2019, മാർച്ച് 18, തിങ്കളാഴ്‌ച

അന്തസ് (കഥ)




വൈകുനേരം വീട്ടിൽ എത്തിയപ്പോൾ തോന്നി ഭാര്യയുടെ മുഖം അത്ര പന്തിയല്ല എന്ന്. ഏതാണ്ട് കടന്നൽ കുത്തിയ പോലെ . വൈകുന്നേരങ്ങളിൽ  എന്തെങ്കിലും പറഞ്ഞു വിഴുപ്പ് അലക്കുന്നതു    അവളുടെ സ്ഥിരം സ്വഭാവം തന്നെയാണ് . ഞാൻ അത്ര കാര്യമാക്കുന്നില്ല എന്ന് കണ്ടപ്പോൾ ജയസുധ പറഞ്ഞു .

' ഇന്ന്  വലിയേച്ചി  വിളിച്ചിരുന്നു.'

ബിസ്കറ്റിൻ കഷ്ണം  വാലാട്ടി കാലിൽ മുട്ടിയിരിക്കുന്ന ടോമിക്ക് നൽകിയ ശേഷം  ഞാൻ അവളെ നോക്കി. അവൾ എന്തോ ഗൗരവമായ കാര്യം പറയുവാനുള്ള പുറപ്പാടിൽ ആണെന്ന് തോന്നി.  ബിസ്കറ്റ് മണപ്പിച്ചു ശേഷം ടോമി ഒന്ന് മുരണ്ടു.

' ഗോ ആൻഡ് പ്ലേയ് വിത്ത് റിനി ' ,  അവൾ ആജ്ഞാപിച്ചു . അവൻ   ഒന്ന് മുരണ്ട ശേഷം തല കുടഞ്ഞു വാൽ താഴ്ത്തി അകത്തേക്ക് പോയി. അവനു പേടിയുള്ളതു ജയയെമാത്രമാണ് .

'അരുണിന്റെ കാര്യം പറയുവാനാ  വല്യേച്ചിവിളിച്ചത് .'   

'അവന്  എന്ത് പറ്റി ഞാൻ ചോദിച്ചു '

അവൻ അമേരിക്കയിൽ ഏതോ കറുമ്പി പെണ്ണിനെ വിവാഹം കഴിക്കുവാൻ തീരുമാനിച്ചു . വെളുത്ത അമേരിക്കക്കാരിയെ വിവാഹം കഴിക്കുവാൻ തിരുമാനിക്കാത്തതോ , അതോ ഒരു കാപ്പിരിയെ വിവാഹം കഴിക്കുവാൻ തിരുമാനിച്ചതാണോ ജയയുടെ പ്രശ്നം എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചു. പക്ഷെ അവളുടെ സ്വഭാവം അറിയാവുന്ന കൊണ്ട് ഞാൻ മൗനം അവലംബിച്ചു.

'[പറയുമ്പോൾ വലിയ തറവാട്ടുകാരാ , എന്നിട്ടെന്താ കാർന്നോർമാരെ കണ്ടല്ലേ ഇളം തലമുറ പഠി ക്കുന്നത്.  അത് എനിക്കുള്ള കുത്തായിരുന്നു  എന്ന് മനസിലായി എങ്കിലും ഞാൻ അറിയാത്ത ഭാവം നടിച്ചു.   വലിയേച്ചി പറഞ്ഞത് നിങ്ങളോട് അവനെ ഒന്ന് ഉപദേശിക്കുവാനാ .  തറവാടിന്റെ പേര് കളഞ്ഞു കുളിക്കുവാൻ തന്നെയാണോ അവന്റെ തീരുമാനം . നമുക്കും മക്കൾ രണ്ടാ . ഇതെല്ലം കണ്ടല്ലേ അവരും പഠിക്കുന്നത് . '

ഞാൻ ഒന്നും മിണ്ടിയില്ല . അല്ലെങ്കിലും എന്ത് മിണ്ടാൻ .  ഇപ്പോഴത്തെ കുട്ടികൾ അല്ലെ  അവർക്ക് അവരുടേതായ    തീരുമാനങ്ങൾ ഉണ്ട് . എങ്കിലും ജയയോട് പറഞ്ഞു

' നാളെ അവനെ വിളിക്കുന്നുണ്ട് . അങ്ങനെ വിട്ടാൽ പറ്റുകയില്ലല്ലോ .'

അവൾ വീണ്ടും പറഞ്ഞു . 'കുറച്ചു നാൾ ആയി ഈ ബന്ധം തുടങ്ങിയിട്ട് .   ദാസേട്ടനും , വലിയേച്ചിയും കരുതിയത് അവൻ പിന്മാറും എന്ന് തന്നെയാണ് . പക്ഷെ എത്രയൊക്കെ പറഞ്ഞിട്ടും അവൻ അവളെ തന്നെ വിവാഹം കഴിക്കും എന്ന് ഉറച്ചു നിൽക്കുന്നു .  അവന്റെ താഴെ ഒരു പെണ്ണ് ഉണ്ടെന്നുള്ള ചിന്ത പോലും അവനില്ല. എല്ലാവര്ക്കും സ്വന്തം കാര്യം മാത്രം നോക്കിയാൽ മതിയല്ലോ.

ഇടയ്ക്കു കയറി ഞാൻ പറഞ്ഞു ' നോക്കട്ടെ ,    ഞാൻ  അവനെ വിളിക്കാം എന്ന് പറഞ്ഞുവല്ലോ.' അങ്ങനെ ആ സംഭവം അവിടെ കഴിഞ്ഞു.

അന്ന് രാത്രി കിടന്നു കഴിഞ്ഞിട്ടും എനിക്കുറക്കം വന്നില്ല.   അരുണിനെ
വിളിച്ചു വരും  വരായ്കകൾ  സൂചിപ്പിക്കണം എന്ന് തന്നെയാണ് ജയയും , വലിയേച്ചിയ്യും സൂചിപ്പിക്കുന്നത് .    ഇപ്പോഴത്തെ  കുട്ടികൾക്കു എന്ത് ജാതി . എന്ത് മതം .   അവർ സമ്പാദിക്കുന്നു.  അതുകൊണ്ടു തന്നെ സ്വയം
തീരുമാനങ്ങൾ എടുക്കുന്നു . അവനെ എന്തുപദേശിക്കുവാനാ .  കൊച്ചുകുട്ടിയൊന്നുമല്ലല്ലോ .  ഇതും ഒരു നിമിത്തം പോലെ എന്റെ തലയിൽ വന്നു  കയറിയിരിക്കുന്നു.  

എന്റെ ഓർമകൾ പിറകിലേക്ക് പോയി. ചന്ദ്രോത്തു  തറവാട് എന്ന വലിയ തറവാട്ടിൽ പിറക്കുവാനുള്ള ഭാഗ്യം എനിക്കുണ്ടായി . വലിയമ്മാവൻ പേര് എടുത്ത വക്കീൽ ആയിരുന്നു. അതുകണ്ട്  അമ്മയുടെ വയറ്റിൽ പിറന്ന നാല്  ആൺ സന്തതികളിൽ  ഏട്ടൻ ഒഴികെ എല്ലവരും തന്നെ വക്കീലോ , ജഡ്ജിയായോ ആയി  കോടതി മുറികളിൽ കയറി ഇറങ്ങി. .

 വലിയേച്ചിയെ വിവാഹം കഴിച്ച ദാസേട്ടനും , വനജെയെ  വിവാഹം കഴിച്ച വിദ്യാധരനും ഞങ്ങളുടെ കുടുംബത്തിന്റെ അന്തസ് കാത്ത് സൂക്ഷിച്ച കറുത്ത വക്കിൽ  കുപ്പായം അണിഞ്ഞു .  അങ്ങനെ മക്കളും , മരുമക്കളുമായി ആറോളം വക്കീലൻമാർ ഉള്ള വീടായി  ചന്ദ്രോത്തു തറവാട്.  ചില നേരം  വീട് ഒരു കോടതിയാകും . സാക്ഷി വിസ്താരവും , പ്രതി ഭാഗം വിസ്താരവും ഞങ്ങൾ തന്നെ നടത്തും .   അവസാന വിധി വലിയമാമ പ്രസ്താപിക്കും.

ചന്ദ്രോത്തു തറവാട് എന്ന പേരിനു പകരം വക്കാലത്തു തറവാട് എന്ന പേരിൽ  വീട് അറിയപെടുവാൻ തുടങ്ങിയിരിക്കുന്നു.   പക്ഷെ എവിടെയും ഒരു പുകഞ്ഞ കൊള്ളിയുണ്ടാകുമല്ലോ .  അതായിരുന്നു ഏട്ടൻ . എപ്പോഴും വിസ്താര കൂട്ടിലെ പ്രതിയാകാനുള്ള ഭാഗ്യമോ , ദൗർഭാഗ്യമോ സിദ്ധിച്ച വ്യക്തികുട്ടിയായിരുന്നു ഏട്ടൻ.

ആ തറവാട്ടിലെ മൂത്ത മകനായി  പിറക്കുവാനുള്ള  ഭാഗ്യം  വിക്രമൻ നമ്പ്യാർ എന്ന എന്റെ ഏട്ടനായിരുന്നു . പക്ഷെ അവിടെകൊണ്ടു ഏട്ടന്റെ ഭാഗ്യം അവസാനിക്കുകയായിരുന്നു . പത്താം ക്ലാസ് മുഴുമിപ്പിക്കുവാൻ ഏട്ടന്  കഴിഞ്ഞില്ല.  ആ വീട്ടിൽ ഏട്ടന് ശേഷം പിറന്നവർ  ഹൈ സ്‌കൂളും ,    കോളേജിലും      പോയെങ്കിലും   ഏട്ടന്റെ ലോകം  നാലുകെട്ടും , അമ്പലപ്പറമ്പും, പിന്നെ കവലയിലുമായി ഒതുങ്ങി.

വിക്രമൻ പൊട്ടനായിരുന്നു അത്രേ !  മറ്റാരിൽ നിന്നുമായിരുന്നില്ല  ആ കണ്ടുപിടുത്തം ഉണ്ടായത് . അത്   ആദ്യം പറഞ്ഞത് അമ്മ തന്നെയായിരുന്നു .
അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് . ' ഈ തറവാട്ടിൽ പണ്ടൊന്നും ഒരു പൊട്ടൻ വന്നു പിറന്നിട്ടില്ല. ഇപ്പോൾ അതും ഉണ്ടായി. !

പഠിക്കുവാൻ മിടുക്കൻ ആയിരുന്നില്ല എന്നതൊഴിച്ചാൽ ഏട്ടനു വേറെ ഒരു തകരാറും ഉണ്ടായിരുന്നതായി എനിക്കറിവില്ല. പക്ഷെ എന്നിട്ടും വിക്രമൻ പൊട്ടനായി . ആദ്യമാദ്യം തൊടിയും, പറമ്പും മാത്രമായിരുന്നു ഏട്ടന്റെ ലോകം. കൃഷി ഇറക്കുവാനും, ഞാറു നടാനും,  വൈക്കോൽ കറ്റ  മെതിക്കുവാനും , കന്നിന്  വെള്ളം കൊടുക്കുവാനും, പണിക്കാരോടൊപ്പം ഏട്ടനും കൂടി .  അമ്മയെയും , അമ്മാവനെയും ധിക്കരിച്ചു ഏട്ടൻ അവരുമായി സഹകരിച്ചു . അവരിൽ ഒരാളായി ,  അവരുമായി തമാശകൾ പങ്കിട്ടു. അവരുടെകൂടെ  ആഹാരം കഴിച്ചു . പണ്ട് തൊട്ടേ കോൺഗ്രസ് പാരമ്പര്യം പേറുന്ന കുടുംബത്തിൽ വിപ്ലവബോധം പേറുന്ന ഒരു കമ്മ്യൂണിസ്റ് ആയി ഏട്ടൻ മാറിയോ.  വിക്രമൻ നമ്പ്യാർ എന്ന എന്റെ ഏട്ടൻ അങ്ങനെയൊന്നും ചിന്തിച്ചിരിക്കുവാൻ വഴിയുണ്ടാകില്ല. കാരണം ഏട്ടൻ ഒരു പൊട്ടനായിരുന്നല്ലോ .

നാട്ടിൽ എവിടെയെങ്കിലും കല്യാണമോ , അടിയന്തിരമോ ഉണ്ടെങ്കിൽ അവിടെ വിക്രമൻ ഉണ്ടാകും. അവരിൽ ഒരാൾ ആയി . സ്വന്തം ശരീരം   കൊണ്ട് തന്നാൽ കഴിയുന്ന ഏതു ഉപകാരവും ഏട്ടൻ ചെയ്യുമായിരുന്നു.
നാട്ടിൽ ഒരൊറ്റ സദ്യ പോലും വിക്രമന്റെ ദേഹണ്ണം  കൂടാതെ നടന്നിട്ടുണ്ടാകില്ല. തേങ്ങാ ചിരുകുവാനും,  പപ്പടം കാച്ചുവാനും,  ഉപ്പേരിക്ക് കഷ്ണം മുറിക്കുവാനും ഏട്ടൻ  കൂടുമായിരുന്നല്ലോ. ഏട്ടനുണ്ടാക്കുന്ന പായസ   പ്രഥമൻ   കേമമായിരുന്നു  ഇപ്പോഴും അതോർക്കുമ്പോൾ    നാവിൽ വെള്ളം ഉതിരും.  എന്നാലും താണ ജാതിക്കാരുമായി തായം കളിച്ചു നടക്കുന്ന  കൂട്ടുകെട്ട് ആർക്കും അത്ര പിടിച്ചില്ല.

 അമ്മയും, അമ്മാവനും    ശകാരിച്ചു,  ഞങ്ങൾ ഇളമുറക്കാരും   ഏട്ടനെ ഉപദേശിച്ചു. പക്ഷെ ഞങ്ങളോട് മറുപടി പറയുവാൻ പോലും ഏട്ടൻ മെനക്കെട്ടില്ല. 'അമ്മ പറയുമായിരുന്നു  ഉഴുവാൻ പോകുന്ന പോത്തുമായിട്ടല്ലേ അവന്റെ  സഹവാസം .  പിന്നെ എങ്ങനെ നന്നാവും.  ആ പരിഹാസം ഏറെക്കുറെ ശരിയായിരുന്നു.  പോത്തിനെപോലെ കുളത്തിൽ എത്ര നേരം വേണമെങ്കിലും ഏട്ടൻ ചിലവഴിക്കുമായിരുന്നു.

വീട്ടുകാർക്ക് മുന്നിൽ വിലയുണ്ടാകില്ല എന്നറിഞ്ഞിട്ടും  ഏട്ടൻ  ഒരു പരാതിയും പറഞ്ഞറിവില്ല.  ചേച്ചിയെ  പെണ്ണുകാണാൻ   ദാസേട്ടൻ  വന്നപ്പോൾ വീട്ടിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാനുള്ള ഔചിത്യം ഏട്ടൻ കാണിച്ചു.

അന്ന്അ അമ്മ പറയുന്ന  കേട്ടു..  'അവനു  വകതിരിവില്ല എന്ന് ആരാ പറഞ്ഞത് .'    ഇങ്ങനെയൊക്കെ  ആണെങ്കിലും  കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലവരും ഏട്ടനെ പാടെ വിസ്മരിച്ചു . അവിടെ ആർക്കും ആവശ്യമില്ലാത്ത, എടുക്കാത്ത നാണയം പോലെയായി ഏട്ടൻ.

ഒരു ചിങ്ങത്തിൽ ഞാൻ വിവാഹിതനായി . ജയസുധ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. അതിനു ശേഷവും തറവാട്ടിൽ വിവാഹം നടന്നു. അനുജത്തിമാരുടെയും , അനുജന്റെയും .. ഒടുവിൽ ആ പ്രായത്തിൽ സംബന്ധം   കഴിയാത്ത ഏക വ്യക്തിയായി ഏട്ടൻ മാറി ഞങ്ങളുടെ നാട്ടിൽ .

ആ പാവത്തിന്റെ  മുഖത്തു വിഷാദത്തിന്റെ കരിനിഴൽ പതിഞ്ഞു. ചിലപ്പോൾ എങ്കിലും ഏട്ടൻ ചിന്താധീനനായി. പക്ഷെ ആരോടും തന്റെ സങ്കടങ്ങളുടെ കെട്ടുകൾ ഏട്ടൻ അഴിച്ചില്ല. കാരണം ഏട്ടൻ മണ്ടനായിരുന്നല്ലോ .

അതിനിടയിൽ ചിലരൊക്കെ അമ്മയോട് ഏട്ടന്റെ വിവാഹക്കാര്യം തിരക്കി. അപ്പോഴെല്ലാം അമ്മ മറുപടി പറയുന്നത് കേട്ടിട്ടുണ്ട് .

'വിക്രമന് വിവാഹമോ ..അവനു അതൊന്നും ആവശ്യമില്ല.'

പക്ഷെ ഒരു ദിനം ഏട്ടൻ തന്നെ അയാളുടെ വിവാഹക്കാര്യം   എടുത്തിട്ടു. അപ്പോഴേക്കും ഏട്ടന്   നാൽപ്പതു കഴിഞ്ഞിരുന്നു.   എങ്ങനെയോ ആ  വാർത്ത വലിയമ്മാമയുടെ ചെവിയിലും എത്തി.

ഞാൻ ഇപ്പോഴും ഓർക്കുന്നു . അന്ന് വലിയമ്മാമമായും , കൂട്ടുകാരും കുട്ടി വട്ടമിരുന്നു അമ്പത്തിയാറു കളിക്കുകയായിരുന്നു. മെതിച്ച കറ്റയും കൊണ്ട് പശുവിനെ തീറ്റിക്കുവാനായി  മുറ്റത്തുകൂടെ പോകുന്ന ഏട്ടനെ വലിയമ്മാമ്മ കൈ കൊട്ടി വിളിച്ചു.

' വിക്രമാ , ഒന്നിവിടം  വരെ വരിക.'

ഒരു മരകുറ്റിയിൽ  കിടാവിനെ  കെട്ടിയ ശേഷം  ചെളി പിടിച്ച ശരീരവുമായി ഏട്ടൻ   വലിയമ്മാമയുടെ മുന്നിലേക്ക് വന്നു. .

'നിനക്കു സമ്മന്തം വേണം അല്ലെ? '

അവിടെ ഇരിക്കുന്നവർ കേൾക്കുവാനായി അമ്മാവൻ ചോദിച്ചു. ഇവന് ഇപ്പോൾ വിവാഹം വേണമത്രേ .  മുറുക്കി ചുവന്ന ചിറി  തോർത്തുകൊണ്ട് തുടച്ചശേഷം അമ്മാവൻ ചുറ്റുമുള്ളവരെ നോക്കി പറഞ്ഞു.

'എന്തിനാ നിനക്കു സമ്മന്തം ...-?'

കാരണവർ വീണ്ടും ചോദിക്കുകയാണ് . അമ്മാവന്റെ  ചുണ്ടിൽ അസ്പഷ്ടമായ ഒരു പുഞ്ചിരി ഊറി നിന്നിരുന്നു.

ഏട്ടൻ അക്ഷോഭ്യനായി നിന്ന് മറുപടി പറഞ്ഞു.  അമ്മാവൻ  വിവാഹം ചെയ്തില്ലേ?  എന്റെ അനുജന്മാർക്കും വിവാഹം ആകാം എന്നുണ്ടെങ്കിൽ എനിക്കും മാത്രം  വിവാഹം നിഷിദ്ധം ആകുന്നതു എങ്ങനെ ?

ആ ഒരു ചോദ്യം അമ്മാവൻ പ്രതീക്ഷിച്ചില്ല.  കൊടതീയിൽ  പ്രതികളെ കീറി വലിക്കാറുള്ള അദ്ദേഹത്തിന്റെ ശിരസ്  മറ്റുള്ളവരുടെ മുമ്പിൽ  താഴ്ന്നു..

അത് കേട്ടപ്പോൾ  'അമ്മ പറഞ്ഞു
'ഏട്ടനോട്  തർക്കുത്തരം പറയുവാൻ മാത്രം
 നീ വളർന്നോ ..  എന്റെ   കർമ്മദോഷം .  മാപ്പ്  പറയടാ ഏട്ടനോട് . പക്ഷെ ഏട്ടൻ മാപ്പു പറയാനൊന്നും നിന്നില്ല. പശുവിനെ കെട്ടഴിച്ചിട്ടു തീറ്റിക്കുവാൻ കൊണ്ടുപോയി.

കാലം കടന്നു പോയി. അതിനിടയിൽ നാട്ടുകാർ  ഏട്ടനെ കളിയാക്കുവാൻ തുടങ്ങി 'എന്നാ  വിക്രമാ  നിന്റെ  കല്യാണം '  അതിനിടെ മകരവും, കുംഭവും പലതവണ വന്നു പോയി. പക്ഷെ ഏട്ടന്റെ കല്യാണം മാത്രം ഗണപതി കല്യാണം പോലെ നീണ്ടു നീണ്ടു അങ്ങനെ  പോയി.  എനിക്കറിയാമായിരുന്നു ഏട്ടന്റെ വിവാഹം നടക്കുവാൻ പോകുന്നില്ല എന്ന്.

പക്ഷെ തറവാട്ടു മഹിമയും , ബന്ധു മഹിമയും ഒന്നുമില്ലാത്ത ഒരു വീട്ടിൽ നിന്നും ഏട്ടൻ വിവാഹം കഴിച്ചു.     ഒരു പുരുഷനെപ്പോലെ പെണ്ണിനെ വീട്ടിൽ കൊണ്ട് വരുന്നതിനു പകരം ഏട്ടൻ അവരുടെ വീട്ടിൽ പോയി താമസിച്ചു.  അതും  വാണിയൻ  വേലുവിന്റെ   പെങ്ങളെ .

നാലുകെട്ടും , പടിപ്പുരയും  ഒന്നും ഇടിഞ്ഞു വീണില്ല. അത് സംഭവിക്കും എന്ന് ഞങ്ങൾ കരുതിയിരുന്നു. പക്ഷെ ഒന്നുമുണ്ടായില്ല.

ഞങ്ങൾ മക്കളും, മരുമക്കളും  കൂടി ഇരുന്നാലോചിച്ചു .  പല പല അഭിപ്രായം പറഞ്ഞു.    പക്ഷെ ആർക്കും  വ്യക്തമായ ഒരുത്തരം നൽകുവാൻ  കഴിഞ്ഞില്ല.  അതിനുത്തരം ഉണ്ടായിരുന്നില്ല.  മനുഷ്യർക്ക്‌  തലയുയർത്തി നടക്കുവാൻ ആകുന്നില്ല.' ഏട്ടനെ അനുകൂലിച്ചിരുന്ന  ഇളയ  അനുജത്തി വനജ പോലും ചോദിച്ചു.

'ഏട്ടൻ  ഇത് എന്ത് ഭാവിച്ചാ ? '

അങ്ങനെ ഒരുത്തൻ ഈ തറവാട്ടിൽ ജനിച്ചിട്ടില്ല എന്ന് കരുതുവാൻ അമ്മാവൻ നിർദേശിച്ചു. മാത്രവുമല്ല ജീവിച്ചിരിക്കുമ്പോൾ തന്നെ പുലകുളിയും  വാശിക്കാരനായ  കാരണവർ  നിർവഹിച്ചു. ആരും അതിനു എതിര്  പറയുവാൻ നിന്നില്ല.  'അമ്മ പോലും . അല്ലെങ്കിലും വലിയമ്മാമ്മയുടെ തീരുമാനം അതെന്തായാലൂം  അന്തിമമായിരുന്നു.


പക്ഷെ ഏട്ടന് കുലുക്കമുണ്ടായിരുന്നില്ല.  പണ്ടത്തെപ്പോലെ തന്നെ വിക്രമൻ  ജീവിച്ചു. ദേഹണ്ണത്തിന് സഹകരിച്ചും, മാങ്ങാ കറിയും, നാരങ്ങാ കറിയും , പുളിയിഞ്ചിയും ഉണ്ടാക്കിയും  , അവ തെരുവിൽ വിറ്റും ഏട്ടൻ ആ കുടുംബം പുലർത്തി . അഞ്ചു സെന്റ് ഉണ്ടായിരുന്ന ആ കുടിയിൽ അയാൾ പൊന്നു വിളയിപ്പിച്ചു.  ആരോടും കൈ നീട്ടാതെ  കൂലി  കണക്കു പറഞ്ഞു മേടിച്ചു. അന്നെനിക്ക് മനസിലായി ഏട്ടൻ  പൊട്ടനായിരുന്നില്ല എന്ന് . എതിർപ്പുകളെ വെല്ലുവിളിയോടെ  നേരിടുവാനുള്ള ധൈര്യമുള്ള  മനസിന്റെ ഉടമയായിരുന്നു ഏട്ടൻ എന്ന്.

അതിനിടയിൽ  എപ്പോഴോ അമ്മയ്ക്ക് ഒരു   മനംമാറ്റം . ഏത്രയായാലും  പെറ്റ വയറല്ലേ .

'അവനു ആരോ കൂടോത്രം ചെയ്യിച്ചതാ ..   നിങ്ങൾ ചെന്ന് വിളിച്ചാൽ അവൻ വീണ്ടും വരും. '

അങ്ങനെ  വിക്രമനെ വിളിക്കുവാൻ  കാര്യസ്ഥൻ ശങ്കരൻ നായരേ പറഞ്ഞുവിട്ടു.    വേലിക്കരികിൽ നിന്ന് വിക്രമൻ  അയാളോടായി പറഞ്ഞു .   പുകഞ്ഞ കൊള്ളി പുറത്താന്നല്ലേ നായരെ .  ഇനി  എന്നും അങ്ങനെയിരിക്കട്ടെ . വേണം എന്ന് വച്ചാൽ   എന്നെ കാണേണ്ടവർക്ക്  ഇങ്ങോട്ടേക്കു വരാം ,   ഈ കുടി യിലേക്കു .
ഏട്ടന്റെ മനം മാറ്റം കണ്ടപ്പോൾ അമ്മ  പറഞ്ഞു.

'അവൾ കൈവിഷം കൊടുത്താ . എന്ത് പാവമായിരിക്കുന്ന ചെക്കനാ , ദേ  കണ്ടില്ലേ ഒരു മാറ്റം.  അമ്മ മൂക്കത്തു വിരൽ വച്ചു'

അങ്ങാടിയിൽ വച്ച്    പുതിയ തൂമ്പായും വാങ്ങി വരുന്ന ഏട്ടനെ  ഞാൻ കണ്ടു.

ഞാൻ പറഞ്ഞു . 'ഏട്ടൻ വീട്ടിലേക്കു വരണം . ഏട്ടന് വേറെ വിവാഹം ഞങ്ങൾ നടത്തി തരാം ."

ഏട്ടന്റെ മുഖം ചുവന്നു. എന്നെ അടിക്കുമോയെന്നു  ഞാൻ ഭയന്നു .

'അവൾ എന്റെ ഭാര്യയാണ് . അവളെ ഉപേക്ഷിക്കണം എന്നാണോ നീ പറയുന്നത്.  ഞാൻ പറഞ്ഞാൽ നീ ജയയെ ഉപേക്ഷിക്കുമോ '

ഞാൻ  വീണ്ടും പറഞ്ഞു . 'നമ്മുടെ തറവാടിന്റെ അന്തസ് .'

ഏട്ടൻ പൊട്ടി തെറിച്ചു . 'എന്ത് തറവാട്. എന്നെ  പിണ്ഡം വച്ച് പുറത്താക്കിയതല്ലേ . ഒരു തറവാട് .  ഫു! '    ഏട്ടൻ കാർക്കിച്ചു നീട്ടി തുപ്പി.

പിന്നെ അന്തസോടെ  തൂമ്പായും  തോളിലേറ്റി തിരിഞ്ഞു നടന്നു.










   








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ