2019, മാർച്ച് 13, ബുധനാഴ്‌ച

പോളിസി (കഥ)




പിറ്റേന്ന്  ഞായറാഴ്ചയായതുകൊണ്ടാണ് അന്ന് രാത്രി പുലി മുരുകൻ കാണാം എന്ന് തീരുമാനിക്കുന്നത് . അടി പടം എന്ന ഖ്യാതി ഉള്ളതുകൊണ്ട് ഭാര്യ നേരത്തെ തന്നെ സിനിമയ്ക്കില്ല എന്ന് അസന്നിഗ്തമായി   പ്രഖ്യാപിച്ചു. അല്ലെങ്കിലും അവൾ പൃഥ്വിരാജ്  ഫാൻ ആണ് . മോഹൻലാലിന്റെ സിനിമകളോട്  വലിയ താല്പര്യം കാണിക്കാറില്ല.  മമ്മുട്ടിയും , മോഹൻലാലും എല്ലാം ഇനി അച്ഛൻ വേഷങ്ങൾ അല്ലെങ്കിൽ അവരുടെ പ്രായത്തിനു അനുയോജ്യമായ വേഷങ്ങൾ തിരഞ്ഞെടുക്കണം എന്നാണ് അവളുടെ അഭിപ്രായം .

ജ്യോതി തീയറ്ററിൽ നിന്നാണ് ഞാൻ സിനിമ കണ്ടത് .  എന്റെ വീട്ടിൽ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ  തീയേറ്ററിലേക്ക് . ഒറ്റയ്ക്കായതു കൊണ്ട്  ബൈക്ക് എടുക്കാതെ  സിനിമ കണ്ടു കഴിഞ്ഞു  കപ്പലണ്ടിയും
കൊറിച്ചുകൊണ്ടു ഞാൻ നടന്നു. പണ്ടെല്ലാം ഇതുപോലെ എത്രയോ രാത്രികളിൽ ഒറ്റയ്ക്കും , കുട്ടുകാരുമായും സിനിമ കണ്ടിട്ടും , ഉത്സവം കണ്ടിട്ടും ഇതുപോലെ നടന്നു വന്നിട്ടുണ്ട് . ഇപ്പോൾ രാത്രിയുള്ള നടത്തം അത്ര സുരക്ഷിതമല്ല.  എങ്കിലും ഞാൻ  ഓട്ടോ പിടിക്കാതെ നടക്കുവാൻ തന്നെ തീരുമാനിച്ചു.

പുലിയിറങ്ങുന്ന നാട് എന്നർഥമുള്ള പുലിയൂർ എന്ന ഗ്രാമത്തിലെ മുരുകൻ എന്ന പുലിവേട്ടക്കാരന്റെ കഥയാണു ‘പുലിമുരുകൻ’. എന്തുകൊണ്ട് അയാൾക്കു പുലി ശത്രുവാകുന്നു? എന്തുകൊണ്ട് അയാൾക്ക് പുലിവേട്ട ഒരു പാഷനാകുന്നു? ഇവയുടെ ഉത്തരമാണു സിനിമയുടെ പ്രമേയം..’’  നൂറും , നൂറ്റമ്പതും കോടി കടന്ന  മലയാള സിനിമയിൽ ചരിത്രം തിരുത്തി കുറിച്ച ബ്രഹ്മാണ്ഡ ചിത്രം . അപ്പോൾ അത് കണ്ടില്ലെങ്കിൽ മോശമല്ലേ ?

പുലിയും കടുവയുമൊന്നും ഒട്ടും ഹ്യൂമൻ ഫ്രണ്ട്ലി അല്ല. ട്രെയിൻഡ് ടൈഗർ എന്ന ഒരു കോൺസപ്റ്റ് ഉണ്ടോ?  കടുവയെ ഹ്യൂമൻ ഫ്രണ്ട്ലിയാക്കി കൊണ്ടുവരാം എന്നേയുള്ളൂ. സർക്കസിൽ ചെയ്യുന്നുണ്ടല്ലോ .  അപ്പോൾ
മനുഷ്യനു പരിചയമുള്ള ഒരു മൃഗമെന്ന നിലയിലേക്ക് അവയെ കൊണ്ടുവരാനാകും. അതിനപ്പുറം കടുവയും , പുലിയുമെല്ലാം തികച്ചും  വൈൽഡ് ആയ മൃഗങ്ങളാണല്ലോ.

ഈ ചിത്രം  കണ്ടുകഴിഞ്ഞപ്പോൾ എനിക്കുണ്ടായ സംശയം അപ്പോൾ മോഹൻലാൽ ശരിക്കും  ഈ കാട്ടു  മൃഗത്തിനൊപ്പം അഭിനയിച്ചോ ?  ഇപ്പോൾ ഗ്രാഫിക്സിനു ഏറെ പ്രാധാന്യം ഉണ്ട് . ടെക്നോളജി വികസിച്ചിട്ടും ഉണ്ട് . ഒരു പരിധി വരെ ടെക്നോളജിയുടെ സൗകര്യം സിനിമയിൽ  നന്നായി ഉപയോഗിച്ചിട്ടുണ്ടാകാം . എന്തായാലൂം 56 വയസ്സുള്ള ഒരു മനുഷ്യനാണോ ഇങ്ങനെ ചാടിമറിയുന്നതെന്നു കാഴ്ചക്കാരനു തോന്നും. ഡ്യൂപ്പുണ്ടെന്ന സംശയത്ത അതിജീവിച്ചുള്ള പ്രകടനം.  ഇങ്ങനെ ഓരോന്ന് ചിന്തിച്ചു നടക്കുമ്പോൾ എന്റെ മനസിൽ  വീണ്ടും ഒരു സംശയം ഉരുൾ പൊട്ടി.  ഇത്രയും അപകടകരമായ രംഗങ്ങൾ കൈകാര്യം ചെയ്യുന്നയാൾ തന്റെ ലൈഫ് ഇൻഷുർ ചെയ്തിട്ടുണ്ടാകുമോ ?  ആർക്കറിയാം .

എന്തായാലും  പുലിമുരുകൻ എന്ന സിനിമാക്കഥ പറയുവാൻ അല്ല ഞാൻ ഉദ്ദേശിക്കുന്നത് . പകരം വേറൊരു കഥയാണ് . കഥയിലേക്ക്‌ കടക്കും മുമ്പേ ഒരു ആമുഖം ആയാൽ നന്നായിരിക്കും എന്ന് തോന്നിയതിനാൽ ഇത്രയും വിവരിച്ചു എന്നേയുള്ളു .

അങ്ങനെ സിനിമ കണ്ടു കഴിഞ്ഞു നടന്നു , നടന്നു നടന്നു  ഞാൻ വീട്ടിൽ  എത്തി.   ശരീരം വൃത്തിയാക്കിയ ശേഷം വസ്ത്രം മാറി, ജഗ്ഗിൽ നിന്നും വെള്ളം കുടിച്ച ശേഷം  ഞാൻ കിടന്നു. ഭാര്യ നല്ല ഉറക്കത്തിലാണ് . പൂട്ടിയ വാതിൽ  തുറന്നു ഞാൻ അകത്തു പ്രവേശിച്ചപോലും അവൾ അറിഞ്ഞിട്ടില്ല.

പുലി മുരുകനിലെ ലാലിനെ ഗംഭീര പ്രകടനം ഓർത്തിക്കൊണ്ട്  അങ്ങനെ കിടക്കുമ്പോൾ എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന് രാവിലെ എട്ടര കഴിഞ്ഞാണ് ഞാൻ ഉണർന്നത് . അല്ല  എന്നെ ഉണർത്തിയത് എന്ന് പറയുന്നതാകും ശരി.  എട്ടരയ്ക്ക് ഭാര്യ കുലുക്കി വിളിക്കുമ്പോൾ ആണ് ഞാൻ ഉണരുന്നത്. കണ്ണ് തുറന്നയുടനെ അവൾ പറഞ്ഞു ആ തോമസ് മാത്യു വന്നിട്ടുണ്ട് .  ഞാൻ ചോദിച്ചു

'ഏത്   തോമസ് മാത്യു'

അവൾ പറഞ്ഞു .

"ആ  ഇൻഷുറൻസ് ഏജന്റ്"


"അയാളോട് എനിക്ക് ഇൻഷുറൻസ് വേണ്ട എന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ "

"അതിനല്ല  അയാൾ വന്നത്  , വേറെ  എന്തോ പറയുവാനാ എന്നാ  എനിക്ക് തോന്നുന്നത് "  അവൾ ഊഹം പ്രകടിപ്പിച്ചു .

കണ്ണ് തിരുമി , അഴിഞ്ഞ കൈലി മടക്കി കുത്തി ഞാൻ എഴുനേറ്റു .


കഴിഞ്ഞ പതിനഞ്ചു   കൊല്ലം ഞാൻ ഇൻഷുറൻസിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയാണ് .   ധീരനും , അതി ബുദ്ധിമാനുയ ഞാൻ ഉറക്കെ പ്രഖ്യാപിച്ചിരുന്നു  അല്ല ശപഥം തന്നെ എടുത്തിരിക്കുന്നു  കളരി , പരമ്പര ദൈവങ്ങളാണേ, കാവിലമ്മയാണേ  ഞാൻ ഇൻഷുറൻസ് എടുക്കില്ല എന്ന്.

എണ്ണമറ്റ  ഏജന്റുമാർ ആ ആവശ്യം പറഞ്ഞു കൊണ്ട് എന്നെ സമീപിച്ചിരുന്നു . പക്ഷെ അവരെയെല്ലാം ഞാൻ നിഷ്കരുണം തള്ളിക്കളഞ്ഞു. അതിൽ ചെറുപ്പക്കാരികളും , യുവാക്കളും , വൃദ്ധന്മാരും , പരിചയക്കാരും
ഉൾ പെടുമായിരുന്നു . എന്തിനേറെ പറയുന്നു ഈ കൊതമംഗലക്കാരനായ   തോമസ് മാത്യു വരെ ആ ചങ്ങലയിൽ പെടുന്നവർ ആയിരുന്നു .

എല്ലാവരും  വളരെ സമർത്ഥന്മാർ . നയതതന്ത്രപരമായി സംസാരിക്കുവാൻ അറിയാം. മുഖത്ത് നോക്കി നമ്മളെ പ്രശംസകൊണ്ട് മൂടുവാൻ കഴിയുന്നവർ . ഞാൻ ഒരു രാജാവായിരുന്നു എങ്കിൽ അവരെയെല്ലാം  എന്റെ രാജ സദസ്സിൽ വൈതാളികന്മാരായി നിയമിച്ചേനെ.

എങ്കിലും ഈ  മഹാൻമാരെല്ലാം എന്റെ മുമ്പിൽ തോറ്റു തൊപ്പിയിട്ടിട്ടേയുള്ളൂ. അതുകൊണ്ട് തന്നെയാണ് ഞാൻ ബുദ്ധിമാൻ ആണെന്ന് ആദ്യം പറഞ്ഞത്. ഇപ്പോൾ  നിങ്ങൾക്കു വിശ്വാസം ആയി കാണും എന്നുകരുതുന്നു .

അല്ലെങ്കിലും മരണ ശേഷം ലഭിക്കുന്ന തുക കൊണ്ട് നമുക്ക് എന്ത് പ്രയോജനം . ജീവിച്ചിരിക്കുമ്പോൾ എനിക്ക് ഗുണമുള്ള പദ്ധതികൾ പറയു സുഹ്രത്തേ .    അവരുടെ കൈലുള്ള ബാഗിന്റെ തോലിനേക്കാൾ കട്ടിയുണ്ട് എന്റെ തൊലിക്ക് .   വിവിധ രോഗങ്ങളിലോ അല്ലെങ്കിൽ അപകത്തിൽപെട്ടോ പോളിസി ഉടമകൾക്ക് ജീവഹാനി സംഭവിക്കുമ്പോഴാണ്‌   ലൈഫ് ഇൻഷുറൻസ് ക്ളൈമുകൾ ഫയൽ ചെയ്യപെടുന്നത് . ചിലപ്പോൾ കമ്പനി തന്നെ ക്ളൈയിമുകൾ നിരസിക്കുന്ന സാഹചര്യം ഉണ്ടാകാറില്ല ?  ആ പോളിസി ഉടമയുടെ മരണശേഷം ആ പോളിസി നിരസിക്കപ്പെടുകയാണെങ്കിൽ പ്രസ്തുത കുടുംബം പ്രതിസന്ധിയിൽ അകപെടുകയില്ലേ .
  ഇങ്ങനെയുള്ള എന്റെ ആന്റി - ഇൻഷുറൻസ്  തത്ത്വസംഹിത അവതരിപ്പിക്കുമ്പോൾ ഒട്ടു മിക്കവരും  സ്ഥലം കാലിയാക്കും. പക്ഷെ
അതിൽ  നിന്നെല്ലാം വ്യത്യസ്തനായിരുന്നു തോമസ് മാത്യു. ഇപ്പോഴും മാത്യു തന്റെ ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു.

എനിക്ക് വരിക്ക ചക്ക ഇഷ്ടമാണ് എന്നറിഞ്ഞിട്ടു പുള്ളിയുടെ വീട്ടിൽ നിന്നും പഴുത്ത മധുരമുള്ള ചക്ക കൊണ്ടുവന്ന് എന്നെ വീഴ്ത്തുവാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ട  വ്യക്തിയാണ് ഈ തോമസ് മാത്യു .

ഞാൻ  ചെന്നപ്പോൾ തോമസ് മാത്യു എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു .
"സാർ അറിഞ്ഞോ , നമ്മുടെ ഗോപാലകൃഷ്ണൻ മരിച്ചുപോയത്രെ !"

ഞാൻ  ചോദിച്ചു "ഏതു ഗോപാലകൃഷ്ണൻ ,"

നമ്മുടെ സമാജത്തിലെ , പാട്ടൊക്കെ പാടുന്ന  നല്ല പൊക്കമുള്ള ബാങ്കിൽ ജോലി ചെയുന്ന ചെറുപ്പക്കാരൻ "

"' എപ്പോൾ  !"    ഞാൻ ഞെട്ടലോടെ ചോദിച്ചു .


ഇന്നലെ വൈകുന്നേരം  ഓഫീസിൽ നിന്നുവരുന്ന വഴി വാസുവിന്റെ ചായ കടയിൽ നിന്നും പരിപ്പുവട കഴിക്കുമ്പോൾ ഞാൻ ഗോപാല കൃഷ്ണനെ കണ്ടിരുന്നു.  ഇത്ര പെട്ടെന്ന് എനിക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല.  കടുത്ത ബിജെപി പ്രവർത്തകനായ എന്നെ മോദി  ഭരിച്ചിട്ടും പെട്രോളിന് വില കുറയുന്നില്ലല്ലോ എന്ന് പറഞ് ഇന്നലെയും തർക്കിച്ച   തീവ്ര കമ്മ്യൂണിസ്റ്റായ  ഗോപാലകൃഷ്ണൻ .

എന്റെ ഭാവം കണ്ടതോടെ  മാത്യു വിശദീകരിക്കുവാൻ ആരംഭിച്ചു .

"ഇന്നലെ രാത്രി നെഞ്ച് വേദനിക്കുന്നു എന്ന് പറഞ്ഞു. നമ്മുടെ സാൻജോ  ഹോസ്പിറ്റലിൽ കൊണ്ടുപോയി . അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.  ഹൃദയാഘാതമായിരുന്നു.  "

എനിക്ക്  വിശ്വസിക്കുവാൻ  കഴിഞ്ഞില്ല.

"ഇത്ര ആരോഗ്യമുള്ള മനുഷ്യൻ "  എന്റെ ചുണ്ടുകൾ മന്ത്രിച്ചു .

"ഞാൻ അവരുടെ വീട്ടിൽ പോയിട്ട് വരികയാണ് ,  വല്ലാത്ത അവസ്ഥയാണ് അവരുടേത്  ."

അയാളുടെ വാക്കുകൾ മുറിഞ്ഞു.  പിന്നെ തുടർന്നു.

" പത്തു വയസിൽ താഴെ മാത്രം പ്രായമുള്ള രണ്ടു കുട്ടികൾ . ഇത്ര പെട്ടെന്ന് പോകുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ. മനുഷ്യന്റെ അവസ്ഥ ഇത്രയേ യുള്ളൂ   ?"

അയാളുടെ സംസാരം  എന്റെ ദുഖത്തിന് മൂർച്ച കുട്ടി .

ഞാൻ ചോദിച്ചു .

" ഇനി ആ കുടുംബത്തിന്റെ കാര്യം  ആരു നോക്കും.  അയാളുടെ ഭാര്യക്ക് ഉദ്യോഗം പോലുമില്ലല്ലോ "

മറുപടിയെന്നോണം മാത്യു പറഞ്ഞു.

" ഭാര്യയുടെ വീട്ടുകാർ അത്രക്ക് സാമ്പത്തിക  ഭദ്രതയുള്ള ക്കുട്ടരാണെന്നു തോന്നുന്നില്ല."

" വിധി എന്ന് പറഞ്ഞാൽ മതിയല്ലോ .  അല്ലെങ്കിൽ ആ മനുഷ്യന് അത് ചെയാമായിരുന്നല്ലോ "


" ഏത് ?" ആകാംഷയോടെ ഞാൻ ചോദിച്ചു .

ഒന്ന്  നിറുത്തിയ ശേഷം അയാൾ തുടർന്നു 

ഇൻഷുർ ചെയാമായിരുന്നല്ലോ ! അതും ചെയ്തിട്ടില്ല പാവം ! ആ പിള്ളേരുടെ കാര്യം ഓർക്കുമ്പോൾ .   ഇൻഷുറൻസിന്റെ രൂപയുണ്ടെങ്കിൽ ആ പിള്ളേർക്ക് ഒരു രക്ഷയായേനെ "

ഒരു സത്യം പറഞ്ഞപോലെ തോമസ് മാത്യു എന്നെ നോക്കി. ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു .

" ഞാനും ഇൻഷുർ ചെയുവാൻ തീരുമാനിച്ചു .  പറ്റുമെങ്കിൽ നാളെ  തന്നെ "

"നല്ല കാര്യം "  മാത്യു മന്ദഹസിച്ചു .


" ശുഭസ്യ ശീഘ്രം എന്നല്ലേ നിങ്ങളുടെ പുരാണത്തിൽ പറഞ്ഞിരിക്കുന്നത് . അതുകൊണ്ടു നാളെയാക്കേണ്ടാ.  നമുക്ക് ഇപ്പോൾ തന്നെയാകാമല്ലോ "

അതും പറഞ്ഞു  തോമസ് മാത്യു ബാഗ്  തുറന്നു എന്റെ പേര് എഴുതിയ പേപ്പർ പുറത്തേക്കെടുത്തു .

"ഇതിൽ എല്ലാ വിവരവും ഞാൻ എഴുതി ചേർത്തിട്ടുണ്ട് . സാറിന്റെ ഒരു ഒപ്പു മാത്രമേ ഇനി ബാക്കിയുള്ളു "

"എത്രയാ തുക?
 "

അതെല്ലാം ഞാൻ വിശദമായി പറയാം .  സാർ മടിക്കാതെ ഒപ്പിട്ടോളു , പേന എനിക്കുനേരെ നീട്ടികൊണ്ടയാൾ പറഞ്ഞു.












   










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ