2019, മാർച്ച് 14, വ്യാഴാഴ്‌ച

ബന്ധനം





റീനയുടെ നിർബന്ധത്തിനു വഴങ്ങുവാൻ അയാൾ നിശ്ചയിച്ചു . വസ്തുക്കൾ എല്ലാം വില്കാം . അല്ലെങ്കിൽ അതവിടെ കിടന്നിട്ട് ആർക്കു പ്രയോജനം . വസ്തുക്കളെക്കാളും വലുതാണല്ലോ വീട്ടിലെ സമാധാനം .

അവൾ പറയുന്നതിലും കാര്യമില്ലേ ? ഫ്‌ലോറിഡയിൽ ഒരു വീട്  കുടി വേണം എന്നത് ഒരു ആവശ്യം തന്നെയല്ലേ ? എത്ര നാളായി ഇങ്ങനെ വാടക കൊടുത്തു കഴിയുന്നു . താൻ കഴിഞ്ഞു വന്നവർ പോലും വീട് വാങ്ങുകയോ, വയ്ക്കുകയോ ചെയ്തു. അപ്പോഴൊന്നും അങ്ങനെ തോന്നിയില്ല . തന്റെ വേരുകൾ നാട്ടിലാണ് . തിരിച്ചു പോയെ മതിയാകു . എന്ന തോന്നൽ ഉണ്ടായിരുന്നോ ? പക്ഷെ ഇപ്പോൾ എല്ലാം തകിടം മറഞ്ഞിരിക്കുന്നു .

അച്ഛൻ മരിച്ചപ്പോൾ പോലും നാട്ടിൽ പോയില്ല . . കുട്ടുകാരൊത്ത്‌ മദ്യപിച്ചു എന്ന  കാരണത്തിൽ അച്ഛൻ അടിച്ച അടിയുടെ പാട്ടുകൾ ഇപ്പോഴും മുഖത്തും , പുറത്തുമുണ്ട് .

" എനിക്ക് നിന്നെ കാണേണ്ട , എങ്ങോട്ടെങ്കിലും പൊക്കോ "   എന്ന വാക്കുകൾ . അച്ഛനോട് പകയായിരുന്നു. ആ പക വളർത്തി ഇവിടം വരെ കൊണ്ടാക്കി . ഇപ്പോൾ കാറുണ്ട്, നല്ല ജോലിയുണ്ട് , അമേരിക്കയിൽ ....അങ്ങനെ പറയുവാൻ ഒരുപാടുണ്ട് . എല്ലാം നേടിയിട്ട്  അച്ഛന്റെ മുമ്പിൽ ചെല്ലണം എന്ന് തന്നെയായിരുന്നു ആഗ്രഹം . പക്ഷെ അച്ഛൻ തോല്പിച്ചു കളഞ്ഞു .


ഭവാനിയോട് അച്ഛന് സ്നേഹക്കൂടുതൽ ഉണ്ടായിരുന്നോ . ഉണ്ടായിരിക്കാം . അവൾ തന്നെപോലെ ആയിരുന്നില്ല . നന്നായി പഠിക്കും . അമ്മ നിത്യ രോഗി ആയിരുന്നതിനാൽ അവൾ തന്നെ രാവിലെ എഴുനേറ്റു അടുക്കള പണി ചെയ്യും . കിണറ്റിൽ നിന്നും വെള്ളം കോരി കൊടുക്കുക മാത്രമായിരുന്നു തന്റെ ജോലി . അതും അച്ചനാണ് ചെയ്തിരുന്നത് . കൂട്ടുകൂടി , ചീട്ടും  കളിച്ചു അമ്പല  പറമ്പുകളിൽ ഉത്സവം കണ്ടു നടക്കുമ്പോൾ അച്ഛൻ ഗുണദോഷിക്കും . "ഇങ്ങനെ കാള കളിച്ചു നടക്കാതെ സ്വന്തം കാലിൽ നിൽക്കുവാൻ നോക്കു .  ശശിയും , രമണനും , എല്ലാം അവരുടെ  അവരുടെ കാര്യം നോക്കി പോകും . നീ കഥയില്ലാത്തവൻ ആണ്. എന്തെങ്കിലും നാലക്ഷരം പഠിച്ചു ഒരു ജോലി സമ്പാദിക്കുവാൻ നോക്കു"


എയർപോർട്ടിൽ നിന്നും ടാക്സി പിടിച്ചു വീട്ടിലേക്കു പോകുമ്പോൾ ഓർത്തു . വലിയ മാറ്റമൊന്നുമില്ല. വരുന്നതിനു മുമ്പേ ഭവാനിയെ വിളിച്ചു. അവൾ ഇപ്പോൾ ഭർത്താവിന്റെ കുടെ  ദുബായിൽ ആണ്. അവളുടെ ഭർത്താവിന് അവിടെ ഏതോ എണ്ണ കമ്പനിയിൽ ആണ് ജോലി . ഉയർന്ന ഉദ്യോഗംതന്നെയാണ് എന്നാണ് കേട്ടിരിക്കുന്നത് .

വല്ലപ്പോഴും ഒരുക്കൽ ശശിയെ വിളിക്കും. അവൻ ഇപ്പോൾ ഒരു  പലചരക്കു കട  നടത്തുന്നു . അവൻ ഇപ്പോഴും സന്തോഷവാനാണ് . ഉത്സവവും , നാട്ടുകാര്യം  നോക്കി അവൻ നടക്കുന്നു . വിവാഹം കഴിഞ്ഞു രണ്ടു കുട്ടികളുമായി.  രമണൻ  പട്ടാളത്തിൽ ചേർന്നു . അവനും ഇടയ്ക്കു വിളിക്കും. പക്ഷെ താൻ മാത്രം ഒരു നിശ്ചിത അകലം പാലിച്ചു അവരിൽ നിന്നും.

ദുരെ നിന്നും അമ്പലം കണ്ടു . അവിടെ പറമ്പു  പഴയ പോലെ  തന്നെ ശൂന്യമായി കിടപ്പുണ്ട്. ഉത്‌സവ സമയത്തു രാത്രിയിൽ ഇവിടം  നിറഞ്ഞു കവിയും.  ഗാനമേളയും, ബാലെയും , കഥാപ്രസംഗവും അങ്ങെനെ ഒരു പാട് കലാ  പരിപാടികൾ . ക്‌ളാസിൽ കുടെ  പഠിക്കുന്ന അനിതയും, രമയും, മോഹിനിയും, വന്ജയും അങ്ങനെ എല്ലാവരും അണിഞ്ഞൊരുങ്ങി  ഉത്സവത്തിനു  വരും.  മഞ്ഞയും, ചുവപ്പും, പച്ചയും അങ്ങനെ വിവിധ വർണങ്ങൾ ചാലിച്ച ഉടുപ്പും,  പാവാടയും അണിഞുകൊണ്ട്. അവരുടെ ഇടയിലൂടെ മുട്ടി ഉരുമി നടക്കുവാൻ ഒരു സുഖം ' അതോർത്തപ്പോൾ അയാളുടെ ഉള്ളിൽ ഒരു ചിരി വിടർന്നു. അതിനിടയിലൂടെ കപ്പലണ്ടിയും കൊറിച്ചു ശശിയും , താനും രമണനും .

അമ്പലപ്പറമ്പ് കണ്ടപ്പോൾ വീണ്ടും ആ പഴയ സംഭവം ഓർമയിലേക്ക് തികട്ടി വന്നു. ഇവിടെ വച്ചാണ് അച്ഛൻ പൊതിരെ തല്ലിയത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ  താൻ മാത്രം കഷ്ടിച്ച് ജയിച്ചു  ശശിയും , രമണനും തോറ്റു . അവരുടെ ദുഃഖത്തിൽ  പങ്കുചേർന്നു താനും കൂടി . ആദ്യമായി മദ്യപിച്ചതു   ഈ പറമ്പിൽ വച്ചായിരുന്നു. അവരുറെ  സങ്കത്തിൽ  പങ്കു ചേർന്നു .   രമണൻ ആണ് ചാരായം സംഘടിപ്പിച്ചത് . കുപ്പിയിൽ നോക്കിയാൽ വെള്ളം പോലെ തോന്നും.

ആദ്യമായി ഇറക്കുമ്പോൾ നെഞ്ച് മുഴുവനും കത്തുന്ന പോലെ തോന്നി. സാവധാനം പതിയെ ഇറങ്ങുമ്പോൾ ഉള്ള ആ എരിച്ചിൽ . ഹോ ..കുടിച്ചു ബോധം പോയി അവിടെ  അംബല  പറമ്പിൽ കിടക്കുകയായിരുന്നു.  നാട്ടുകാർ ആരോ അച്ഛനെ വിവരം അറിയിച്ചു.

" എടാ "   എന്ന് അച്ഛൻ വിളിച്ചതും , പുപ്പരതിയുടെ വടി  കൊണ്ട് അച്ഛൻ അടിച്ചതും. എല്ലാം ഓർമയിൽ ഉണ്ട് .  അല്ലെങ്കിൽ അതെങ്ങനെ മറക്കുവാൻ കഴിയും. ആ സംഭവം ആണല്ലോ ജീവിതത്തെ ഗതി മാറ്റി ഒഴുക്കി വിട്ടത്‌ .
"എനിക്ക് നിന്നെ ഇനി കാണേണ്ട എന്ന് അച്ഛൻ പറഞ്ഞപ്പോൾ " അതിലും വലിയ വാശി ആയിരുന്നു .  അമ്മയുടെ വാക്കുകൾ അച്ഛൻ ചെവി കൊണ്ടില്ല. .അച്ഛന് വേണ്ടെങ്കിൽ തനിക്കും വേണ്ട . അല്ലെങ്കിൽ ആരിരിക്കുന്നു ഈ നാട്ടിൽ .  അന്നൊടിയ ഓട്ടം, ഇവിടെ എല്ലാം കൊണ്ടെത്തിച്ചു.  മദിരാശിയിൽ, മംഗലാപുരത്തു ,  ഗോവയിൽ , ശ്രീ ,ലങ്കയിൽ  പിന്നെ അവസാനം അമേരിക്കയിൽ. ശ്രീലങ്കയിൽ കപ്പലിൽ  പണിക്കാരനായി ജോലി കിട്ടി.


കപ്പിത്താൻ തന്നെയാണ് പറഞ്ഞത് . നിനക്ക് രക്ഷപെടുവാനുള്ള ഒരവസരം . വേണമെങ്കിൽ ഇവിടെ ഇറങ്ങാം .   പിടി കൊടുക്കാതെ  കുറച്ചു നാൾ കഴിഞ്ഞാൽ രക്ഷപെടാൻ കഴിയും. എന്തും നേരിടുവാൻ കഴിവുള്ള പ്രായം . ധൈര്യം മാത്രമായിരുന്നു കൈമുതൽ.  അങ്ങനെ കുറച്ചു വര്ഷം  കഴിഞ്ഞു പിടി  കൊടുക്കാതെ .  

കുറച്ചു വര്ഷം കഴിഞ്ഞാൽ നിനക്ക് തന്നെ പാസ്സ്പോര്ട്ടും , വിസയും എല്ലാം ഒപ്പിക്കാം . അങ്ങനെയായിരുന്നു  അയാളുടെ ദീർഘ വീക്ഷണം . അത് ശരിയായി.  ഇപ്പോൾ താനും ഒരു പകുതി അമേരിക്കൻ പൗരനായി . അതിനിടയിൽ റീനയുമായി വിവാഹം . ക്രിസ്ത്യാനി ആണെന്നും നോക്കിയില്ല. ഒരു കുട്ടു വേണം എന്ന് തോന്നി . അവൾക്കും അത് തന്നെ   ആയിരുന്നു വേണ്ടിയിരുന്നത് . പിന്നെ ആവശ്യത്തിന് പണവുംണ്ട് , അങ്ങനെ നേഴ്‌സായി അവൾ തന്റെ ജീവിത സഖിയായി .  ആംഗ്ലോ ഇന്ത്യൻ പെണ്ണായ അവളുടെ രീതിയുമായി ഒരിക്കലും ഒത്തു പോകുവാൻ കഴിഞ്ഞില്ല . പക്ഷെ അവൾ തന്നെ വിട്ടു പോകില്ല എന്നറിയാം . സ്നേഹം കൊണ്ടല്ല . താൻ സമ്പാദിക്കുന്നത് പോലെ അവൾ ജോലി ചെയുന്ന ഹോസ്പിറ്റലിലെ ഡോക്ടർ പോലും സമ്പാദിക്കുന്നുണ്ടാവില്ല . അതവൾക്കു നന്നായി അറിയാം. എന്നാലും മനസമാധാനം തരികയില്ല. അതാണല്ലോ ഇപ്പോൾ ഇങ്ങനെ ചാടി പുറപ്പെട്ടിരിക്കുന്നത് .


ഇടവഴിയിലൂടെ കടന്നു പോയപ്പോൾ എവിടേക്കു പോകണം എന്ന സംശയം ഉണ്ടായില്ല . ശശിയുടെ വീട്ടിലേക്കു വഴി പറഞ്ഞു കൊടുത്തു. ഭവാനി താക്കോൽ അവനെ ഏല്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു. ശശി ആകെ മാറിയിരിക്കുന്നു . തടിച്ചു കുറുകി ,  മുടിയെല്ലാം പോയി . ഒരു വയസ്സൻ . അപ്പോൾ താനോ

വീട് തുറന്നു അകത്തു കയറി.  പഴയതാണെങ്കിലും ഇപ്പോഴും കുഴപ്പമില്ലാതെ ഇരിക്കുന്നു. അച്ഛൻ പണി കഴിപ്പിച്ച വീട് . മുന്ന് മുറിയും, അടുക്കളയും, പൂജ മുറിയും ഉള്ള വീട് . മുരുകന്റെയും, ഗണപതിയുടെയും , ലക്ഷ്മിയുടെയും ചിത്രം ചുവരിൽ  തൂക്കി ഇട്ടിരിക്കുന്നു.


വളരെ നേരം അയാൾ പുഴയിലെ വെള്ളത്തിൽ കിടന്നു. ആറ്റിലെ സുദീർഘമായ ഒരു കുളിയുടെ സുഖം റീനയ്‌ക്കു എന്നെങ്കിലും ആസ്വദിക്കുവാൻ ആകുമോ?  പണ്ടത്തെ ഒരു പരസ്യം ഓർമ വന്നു. " യു ഡോണ്ട് നോ റിയലി വാട്ട് യു ആർ മിസ്സിംഗ്". വീടും , പറമ്പും വിറ്റാൽ ഈ സുഖം നഷ്ടപ്പെടും.ഇവിടെ വെള്ളത്തിൽ നീന്തി തുടിച്ച തനിക്കു  ആ നഷ്ടം ദുർവാഹമായി തോന്നുകയില്ലേ ?. എത്ര വലിയ സ്വിമ്മിങ് പൂളിലായാലും ഈ സുഖം ലഭിക്കുമോ? വീടും , പറമ്പും വിറ്റാലും ഇവിടേക്ക് ഇനിയും വരുമോ? തോന്നുന്നില്ല . അതിനൊക്കെ  എവിടെ സമയം .

നോക്കെത്താ ദൂരത്തോളം പുഴ,     എവിടെ  കുളിച്ചാലും ഈ സുഖം അനുഭവിക്കുവാൻ കഴിയുമോ. മുങ്ങി തപ്പിയാൽ ഉരുളൻ കല്ലുകൾ പെറുക്കി എടുക്കാം ഒരു കൊച്ചു കുട്ടിയെ പോലെ ആനന്ദം അനുഭവിക്കുവാൻ കഴിയുന്നു.

പണ്ടൊക്കെ പുഴ മുറിച്ചു അക്കരയ്ക്കും, പിന്നെ  ഇക്കരയ്ക്കും നീന്തുവാൻ കഴിയുമായിരുന്നു.     ഇപ്പോൾ സാധിക്കുകയില്ല. ഇനി ഒട്ടു അങ്ങനെ ചെയുവാൻ കഴിയുമെന്നും തോന്നുന്നില്ല. റീനയ്‌ക്കു നീന്തുവാൻ അറിയുമോ . ഇത്ര നാളായിട്ടും അവൾ നീന്തുന്നത് കണ്ടിട്ടില്ല. സ്വിമ്മിങ് പൂളിൽ ബിക്കിനിയിട്ടു പോത്തിനെ പോലെ കിടക്കുന്നത്  കണ്ടിട്ടുണ്ട്.

തിരിച്ചു നടക്കുമ്പോൾ . കാറ്റ് അടിച്ചു. അയാൾക്ക്‌ വല്ലാത്ത കുളിരു തോന്നി. തൊഴുത്തും, പൊട്ട കിണറും കടന്നു അയാൾ  വീട്ടിലേക്കു നടന്നു .

അച്ഛന്റെ കയറു കട്ടിലിൽ കിടക്കുമ്പോൾ വീണ്ടും അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ മുന്നിൽ വന്നു. ഓര്മവെച്ച നാൾ മുതൽ കർശനമായ നിയന്ത്രണം ഉണ്ടായിരുന്നു. ഞായറാഴ്‍കളോട് ഭയങ്കര വിരോധം ആയിരുന്നു.  അന്ന് അച്ഛന് ഗുമസ്ത പണിക്കു പോകേണ്ടതില്ല. ശശിയും, രമണനും വരെ ഞായറാഴ്ച്ചകളിൽ അകന്നു നിൽക്കും .അവർക്കുപോലും അച്ഛനെ ഭയമായിരുന്നു..

എന്തും കാണാതെ പഠിക്കണം എന്നായിരുന്നു അച്ഛന്റെ സിദ്ധാന്തത്തിൽ താൻ  .വിശ്വസിച്ചിരുന്നില്ല .     ചിലപ്പോൾ കോടതിയിൽ പോകും മുന്നേ  ഉത്തരവിടും . ഇന്ന പാഠം ഇത്ര വരെ കാണാതെ പഠിച്ചിട്ടു ചൊല്ലുവാൻ .  തനിക്ക് ഒരിക്കലും കഴിയാത്ത കാര്യം .ഇടയ്ക്ക് എന്തെങ്കിലും വിട്ടു പോകുമ്പോൾ അച്ഛൻ രൂക്ഷമായി നോക്കും. താൻ വിറച്ചു പോകും.

പക്ഷെ ഒരിക്കലും അച്ഛൻ ഭവാനിയോട്  കാണാതെ പഠിക്കുവാൻ  പറയാറില്ലായിരുന്നു. അവൾ നന്നായി പഠിക്കും എന്ന് അച്ഛന് അറിവുണ്ടായിരുന്നു. അല്ലെങ്കിൽ പെൺ  കുട്ടി അല്ലെ അത്രയ്മ് മതി എന്ന് അച്ഛൻ കരുതിയിട്ടുണ്ടാകാം .

സരസ്വതിയുടെ കാര്യം ശശി പറഞ്ഞപ്പോൾ അയാൾ അസ്വസ്ഥൻ ആയി. സന്തോഷകരമായ ഒന്നും ഇവിടെ കേൾക്കുവാൻ ഇല്ലേ?ദുരന്തങ്ങളുടെ കഥകളാകട്ടെ സമൃദ്ധവും .  അവളുടെ ഭാഗ്യ ദോഷം . ശശി പറഞ്ഞു തുടങ്ങി.

അവളുടെ അച്ചൻ നാരായണണ് നായർ സ്‌കൂൾ മാഷായിരുന്നു  തന്നെ  കണക്കു പഠിപ്പിച്ചത് നാരായണൻ മാസ്റ്റർ ആയിരുന്നു. മകളുമായുള്ള പ്രണയം മാഷ് അറിഞ്ഞിരുന്നോ. അറിയുവാൻ വഴിയില്ല. സരസ്വതിക്ക് ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ തന്നോട് പ്രണയം ആയിരുന്നോ . അറിയില്ല. അല്ലെങ്കിൽ അന്നവൾ എട്ടാം ക്‌ളാസിലും താൻ പത്തിലും ആയിരുന്നല്ലോ.

മാഷിന് അവളെ  ഈ നാട്ടിൽ നിന്നും വിവാഹം കഴിപ്പിക്കുവാൻ  താല്പര്യം ഉണ്ടായിരുന്നില്ല. നാട്ടിലുള്ള ചെറുപ്പക്കാർ ആരും മകൾക്കു അനുയോജ്യർ അല്ല എന്ന മാസ്റ്റർ തീരുമാനിച്ചു. അങ്ങനെയാണ് ബോംബെയിലുള്ള രവീന്ദ്രനുമായുള്ള വിവാഹ ആലോചന വന്നത്. അന്നയാൾക്ക് അവറ്റെ നല്ല ജോലി ഉണ്ടായിരുന്നു.

ആഡംബര പൂർവം അവളുടെ വിവാഹം നടത്തി . പക്ഷെ ആ വിവാഹത്തിന് അധികം ആയുസ്സുണ്ടായില്ല. അയാൾ ഒരു മാനസിക രോഗി ആയിരുന്നു. അയാൾക്ക് സംശയമാണ് . സരസ്വതിക്ക്  വേറെ ആരുമായി ബന്ധം  ഉണ്ട് എന്നയാൾ മനസ്സിൽ  ഉറപ്പിച്ചു.  ഈ കാരണം കൊണ്ട് തന്നെ  അവളെ മർദിക്കുക പതിവായിരുന്നു. . ഒടുവിൽ  ബന്ധം വിച്ഛേദിച്ച അവൾ തിരികെ എത്തി. ഇപ്പോൾ സ്‌കൂളിലെ ടീച്ചർ ആണ് . നിനക്കവളെ കാണേണ്ടേ . ശശി ചോദിച്ചു.

 വേണ്ടാ . മനസ് മന്ത്രിച്ചു . ഈ നാട്ടിൻ പുറം ശപിക്ക പെട്ടതാണോ . കേൾക്കുവാൻ ഇഷ്ടപെടാത്ത കഥകൾ മാത്രമാണ് ഇവിടെ കേൾക്കുവാൻ ഉള്ളത്. എങ്ങും വേദനകൾ , തകർച്ചയുടെ കഥകൾ. എത്രയും വേഗം ഇവിടെ നിന്നും ഇതെല്ലം വിറ്റു  പെറുക്കി പോകണം

വീടും , പറമ്പും വിൽക്കുവാൻ ഒരാളെ വേണം എന്ന് പറഞ്ഞപ്പോൾ ശശിക്കു വലിയ അത്ഭുതം ഒന്നും തോന്നിയില്ല. അവൻ ഒരു പക്ഷെ ഇത് പ്രതീക്ഷിച്ചിട്ടുണ്ടാകും .

രണ്ടു , മുന്ന് ദിവസം അങ്ങനെ കഴിഞ്ഞു. രാവിലെ പല്ലു തേയ്ക്കുമ്പോൾ അന്ന് തെക്കേ അറ്റതുള്ള കുളം കാണുന്നത്. പൂപ്പൽ പിടിച്ചു ആകെ വല്ലാതായിരിക്കുന്നു. ആ കുളത്തെ കുറിച്ച് പണ്ട് 'അമ്മ പറഞ്ഞ കാര്യം അയാൾക്കോർമ്മ വന്നു. ആ കുളത്തിന് അടിയിൽ ഒരു കിണർ ഉണ്ടത്ര . ഒരാൾക്ക് മാത്രം ഇറങ്ങി പോകുവാൻ പകത്തിനുള്ള കിണർ . ആ കിണറിനകത്തു നിധിയുണ്ട് . പക്ഷെ മുന്ന്  തലമുറകൾ കഴിയണം . നിന്റെ മക്കൾക്ക് അവകാശപ്പെട്ട നിധി.

"അതിനു മുന്നേ എടുത്താൽ എന്താണ്" . "അത് പാടില്ല .  വംശം മുടിയും. ഒരിക്കൽ അത് ചേരേണ്ട ഇടത്തു തന്നെ വന്നു ചേരും."

ശശിയോട് വീണ്ടും വീടും, പറമ്പും വിൽക്കുന്ന കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു.
" ആവശ്യത്തിൽ കൂടുതൽ നീ ഇപ്പോൾ സമ്പാദിച്ചതിട്ടില്ലേ . കാരണവർ മാരായി സമ്പാദിച്ച മുതലല്ലേ ഇത് .   ഇതും  കുടി വിറ്റു  കഴിഞ്ഞാൽ പിന്നെ നിനക്കെന്താ ഈ നാടുമായുള്ള  ബന്ധം.  നിനക്കിപ്പോൾ തോന്നില്ല . പക്ഷെ ജീവിത സായാഹ്നം ചിലവഴിക്കുവാൻ ഈ നാടിനേക്കാൾ വേറെ ഏതു നാട്ടുണ്ട് ?"

"പിന്നെ , ഇനിയും വർഷങ്ങൾ കഴിഞ്ഞു ഇവിടെ വന്നു താമസിക്കു"മോ, എനിക്ക് തോന്നുന്നില്ല. "


ശശി ക്കിഷ്ടമായില്ല എന്ന് അവന്റെ മുഖം വിളിച്ചു പറഞ്ഞു. പക്ഷെ അവൻ എതിര് പറഞ്ഞില്ല.  .ശശിയേയും കുട്ടി ആ എഴുപതു സെനറ്റ്  പറമ്പു ചുറ്റി നടന്നു. പത്തു നാൽപതു തെങ്ങുകൾ. എല്ലാം ഒന്നാന്തരം. വരിക്ക പ്ലാവും, മാവും, ജാതിയും എല്ലാം ഉണ്ട്. എല്ലാം അച്ഛന്റെ അധ്വാനം


വൈകുനേരം അയാൾ അമ്പലത്തിൽ പോയി. പണ്ടേപ്പോലെ തന്നെ തിരക്ക്
ഒട്ടുമില്ല. അമ്പലത്തിൽ ദീപാരാധന നടക്കുന്നു. അയാൾ കണ്ണടച്ചു ധ്യാന  നിരതനായി  നിന്ന്. ത്തിനായി നിന്നു ,.

ഈ അമ്പലത്തിൽ വരുമ്പോൾ ഉള്ള ശാന്തിയും, സമാധാനവും വേറെ ഒരിടത്തും  ലഭിക്കില്ല.തിക്കും, തിരക്കും ഇല്ലാത്തതുകൊണ്ടോ ? വഴിപാടുകളും മറ്റും  കുറവായതുകൊണ്ടോ ഒന്നുമല്ല, പണ്ട് തൊട്ടേ തിരക്കില്ല. . തീരക്കാവണം എന്നുണ്ടെങ്കിൽ ഉത്സവ സീസൺ ആകണം.

വിഗ്രഹത്തിൽ കുറെ നേരം നിർന്നിമേഷം നോക്കി നിന്നപ്പോൾ ദേവി തന്നെ  നോക്കി പുഞ്ചിരിക്കുന്നതായി അയാൾക്ക്‌ തോന്നി. ഇത്രയും കാലം
എവിടെ ആയിരുന്നു എന്നാണോ ആ ഭാവം.
അയാൾ കണ്ണുകൾ അടച്ചു .  പണ്ട്  പഠിച്ച  പ്രാർത്ഥനകൾ മനസ്സിൽ ഉരുവിട്ടു .


"അമ്മ തൻ ആശ്രയം , ദേവി തൻ  ആശ്രയം
അമ്മയല്ലാതെനിക്കാരുമില്ലാശ്രയം  "

ഒരു പക്ഷെ ഈ ദേവിയെ ഇനി കാണില്ലായിരിക്കാം .

വീട്ടിലെത്തിയപ്പോൾ അത്ഭുതം .

ഭവാനി വന്നിരിക്കുന്നു. ദുബായിൽ നിന്നും . തന്നെ കാണുവാനായി . വിജയൻ കൂടെയില്ല . അവൾ ആകെ മാറി പോയിരിക്കുന്നു  . അസ്സൽ ഗൾഫ് കാരി . മുഖം മുഴുവനും പൗഡർ പൂശി,  കഴുത്തിലും , കാതിലും, കയ്യിലും നിറയെ സ്വർണാഭരങ്ങളുമായി  അസ്സൽ ഒരു ഗൾഫ് കാരി  പണ്ട് നീർക്കോലി പോലെ  മെലിഞ്ഞ പെണ്ണാണ് . കണ്ടില്ലേ ഇപ്പോൾ ..

" നീയങ്ങു  ചീർത്തു  പോയല്ലോ ". അയാൾക്ക് അത്ഭുതം തോന്നി.

അന്നവൾ വച്ച കറി  കുട്ടി നന്നായി ഉണ്ടു. തനിക്കിഷ്ടമുള്ള ഉള്ളി സാമ്പാറും , പാവക്ക മെഴുക്കുവരട്ടിയും .  ഇതുപോലെ എന്നെങ്കിലും വയ്ക്കുവാൻ റീനയ്ക്കു  കഴിയുമോ.

രാത്രി ഒരു പാട് നേരം വർത്തമാനം പറഞ്ഞിരുന്നു. കുട്ടത്തിൽ പറമ്പു വിൽക്കുന്ന കാര്യം അവതരിപ്പിച്ചു. അത് കേട്ടതും വളുടെ ഭാവം മാറി.
"അച്ഛൻ സമ്പാദിച്ച പറമ്പു വിൽക്കുകയോ?   ഇത്രയ്ക്കു ദരിദ്രമോ ഏട്ടന് ?"

അയാൾക്ക്‌ വല്ലാത്ത ജാള്യം തോന്നി. അവൾ വീണ്ടും ചോദിച്ചു "അച്ഛനിരുന്നാൽ  ഏട്ടന് നാക്ക് പൊന്തുമോ "

  ഭവാനി, ഇങ്ങനെയൊക്കെ സംസാരിക്കുവാൻ എന്നാണ് പഠിച്ചത്. എപ്പോഴും തന്റെ നിഴലായി ഒതുങ്ങാറുള്ള ആ പഴയ ഭവാനി തന്നെയാണോ ഇവൾ.


"എനിക്ക് പണം വേണം. ഞാൻ അമേരിക്കയിൽ ഒരു വീട് വാങ്ങാൻ ഉദ്ദേശിക്കുന്നു . ഇത് വിട്ടാലും ഒന്നിനും തികയില്ല,  എന്നാലും ഉള്ളതായല്ലോ"

അവളുടെ  മുഖത്തു  നോക്കുവാൻ അയാൾ ഭയപ്പെട്ടു.

"അങ്ങനെ ആർക്കും വിൽകേണ്ടാ . ഞാൻ   എടുത്തോളാം .  വിജയേട്ടനോട് ഞാൻ സംസാരിക്കാം . വിജയേട്ടൻ സമ്മതിക്കാതിരിക്കില്ല. ഈ  വീടും , പറമ്പും, ഏട്ടന്നു നഷ്ടക്കച്ചവടം ആകില്ല ആതുറപ്പാ "

"അച്ഛൻ മരിക്കുമ്പോൾ ഏട്ടൻ വന്നില്ലല്ലോ , ഏട്ടനെ അവസാനമായി ഒന്ന് കാണണം എന്ന് അച്ഛന് വലിയ മോഹം ആയിരുന്നു.  അച്ഛന് പെട്ടെന്നാണ് വയ്യായ്ക വന്നത്. രാവിലെ ഒരു നെഞ്ച് വേദന എന്ന് പറഞ്ഞു.  അല്പം വിശ്രമിച്ചു . ഈ കട്ടിലിൽ . അച്ഛന്റെ കയറു കട്ടിൽ അവൾ ചുണ്ടി കാണിച്ചു.  ഉച്ച വരെ കുഴപ്പം ഒന്നുമുണ്ടായില്ല . ഉച്ചയ്ക്ക് അച്ഛൻ പറഞ്ഞു അച്ഛന്  ഏട്ടനെ  കാണണം എന്ന്. അച്ഛൻ കാരണം ആണലോ ഏട്ടൻ പോയത് . ആ കുറ്റബോധം അച്ഛന് മരിക്കും വരെ ഉണ്ടായിരുന്നു.

ഇടയ്ക്കു പറയാറുണ്ടായിരുന്നു , എവിടെ ആയാലും , അവൻ കഷ്ടപെടാതെ ഇരുന്നാൽ മതി ആയിരുന്നു. കഷ്ടപ്പാട് അറിയിക്കാതെയാണ് അവനെ വളർത്തിയത് .  മരണ  സമയത്തു അച്ഛൻ പറഞ്ഞതും ഇതായിരുന്നു.

"ഈ വീടും പറമ്പും , അവനു കൊടുക്കണം .  അവൻ ഉണ്ടാകും നിന്നെ  നോക്കുവാൻ . അവൻ തിരിച്ചു വരും . അല്ലാതെ എവിടെ  പോകുവാനാ "
  .
പുറത്തേക്കു നോക്കി മൂകനായി അയാൾ ഇരുന്നു.

തന്നെ പറ്റി ഒരു പാട് പ്രതീക്ഷകൾ അച്ഛനുണ്ടായിരുന്നിരിക്കാം . അച്ഛന് തുണയായി താൻ എന്നും ഉണ്ടാകും എന്ന് അച്ഛൻ സ്വപ്നം കണ്ടിരിക്കാം . കോളേജിൽ പോയി പഠിച്ചു മിടുക്കനായി നല്ല ജോലി സമ്പാദിക്കും എന്ന് കരുതിയിട്ടുണ്ടാകാം . ഒരു പക്ഷെ താൻ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ നേരത്തെ പോകില്ലായിരുന്നു. ഇതുവരെ അച്ഛന് വേണ്ടി ഒന്നും കൊടുക്കുവാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ അമേരിക്കക്കാരനായി നാട്ടിൽ വരണം എന്ന് കരുതിയിരുന്നു. പഴയ മണ്ടൻ ചെക്കനല്ല എന്ന് തെളിയിക്കുവാൻ മാത്രം .

അച്ഛന്റെ മുഖം കൺമുമ്പിൽ  തെളിഞ്ഞു വന്നു.   കഷണ്ടി വീണ നെറ്റി . നരച്ച മുടി കൾ അങ്ങിങ്ങായി മാത്രം . ഉയർന്ന മുക്ക് . മൂക്കിന്റെ മുകളിൽ നിന്നും ഇപ്പോൾ താഴെ വീഴും എന്ന മട്ടിലുള്ള കറുത്ത കണ്ണട .


ആ മാവു കണ്ടോ . ഭവാനി   കൈ ചുണ്ടി  . അവിടെയാണ് അച്ഛനെ അടക്കി യിരിക്കുന്നത് .   അച്ഛന്റെ ത്യാഗത്തെ ഓർമിപ്പിച്ചുകൊണ്ട് മൂവാണ്ടൻ മാവ് തലയുയർത്തി നിക്കുന്നു .

അയാൾ  മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണ് നീര് തുടച്ചു .    ആ നിമിഷത്തിൽ അയാൾ തീരുമാനിച്ചു. പൊന്നിൻ വില തരാം എന്ന് പറഞ്ഞാലും ഈ വീടും പറമ്പും വിൽക്കുന്നില്ല. എത്ര ഒളിച്ചാലും ബന്ധങ്ങളിൽ നിന്നും , ബന്ധനങ്ങളിലും നിന്നും മുക്തി  ലഭിക്കുകയില്ല.അവ നമ്മെ വീണ്ടും കുട്ടി ഇണക്കി കൊണ്ടിരിക്കും

ഇവിടെ ഒരു വീട് വയ്ക്കണം . തൈകൾ നട്ടു  വളർത്തണം .

അയാൾ ഭവാനിയെ നോക്കി . പിന്നെ പറഞ്ഞു . "ഞാൻ  വീട് വിൽക്കുവാൻ ഉദ്ദേശിക്കുന്നില്ല . ഈ മണ്ണ് എന്റേതാണ്. ഇവിടെ ഞാൻ വീട് വയ്ക്കും" . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

കാറിൽ കയറും മുമ്പേ അവളെ ചേർത്ത് നിറുത്തി. നിറുകയിൽ ഒരു മുത്തം കൊടുത്തു . ഞാൻ വരും . തിരികെ . ഇങ്ങോട്ടേയ്ക്കു തന്നെ. നീ വിജയനോട് പറയു  ഇതിനടുത്തായി വീട് പണിയാൻ . അവൾ വെറുതെ ചിരിച്ചു.


പെട്ടിയെല്ലാം എടുത്തു അയാൾ യാത്ര ചോദിച്ചു. കലുങ്ക് കഴിഞ്ഞു അമ്പലത്തിലെ ഇടവഴി നോക്കി അയാൾ തൊഴുതു.  വയലും കടന്നു പോകുമ്പോൾ    കാറിന്റെ സ്പീഡ് കൂടി വന്നു.

റീന എന്ത്  പറയുമായിരിക്കും.അവൾ ഇങ്ങോട്ടേക്കു വരുമോ . അറിയില്ല . അല്ലെങ്കിലും ഇത്ര നാൾ അവളുടെ ഇഷ്ടത്തിന്  ജീവിച്ചില്ലേ. ഇനി കുറെ നാൾ സ്വന്തം ഇഷ്ടം പോലെ ഇവിടെ ജീവിക്കാം . അവൾക്കു വേണമെങ്കിൽ  വരം.അല്ലെങ്കിൽ അവിടെ നിൽക്കാം . അവളുടെ ഇഷ്ടം.

ചിലപ്പോൾ അവൾ  വരുമായിരിക്കും. അമേരിക്കയിലെ അന്തരീക്ഷതത്തെക്കാൾ വ്യക്തിത്വം നൽകുന്ന  ഇടം .   ഫ്ളോറിഡക്ക്  പുറമെയുള്ള ലോകം അവൾ അറിയട്ടെ.   പൊയ്മുഖം അറി യാതെ  ഒരു നാട്ടിൻ പുറത്തു കാരനായി കുറച്ചു നാൾ .

കാർ ഒരു കവലയിൽ എത്തി. പിന്നെ തിരിഞ്ഞു ഹൈവേയിലേക്കു കയറി.










   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ