അന്ന് പ്രത്യേകിച്ച് പണി ഒന്നുമുണ്ടായിട്ടില്ല അയാൾ ഓഫീസിൽ ഇരുന്നത് . വൈകുന്നേരം ഏഴു മണി കഴിഞ്ഞുള്ള ഇന്ത്യയും - ആസ്‌ത്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് മാച്ചിന്റെ വിശദാംശങ്ങൾ cricinfo.com വഴി നോക്കി ഇരിക്കുകയായിരുന്നു. വീട്ടിൽ ചെന്നാലും വിരസതയാണ് . ഓഫീസിൽ ഇരുന്നാൽ ഇന്റർനെറ്റിന് രൂപ കൊടുക്കേണ്ടതില്ലല്ലോ . ഓഫീസിലെ സഹപ്രവർത്തകരായ വിജയനും , റഫീക്കും ,ലതികയും തൊട്ട് പ്യൂൺ ആയ ഗോപകുമാർ വരെയുള്ളവരോട് അയാൾ ഒരു നിശ്ചിതമായ അകലം പാലിച്ചിരുന്നു. അതെ അകലം അവരും അയാളോട് പാലിച്ചിരുന്നു .
അവർക്കും അയാളെ ഇഷ്ടമായിരുന്നില്ല.. തികഞ്ഞ അരസികൻ, അയാൾ പറയുന്നതും, പ്രവർത്തിക്കുന്നതും മാത്രമാണ് ശരി എന്നുള്ള മുൻകരുതൽ.
മോഡേൺ വേഷം ധരിക്കുന്ന യുവതികളോട് പുച്ഛം , പണമുള്ളവരോട് നിശ്ചിതമായ അകലം പാലിക്കുക , ആവശ്യത്തിൽ കുടുതൽ അപകർഷതാബോധം ഇവ എല്ലാം
ചേരുമ്പടി എന്നോണം അയാളിൽ ചേർന്നിരുന്നു.
അങ്ങനെ നമ്മുടെ നായകൻ , അയാൾ നെറ്റിൽ കളിയുടെ വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് അയാൾക്ക് ഒരു ഉൾവിളി തോന്നിയത് . കഥാനായകന് പേര് ആവശ്യം ഉള്ളത് കൊണ്ട് നമുക്കയാളെ സുരേഷ് എന്ന് അഭിസംബോധന ചെയ്യാം. എട്ടാമത്തെ ഇന്ത്യൻ വിക്കറ്റും വീണു കഴിഞ്ഞപ്പോൾ അയാൾ സമയം നോക്കി. എട്ടു മണി കഴിഞ്ഞിരിക്കുന്നു. വീട്ടിൽ പോകാം എന്ന് കരുതുമ്പോൾ ആണ് അയാൾക്ക് ഒരു ഉൾവിളി അനുഭവപ്പെടുന്നത്. മെയിൽ ഒന്ന് നോക്കിയേക്കാം .
അങ്ങനെ അയാൾ അയാളുടെ ജി യിൽ തുറക്കുമ്പോൾ അയാള മാത്രം കാത്തെന്നവണ്ണം ഇൻബോക്സിൽ അയാളെ തുറിച്ചു നോക്കുന്ന മെസ്സജ് കണ്ടു. അതും ഒരു പെണ്ണിന്റെ . അയാൾ ആ മെയിൽ തുറന്നു. അതിൽ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്.
സുന്ദരിയും , ആവി വിവാഹിതയും , മലയാള സാഹിത്യത്തിൽ ബിരുദ ധാരിയും , ഏകാകിയും , വയസ് 29 (സംഗീതം , വായന ,ഇന്റർനെറ്റ് ) ഏന്നീ അഭിരുചികൾ ഉള്ള യുവാക്കളിൽ നിന്നും ശുദ്ധ സൗഹൃദം കാംക്ഷിക്കുന്നു .
ആദ്യം ഞാൻ എന്നെ പരിചയപെടുത്തട്ടെ . പേര് സൂസൻ , ശരിക്കുള്ള പേര് സൂസൻ തോമസ് . സംശയിക്കേണ്ട തോമസ് എന്റെ ചാച്ചൻ ആണ് . അപ്പനെ ഞാൻ വിളിക്കുന്നത് ചാച്ചൻ എന്നാണ് . അമ്മച്ചിയും അങ്ങനെതന്നെ വിളിക്കുന്നു . അധ്യാപികയാകുവാൻ താല്പര്യം ഉണ്ടായിരുന്നു എങ്കിലും അങ്ങനെയുള്ള ഒരു ജോലി തരപെടാതിരുന്നതിനാൽ ഇപ്പോൾ ഒരു പ്രൈവറ് സ്ഥാപനത്തിൽ ഗുമസ്തപ്പണി ചെയുന്നു. ഓഫീസില്ലാത്ത സമയത്തു ഇന്റർനെറ്റും , സിനിമയും , സംഗീതവുമായി സമയം കളയുന്നു. ഇളയരാജെയുടെ പാട്ടുകളോട് വല്ലാത്ത ഒരു നൊസ്റ്റാൾജിയ തന്നെയുണ്ട് . ഇവിടെ ഒരു ലേഡീസ് ഹോസ്റ്റലിൽ താമസം . വീട് തിരുവല്ലയിൽ. ആഴ്ച യിൽ ഒരിക്കൽ വീട്ടിൽ പോകും. തിങ്കളാഴ്ച രാവിലെ തിരികെ വരും.
പരിചയപെടുത്തി കഴിഞെങ്കിലും കുറച്ചും കൂടി എന്നെ കുറിച്ച് ഞാൻ പറയാം . ഞാൻ കാഴ്ച്ചയിൽ അത്രയ്ക്ക് സുന്ദരി ഒന്നുമല്ല. ഒരു ഇൻട്രോഡക്ഷൻ എന്ന രീതിയിൽ എന്നെ കുറിച്ച് ഞാൻ തന്നെ പറയണം അല്ലോ . ഉയരം അഞ്ചടി, മൂന്നിഞ്ചു .. അൻപത്തി ഏഴു കിലോ തൂക്കം . തൂക്കം അല്പം കുടുതൽ ആണന്നു തോന്നിയില്ലേ . കൂടെയുള്ള ബെറ്സി പറയുന്നത് തടി അല്പം കുറയ്ക്കണം എന്നാണ് . എന്തായാലും ഞാൻ അതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു . നിറം കറുത്തിട്ടില്ല കേട്ടോ . ആവശ്യത്തിന് മുടിയും ഉണ്ട് .
ഇനി കാര്യത്തിലേക്കു വരാം . എന്റെ സ്വപ്നം പോലെ ഒരഴുക്കും പുരളാത്ത , തെളിഞ്ഞ സൗഹൃദം കാംക്ഷിക്കുന്നു . അങ്ങനെ ഒരു സൗഹൃദം താങ്കളും ആഗ്രഹിക്കുന്നു എന്നുണ്ടെങ്കിൽ താങ്കൾക്ക് മറുപടി അയക്കാം .
സ്നേഹപൂർവം
സൂസൻ
സൂസന്റെ കത്തിന് മറുപടി അയക്കണമോ എന്നയാൾ ശങ്കിച്ചു . പിന്നെ അയാൾ അവൾക്കുള്ള മറുപടി ടൈപ്പ് ചെയുവാൻ തീരുമാനിച്ചു. സൂസനെ പോലെ ഒരു കംപ്യൂട്ടർ അഡിക്റ്റ ഒന്നുമല്ല ഞാൻ. സുന്ദരൻ ആണ് എന്ന് ഞാൻ പറയുന്നില്ല. അല്ലെങ്കിലും പുരുഷന്മാരുടെ സൗന്ദര്യം അവരുടെ പ്രവർത്തിയിൽ ആണല്ലോ .
എന്റെ പേര് സുരേഷ് . ഏകാകിയാണ് . ആവിവിവാഹിതൻ. വയസ് 37 . ഇപ്പോൾ മാട്രിക്സ് എന്ന കമ്പനിയിൽ സിസ്റം അനലിസ്റ് ആയി ജോലി ചെയുന്നു. എനിക്ക് എന്റേതായ ചില കാഴ്ചപ്പാടുകൾ ഉണ്ട് . അതിൽ വ്യതിചലിക്കാതെ ജീവിക്കുവാൻ ആണ് എനിക്കിഷ്ടം .ക്രിക്കറ് ഏറെ ഇഷ്ടമാണ് . പിന്നെ സംഗീതവും , സിനിമയും എനിക്ക് തീരെ താല്പര്യം ഇല്ല. അങ്ങനെ സമയം കളയുവാനുള്ള സമയവും എനിക്കില്ല.
സൂസന്റെ എഴുത്തു കണ്ടാൽ ഒരു മോഡേൺ കല്യാണ ആലോചന പോലെ തോന്നും. സുന്ദരിയൊന്നുമല്ല . പക്ഷെ യരം അഞ്ചടി, മൂന്നിഞ്ചു .. അൻപത്തി ഏഴു കിലോ തൂക്കം ഇതൊക്കെ ഇപ്പോൾ തന്നെ പറയേണ്ടതുണ്ടോ.? അതിനു അത്രയ്ക്ക് നമ്മൾ പരിചയപ്പെട്ടിട്ടില്ലോ . സൂസൻ പറഞ്ഞതുപോലെ ഞാൻ പറയുകയാണെങ്കിൽ പറയാം മീശ വയ്ക്കുന്ന സ്വഭാവം എനിക്കില്ല. നിറം അല്പം കറുത്തിട്ടാണ് . അധികം ആരോടും അങ്ങനെ അടുത്തു ഇടപെഴുകുവാൻ ഒട്ടും താല്പര്യം ഇല്ല. ഇങ്ങനെ ഒരു മെയിൽ എഴുതുന്നത് തന്നെ ആദ്യമായാണ് .
സൂസനെപോലെയല്ല എന്ന് പറയുവാൻ ഇത് തന്നെ ധാരാളം. എനിക്ക് അറിയാം നിങ്ങൾ എന്തുതരം പെണ്ണാണ് എന്നാണ്. ആദ്യത്തെ കത്തിൽ തന്നെ നിങ്ങൾ അല്പം അഹങ്കാരി ആണെന്ന് എനിക്ക് മനസിലായി .
മറ്റുള്ളവരോട് ചാറ്റ് ചെയ്ത , കറങ്ങി നടക്കുന്ന പെൺകുട്ടികളെ എനിക്ക് തീരെ താല്പര്യം ഇല്ല.
സുരേഷ്.
കത്ത് എഴുതിക്കഴിഞ്ഞപ്പോൾ അയാൾ ഒന്ന് നിശ്വസിച്ചു . ഈ കത്ത് വായിക്കുമ്പോൾ സൂസന്റെ കണ്ണുകൾ ചുവക്കുന്നുണ്ടാകും. ഒരു അപരിചിതൻ നേരിട്ട് അഹങ്കാരി എന്ന് വിളിക്കുക . ഇനി ഒരിക്കലും അവൾ ആർക്കും ഇങ്ങനെ എഴുതുവാൻ ഇടവരില്ല.
പിറ്റേ ദിനം അയാൾ ഓഫീസിൽ എത്തിയപ്പോൾ ആദ്യം നോക്കിയത് സൂസന്റെ മെയിൽ തന്നെയായിരുന്നു. മെയിൽ ഉണ്ടാകില്ല എന്നുറപ്പുണ്ടായിട്ടും . പക്ഷെ അയാളുടെ പ്രതിക്ഷകൾ ആസ്ഥാനത്തായിരുന്നു എന്നയാൾ അറിഞ്ഞു. അയാളുടെ ഇൻബോക്സിൽ അയാളെ കാത്ത് സൂസന്റെ മെയിൽ ഉണ്ടായിരുന്നു.
ഹാലോ സുരേഷ് ,
എന്റെ പേര് സൂസൻ എന്ന് ഞാൻ പറഞ്ഞുവല്ലോ . എന്നെ കാണാതെ തന്നെ എനിക്ക് ഈഗോയും , അഹങ്കാരവും ഉണ്ടെന്നു നിങ്ങൾ മനസിലാക്കിയല്ലോ . പിന്നെ ആദ്യ കത്തിൽ പെണ്ണുങ്ങൾ സ്വയം വർണിക്കരുത് എന്നുള്ള നിയമങ്ങൾ ഉണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു . പക്ഷെ നിങ്ങൾ പറഞ്ഞുവല്ലോ. ഏകാകി . ആവിവിവാഹിതൻ , മീശ വയ്ക്കുന്ന സ്വഭാവം ഇല്ല , ക്രിക്കറ് ഇഷ്ടമാണ് എന്നൊക്കെ , ഇതെല്ലാം തന്നെ ഒരു സ്വയം വർണന അല്ലെ ?
നിങ്ങളെ പോലൊരു ആളോട് എനിക്ക് സൗഹൃദം തുടരുവാൻ കഴിയുമോ എന്നെനിക്കറിയില്ല. പക്ഷെ നിങ്ങളെ എനിക്ക് മനസിലാക്കുവാൻ സാധിക്കും. നിങ്ങൾക്ക് ഈഗോ മാത്രമല്ല , അസുയ എന്നുള്ള ദുർഭൂതവും നിങ്ങളുടെ കൂടെ പിറപ്പാണ് . അല്ലെങ്കിൽ നിങ്ങൾക്ക് ദോഷം ചെയ്യാത്ത ഒരാൾ ദുരെ എവിടെയോ ഇരുന്നു ഇന്റർനെറ്റും , സംഗീതവും, സിനിമയും ആസ്വദിക്കുമ്പോൾ ഇത്രയും ക്ഷോഭിക്കുവാൻ എന്ത് കാരണം .ആദ്യമായി അല്ല ഞാൻ ഇങ്ങനെയുള്ള മെയിൽ അയക്കുന്നത് . പക്ഷെ ഇത്രയും ക്രൂരമായി ഒരഭിപ്രായം പറയുന്ന ഒരു സാഡിസ്റ്റാകുവാൻ നിങ്ങൾക്കു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ .
നിങ്ങളുമായി സംവദിച്ചപ്പോൾ പഴയ ഒരു പഴമൊഴി ഞാൻ ഓർത്തു പോകുന്നു. "സ്നേഹം ഇല്ലാത്ത ജീവിതം ഫലപുഷ്പങ്ങൾ ഇല്ലാത്ത വൃക്ഷം പോലെയാണ്. പുഷ്പിക്കുവാൻ കഴിയാത്തതിൽ അസൂയയും , നിരാശയും പൂണ്ട പടു വൃക്ഷം " നിങ്ങളുമായി ഒരു ബന്ധം തുടരുവാൻ എനിക്ക് താല്പര്യം ഇല്ല. ഗുഡ് ബൈ .....
അയാൾ ആ മെയിൽ വായിച്ചു കഴിഞ്ഞപ്പോൾ അയാൾ വല്ലാതെയായി .
ഇന്റർനെറ്റിന്റെ വലകണ്ണികൾ അയാളെ പൂർണമായി വളഞ്ഞു മുറുക്കുന്നതായി അയാൾ അറിഞ്ഞു. കംമ്പ്യൂട്ടർ സ്‌ക്രീനികത്തു ക്രൂര
മുഖവുമായി അയാളെ വെറുപ്പോടെ നോക്കുന്ന സൂസനെ അയാൾക്ക് കാണുവാൻ കഴിയുമായിരുന്നു. അവളുടെ ദൃഷ്ടിയിൽ നിന്നും ഒളിച്ചോടുവാൻ അയാൾ ആഗ്രഹിച്ചു . അയാളുടെ ഇരു വശങ്ങളിലും രണ്ടു കൊമ്പുകൾ മുളച്ചു വന്നു. ഭൂമി തുരന്നു , തുരന്നു പോകുന്ന ഒരു വലിയ കുഴിയാനയായി മാറി അയാൾ അപ്പോൾ.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ