പറയുക എന്നതിൽ സാർ നിർവ്രതി കണ്ടെത്തി.
വടക്കു നോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശനെ പോലെ സാർ പെരു മാറുവാൻ തുടങ്ങി. ഇത്രയൊക്കെ ആയിട്ടും കോമളവല്ലി ടീച്ചർ ഒരു പ്രശ്നവും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ സന്തോഷത്തോടെ , അണിഞ്ഞൊരുങ്ങി തന്റെ പതിവ് പരിപാടികൾ തുടർന്നു പോന്നു . ഇതിനിടയിൽ വിശാല ടീച്ചറുടെ വക്കാലത്തു ഏറ്റെടുക്കുവാൻ ചില അധ്യാപകർ ശ്രമിച്ചുവെങ്കിലും കോമളവല്ലി എന്ന നാമധേയം ആരെങ്കിലും ഉരിയാടിയാൽ വെടി കൊണ്ട പന്നിയെ പോലെ സാർ അമറുവാൻ തുടങ്ങുമായിരുന്നു.
പലരും സാറിനെ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചു. പക്ഷെ അതു കൊണ്ടെന്നും ഫലമുണ്ടായില്ല . സംഗതി വഷളായി കൊണ്ടേ ഇരുന്നു. അതിനിടയിൽ വാര്യർ സാറും, തോമസ് സാറും തമ്മിൽ കൊമ്പ് കോർത്തു .
തോമസ് സാർ ചോദിച്ചു.
" വാര്യർ സാറേ നിങ്ങൾ എന്ത് ഭോഷ്കാ ഈ കാണിക്കുന്നേ , എല്ലാത്തിനും ഒരു പരിധി ഇല്ലേ , ഇങ്ങനെ ഒളിഞ്ഞു നോക്കി സ്വയം നാറല്ലേ "
അത് കേട്ടതും വാര്യർ സാറിന്റെ മുഖം ചുവന്നു. ക്ഷിപ്രകോപിയായ സാർ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അതും പോരാഞ്ഞു തന്റെ കുടുംബം തോമസ് സാർ തകർക്കുവാൻ ശ്രമിക്കുകയാണ് എന്നും പറഞ്ഞു ഹെഡ് മാസ്റ്ററിനു ഒരു പരാതി എഴുതി കൊടുത്തു. . നാട്ടിൻ പുറമല്ലേ സ്‌കൂളിന് അകത്തു നടക്കുന്ന കാര്യങ്ങൾ പുറം ലോകം അറിഞ്ഞു. സാമൂഹ്യ പ്രശ്നമായി കുടുംബത്തിലെ സ്വരച്ചേർച്ചയില്ലായ്മ മൂലം ഉണ്ടായ പ്രശ്നനങ്ങൾ ഇപ്പോൾ ഒരു സാമൂഹ്യ പ്രശ്നമായി മാറി. സാർ തന്നെ പല്ലിനിട കുത്തി സ്വയം നാറുന്ന അവസ്ഥ ഉണ്ടാക്കി എന്ന് പറയുന്നതാണ് ശരി. 'നാരീ മൂലം ഉലകിൽ പല വിധ കലഹം പതിവായി' എന്ന അസ്ഥയിൽ എത്തി ചേർന്നു .
അതിനിടയിൽ അച്ഛന് ട്രാൻസ്‌ഫർ ആയി. എനിക്കാ വിദ്യാലയം വിട്ടു പോകേണ്ടി വന്നു. പക്ഷെ അവരുടെ കാര്യം പിന്നെ എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. ഒരു പക്ഷെ ഉത്തമൻ കണ്ട ആ രാക്ഷസനെ എനിക്ക് കണ്ടു മുട്ടുവാൻ കഴിഞ്ഞു എങ്കിൽ ഞാൻ പറയുമായിരുന്നു. സാറിന്റെ അഹംഭാവവും , ഈഗോയും ഭക്ഷിച്ചിട്ടു സാറിനെ പൂർവ സ്ഥിതിയിൽ ആക്കുവാൻ . ഒരു പക്ഷെ രാക്ഷസൻ അത് ചെയ്തിട്ടിട്ടുണ്ടാകാം . വാര്യർ സാറും, വിശാലാക്ഷി ടീച്ചറും ഇപ്പോൾ സുഖമായി ജീവിക്കുന്നുണ്ടാകാം . അങ്ങനെ ശുഭ പരിവസിയായ ഒരു അന്ത്യം തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ